എൻ. ശ്രീനിവാസൻ സിഎസ്കെയുടെ ചെയർമാൻ സ്ഥാനത്തേക്ക് തിരിച്ചെത്തി


ഇന്ത്യൻ ക്രിക്കറ്റിലും ഐപിഎല്ലിലും നിർണായകമായ നീക്കത്തിൽ, മുൻ ബിസിസിഐ മേധാവി എൻ. ശ്രീനിവാസൻ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ചെയർമാനായി തിരിച്ചെത്തി. 80 വയസ്സുകാരനായ ശ്രീനിവാസൻ ഉപദേശക സ്ഥാനവും വഹിക്കും. 14 മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ മാത്രം നേടി ഐപിഎൽ 2025-ൽ സിഎസ്‌കെ അവസാന സ്ഥാനത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ, ടീമിനെ പുനരുജ്ജീവിപ്പിക്കാൻ സിഇഒ കാശി വിശ്വനാഥനുമായും സിഎസ്‌കെ ബോർഡുമായും ചേർന്ന് അദ്ദേഹം പ്രവർത്തിക്കും.


ശ്രീനിവാസന്റെ തിരിച്ചുവരവ് സിഎസ്‌കെയ്ക്ക് വലിയ ഉത്തേജനമാകുമെന്നാണ് കരുതുന്നത്. ടീമിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടും. അതോടൊപ്പം, വിദേശ ലീഗുകളായ SA20, മേജർ ലീഗ് ക്രിക്കറ്റ് എന്നിവയിലെ സിഎസ്‌കെയുടെ ടീമുകളുടെ മേൽനോട്ടം വഹിക്കുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കും. അദ്ദേഹത്തിന്റെ ഭരണപരിചയവും ടീമുമായുള്ള ആഴത്തിലുള്ള ബന്ധവും സിഎസ്‌കെയെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കുമെന്നാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്.

ഐപിഎൽ 2026: രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനം ഒഴിഞ്ഞു


രാജസ്ഥാൻ റോയൽസിൻ്റെ ഹെഡ് കോച്ച് സ്ഥാനത്തുനിന്ന് രാഹുൽ ദ്രാവിഡ് രാജിവെച്ചു. ഫ്രാഞ്ചൈസിയുമായുള്ള അദ്ദേഹത്തിൻ്റെ രണ്ടാമത്തെ ദൗത്യമാണ് ഇതോടെ അവസാനിച്ചത്. കഴിഞ്ഞ സീസണിൽ 14 കളികളിൽ നിന്ന് നാല് വിജയങ്ങൾ മാത്രം നേടി റോയൽസ് ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിനെ തുടർന്ന് ടീമിനുള്ളിൽ സമഗ്രമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ദ്രാവിഡിൻ്റെ ഈ തീരുമാനം.


ക്യാപ്റ്റനായും പിന്നീട് ഉപദേശകനായും റോയൽസുമായി ആരംഭിച്ച തൻ്റെ കരിയർ അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
ടീമിൻ്റെ മൂല്യങ്ങളിലും പ്രകടനത്തിലും ദ്രാവിഡ് ചെലുത്തിയ ‘അവിസ്മരണീയമായ മുദ്ര’യെ മാനേജ്മെൻ്റ് പ്രകീർത്തിച്ചു. അതേസമയം, നായകൻ സഞ്ജു സാംസൺ ഉൾപ്പെടെ കളിക്കാരെ മാറ്റുമെന്ന കിംവദന്തികൾ ശക്തമായ സാഹചര്യത്തിലാണ് ദ്രാവിഡിൻ്റെ ഈ പിന്മാറ്റം.

2024ലെ കിരീട വിജയത്തിന് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചന്ദ്രകാന്ത് പണ്ഡിറ്റുമായി പിരിഞ്ഞതിന് പിന്നാലെ 2026ലെ മെഗാ ലേലത്തിന് മുന്നോടിയായി പടിയിറങ്ങുന്ന രണ്ടാമത്തെ പ്രധാന ഐപിഎൽ പരിശീലകനാണ് ദ്രാവിഡ്.

