36 പന്തില്‍ 76, ലോറി ഇവാന്‍സിന്റെ മികവില്‍ വിജയിച്ച് രാജ്ഷാഹി കിംഗ്സ്

സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ മികച്ച വിജയം നേടി രാജ്ഷാഹി കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സ് 189/5 എന്ന മികച്ച സ്കോര്‍ നേടിയെങ്കിലും രണ്ടോവര്‍ അവശേഷിക്കെ അഞ്ച് വിക്കറ്റ് വിജയം കരസ്ഥമാക്കുകയായിരുന്നു കിംഗ്സ്. സിക്സേര്‍സിന്റെ നിക്കോളസ് പൂരന്റെ വെടിക്കെട്ട് ബാറ്റിംഗിനെ മറികടക്കുന്ന പ്രകടനവുമായി ലോറി ഇവാന്‍സ് ആണ് കിംഗ്സിന്റെ രക്ഷകനായത്.

31 പന്തില്‍ 6 വീതം ബൗണ്ടറിയും സിക്സും നേടി നിക്കോളസ് പൂരന്‍ 76 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സബ്ബിര്‍ റഹ്മാന്‍ 45 റണ്‍സുമായി താരത്തിനു മികച്ച പിന്തുണ നല്‍കി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സിക്സേര്‍സ് 189 റണ്‍സ് നേടുകയായിരുന്നു. കമ്രുള്‍ ഇസ്ലാം രണ്ട് വിക്കറ്റുമായി കിംഗ്സ് ബൗളര്‍മാരില്‍ തിളങ്ങി. അരാഫത്ത് സണ്ണി, മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജ്ഷാഹി കിംഗ്സിനു വേണ്ടി 36 പന്തില്‍ നിന്ന് 76 റണ്‍സ് നേടി ലോറി ഇവാന്‍സ് തിളങ്ങിയെങ്കിലും 18 പന്തില്‍ 42 റണ്‍സ് നേടിയ റയാന്‍ ടെന്‍ ഡോഷാറ്റെയുടെ ഇന്നിംഗ്സാണ് നിര്‍ണ്ണായകമായത്. ജോണ്‍സണ്‍ ചാള്‍സ് 39 റണ്‍സ് നേടി. അലോക് കപാലി, സൊഹൈല്‍ തന്‍വീര്‍ എന്നിവര്‍ സിക്സേര്‍സിനു വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

അടിച്ച് തകര്‍ത്ത് സബ്ബിര്‍ റഹ്മാന്‍, എന്നിട്ടും സിക്സേര്‍സില്‍ നിന്ന് വിജയം തട്ടിയെടുത്ത് രംഗ്പൂര്‍ റൈഡേഴ്സ്

സബ്ബിര്‍ റഹ്മാന്റെയും നിക്കോളസ് പൂരന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍ 194/4 എന്ന കൂറ്റന്‍ സ്കോര്‍ നേടിയ സില്‍ഹെറ്റ് സിക്സേര്‍സിനെ വീഴ്ത്തി രംഗ്പൂര്‍ റൈഡേഴ്സ്. 3 പന്ത് ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന രംഗ്പൂര്‍ റൈഡേഴ്സിനു വേണ്ടി റിലീ റൂസോവ്, അലക്സ് ഹെയില്‍സ്, എബി ഡി വില്ലിയേഴ്സ് എന്നിവരാണ് തിളങ്ങിയത്. രണ്ടോവറില്‍ ജയിക്കുവാന്‍ 24 റണ്‍സ് എന്ന നിലയില്‍ മഷ്റഫെ മൊര്‍തസയും ഫര്‍ഹദ് റീസയും ചേര്‍ന്ന് 19ാം ഓവറില്‍ നിന്ന് നേടിയ 19 റണ്‍സാണ് സിക്സേര്‍സില്‍ നിന്ന് മത്സരം തട്ടിയെടുത്തത്.

