ടിം സൗത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിംഗ് കോച്ച്


മുൻ ന്യൂസിലൻഡ് പേസ് ബൗളർ ടിം സൗത്തിയെ ഐ.പി.എൽ. 2026 സീസണിലേക്കുള്ള തങ്ങളുടെ ബൗളിംഗ് കോച്ചായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെ.കെ.ആർ.) പ്രഖ്യാപിച്ചു. 15 വർഷത്തിലധികം അന്താരാഷ്ട്ര പരിചയമുള്ള സൗത്തി ഈ വർഷം ആദ്യം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു.

2021-2023 സീസണുകളിൽ കെ.കെ.ആറിനായി കളിച്ചിട്ടുള്ള സൗത്തി, ഒരു പുതിയ റോളിൽ ഫ്രാഞ്ചൈസിയിലേക്ക് മടങ്ങിയെത്തുന്നതിൽ ആവേശം പ്രകടിപ്പിക്കുകയും ബൗളിംഗ് യൂണിറ്റിന് മാർഗ്ഗനിർദ്ദേശം നൽകാൻ താൽപര്യമുണ്ടെന്നും അറിയിച്ചു.

സൗത്തിയുടെ നേതൃപാടവവും ശാന്തമായ പെരുമാറ്റവും യുവ ബൗളർമാർക്ക് ഒരു മുതൽക്കൂട്ടാകുമെന്ന് കെ.കെ.ആർ. സിഇഒ വെങ്കി മൈസൂർ അഭിപ്രായപ്പെട്ടു.
എല്ലാ ഫോർമാറ്റുകളിൽ നിന്നുമായി 776 അന്താരാഷ്ട്ര വിക്കറ്റുകൾ നേടിയിട്ടുള്ള സൗത്തി, സ്വിംഗ് ബൗളിംഗിലും കൃത്യതയിലും പ്രശസ്തനാണ്. മുൻ കളിക്കാരനായ ഷെയ്ൻ വാട്‌സൺ ഉൾപ്പെടെയുള്ളവരെ സപ്പോർട്ട് സ്റ്റാഫിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള കെ.കെ.ആറിൻ്റെ കോച്ചിംഗ് സംവിധാനത്തിലെ പ്രധാന മാറ്റങ്ങളുടെ ഭാഗമാണ് ഈ നിയമനം.

ടെസ്റ്റ് സീസണിന് മുന്നോടിയായി ടിം സൗത്തി ഇംഗ്ലണ്ട് പുരുഷ ടീമിൻ്റെ പരിശീലക സംഘത്തിൽ ചേരും


ന്യൂസിലൻഡിൻ്റെ മുൻ പേസ് കുന്തമുനയായിരുന്ന ടിം സൗത്തിയെ ഇംഗ്ലണ്ട് പുരുഷ ടീമിൻ്റെ പരിശീലക സംഘത്തിൽ സ്പെഷ്യലിസ്റ്റ് സ്കിൽസ് കൺസൾട്ടൻ്റായി നിയമിച്ചു. മെയ് 22 ന് ട്രെൻ്റ് ബ്രിഡ്ജിൽ നടക്കുന്ന സിംബാബ്‌വെയ്ക്കെതിരായ ടെസ്റ്റിന് മുന്നോടിയായി അദ്ദേഹം ബ്രണ്ടൻ മക്കല്ലത്തിൻ്റെ സംഘത്തിൽ ചേരും. ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ശ്രദ്ധേയമായ ടെസ്റ്റ് പരമ്പരയിലും അദ്ദേഹം ടീമിനൊപ്പമുണ്ടാകും.


എല്ലാ ഫോർമാറ്റുകളിലെയും സാഹചര്യങ്ങളിലെയും സൗത്തിയുടെ വലിയ അനുഭവസമ്പത്ത് ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അദ്ദേഹത്തെ സ്വാഗതം ചെയ്തു.


കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച സൗത്തി 394 മത്സരങ്ങളിൽ നിന്ന് 776 വിക്കറ്റുകൾ നേടി ന്യൂസിലൻഡിൻ്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാണ്.

