36 പന്തില്‍ 76, ലോറി ഇവാന്‍സിന്റെ മികവില്‍ വിജയിച്ച് രാജ്ഷാഹി കിംഗ്സ്

സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ മികച്ച വിജയം നേടി രാജ്ഷാഹി കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സ് 189/5 എന്ന മികച്ച സ്കോര്‍ നേടിയെങ്കിലും രണ്ടോവര്‍ അവശേഷിക്കെ അഞ്ച് വിക്കറ്റ് വിജയം കരസ്ഥമാക്കുകയായിരുന്നു കിംഗ്സ്. സിക്സേര്‍സിന്റെ നിക്കോളസ് പൂരന്റെ വെടിക്കെട്ട് ബാറ്റിംഗിനെ മറികടക്കുന്ന പ്രകടനവുമായി ലോറി ഇവാന്‍സ് ആണ് കിംഗ്സിന്റെ രക്ഷകനായത്.

31 പന്തില്‍ 6 വീതം ബൗണ്ടറിയും സിക്സും നേടി നിക്കോളസ് പൂരന്‍ 76 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സബ്ബിര്‍ റഹ്മാന്‍ 45 റണ്‍സുമായി താരത്തിനു മികച്ച പിന്തുണ നല്‍കി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സിക്സേര്‍സ് 189 റണ്‍സ് നേടുകയായിരുന്നു. കമ്രുള്‍ ഇസ്ലാം രണ്ട് വിക്കറ്റുമായി കിംഗ്സ് ബൗളര്‍മാരില്‍ തിളങ്ങി. അരാഫത്ത് സണ്ണി, മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജ്ഷാഹി കിംഗ്സിനു വേണ്ടി 36 പന്തില്‍ നിന്ന് 76 റണ്‍സ് നേടി ലോറി ഇവാന്‍സ് തിളങ്ങിയെങ്കിലും 18 പന്തില്‍ 42 റണ്‍സ് നേടിയ റയാന്‍ ടെന്‍ ഡോഷാറ്റെയുടെ ഇന്നിംഗ്സാണ് നിര്‍ണ്ണായകമായത്. ജോണ്‍സണ്‍ ചാള്‍സ് 39 റണ്‍സ് നേടി. അലോക് കപാലി, സൊഹൈല്‍ തന്‍വീര്‍ എന്നിവര്‍ സിക്സേര്‍സിനു വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

അടിച്ച് തകര്‍ത്ത് സബ്ബിര്‍ റഹ്മാന്‍, എന്നിട്ടും സിക്സേര്‍സില്‍ നിന്ന് വിജയം തട്ടിയെടുത്ത് രംഗ്പൂര്‍ റൈഡേഴ്സ്

സബ്ബിര്‍ റഹ്മാന്റെയും നിക്കോളസ് പൂരന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍ 194/4 എന്ന കൂറ്റന്‍ സ്കോര്‍ നേടിയ സില്‍ഹെറ്റ് സിക്സേര്‍സിനെ വീഴ്ത്തി രംഗ്പൂര്‍ റൈഡേഴ്സ്. 3 പന്ത് ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന രംഗ്പൂര്‍ റൈഡേഴ്സിനു വേണ്ടി റിലീ റൂസോവ്, അലക്സ് ഹെയില്‍സ്, എബി ഡി വില്ലിയേഴ്സ് എന്നിവരാണ് തിളങ്ങിയത്. രണ്ടോവറില്‍ ജയിക്കുവാന്‍ 24 റണ്‍സ് എന്ന നിലയില്‍ മഷ്റഫെ മൊര്‍തസയും ഫര്‍ഹദ് റീസയും ചേര്‍ന്ന് 19ാം ഓവറില്‍ നിന്ന് നേടിയ 19 റണ്‍സാണ് സിക്സേര്‍സില്‍ നിന്ന് മത്സരം തട്ടിയെടുത്തത്.

51 പന്തില്‍ നിന്ന് 85 റണ‍്സ് നേടിയ സബ്ബിര്‍ റഹ്മാനും 27 പന്തില്‍ 47 റണ്‍സ് നേടി പുറത്താകാതെ നിന്ന നിക്കോളസ് പൂരനുമാണ് സിക്സേര്‍സിനു വേണ്ടി സിക്സടികളുമായി ക്രീസില്‍ തിളങ്ങിയത്. സബ്ബിര്‍ ആറും പൂരന്‍ മൂന്ന് സിക്സുമാണ് മത്സരത്തില്‍ നിന്ന് നേടിയത്. രംഗ്പൂര്‍ റൈഡേഴ്സിനു വേണ്ടി മഷ്റഫെ മൊര്‍തസ 2 വിക്കറ്റ് നേടി.