ലക്നൗ സൂപ്പർ ജയന്റ്‌സ് സഹീർ ഖാനുമായി പിരിയുന്നു


ലക്നൗ സൂപ്പർ ജയന്റ്‌സ് ടീം മെന്റർ സഹീർ ഖാനുമായി വഴിപിരിയാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2025-ലെ ഐപിഎല്ലിൽ റിഷഭ് പന്തിൻ്റെ നേതൃത്വത്തിൽ ടീം ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ഈ തീരുമാനം. 2024-ൽ മുംബൈ ഇന്ത്യൻസിൽ നിന്ന് ലക്നൗവിൽ എത്തിയ സഹീർ ഖാൻ, മോൺ മോർക്കൽ പോയതോടെ ബൗളിംഗ് കോച്ചിന്റെ ചുമതലയും ഏറ്റെടുത്തിരുന്നു.

എന്നാൽ, ഇനി ലക്നൗ സൂപ്പർ ജയന്റ്‌സിന് പുറമെ RPSG ഗ്രൂപ്പിന്റെ മറ്റ് ക്രിക്കറ്റ് ടീമുകളായ ദി ഹണ്ട്രഡിലെ മാഞ്ചസ്റ്റർ ഒറിജിനൽസ്, SA20-യിലെ ഡർബൻ സൂപ്പർ ജയന്റ്‌സ് എന്നിവയുടെയും ചുമതല വഹിക്കാൻ കഴിയുന്ന ഒരു മെന്ററെയാണ് മാനേജ്മെന്റ് തിരയുന്നത്.


ടീം ഉടമ സഞ്ജീവ് ഗോയങ്ക നിലവിൽ ദി ഹണ്ട്രഡ് ടൂർണമെൻ്റിനായി യുകെയിലാണ്. RPSG ഗ്രൂപ്പിന്റെ എല്ലാ ക്രിക്കറ്റ് പ്രവർത്തനങ്ങളുടെയും വളർച്ചയ്ക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന ഒരു ഡയറക്ടർ ഓഫ് ക്രിക്കറ്റിനെ നിയമിക്കാൻ അദ്ദേഹം ശ്രമിക്കുമെന്നാണ് സൂചന. മുൻ ഇന്ത്യൻ ബൗളിംഗ് കോച്ചായ ഭരത് അരുണിനെ ലക്നൗവിൻ്റെ ബൗളിംഗ് കോച്ചായി ടീം നേരത്തെ തന്നെ നിയമിച്ചിരുന്നു.

രാജസ്ഥാൻ റോയൽസ് വിടണം എന്ന് മാനേജ്മെന്റിനോട് സഞ്ജു സാംസൺ ആവശ്യപ്പെട്ടു


രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും പ്രധാന കളിക്കാരനുമായ സഞ്ജു സാംസൺ ടീം വിടാൻ ആഗ്രഹിക്കുന്നു എന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. 2015 മുതൽ ടീമിന്റെ ഭാഗമായ സഞ്ജു, മാനേജ്‌മെന്റുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഈ തീരുമാനം എടുത്തതെന്നാണ് സൂചന. ടീമിന് സഞ്ജുവിനെ 2027 വരെ നിലനിർത്താൻ കരാറുള്ളതിനാൽ, ഈ നീക്കം ടീമിന് ഒരു പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.


സഞ്ജു രാജസ്ഥാൻ മാനേജ്മെന്റിനോട് താൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നു എന്ന് അറിയിച്ചു കഴിഞ്ഞു. ചെന്നൈ സൂപ്പർ കിംഗ്സ് സഞ്ജുവിൽ താല്പര്യം കാണിച്ചിട്ടുണ്ടെങ്കിലും, അതിന് പകരമായി കളിക്കാരെ വിട്ടുനൽകാൻ അവർ തയ്യാറല്ല. അതിനാൽ, ഒരു ലേലം വഴി സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈ ആഗ്രഹിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജുവിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട്.


