റയാന്‍ ടെന്‍ ഡോഷാറ്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിൽ, ടീമിനൊപ്പം ചേരുന്നത് ഫീൽഡിംഗ് കോച്ചായി

മുന്‍ നെതര്‍ലാണ്ട്സ് താരം റയാന്‍ ടെന്‍ ഡോഷാറ്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലക സംഘത്തിലേക്ക്. ടീമിന്റെ ഫീൽഡിംഗ് കോച്ചെന്ന നിലയിലാണ് താരം സഹകരിക്കുക. സഹ പരിശീലകനായി സ്ഥാനക്കയറ്റം ലഭിച്ച ജെയിംസ് ഫോസ്റ്ററിന് പകരം ആണ് ഈ റോളിൽ റയാന്‍ എത്തുന്നത്.

മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ റയാന്‍ ടീം 2012, 2014 വര്‍ഷങ്ങളിൽ കപ്പ് നേടിയപ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു. യുഎഇ ലീഗ് ആയ ഐഎൽടി20യിൽ അബു ദാബി നൈറ്റ് റൈഡേഴ്സിന്റെ സഹ പരിശീലകനായും റയാന്‍ പ്രവര്‍ത്തിക്കും.

കെന്റിന് പുതിയ ബാറ്റിംഗ് പരിശീലകന്‍

കെന്റിന്റെ പുതിയ ബാറ്റിംഗ് കോച്ചായി റയാന്‍ ടെന്‍ ഡോഷാറ്റെയെ നിയമിച്ചു. മുന്‍ നെതര്‍ലാണ്ട്സ് ഓള്‍റഔണ്ടര്‍ അടുത്തിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 41 വയസ്സുകാരന്‍ ജനുവരി 1 2022ന് ക്ലബിൽ എത്തും.

തന്റെ കരിയറിലെ പുതിയ അധ്യായത്തിൽ കളിക്കാരനെന്ന നിലയിലുള്ള തന്റെ പരിചയസമ്പത്ത് ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്നും കെന്റിലെ താരങ്ങളെ മികച്ചവരാക്കുവാന്‍ തനിക്കാകുമെന്നുമാണ് കരുതുന്നതെന്ന് ടെന്‍ ഡോഷാറ്റെ വ്യക്തമാക്കി.

കൗണ്ടിയിൽ എസ്സെക്സിന് വേണ്ടി കളിച്ചിട്ടുള്ള റയാന്‍ അവരെ രണ്ട് തവണ കിരീടത്തിലേക്കും നയിച്ചിരുന്നു. 57 അന്താരാഷ്ട്ര മത്സരങ്ങളിൽ നെതര്‍ലാണ്ട്സിനായി കളിച്ചിട്ടുള്ള താരം ഫ്രാഞ്ചൈസി ക്രിക്കറ്റിലെ സജീവ സാന്നിദ്ധ്യമായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് റയാന്‍ ടെന്‍ ഡോഷാറ്റെ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് റയാന്‍ ടെന്‍ ഡോഷാറ്റെ. ഇന്നലെ ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിൽ താരത്തിന് ടീമിൽ അവസരം ലഭിച്ചിരുന്നില്ല.

2006ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം യോഗ്യത റൗണ്ടിൽ നെതര്‍ലാണ്ട്സിനെതിരെ കളിച്ചപ്പോള്‍ പൂജ്യത്തിന് പുറത്താകുകയായിരുന്നു. നമീബിയയ്ക്കെതിരെ താരത്തിന് ബാറ്റിംഗിന് അവസരം ലഭിച്ചില്ല.

33 ഏകദിനങ്ങളിലും 24 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരം 2011 ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനും അയര്‍ലണ്ടിനും എതിരെ ശതകം നേടിയിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ അഞ്ച് വര്‍ഷത്തോളം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായിരുന്ന താരം 2012, 14 വര്‍ഷങ്ങളിൽ കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു.

എസ്സെക്സുമായുള്ള കരാര്‍ പുതുക്കി റയാന്‍ ടെന്‍ ഡോഷാറ്റെ

എസ്സെക്സുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി പുതുക്കി വെറ്ററന്‍ ഓള്‍റൗണ്ടര്‍ റയാന്‍ ടെന്‍ ഡോഷാറ്റെ. 2021 സീസണ്‍ അവസാനം വരെ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ എസ്സെക്സിനൊപ്പം ഈ കരാര്‍ പ്രകാരം തുടരും. അഞ്ച് വര്‍ഷത്തിനുള്ളില്‍ എസ്സെക്സ് തങ്ങളുടെ നാല് റെഡ് ബോള്‍ കിരീടം ആണ് ഇതുവരെ നേടിയിട്ടുള്ളത്. ബോബ് വില്ലിസ് ട്രോഫിയില്‍ ഈ വര്‍ഷം എസ്സെക്സ് കിരീടം നേടിയപ്പോള്‍ താരം 31.14 ശരാശരിയിലാണ് ബാറ്റ് വീശിയത്.

