ആവേശപോരാട്ടത്തിൽ അവസാന ഓവറിൽ വിജയം കുറിച്ച് ബംഗ്ലാദേശ്, പൊരുതി വീണ് സിംബാബ്‍വേ

സിംബാബ്‍വേയ്ക്കെതിരെ ടി20 പരമ്പര വിജയിച്ച് ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 193/5 എന്ന സ്കോര്‍ നേടിയപ്പോള്‍ 2 പന്ത് ബാക്കി നില്‍ക്കെയാണ് ബംഗ്ലാദേശ് വിജയം കുറിച്ചത്. 49 പന്തിൽ 68 റൺസ് നേടിയ സൗമ്യ സര്‍ക്കാരും 28 പന്തിൽ 34 റൺസ് നേടിയ മഹമ്മദുള്ളയും ബംഗ്ലാദേശിന്റെ വിജയ പ്രതീക്ഷ നിലനിര്‍ത്തിയപ്പോളും ഇരുവരും പുറത്തായ ശേഷം ബംഗ്ലാദേശിന്റെ നില പരുങ്ങലിലാകുകയായിരുന്നു.

18 പന്തിൽ 28 റൺസ് എന്ന നിലയിൽ ബംഗ്ലാദേശ് നില്‍ക്കുമ്പോള്‍ ഡിയോൺ മയേഴ്സിന്റെ ഓവറിൽ ഹാട്രിക്ക് ബൗണ്ടറികള്‍ നേടി ഷമീം ഹൊസൈന്‍ ആണ് കളി മാറ്റി മറിച്ചത്. 12 പന്തിൽ 13 റൺസ് എന്ന് നിലയിലേക്ക് മത്സരം വന്ന ശേഷം അനായാസം മത്സരം ബംഗ്ലാദേശ് കൈപ്പിടിയിലായി.

15 പന്തിൽ പുറത്താകാതെ 31 റൺസ് ഷമീം പുറത്താകാതെ നില്‍ക്കുകയായിരുന്നു. സിംബാബ്‍വേയ്ക്ക് വേണ്ടി ബ്ലെസ്സിംഗ് മുസറബാനിയും ലൂക്ക് ജോംഗ്വേയും രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു.

ഓപ്പണര്‍മാര്‍ കസറി, വിജയക്കുതിപ്പ് തുടര്‍ന്ന് ബംഗ്ലാദേശ്

സിംബാബ്‍വേ നല്‍കിയ 153 റൺസ് വിജയ ലക്ഷ്യം 18.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ സ്വന്തമാക്കി ബംഗ്ലാദേശ്. ഇന്ന് ഓപ്പണര്‍മാരായ മൊഹമ്മദ് നൈയിമും സൗമ്യ സര്‍ക്കാരും ചേര്‍ന്നാണ് ബംഗ്ലാദേശിന്റെ വിജയം എളുപ്പമാക്കിയത്. എന്നാൽ രണ്ട് റണ്ണൗട്ടുകള്‍ അവസാനത്തോടെ ബംഗ്ലാദേശ് ക്യാമ്പിൽ പരിഭ്രാന്തി പരത്തിയെങ്കിലും മൊഹമ്മദ് നൈയിം പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

ഒന്നാം വിക്കറ്റിൽ 13.1 ഓവറില്‍ 102 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 50 റൺസ് നേടിയ സൗമ്യ സര്‍ക്കാര്‍ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്. ബാറ്റിംഗ് തുടര്‍ന്ന നൈയിം തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ മഹമ്മുദുള്ളയും(15) റണ്ണൗട്ട് രൂപത്തിൽ പുറത്താകുകയായിരുന്നു.

നൈയിം 63 റൺസ് നേടിയപ്പോള്‍ താരത്തിന് കൂട്ടായി 16 റൺസ് നേടി നൂറുള്‍ ഹസനും വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

അതിവേഗത്തില്‍ അര്‍ദ്ധ ശതകം തികച്ച സൗമ്യ സര്‍ക്കാര്‍, ബംഗ്ലാദേശിന് ജയമില്ല

27 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാരിന്റെ വെടിക്കെട്ട് ഇന്നിംഗ്സിനും ബംഗ്ലാദേശിന് തുണയായില്ല. ഇന്ന് മഴ നിയമത്തിലൂടെ പുനഃക്രമീകരിച്ച 16 ഓവറിലെ ലക്ഷ്യമായ 170 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് 142 റണ്‍സാണ് 7 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. 5 ഫോറും മൂന്ന് സിക്സുമാണ് സൗമ്യ സര്‍ക്കാര്‍ നേടിയത്.