51 പന്തില്‍ നിന്ന് 85 റണ‍്സ് നേടിയ സബ്ബിര്‍ റഹ്മാനും 27 പന്തില്‍ 47 റണ്‍സ് നേടി പുറത്താകാതെ നിന്ന നിക്കോളസ് പൂരനുമാണ് സിക്സേര്‍സിനു വേണ്ടി സിക്സടികളുമായി ക്രീസില്‍ തിളങ്ങിയത്. സബ്ബിര്‍ ആറും പൂരന്‍ മൂന്ന് സിക്സുമാണ് മത്സരത്തില്‍ നിന്ന് നേടിയത്. രംഗ്പൂര്‍ റൈഡേഴ്സിനു വേണ്ടി മഷ്റഫെ മൊര്‍തസ 2 വിക്കറ്റ് നേടി.

ക്രിസ് ഗെയിലിനെ രണ്ടാം പന്തില്‍ നഷ്ടമായെങ്കിലും 35 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ റിലീ റൂസോവിനൊപ്പം അലക്സ് ഹെയില്‍സ്(33), എബി ഡി വില്ലിയേഴ്സ്(34) എന്നിവരും 6 പന്തില്‍ നിന്ന് പുറത്താകാതെ 18 റണ്‍സ് നേടി ഫര്‍ഹദ് റീസയും ചേര്‍ന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ടാസ്കിന്‍ അഹമ്മദ് നാല് വിക്കറ്റുകള്‍ നേടിയെങ്കിലും രംഗ്പൂര്‍ റൈഡേഴ്സിന്റെ വിജയം തടയാന്‍ ആവുന്നതായിരുന്നില്ല പ്രകടനം.

ഫോം കണ്ടെത്താനാകാതെ ഡേവിഡ് വാര്‍ണര്‍, നിക്കോളസ് പൂരന്റെ വെടിക്കെട്ടിനെ അതിജീവിച്ച് വിജയം തുടര്‍ന്ന് ഡൈനാമൈറ്റസ്

ത്രില്ലര്‍ വിജയത്തിനു ശേഷം അനായാസ ജയവുമായി ധാക്ക ഡൈനാമൈറ്റ്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 32 റണ്‍സിനാണ് ഡൈനാമൈറ്റ്സ് സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ വിജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ധാക്ക 173/7 എന്ന സ്കോര്‍ നേടിയപ്പോള്‍ സിക്സേര്‍സ് 141 റണ്‍സാണ് 9 വിക്കറ്റ് നഷ്ടത്തില്‍ ടീം നേടിയത്. നിക്കോളസ് പൂരന്‍ ഏകനായി 47 പന്തില്‍ നിന്ന് 9 സിക്സുകളുടെ സഹായത്തോടെ 72 റണ്‍സ് നേടിയെങ്കിലും സഹതാരങ്ങളാരും തന്നെ മികവ് പുലര്‍ത്താതിരുന്നത് സിക്സേര്‍സിനു തിരിച്ചടിയായി. ധാക്കയ്ക്ക് വേണി റൂബല്‍ ഹൊസൈന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഷാക്കിബ് അല്‍ ഹസന്‍, ഷുവഗാത ഹോം എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ധാക്കയ്ക്ക് വേണ്ടി റോണി താലൂക്ദാര്‍ 34 പന്തില്‍ നിന്ന് 58 റണ്‍സ് നേടി തിളങ്ങിയപ്പോള്‍ സുനില്‍ നരൈന്‍(25), ഷാക്കിബ് അല്‍ ഹസന്‍(23) എന്നിവര്‍ക്കൊപ്പം നൈം ഷെയ്ഖ് 25 നിര്‍ണ്ണായക റണ്‍സ് നേടി പുറത്താകാതെ നിന്നു. സിക്സേര്‍സിനു വേണ്ടി ടാസ്കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേടി.

