ബംഗ്ലാദേശിന് കനത്ത തിരിച്ചടി, മൊഹമ്മദ് സൈഫുദ്ദീന് പരിക്ക്

പുറത്തിനേറ്റ പരിക്ക് കാരണം ബംഗ്ലാദേശ് പേസര്‍ മൊഹമ്മദ് സൈഫുദ്ദീന്‍ വെസ്റ്റിന്‍ഡീസിനെതിരെ വരാനിരിക്കുന്ന വൈറ്റ് ബോള്‍ സീരീസിൽ പങ്കെടുക്കില്ല. താരത്തിന് പകരം ടി20യിൽ ടാസ്കിന്‍ അഹമ്മദിനെയും ഏകദിനത്തിൽ എബോദത്ത് ഹൊസൈനെയും പകരക്കാരായി പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗ്ലാദേശിന്റെ മെഡിക്കൽ ബോര്‍ഡ് ആണ് താരത്തിന് പരമ്പരയിൽ കളിക്കാനാകില്ലെന്ന വിവരം സെലക്ഷന്‍ പാനലിനെ അറിയിച്ചത്. താരത്തിന് പത്ത് ദിവസം മുമ്പാണ് പുറംവേദന വരുന്നത്. പിന്നീട് ഇഞ്ചക്ഷന്‍ എടുത്തുവെങ്കിലും താരം ജൂൺ 21ന് പ്രതീക്ഷിച്ച പോലെ സുഖം പ്രാപിക്കാതിരുന്നതിനാൽ ബൗളിംഗ് പുനഃരാരംഭിക്കുവാന്‍ സാധിക്കാതെ വന്നതോടെ താരം പരമ്പരയിൽ നിന്ന് പുറത്താകുകയായിരുന്നു.

സൈഫുദ്ദീന്റെ പരിക്ക്, പാക്കിസ്ഥാന്‍ പരമ്പരയും നഷ്ടമാകും

ടി20 ലോകകപ്പിൽ നിന്ന് പരിക്ക് കാരണം വിട്ട് നില്‍ക്കേണ്ടി വന്ന മുഹമ്മദ് സൈഫുദ്ദീന് നവംബറിൽ നടക്കുന്ന പാക്കിസ്ഥാനെതിരെയുള്ള ഹോം സീരീസും നഷ്ടമാകുമെന്ന് ഉറപ്പായി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് ഫിസിഷ്യന്‍ ദേബാശിഷ് ചൗധരി ആണ് ഈ വിവരം പുറത്ത് വിട്ടത്.

താരത്തിന് ചുരുങ്ങിയത് ഒരു മാസമെങ്കിലും വിശ്രമം ആവശ്യമാണെന്നും അതിന് ശേഷം മാത്രമേ സ്ട്രെസ്സ് ഫ്രാക്ച്ചറിനുള്ള റീഹാബിലിറ്റേഷന്‍ പ്രോഗ്രാം ആരംഭിക്കാനാകുകയുള്ളുവെന്നും ദേബാശിഷ് വ്യക്തമാക്കി. ബംഗ്ലാദേശിൽ മൂന്ന് ടി20 മത്സരങ്ങള്‍ക്കും രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുമായി പാക്കിസ്ഥാന്‍ നവംബറിലാണ് എത്തുന്നത്.

നവംബര്‍ 19, 20, 22 തീയ്യതികളിലാണ് ധാക്കയിൽ ടി20 മത്സരങ്ങള്‍ നടക്കുക.

298 റൺസ് നേടി സിംബാബ്‍വേ, മൂന്ന് താരങ്ങള്‍ക്ക് അര്‍ദ്ധ ശതകം

സിംബാബ്‍വേ താരങ്ങളായി റെഗിസ് ചകാബ്‍വ, സിക്കന്ദര്‍ റാസ, റയാന്‍ ബര്‍ള്‍ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ മികവിൽ 298 റൺസ് നേടി സിംബാബ്‍വേ. ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 49.3 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു.