ടി20 ബ്ലാസ്റ്റില്‍ താരത്തിന്റെ ശരാശരി 51 റണ്‍സായിരുന്നു. ടൂര്‍ണ്ണമെന്റില്‍ എസ്സെക്സിലെ മറ്റു താരങ്ങള്‍ പരാജയമായി മാറിയിരുന്നു. 2003 മുതല്‍ ക്ലബിനൊപ്പമുള്ള നെതര്‍ലാണ്ട്സ് താരം നാല് സീസണുകളില്‍ ടീമിനെ നയിച്ചിട്ടുണ്ട്. ഡിവിഷന്‍ രണ്ടിലെ കിരീടം ഉള്‍പ്പെടെ ഇതില്‍ മൂന്ന് റെഡ് ബോള്‍ കിരീടങ്ങളും ഉള്‍പ്പെടുന്നു.

ടി20 ബ്ലാസ്റ്റ് അരങ്ങേറ്റത്തില്‍ തിളങ്ങി എബി ഡി വില്ലിയേഴ്സ്

ടി20 ബ്ലാസ്റ്റ് അരങ്ങേറ്റത്തില്‍ മികച്ച ഫോമിലേക്ക് ഉയര്‍ന്ന് എബി ഡി വില്ലിയേഴ്സ്. 43 പന്തില്‍ നിന്ന് 88 റണ്‍സാണ് ഇന്നലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ എബിഡി നേടിയത്. മിഡില്‍സെക്സിനായി താരം വമ്പന്‍ ഫോമില്‍ കളിച്ചപ്പോള്‍ മത്സരത്തില്‍ 7 വിക്കറ്റിന്റെ വിജയം 3 ഓവര്‍ ബാക്കി നില്‍ക്കെ എസ്സെക്സ് സ്വന്തമാക്കുകയായിരുന്നു. ഇന്നലെ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എസ്സെക്സ് റയാന്‍ ടെന്‍ ഡോഷാട്ടേയുടെ ബാറ്റിംഗ് മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടുകയായിരുന്നു.

46 പന്തില്‍ നിന്ന് 6 ഫോറും 3 സിക്സും അടക്കം 74 റണ്‍സാണ് താരം നേടിയത്. ടോം വെസ്റ്റ്‍ലെ 40 റണ്‍സ് നേടി. മിഡില്‍സെക്സിനായി ടോം ഹെല്‍ം മൂന്ന് വിക്കറ്റും നഥാന്‍ സൗട്ടര്‍ രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ മിഡില്‍സെക്സ് 3 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി വിജയം ഉറപ്പിച്ചപ്പോള്‍ എബി ഡി വില്ലിയേഴ്സ് 43 പന്തില്‍ നിന്ന് 88 റണ്‍സ് നേടി. 5 ഫോറും 6 സിക്സുമാണ് എബിയുടെ നേട്ടം. 34 പന്തില്‍ നിന്ന് 43 റണ്‍സുമായി ദാവീദ് മലനും മിഡില്‍സെക്സിനായി മികവ് പുലര്‍ത്തി.

36 പന്തില്‍ 76, ലോറി ഇവാന്‍സിന്റെ മികവില്‍ വിജയിച്ച് രാജ്ഷാഹി കിംഗ്സ്

സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ മികച്ച വിജയം നേടി രാജ്ഷാഹി കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സ് 189/5 എന്ന മികച്ച സ്കോര്‍ നേടിയെങ്കിലും രണ്ടോവര്‍ അവശേഷിക്കെ അഞ്ച് വിക്കറ്റ് വിജയം കരസ്ഥമാക്കുകയായിരുന്നു കിംഗ്സ്. സിക്സേര്‍സിന്റെ നിക്കോളസ് പൂരന്റെ വെടിക്കെട്ട് ബാറ്റിംഗിനെ മറികടക്കുന്ന പ്രകടനവുമായി ലോറി ഇവാന്‍സ് ആണ് കിംഗ്സിന്റെ രക്ഷകനായത്.

31 പന്തില്‍ 6 വീതം ബൗണ്ടറിയും സിക്സും നേടി നിക്കോളസ് പൂരന്‍ 76 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സബ്ബിര്‍ റഹ്മാന്‍ 45 റണ്‍സുമായി താരത്തിനു മികച്ച പിന്തുണ നല്‍കി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സിക്സേര്‍സ് 189 റണ്‍സ് നേടുകയായിരുന്നു. കമ്രുള്‍ ഇസ്ലാം രണ്ട് വിക്കറ്റുമായി കിംഗ്സ് ബൗളര്‍മാരില്‍ തിളങ്ങി. അരാഫത്ത് സണ്ണി, മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജ്ഷാഹി കിംഗ്സിനു വേണ്ടി 36 പന്തില്‍ നിന്ന് 76 റണ്‍സ് നേടി ലോറി ഇവാന്‍സ് തിളങ്ങിയെങ്കിലും 18 പന്തില്‍ 42 റണ്‍സ് നേടിയ റയാന്‍ ടെന്‍ ഡോഷാറ്റെയുടെ ഇന്നിംഗ്സാണ് നിര്‍ണ്ണായകമായത്. ജോണ്‍സണ്‍ ചാള്‍സ് 39 റണ്‍സ് നേടി. അലോക് കപാലി, സൊഹൈല്‍ തന്‍വീര്‍ എന്നിവര്‍ സിക്സേര്‍സിനു വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

