ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിൽ നിലവാരത്തകര്‍ച്ച – ഷാക്കിബ് അൽ ഹസന്‍

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ നിലവാരത്തെക്കുറിച്ച് വിമര്‍ശനവുമായി ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അൽ ഹസൻ. ടൂര്‍ണ്ണമെന്റിന്റെ സംഘാടകര്‍ക്ക് മുന്‍ നിര ടി20 ടൂര്‍ണ്ണമെന്റായി ബിപിഎലിനെ ഉയര്‍ത്തുവാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിലുള്ള സൗകര്യം ഉപയോഗിച്ച് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനെ മുന്‍ നിര ടൂര്‍ണ്ണമെന്റാക്കാവുന്നതേയുള്ളുവെന്നും അതിന് സാധിക്കാത്തതിൽ പിഴവ് അധികാരികളുടെതാണെന്നും ഓരോ വര്‍ഷം കഴിയും തോറും ടൂര്‍ണ്ണമെന്റിന്റെ നിലവാരം താഴോട്ടാണ് പോകുന്നതെന്നും ഷാക്കിബ് കൂട്ടിചേര്‍ത്തു.

ബിപിഎലിന് വേണ്ട മാര്‍ക്കറ്റ് സൃഷ്ടിക്കുവാന്‍ ആര്‍ക്കും സാധിച്ചില്ലെന്നതാണ് സത്യമെന്നും ബംഗ്ലാദേശിലെ ഓരോ മുക്കിലും മൂലയിലും ക്രിക്കറ്റ് കളിക്കുന്നത് കണക്കിലെടുത്ത് വലിയ മാര്‍ക്കറ്റാണ് ബിപിഎലിനുള്ളതെന്നും അത് ഉപയോഗിക്കുവാന്‍ സംഘാടകര്‍ക്ക് സാധിച്ചിട്ടില്ലെന്നും ഷാക്കിബ് പറഞ്ഞു.

ലങ്കന്‍ താരങ്ങളുടെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിൽ കളിക്കുവാനുള്ള അനുമതി ഇതുവരെ ഇല്ല

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിൽ കളിക്കുവാന്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്കുള്ള അനുമതി വൈകിച്ച് ശ്രീലങ്കന്‍ ബോര്‍ഡ്. ജനുവരി 6ന് ആണ് ടൂര്‍ണ്ണമെന്റ് ആരംഭിയ്ക്കുന്നത്. ടൂര്‍ണ്ണമെന്റിന്റെ ഏതെങ്കിലും ഘട്ടത്തിൽ ശ്രീലങ്കന്‍ താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനാകുമോ എന്നാണ് ഇപ്പോള്‍ തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് ബംഗ്ലാദേശ് ബോര്‍ഡ് അധികാരികള്‍ വ്യക്തമാക്കിയത്.

ശ്രീലങ്കന്‍ ടീമിന്റെ പ്രധാന ഷെഡ്യൂളുകള്‍ ഉള്ളതിനാലാണ് അനുമതി ഇതുവരെ ലഭിയ്ക്കാതിരുന്നതെന്നാണ് അറിയുന്നതെന്ന് ബംഗ്ലാദേശ് ചീഫ് എക്സിക്യൂട്ടീവ് നിസാമ്മുദ്ദീന്‍ ചൗധരി വ്യക്തമാക്കി.

ബയോ ബബിൾ ലംഘിച്ച് ഷാക്കിബ്, ഫ്രാഞ്ചൈസിയ്ക്ക് നോട്ടീസ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ബയോ ബബിൾ ലംഘിക്കുവാന്‍ ഷാക്കിബ് അൽ ഹസനെ അനുവദിച്ച ഫ്രാ‍ഞ്ചൈസി ഫോര്‍ച്യൂൺ ബാരിഷാലിന് കാരണം കാണിക്കൽ നോട്ടീസ് അയയ്ച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്.

