വീണ്ടും പരാജയമേറ്റ് വാങ്ങി കെയിന്‍ വില്യംസണും സംഘവും, ഇത്തവണ ഓസ്ട്രേലിയയോട് 86 റണ്‍സിന്റെ തോല്‍വി

പാക്കിസ്ഥാനോട് പരാജയപ്പെട്ട ന്യൂസിലാണ്ടിന് തുടര്‍ച്ചയായ രണ്ടാം പരാജയം. ഓസ്ട്രേലിയയെ 92/5 എന്ന നിലയിലേക്ക് പിടിച്ച് കെട്ടിയ ശേഷം അലെക്സ് കാറെ-ഉസ്മാന്‍ ഖവാജ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ 243/9 എന്ന സ്കോറിലേക്ക് നയിച്ചത്. ട്രെന്റ് ബോള്‍ട്ട് ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയെങ്കിലും ബാറ്റ്സ്മാന്മാര്‍ കൈവിട്ടപ്പോള്‍ 86 റണ്‍സിന്റെ തോല്‍വി ടീം ഏറ്റുവാങ്ങുകയായിരുന്നു. 157 റണ്‍സിനാണ് ന്യൂസിലാണ്ട് ഓള്‍ഔട്ട് ആയത്.

മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയാണ് ന്യൂസിലാണ്ടിനെ നാണംകെട്ട തോല്‍വിയിലേക്ക് തള്ളിയിട്ടത്. സ്റ്റാര്‍ക്കിനൊപ്പം ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് രണ്ടും പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 40 റണ്‍സ് നേടിയ കെയിന്‍ വില്യംസണ്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. റോസ് ടെയിലര്‍ 30 റണ്‍സ് നേടി പുറത്തായി.

43.4 ഓവറിലാണ് ന്യൂസിലാണ്ട് ഓള്‍ഔട്ട് ആയത്. 9.4 ഓവറില്‍ വെറും 26 റണ്‍സിനാണ് സ്റ്റാര്‍ക്ക് തന്റെ 5 വിക്കറ്റുകള്‍ കൊയ്തത്.

ഓസ്ട്രേലിയയുടെ മാനം കാത്ത് കാറെ-ഖവാജ കൂട്ടുകെട്ട്, അവസാന ഓവറില്‍ ഹാട്രിക്ക് നേട്ടവുമായി ട്രെന്റ് ബോള്‍ട്ട്

92/5 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ ആറാം വിക്കറ്റില്‍ 107 റണ്‍സ് നേടി രക്ഷിച്ച് ഉസ്മാന്‍ ഖവാജ-അലെക്സ് കാറെ കൂട്ടുകെട്ട്. ഉസ്മാന്‍ ഖവാജ നങ്കൂരമിടുകയും അലെക്സ് കാറെ വേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ വന്‍ തകര്‍ച്ചയില്‍ നിന്നാണ് ഓസ്ട്രേലിയ കരകയറിയത്. 243 റണ്‍സാണ് 9 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്ത് നേടിയത്. അവസാന ഓവറില്‍ ട്രെന്റ് ബോള്‍ട്ട് ഹാട്രിക്ക് സ്വന്തമാക്കി 250 റണ്‍സ് കടക്കുകയെന്ന ഓസ്ട്രേലിയയുടെ മോഹങ്ങളെ തകര്‍ക്കുകയായിരുന്നു.

71 റണ്‍സ് നേടിയ അലെക്സ് കാറെയെ കെയിന്‍ വില്യംസണ്‍ ആണ് പുറത്താക്കിയത്. മികച്ച ബൗളിംഗിനു പിന്തുണയുമായി ഫീല്‍ഡര്‍മാരും അരങ്ങ് നിറഞ്ഞപ്പോള്‍ ഓസ്ട്രേലിയയുടെ അതിശക്തമായ ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു. ഫിഞ്ചിനെ(8) ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ വാര്‍ണറെയും(16) സ്റ്റീവന്‍ സ്മിത്തിനെയും(5) ലോക്കി ഫെര്‍ഗൂസണ്‍ പുറത്താക്കി. ഗപ്ടില്‍ മികച്ചൊരു ക്യാച്ചിലൂടെയാണ് സ്മിത്തിനെ പുറത്താക്കിയത്.

മാര്‍ക്കസ് സ്റ്റോയിനിസും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 35 റണ്‍സ് നേടിയെങ്കിലും സ്റ്റോയിനിസിനെ നീഷം പുറത്താക്കി. സ്വന്തം ബൗളിംഗില്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ തകര്‍പ്പനൊരു റിട്ടേണ്‍ ക്യാച്ചിലൂടെ നീഷം പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയ പ്രതിരോധത്തിലായി. പിന്നീട് ഖവാജയും കാറെയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി ടീമിനെ കരകയറ്റിയത്.