നായകന്‍ വാര്‍ണറെ വെല്ലും പ്രകടനവുമായി ടീമിനെ വിജയിപ്പിച്ച് നിക്കോളസ് പൂരന്‍

സ്വന്തം ടീം നായകന്‍ ഡേവിഡ് വാര്‍ണറെ വെല്ലുന്ന പ്രകടനവുമായി നിക്കോളസ് പൂരന്‍ ബാറ്റ് വീശിയപ്പോള്‍ 5 റണ്‍സിന്റെ ജയം സ്വന്തമാക്കി സില്‍ഹെറ്റ് സിക്സേര്‍സ്. 59 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം 32 പന്തില്‍ നിന്ന് 52 റണ്‍സ് നേടി പുറത്താകാതെ നിന്ന പൂരന്റെ പ്രകടനവും ഒപ്പം അഫീഫ് ഹൊസൈന്‍ 28 പന്തില്‍ നിന്ന് 45 റണ്‍സും നേടിയപ്പോള്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം 168/5 എന്ന സ്കോര്‍ സില്‍ഹെറ്റ് നേടി. റോബി ഫ്രൈലിങ്കിന്റെ തീപാറുന്ന പന്തുകളില്‍ 6/3 എന്ന നിലയിലേക്ക് വീണ ശേഷമാണ് മത്സരത്തില്‍ സിക്സേര്‍സിന്റെ തിരിച്ചുവരവ്. നാലാം വിക്കറ്റില്‍ അഫീഫും വാര്‍ണറും ചേര്‍ന്ന് 71 റണ്‍സ് നേടിയ ശേഷം അഫീഫ് മടങ്ങിയെങ്കിലും പകരമെത്തിയ പൂരനുമായി ചേര്‍ന്ന് 67 റണ്‍സ് അഞ്ചാം വിക്കറ്റിലും ചേര്‍ക്കാന്‍ ടീമിനായി. അലോക കപാലിയെ കാഴ്ചക്കാരനായി 21 റണ്‍സ് കൂടിയാണ് പൂരന്‍ ആറാം വിക്കറ്റില്‍ നേടിയത്. ഇതില്‍ രണ്ട് റണ്‍സാണ് കപാലിയുടെ സംഭാവന.

വലിയ ലക്ഷ്യം തേടിയിറങ്ങിയ ചിറ്റഗോംഗ് വൈക്കിംഗ്സിനു 7 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് മാത്രമേ നേടാനായുള്ളു. 24 പന്തില്‍ നിന്ന് 44 റണ്‍സ് നേടി പുറത്താകാതെ നിന്ന റോബി ഫ്രൈലിങ്കിനു എന്നാല്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. അവസാന ഓവറില്‍ രണ്ട് സിക്സുകള്‍ നേടിയെങ്കിലും വിജയിക്കുവാന്‍ നേടേണ്ടിയിരുന്നത് 23 റണ്‍സായിരുന്നു. അതിനു അഞ്ച് റണ്‍സ് അകലെ വരെ മാത്രമേ ടീമിനു എത്തുവാനായുള്ളു.

വൈക്കിംഗിനു വേണ്ടി കാമറൂണ്‍ ഡെല്‍പോര്‍ട്ട് (38), സിക്കന്ദര്‍ റാസ(37), മുഹമ്മദ് അഷ്റഫുള്‍(22) എന്നിവരും റണ്‍സ് കണ്ടെത്തി. ടാസ്കിന്‍ അഹമ്മദ് നേടിയ 4 വിക്കറ്റുകള്‍ക്കൊപ്പം അലോക് കപാലി സിക്സേര്‍സിനു വേണ്ടി രണ്ട് വിക്കറ്റ് നേടി.

മുംബൈ കൈവിട്ട വെടിക്കെട്ട് താരം, ഇനി കിംഗ്സ് ഇലവന്‍ പഞ്ചാബിനൊപ്പം

മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ റിലീസ് ചെയ്ത വെടിക്കെട്ട് താരം നിക്കോളസ് പൂരനെ സ്വന്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ്. 4.20 കോടി രൂപയ്ക്കാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള ലേല യുദ്ധത്തിനു ശേഷം ഈ വിന്‍ഡീസിന്റെ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്. അടുത്തിടെ കഴിഞ്ഞ ടി10 ലീഗില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് പൂരന്‍ പുറത്തെടുത്തത്.

ഒന്നിനു പുറമെ ഒന്നായി പല മത്സരങ്ങളിലും മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ താരം ടൂര്‍ണ്ണമെന്റിലെ തന്നെ ടോപ് സ്കോററായിരുന്നു. പല മത്സരങ്ങളിലും നോര്‍ത്തേണ്‍ വാരിയേഴ്സിനെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിച്ചതും ഈ താരമായിരുന്നു.