ബൗളിംഗ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭരത് അരുണിനെ ടീമിലെത്തിച്ച് LSG


ഇന്ത്യയുടെ ബൗളിംഗ് നിരയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയും 2024ലെ ഐപിഎൽ കിരീടം നേടാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ (KKR) സഹായിക്കുകയും ചെയ്ത പരിചയസമ്പന്നനായ കോച്ച് ഭരത് അരുണിനെ ലഖ്നൗ ബൗളിംഗ് കോച്ചായി നിയമിച്ചു. 62 വയസ്സുകാരനായ അരുൺ രണ്ട് വർഷത്തെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. സി എസ് കെയും അദ്ദേഹത്തിനായി രംഗത്ത് ഉണ്ടായിരുന്നു.


കെകെആർ ഹെഡ് കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റിനെ പുറത്താക്കി


കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ഹെഡ് കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റുമായുള്ള ബന്ധം അവസാനിപ്പിച്ചു. മോശം പ്രകടനം കാഴ്ചവെച്ച ഐപിഎൽ 2025 സീസണിൽ ടീം എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2022-ൽ ബ്രണ്ടൻ മക്കല്ലത്തിന് ശേഷം ചുമതലയേറ്റ പണ്ഡിറ്റ്, 2024-ൽ കെകെആറിന് അവരുടെ മൂന്നാം ഐപിഎൽ കിരീടം നേടിക്കൊടുത്തിരുന്നു. 10 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ചെങ്കിലും, ഈ സീസണിൽ ടീമിന് ആ ഫോം നിലനിർത്താനായില്ല. ഇതാണ് ഇപ്പോളത്തെ ഈ അഴിച്ചുപണിക്ക് കാരണം.


ഡ്വെയ്ൻ ബ്രാവോ, ഓട്ടിസ് ഗിബ്സൺ, അഭിഷേക് നായർ എന്നിവരടങ്ങുന്ന സപ്പോർട്ട് സ്റ്റാഫിനെയാകും ഇനി ഫ്രാഞ്ചൈസി ആശ്രയിക്കുന്നത്. പണ്ഡിറ്റ് മധ്യപ്രദേശിന്റെ ക്രിക്കറ്റ് ഡയറക്ടർ റോളിലേക്ക് മടങ്ങും.

വരുൺ ആരോൺ സൺറൈസേഴ്സ് ഹൈദരബാദിന്റെ പുതിയ ബൗളിംഗ് കോച്ച്

മുൻ ഇന്ത്യൻ പേസർ വരുൺ ആരോൺ ഐ പി എൽ ക്ലബായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ പുതിയ ബൗളിങ് കോച്ച് ആയി നിയമിതനായി. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിന് തിരശ്ശീല വീഴ്ത്തി വരുൺ ആരോൺ ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും ഈ വർഷം ആദ്യം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

ഒമ്പത് ടെസ്റ്റുകളിലും ഒമ്പത് ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച ആരോൺ 2011-ൽ ആണ് ഇന്ത്യക്ക് ആയി അരങ്ങേറ്റം കുറിച്ചത്. ഡൽഹി ഡെയർഡെവിൾസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഗുജറാത്ത് ടൈറ്റൻസ് തുടങ്ങിയ ടീമുകൾക്കൊപ്പം ഒമ്പത് ഐപിഎൽ സീസണുകളിൽ കളിച്ചു.

2022-ൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പം ഐപിഎൽ കിരീടവും അദ്ദേഹം നേടിയിട്ടുണ്ട്.