88 റണ്‍സ് നേടിയ ഖവാജ അവസാന ഓവറില്‍ ട്രെന്റ് ബോള്‍ട്ടിന് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. 129 പന്തില്‍ നിന്നാണ് ഖവാജ തന്റെ 88 റണ്‍സ് നേടിയതെങ്കിലും ഓസ്ട്രേലിയയ്ക്ക് ഏറെ ഉപകാരപ്പെട്ട ഇന്നിംഗ്സായിരുന്നു ഇത്. അടുത്ത പന്തുകളില്‍  മിച്ചല്‍ സ്റ്റാര്‍ക്കിനെയും  ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫിനെയും പുറത്താക്കി ബോള്‍ട്ട് ഹാട്രിക്കും സ്വന്തമാക്കി. പാറ്റ് കമ്മിന്‍സ് 23 റണ്‍സുമായി പുറത്താകാതെ നിന്നു.

അവസാന ഓവറില്‍ വെറും രണ്ട് റണ്‍സ് വിട്ട് നല്‍കിയാണ് ബോള്‍ട്ട് തന്റെ മൂന്ന് വിക്കറ്റ് നേടിയത്. മത്സരത്തില്‍ 4 വിക്കറ്റാണ് ബോള്‍ട്ട് സ്വന്തമാക്കിയത്. ലോക്കി ഫെര്‍ഗൂസണും ജെയിംസ് നീഷവും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ കെയിന്‍ വില്യംസണ്‍ ഒരു വിക്കറ്റ് നേടി.

ബ്രാത്‍വൈറ്റിന്റെ പോരാട്ടം വിഫലം, 5 റണ്‍സ് അകലെ കീഴടങ്ങി കരീബിയന്‍ കരുത്ത്

ഒരു ഘട്ടത്തില്‍ കൈവിട്ട കളി ഒറ്റയ്ക്ക് തിരികെ വിന്‍ഡീസിനു അനുകൂലമാക്കി തിരിച്ചുവെങ്കിലും ലക്ഷ്യത്തിന് അഞ്ച് റണ്‍സ് അകലെ കാര്‍ലോസ് ബ്രാത്‍വൈറ്റിനു കാലിടറിയപ്പോള്‍ ത്രസിപ്പിക്കുന്ന വിജയം കൈവിട്ട് വിന്‍ഡീസ്. ഇന്ത്യയെ പോലെ ന്യൂസിലാണ്ടും മത്സരത്തിന്റെ അവസാനത്തില്‍ കടന്ന് കൂടുന്ന കാഴ്ചയാണ് ഇന്ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ കണ്ടത്. 82 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയാണ് കാര്‍ലോസ് ബ്രാത്‍വൈറ്റ് ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായത്.

 

ക്രിസ് ഗെയില്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ് എന്നിവര്‍ വിന്‍ഡീസിനായി പൊരുതി നോക്കിയെങ്കിലും ട്രെന്റ് ബോള്‍ട്ടിന്റെ കനത്ത പ്രഹരങ്ങള്‍ക്ക് മുന്നില്‍ പത്തി മടക്കി വിന്‍ഡീസ്. മത്സരത്തില്‍ 49 ഓവറില്‍ വിന്‍ഡീസ് ഓള്‍ഔട്ട് ആവുകയായിരുന്നു. 286 റണ്‍സിന് ടീമിന്റെ ചേസിംഗ് അവസാനിച്ചപ്പോള്‍ ന്യൂസിലാണ്ടിന് 5 റണ്‍സിന്റെ വിജയം കൈവരിക്കാനായി. മാറ്റ് ഹെന്‍റിയുടെ ഓവറില്‍ 25 റണ്‍സ് നേടി മത്സരം കീഴ്മേല്‍ മറിച്ചുവെങ്കിലും ജെയിംസ് നീഷം എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ അഞ്ച് പന്തില്‍ നിന്ന് 2 റണ്‍സ് നേടിയ ശേഷം കാര്‍ലോസ് ബ്രാത്‍വൈറ്റിന്റെ കൂറ്റനടി ട്രെന്റ് ബോള്‍ട്ട് പിടിച്ചപ്പോള്‍ കരീബിയന്‍ കരുത്ത് വാടിപ്പോകുന്ന കാഴ്ചയാണ് കണ്ടത്.

292 റണ്‍സ് വിജയ ലക്ഷ്യം തേടിയറങ്ങിയ വിന്‍ഡീസിന് ആദ്യ പ്രഹരങ്ങള്‍ നല്‍കിയത് ട്രെന്റ് ബോള്‍ട്ട് തന്നെയായിരുന്നു. ഷായി ഹോപിനെയും നിക്കോളസ് പൂരനെയും മടക്കിയ ശേഷം ക്രിസ് ഗെയിലും ഷിമ്രണ്‍ ഹെറ്റ്മ്യറും തുടങ്ങി വെച്ച ബാറ്റിംഗ് വെടിക്കെട്ട് കാര്‍ലോസ് ബ്രാത്‍വൈറ്റ് തുടര്‍ന്ന് വിന്‍ഡീസിനെ ത്രസിപ്പിക്കുന്ന വിജയത്തിലേക്ക് നയിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചുവെങ്കിലും കളി അവസാന ഓവറിനു തൊട്ട് മുമ്പ് വിന്‍ഡീസ് കൈവിട്ടു.