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ടിം സൗത്തി വിരമിക്കും

ന്യൂസിലൻഡിൽ നിന്നുള്ള 35 കാരനായ പേസർ ടിം സൗത്തി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചു. 2008-ൽ അരങ്ങേറ്റം കുറിച്ച സൗത്തി, പിന്നീട് ന്യൂസിലൻഡിൻ്റെ പ്രധാന കളിക്കാരിൽ ഒരാളായി മാറി, 385 വിക്കറ്റുമായി രാജ്യത്തിൻ്റെ ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ റിച്ചാർഡ് ഹാഡ്‌ലിക്ക് പിന്നിൽ രണ്ടാമതാണ്.

ന്യൂസിലൻഡിനായി കളിക്കുന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നും തൻ്റെ കരിയറിൻ്റെ ഈ ഘട്ടത്തിൽ വിരമിക്കാനുള്ള തീരുമാനം ശരിയാണെന്നും അദ്ദേഹം പറഞ്ഞു. ഹാമിൽട്ടണിലെ ഹോം ഗ്രൗണ്ടിൽ അദ്ദേഹം തൻ്റെ ടെസ്റ്റ് കരിയർ അവസാനിപ്പിക്കും. സൗത്തി കളിയുടെ എല്ലാ ഫോർമാറ്റുകളിലും തൻ്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്, 300 ടെസ്റ്റ് വിക്കറ്റുകൾ, 200 ഏകദിന വിക്കറ്റുകൾ, 100 ടി20 വിക്കറ്റുകൾ എന്നിവ നേടിയ ഒരേയൊരു കളിക്കാരനാണ്.

നവംബർ 28-ന് ആണ് ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്.

ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞ് ടിം സൗത്തി, പകരം ടോം ലാഥം

ന്യൂസിലാണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞ് ടിം സൗത്തി. പകരം ടോം ലാഥം മുഴുവന്‍ സമയ ക്യാപ്റ്റനായി എത്തുമെന്നാണ് ന്യൂസിലാണ്ട് ക്രിക്കറ്റ് അറിയിച്ചിരിക്കുന്നത്. ന്യൂസിലാണ്ട് ശ്രീലങ്കയോട് ടെസ്റ്റ് പരമ്പര 0-2ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ തീരുമാനം.

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ് ടോം ലാഥമിന്റെ ആദ്യ ദൗത്യം. ന്യൂസിലാണ്ടിനെ നയിക്കുക എന്നത് വലിയ ബഹുമതിയാണെന്നും തന്റെ തീരുമാനം ടീമിന് ഗുണകരമായിരിക്കുമെന്നുമാണ് ടിം സൗത്തി വ്യക്തമാക്കിയത്. 2008ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സൗത്തി 102 ടെസ്റ്റുകളിലാണ് ന്യൂസിലാണ്ടിനെ പ്രതിനിധീകരിച്ചത്.

2002 ഡിസംബറിൽ കെയിന്‍ വില്യംസണിൽ നിന്ന് ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുത്ത സൗത്തി 14 മത്സരങ്ങളിലാണ് ന്യൂസിലാണ്ടിനെ നയിച്ചത്. ആറ് മത്സരങ്ങളിൽ വിജയവും ആറ് മത്സരങ്ങളിൽ പരാജയവും രണ്ട് മത്സരങ്ങളിൽ സമനിലയുമാണ് സൗത്തി നേടിയത്.