ക്രിസ് ഗെയിലിനെ രണ്ടാം പന്തില്‍ നഷ്ടമായെങ്കിലും 35 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ റിലീ റൂസോവിനൊപ്പം അലക്സ് ഹെയില്‍സ്(33), എബി ഡി വില്ലിയേഴ്സ്(34) എന്നിവരും 6 പന്തില്‍ നിന്ന് പുറത്താകാതെ 18 റണ്‍സ് നേടി ഫര്‍ഹദ് റീസയും ചേര്‍ന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ടാസ്കിന്‍ അഹമ്മദ് നാല് വിക്കറ്റുകള്‍ നേടിയെങ്കിലും രംഗ്പൂര്‍ റൈഡേഴ്സിന്റെ വിജയം തടയാന്‍ ആവുന്നതായിരുന്നില്ല പ്രകടനം.

വിജയ വഴിയിലേക്ക് തിരികെ എത്തി ധാക്ക ഡൈനാമൈറ്റ്സ്

ഷാക്കിബ് അല്‍ ഹസന്റെയും ആന്‍ഡ്രേ റസ്സലിന്റെയും മികവില്‍ സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ വിജയം കുറിച്ച് ധാക്ക ഡൈനാമൈറ്റ്സ്. കഴിഞ്ഞ മത്സരത്തില്‍ ടൂര്‍ണ്ണമെന്റിലെ ആദ്യ പരാജയം ഏറ്റുവാങ്ങിയ ശേഷം ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ 6 വിക്കറ്റ് വിജയം ധാക്ക സ്വന്തമാക്കിയത്.

ഡേവിഡ് വാര്‍ണറുടെ മികച്ച ഇന്നിംഗ്സിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത സില്‍ഹെറ്റ് സിക്സേര്‍സ് 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. 63 റണ്‍സ് നേടിയ വാര്‍ണര്‍ക്ക് പിന്തഉണയായി ലിറ്റണ്‍ ദാസ്(27), ജാക്കര്‍ അലി(25) എന്നിവരും നിര്‍ണ്ണായകമായ പ്രകടനങ്ങള്‍ പുറത്തെടുത്തു. ബൗളിംഗില്‍ ധാക്കയ്ക്കായി ആന്‍ഡ്രൂ ബിര്‍ച്ച് മൂന്നും ഷാക്കിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റും നേടി.

തുടക്കം പാളിയെങ്കിലും ഷാക്കിബ് അല്‍ ഹസന്‍(61*), ആന്‍ഡ്രൂ റസ്സല്‍(40*) എന്നിവരുടെ പ്രകടനത്തില്‍ 163/4 എന്ന സ്കോര്‍ 17ാം ഓവറില്‍ നേടി ധാക്ക വിജയം കുറിച്ചു. 4 സിക്സുകളുടെ സഹായത്തോടെ 21 പന്തില്‍ നിന്നാണ് റസ്സല്‍ 40 റണ്‍സ് നേടിയത്. സിക്സേര്‍സിനായി മുഹമ്മദ് ഇര്‍ഫാന്‍ രണ്ട് വിക്കറ്റ് നേടി.

സ്മിത്തിനു പിന്നാലെ വാര്‍ണറിനും പരിക്ക്, നാട്ടിലേക്ക് മടങ്ങുന്നു

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റ് സ്റ്റീവന്‍ സ്മിത്തിനു പിന്നാലെ ഡേവിഡ് വാര്‍ണറും നാട്ടിലേക്ക് മടങ്ങുന്നു . ഇന്നലെ ടീമിനു വേണ്ടി നിര്‍ണ്ണായക ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ശേഷമായിരുന്നു വാര്‍ണറിനു കൈമുട്ടിന്റെ വേദനയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുവാന്‍ തീരുമാനിക്കുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിനു വേണ്ടിയാണ് താരം നാട്ടിലേക്ക് മടങ്ങുന്നത്.