ശതകവുമായി ലോറി ഇവാന്‍സ്, രാജ്ഷാഹി കിംഗ്സിനു വിജയം

ലോറി ഇവാന്‍സ് ശതകവും റയാന്‍ ടെന്‍ ഡോഷാട്ടേ അര്‍ദ്ധ ശതകവും നേടി ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ 38 റണ്‍സിന്റെ ജയവുമായി രാജ്ഷാഹി കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് 176/3 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കോമില്ല വിക്ടോറിയന്‍സിനു 18.2 ഓവറില്‍ 138 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

62 പന്തില്‍ 9 ബൗണ്ടറിയും 6 സിക്സും അടക്കം 104 റണ്‍സാണ് ഇവാന്‍സ് നേടിയത്. റയാന്‍ ടെന്‍ ഡോഷാട്ടേ 59 റണ്‍സ് നേടി. ഇരുവരും പുറത്താകാതെ നിന്നാണ് ടീമിന്റെ മികച്ച സ്കോറിലേക്ക് നയിച്ചത്. വിക്ടോറിയന്‍സിനു വേണ്ടി ലിയാം ഡോസണ്‍ രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കോമില്ല വിക്ടോറിയന്‍സിനെ കമ്രുള്‍ ഇസ്ലാം നാല് വിക്കറ്റ് വീഴ്ത്തി തടയിടുകയായിരുന്നു. കൈസ് അഹമ്മദ്, റയാന്‍ ടെന്‍ ഡോഷാട്ടേ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 26 റണ്‍സ് നേടിയ അനാമുള്‍ ഹക്ക് വിക്ടോറിയന്‍സിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ തമീം ഇക്ബാല്‍ 25 റണ്‍സ് നേടി.

കാബൂള്‍ സ്വാനനെ വീഴ്ത്തി ബാല്‍ക്ക് ലെജന്‍ഡ്സ്

റയാന്‍ ടെന്‍ ഡോഷെറ്റയുടെ ബാറ്റിംഗ് മികവില്‍ കാബൂള്‍ സ്വാനനെ കീഴടക്കി ബാല്‍ക്ക് ലെജന്‍ഡ്സ്. തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ജയം തേടിയെത്തിയ കാബൂളിനു 6 വിക്കറ്റ് നഷ്ടത്തില്‍ 176 എന്ന മികച്ച സ്കോര്‍ നേടാനായെങ്കിലും രണ്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ ബാല്‍ക്ക് ലെജന്‍ഡ്സ് 18.5 ഓവറില്‍ വിജയം സ്വന്തമാക്കി.

റയാന്‍ ടെന്‍ ഡോഷെറ്റയുടെ 78 റണ്‍സ് പ്രകടനത്തിനൊപ്പം രവി ബൊപ്പാര(38*), ഉസ്മാന്‍ ഖാനി(40) എന്നിവരും ബാല്‍ക്കിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തി. 46 പന്ത് നേരിട്ട റയാന്‍ 7 ബൗണ്ടറിയും 4 സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്. മൂന്നാം വിക്കറ്റില്‍ 89 റണ്‍സാണ് ബൊപ്പാരയും റയാനും ചേര്‍ന്ന് നേടിയത്. അഞ്ചാം ഓവറില്‍ റഷീദ് ഖാന്‍ കോളിന്‍ മണ്‍റോയെ പുറത്താക്കിയെങ്കിലും പിന്നീട് ബാല്‍ക്ക് ലെജന്‍ഡ്സ് മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാബൂള്‍ ഒരു ഘട്ടത്തില്‍ 76/5 എന്ന നിലയിലായിരുന്നുവെങ്കിലും അവസാന 9 ഓവറില്‍ നിന്ന് 100 റണ്‍സ് നേടി മികച്ച സ്കോര്‍ നേടുകയായിരുന്നു. ആദ്യ മത്സരത്തിലേത് പോലെ ലൗറി ഇവാന്‍സ് മികച്ച പ്രകടനം നടത്തിയപ്പോള്‍ റഷീദ് ഖാനാണ് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. 27 പന്തില്‍ നിന്ന് 5 സിക്സുള്‍പ്പെടെ 56 റണ്‍സാണ് പുറത്താകാതെ റഷീദ് ഖാന്‍ നേടിയത്. ഇവാന്‍സ് 64 റണ്‍സ് നേടി. മുഹമ്മദ് നബിയും അഫ്താബ് അലവും രണ്ട് വീതം വിക്കറ്റ് ബാല്‍ക്കിനായി നേടി.

Exit mobile version