35 പന്തില്‍ 38 റണ്‍സ് നേടിയ മുഹമ്മദ് നയിം ആണ് മറ്റൊരു പ്രധാന സ്കോറര്‍. ക്യാപ്റ്റന്‍ മഹമ്മുദുള്ള 12 പന്തില്‍ 21 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും തോല്‍വിയുടെ ആഘാതം 28 റണ്‍സായി കുറയ്ക്കാന്‍ മാത്രമേ സാധിച്ചുള്ളു. ഒരേ ഓവറില്‍ മഹമ്മുദുള്ളയെയും അഫിഫ് ഹൊസൈനയെയും പുത്താക്കി ആഡം മില്‍നെ ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടി മിന്നും ബൗളിംഗ് പ്രകടനം പുറത്തെടുത്തു. തുടക്കത്തില്‍ ഏറെ റണ്‍സ് വഴങ്ങിയ താരത്തിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഇത്.

ഹാമിഷ് ബെന്നെറ്റും ടിം സൗത്തിയും രണ്ട് വീതം വിക്കറ്റ് നേടി.

ഷാക്കിബിന് പകരക്കാരനെ ബംഗ്ലാദേശ് പ്രഖ്യാപിച്ചു

ധാക്ക ടെസ്റ്റില്‍ നിന്ന് പുറത്തായ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് പകരക്കാരെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്. ചട്ടോഗ്രാമിലെ ആദ്യ ടെസ്റ്റിലെ രണ്ടാം ദിവസം പരിക്കേറ്റ ഷാക്കിബ് പിന്നീട് ടെസ്റ്റില്‍ കളിച്ചിരുന്നില്ല. പരിക്ക് യഥാസമയം ഭേദമാകില്ലെന്ന് അറിഞ്ഞതോടെയാണ് താരത്തെ രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയത്.

ഫെബ്രുവരി 11ന് ആരംഭിയ്ക്കുന്ന രണ്ടാം ടെസ്റ്റില്‍ ഷാക്കിബിന് പകരം സൗമ്യ സര്‍ക്കാരിനെയാണ് ബംഗ്ലാദേശ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ ടെസ്റ്റില്‍ 171 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ബംഗ്ലാദേശ് നേടിയെങ്കിലും വിന്‍ഡീസിനെതിരെ തോല്‍വിയായിരുന്നു ഫലം.

സിംബാബ്‍വേയ്ക്കെതിരെ മൂന്നാം ഏകദിനത്തിനുള്ള ടീമിലേക്ക് തിരികെ എത്തി സൗമ്യ സര്‍ക്കാര്‍

സിംബാബ്‍വേയ്ക്കെതിരെ മൂന്നാം ഏകദിനത്തിനുള്ള ടീമിലേക്ക് സൗമ്യ സര്‍ക്കാരിനെ ഉള്‍പ്പെടുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. താരത്തിന്റെ വിവാഹം കാരണം ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് താരം വിട്ട് നില്‍ക്കുകയായിരുന്നു. അതേ സമയം മുഷ്ഫിക്കുര്‍ റഹിമിന് സെലക്ടര്‍മാര്‍ വിശ്രമം നല്‍കുകയാണെന്നും അവസാന ഇലവനില്‍ താരം കളിക്കില്ലെന്നും സെലക്ടര്‍മാരുടെ മുഖ്യന്‍ മിന്‍ഹാജുല്‍ അബേദിന്‍ അറിയിച്ചു.

പാക്കിസ്ഥാനെതിരെ പാക്കിസ്ഥാനില്‍ ഏക ഏകദിനത്തില്‍ കളിക്കുവാനുള്ള ടീമിനെയാവും മൂന്നാം ഏകദിനത്തില്‍ സിംബാബ്‍വേയ്ക്കെതിരെ ബോര്‍ഡ് പരീക്ഷിക്കുക. മുഷ്ഫിക്കുര്‍ പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് നേരത്തെ അറിയിച്ചു. ഇതോടെ താരത്തിന് പകരം വേറൊരു താരത്തെ സിംബാബ്‍വേയ്ക്കെതിരെയുള്ള അവസാന ഏകദിനത്തില്‍ അവസരം നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ഈ സ്ഥാനത്തേക്കാവും സൗമ്യ സര്‍ക്കാര്‍ എത്തുക.