ജനുവരി 21നു നാട്ടില്‍ യാത്രയാകുന്നത് വരെ സില്‍ഹെറ്റ് സിക്സേര്‍സിനു വേണ്ടി കളിയ്ക്കും എന്നാണ് അറിയുന്നത്. ഇതുവരെ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 2 ശതകം ഉള്‍പ്പടെ നേടിയാണ് ടൂര്‍ണ്ണമെന്റില്‍ വാര്‍ണര്‍ നില്‍ക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്റ്റീവന്‍ സ്മിത്തിനു പരിക്കേറ്റ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നിന്ന് മടങ്ങേണ്ടി വന്നിരുന്നു. സ്മിത്ത് പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരികയായിരുന്നു.

തീപ്പൊരി ചിതറിച്ച് ലിറ്റണ്‍ ദാസും വാര്‍ണറും, സില്‍ഹെറ്റ് സിക്സേര്‍സിനു ജയം

രംഗ്പൂര്‍ റൈഡേഴ്സിനെതിരെ 27 റണ്‍സ് ജയം സ്വന്തമാക്കി സില്‍ഹെറ്റ് സിക്സേര്‍സ്. ലിറ്റണ്‍ ദാസ്(70), ഡേവിഡ് വാര്‍ണര്‍(61*) എന്നിവരുടെ തീപ്പൊരി ബാറ്റിംഗിന്റെ മികവില്‍ സില്‍ഹെറ്റ് ആദ്യം ബാറ്റ് ചെയ്ത് 187/5 എന്ന മകിച്ച സ്കോര്‍ നേടുകയായിരുന്നു. സബ്ബിര്‍ റഹ്മാന്‍ 20 റണ്‍സും നിക്കോളസ് പൂരന്‍ 26 റണ്‍സും നേടിയപ്പോള്‍ റൈഡേഴ്സിനു വേണ്ടി ഷൈഫുള്‍ ഇസ്ലാം മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനായി ഇറങ്ങിയ റൈഡേഴ്സിനു ഗെയില്‍ അടക്കമുള്ള ടോപ് ഓര്‍ഡര്‍ താരങ്ങളെ കുറഞ്ഞ സ്കോറിനു നഷ്ടമായത് തിരിച്ചടിയായി. റിലീ റൂസോവ്(58), മുഹമ്മദ് മിഥുന്‍(35), മഷ്റഫെ മൊര്‍തസ(33*) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും 20 ഓവറില്‍ നിന്ന് 160 എന്ന സ്കോര്‍ മാത്രം നേടുവാനെ രംഗ്പൂര്‍ റൈഡേഴ്സിനു സാധിച്ചുള്ളു. മെഹ്ദി ഹസന്‍ റാണ, ടാസ്കിന്‍ അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി സിക്സേര്‍സിനു വേണ്ടി തിളങ്ങി.

ഇടംകൈ ബാറ്റിംഗ് മതിയാക്കി വാര്‍ണര്‍, മൂന്ന് പന്തില്‍ നിന്ന് നേടിയത് 14 റണ്‍സ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ക്രിസ് ഗെയിലിനെതിരെ വലം കൈ ബാറ്റിംഗിലൂടെയും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഡേവിഡ് വാര്‍ണര്‍. ഓവറിലെ ആദ്യ മൂന്ന് പന്തില്‍ കാര്യമായി സ്കോറിംഗ് നടത്താനാകാതെ പോയ വാര്‍ണര്‍ അവസാന മൂന്ന് പന്തില്‍ വലംകൈയ്യനായി മാറി 14 റണ്‍സാണ് നേടിയത്. നാലാം പന്തില്‍ സിക്സ് നേടിയ വാര്‍ണര്‍ അടുത്ത രണ്ട് പന്തില്‍ ബൗണ്ടറിയും നേടി.

36 പന്തില്‍ നിന്ന് 61 റണ്‍സാണ് പുറത്താകാതെ വാര്‍ണര്‍ നേടിയത്. വാര്‍ണറുടെയും 70 റണ്‍സ് നേടിയ ലിറ്റണ്‍ ദാസിന്റെയും പ്രകടനത്തിന്റെ ബലത്തില്‍ സില്‍ഹെറ്റ് സിക്സേര്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്.