ഓപ്പണര്‍ റെഗിസ് ചകാബ്‍വ 84 റൺസ് നേടിയപ്പോള്‍ റയാന്‍ ബര്‍ള്‍ 59 റൺസും സിക്കന്ദര്‍ റാസ 57 റൺസും നേടി. ഡിയോൺ മയേഴ്സ് (34), ബ്രണ്ടന്‍ ടെയിലര്‍(28) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ബംഗ്ലാദേശിന് വേണ്ടി മുഹമ്മദ് സൈഫുദ്ദീനും മുസ്തഫിസുര്‍ റഹ്മാനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ മഹമ്മദുള്ളയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

തന്നെ ആളുകള്‍ ഫെനിയിലെ സൗരവ് ഗാംഗുലി എന്ന് വിളിച്ചിരുന്നു – മുഹമ്മദ് സൈഫുദ്ദീന്‍

സൗരവ് ഗാംഗുലിയുടെ ശൈലി പിന്തുടര്‍ന്നിരുന്നതിനാല്‍ തന്നെ പണ്ട് ആളുകള്‍ ഫെനിയിലെ സൗരവ് ഗാംഗുലി എന്ന് വിളിച്ചിരുന്നതായി പറഞ്ഞ് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ മുഹമ്മദ് സൈഫുദ്ദീന്‍. പണ്ട് താന്‍ സൗരവ് ഗാംഗുലിയുടെ കളി കണ്ടാണ് വളര്‍ന്നിരുന്നതെന്നും പിന്നീട് അത് പകര്‍ത്തുവാന്‍ ശ്രമിച്ചിരുന്നുവെന്നും സൈഫുദ്ദീന്‍ വ്യക്തമാക്കി.

ഇടം കൈയ്യന്‍ ബാറ്റ്സ്മാനും വലം കൈയ്യന്‍ ബൗളറുമായ താരം തന്റെ നാട്ടില്‍ അറിയപ്പെട്ടിരുന്നത് ഫെനിയിലെ സൗരവ് ഗാംഗുലി എന്നായിരുന്നുവെന്നും താരം തന്നെ വെളിപ്പെടുത്തി. താന്‍ വളരെ ചെറുപ്പമായിരുന്നപ്പോളാണ് ഈ സംഭവം. ഇന്ത്യുടെ വളരെ അടുത്തായിരുന്നു ഫൈനി.

ഗാംഗുലിയെ പോലെ ഇടംകൈ കൊണ്ട് ബാറ്റിംഗും വലം കൈ കൊണ്ട് പന്തെറിയുകയും ചെയ്തിരുന്നതിനാലാണ് തന്റെ നാട്ടുകാര്‍ തന്നെ അത്തരത്തില്‍ അഭിസംബോധന ചെയ്തിരുന്നതതെന്നും സൈഫുദ്ദീന്‍ വ്യക്തമാക്കി. ഇപ്പോളത്തെ തലമുറയില്‍ താന്‍ ഉറ്റുനോക്കുന്നത് ബെന്‍ സ്റ്റോക്സിനെയും കോറെ ആന്‍ഡേഴ്സണെയും ആണെന്ന് താരം വ്യക്തമാക്കി.

വിജയത്തോടെ മൊര്‍തസ ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞു, ബംഗ്ലാദേശിന് 123 റണ്‍സ് വിജയം

ലിറ്റണ്‍ ദാസും തമീം ഇക്ബാലും തങ്ങളുടെ റെക്കോര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ ബലത്തില്‍ മഴ മൂലം 43 ഓവറായി ചുരുക്കപ്പെട്ട മൂന്നാം ഏകദിനത്തില്‍ ബംഗ്ലാദേശിന് 123 റണ്‍സ് വിജയം. ബംഗ്ലാദേശിന് വേണ്ടി ഒന്നാം വിക്കറ്റില്‍ 292 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ ലിറ്റണ്‍ ദാസ് ആണ് ആദ്യം പുറത്തായത്. 143 പന്തില്‍ നിന്ന് 176 റണ്‍സ് ദാസ് നേടിയപ്പോള്‍ തമീം ഇക്ബാല്‍ പുറത്താകാതെ 109 പന്തില്‍ നിന്ന് 128 റണ്‍സ് നേടി. സിംബാബ്‍വേയ്ക്കായി കാള്‍ മുംബ മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 43 ഓവറില്‍ നിന്ന് 322 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്.