മൂന്നാം വിക്കറ്റായി 54 റണ്‍സ് നേടിയ ഹെറ്റ്മ്യറുടെ വിക്കറ്റ് വീഴ്ത്തി ലോക്കി ഫെര്‍ഗൂസണ്‍ ആണ് വീണ്ടും ന്യൂസിലാണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 122 റണ്‍സാണ് ഗെയില്‍-ഹെറ്റ്മ്യര്‍ കൂട്ടുകെട്ട് നേടിയത്. അടുത്ത പന്തില്‍ ജേസണ്‍ ഹോള്‍റുടെ വിക്കറ്റ് നേടി ലോക്കി ഫെര്‍ഗൂസണ്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റും നേടി.

142/2 എന്ന നിലയില്‍ നിന്ന് 152/5 എന്ന നിലയിലേക്ക് ഓവറുകളുടെ വ്യത്യാസത്തില്‍ വിന്‍ഡീസ് വീണപ്പോള്‍ ക്രിസ് ഗെയിലിന്റെ ഇന്നിംഗ്സിനു പരിസമാപ്തി വരികയായിരുന്നു. 8 ഫോറും 6 സിക്സും അടക്കം 84 പന്തില്‍ നിന്നായിരുന്നു വിന്‍ഡീസ് ഓപ്പണറുടെ ഇന്നിംഗ്സ്. കോളിന്‍ ഡി ഗ്രാന്‍ഡോമിനാണ് വിക്കറ്റ്. ട്രെന്റ് ബോള്‍ട്ട് ആഷ്‍ലി നഴ്സിനെയും എവിന്‍ ലൂയിസിനെയും പുറത്താക്കിയതോടെ വിന്‍ഡീസിന്റെ നില പരിതാപകരമായി. ഏഴ് വിക്കറ്റുകള്‍ വീണപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 164 റണ്‍സാണ് പിറന്നത്.

പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് കാര്‍ലോസ് ബ്രാ‍ത്‍വൈറ്റ് നടത്തിയ ചെറുത്ത് നില്പാണ് ഓള്‍ഡ് ട്രാഫോര്‍ഡിലെ കാണികള്‍ക്ക് കാണാനായത്. കെമര്‍ റോച്ചുമായി(14) 47 റണ്‍സും ഷെല്‍ഡണ്‍ കോട്രെല്ലുമായി(15) 34 റണ്‍സിന്റെ കൂട്ടുകെട്ട് നേടിയ ബ്രാത്‍വൈറ്റ് ഒരു വശത്ത് നില്‍ക്കുന്നുണ്ടെങ്കിലും മറുവശത്ത് ഒരു വിക്കറ്റ് മാത്രം അവശേഷിക്കെ ജയിക്കുവാന്‍ അവസാന അഞ്ചോവറില്‍ നിന്ന് വിന്‍ഡീസ് 47 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്.

ഒഷയ്ന്‍ തോമസിനെ കൂട്ടുപിടിച്ച് അവസാന വിക്കറ്റില്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ് നടത്തിയ ചെറുത്ത്നില്പിന്റെ ഫലമായി ലക്ഷ്യം 18 പന്തില്‍ നിന്ന് 33 റണ്‍സായി മാറുകയായിരുന്നു. 48ാം ഓവര്‍ എറിഞ്ഞ മാറ്റ് ഹെന്‍റിയുടെ ഓവറില്‍ തുടരെ മൂന്ന് സിക്സുകളും ഒരു ബൗണ്ടറിയും നേടി ലക്ഷ്യം 9 റണ്‍സാക്കി മാറ്റിയ കാര്‍ലോസ് ബ്രാത്‍വൈറ്റ് അവസാന പന്തില്‍ സിംഗിള്‍ എടുത്തപ്പോള്‍ ഓവറില്‍ നിന്ന് പിറന്നത് 25 റണ്‍സായിരുന്നു. ഇതോടെ ലക്ഷ്യം രണ്ടോവറില്‍ 8 റണ്‍സായി മാറി.

80 പന്തില്‍ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ ബ്രാത്‍വൈറ്റ് ജെയിംസ് നീഷം എറിഞ്ഞ ഓവര്‍ കരുതലോടെയാണ് ബാറ്റ് വീശിയത്. എന്നാല്‍ അവസാന പന്തില്‍ ബ്രാതവൈറ്റ് പുറത്തായപ്പോള്‍ ഓവറില്‍ നിന്ന് വെറും രണ്ട് റണ്‍സാണ് വിന്‍ഡീസിനു നേടാനായത്. ലക്ഷ്യത്തിന് 5 റണ്‍സ് അകലെ വിന്‍ഡീസ് പൊരുതി വീഴുകയായിരുന്നു.