സൗമ്യ സര്‍ക്കാരിനെ ടീമിലെടുക്കുവാന്‍ സെലക്ടര്‍മാര്‍ക്ക് താല്പര്യമില്ലായിരുന്നു

ഇന്ത്യന്‍ പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ തിരഞ്ഞെടുത്തതില്‍ ഫോമിലില്ലാത്ത താരം സൗമ്യ സര്‍ക്കാരിനെയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ താരത്തെ ടീമിലെടുക്കുവാന്‍ സെലക്ടര്‍മാര്‍ക്ക് വലിയ താല്പര്യമില്ലൊയിരുന്നുവെന്ന് പറഞ്ഞ് ബംഗ്ലാദേശ് മുഖ്യ സെലക്ടര്‍ മിന്‍ഹാജുല്‍ അബൈദിന്‍. കോച്ചിന്റെ നിര്‍ബന്ധം ഒന്ന് കൊണ്ട് മാത്രമാണ് താരത്തെ ടീമിലേക്കെടുത്തതെന്നാണ് മിന്‍ഹാജുല്‍ വെളിപ്പെടുത്തിയത്.

അല്ലാതെ സൗമ്യ സര്‍ക്കാരിന്റെ ടി20യിലേക്കുള്ള തിരിച്ചുവരവിനുള്ള അവസരം നല്‍കുന്നതിനോട് സെലക്ടര്‍മാര്‍ക്ക് വലിയ താല്പര്യം ഇല്ലായിരുന്നുവെന്നും മിന്‍ഹാജുല്‍ വെളിപ്പെടുത്തി. ഇന്ത്യയ്ക്കെതിരെ മൂന്ന് ടി2 മത്സരങ്ങളുടെ പരമ്പരയാണ് ബംഗ്ലാദേശ് കളിക്കുന്നത്.

സൗമ്യ സര്‍ക്കാര്‍ പുറത്ത്, അടുത്ത രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തി ബംഗ്ലാദേശ്

ത്രിരാഷ്ട്ര ടി20 പരമ്പരയിലേക്കുള്ള അടുത്ത രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് ഒട്ടനവധി മാറ്റങ്ങള്‍ വരുത്തി ബംഗ്ലാദേശ്. ടി20യില്‍ പുതുമുഖങ്ങളായ നസ്മുള്‍ ഹൊസൈന്‍ ഷാന്റോയെെയും ഒപ്പം നവാഗതരായ ഇടംകൈയ്യന്‍ ഓപ്പണര്‍ മുഹമ്മദ് നൈം, ലെഗ് സ്പിന്നര്‍ ഓള്‍റൗണ്ടര്‍ അമിനുള്‍ ഇസ്ലാം ബിപ്ലോബ് എന്നിവരോടൊത്ത് പരിചയ സമ്പന്നരായ റൂബല്‍ ഹൊസൈന്‍, ഷഫിയുള്‍ ഇസ്ലാം എന്നിവരെ ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സൗമ്യ സര്‍ക്കാരിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടീം കോച്ച് ഒരു ലെഗ് സ്പിന്നറെ ആവശ്യപ്പെട്ടതാണ് അമിനുള്‍ ഇസ്ലാമിനെ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ കാരണമെന്ന് മുഖ്യ സെലക്ടര്‍ പറഞ്ഞു. അത് പോലെ അഫ്ഗാനിസ്ഥാനെതിരെ പേസര്‍മാര്‍ക്ക് ഗുണം ചെയ്യാനാകുമെന്ന കോച്ചിന്റെ പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് റൂബല്‍ ഹൊസൈന്‍, ഷഫിയുള്‍ ഇസ്ലാം എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും മുഖ്യ സെലക്ടര്‍ മിന്‍ഹാജുല്‍ അബേദിന്‍ വ്യക്തമാക്കി