ബയോ ബബിൾ നിയന്ത്രണങ്ങള്‍ ലംഘിച്ച് താരത്തിന് ഷൂട്ടിനായി പുറത്ത് കടക്കുവാനുള്ള അനുമതിയാണ് ഫ്രാഞ്ചൈസി നൽകിയത്. ഒരു സോഫ്ട് ഡ്രിങ്ക് കമ്പനിയുടെ ഷൂട്ടിന് വേണ്ടി താരം ഫൈനലിന് മുമ്പുള്ള ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടും ടീമിന്റെ പരിശീലന സെഷനും ഉപേക്ഷിച്ചിരുന്നു.

 

അവസാന ഓവറിൽ ബാരിഷാലിന് ജയിക്കുവാൻ പത്ത് റൺസ്, ഒരു റൺസ് ജയം നേടി കോമില്ല വിക്ടോറിയൻസ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ചാമ്പ്യൻമാ‍‍ർ

ബംഗ്ലാദേശ് പ്രീമിയര്‍ 2022 ചാമ്പ്യൻമാരായി കോമില്ല വിക്ടോറിയൻ്സ്. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ ഒരു റൺസ് വിജയം ആണ് വിക്ടോറിയൻസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത കോമില്ല 151/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ഫോര്‍ച്യൂൺ ബാരിഷാലിന് 150/8 എന്ന സ്കോർ മാത്രമേ നേടാനായുള്ളു.

സുനിൽ നരൈന്റെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തിൽ ആണ് വിക്ടോറിയൻസിന്റെ വിജയം. ബാറ്റിംഗിൽ 23 പന്തിൽ 57 റൺസ് നേടിയ നരൈനൊപ്പം 38 റൺസ് നേടി മോയിന്‍ അലിയാണ് വിക്ടോറിയന്‍സിന്റെ ബാറ്റിംഗിൽ തിളങ്ങിയത്.

58 റൺസ് നേടി ഷൈക്കത് അലി, 33 റൺസ് നേടിയ ക്രിസ് ഗെയിൽ എന്നിവരാണ് ബാരിഷാലിനായി റൺസ് കണ്ടെത്തിയത്. അവസാന ഓവറിൽ 10 റൺസായിരുന്നു ബാരിഷാലിന് ജയിക്കുവാന്‍ വേണ്ടിയിരുന്നത്.

ദൗഹിത് ഹൃദോയിയുടെ ക്യാച്ച് അഞ്ചാം പന്തിൽ കൈവിട്ടതോടെ ലക്ഷ്യം അവസാന പന്തിൽ മൂന്ന് റൺസായി മാറി. എന്നാൽ ഒരു റൺസ് മാത്രം അവസാന പന്തിൽ നേടിയപ്പോള്‍ ഒരു റൺസ് വിജയം സ്വന്തമാക്കുവാന്‍ വിക്ടോറിയന്‍സിന് സാധിച്ചു.

4 ഓവറിൽ 15 റൺസ് മാത്രം വിട്ട് നല്‍കി 2 വിക്കറ്റ് നേടിയ സുനിൽ നരൈനും 2 വിക്കറ്റ് നേടിയ തന്‍വീര്‍ ഇസ്ലാമുമാണ് ബൗളിംഗിൽ വിക്ടോറിയന്‍സിനായി തിളങ്ങിയത്. ഇത് വിക്ടോറിയന്‍സിന്റെ മൂന്നാം കിരീടം ആണ്.

പരിക്ക്, ടാസ്കിന്‍ അഹമ്മദിന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നഷ്ടമാകും

ബംഗ്ലാദേശ് പേസര്‍ ടാസ്കിന്‍ അഹമ്മദിന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. പുറം വേദന കാരണം ആണ് താരം ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറുന്നത്. താരത്തിനെ കുറെ നാളായി അലട്ടുന്ന പുറംവേദന വീണ്ടും വരികയായിരുന്നുവെന്നാണ് സില്‍ഹെറ്റ് ഫ്രാഞ്ചൈസി ഫിസിഷ്യന്‍ ജോയ് സാഹ പറഞ്ഞത്.