പത്തോവറില്‍ വെറും 30 റണ്‍സ് വിട്ട് നല്‍കിയ ട്രെന്റ് ബോള്‍ട്ട് നാല് വിക്കറ്റ് നേടിയപ്പോള്‍ ഇതില്‍ ഒരോവറില്‍ മെയ്ഡന്‍ ആയിരുന്നു. മൂന്ന് വിക്കറ്റുമായി ലോക്കി ഫെര്‍ഗൂസണും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചുവെങ്കിലും താരം ഏറെ റണ്‍സ് വഴങ്ങുകയായിരുന്നു. എന്നാല്‍ 9 ഓവറില്‍ നിന്ന് 76 റണ്‍സ് വഴങ്ങിയ മാറ്റ് ഹെന്‍റിയ്ക്കാണ് ന്യൂസിലാണ്ട് ബൗളര്‍മാരില്‍ കണക്കറ്റ് പ്രഹരം ലഭിച്ചത്. ഇതില്‍ കാര്‍ലോസ് ബ്രാത്‍വൈറ്റാണ് താരത്തെ ഒരോവറില്‍ നിന്ന് 25 റണ്‍സ് നേടി മത്സരം മാറ്റി മറിച്ചത്.

ഈ ലോകകപ്പില്‍ ഉപയോഗിക്കുന്ന പന്തുകള്‍ വ്യത്യസ്തം, കൂടുതല്‍ സ്വിംഗ് ലഭിയ്ക്കുന്നു

ഈ ലോകകപ്പില്‍ ഉപയോഗിക്കുന്ന പന്തുകള്‍ മുന്‍ ലോകകപ്പുകളില്‍ നിന്ന വ്യത്യസ്തമാണെന്നും അതിനാല്‍ തന്നെ കൂടുതല്‍ സ്വിംഗ് ലഭിയ്ക്കുന്നുവെന്നും പറഞ്ഞ് ന്യൂസിലാണ്ട് താരം ട്രെന്റ് ബോള്‍ട്ട്. അടുത്തിടെ ഏകദിനത്തിലെ തന്റെ ഏകദിനത്തിലെ 150 വിക്കറ്റുകള്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ട്രെന്റ് ബോള്‍ട്ട് പൂര്‍ത്തിയാക്കിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് 77 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ ബോള്‍ട്ട് 81 മത്സരങ്ങളില്‍ നിന്നാണ് ഇവ സ്വന്തമാക്കിയത്.

ബോളുകളില്‍ ഷൈനും നിറം കൊടുത്ത രീതിയും എല്ലാം വളരെ വ്യത്യസ്തമായ രീതിയിലാണുള്ളതെന്നും പുതിയവ കൈയ്യില്‍ പിടിക്കുവാനും കൂടുതല്‍ സുഖകരമാണെന്നും തനിയ്ക്ക് ഈ പന്തില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും ട്രെന്റ് ബോള്‍ട്ട് പറഞ്ഞു. തുടക്കത്തിലെ സാഹചര്യങ്ങള്‍ കഴിഞ്ഞാലും പിന്നെയും ബൗളര്‍മാര്‍ക്ക് ഇതിനാല്‍ മികച്ച പിന്തുണ ലഭിയ്ക്കുന്നുണ്ടെന്നും ബോള്‍ട്ട് വ്യക്തമാക്കി.

ലോകകപ്പിലെ ആദ്യ പത്ത് മത്സരങ്ങളില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ നേടുന്ന താരമായി മാറി മിച്ചല്‍ സ്റ്റാര്‍ക്ക്

ലോകകപ്പ് ക്രിക്കറ്റില്‍ തന്റെ ആദ്യ പത്ത് മത്സരങ്ങളില്‍ നിന്ന് ഏറ്റവും അധികം റണ്‍സ് നേടുന്ന താരമായി മാറി മിച്ചല്‍ സ്റ്റാര്‍ക്ക്. ഇന്നത്തെ തന്റെ അഞ്ച് വിക്കറ്റ് നേട്ടത്തോടെയാണ് സ്റ്റാര്‍ക്ക് ഈ പട്ടികയില്‍ ഒന്നാമത്തെത്തിയത്. 25 വിക്കറ്റുകളാണ് മിച്ചല്‍ സ്റ്റാര്‍ക്കിനു ഇപ്പോള്‍ സ്വന്തമായുള്ളത്. പത്ത് മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റ് നേടിയ ലസിത് മലിംഗയെയാണ് സ്റ്റാര്‍ക്ക് പിന്തള്ളിയത്.