മഹെദി ഹസന്റെ മുന്നില്‍ നാണംകെട്ട് വാര്‍ണറുടെ ടീം, 68 റണ്‍സിനു പുറത്ത്

വമ്പന്‍ പേരും പെരുമയുമായി എത്തിയ സില്‍ഹെറ്റ് സിക്സേര്‍സിനു നാണംകെട്ട തോല്‍വി. ഡേവിഡ് വാര്‍ണര്‍, ആന്‍ഡ്രേ ഫ്ലെച്ചര്‍, നിക്കോളസ് പൂരന്‍ എന്നിവരുടെ വിദേശ കരുത്തിനൊപ്പം ബംഗ്ലാദേശ് താരങ്ങളായ സബ്ബിര്‍ റഹ്മാനും ലിറ്റണ്‍ ദാസും അടങ്ങിയ ബാറ്റിംഗ് നിര പരാജയപ്പെട്ടപ്പോള്‍ ടീം 68 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

നാല് താരങ്ങള്‍ പൂജ്യത്തിനു പുറത്തായ മത്സരത്തില്‍ 33 റണ്‍സ് നേടി പുറത്താകാതെ നിന്ന അലോക് കപാലിയാണ് ടീമിന്റെ ടോപ് സ്കോറര്‍. കോമില്ല വിക്ടോറിയന്‍സിനു വേണ്ടി മഹെദി ഹസന്‍ നാലും വഹാബ് റിയാസ് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ലിയാം ഡോസണ്‍ 2 വിക്കറ്റ് നേടി.

തുടക്കം കോമില്ലയ്ക്കും പാളിയെങ്കിലും ഷംസുര്‍ റഹ്മാന്‍(34*), ഇമ്രുല്‍ കൈസ്(30*) എന്നിവര്‍ ചേര്‍ന്ന് 11.1 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഫോം കണ്ടെത്താനാകാതെ ഡേവിഡ് വാര്‍ണര്‍, നിക്കോളസ് പൂരന്റെ വെടിക്കെട്ടിനെ അതിജീവിച്ച് വിജയം തുടര്‍ന്ന് ഡൈനാമൈറ്റസ്

ത്രില്ലര്‍ വിജയത്തിനു ശേഷം അനായാസ ജയവുമായി ധാക്ക ഡൈനാമൈറ്റ്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 32 റണ്‍സിനാണ് ഡൈനാമൈറ്റ്സ് സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ വിജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ധാക്ക 173/7 എന്ന സ്കോര്‍ നേടിയപ്പോള്‍ സിക്സേര്‍സ് 141 റണ്‍സാണ് 9 വിക്കറ്റ് നഷ്ടത്തില്‍ ടീം നേടിയത്. നിക്കോളസ് പൂരന്‍ ഏകനായി 47 പന്തില്‍ നിന്ന് 9 സിക്സുകളുടെ സഹായത്തോടെ 72 റണ്‍സ് നേടിയെങ്കിലും സഹതാരങ്ങളാരും തന്നെ മികവ് പുലര്‍ത്താതിരുന്നത് സിക്സേര്‍സിനു തിരിച്ചടിയായി. ധാക്കയ്ക്ക് വേണി റൂബല്‍ ഹൊസൈന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഷാക്കിബ് അല്‍ ഹസന്‍, ഷുവഗാത ഹോം എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ധാക്കയ്ക്ക് വേണ്ടി റോണി താലൂക്ദാര്‍ 34 പന്തില്‍ നിന്ന് 58 റണ്‍സ് നേടി തിളങ്ങിയപ്പോള്‍ സുനില്‍ നരൈന്‍(25), ഷാക്കിബ് അല്‍ ഹസന്‍(23) എന്നിവര്‍ക്കൊപ്പം നൈം ഷെയ്ഖ് 25 നിര്‍ണ്ണായക റണ്‍സ് നേടി പുറത്താകാതെ നിന്നു. സിക്സേര്‍സിനു വേണ്ടി ടാസ്കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേടി.