സ്വപ്ന കിരീടം ഒരു വിജയം അകലെ, ആര്‍സിബി ഐപിഎൽ ഫൈനലില്‍

ഐപിഎൽ 2025ന്റെ ഫൈനലില്‍ കടന്ന് ആര്‍സിബി. ഇന്ന് ഐപിഎലിന്റെ ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിംഗ്സിനെ 101 റൺസിന് എറിഞ്ഞിട്ട ശേഷം ആര്‍സിബി 10 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിയ്ക്കുകയായിരുന്നു.

വിരാട് കോഹ്‍ലിയെ നഷ്ടമായെങ്കിലും പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ ലക്ഷ്യത്തിന്റെ പകുതിയിലധികം റൺസ് ആര്‍സിബി നേടിക്കഴിഞ്ഞിരുന്നു. പവര്‍പ്ലേയിലെ അവസാന ഓവറിൽ കൈൽ ജാമിസണിനെതിരെ 21 റൺസ് ആര്‍സിബി ബാറ്റര്‍മാര്‍ നേടിയപ്പോള്‍ 61/1 എന്ന നിലയിലായിരുന്നു ആര്‍സിബി.

മയാംഗിനെ ആര്‍സിബിയ്ക്ക് നഷ്ടമായെങ്കിലും 23 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ഫിൽ സാള്‍ട്ട് ആര്‍സിബിയെ വിജയത്തിനരികെ എത്തിച്ചു.

പത്താം ഓവറിൽ വിജയം കരസ്ഥമാക്കുമ്പോള്‍ ആര്‍സിബിയ്ക്കായി ഫിൽ സാള്‍ട്ട് പുറത്താകാതെ 27 പന്തിൽ നിന്ന് 56 റൺസും രജത് പടിദാര്‍ 8 പന്തിൽ നിന്ന് 15 റൺസുമായി ക്രീസിലുണ്ടായിരുന്നു.

അത്ഭുതമായി ജിതേഷും മയാംഗും, ആദ്യ ക്വാളിഫയറിന് യോഗ്യത നേടി ആര്‍‍സിബി

ഐപിഎലിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ആവേശകരമായ വിജയം കരസ്ഥമാക്കി ആര്‍സിബി. ഇന്ന് നടന്ന മത്സരത്തിൽ 227/3 എന്ന കൂറ്റന്‍ സ്കോര്‍ ലക്നൗ നേടിയപ്പോള്‍ 18.4 ഓവറിൽ 230 റൺസ് 4 വിക്കറ്റ് നഷ്ടത്തിൽ നേടി ആര്‍സിബി പ്ലേ ഓഫില്‍ ആദ്യ ക്വാളിഫയറിന് യോഗ്യത നേടുകയായിരുന്നു. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഇതോടെ ആര്‍സിബി എത്തി.

ജിതേഷ് ശര്‍മ്മയും മയാംഗ് അഗര്‍വാളും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയ 107 റൺസ് നേടിയാണ് അപ്രാപ്യമെന്ന് കരുതിയ വിജയം ടീമിന് നേടിക്കൊടുത്തത്.

മികച്ച തുടക്കമാണ് ആര്‍സിബി ഓപ്പണര്‍മാര്‍ ടീമിന് നൽകിയത്. പവര്‍പ്ലേയിലെ അവസാന ഓവറിൽ ഫിൽ സാള്‍ട്ടിനെ ആര്‍സിബിയ്ക്ക് നഷ്ടമാകുമ്പോള്‍ 61 റൺസാണ് ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. ആകാശ് മഹാരാജ് സിംഗ് ആണ് വിക്കറ്റ് നേടിയത്. 19 പന്തിൽ 30 റൺസാണ് സാള്‍ട്ട് നേടിയത്.

രജത് പടിദാറിനെയും ലിയാം ലിവിംഗ്സ്റ്റണിനെയും ഒരേ ഓവറിൽ പുറത്താക്കി വില്യം ഒറൗര്‍ക്കേ ആര്‍സിബിയുടെ നില പരുങ്ങലിലാക്കി. 30 പന്തിൽ 54 റൺസ് നേടിയ വിരാട് കോഹ്‍ലി പുറത്താകുമ്പോള്‍ 123/4 എന്ന നിലയിലായിരുന്നു ആര്‍സിബി. മയാംഗ് അഗര്‍വാളും ജിതേഷ് ശര്‍മ്മയും വേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ അവസാന ആറോവറിൽ 72 റൺസായിരുന്നു ആര്‍സിബി നേടേണ്ടിയിരുന്നത്.