ഇമ്രാന്‍ താഹിര്‍(24), ട്രെന്റ് ബോള്‍ട്ട്(23), ഷോണ്‍ ടൈറ്റ്(23) എന്നിവരാണ് പട്ടികയിലുള്ള മറ്റു താരങ്ങള്‍.

നാനൂറും കടന്ന് വിന്‍ഡീസ്, ഷായി ഹോപ്പിന്റെ ശതകത്തിനു ശേഷം റസ്സല്‍ താണ്ഡവം

ന്യൂസിലാണ്ടിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി വിന്‍ഡീസ്. 49.2 ഓവറില്‍ 421 റണ്‍സ് നേടി വിന്‍ഡീസ് ഓള്‍ഔട്ട് ആവുകയായിരുന്നു.  ഇന്ന് നടന്ന മത്സരത്തില്‍ വിന്‍ഡീസിനായി ഷായി ഹോപ് ശതകവും ആന്‍ഡ്രേ റസ്സല്‍ 25 പന്തില്‍ നിന്ന് 54 റണ്‍സും നേടിയപ്പോള്‍ എവിന്‍ ലൂയിസ്(50), ജേസണ്‍ ഹോള്‍ഡര്‍(47) എന്നിവരുടെ പ്രകടനവും 400 കടക്കുവാന്‍ ടീമിനെ സഹായിച്ചു. ക്രിസ് ഗെയിലും(36) ഷായി ഹോപും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 59 റണ്‍സ് നേടിയപ്പോള്‍ രണ്ടാം വിക്കറ്റില്‍ എവിന്‍ ലൂയിസുമായി ചേര്‍ന്ന് 84 റണ്‍സാണ് ഷായി ഹോപ് നേടിയത്.

ലൂയിസ് പുറത്തായ ശേഷം ഡാരെന്‍ ബ്രാവോ(25), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(27) എന്നിവരെ വേഗത്തില്‍ നഷ്ടമായെങ്കിലും 86 പന്തില്‍ നിന്ന് 101 റണ്‍സാണ് ഷായി ഹോപ് നേടിയത്. ഷായി ഹോപ് പുറത്തായ ശേഷം ആന്‍ഡ്രേ റസ്സലിന്റെ വെടിക്കെട്ട് ഇന്നിംഗ്സാണ് പിന്നീട് കണ്ടത്. 25 പന്തില്‍ നിന്ന് 7 ഫോറും 3 സിക്സും സഹിതം 54 റണ്‍സാണ് റസ്സല്‍ നേടിയത്. ജേസണ്‍ ഹോള്‍ഡറും റസ്സലും അടുത്തടുത്ത് പുറത്തായെങ്കിലും കാര്‍ലോസ് ബ്രാത്‍വൈറ്റും ആഷ്‍ലി നഴ്സും വിന്‍ഡീസ് സ്കോര്‍ 400 കടത്തി.

വിന്‍ഡീസിനു വേണ്ടി 9ാം വിക്കറ്റില്‍ ബ്രാത്‍വൈറ്റ്-നഴ്സ് കൂട്ടുകെട്ട് 34 റണ്‍സാണ് നേടിയത്. 24 റണ്‍സ് നേടിയ കാര്‍ലോസ് ബ്രാത‍്വൈറ്റിനെ പുറത്താക്കി മാറ്റ് ഹെന്‍റിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. ആഷ്‍ലി നഴ്സ് 21 റണ്‍സുമായി പുറത്താകാതെ നിന്നു. ന്യൂസിലാണ്ടിനു വേണ്ടി ട്രെന്റ് ബോള്‍ട്ട് നാലും മാറ്റ് ഹെന്‍റി രണ്ടും വിക്കറ്റ് വീഴ്ത്തി.

ഹാട്രിക്ക് നഷ്ടമായതില്‍ സങ്കടമുണ്ടായിരുന്നു, ട്രെന്റ് ബോള്‍ട്ടിനെ താന്‍ അസഭ്യം പറഞ്ഞു

ഐപിഎലില്‍ ഹാട്രിക്ക് നേടുകയെന്നത് ശീലമാക്കിയ താരമാണ് അമിത് മിശ്ര. ഐപിഎലില്‍ മൂന്ന് ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ താരത്തിനു ഇന്നലെ നാലാമത്തെ ഹാട്രിക്ക് നേടുവാനുള്ള അവസരമുണ്ടായിരുന്നു. ശ്രേയസ്സ് ഗോപാലിനെയും സ്റ്റുവര്‍ട് ബിന്നിയെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ അമിത് മിശ്ര അടുത്ത പന്തില്‍ കൃഷ്ണപ്പ ഗൗതമില്‍ നിന്നും ഒരു അവസരം സൃഷ്ടിച്ചെടുത്തുവെങ്കിലും ട്രെന്റ് ബോള്‍ട്ട് ആ ആവസരം നഷ്ടപ്പെടുത്തി താരത്തിന്റെ ഐപിഎലിലെ നാലാം ഹാട്രിക്ക് എന്ന കാര്യം നഷ്ടപ്പെടുത്തുകയായിരുന്നു.

