ചരിത്രം കുറിച്ച് ന്യൂസിലൻഡ്, വനിതാ ടി20 ലോകകപ്പ് സ്വന്തമാക്കി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 32 റൺസിൻ്റെ വിജയത്തോടെ ന്യൂസിലൻഡ് വനിതകൾ ഐസിസി വനിതാ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി

ന്യൂസിലൻഡ് വനിതകൾ ഐസിസി വനിതാ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കൻ വനിതകളെ 32 റൺസിന് തോൽപ്പിച്ച് കിരീടം ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ 158/5 എന്ന മികച്ച സ്‌കോറാണ് നേടിയത്. 38 പന്തിൽ നിർണായകമായ 43 റൺസുമായി അമേലിയ കെർ ടീമിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ, ബ്രൂക്ക് ഹാലിഡേ 28 പന്തിൽ 38 റൺസ് കൂട്ടി ടീമിനെ മികച്ച സ്‌കോറിലേക്ക് ഉയർത്തി. 31 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ നോങ്കുലുലെക്കോ മ്ലാബയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആയി ഏറ്റവും മികച്ചു നിന്ന ബൗളർമാർ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ വനിതകൾ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ ലക്ഷ്യത്തിൽ എത്താൻ പാടുപെട്ടു. ക്യാപ്റ്റൻ ലോറ വോൾവാർഡ് 27 പന്തിൽ 33 റൺസ് നേടി ടോപ് സ്‌കോറർ ആയി, എന്നാൽ ബാറ്റിംഗ് നിരയിലെ ബാക്കിയുള്ളവർ ന്യൂസിലൻഡ് ബൗളിംഗ് ആക്രമണത്തിന് മുന്നിൽ പതറി. റോസ്മേരി മെയറും അമേലിയ കെറും 3 വിക്കറ്റ് വീതം വീഴ്ത്തി, ദക്ഷിണാഫ്രിക്കയെ അവരുടെ 20 ഓവറിൽ 126/9 എന്ന നിലയിൽ ഒതുക്കി.

ടി20 ലോകകപ്പ് കിരീടം ഉയർത്തിയ ന്യൂസിലൻഡ് വനിതകൾക്ക് ഈ വിജയം ചരിത്ര നേട്ടമായി. ആദ്യമായാണ് ന്യൂസിലൻഡ് ഒരു ലോകകപ്പ് നേടുന്നത്.

8 റൺസ് വിജയം, ന്യൂസിലാണ്ട് ഫൈനലില്‍

129 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ വെസ്റ്റിന്‍ഡീസിനെ 120 റൺസിലൊതുക്കി വനിത ടി20 ലോകകപ്പ് ഫൈനലില്‍ ഇടം പിടിച്ച് ന്യൂസിലാണ്ട്.ഡിയാന്‍ഡ്ര ഡോട്ടിന്‍ ഓള്‍റൗണ്ട് പ്രകടനവുമായി വിന്‍ഡീസ് നിരയിൽ പൊരുതിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ പോയതാണ് ടീമിന് തിരിച്ചടിയായത്.

ഡോട്ടിന്‍ 33 റൺസ് നേടി പുറത്തായപ്പോള്‍ 17 റൺസുമായി പുറത്താകാതെ നിന്ന ആമി ഫ്ലെച്ചര്‍ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.അവസാന ഓവറിൽ ജയിക്കുവാന്‍ 15 റൺസായിരുന്നു വെസ്റ്റിന്‍ഡീസ് നേടേണ്ടിയിരുന്നത്.

സൈദ ജെയിംസ് ആദ്യ പന്തിൽ ബൗണ്ടറി നേടി വെസ്റ്റിന്‍ഡീസിന് മികച്ച തുടക്കം നൽകിയെങ്കിലും മൂന്നാം പന്തിൽ താരം പുറത്തായത് ടീമിന് തിരിച്ചടിയായി. 8 പന്തിൽ 14 റൺസായിരുന്നു ജെയിംസ് നേടിയത്. ഓവറിൽ നിന്ന് 6 റൺസ് മാത്രം പിറന്നതോടെ ന്യൂസിലാണ്ട് ഫൈനലുറപ്പിച്ചു.

3 വിക്കറ്റ് നേടിയ ഈഡന്‍ കാര്‍സൺ ആണ് ന്യൂസിലാണ്ടിന് വേണ്ടി തിളങ്ങിയത്. താരമാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. അമേലിയ കെര്‍ 2 വിക്കറ്റും നേടി.