പിന്നീട് ഈ കൂട്ടുകെട്ടിന്റെ മികവുറ്റ ബാറ്റിംഗ് ഏവരും സാക്ഷ്യം വഹിച്ചപ്പോള്‍ 8 പന്ത് അവശേഷിക്കെ വിജയത്തിലേക്ക് ആര്‍സിബി എത്തി. ജിതേഷ് ശര്‍മ്മ 33 പന്തിൽ 85 റൺസ് നേടിയപ്പോള്‍ മയാംഗ് അഗര്‍വാള്‍ പുറത്താകാതെ 23 പന്തിൽ നിന്ന് 41 റൺസ് നേടി.

സെഞ്ച്വറിയുമായി ഫോമിലേക്ക് മടങ്ങിയെത്തി പന്ത്, 227 റൺസ് നേടി ലക്നൗ

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ മികച്ച ബാറ്റിംഗ് പ്രകടനവുമായി ലക്നൗ സൂപ്പര്‍ ജയന്റ്സ്. വൺ ഡൗൺ ആയി എത്തിയ ഋഷഭ് പന്ത് ഫോമിലേക്ക് എത്തിയ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലക്നൗ 3 വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ് നേടിയത്.  ഋഷഭ് പന്ത് 61 പന്തിൽ 118 റൺസുമായി പുറത്താകാതെ നിന്നാണ് ടീമിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.

ഒന്നാം വിക്കറ്റിൽ മാത്യു ബ്രെറ്റ്സ്കിയേ നഷ്ടമാകുമ്പോള്‍ ലക്നൗ 25 റൺസാണ് നേടിയത്. രണ്ടാം വിക്കറ്റിൽ മാര്‍ഷിന് കൂട്ടായി എത്തിയ ഋഷഭ് പന്ത് മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ഈ കൂട്ടുകെട്ട് 152 റൺസാണ് നേടിയത്. പത്തോവറിൽ ലക്നൗ നൂറ് തികച്ചപ്പോള്‍ ഋഷഭ് പന്ത് 29 പന്തിൽ നന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

മാര്‍ഷ് 31 പന്തിൽ നിന്ന് 14ാം ഓവറിൽ തന്റെ അര്‍ദ്ധ ശതകം നേടിയെങ്കിലും അധികം വൈകാതെ 37 പന്തിൽ 67 റൺസ് നേടിയ താരത്തെ ഭുവി പുറത്താക്കി. 54 പന്തിൽ നിന്ന് പന്ത് തന്റെ സെഞ്ച്വറി നേടിയപ്പോള്‍ പൂരന്‍ 13 റൺസ് നേടി അവസാന ഓവറിൽ പുറത്തായി.

പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി പഞ്ചാബ്, തകര്‍പ്പന്‍ വിജയം

ഐപിഎലില്‍ മുംബൈയ്ക്കെതിരെ 7 വിക്കറ്റ് വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന് പഞ്ചാബ്. 185 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ടീമിന് 3 വിക്കറ്റ് നഷ്ടത്തിൽ 18.3 ഓവറിലാണ് ആധികാരിക വിജയം കരസ്ഥമാക്കാനായത്.

പ്രഭ്സിമ്രാന്‍ സിംഗിനെ ജസ്പ്രീത് ബുംറ തുടക്കത്തിൽ പുറത്താക്കിയപ്പോള്‍ 4.2 ഓവറിൽ 34 റൺസാണ് പഞ്ചാബിന്റെ സ്കോര്‍. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 47 റൺസ് നേടിയ ടീമിനെ പിന്നീട് പ്രിയാന്‍ഷ് ആര്യയും ജോഷ് ഇംഗ്ലിസും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്.