ഫ്രാഞ്ചൈസി ഈ വിവരം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും ബോര്‍ഡിന്റെ മെഡിക്കൽ ടീമിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് കാര്യങ്ങള്‍ നീക്കുന്നതെന്നും ജോയ് പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ പരമ്പര വരുന്നതിനാൽ തന്നെ താരത്തിന് വിശ്രമം ആണ് ആവശ്യമെന്നാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

ടൂര്‍ണ്ണമെന്റിൽ ഇതുവരെ നാല് മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്.

കാണികള്‍ ഇല്ല, ഡിആര്‍എസുമില്ല!!! തീരുമാനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് 2022ൽ കാണികള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ജനുവരി 21ന് ആരംഭിയ്ക്കാനിരിക്കുന്ന ലീഗ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുവാന്‍ തീരുമാനിച്ചതിന് കാരണം കോവിഡിന്റെ ഒമിക്രോൺ പതിപ്പിന്റെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ്.

ജനുവരി 10 മുതൽ ബംഗ്ലാദേശ് സര്‍ക്കാര്‍ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് പോലെ തന്നെ ടെക്നീഷ്യന്മാര്‍ക്ക് ബംഗ്ലാദേശിൽ എത്തുവാന്‍ സാധിക്കാത്തതിനാൽ തന്നെ ലീഗിൽ ഡിആര്‍എസ് സംവിധാനവും ഉണ്ടാകില്ല എന്നും ബോര്‍ഡ് അറിയിച്ചു.

ഹോക്ക്-ഐ കമ്പനിയിലെ ടെക്നീഷ്യന്മാര്‍ ഇപ്പോള്‍ മറ്റു രണ്ട് രാജ്യങ്ങളിലാണുള്ളതെന്നും ഒമിക്രോൺ കാരണം ബംഗ്ലാദേശിലേക്ക് അവര്‍ക്ക് എത്താനാകില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിൽ ആറ് ഫ്രാഞ്ചൈസികളുണ്ടാകുമെന്നറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ എട്ടാം പതിപ്പിൽ ആറ് ടീമുകള്‍ ഉണ്ടാകുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. എട്ട് ബിസിനസ്സ് ഗ്രൂപ്പുകളിൽ നിന്ന് എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്സ് ലഭിച്ചുവെന്ന് നേരത്തെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു.

ഈ സീസണിൽ ഫ്രാഞ്ചൈസികള്‍ക്ക് ഒരു വര്‍ഷത്തെ കരാര്‍ ആണ് നല്‍കിയിരിക്കുന്നത്. ഈ സീസണിന് ശേഷം മാത്രമേ ദൈര്‍ഘ്യമേറിയ കരാര്‍ നല്‍കുകയുള്ളുവെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

അതിനാൽ തന്നെ ധാക്ക ഡൈനാമൈറ്റ്സ്, രംഗ്പൂര്‍ റൈഡേഴ്സ്, ഖുൽന ടൈറ്റന്‍സ് എന്നിവര്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിൽ നിന്ന് പിന്മാറി.

ഈ വര്‍ഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഇല്ല – നസ്മുള്‍ ഹസന്‍

ഈ വര്‍ഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടത്തുക അസാധ്യം എന്ന് പറഞ്ഞ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. രാജ്യം കൊറോണയ്ക്കെതിരെ പൊരുതുന്ന ഘട്ടത്തില്‍ ഇത്തരം ഒരു ടൂര്‍ണ്ണമെന്റ് നടത്തുക സാധ്യമല്ലെന്ന് ഹസന്‍ വ്യക്തമാക്കി.

ഷേര്‍-ഇ-ബംഗ്ല നാഷണല്‍ സ്റ്റേഡിയത്തില്‍ മൂന്ന് ടീമുകളുടെ 50 ഓവര്‍ ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഹസന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വര്‍ഷം ടൂര്‍ണ്ണമെന്റ് നടത്താനാകുമോ എന്നത് കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.