നേരത്തെ ഡിയാന്‍ഡ്ര ഡോട്ടിന്‍ വെസ്റ്റിന്‍ഡീസിനായി 4 വിക്കറ്റ് നേടിയാണ് ന്യൂസിലാണ്ടിനെ 128/9 എന്ന സ്കോറിലൊതുക്കിയത്. 33 റൺസ് നേടി ജോര്‍ജ്ജിയ പ്ലിമ്മറും 26 റൺസ് നേടി സൂസി ബെയ്റ്റ്സുമാണ് ന്യൂസിലാണ്ടിനായി റൺസ് കണ്ടെത്തിയത്.

ഫൈനലിലെത്തുവാന്‍ വിന്‍ഡീസ് നേടേണ്ടത് 129 റൺസ്, ഡിയാന്‍ഡ്ര ഡോട്ടിന് 4 വിക്കറ്റ്

വനിത ടി20 ലോകകപ്പ് രണ്ടാം സെമിയിൽ ന്യൂസിലാണ്ടിന് 128 റൺസ്. വെസ്റ്റിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ന്യൂസിലാണ്ടിന് 9 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടാനായത്.

ഡിയാന്‍ഡ്ര ഡോട്ടിന്‍ വെസ്റ്റിന്‍ഡീസിനായി 4 വിക്കറ്റ് നേടിയപ്പോള്‍ ന്യൂസിലാണ്ട് നിരയിൽ ഓപ്പണിംഗിൽ ജോര്‍ജ്ജിയ പ്ലിമ്മര്‍ – സൂസി ബെയ്റ്റ്സ് നൽകിയ മികച്ച തുടക്കത്തിന് ശേഷം വിക്കറ്റുകളുമായി വെസ്റ്റിന്‍ഡീസ് തിരികെ എത്തുകയായിരുന്നു.

48 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. പ്ലിമ്മര്‍ 33 റൺസും സൂസി ബെയ്റ്റ്സ് 26 റൺസും നേടിയപ്പോള്‍ ഇസബെല്ല ഗേസ് 20 റൺസുമായി പുറത്താകാതെ നിന്നു.

ഓസ്ട്രേലിയ ഔട്ട്!!! ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ഫൈനലില്‍

ടി20 ലോകകപ്പ് ഫൈനലില്‍ ഇടം പിടിച്ച് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ 8 വിക്കറ്റ് വിജയം ആണ് ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 134/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 17.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. ഇതാദ്യമായാണ് ടി20 ലോകകപ്പ് ഫൈനൽ കാണാതെ ഓസ്ട്രേലിയ പുറത്താകുന്നത്.

44 റൺസുമായി ബെത്ത് മൂണി ഓസീസ് നിരയിലെ ടോപ് സ്കോറര്‍ ആയെങ്കിലും ടി20 ശൈലിയിൽ ബാറ്റ് വീശുവാന്‍ താരത്തിനായില്ല. താഹ്‍ലിയ മഗ്രാത്തും 27 റൺസ് നേടുവാന്‍ 33 പന്തുകളാണ് നേടിയത്. അതേ സമയം 23 പന്തിൽ 31 റൺസ് നേടിയ എൽസെ പെറിയും 9 പന്തിൽ 16 റൺസ് നേടിയ ഫോബെ ലിച്ച്ഫീൽഡും ആണ് ഓസ്ട്രേലിയന്‍ സ്കോറിന് മാന്യത പകര്‍ന്നത്.

15 റൺസ് നേടിയ ടാസ്മിന്‍ ബ്രിറ്റ്സിനെ വേഗത്തിൽ നഷ്ടമായെങ്കിലും അന്നേകെ ബോഷും ലോറ വോള്‍വാര്‍ഡടും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 42 റൺസ് നേടിയ ലോറയെ വിജയത്തിനരികെ നഷ്ടമായെങ്കിലും 48 പന്തിൽ 74 റൺസുമായി പുറത്താകാതെ നിന്ന് ബോഷ് ഈ വിജയം ദക്ഷിണാഫ്രിക്കന്‍ പക്ഷത്താക്കി.