മെല്ലെ തുടങ്ങിയ ജോഷും വേഗത്തിൽ സ്കോറിംഗ് ആരംഭിച്ചപ്പോള്‍ 11ാം ഓവറിൽ ആണ് പഞ്ചാബ് നൂറ് കടന്നത്. 29 പന്തിൽ നിന്ന് ജോഷ് ഇംഗ്ലിസ് തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ അധികം വൈകാതെ തന്നെ പ്രിയാന്‍ഷ് ആര്യയും തന്റെ അര്‍ദ്ധ ശതകം തികച്ചു. 27 പന്തിൽ നിന്നാണ് പ്രിയാന്‍ഷ് തന്റെ അര്‍ദ്ധ ശതകം തികച്ചത്. അവസാന എട്ടോവറിൽ പഞ്ചാബിന്റെ വിജയ ലക്ഷ്യം 65 റൺസായിരുന്നു.

109 റൺസ് കൂട്ടുകെട്ടിന് ശേഷം പ്രിയാന്‍ഷ് ആര്യ മടങ്ങിയപ്പോള്‍ താരം 35 പന്തിൽ നിന്ന് 62 റൺസാണ് നേടിയത്. 43 പന്തിൽ 72 റൺസ് നേടിയ ജോഷ് ഇംഗ്ലിസിനെ പഞ്ചാബിന് നഷ്ടമായെങ്കിലും വിജയം ആ ഘട്ടത്തിൽ വെറും 14 റൺസ് അകലെയായിരുന്നു.

16 പന്തിൽ നിന്ന് 26 റൺസ് നേടിയ ശ്രേയസ്സ് അയ്യര്‍ സിക്സറോട് കൂടി പഞ്ചാബിന്റെ വിജയം ഉറപ്പാക്കിയപ്പോള്‍ ടീം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.

 

മുംബൈയ്ക്ക് 184 റൺസ്, സ്കൈയ്ക്ക് ഫിഫ്റ്റി

ഐപിഎലില്‍ ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ 184 റൺസ് നേടി മുംബൈ ഇന്ത്യന്‍സ്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിരയിൽ അര്‍ദ്ധ ശതകവുമായി സൂര്യകുമാര്‍ യാദവ് മാത്രമാണ് തിളങ്ങിയത്. റയാന്‍ റിക്കൽട്ടൺ, രോഹിത് ശര്‍മ്മ, വിൽ ജാക്സ്, ഹാര്‍ദ്ദിക് പാണ്ഡ്യ, നമന്‍ ധിര്‍ എന്നിവര്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാനാകാതെ പോയത് മുംബൈയുടെ സ്കോര്‍ 184 റൺസിലൊതുക്കി.

റിക്കൽട്ടണും (27) രോഹിത്തും (24) ഒന്നാം വിക്കറ്റിൽ 45 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും വേഗത്തിലുള്ള സ്കോറിംഗ് സാധ്യമായില്ല. രോഹിത്തും സ്കൈയും ചേര്‍ന്ന് 36 റൺസ് കൂടി നേടിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളുമായി പഞ്ചാബ് സമ്മര്‍ദ്ദം സൃഷ്ടിച്ചു.

വിൽ ജാക്സ് 8 പന്തിൽ 17 റൺസ് നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 15 പന്തിൽ 26 റൺസും നമന്‍ ധിര്‍ 12 പന്തിൽ 20 റൺസും നേടി പുറത്തായി. ഇന്നിംഗ്സിലെ അവസാന പന്തിൽ 39 പന്തിൽ 57 റൺസ് നേടിയ സൂര്യകുമാര്‍ യാദവും പുറത്തായപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് മുംബൈ നേടിയത്.

പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് സിംഗ്, മാര്‍ക്കോ ജാന്‍സന്‍, വിജയകുമാര്‍ വൈശാഖ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version