ഹാട്രിക്ക് നഷ്ടമായതില്‍ തനിക്ക് സങ്കടുണ്ടായിരുന്നുവെന്നും താന്‍ അതിനു ശേഷം ട്രെന്റ് ബോള്‍ട്ടിനെ അസഭ്യം പറഞ്ഞുവെന്നും അമിത് മിശ്ര മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയ ശേഷം സംസാരിക്കവേ പറഞ്ഞു. അതൊരു അനായാസ ക്യാച്ചായിരുന്നുവെന്നും താന്‍ എന്തിനാണ് വെറുതേ ചാടിയതെന്നുമാണ് ചോദിച്ചതെന്നും ചിരിച്ച് കൊണ്ട് അമിത് മിശ്ര പറഞ്ഞു.

തന്റെ നാലോവറില്‍ 17 റണ്‍സിനാണ് മൂന്ന് വിക്കറ്റ് താരം നേടിയത്. ഇംഗ്ലീഷിലാണ് താന്‍ അല്പം ചീത്ത ബോള്‍ട്ടിനെ പറഞ്ഞതെന്നും താരം മൂന്ന് നാല് തവണ തന്നോട് ക്ഷമ ചോദിച്ചുവെന്നും അമിത് മിശ്ര കൂട്ടിചേര്‍ത്തു.

വാഗ്നര്‍ അഞ്ചാം റാങ്കിലേക്ക്

ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ അഞ്ചാം റാങ്കിലേക്ക് ഉയര്‍ന്ന് നീല്‍ വാഗ്നര്‍. ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ഇന്നിംഗ്സ് വിജയങ്ങളിലും നിര്‍ണ്ണായക ബൗളിംഗ് പ്രകടനം പുറത്തെടുത്തതാണ് താരത്തിനു റാങ്കിംഗില്‍ വന്‍ കുതിച്ച് കയറ്റും നടത്തുവാന്‍ സഹായകരമായത്. 16 വിക്കറ്റുകളാണ് ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വാഗ്നര്‍ നേടിയത്. 6 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം 801 റേറ്റിംഗ് പോയിന്റിലാണ് നില്‍ക്കുന്നത്. ഇതിനു മുമ്പ് റിച്ചാര്‍ഡ് ഹാഡ്ലിയും ട്രെന്റ് ബോള്‍ട്ടുമാണ് ന്യൂസിലാണ്ടിനായി 801 റേറ്റിംഗ് പോയിന്റിലെത്തിയത്.

ടിം സൗത്തി 2014ല്‍ 799 പോയിന്റ് വരെ നേടിയിരുന്നുവെങ്കിലും അതിലും മെച്ചപ്പെടാനായിട്ടില്ല. ട്രെന്റ് ബോള്‍ട്ട് നിലവിലെ റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണുള്ളത്.

വെല്ലിംഗ്ടണ്‍ മൂന്നാം ദിവസം കളി നടന്നു, ബംഗ്ലാദേശ് 211 റണ്‍സിനു ഓള്‍ഔട്ട്, വീണ്ടും മികവുമായി തമീം ഇക്ബാല്‍

ആദ്യ രണ്ട് ദിവസത്തെ കളി മഴ തടസ്സപ്പെടുത്തിയതിനു ശേഷം മൂന്നാം ദിവസം വെല്ലിംഗ്ടണില്‍ കളി നടന്നപ്പോള്‍ ബംഗ്ലാദേശ് 211 റണ്‍സിനു ഓള്‍ഔട്ട്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 38/2 എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. ജീത്ത് റാവല്‍(3), ടോം ലാഥം(4) എന്നിവരെ 8 റണ്‍സ് നേടുന്നതിനിടെ നഷ്ടമായ ന്യൂസിലാണ്ടിനെ പിന്നീട് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ മൂന്നാം വിക്കറ്റില്‍ 30 റണ്‍സ് നേടി കെയിന്‍ വില്യംസണ്‍(10*)-റോസ് ടെയിലര്‍(19*) കൂട്ടുകെട്ട് നയിക്കുകയായിരുന്നു. ബംഗ്ലാദേശിന്റെ സ്കോറിനു 173 റണ്‍സ് പിന്നിലായാണ് ന്യൂസിലാണ്ട് നിലകൊള്ളുന്നത്. മൂന്നാം ദിവസം എന്നാല്‍ അവസാനത്തോടു കൂടി മഴയെത്തിയതോടെ കളി അവസാനിപ്പിക്കുവാന്‍ അമ്പയര്‍മാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. അബു ജയേദ് ആണ് ബംഗ്ലാദേശിനു വേണ്ടി രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 61 ഓവറില്‍ നിന്ന് 211 റണ്‍സ് നേടുന്നതിനിടെ പുറത്താകുകയായിരുന്നു. ആദ്യ ടെസ്റ്റിലേത് പോലെ തമീം ഇക്ബാല്‍ 74 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി. നീല്‍ വാഗ്നര്‍ നാലും ട്രെന്റ് ബോള്‍ട്ട് മൂന്നും വിക്കറ്റ് നേടി ന്യൂസിലാണ്ട് നിരയില്‍ തിളങ്ങി. ലിറ്റണ്‍ ദാസ്(33), ഷദ്മാന്‍ ഇസ്ലാം(27) എന്നിവരാണ് പൊരുതി നോക്കിയ മറ്റു താരങ്ങള്‍.