ഏഷ്യയിൽ ടെസ്റ്റ് വിജയിക്കുവാന്‍ ഭാഗികമായി മികച്ച് നിന്നാൽ പോര – ടിം സൗത്തി

ഏഷ്യയിൽ ടെസ്റ്റ് ക്രിക്കറ്റ് വിജയിക്കുവാന്‍ ഭാഗികമായി മാത്രം മികച്ച് നിന്നാൽ പോരെന്ന് വ്യക്തമാക്കി ന്യൂസിലാണ്ട് നായകന്‍ ടിം സൗത്തി. സ്ഥിരതയോടെ കൂടുതൽ സമയം കളിച്ചാൽ മാത്രമേ ഏഷ്യയിൽ വിജയം നേടാനാകുമെന്ന് ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിന് മുമ്പാണ് സൗത്തി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ബൗളിംഗ് ഗ്രൂപ്പിനോട് കൂടുതൽ ദൈര്‍ഘ്യമേറിയ ബൗളിംഗ് മികവ് പുറത്തെടക്കുവാനും ബാറ്റ്സ്മാന്മാരോട് ബാറ്റിംഗ് കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുകയും ആണ് വേണ്ടതെന്ന് ടീം മീറ്റിംഗിൽ ചര്‍ച്ച ചെയ്യപ്പെട്ട കാര്യമാണെന്നും സൗത്തി കൂട്ടിചേര്‍ത്തു. ആദ്യ ടെസ്റ്റിൽ 150 റൺസിനാണ് ബംഗ്ലാദേശിനോട് ന്യൂസിലാണ്ട് പരാജയം ഏറ്റുവാങ്ങിയത്.

ന്യൂസിലാണ്ടിന് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിക്കൊടുത്ത് സൗത്തി, ബംഗ്ലാദേശിന് രണ്ടാം ഇന്നിംഗ്സിൽ മോശം തുടക്കം

സിൽഹെറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം പുരോഗമിക്കുമ്പോള്‍ ബംഗ്ലാദേശിന് രണ്ടാം ഇന്നിംഗ്സിൽ മോശം തുടക്കം. 2 വിക്കറ്റ് നഷ്ടത്തിൽ ടീം 20 ഓവറിൽ 48 റൺസാണ് ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ നേടിയിരിക്കുന്നത്. നേരത്തെ 266/8 എന്ന നിലയിൽ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ട് 317 റൺസ് നേടി ഓള്‍ഔട്ട് ആയി.

ഇതോടെ 7 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ടീം നേടി. 35 റൺസ് നേടിയ ടിം സൗത്തിയാണ് ന്യൂസിലാണ്ടിന്റെ ചെറുത്ത്നില്പിനെ നയിച്ചത്. കൈൽ ജാമിസൺ 23 റൺസും നേടി. ഇരുവരും ചേര്‍ന്ന് 9ാം വിക്കറ്റിൽ 56 റൺസ് കൂട്ടിചേര്‍ത്താണ് ന്യൂസിലാണ്ടിന് ലീഡ് നേടിക്കൊടുത്തത്. ബംഗ്ലാദേശിനായി തൈജുള്‍ ഇസ്ലാം 4 വിക്കറ്റും മോമിനുള്‍ 3 വിക്കറ്റും നേടി.

മഹമ്മുദുള്‍ ഹസന്‍ ജോയ്(8), സാക്കിര്‍ ഹസന്‍(17) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശിന് നഷ്ടമായത്. 14 റൺസുമായി നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും 4 റൺസ് നേടി മോമിനുള്‍ ഹക്കുമാണ് ക്രീസിലുള്ളത്.

പരിക്ക് മാറി, ടിം സൗത്തി ഇന്ത്യക്ക് എതിരെ കളിക്കും

ന്യൂസിലൻഡ് സ്റ്റാർ ഫാസ്റ്റ് ബൗളർ ടിം സൗത്തി നാളെ ഇന്ത്യക്ക് എതിരെ കളിക്കും. സൗത്തി ഫിറ്റ്നസ് വീണ്ടെടുത്തത് ആയി ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലാഥം സ്ഥിരീകരിച്ചു. ലോകകപ്പിന് മുന്നോടിയായുള്ള ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ആയിരുന്നു സൗത്തിയുടെ കൈവിരലിന് പരിക്കേറ്റത്‌. സൗത്തി ലോകകപ്പ് ടൂർണമെന്റിലെ ആദ്യ നാല് മത്സരങ്ങളിലും കളിച്ചിരുന്നില്ല.

ആദ്യ നാലു മത്സരങ്ങളും വിജയിച്ച ന്യൂസിലൻഡ് സൗത്തി ജൂടെ എത്തുന്നതോടെ അതിശക്തരാകും. സൗത്തി തിരിച്ചെത്തും എങ്കിലും കൈവിരലിന് പരിക്കേറ്റ കെയ്ൻ വില്യംസൺ നാളെയും കളിക്കില്ല. വില്യംസൺ ടൂർണമെന്റ് അവസാനിക്കും മുമ്പ് തിരിച്ചുവരുമെന്ന് ടീമിന് പ്രതീക്ഷയുണ്ട് എന്ന് ലാഥം പറഞ്ഞു.