വനിതാ ടി20 ലോകകപ്പ്: വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിനെ പുറത്താക്കി സെമി ഫൈനലിൽ

വനിതാ ടി20 ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി സെമിയിൽ സ്ഥാനം ഉറപ്പിച്ചു. ക്യാന ജോസഫും ഹെയ്‌ലി മാത്യൂസും ചേർന്ന് 102 റൺസിൻ്റെ മികച്ച കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ ടൂർണമെൻ്റിൽ നിന്ന് പുറത്താക്കിയത്.

നാറ്റ് സ്കീവർ-ബ്രണ്ടിൻ്റെ 57 റൺസ് മികവിൽ ഇംഗ്ലണ്ട് 142 റൺസാണ് എടുത്തത്. എന്നാൽ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവിൽ അനായാസം വെസ്റ്റിൻഡീസ് ചെയ്സ് പൂർത്തിയാക്കി. 34 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ ജോസഫും (52) ഹെയ്ലി മാത്യൂസ് (50) എന്നിവർ 102ന്റെ കൂട്ടുകെട്ട് തുടക്കത്തിൽ ഉയർത്തി. ഇവർ പുറത്തായെങ്കിലും 18 ഓവറിലേക്ക് വിജയം പൂർത്തിയാക്കാൻ വെസ്റ്റിൻഡീസിനായി.

ഈ വിജയത്തോടെ വെസ്റ്റ് ഇൻഡീസ് ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം സെമി ഫൈനൽ സ്ഥാനം ഉറപ്പിച്ചപ്പോൾ ഇംഗ്ലണ്ട് ടൂർണമെൻ്റിൽ നിന്ന് നിരാശരായി പുറത്തായി.

പാക്കിസ്ഥാനെതിരെ ന്യൂസിലാണ്ടിന് വിജയം, സെമി കാണാതെ ഇന്ത്യ പുറത്ത്

ടി20 ലോകകപ്പിലെ സെമി ഫൈനലെന്ന ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി. ആദ്യ മത്സരത്തിൽ ന്യൂസിലാണ്ടിനെതിരെ പരാജയമേറ്റു വാങ്ങിയ ഇന്ത്യ ഇന്നലെ ഓസ്ട്രേലിയയോട് 9 റൺസിന്റെ തോൽവിയേറ്റു വാങ്ങിയിരുന്നു. ഇതോടെ പാക്കിസ്ഥാന്‍ ന്യൂസിലാണ്ട് മത്സരത്തിലെ ഫലം ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായി മാറി.

ന്യൂസിലാണ്ടിന്റെ പരാജയം ഇന്ത്യയ്ക്ക് സെമി സാധ്യത നൽകുമായിരുന്നുവെങ്കിലും പാക്കിസ്ഥാന്റെ പരാജയത്തോട് ഇന്ത്യയും പാക്കിസ്ഥാനും സെമി സ്ഥാനം കാണാതെ പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനെ വെറും 110 റൺസിലൊതുക്കുവാന്‍ പാക്കിസ്ഥാന് സാധിച്ചുവെങ്കിലും പാക് വനിതകള്‍ 11.4 ഓവറിൽ 56 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

28 റൺസ് നേടിയ സൂസി ബെയ്റ്റ്സും 22 റൺസ് നേടിയ ബ്രൂക്ക് ഹാലിഡേയും ആണ് ന്യൂസിലാണ്ടിനെ 110/6 എന്ന സ്കോറിലേക്ക് എത്തിച്ചു. സോഫി ഡിവൈന്‍ (19), ജോര്‍ജ്ജിയ പ്ലിമ്മര്‍ (17) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍. പാക്കിസ്ഥാന് വേണ്ടി നശ്ര സന്ധു മൂന്ന് വിക്കറ്റ് നേടി.

അമേലിയ കെര്‍ മൂന്ന് വിക്കറ്റും ഈഡന്‍ കാര്‍സൺ 2 വിക്കറ്റും നേടിയാണ് ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. പാക് നിരയിൽ 21 റൺസ് നേടിയ ഫാത്തിമ സന ആണ് ടോപ് സ്കോറര്‍. മുനീബ അലി 15 റൺസും നേടി. 54 റൺസിന്റെ വിജയം ആണ് ന്യൂസിലാണ്ട് നേടിയത്.