വെല്ലിംഗ്ടണില്‍ ബാറ്റിംഗ് പിച്ചാണ് താന്‍ പ്രതീക്ഷിക്കുന്നത്

ഹാമിള്‍ട്ടണിലെ ഇന്നിംഗ്സ് വിജയത്തിനു ശേഷം വെല്ലിംഗ്ടണില്‍ രണ്ടാം ടെസ്റ്റിനെത്തുന്ന ന്യൂസിലാണ്ടിന്റെ പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട് പറയുന്നത് താന്‍ വെല്ലിംഗ്ടണില്‍ റണ്ണൊഴുകുന്ന പിച്ചാണ് പ്രതീക്ഷിക്കുന്നതെന്നാണ്. ബേസിന്‍ റിസര്‍വ്വില്‍ കളിച്ച എല്ലാ ടെസ്റ്റിലും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുവാന്‍ ന്യൂസിലാണ്ടിനായിട്ടുണ്ടെന്നത് സൂചിപ്പച്ച ബോള്‍ട്ട് ടീം കഴിഞ്ഞ 7 ടെസ്റ്റില്‍ അഞ്ചിലും 500നു മുകളില്‍ റണ്‍സ് നേടിയിട്ടുണ്ടെന്നും കണക്ക് ചൂണ്ടിക്കാണിച്ച് പറഞ്ഞു.

എന്നാല്‍ പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്ന പരാതിയാണ് ബോള്‍ട്ട് പങ്കുവെച്ചത്. ശ്രീലങ്കയ്ക്കെതിരെ അവരെ 20/3 എന്ന നിലയിലേക്ക് തള്ളിയിട്ട ശേഷം ടെസ്റ്റിന്റെ നാലാം ദിവസം ലങ്കയ്ക്ക് ഒരു വിക്കറ്റ് പോലും നഷ്ടമില്ലാതെ അവസാനിപ്പിക്കുവാന്‍ ഇതേ വേദിയില്‍ സാധിച്ചിരുന്നു. അന്ന് കുശല്‍ മെന്‍ഡിസും ആഞ്ചലോ മാത്യൂസും ശതകങ്ങളുമായി ലങ്കയെ രക്ഷിയ്ക്കുകയായിരുന്നു.

അന്നത്തെ അതേ സാഹചര്യങ്ങളാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ബോള്‍ട്ട് പറഞ്ഞു. എന്നാല്‍ അന്നത്തേത് പോലെ വിക്കറ്റ് ലഭിക്കാത്ത ഒരു ദിവസം ഉണ്ടാകരുതെന്നതാണ് തന്റെ പ്രതീക്ഷയെന്ന് ബോള്‍ട്ട് പറഞ്ഞു. ഇവിടെ നിരവധി ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്നും പോസിറ്റീവ് മൈന്‍ഡ്സെറ്റുമായി മത്സരത്തെ സമീപിക്കുവാനാണ് ടീമിന്റെ തീരുമാനമെന്നും ബോള്‍ട്ട് പറഞ്ഞു.

ഒട്ടനവധി ബാറ്റിംഗ് റെക്കോര്‍ഡുകള്‍ പിറന്ന പിച്ചാണ് ബേസിന്‍ റിസര്‍വ്വിലേത്, മത്സരം പുരോഗമിക്കും തോറും അത് ബാറ്റിംഗിനു കൂടുതല്‍ അനുകൂലമാകുകയാണ് പതിവെന്നും താരം അഭിപ്രായപ്പെട്ടു. നീല്‍ വാഗ്നറുടെ ഷോര്‍ട്ട് ബോളുകള്‍ ആണ് പിച്ചില്‍ നിന്ന് ഗുണം നേടുവാനുള്ള ന്യൂസിലാണ്ടിന്റെ കൈയ്യിലുള്ള ആയുധമെന്നും ബോള്‍ട്ട് പറഞ്ഞു. നീല്‍ വാഗ്നര്‍ നയിക്കുന്ന ഷോര്‍ട്ട് ബോള്‍ ബൗളിംഗ് നേരിടുവാന്‍ ബംഗ്ലാദേശിനോട് തയ്യാറായി ഇരിക്കുവാനും ബോള്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രണ്ടാം ഇന്നിംഗ്സില്‍ പൊരുതി നോക്കി ബംഗ്ലാദേശ്, ന്യൂസിലാണ്ടിനു ഇന്നിംഗ്സ് ജയം