ചേസിംഗില്‍ 37.3 ഓവറില്‍ സിംബാബ്‍വേ 218 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 61 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് ടീമിന്റെ ടോപ് സ്കോറര്‍. വെസ്ലി മാധേവേരെ(42), റെഗിസ് ചാകാബ്‍വ(34), ഷോണ്‍ വില്യംസ്(30) എന്നിവരും പൊരുതി നോക്കിയെങ്കിലും കൂറ്റന്‍ സ്കോറിന് അടുത്ത് പോലും എത്തുവാന്‍ ആയില്ല.

ബംഗ്ലാദേശിന് വേണ്ടി മുഹമ്മദ് സൈഫുദ്ദീന്‍ നാലും തൈജുല്‍ ഇസ്ലാം രണ്ടും വിക്കറ്റാണ് നേടിയത്. ബംഗ്ലാദേശ് ക്യാപ്റ്റനായി തന്റെ അവസാന മത്സരത്തിന് ഇറങ്ങിയ മഷ്റഫെ മൊര്‍തസയ്ക്ക് വിജയത്തോടെ മടങ്ങാനായി എന്നതും ശ്രദ്ധേയമായ കാര്യമാണ്. താരത്തിന് മത്സരത്തില്‍ ഒരു വിക്കറ്റ് ലഭിച്ചു.

ഇന്ത്യന്‍ പരമ്പരയില്‍ നിന്ന് സൈഫുദ്ദീന്‍ പിന്മാറും

ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയില്‍ ബംഗ്ലാദേശ് ഓള്‍-റൗണ്ടര്‍ മുഹമ്മദ് സൈഫുദ്ദീന്‍ കളിക്കില്ലെന്ന് സൂചന. താരത്തിന്റെ പുറം വേദന മാറാത്തതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയ്ക്കെതിരെയുള്ള ബംഗ്ലാദേശ് സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ താരത്തിനെ ഉള്‍പ്പെടുത്തിയെങ്കിലും ഏറ്റവും പുതിയ സ്കാന്‍ റിപ്പോര്‍ട്ടുകളിലും കാര്യങ്ങള്‍ അത്ര ശുഭസൂചകമല്ലെന്നതാണ് അറിയുവാന്‍ കഴിയുന്നത്.

വരും ദിവസങ്ങളില്‍ ഫിസിയോ ജൂലിയനോട് ചര്‍ച്ച ചെയ്ത ശേഷമാവും അന്തിമ തീരുമാനം എടുക്കുകയെന്നാണ് ചീഫ് സെലക്ടര്‍ മിന്‍ഹാജുല്‍ അബേദിന്‍ വ്യക്തമാക്കിയത്. എന്നാല്‍ താരത്തിന് പങ്കെടുക്കുവാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്കന്‍ ടൂറിനുള്ള സ്ക്വാഡിലും താരത്തെ ഉള്‍പ്പെടുത്തിയെങ്കിലും അവസാന നിമിഷം ഇത്തരത്തില്‍ താരം പിന്മാറുകയായിരുന്നു.

ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും അഫ്ഗാനിസ്ഥാന്റെ രക്ഷയ്ക്കെത്തി സീനിയര്‍ താരങ്ങള്‍, വെടിക്കെട്ട് പ്രകടനവുമായി മുഹമ്മദ് നബി

ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ രക്ഷയ്ക്കെത്തി സീനിയര്‍ താരങ്ങളായ അസ്ഗര്‍ അഫ്ഗാനും മുഹമ്മദ് നബിയും. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ റഹ്മാനുള്ള ഗുര്‍ബാസിനെ സൈഫുദ്ദീന്‍ എറിഞ്ഞ ആദ്യ പന്തില്‍ നഷ്ടമായ അഫ്ഗാനിസ്ഥാന് അടുത്ത ഓവറില്‍ ഹസ്രത്തുള്ള സാസായിയെയും നഷ്ടമായി. ഷാക്കിബിനായിരുന്നു വിക്കറ്റ്. സൈഫുദ്ദീന്റെ അടുത്ത ഓവറില്‍ നജീബ് താരാകായിയും പുറത്തായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 19/3 എന്ന നിലയിലേക്ക് വീണു.

പിന്നീട് ഷാക്കിബ് നജീബുള്ള സദ്രാനെ പുറത്താക്കിയപ്പോള്‍ 40/4 എന്ന നിലയില്‍ ഒത്തുകൂടിയ സീനിയര്‍ താരങ്ങള്‍ അഫ്ഗാനിസ്ഥാനെ മുന്നോട്ട് നയിച്ചു. 79 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 39 റണ്‍സ് നേടിയ അസ്ഗര്‍ അഫ്ഗാനെ പുറത്താക്കിയ സൈഫുദ്ദീന്‍ അതേ ഓവറില്‍ ഗുല്‍ബാദിന്‍ നൈബിനെയും വീഴ്ത്തി തന്റെ നാല് വിക്കറ്റ് നേട്ടം ആഘോഷിച്ചു.

അടുത്ത ഓവറില്‍ സൗമ്യ സര്‍ക്കാരിനെ തുടരെ സിക്സുകളും ബൗണ്ടറിയും പായിച്ച് മുഹമ്മദ് നബി തകര്‍ത്തടിച്ചപ്പോള്‍ ഓവറില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ 22 റണ്‍സാണ് നേടിയത്. 54 പന്തില്‍ നിന്ന് 85 റണ്‍സുമായി മുഹമ്മദ് നബിയാണ് അഫ്ഗാനിസ്ഥാന് പൊരുതാവുന്ന സ്കോര്‍ നേടിക്കൊടുത്തത്. 7 സിക്സും 3 ഫോറും അടങ്ങിയതായിരുന്നു താരത്തിന്റെ മിന്നും പ്രകടനം. 20 ഓവറില്‍ നിന്ന് 164 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

ബംഗ്ലാദേശിന് വേണ്ടി മുഹമ്മദ് സൈഫുദ്ദീന്‍ നാലും ഷാക്കിബ് അല്‍ ഹസന്‍ രണ്ടും വിക്കറ്റ് നേടി. സൈഫുദ്ദീന്‍ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയപ്പോള്‍ മികച്ച രീതിയി‍ല്‍ പന്തെറിഞ്ഞുവെങ്കിലും മുസ്തഫിസുര്‍ റഹ്മാന് വിക്കറ്റൊന്നും ലഭിച്ചില്ല.

ധോണിയ്ക്ക് കീഴില്‍ കളിക്കാനായാല്‍ ഏറ്റവും സന്തോഷകരമായ കാര്യം

ഐപിഎലില്‍ കളിക്കാന്‍ അവസരം ലഭിയ്ക്കുകയാണെങ്കില്‍ അത് ധോണിയുടെ കീഴിലായാല്‍ ഏറ്റവും സന്തോഷകരമായ കാര്യമെന്ന് പറഞ്ഞ് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ മുഹമ്മദ് സൈഫുദ്ദീന്‍. ബംഗ്ലാദേശിന് വേണ്ടി ഇന്ത്യയ്ക്കെതിരെ അര്‍ദ്ധ ശതകം നേടിയ താരം 8 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകളും നേടി മികവാര്‍ന്ന പ്രകടനമാണ് ബംഗ്ലാദേശിന് വേണ്ടി നടത്തിയത്. ചെറുപ്പത്തിലെ മുതല്‍ താന്‍ ആരാധിക്കുന്ന വ്യക്തിയാണ് ധോണിയെന്നും ധോണിയ്ക്ക് കീഴില്‍ കളിയ്ക്കുവാന്‍ അവസരം ലഭിച്ചാല്‍ അത് ഏറെ സന്തോഷകരമായ അവസ്ഥയാകുമെന്നും സൈഫുദ്ദീന്‍ വ്യക്തമാക്കി.

ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയില്‍ എത്തുവാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ തന്റെ ഏറ്റവും പ്രിയപ്പെട്ട നഗരമായ കൊല്‍ക്കത്ത അടിസ്ഥാനമാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി കളിക്കുവാനായാല്‍ സന്തോഷകരമെന്ന് സൈഫുദ്ദീന്‍ വ്യക്തമാക്കി. ഷാക്കിബ് അല്‍ ഹസന്‍ കൊല്‍ക്കത്തയിലുണ്ടായിരുന്നപ്പോള്‍ താരത്തെ സ്നേഹിച്ച പോലെ തന്നെയും ആളുകള്‍ സ്നേഹിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സൈഫുദ്ദീന്‍ പറഞ്ഞു. ഒരു ബംഗ്ലാദേശ് ദിന പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൈഫുദ്ദീന്‍ തന്റെ ഐപിഎല്‍ ആഗ്രഹങ്ങള്‍ വ്യക്തമാക്കിയത്.

ഇന്ത്യയെ വിറപ്പിച്ച് മുഹമ്മദ് സൈഫുദ്ദീന്‍, രക്ഷകനായി വീണ്ടും ജസ്പ്രീത് ബുംറ, ഇന്ത്യ സെമിയില്‍ ബംഗ്ലാദേശ് പുറത്ത്

ഷാക്കിബ് അല്‍ ഹസന് പിന്തുണ നല്‍കുവാന്‍ ടോപ് ഓര്‍ഡറിലെ താരങ്ങള്‍ക്ക് കഴിയാതെ പോയപ്പോള്‍ ഇന്ത്യയുടെ 314/9 എന്ന സ്കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശിന് 28 റണ്‍സിന്റെ തോല്‍വി. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യയുടെ സ്കോര്‍ ചേസ് ചെയ്യുവാനിറങ്ങിയ ബംഗ്ലാദേശ് 48 ഓവറില്‍ 286 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ജസ്പ്രീത് ബുംറയുടെ നാല് വിക്കറ്റുകളാണ് മത്സരം കൈവിടാതിരിക്കുവാന്‍ ഇന്ത്യയെ സഹായിച്ചത്. വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോളും പ്രതീക്ഷ കൈവിടാതെ ബംഗ്ലാദേശ് വാലറ്റം ബാറ്റ് ചെയ്യുന്ന കാഴ്ചയാണ് ഇന്ന് എഡ്ജ്ബാസ്റ്റണില്‍ കണ്ടത്.

ബംഗ്ലാദേശിന്റെ ടോപ് ഓര്‍ഡര്‍ താരങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാന്‍ കഴിയാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. ഷാക്കിബ് 66 റണ്‍സ് നേടി ഹാര്‍ദ്ദിക്കിന് വിക്കറ്റ് നല്‍കി 34ാം ഓവറില്‍ മടങ്ങുകയായിരുന്നു. ഷാക്കിബിന്റെ ഉള്‍പ്പെടെ 3 വിക്കറ്റ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ ആണ് ഇന്ത്യന്‍ നിരയിലെ നിര്‍ണ്ണായക ബൗളിഗ് പ്രകടനം പുറത്തെടുത്തത്.