ബംഗ്ലാദേശ്: ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിക്കുര്‍ റഹിം, മഹമ്മദുള്ള, സബ്ബീര്‍ റഹ്മാന്‍, മൊസ്ദേക്ക് ഹൊസൈന്‍, ലിറ്റണ്‍ ദാസ്, അഫിഫ് ഹൊസൈന്‍, തൈജുല്‍ ഇസ്ലാം, റൂബല്‍ ഹൊസൈന്‍, ഷഫിയുള്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, മുഹമ്മദ് സൈഫുദ്ദീന്‍, മുഹമ്മദ് നൈം ഷൈഖ്, അമിനുള്‍ ഇസ്ലാം, നജ്മുള്‍ ഹൊസൈന്‍

ബംഗ്ലാദേശിനു 382 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം

മഴ ഇടവേളയ്ക്ക് ശേഷം അവസാന ഓവറില്‍ 13 റണ്‍സ് കൂടി നേടി ബംഗ്ലാദേശിന് മുന്നില്‍ 382 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം വെച്ച് ഓസ്ട്രേലിയ. ഡേവിഡ് വാര്‍ണറുടെ 166 റണ്‍സിന്റെയും ഉസ്മാന്‍ ഖവാജ(89), ആരോണ്‍ ഫിഞ്ച്(53), ഗ്ലെന്‍ മാക്സ്വെല്‍(32) എന്നിവരുടെ ബലത്തിലാണ് 50 ഓവറില്‍ നിന്ന് 381/5 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്. മാര്‍ക്കസ് സ്റ്റോയിനിസും(17*) അലെക്സ് കാറെയും(11*) പുറത്താകാതെ നിന്നാണ് ടീമിനെ അവസാന ഓവറില്‍ 13 റണ്‍സ് നേടി ഈ സ്കോറിലേക്ക് എത്തിയത്.

സൗമ്യ സര്‍ക്കാര്‍ മൂന്ന് വിക്കറ്റ് നേടിയാണ് ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങിയത്.

ട്രെന്റ്ബ്രിഡ്ജില്‍ വാര്‍ണര്‍ ഷോ, അര്‍ദ്ധ ശതകങ്ങളുമായി ഖവാജയും ഫിഞ്ചും, ഒരോവര്‍ അവശേഷിക്കെ കളി തടസ്സപ്പെടുത്തി മഴ

ട്രെന്റ് ബ്രിഡ്ജില്‍ ബംഗ്ലാദേശിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് അവസാനിക്കുവാന്‍ ഒരോവര്‍ ബാക്കി നില്‍ക്കെ കളി തടസ്സപ്പെടുത്തി മഴ. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗ് തീരുമാനിച്ച ഓസ്ട്രേലിയ 49 ഓവറില്‍ നിന്ന് 368 റണ്‍സാണ് നേടിയത്.  5 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും കരുതലോടെ തുടങ്ങി ഒന്നാം വിക്കറ്റില്‍ 121 റണ്‍സാണ് നേടിയത്. പാര്‍ട്ട് ടൈം ബൗളറായി എത്തിയ സൗമ്യ സര്‍ക്കാരാണ് 53 റണ്‍സ് നേടിയ ഓസ്ട്രേലിയന്‍ നായകനെ പുറത്താക്കിയത്.

പിന്നീട് മത്സരത്തില്‍ ഏകപക്ഷീയമായ ബാറ്റിംഗാണ് വാര്‍ണറും ഖവാജയും പുറത്തെടുത്തത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 191 റണ്‍സാണ് നേടിയത്. 147 പന്തില്‍ നിന്ന് 166 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. 14 ഫോറും 5 സിക്സുമാണ് വാര്‍ണര്‍ ഇന്ന് നേടിയത്.  സൗമ്യ സര്‍ക്കാരിനാണ് ഈ വിക്കറ്റും ലഭിച്ചത്.

വാര്‍ണര്‍ പുറത്തായ ശേഷം മാക്സ്വെല്ലിന്റെ തകര്‍പ്പനടികള്‍ കൂടിയായപ്പോള്‍ ഒരു ഘട്ടത്തില്‍ അപ്രാപ്യമെന്ന് തോന്നിപ്പിച്ച 350 റണ്‍സ് ഓസ്ട്രേലിയ മറികടക്കുകയായിരുന്നു. 10 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ മാക്സ്വെല്‍ റണ്ണൗട്ടായി പുറത്താകുകയായിരുന്നു. അതേ ഓവറില്‍ തന്നെ ഖവാജയെ പുറത്താക്കി സൗമ്യ സര്‍ക്കാര്‍ തന്റെ മൂന്നാം വിക്കറ്റ് നേടി. 72 പന്തില്‍ നിന്ന് 89 റണ്‍സാണ് ഖവാജ നേടിയത്.