ജയം തുടര്‍ന്ന് നോര്‍ത്തേണ്‍ വാരിയേഴ്സ്, ഇത്തവണ ബൗളിംഗ് മികവില്‍

ബൗളിംഗ് മികവില്‍ രാജ്പുത്സിനെ വീഴ്ത്തി നോര്‍ത്തേണ്‍ വാരിയേഴ്സ്. ആദ്യം ബാറ്റ് ചെയ്ത രാജ്പുത്സിനെ 64/8 എന്ന സ്കോറിനു പിടിച്ചുകെട്ടിയ ശേഷം 5.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് നോര്‍ത്തേണ്‍ വാരിയേഴ്സ് ജയം സ്വന്തമാക്കിയത്. 18 പന്തില്‍ 45 റണ്‍സ് നേടി പുറത്താകാതെ നിന്ന നിക്കോളസ് പൂരന്‍ ആണ് ബാറ്റിംഗില്‍ നോര്‍ത്തേണ്‍ വാരിയേഴ്സിനായി തിളങ്ങിയത്.

നേരത്തെ ഖാരി പിയറിയുടെ മൂന്ന് വിക്കറ്റുകളാണ് രാജ്പുത്സിന്റെ നടുവൊടിച്ചത്. ഇമ്രാന്‍ ഹൈദര്‍, ഹാര്‍ദ്ദസ് വില്‍ജോയെന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ചാമ്പ്യന്മാര്‍ക്ക് രക്ഷയില്ല, കേരള നൈറ്റ്സിനു വീണ്ടും തോല്‍വി

നോര്‍ത്തേണ്‍ വാരിയേഴ്സിനോട് തോറ്റ് വീണ്ടും കേരള നൈറ്റ്സ്. ആദ്യം ബാറ്റ് ചെയ്ത 101 റണ്‍സ് മാത്രമാണ് ടീമിനു 2 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. ലക്ഷ്യം 7.2 ഓവറില്‍ നോര്‍ത്തേണ്‍ വാരിയേഴ്സ് മറികടക്കുകയും ചെയ്തു. പോള്‍ സ്റ്റിര്‍ലിംഗ്(28 പന്തില്‍ 60) തകര്‍ത്തടിച്ചെങ്കിലും ക്രിസ് ഗെയിലിനും(14), ഓയിന്‍ മോര്‍ഗനും(17) വേണ്ടത്ര വേഗത്തില്‍ സ്കോര്‍ ചെയ്യാനാകാതെ പോയതാണ് നൈറ്റ്സിനു തിരിച്ചടിയായത്.

നിക്കോളസ് പൂരനും(43*) ആന്‍ഡ്രേ റസ്സലും(29*) പതിവു ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ 8 വിക്കറ്റിന്റെ അനായാസ ജയം നോര്‍ത്തേണ് വാരിയേഴ്സ് സ്വന്തമാക്കുകയായിരുന്നു.

വെടിക്കെട്ട് പ്രകടനവുമായി പൂരനും റസ്സലും, 99 റണ്‍സിനു ജയിച്ച് നോര്‍ത്തേണ്‍ വാരിയേഴ്സ്

പഞ്ചാബി ലെജന്‍ഡ്സിനെ കശാപ്പ് ചെയ്ത് നോര്‍ത്തേണ്‍ വാരിയേഴ്സ്. ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ 99 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് വാരിയേഴ്സ് സ്വന്തമാക്കിയത്. 25 പന്തില്‍ 77 റണ്‍സ് നേടിയ നിക്കോളസ് പൂരനും 9 പന്തില്‍ 38 റണ്‍സ് നേടിയ ആന്‍ഡ്രേ റസ്സലും തിളങ്ങിയ മത്സരത്തില്‍ ലെന്‍ഡല്‍ സിമ്മണ്‍സും 36 റണ്‍സുമായി തിളങ്ങിയപ്പോള്‍ നോര്‍ത്തേണ്‍ വാരിയേഴ്സ് 10 ഓവറില്‍ നിന്ന് 183 റണ്‍സ് നേടി. രണ്ട് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. പൂരന്‍ 10 സിക്സ് നേടിയപ്പോള്‍ 9 പന്തില്‍ നിന്ന് 6 സിക്സാണ് റസ്സല്‍ അടിച്ച് കൂട്ടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബി ലെജന്‍ഡ്സ് 7 ഓവറില്‍ നിന്ന് 84 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രവി ബൊപ്പാര നാല് വിക്കറ്റുമായി വാരിയേഴ്സിനു വേണ്ടി ബൗളിംഗില്‍ തിളങ്ങി.