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ബംഗ്ലാദേശ് ആവുന്നത്ര ശ്രമിച്ചുവെങ്കിലും ഒരിന്നിംഗ്സിനും 52 റണ്‍സിനും ജയം കരസ്ഥമാക്കി ന്യൂസിലാണ്ട്. 715/6 എന്ന വലിയ സ്കോര്‍ നേടി ഡിക്ലറേഷന്‍ നടത്തിയ ന്യൂസിലാണ്ടിനു വെല്ലുവിളിയാവും ബംഗ്ലാദേശ് എന്ന് ആരും തന്നെ കരുതിയിട്ടില്ലെങ്കിലും വീണ്ടും ആതിഥേയരെ ബാറ്റ് ചെയ്യിക്കുവാന്‍ വേണ്ട സ്കോര്‍ നേടി ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുക എന്നതായിരുന്നു ടീമിന്റെ ലക്ഷ്യം.

എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ വളരെ തുച്ഛമായ സ്കോറിനു ടീം പുറത്തായത് അവസാനം ബംഗ്ലാദേശിനു വിനയായി മാറുകയായിരുന്നു. സൗമ്യ സര്‍ക്കാരും മഹമ്മദുള്ളയും ശതകങ്ങള്‍ നേടി പൊരുതിയെങ്കിലും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനെ പുറത്താക്കിയ ശേഷം കാര്യമായ ചെറുത്ത് നില്പ് വാലറ്റത്തില്‍ നിന്നുയരാതെ പോയത് ബംഗ്ലാദേശിനു തിരിച്ചടിയായി.

126/4 എന്ന നിലയില്‍ ഒത്തുകൂടിയ സൗമ്യ സര്‍ക്കാര്‍-മഹമ്മദുള്ള കൂട്ടുകെട്ട് 235 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ നേടിയത്. വീണ്ടും ന്യൂസിലാണ്ടിനെ ബാറ്റ് ചെയ്യിപ്പിക്കുവാന്‍ ഇരുവര്‍ക്കും ആവുമെന്ന് കരുതിയ നിമിഷത്തിലാണ് 149 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാരിനെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയത്. ബോള്‍ട്ടും വാഗ്നരറും ശേഷിക്കുന്ന വിക്കറ്റുകള്‍ നേടിയപ്പോള്‍ 146 റണ്‍സ് നേടിയ മഹമ്മദുള്ളയെ ഒമ്പതാം വിക്കറ്റായി ടിം സൗത്തി പുറത്താക്കി. നാല് പന്തുകള്‍ക്ക് ശേഷം അതേ ഓവറില്‍ തന്നെ ബംഗ്ലാദേശ് ഇന്നിംഗ്സിനും മത്സരത്തിനും തിരശ്ശീലയിടുവാനും സൗത്തിയ്ക്ക് സാധിച്ചു.

ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് 5 വിക്കറ്റും ടിം സൗത്തി മൂന്നും വിക്കറ്റുകള്‍ നേടിയപ്പോള്‍ നീല്‍ വാഗ്നര്‍ക്കായിരുന്നു രണ്ടാം വിക്കറ്റ്.

ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ന്യൂസിലാണ്ട്

നേപ്പിയറിലെ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിനെ 232 റണ്‍സിനു എറിഞ്ഞ് പിടിച്ച് ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.5 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ട്രെന്റ് ബോള്‍ട്ടും മിച്ചല്‍ സാന്റനറും ഒപ്പം മാറ്റ് ഹെന്‍റിയും ചേര്‍ന്നാണ് ബംഗ്ലാദേശിനെ വരിഞ്ഞു മുറുക്കിയത്. 62 റണ്‍സ് നേടിയ മുഹമ്മദ് മിഥുനും വാലറ്റത്തില്‍ മുഹമ്മദ് സൈഫുദ്ദീനുമാണ് ബംഗ്ലാദേശിനെ 232 റണ്‍സിലേക്ക് നയിച്ചത്.

മിഥുന്‍ 62 റണ്‍സ് നേടി പുറത്തായപ്പോള്‍ സൈഫുദ്ദീന്‍ 41 റണ്‍സ് നേടി പുറത്തായി. സൗമ്യ സര്‍ക്കാര്‍ അതിവേഗം 30 റണ്‍സ് നേടിയെങ്കിലും അധികം സമയം ക്രീസില്‍ നില്‍ക്കാനാകാതെ താരം മടങ്ങിയത് ബംഗ്ലാദേശിനു തിരിച്ചടിയായി. ആതിഥേയര്‍ക്കായി ബോള്‍ട്ടും സാന്റനറും മൂന്ന് വീതം വിക്കറ്റും മാറ്റ് ഹെന്‍റിയും ലോക്കി ഫെര്‍ഗൂസണും രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version