ഇത് തയ്യാറെടുപ്പുകളുടെ വിജയം, ആദ്യ മത്സരം ടൂര്‍ണ്ണമെന്റിന്റെ ഗതി നിശ്ചയിക്കുന്നുവെന്ന് വിശ്വസിക്കുന്നു

തങ്ങള്‍ നടത്തിയ തയ്യാറെടുപ്പുകളുടെ വിജയമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടാനായതെന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ. നേരത്തെ അയര്‍ലണ്ടിലെത്തി അവിടെ വിജയിച്ചത് സാഹചര്യങ്ങളെ മനസ്സിലാക്കുവാന്‍ ടീമിനെ സഹായിച്ചുവെന്ന് പറഞ്ഞ മൊര്‍തസ് ആദ്യ മത്സരം എപ്പോളും ടൂര്‍ണ്ണമെന്റിന്റെ ഗതി നിശ്ചയിക്കുന്നതാണെന്നും അത് ദക്ഷിണാഫ്രിക്ക പോലൊരു ടീമിനെതിരെ വിജയത്തോടെ തുടങ്ങാനായതില്‍ ടീമിനു വലിയ ആത്മവിശ്വാസം നല്‍കുമെന്നും മൊര്‍തസ പറഞ്ഞു.

നേരത്തെ ഒരു മത്സരത്തില്‍ ഉപയോഗിച്ച വിക്കറ്റെന്ന നിലയില്‍ ഈ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്നതില്‍ പ്രശ്നമില്ലായിരുന്നുവെന്നതായിരുന്നു തന്റെ തോന്നലെന്ന് പറഞ്ഞ മര്‍തസ സൗമ്യ സര്‍ക്കാര്‍ നല്‍കിയ തുടക്കത്തെ പ്രശംസിച്ചു. മുഷ്ഫിക്കുറും ഷാക്കിബും നല്‍കിയ കൂട്ടുകെട്ടും അവസാന ഓവറുകളില്‍ മഹമ്മദുള്ളയും മൊസ്ദേക്ക് ഹൊസൈനും നടത്തിയ വെടിക്കെട്ടും ടീമിനെ തുണച്ചുവെന്ന് മൊര്‍തസ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇവരെ എല്ലാവരെക്കാളും സൗമ്യ സര്‍ക്കാര്‍ നല്‍കിയ തുടക്കമാണ് ടീമിനു ഗുണം ചെയ്തതെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും മൊര്‍തസ പറഞ്ഞു.

ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് നയിച്ച് മുഷ്ഫിക്കുര്‍ റഹിം-ഷാക്കിബ് അല്‍ ഹസന്‍ കൂട്ടുകെട്ട്, മഹമ്മദുള്ളയുടെ വെടിക്കെട്ട് പ്രകടനം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ ബാറ്റിംഗിനയയ്ക്കുകായയിരുന്നു.  ആദ്യ മത്സരത്തിലേത് പോലെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ വിക്കറ്റുകളുമായി തിരിച്ചുവരവ് നടത്തി ബംഗ്ലാദേിനെ 300നു താഴെ പിടിച്ചുകെട്ടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ആറാം വിക്കറ്റ് കൂട്ടുകെട്ടായ മഹമ്മദുള്ള-മൊസ്ദൈക്ക് ഹൊസൈന്‍ ടീമിനെ 300 കടക്കുവാന്‍ സഹായിച്ചു. ആറാം വിക്കറ്റില്‍ നേടിയ 66 റണ്‍സിന്റെ സഹായത്തോടെ ബംഗ്ലാദേശ് 50 ഓവറില്‍ നിന്ന്  330 റണ്‍സ് നേടുകയായിരുന്നു. ആറ് വിക്കറ്റാണ് ടീമിനു നഷ്ടമായത്.

