ബ്രാവോ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിലേക്ക് മടങ്ങിയെത്തുന്നു

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ബൗളിംഗ് കോച്ചായ ഡ്വെയിന്‍ ബ്രാവോ കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനായി കളിക്കും. താരം കഴിഞ്ഞ സീസണിൽ സെയിന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിന് വേണ്ടിയാണ് കളിച്ചത്. ബ്രാവോ ടീം ക്യാപ്റ്റന്‍ കീറൺ പൊള്ളാര്‍ഡിനും മറ്റ് വെസ്റ്റിന്‍ഡീസ് ഇതിഹാസങ്ങളാ‍യ സുനിൽ നരൈന്‍, ആന്‍ഡ്രേ റസ്സൽ, നിക്കോളസ് പൂരന്‍ എന്നിവര്‍ക്കൊപ്പം ട്രിന്‍ബാഗോയ്ക്കായി കളിക്കും.

കഴിഞ്ഞ സീസണിൽ ട്രിന്‍ബാഗോ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരനായാണ് അവസാനിച്ചത്. പാട്രിയറ്റ്സ് ആകട്ടെ ഒരു സ്ഥാനം മുകളിലുമാണ് ഫിനിഷ് ചെയ്തത്.

ഇനി ഫൈനൽ പോരാട്ടം!!! ബാര്‍ബഡോസും ജമൈക്കയും തമ്മിൽ

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ ബാര്‍ബഡോസ് റോയൽസിനെ ജമൈക്ക തല്ലാവാസ് നേരിടും. സെയിന്റ് ലൂസിയ കിംഗിനെ എലിമിനേറ്ററിലും ഗയാന ആമസോൺ വാരിയേഴ്സിനെ രണ്ടാം ക്വാളിഫയറിലും പരാജയപ്പെടുത്തിയാണ് ജമൈക്ക ഫൈനലില്‍ കടന്നത്.

ഇന്നലെ ഗയാനയ്ക്കെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടിയ ശേഷം 37 റൺസ് വിജയം ആണ് ജമൈക്ക നേടിയത്. ആദ്യം ബാറ്റ് ചെയ്ത് 52 പന്തിൽ 109 റൺസ് നേടിയ ഷമാര്‍ ബ്രൂക്ക്സിന്റെയും 15 പന്തിൽ 41 റൺസ് നേടിയ ഇമാദ് വസീമിന്റെയും ഒപ്പം റോവ്മന്‍ പവൽ(37) മികച്ച് നിന്നപ്പോള്‍ 226/4 എന്ന കൂറ്റന്‍ സ്കോറാണ് തല്ലാവാസ് നേടിയത്.

എതിരാളികളെ 189/8 എന്ന സ്കോറിൽ ഒതുക്കി 37 റൺസ് ജയം നേടിയപ്പോള്‍ ക്രിസ് ഗ്രീനും ഇമാദ് വസീമും രണ്ട് വീതം വിക്കറ്റ് നേടി തിളങ്ങി. 56 റൺസ് നേടിയ കീമോ പോള്‍ ആണ് ഗയാനയുടെ ടോപ് സ്കോറര്‍. ഒഡിയന്‍ സ്മിത്ത് 14 പന്തിൽ 24 റൺസും ഗുദകേഷ് മോട്ടി 13 പന്തിൽ 22 റൺസും നേടി പൊരുതി നോക്കിയെങ്കിലും ലക്ഷ്യം വലുതായിരുന്നു.

എലിമിനേറ്ററിൽ വിജയം കുറിച്ച് ജമൈക്ക, ഇനി ഗയാനയുമായി അങ്കം

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ എലിമിനേറ്റര്‍ മത്സരത്തിൽ വെറും 148 റൺസാണ് നേടിയതെങ്കിലും സെയിന്റ് ലൂസിയ കിംഗ്സിനെ 115 റൺസിന് എറിഞ്ഞൊതുക്കി വിജയവുമായി രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി ജമൈക്ക തല്ലാവാസ്. ഗയാന ആമസോൺ വാരിയേഴ്സ് ആണ് തല്ലാവാസിന്റെ രണ്ടാം ക്വാളിഫയറിലെ എതിരാളികള്‍.

47 റൺസ് നേടിയ ഷമാര്‍ ബ്രൂക്ക്സും 15 പന്തിൽ പുറത്താകാതെ 31 റൺസ് നേടിയ മൊഹമ്മദ് നബിയും ആണ് ജമൈക്കയുടെ ബാറ്റിംഗിൽ തിളങ്ങിയത്. റീഫര്‍ 25 റൺസും നേടി. കിംഗ്സിന് വേണ്ടി ഡേവിഡ് വീസ് തന്റെ മികവ് തുടര്‍ന്ന് 3 വിക്കറ്റ് നേടിയപ്പോള്‍ അൽസാരി ജോസഫിന് 2 വിക്കറ്റ് ലഭിച്ചു.

26 പന്തിൽ 41 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയ്ക്ക് പിന്തുണ നൽകുവാന്‍ മറ്റാര്‍‍ക്കും സാധിക്കാതെ പോകുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളുമായി തല്ലാവാസ് മത്സരത്തിൽ പിടിമുറുക്കിയപ്പോള്‍ 18 ഓവറിൽ 115 റൺസിന് കിംഗ്സ് ഓള്‍ഔട്ട് ആയി. അൽസാരി ജോസഫ് കിംഗ്സിനായി 28 റൺസുമായി പുറത്താകാതെ നിന്നു.