ഫോം കണ്ടെത്തി വിന്‍ഡീസ് ബാറ്റിംഗ്

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിനു മികച്ച സ്കോര്‍. ഓപ്പണര്‍മാരും ഡാരെന്‍ ബ്രാവോ, നിക്കോളസ് പൂരന്‍ എന്നിവരുടെ പുറത്താകാതെയുള്ള വെടിക്കെട്ട് ബാറ്റിംഗ് കൂടി ചേര്‍ന്നപ്പോള്‍ 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 181 റണ്‍സ് നേടുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരായ ഷായി ഹോപ്(24), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(26) കൂട്ടുകെട്ട് 51 റണ്‍സ് നേടിയ ശേഷം പിന്നീട് ബ്രാവോ-പൂരന്‍ വെടിക്കെട്ടാണ് ചെന്നൈയില്‍ അരങ്ങേറിയത്.

43 പന്തില്‍ നിന്ന് 87 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. പൂരന്‍ 25 പന്തില്‍ 53 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഡാരെന്‍ ബ്രാവോ 37 പന്തില്‍ 43 റണ്‍സ് നേടി. 4 സിക്സുകളാണ് നിക്കോളസ് പൂരന്‍ തന്റെ അപരാജിതമായ ഇന്നിംഗ്സില്‍ നേടിയത്. ഡാരെന്‍ ബ്രാവോ രണ്ട് സിക്സ് സ്വന്തമാക്കി. ഇന്ത്യയ്ക്കായി യൂസുവേന്ദ്ര ചഹാല്‍ രണ്ടും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി.

ജയമില്ലാതെ ബാര്‍ബഡോസ്, 9 റണ്‍സ് ജയം സ്വന്തമാക്കി ട്രിന്‍ബാഗോ

തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന കരകയറാനാകാതെ ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്ന് നടന്ന തങ്ങളുടെ അവസാന മത്സരത്തില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനോട് ടീം പരാജയപ്പെട്ടപ്പോള്‍ എട്ടാമത്തെ തോല്‍വിയാണ് ബാര്‍ബഡോസ് ഏറ്റുവാങ്ങിയത്. 2 ജയം മാത്രം സ്വന്തമാക്കിയ ബാര്‍ബഡോസ് അവസാന സ്ഥാനക്കാരായി സീസണ്‍ അവസാനിപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ 180 റണ്‍സ് നേടിയപ്പോള്‍ ബാര്‍ബഡോസിനു 171 റണ്‍സ് മാത്രമേ നേടാനായുള്ളു.

ദിനേശ് രാംദിന്‍ നേടിയ 51 റണ്‍സിനൊപ്പം ഡ്വെയിന്‍ ബ്രാവോ(33), കോളിന്‍ മണ്‍റോ(28), ക്രിസ് ലിന്‍(29) എന്നിവര്‍ കൂടി ചേര്‍ന്നപ്പോള്‍ 20 ഓവറില്‍ നിന്ന് 180/5 എന്ന സ്കോര്‍ നൈറ്റ് റൈഡേഴ്സ് നേടുകയായിരുന്നു. 31 പന്തില്‍ നിന്ന് 51 റണ്‍സുമായി രാംദിന്‍ ആണ് മികച്ച പ്രകടനം ടീമിനായി നടത്തിയത്. ബാര്‍ബഡോസിനായി ഇമ്രാന്‍ ഖാന്‍, ചെമര്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ടും മുഹമ്മദ് ഇര്‍ഫാന്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാര്‍ബഡോസ് നിരയില്‍ 44 റണ്‍സുമായി നിക്കോളസ് പൂരന്‍ ആണ് ടീമിലെ ടോപ് സ്കോറര്‍. ഷായി ഹോപ് 26 റണ്‍സ് നേടി. അവസാന ഓവറില്‍ 24 റണ്‍സ് ജയിക്കുവാന്‍ വേണ്ടിയിരുന്ന ബാര്‍ബഡോസിനു ഓവറില്‍ നിന്ന് 14 റണ്‍സ് മാത്രമേ നേടാനായുള്ളു. 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 171 റണ്‍സാണ് ടീം നേടിയത്.