വിദേശ താരങ്ങളുടെ പങ്കാളിത്തം ഉണ്ടാകേണ്ട ടൂര്‍ണ്ണമെന്റാണ് ബിപിഎല്‍ എന്നും അതിനാല്‍ തന്നെ ഇപ്പോള്‍ അത് സാധ്യമല്ലെന്നും അവരുടെ സാന്നിദ്ധ്യമില്ലാതെ ടൂര്‍ണ്ണമെന്റ് നടത്തേണ്ടതില്ലെന്നാണ് ബോര്‍‍ഡ് തീരുമാനം എന്നും നസ്മുള്‍ സൂചിപ്പിച്ചു.

ഐപിഎല്‍ പോലെ ഒരു വിദേശ വേദിയില്‍ ഈ ടൂര്‍ണ്ണമെന്റ് നടത്തുകയും അസാധ്യമാണെന്നും ബോര്‍ഡിന് അതിനുള്ള സാമ്പത്തിക ശേഷിയില്ലെന്നും നസ്മുള്‍ അഭിപ്രായപ്പെട്ടു.

വിവാദങ്ങൾക്ക് അവസാനം, ബി.പി.എല്ലിൽ ക്രിസ് ഗെയ്‌ൽ കളിക്കും

വിവാദങ്ങൾക്ക് അവസാനിപ്പിച്ച് കൊണ്ട് അടുത്ത സീസണിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ക്രിസ് ഗെയ്ൽ കളിക്കും. ബംഗ്ലാദേശ് പ്രീമിയർ ലീഗിന്റെ രണ്ടാം പാദത്തിലാവും ക്രിസ് ബംഗ്ളദേശ് പ്രീമിയർ ലീഗ് ടീമായ ചാറ്റോഗ്രാം ചലഞ്ചേഴ്‌സിന് വേണ്ടി കളിക്കുക.

നേരത്തെ ക്രിക്കറ്റിൽ നിന്ന് വിശ്രമം എടുക്കുകയാണെന്ന് പറഞ്ഞ് ക്രിസ് ഗെയ്ൽ വെസ്റ്റിൻഡീസിന്റെ ഇന്ത്യൻ പരമ്പരയിൽ നിന്നും ബിഗ് ബാഷ് ലീഗിൽ നിന്നും വിട്ടു നിൽക്കുകയാണെന്ന് അറിയിച്ചിരുന്നു. തുടർന്ന് ബംഗ്ലാദേശ് പ്രീമിയർ ലീഗ് ഡ്രാഫ്റ്റിൽ താൻ എങ്ങനെ എത്തിയെന്ന് തനിക്ക് അറിയില്ലെന്നും താരം അറിയിച്ചിരുന്നു.

തുടർന്ന് ചാറ്റോഗ്രാം ചലഞ്ചേഴ്‌സ് ഉടമകൾ ക്രിസ് ഗെയ്ൽ ടീമിന് വേണ്ടി കളിച്ചില്ലെങ്കിൽ താരത്തിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതിയ റിപോർട്ടുകൾ പ്രകാരം താരം ടീമിന് വേണ്ടി ഈ സീസണിൽ കളത്തിലിറങ്ങും. താരത്തിന് ഹാംസ്ട്രിങ് ഇഞ്ചുറി ഉണ്ടെന്നും താരം പൂർണമായും ഫിറ്റ് ആവാൻ സമയമെടുക്കുമെന്നും ടീം മാനേജിങ് ഡയറക്ടർ കെ.എം രിഫാറ്റുസമാൻ പറഞ്ഞു. ടൂർണമെന്റിന്റെ തുടക്കത്തിൽ താരം പൂർണമായും ഫിറ്റ് ആവില്ലെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ താരം കളിക്കുമെന്നും മാനേജിങ് ഡയറക്ടർ വ്യക്തമാക്കി.