തമീം ഇക്ബാല്‍(22), സൗമ്യ സര്‍ക്കാര്‍(33), മുഷ്ഫിക്കുര്‍ റഹിം(24), ലിറ്റണ്‍ ദാസ്(22) എന്നിവര്‍ ക്രീസില്‍ നിലയുറപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. എന്നാല്‍ ഷാക്കിബ് അല്‍ ഹസന്‍ പുറത്തായ ശേഷം 66 റണ്‍സ് കൂട്ടുകെട്ടുമായി സബ്ബീര്‍ റഹ്മാനും മുഹമ്മദ് സൈഫുദ്ദീനും ഇന്ത്യന്‍ ക്യാമ്പിനെ ഭീതിയിലാഴ്ത്തുകയായിരുന്നു. ജസ്പ്രീത് ബുംറ 36 റണ്‍സ് നേടിയ സബ്ബീര്‍ റഹ്മാനെയും ഭുവനേശ്വര്‍ കുമാര്‍ മഷ്ഫറെ മൊര്‍തസയെയും പുറത്താക്കിയപ്പോള്‍ മുഹമ്മദ് സൈഫുദ്ദീന്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്നു.

മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ ബംഗ്ലാദേശിന് 2 വിക്കറ്റ് കൈവശമിരിക്കെ 36 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ നിന്ന് 7 റണ്‍സ് ബംഗ്ലാദേശ് നേടിയെങ്കിലും റൂബല്‍ ഹൊസൈനെ ടീമിന് നഷ്ടമായി. ഓവറിലെ അവസാന പന്തില്‍ മുസ്തഫിസുറിനെയും പുറത്താക്കി ബുംറ ഇന്ത്യയെ സെമിയിലേക്ക് എത്തിച്ചു. ഇതിനിടെ മുഹമ്മദ് സൈഫുദ്ദീന്‍ 37 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയിരുന്നു. 51 റണ്‍സുമായി സൈഫുദ്ദീന്‍ പുറത്താകാതെ നിന്നു. ജസ്പ്രീത് ബുംറ നാലും ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നും വിക്കറ്റാണ് മത്സരത്തില്‍ നേടിയത്.

ആദ്യം റോയ്, പിന്നെ ബട്‍ലര്‍, ഒടുവില്‍ വോക്സും പ്ലങ്കറ്റും, റണ്‍ മലയൊരുക്കി ഇംഗ്ലണ്ട്

ബംഗ്ലാദേശിനെതിരെ സോഫിയ ഗാര്‍ഡന്‍സില്‍ 386 റണ്‍സ് നേടി ഇംഗ്ലണ്ട്. ജേസണ്‍ റോയിയുടെ കൂറ്റന്‍ ശതകവും തകര്‍പ്പനടികളിലൂടെ ജോസ് ബട്‍ലര്‍ നേടിയ അര്‍ദ്ധ ശതകവും ജോണി ബൈര്‍സ്റ്റോയുടെ അര്‍ദ്ധ ശതകവുമാണ് ഇംഗ്ലണ്ടിനെ ഈ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 50 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 386 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ഏഴാം വിക്കറ്റില്‍ ക്രിസ് വോക്സ്-ലിയാം പ്ലങ്കറ്റ് കൂട്ടുകെട്ടും അടിച്ച് തകര്‍ത്തപ്പോള്‍ ഇംഗ്ലണ്ടിനു വലിയ സ്കോറിലേക്ക് നീങ്ങുവാനായി.

ഒന്നാം വിക്കറ്റില്‍ 128 റണ്‍സാണ് ബൈര്‍സ്റ്റോയും(51) ജേസണ്‍ റോയിയും ചേര്‍ന്ന് നേടിയത്. ജോണി ബൈര്‍സ്റ്റോയെ മൊര്‍തസ പുറത്താക്കിയപ്പോള്‍ പകരം ക്രീസിലെത്തിയത് കഴിഞ്ഞ മത്സരത്തിലെ ശതകം നേടിയ ജോ റൂട്ട് ആയിരുന്നു. എന്നാല്‍ 21 റണ്‍സ് നേടിയ റൂട്ടിനെ സൈഫുദ്ദീന്‍ പുറത്താക്കിയപ്പോള്‍ സ്ഥാനക്കയറ്റം ലഭിച്ച് ജോസ് ബട്‍ലര്‍ ക്രീസിലെത്തി. രണ്ടാം വിക്കറ്റില്‍ 77 റണ്‍സും മൂന്നാം വിക്കറ്റില്‍ 30 റണ്‍സും നേടിയ ഇംഗ്ലണ്ടിന് ജേസണ്‍ റോയിയെ(153) നഷ്ടമാകുമ്പോള്‍ സ്കോര്‍ 34.4 ഓവറില്‍ 235/3 എന്നായിരുന്നു. 121 പന്തില്‍ നിന്നായിരുന്നു റോയിയുടെ വെടിക്കെട്ട് പ്രകടനം.

പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുകൂടിയ ജോസ് ബട്‍ലര്‍-ഓയിന്‍ മോര്‍ഗന്‍ കൂട്ടുകെട്ട് വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. ബംഗ്ലാദേശ് ബൗളര്‍മാരെ ഇരുവരും ചേര്‍ന്ന് കടന്നാക്രമിച്ചപ്പോള്‍ ഇംഗ്ലണ്ട് 300 റണ്‍സും കടന്ന് മുന്നോട്ട് പോയി. 95 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയ കൂട്ടുകെട്ട് തകര്‍ത്തത് ജോസ് ബട്‍ലറെ(64) പുറത്താക്കിയ മുഹമ്മദ് സൈഫുദ്ദീന്‍ ആയിരുന്നു. 44 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയ ജോസ് ബട്‍ലര്‍ 4 ഫോറും 2 സിക്സുമാണ് നേടിയത്.

അധികം വൈകാതെ ഓയിന്‍ മോര്‍ഗനെ(35) പുറത്താക്കി മെഹ്ദി ഹസന്‍ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി. ജോസ് ബട്‍ലര്‍ പുറത്തായ ശേഷം ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ വേഗത കൈമോശം വരികയായിരുന്നു. അടുത്ത ഓവറില്‍ ബെന്‍ സ്റ്റോക്സിനെ മുസ്തഫിസുര്‍ പുറത്താക്കിയെങ്കിലും ക്രിസ് വോക്സിന്റെ വലിയ അടികള്‍ ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചു.

അവസാന രണ്ടോവറില്‍ ലിയാം പ്ലങ്കറ്റും അടിച്ച് തകര്‍ക്കുവാന്‍ തുടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് വലിയ സ്കോറിലേക്ക് നീങ്ങി. ക്രിസ് വോക്സ് 8 പന്തില്‍ നിന്ന് 18 റണ്‍സും ലിയാം പ്ലങ്കറ്റ് 9 പന്തില്‍ നിന്ന് 27 റണ്‍സും നേടി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനു വേണ്ടി മെഹ്ദി ഹസനും മുഹമ്മദ് സൈഫുദ്ദീനും രണ്ട് വീതം വിക്കറ്റ് നേടി. ഏഴാം വിക്കറ്റില്‍ . 17 പന്തില്‍ നിന്ന് 45 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്.

സൗത്തിയുടെ സ്പെല്ലില്‍ തകര്‍ന്ന് ബംഗ്ലാദേശ്, പൊരുതി നോക്കിയത് സബ്ബിര്‍ റഹ്മാനും മുഹമ്മദ് സൈഫുദ്ദീനും മാത്രം