തമീം ഇക്ബാലും സൗമ്യ സര്‍ക്കാരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് നേടിയ ശേഷം ഇരുവരും അടത്തതുട്ത്ത പുറത്താകുകയായിരുന്നു. തമീം മെല്ലെ തുടങ്ങി 16 റണ്‍സ് നേടി പുറത്തായപ്പോള്‍ സൗമ്യ സര്‍ക്കാര്‍ അതിവേഗത്തിലുള്ള സ്കോറിംഗ് ആണ് കാഴ്ചവെച്ചത്. 30 പന്തില്‍ നിന്ന് സൗമ്യ സര്‍ക്കാര്‍ 42 റണ്‍സാണ് നേടിയത്.

തുടര്‍ന്ന് 142 റണ്‍സ് കൂട്ടുകെട്ടുമായി ബംഗ്ലാദേശിനെ വലിയ സ്കോറിലേക്ക് ഷാക്കിബ് അല്‍ ഹസനും മുഷ്ഫിക്കുര്‍ റഹിമും കൂടി നയിക്കുകയായിരുന്നു. എന്നാല്‍ ഇമ്രാന്‍ താഹിര്‍ ഷാക്കിബിനെയും മുഹമ്മദ് മിഥുനിനെയും ബൗള്‍ഡാക്കിയതോടെ ദക്ഷിണാഫ്രിക്ക മത്സരത്തില്‍ തിരിച്ചുവരവ് നടത്തി. ഷാക്കിബ് 75 റണ്‍സും മുഹമ്മദ് മിഥുന്‍ 21 റണ്‍സുമാണ് നേടിയത്.

മുഷ്ഫിക്കുര്‍ റഹിമിനെയും അധികം വൈകാതെ ദക്ഷിണാഫ്രിക്ക പുറത്താക്കി. 80 പന്തില്‍ നിന്ന് 78 റണ്‍സാണ് താരം നേടിയത്. ആന്‍ഡിലെ ഫെഹ്ലുക്വായോയ്ക്കാണ് വിക്കറ്റ്. മഹമ്മദുള്ള അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതും ബംഗ്ലാദേശിനു ഗുണകരമായി മാറി. താരം 33 പന്തില്‍ നിന്ന് 46 റണ്‍സാണ് നേടിയത്. മൊസ്ദേക്ക് ഹൊസൈന്‍ 26 റണ്‍സ് നേടി പുറത്തായി

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇമ്രാന്‍ താഹിര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, ക്രിസ് മോറിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

വസീം ജാഫറിനെ അക്കാഡമി ബാറ്റിംഗ് കോച്ചായി നിയമിച്ച് ബംഗ്ലാദേശ്

ഇന്ത്യയുടെ പ്രാദേശിക ക്രിക്കറ്റിലെ ഇതിഹാസ താരമായ വസീം ജാഫറിനു ഇനി പുതിയ ദൗത്യം. ബംഗ്ലാദേശിന്റെ ധാക്കിയിലെ ഹൈ പെര്‍ഫോമന്‍സ് അക്കാഡമിയില്‍ താരത്തിനെ ബാറ്റിംഗ് കോച്ചായി നിയമിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചത്. ഇന്ത്യയ്ക്കായി 31 ടെസ്റ്റുകളില്‍ നിന്ന് 5 ശതകവും 11 അര്‍ദ്ധ ശതകവും നേടിയ താരം രണ്ട് ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ ആറ് മാസത്തോളം താരം ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ക്കൊപ്പം അക്കാഡമിയില്‍ ചിലവഴിക്കുമെന്നാണ് അറിയുന്നത്.

ധാക്കയില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ അബഹാനി ലിമിറ്റഡിനു വേണ്ടി കളിയ്ക്കാന്‍ താരം എത്തിയപ്പോളാണ് ബോര്‍ഡ് താരത്തിനെ ഈ ഓഫറുമായി സമീപിച്ചത്. താരത്തവുമായി നെറ്റ് സെഷനില്‍ ഏര്‍പ്പെട്ട സൗമ്യ സര്‍ക്കാരിനു ‍ധാക്ക പ്രീമിയര്‍ ലീഗില്‍ ഒരു ശതകവും രണ്ട് ഇരട്ട ശതകവും നേടുന്നതിനു സഹായിച്ചിരുന്നു. ഇതെല്ലാമാണ് താരത്തിനു ഇത്തരം ഓഫര്‍ നല്‍കുവാന്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചത്.

Exit mobile version