ബംഗ്ലാദേശ് ടി20യിൽ പങ്കെടുത്തില്ലെങ്കിൽ ക്രിസ് ഗെയ്ലിനെതിരെ നടപടി

ക്രിസ് ഗെയ്ൽ ബംഗ്ലാദേശ് ടി20യിൽ കളിക്കാൻ തയ്യാറായില്ലെങ്കിൽ താരത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ടി20 ടീം ചാറ്റോഗ്രാം ചലഞ്ചേഴ്‌സ്. സൗത്ത് ആഫ്രിക്കയിൽ നടന്ന എം.എൽ.എസ് ലീഗിൽ കളിച്ചതിന് ശേഷമാണ് ക്രിക്കറ്റിൽ നിന്ന് അവധി എടുക്കയാണെന്ന് ക്രിസ് ഗെയ്ൽ പറഞ്ഞത്. ഇത് പ്രകാരം ബിഗ് ബാഷ് ലീഗിലും ഇന്ത്യക്കെതിരായ വെസ്റ്റിൻഡീസ് പരമ്പരയിൽ നിന്നും താരം വിട്ടുനിന്നിരുന്നു.

കൂടാതെ താൻ എങ്ങനെ ബംഗ്ലാദേശ് ടി20ക്കുള്ള ഡ്രാഫ്റ്റിൽ എത്തിയെന്ന് തനിക്ക് അറിയില്ലെന്നും താരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെയാണ് താരം ലീഗിൽ പങ്കെടുത്തില്ലെങ്കിൽ നടപടി എടുക്കണമെന്ന് ചാറ്റോഗ്രാം ചലഞ്ചേഴ്‌സ് ആവശ്യപ്പെട്ടത്. ചാറ്റോഗ്രാം ചലഞ്ചേഴ്‌സിന്റെ ടീം ഡയറക്ടർ ആണ് താരത്തിന്റെ ഏജന്റുമായി ചർച്ചകൾ നടത്തിയെന്ന് പറഞ്ഞത്. ക്രിസ് ഗെയ്‌ലിന് ഈ വിവരങ്ങൾ അറിയാമെന്ന് ക്രിസ് ഗെയ്‌ലിന്റെ ഏജന്റ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ടീം ഡയറക്ടർ അറിയിച്ചു.

മുൻപ് ബംഗ്ളദേശ് ടി20 ലീഗിൽ കളിച്ച ക്രിസ് ഗെയ്ൽ വിദേശ താരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരം കൂടിയാണ്.

ബിപിഎല്‍ ഉപേക്ഷിക്കുവാനുള്ള തീരുമാനം ബോര്‍ഡ് പുനഃപരിശോധിക്കണം

ഈ വര്‍ഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച ബംഗ്ലാദേശ് ബോര്‍ഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് പറഞ്ഞ് കോമില്ല വിക്ടോറിയന്‍സ് ഉടമ നഫീസ കമാല്‍. പല താരങ്ങളും ലീഗില്‍ കളിക്കാനായി വേറെ പല അവസരങ്ങളും വേണ്ടെന്ന് വെച്ചാണ് എത്തിയതെന്നും എന്നാല്‍ ബോര്‍ഡിന്റെ ഈ തീരുമാനം അവരുടെ കാര്യവും അവതാളത്തിലാക്കിയെന്ന് നഫീസ പറഞ്ഞു.

ഫ്രാഞ്ചൈസികളുടെ നിലപാടുകളാണ് ടൂര്‍ണ്ണമെന്റ് ഉപേക്ഷിക്കുവാന്‍ ഇടയാക്കിയതെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ലീഗിന്റെ വളര്‍ച്ചയില്‍ ഓരോ ഫ്രാഞ്ചൈസികള്‍ക്കും പങ്കുണ്ടെന്നും പെട്ടെന്ന് ലീഗിന്റെ ഭാഗമല്ല തങ്ങളെന്ന് അറിയുന്നത് പ്രയാസകരമാണെന്നും നഫീസ പറഞ്ഞു. ഫ്രാഞ്ചൈസികളില്ലാത്തൊരു ടി20 ടൂര്‍ണ്ണമെന്റ് ബോര്‍ഡ് നേരിട്ട് നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്ത്.