വനിതാ ടി20 ലോകകപ്പ്; ഇന്ത്യയുടെ സെമി സാധ്യത ഇങ്ങനെ

ഓസ്‌ട്രേലിയയോട് ഒമ്പത് റൺസിൻ്റെ തോൽവിക്ക് ശേഷം 2024 ലെ വനിതാ ടി20 ലോകകപ്പിൻ്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടാനുള്ള ഇന്ത്യയുടെ സാധ്യതകൾ കുറഞ്ഞിരിക്കുകയാണ്. ഇന്നലെ 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 142 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

എങ്കിലും കണക്കിൽ ഇന്ത്യക്ക് ഇപ്പോഴും സെമിയിലേക്ക് വഴിയുണ്ട്. ന്യൂസിലൻഡ്-പാകിസ്ഥാൻ മത്സരത്തിൻ്റെ ഫലത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ വിധി. അതിന് ഇന്ന് പാകിസ്താൻ ന്യൂസിലൻഡിനെ തോൽപ്പിക്കണം. പാകിസ്ഥാൻ 53 റൺസിൽ താഴെ വിജയിച്ചാൽ (അല്ലെങ്കിൽ 9.1 ഓവറിൽ കൂടുതൽ എടുത്താണ് ലക്ഷ്യം പിന്തുടരുകയാണെങ്കിൽ) ഇന്ത്യക്ക് ഇനിയും സെമിയിലേക്ക് മുന്നേറാം.

എന്നിരുന്നാലും പാക്കിസ്ഥാൻ്റെ വലിയ വിജയം ഇന്ത്യയെയും ന്യൂസിലൻഡിനെയും ടൂർണമെൻ്റിൽ നിന്ന് പുറത്താക്കും. ഒപ്പ് ൽ പാകിസ്താനും ഓസ്ട്രേലിയയും ആകും സെമിയിൽ എത്തുക. നേരെമറിച്ച്, ന്യൂസിലൻഡ് വിജയിച്ചാൽ ഓസ്‌ട്രേലിയയ്‌ക്കൊപ്പം അവർ സെമിയിൽ സ്ഥാനം ഉറപ്പിക്കും.

ടി20 ലോകകപ്പ്; ഇന്ത്യ പൊരുതി തോറ്റു, സെമി പ്രതീക്ഷയ്ക്ക് വൻ തിരിച്ചടി

ഓസ്ട്രേലിയക്ക് എതിരായ നിർണായക മത്സരത്തിൽ ഇന്ത്യ പൊരുതി തോറ്റു. ഓസ്ട്രേലിയ ഉയർത്തിയ 152 എന്ന ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 142 റൺസ് എടുക്കാനെ ആയുള്ളൂ. ഇന്ത്യയുടെ ടി20 ലോകകപ്പ് സെമി ഫൈനൽ പ്രതീക്ഷകൾക്ക് വൻ തിരിച്ചടിയാണ് ഈ പരാജയം. ഓസ്ട്രേലിയ ആകട്ടെ ഈ ഫലത്തോടെ സെമി ഉറപ്പിച്ചു.

ചെയ്സിൽ ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാർക്കും വലിയ സ്കോർ കണ്ടെത്താൻ ആയില്ല. 20 റൺസ് എടുത്ത ഷഫാലി, 6 റൺസ് എടുത്ത സ്മൃതി, 16 റൺസ് എടുത്ത ജമീമ എന്നിവർ പെട്ടെന്ന് ഡഗൗട്ടിലേക്ക് മടങ്ങി.

ക്യാപ്റ്റൻ ഹർമൻപ്രീത് കോറും ദീപ്തി ശർമ്മയും ചേർന്ന് ഒരു നല്ല കൂട്ടുകെട്ട് പടുത്തു. ദീപ്തി ശർമ്മ 29 റൺസ് ആണ് എടുത്തത്. പിന്നാലെ 1 റൺ എടുത്ത റിച്ച ഘോഷ് റണ്ണൗട്ടും ആയി. അവസാന 3 ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 40 റൺസ് വേണമായിരുന്നു‌. ഇത് ഹർമൻപ്രീത് 2 ഓവറിൽ 28 ആക്കി മാറ്റി.

പൂജ കൂടെ ആക്രമിച്ച് ഹർമൻപ്രീതിന് പിന്തുണ നൽകി. ഹർമൻപ്രീത് 44 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കി. അവസാന ഓവറിൽ ഇന്ത്യക്ക് 14 റൺസ് ആയിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തിൽ ഒരു സിംഗിൾ, രണ്ടാം പന്തിൽ പൂജ ബൗൾഡും ആയി. 4 പന്തിൽ ഇന്ത്യക്ക് വേണ്ടത് 13 റൺസ്. മൂന്നാം പന്തിൽ അരുന്ധതി റണ്ണൗട്ടും ആയി. ലക്ഷ്യം 3 പന്തിൽ നിന്ന് 13 റൺസ് ആയി.