3 വിക്കറ്റ് വീഴ്ത്തിയ ട്രിന്‍ബാഗോ സ്പിന്നര്‍ ഫവദ് അഹമ്മദ് ആണ് കളിയിലെ താരം. അലി ഖാന് ഒരു വിക്കറ്റ് ലഭിച്ചു.

വിന്‍ഡീസ് ബോര്‍ഡ് ടീം ഫൈനലില്‍

വാന്‍കോവര്‍ നൈറ്റ്സിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി വിന്‍ഡീസ് ബോര്‍ഡ് ടീം ഗ്ലോബല്‍ ടി20 കാനഡ ഫൈനലില്‍ കടന്നു. വാന്‍കോവര്‍ നൈറ്റ്സിന്റെ കൂറ്റന്‍ സ്കോര്‍ അവസാന പന്തില്‍ മറികടന്നാണ് ആവേശകരമായ വിജയം ബോര്‍ഡ് ടീം നേടിയത്. അവസാന ഓവറില്‍ ജയിക്കാന്‍ 18 റണ്‍സ് വേണ്ടിയിരുന്ന ടീമിനെ ഒരു പന്ത് അവശേഷിക്കെ സ്കോറുകള്‍ ഒപ്പമെത്തിച്ച ആന്തണി ബ്രാംബിള്‍ അവസാന പന്തില്‍ സിക്സ് നേടിയാണ് അവിശ്വസനീയമായ വിജയം ടീമിനു നേടിക്കൊടുത്തത്.

ആദ്യ ക്വാളിഫയറില്‍ പരാജയപ്പെട്ടുവെങ്കിലും രണ്ടാം ക്വാളിഫയറില്‍ വിജയിച്ച് ഫൈനലില്‍ കടക്കുവാന്‍ ഒരവസരം കൂടി നൈറ്റ്സിനു ലഭിക്കും. ആദ്യം ബാറ്റ് ചെയ്ത വാന്‍കോവര്‍ ക്രിസ് ഗെയില്‍(50), ചാഡ്വിക് വാള്‍ട്ടണ്‍(54, 24 പന്തില്‍) എന്നിവരുടെ മികച്ച തുടക്കത്തിനു ശേഷം റാസി വാന്‍ ഡെര്‍ ഡൂസെന്‍(23), ബാബര്‍ ഹയാത്ത്(25), ആന്‍ഡ്രേ റസ്സല്‍(29) എന്നിവരുടെ നിര്‍ണ്ണായക സംഭാവനകളുടെ കൂടി ബലത്തോടെ 6 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് നേടുകയായിരുന്നു. വിന്‍ഡീസ് നിരിയില്‍ ജെര്‍മിയ ലൂയിസ്, ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് 66 പന്തില്‍ 10 സിക്സും 11 ബൗണ്ടറിയുമടക്കം നേടിയ 134 റണ്‍സാണ് വിന്‍ഡീസ് ടീമിന്റെ തുണയായി എത്തിയത്. 11/3 എന്ന നിലയിലേക്ക് തകര്‍ന്ന ടീമിനെ നാലാം വിക്കറ്റില്‍ നിക്കോളസ് പൂരനുമായി ചേര്‍ന്ന് 130 റണ്‍സാണ് റൂഥര്‍ഫോര്‍ഡ് നേടിയത്. 28 പന്തില്‍ 44 റണ്‍സ് നേടിയ പൂരനെ നഷ്ടമായെങ്കിലും ആന്തണി ബ്രാംബിളില്‍ മികച്ചൊരു പങ്കാളിയെ റൂഥര്‍ഫോര്‍ഡിനു ലഭിച്ചു.

80 റണ്‍സാണ് അവസാന 35 പന്തില്‍ നിന്ന് കൂട്ടുകെട്ട് നേടിയത്. 11 പന്തില്‍ 23 റണ്‍സുമായി ആന്തണി അവസാന ഓവറില്‍ കളി മാറ്റി മറിച്ചുവെങ്കിലും കൂട്ടുകെട്ടില്‍ കൂടുതലും അപകടകാരിയായത് റൂഥര്‍ഫോര്‍ഡ് ആയിരുന്നു. ടിം സൗത്തി രണ്ടും, ആന്‍ഡ്രേ റസ്സല്‍, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവര്‍ ഓരോ വിക്കറ്റും നൈറ്റ്സിനായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version