ഡുണേഡിനിന്‍ ഏകദിനത്തില്‍ 88 റണ്‍സ് വിജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശിനു 242 റണ്‍സ് മാത്രമേ നേടാനായുള്ളു. 47.2 ഓവറില്‍  ടീം ഓള്‍ഔട്ടായപ്പോള്‍ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 88 റണ്‍സിന്റെ വിജയം ആതിഥേയര്‍ സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനു വേണ്ടി റോസ് ടെയിലര്‍ 69 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. ഹെന്‍റി നിക്കോളസ്(64), ടോം ലാഥം(59) എന്നിവര്‍ക്കൊപ്പം ജെയിംസ് നീഷവും കോളിന്‍ ഡി ഗ്രാന്‍ഡോമും അടിച്ച് തകര്‍ത്തപ്പോള്‍ ന്യൂസിലാണ്ട് അനായാസം മുന്നൂറ് കടക്കുകയായിരുന്നു. 37 വീതം റണ്‍സാണ് നീഷവും ഗ്രാന്‍ഡോമും നേടിയത്. ഗ്രാന്‍ഡോം 15 പന്ത് നേരിട്ട് പുറത്താകാതെ നിന്നു. മിച്ചല്‍ സാന്റനര്‍ 9 പന്തില്‍ നിന്ന് പുറത്താകാതെ 16 റണ്‍സും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ടോപ് ഓര്‍ഡറിനെ ടിം സൗത്തി തകര്‍ത്തെറിയുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ തമീം ഇക്ബാലിനെയും സൗമ്യ സര്‍ക്കാരിനെയും പുറത്താക്കിയ സൗത്തി തന്റെ അടുത്ത ഓവറില്‍ ലിറ്റണ്‍ ദാസിനെയും മടക്കി. തകര്‍ച്ചയില്‍ നിന്ന് മുഹമ്മദ് സൈഫുദ്ദീനും സബ്ബിര്‍ റഹ്മാനും മാത്രമാണ് ബംഗ്ലാദേശിനെ രക്ഷിക്കുവാന്‍ ശ്രമങ്ങള്‍ നടത്തിയത്. മെഹ്ദി ഹസനും 37 റണ്‍സുമായി പൊരുതി നോക്കി.

സബ്ബിര്‍ റഹ്മാന്‍ തന്റെ ശതകം പൂര്‍ത്തിയാക്കി 102 റണ്‍സ് നേടി അവസാന വിക്കറ്റായി പുറത്തായപ്പോള്‍ മുഹമ്മദ് സൈഫുദ്ദീന്‍ 44 റണ്‍സ് നേടി പുറത്തായി. ന്യൂസിലാണ്ടിനു വേണ്ടി സൗത്തി ആറും ട്രെന്റ് ബോള്‍ട്ട് രണ്ടും വിക്കറ്റാണ് നേടിയത്.

ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ന്യൂസിലാണ്ട്

നേപ്പിയറിലെ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിനെ 232 റണ്‍സിനു എറിഞ്ഞ് പിടിച്ച് ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.5 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ട്രെന്റ് ബോള്‍ട്ടും മിച്ചല്‍ സാന്റനറും ഒപ്പം മാറ്റ് ഹെന്‍റിയും ചേര്‍ന്നാണ് ബംഗ്ലാദേശിനെ വരിഞ്ഞു മുറുക്കിയത്. 62 റണ്‍സ് നേടിയ മുഹമ്മദ് മിഥുനും വാലറ്റത്തില്‍ മുഹമ്മദ് സൈഫുദ്ദീനുമാണ് ബംഗ്ലാദേശിനെ 232 റണ്‍സിലേക്ക് നയിച്ചത്.

മിഥുന്‍ 62 റണ്‍സ് നേടി പുറത്തായപ്പോള്‍ സൈഫുദ്ദീന്‍ 41 റണ്‍സ് നേടി പുറത്തായി. സൗമ്യ സര്‍ക്കാര്‍ അതിവേഗം 30 റണ്‍സ് നേടിയെങ്കിലും അധികം സമയം ക്രീസില്‍ നില്‍ക്കാനാകാതെ താരം മടങ്ങിയത് ബംഗ്ലാദേശിനു തിരിച്ചടിയായി. ആതിഥേയര്‍ക്കായി ബോള്‍ട്ടും സാന്റനറും മൂന്ന് വീതം വിക്കറ്റും മാറ്റ് ഹെന്‍റിയും ലോക്കി ഫെര്‍ഗൂസണും രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version