ടിം സൗത്തിക്ക് പരിക്ക്, ലോകകപ്പിന് മുമ്പ് ന്യൂസിലൻഡിന് ആശങ്ക

ലോകകപ്പ് അടുത്ത് നിൽക്കെ ന്യൂസിലൻഡിന് വലിയ ആശങ്ക നൽകുന്ന വാർത്തകൾ ആണ് വരുന്നത്. ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിനിടയിൽ വലത് തള്ളവിരലിന് പരിക്കേറ്റ ബൗളർ ടിം സൗത്തി ലോകകപ്പ് കളിക്കുന്നത് സംശയത്തിലായിരിക്കുകയാണ്. മത്സരത്തിന്റെ 14-ാം ഓവറിൽ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സൗത്തിക്ക് പരിക്കേറ്റത്. വിരലിന്റെ എല്ല് ഒടിഞ്ഞതായാണ് പ്രാഥമിക റിപ്പോർട്ട്.

ന്യൂസിലൻഡ് പ്രഖ്യാപിച്ച 15 അംഗ ലോകകപ്പ് ടീമിൽ ഉള്ള താരമാണ് സൗത്തി. ലോകകപ്പ് ടീമിൽ ഉള്ള മറ്റൊരു താരമാണ് ഡാരിൽ മിച്ചലിനും ഇന്നലെ പരിക്കേറ്റു. മിച്ചലിനും വിരലിനാണ് പരിക്കേറ്റത്. പരിക്കേറ്റ ഉടനെ കളം വിട്ടു എങ്കിലും അദ്ദേഹം പിന്നീട് മത്സരത്തിൽ ബൗൾ ചെയ്യാൻ മടങ്ങിയെത്തി. രണ്ടാം ഇന്നിംഗ്സിൽ ബാറ്റും ചെയ്തു.

ശ്രീലങ്ക 355 റൺസിന് ഓള്‍ഔട്ട്

305/6 എന്ന നിലയിൽ രണ്ടാം ദിവസത്തെ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് 50 റൺസ് കൂടി മാത്രമാണ് നേടാനായത്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 355 റൺസിന് അവസാനിപ്പിച്ച് ന്യൂസിലാണ്ട് ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

ധനന്‍ജയ ഡി സിൽവയെ(46) ഇന്നാദ്യം നഷ്ടമായ ലങ്കയ്ക്ക് വേണ്ടി കസുന്‍ രജിത 22 റൺസ് നേടിയപ്പോള്‍ വാലറ്റവും പൊരുതി നിന്നു. പ്രഭാാത് ജയസൂര്യ(13), ലഹിരു കുമര(13*), അസിത ഫെര്‍ണാണ്ടോ(10) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ടീമിനെ 355 റൺസിലേക്ക് എത്തിച്ചത്.

ന്യൂസിലാണ്ടിനായി ടിം സൗത്തി അഞ്ചും മാറ്റ് ഹെന്‍റി നാലും വിക്കറ്റ് നേടി. ഇന്ന് നേടിയ 4 ലങ്കന്‍ വിക്കറ്റുകള്‍ ഇവര്‍ തുല്യമായി പങ്കിട്ടെടുക്കുകയായിരുന്നു.

ക്രൈസ്റ്റ്ചര്‍ച്ചിലെ ആദ്യ ടെസ്റ്റിൽ വില്യംസൺ കളിക്കും – ടിം സൗത്തി

ശ്രീലങ്കയ്ക്കെതിരെ വ്യാഴാഴ്ച ആരംഭിയ്ക്കുന്ന ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിൽ കെയിന്‍ വില്യംസൺ കളിക്കുമെന്ന് അറിയിച്ച് ക്യാപ്റ്റന്‍ ടിം സൗത്തി. നിലവിൽ തന്റെ അമ്മുമ്മയുടെ മരണം കാരണം ടീമിനൊപ്പം താരമില്ലെങ്കിലും അവസാന നിമിഷം ടീമിനൊപ്പം താരം ചേരുമെന്ന് സൗത്തി അറിയിച്ചു.