നായകന്‍ വാര്‍ണറെ വെല്ലും പ്രകടനവുമായി ടീമിനെ വിജയിപ്പിച്ച് നിക്കോളസ് പൂരന്‍

സ്വന്തം ടീം നായകന്‍ ഡേവിഡ് വാര്‍ണറെ വെല്ലുന്ന പ്രകടനവുമായി നിക്കോളസ് പൂരന്‍ ബാറ്റ് വീശിയപ്പോള്‍ 5 റണ്‍സിന്റെ ജയം സ്വന്തമാക്കി സില്‍ഹെറ്റ് സിക്സേര്‍സ്. 59 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം 32 പന്തില്‍ നിന്ന് 52 റണ്‍സ് നേടി പുറത്താകാതെ നിന്ന പൂരന്റെ പ്രകടനവും ഒപ്പം അഫീഫ് ഹൊസൈന്‍ 28 പന്തില്‍ നിന്ന് 45 റണ്‍സും നേടിയപ്പോള്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം 168/5 എന്ന സ്കോര്‍ സില്‍ഹെറ്റ് നേടി. റോബി ഫ്രൈലിങ്കിന്റെ തീപാറുന്ന പന്തുകളില്‍ 6/3 എന്ന നിലയിലേക്ക് വീണ ശേഷമാണ് മത്സരത്തില്‍ സിക്സേര്‍സിന്റെ തിരിച്ചുവരവ്. നാലാം വിക്കറ്റില്‍ അഫീഫും വാര്‍ണറും ചേര്‍ന്ന് 71 റണ്‍സ് നേടിയ ശേഷം അഫീഫ് മടങ്ങിയെങ്കിലും പകരമെത്തിയ പൂരനുമായി ചേര്‍ന്ന് 67 റണ്‍സ് അഞ്ചാം വിക്കറ്റിലും ചേര്‍ക്കാന്‍ ടീമിനായി. അലോക കപാലിയെ കാഴ്ചക്കാരനായി 21 റണ്‍സ് കൂടിയാണ് പൂരന്‍ ആറാം വിക്കറ്റില്‍ നേടിയത്. ഇതില്‍ രണ്ട് റണ്‍സാണ് കപാലിയുടെ സംഭാവന.

വലിയ ലക്ഷ്യം തേടിയിറങ്ങിയ ചിറ്റഗോംഗ് വൈക്കിംഗ്സിനു 7 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് മാത്രമേ നേടാനായുള്ളു. 24 പന്തില്‍ നിന്ന് 44 റണ്‍സ് നേടി പുറത്താകാതെ നിന്ന റോബി ഫ്രൈലിങ്കിനു എന്നാല്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. അവസാന ഓവറില്‍ രണ്ട് സിക്സുകള്‍ നേടിയെങ്കിലും വിജയിക്കുവാന്‍ നേടേണ്ടിയിരുന്നത് 23 റണ്‍സായിരുന്നു. അതിനു അഞ്ച് റണ്‍സ് അകലെ വരെ മാത്രമേ ടീമിനു എത്തുവാനായുള്ളു.

വൈക്കിംഗിനു വേണ്ടി കാമറൂണ്‍ ഡെല്‍പോര്‍ട്ട് (38), സിക്കന്ദര്‍ റാസ(37), മുഹമ്മദ് അഷ്റഫുള്‍(22) എന്നിവരും റണ്‍സ് കണ്ടെത്തി. ടാസ്കിന്‍ അഹമ്മദ് നേടിയ 4 വിക്കറ്റുകള്‍ക്കൊപ്പം അലോക് കപാലി സിക്സേര്‍സിനു വേണ്ടി രണ്ട് വിക്കറ്റ് നേടി.

വിലക്കപ്പെട്ട് ഓസീസ് താരങ്ങള്‍ ക്യാപ്റ്റന്മാരായ മത്സരത്തില്‍ വിക്ടോറിയന്‍സിന്റെ രക്ഷകനായി ഷാഹിദ് അഫ്രീദി

സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ കോമില്ല വിക്ടോറിയന്‍സിനു ജയം. ഇന്നലെ നടന്ന മത്സരങ്ങളില്‍ ആദ്യത്തേതില്‍ 4 വിക്കറ്റിന്റെ ജയമാണ് വിക്ടോറിയന്‍സ് സ്വന്തമാക്കിയത്. 20 ഓവറില്‍ നിന്ന് സിക്സേര്‍സ് 127/8 എന്ന സ്കോറാണ് നേടിയത്. 41 റണ്‍സ് നേടിയ നിക്കോളസ് പൂരന്റെ മികവ് മാത്രമാണ് സിക്സേര്‍സിനെ മുന്നോട്ട് നയിച്ചത്. ഡേവിഡ് വാര്‍ണര്‍ 14 റണ്‍സ് നേടി പുറത്തായി. മഹെദി ഹസന്‍, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് സൈഫുദ്ദീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷാഹിദ് അഫ്രീദി ഒരു വിക്കറ്റ് നേടി.

പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിടുന്ന ഓസീസ് താരങ്ങളായ ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തുമാണ് യഥാക്രം സിക്സേര്‍സിനെയും വിക്ടോറിയന്‍സിനെയും നയിച്ചത്. എന്നാല്‍ ഇരു താരങ്ങള്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചില്ല. വാര്‍ണര്‍ 14 റണ്‍സും സ്മിത്ത് 16 റണ്‍സും നേടി പുറത്താകുകയായിരുന്നു.

128 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ വിക്ടോറിയന്‍സ് ഒരു ഘട്ടത്തില്‍ 97/6 എന്ന നിലയിലേക്ക് വീണിരുന്നു. അവിടെ നിന്ന് 2 പന്തില്‍ നിന്ന് പുറത്താകാതെ 39 റണ്‍സ് നേടിയ അഫ്രീദിയാണ് കളി മാറ്റിയത്. തമീം ഇക്ബാല്‍ 35 റണ്‍സ് നേടി പുറത്തായി. സന്ദീപ് ലാമിച്ചാനെ, അല്‍-അമീന്‍ ഹൊസൈന്‍ എന്നിവര്‍ സിക്സേര്‍സിനു വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

സ്മിത്തിനെ പിന്‍തുടര്‍ന്ന് വിലക്ക്, വാര്‍ണര്‍ കളിയ്ക്കും

ബൈ ലോയുടെ കാര്യം പറഞ്ഞ് സ്മിത്തിനെ വിലക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. മുന്‍ ഓസ്ട്രേലിയന്‍ നായകനെ കോമില വിക്ടോറിയന്‍സിനെ അടുത്ത സീസണിലേക്ക് ടീിലേക്ക് എത്തിച്ചിരുന്നുവെങ്കിലും വിലക്ക് വന്നതിനെത്തുടര്‍ന്ന് പകരം താരത്തെ ടീം കണ്ടെത്തേണ്ട ഗതികേടിലാണ്. സ്റ്റീവ് സ്മിത്തിനെ അസേല ഗുണരത്നേയെ ടീമിലേക്ക് പകരക്കാരനായി കണ്ടെത്തിയിരുന്നത്.

സ്മിത്തിനെ ഡ്രാഫ്ടിനു പുറത്ത് നിന്ന് എടുത്തുവെന്നത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നത് മറ്റു ഫ്രാഞ്ചൈസികള്‍ ചൂണ്ടിക്കാണിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ബിപിഎല്‍ ഗവേണിംഗ് കൗണ്‍സിലിനു ഫ്രാഞ്ചൈസികളെ വിശ്വാസത്തിലെടുക്കുവാന്‍ സാധിക്കാതെ വന്നതോടെ സ്മിത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുവാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു.

സ്മിത്തും ഡേവിഡ് വാര്‍ണറും കേപ് ടൗണ്‍ ടെസ്റ്റിലെ പന്ത് ചുരണ്ടല്‍ വിവാദം കാരണം ഓസ്ട്രേലിയ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളെ വിലക്കിയിരിക്കുകയാണ്. അതേ സമയം ഡേവിഡ് വാര്‍ണര്‍ സില്‍ഹെറ്റ് സിക്സേഴ്സിനു വേണ്ടി ബിപിഎലില്‍ കളിക്കുന്നുണ്ട്. ടീമിന്റെ നായകനാണ് ഡേവിഡ് വാര്‍ണര്‍.

സ്മിത്ത് കോമില്ല വിക്ടോറിയന്‍സില്‍

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സ്റ്റീവന്‍ സ്മിത്ത് കോമില്ല വിക്ടോറിയന്‍സിനു വേണ്ടി കളിയ്ക്കും. ജനുവരി അഞ്ച് മുതല്‍ ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഷൊയ്ബ് മാലിക് ന്യൂസിലാണ്ടിനെതിരെ കളിയ്ക്കുവാന്‍ മടങ്ങുമ്പോളാണ് പകരക്കാരനായി സ്മിത്ത് എത്തുക. സ്മിത്ത് 2019 മാര്‍ച്ച് 29 വരെ വിലക്കിലാണ്. സ്മിത്തിനൊപ്പം വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ഡേവിഡ് വാര്‍ണര്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സില്‍ഹെറ്റ് സിക്സേഴ്സിനു വേണ്ടി കളിയ്ക്കും.

നാല് മത്സരങ്ങള്‍ക്ക് ശേഷം താരം ടീമിനൊപ്പമെത്തുമെന്നാണ് വിക്ടോറിയന്‍സും ഔദ്യോഗികമായി അറിയിച്ചത്.

Exit mobile version