സെപ്റ്റംബര്‍ 15ന് ഡ്രാഫ്ട് നടക്കുമെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീടുള്ള ചര്‍ച്ചയില്‍ കാര്യങ്ങള്‍ തിരിഞ്ഞ് മറിയുകയായിരുന്നു. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വേറിട്ട റെവന്യൂ ഷെയറിംഗ് മോഡല്‍ വരണമെന്ന ആവശ്യമാണ് ബോര്‍ഡ് ഇപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. ലേലത്തിന് പകരം ഡ്രാഫ്ട് മതിയെന്ന തീരുമാനവും മൂന്ന് വിദേശ താരങ്ങളെ കളിപ്പിക്കണമെന്ന ആവശ്യവുമാണ് തങ്ങള്‍ മുന്നോട്ട് വെച്ചതെന്ന് നഫീസ വ്യക്തമാക്കി.

ഇത്തരത്തില്‍ ടൂര്‍ണ്ണമെന്റ് ഉപേക്ഷിക്കുന്നത് ടൂര്‍ണ്ണമെന്റിന്റെ നടത്തിപ്പിന് തന്നെ ചീത്തപ്പേരുണ്ടാക്കുകയാണെന്നും പല ക്രിക്കറ്റര്‍മാരും തന്നെ വിളിച്ച് എന്താണ് സ്ഥിതിയെന്ന് അറിയുവാന്‍ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. ബോര്‍ഡ് തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നഫീസ സൂചിപ്പിച്ചു.

ബിപിഎലിന് പകരം ബിഗ് ബാഷ് മാതൃകയില്‍ ടൂര്‍ണ്ണമെന്റ്

ഫ്രാഞ്ചൈസികളുമായി തെറ്റിപ്പിരിഞ്ഞ് ഈ വര്‍ഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പകരം നടത്തുവാന്‍ ആഗ്രഹിക്കുന്ന ടി20 ടൂര്‍ണ്ണമെന്റ് ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിന്റെ മാതൃകയിലാവും എന്നാണ് അറിയുവാന്‍ കഴിയുന്നത്. ബംഗ്ലാദേശിന്റെ ആദ്യ പ്രസിഡന്റായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പേരിലാവും ടൂര്‍ണ്ണമെന്റ് നടത്തുക.

ബോര്‍ഡ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് പൂര്‍ണ്ണമായും ഉപേക്ഷിക്കുകയല്ലെന്നും 2020ല്‍ തിരികെ ടൂര്‍ണ്ണമെന്റിലേക്ക് തങ്ങളെയും ഉള്‍പ്പെടുത്തുമെന്നാണ് ഫ്രാഞ്ചൈസികളുടെ പ്രതീക്ഷ. ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസനുമായുള്ള ചര്‍ച്ചയില്‍ നിന്ന് താന്‍ ഇതാണ് മനസ്സിലാക്കിയതെന്നാണ് ധാക്ക ഡൈനാമൈറ്റ്സ് ഉടമ നിസാം പറഞ്ഞത്. പല കാര്യങ്ങളിലും ഫ്രാഞ്ചൈസികളുമായുള്ള ചര്‍ച്ചയില്‍ ബോര്‍ഡിന് യോജിക്കാനാകാതെ പോയതോടെയാണ് ഈ തീരുമാനം ബോര്‍ഡ് കൈക്കൊണ്ടത്.

ഈ വര്‍ഷം ബോര്‍ഡുമായി കരാറില്‍ എത്തുവാന്‍ ഫ്രാഞ്ചൈസികള്‍ക്ക് സാധിക്കാനാകാഞ്ഞതില്‍ വിഷമമുണ്ടെങ്കിലും ഇത് ഒരു അവസാനമല്ലെന്ന പ്രതീക്ഷയുമുണ്ടെന്ന് നിസാം പറഞ്ഞു. ഒരു വര്‍ഷത്തെ ഇടവേള ബോര്‍ഡിന് മികച്ച പ്രൊപ്പോസലുമായി ഫ്രാഞ്ചൈസികളെ സമീപിക്കുവാനുള്ള അവസരം കൂടി നല്‍കുന്നുവെന്നും അത് ശുഭസൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version