താരം ടൗരാംഗയിൽ പരിശീലനം നടത്തുന്നുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നതെന്നും സൗത്തി കൂട്ടിചേര്‍ത്തു. ഇംഗ്ലണ്ടിനെതിരെയുള്ള ന്യൂസിലാണ്ടിന്റെ ഒരു റൺസ് വിജയത്തിൽ നിര്‍ണ്ണായക പ്രകടനം വില്യംസണിൽ നിന്ന് വന്നിരുന്നു.

ഈ മത്സരം ഏറെക്കാലം ചര്‍ച്ച ചെയ്യപ്പെടും – ടിം സൗത്തി

വെല്ലിംഗ്ടണിലെ ന്യൂസിലാണ്ടും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരം ഏറെക്കാലം ചര്‍ച്ച ചെയ്യുവാന്‍ പോകുന്ന ഒന്നായിരിക്കുമെന്ന് പറഞ്ഞ് ന്യൂസിലാണ്ട് നായകന്‍ ടിം സൗത്തി. മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഒരു റൺസ് വിജയം ആണ് ന്യൂസിലാണ്ട് നേടിയത്.

ന്യൂസിലാണ്ടിനെ ഫോളോ ഓണ്‍ ചെയ്യുവാന്‍ ഇംഗ്ലണ്ട് ആവശ്യപ്പെട്ടുവെങ്കിലും രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലാണ്ട് മികച്ച ബാറ്റിംഗ് നടത്തി ഇംഗ്ലണ്ടിന് മുന്നിൽ 258 റൺസ് വിജയ ലക്ഷ്യം നൽകി. ഇംഗ്ലണ്ട് 256 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഫോളോ ഓണിന് വിധേയരായ ശേഷം വിജയം നേടിയ ചുരുക്കം ചില ടീമിലൊന്നായി ന്യൂസിലാണ്ട് മാറുകയായിരുന്നു. ന്യൂസിലാണ്ട് വേറെയും ചില ക്ലോസ് മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ടെന്നും എന്നാൽ ഫോളോ ഓണിന് ശേഷം വിജയം നേടുക എന്നത് വളരെ വ്യത്യസ്തമായ അനുഭവം ആണെന്നും അതിനാൽ തന്നെ ഈ ടെസ്റ്റ് മത്സരം ഏറെക്കാലം ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് താന്‍ കരുതുന്നതെന്നും ടിം സൗത്തി പറഞ്ഞു.

ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും ശേഷം ഫോളോ ഓണിന് ശേഷം വിജയം നേടുന്ന മൂന്നാമത്തെ ടീമായി ഇതോടെ ന്യൂസിലാണ്ട് മാറി.

ശതകവുമായി തിളങ്ങി ഫകര്‍ സമന്‍, മികച്ച പിന്തുണയുമായി റിസ്വാനും

ന്യൂസിലാണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം 280 റൺസ് നേടി പാക്കിസ്ഥാന്‍. ഇന്ന് നടന്ന മത്സരത്തിൽ ഷാന്‍ മസൂദിനെയും ബാബര്‍ അസമിനെയും നഷ്ടമായ ശേഷം മൊഹമ്മദ് റിസ്വാന്‍ – ഫകര്‍ സമന്‍ കൂട്ടുകെട്ട് 154 റൺസ് നേടിയാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

ഇരുവരും ഏതാനും ഓവറുകളുടെ വ്യത്യാസത്തിൽ പുറത്തായത് പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. റിസ്വാന്‍ 77 റൺസ് നേടിയപ്പോള്‍ ഫകര്‍ സമന്‍ 101 റൺസ് നേടി റണ്ണൗട്ട് ആകുകയായിരുന്നു. അഗ സൽമാന്‍ 45 റൺസിന്റെ നിര്‍ണ്ണായക സംഭാവന നൽകി അവസാന ഓവറുകളിൽ പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു. 9 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ 280 റൺസ് നേടിയത്.

ന്യൂസിലാണ്ടിനായി ടിം സൗത്തി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ലോക്കി ഫെര്‍ഗൂസൺ രണ്ട് വിക്കറ്റ് നേടി.

Exit mobile version