അടുത്ത പന്ത് ഒരു വൈഡ് ആയതിനാൽ ഒരു റൺ വന്നെങ്കിലും ശ്രേയങ്ക പട്ടിൽ ആ പന്തിൽ സ്റ്റമ്പ്ഡ് ഔട്ട് ആയി. അടുത്ത പന്തിൽ രാധയും ഔട്ട് ആയതോടെ ഇന്ത്യയുടെ പരാജയം ഉറപ്പായി.

നേരത്തെ ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 151-8 റൺ ആയിരുന്നു നേടിയത്.

ഇന്ന് തുടക്കത്തിൽ തന്നെ രേണുക സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി നല്ല തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. 2 റൺ എടുത്ത ബെത്ത് മൂണിയും ഡക്ക് എടുത്ത വരെഹാമും ആണ് രേണുകയുടെ തുടർച്ചയായ പന്തുകളിൽ പുറത്തായത്‌. 40 റൺസ് എടുത്ത് ഗ്രേസ് ഹാരിസും 32 റൺസ് എടുത്ത് തഹില മഗ്രാത്തും ഓസ്ട്രേലിയക്ക് ആയി മികച്ച പ്രകടനം നടത്തി.

എലിസ പെറി 23 പന്തിൽ 32 റൺസ് എടുത്ത് ഓസ്ട്രേലിയയെ 151-ലേക്ക് എത്തിച്ചു. രേണുകയും ദീപ്തിയും ഇന്ത്യക്ക് ആയി 2 വിക്കറ്റും പൂജ, രാധാ യാദവ്, ശ്രേയങ്ക എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.

ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യക്ക് 152 റൺസ് വിജയലക്ഷ്യം

ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയെ 20 ഓവറിൽ 151-8 റണ്ണിൽ നിർത്താൻ ഇന്ത്യക്ക് ആയി. എങ്കിലും ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ ഈ റൺസ് ചെയ്സ് ചെയ്യലും എളുപ്പമാകില്ല.

ഇന്ന് തുടക്കത്തിൽ തന്നെ രേണുക സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി നല്ല തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. 2 റൺ എടുത്ത ബെത്ത് മൂണിയും ഡക്ക് എടുത്ത വരെഹാമും ആണ് രേണുകയുടെ തുടർച്ചയായ പന്തുകളിൽ പുറത്തായത്‌. 40 റൺസ് എടുത്ത് ഗ്രേസ് ഹാരിസും 32 റൺസ് എടുത്ത് തഹില മഗ്രാത്തും ഓസ്ട്രേലിയക്ക് ആയി മികച്ച പ്രകടനം നടത്തി.

എലിസി പെറി 23 പന്തിൽ 32 റൺസ് എടുത്ത് ഓസ്ട്രേലിയയെ 151-ലേക്ക് എത്തിച്ചു. രേണുകയും ദീപ്തിയും ഇന്ത്യക്ക് ആയി 2 വിക്കറ്റും പൂജ, രാധാ യാദവ്, ശ്രേയങ്ക എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.

ടി20 ലോകകപ്പ്: ഓസ്ട്രേലിയയുടെ 2 താരങ്ങൾ പരിക്കേറ്റ് പുറത്ത്

പാക്കിസ്ഥാനെതിരായ മികച്ച വിജയത്തിനിടെ ഓസ്‌ട്രേലിയയുടെ രണ്ട് താരങ്ങൾക്ക് ആണ് പരുക്കേറ്റത്. ദുബായിൽ നടന്ന ഗ്രൂപ്പ് മത്സരത്തിൽ അലിസ ഹീലിക്കും ടെയ്‌ല വ്‌ലെമിങ്കിനും പരിക്കേറ്റത് ഇന്ത്യയ്‌ക്കെതിരായ അടുത്ത പോരാട്ടത്തിൽ ഇരുവരും കളിക്കുമോ എന്നത് ആശങ്കയിലാക്കി.

23 പന്തിൽ 37 റൺസ് നേടിയ ഹീലിക്ക് കാഫ് ഇഞ്ച്വറിയെ തുടർന്ന് റിട്ടയർ ഹർട്ട് ചെയ്യേണ്ടി വന്നു. ഫീൽഡിങ്ങിനിടെ ആണ് വ്‌ലെമിങ്കിന് പരിക്കേറ്റത്. അവൾ തോളിൽ വേദനയുമായി ഫീൽഡ് വിട്ടു.

ഈ തിരിച്ചടികൾക്കിടയിലും, ഓസ്‌ട്രേലിയ ഇന്നലെ ഒമ്പത് വിക്കറ്റിൻ്റെ വിജയത്തിലേക്ക് കുതിച്ചു

വനിതാ ടി20 ലോകകപ്പ്; പാക്കിസ്ഥാനെ തോല്പ്പിച്ച് ഓസ്‌ട്രേലിയ സെമിഫൈനലിലേക്ക് അടുത്തു

2024 ലെ ഐസിസി വനിതാ ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയ വനിതകൾ വിജയം തുടരുന്നു. അവർ പാക്കിസ്ഥാനെതിരെ ഒമ്പത് വിക്കറ്റിൻ്റെ ആധിപത്യ വിജയം ഇന്ന് ഉറപ്പിച്ചു, ഇതോടെ ഓസ്ട്രേലിയ സെമി ഫൈനലിൽ ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്‌. ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്ഥാന് ൽ19.5 ഓവറിൽ 82 റൺസ് മാത്രമേ എടുക്കാനായുള്ളൂ.

ഓസ്‌ട്രേലിയയ്‌ക്കായി ആഷ് ഗാർഡ്‌നർ 21 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി, ആലിയ റിയാസിൻ്റെ 32 പന്തിൽ 26 റൺസ് ആണ് പാക്കിസ്ഥാൻ ബാറ്റിംഗ് നിരയിൽ നിന്ന് ശ്രദ്ധേയമായ ഒരേയൊരു ഇന്നിംഗ്സ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 11 ഓവറിൽ 83/1 എന്ന രീതിയിൽ അനായാസം ലക്ഷ്യത്തിലെത്തി. 23 പന്തിൽ 37 റൺസ് നേടിയ അലീസ ഹീലി മുന്നിൽ നിന്ന് നയിച്ചു. ബെത്ത് മൂണിയെ നേരത്തെ പുറത്താക്കിയെങ്കിലും, ഓസ്‌ട്രേലിയയുടെ ചേസ് ഒരിക്കലും അപകടത്തിലായില്ല, എല്ലിസ് പെറി പുറത്താകാതെ 22 റൺസും നേടി. ഈ വിജയം +2.786 എന്ന ശക്തമായ നെറ്റ് റൺ റേറ്റുമായി ഗ്രൂപ്പ് എയിൽ ഓസ്‌ട്രേലിയയെ ഒന്നാം സ്ഥാനത്ത് നിർത്തുന്നു.

തോൽവിയോടെ പാക്കിസ്ഥാന്റെ സെമിയിൽ കടക്കാനുള്ള സാധ്യത അവസാനിച്ചു.

ആശ ശോഭനയ്ക്കും അരുന്ധതിയ്ക്കും മൂന്ന് വിക്കറ്റ്, ടി20 ലോകകപ്പ് ജയം തുടര്‍ന്ന് ഇന്ത്യ

വനിത ടി20 ലോകകപ്പിൽ തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ജയം നേടി ഇന്ത്യ. ഇന്ന് ശ്രീലങ്കയ്ക്കെതിരെ 82 റൺസ് വിജയം ആണ് ഇന്ത്യ കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 172/3 എന്ന സ്കോര്‍ നേടിയപ്പോള്‍ ശ്രീലങ്കയ്ക്ക് 90 റൺസാണ് നേടാനായത്. 19.5 ഓവറിലാണ് ലങ്ക ഓള്‍ഔട്ട് ആയത്.

മലയാളി താരം ആശ ശോഭനയും അരുന്ധതി റെഡ്ഡിയും മൂന്ന് വിക്കറ്റ് വീതം നേടിയാണ് ശ്രീലങ്കയെ പ്രതിരോധത്തിലാക്കിയത്.  രേണുക താക്കൂര്‍ സിംഗ് 2 വിക്കറ്റും നേടി.

ശ്രീലങ്കന്‍ നിരയിൽ കവിഷ ദിൽഹാരി 21 റൺസും അനുഷ്ക സഞ്ജീവനി 20 റൺസും നേടിയപ്പോള്‍ അമ കാഞ്ചന 19 റൺസ് നേടി.

Exit mobile version