33 റൺസ് വിജയം ജമൈക്ക നേടിയപ്പോള്‍ മൊഹമ്മദ് നബി, ഫാബിയന്‍ അല്ലന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും മൊഹമ്മദ് അമീര്‍, ഇമാദ് വസീം എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ആധികാരികം ബാർബഡോസ്, 87 റൺസ് ജയത്തോടെ ഫൈനലിലേക്ക്

ഗയാന ആമസോൺ വാരിയേഴ്സിനെ ഒന്നാം ക്വാളിഫയറിൽ തകര്‍ത്തെറിഞ്ഞ് കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ പ്രവേശിച്ച് ബാർബഡോസ് റോയൽസ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 195/5 എന്ന സ്കോര്‍ നേടിയ ടീം എതിരാളികളെ 108 റൺസിലെറിഞ്ഞൊതുക്കിയാണ് ഈ സ്കോര്‍ നേടിയത്. 87 റൺസ് വിജയത്തോടെ ഫൈനലിലേക്ക് ബാര്‍ബഡോസ് കടന്നപ്പോള്‍ ഗയാനയ്ക്ക് ഇനി എലിമിനേറ്റര്‍ വിജയികളുമായി ഒരു അവസരം കൂടിയുണ്ട്.

ആദ്യ ഓവര്‍ മുതൽ വിക്കറ്റുകള്‍ നഷ്ടമായ ഗയാനയ്ക്ക് പിന്നീടൊരു തിരിച്ചുവരവ് സാധ്യമല്ലാതാകുകയായിരുന്നു. 3 വിക്കറ്റ് വീഴ്ത്തിയ റാമോൺ സിമ്മണ്ട്സ് ആണ് ഗയാനയുടെ നടുവൊടിച്ചത്. മുജീബ് ഉര്‍ റഹ്മാനും റഖീം കോൺവാലും രണ്ട് വീതം വിക്കറ്റ് നേടി.

37 റൺസ് നേടിയ ഷിമ്രൺ ഹെറ്റ്മ്യര്‍ ആണ് ഗയാനയുടെ ടോപ് സ്കോറര്‍.

11 സിക്സുകള്‍!!! റഖീം കോൺവാലിന്റെ മികവിൽ ആദ്യ ക്വാളിഫയറിൽ തകര്‍ത്തടിച്ച് ബാര്‍ബഡോസ് റോയൽസ്

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ഇന്ന് ആദ്യ ക്വാളിഫയറിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ബാര്‍ബഡോസ് റോയൽസ്. ടോസ് നേടിയ ഗയാന ആമസോൺ വാരിയേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ബാര്‍ബഡോസിനായി റഖീം കോൺവാലും കൈൽ മയേഴ്സും വെടിക്കെട്ട് തുടക്കമാണ് നൽകിയത്.

6.4 ഓവറിൽ 26 റൺസ് നേടിയ കൈൽ മയേഴ്സിനെ നഷ്ടമാകുമ്പോള്‍ ബാര്‍ബഡോസ് 56 റൺസാണ് നേടിയത്. പിന്നീട് 90 റൺസാണ് കോൺവാലും അസം ഖാനും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ നേടിയത്.

കോൺവാൽ 54 പന്തിൽ 91 റൺസ് നേടി പുറത്തായപ്പോള്‍ താരം 2 ഫോറും 11 സിക്സുമാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്. അസം ഖാന്‍ 35 പന്തിൽ 52 റൺസും നേടി. ഇരുവരുടെയും ബാറ്റിംഗ് മികവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് ബാര്‍ബഡോസ് നേടിയത്. ഗയാനയ്ക്കായി റൊമാരിയോ ഷെപ്പേര്‍ഡ് 2 വിക്കറ്റ് നേടി.

ബാര്‍ബഡോസിന് രണ്ടാം തോൽവി സമ്മാനിച്ച് ഗയാന, ഇനി ഇരു ടീമുകളും ക്വാളിഫയര്‍ 1ൽ ഏറ്റുമുട്ടും

ലീഗ് ഘട്ടത്തിലെ ഏറ്റവും അവസാന മത്സരത്തിൽ ബാര്‍ബഡോസ് റോയൽസിന് തോൽവി സമ്മാനിച്ച് ഗയാന ആമസോൺ വാരിയേഴ്സ്. തുടര്‍ച്ചയായ നാലാം വിജയം ആണ് ഗയാന നേടിയത്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 125 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 14.3 ഓവറിൽ ഗയാന 5 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിച്ചു. ഇത് ബാര്‍ബഡോസിന്റെ രണ്ടാം തോൽവിയാണ്.

പോയിന്റ് പട്ടികയിൽ 16 പോയിന്റുമായി ബാര്‍ബഡോസ് ഒന്നാമതും 11 പോയിന്റുള്ള ഗയാന രണ്ടാം സ്ഥാനത്തുമാണുള്ളത്. ഇരു ടീമുകളും ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടും. സെയിന്റ് ലൂസിയ കിംഗ്സും ജമൈക്ക തല്ലാവാസും തമ്മിലാണ് എലിമിനേറ്റര്‍ മത്സരം.

‍‍ഡു പ്ലെസിയുടെ ശതകം വിഫലം, കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്ത് ഗയാന

സെയിന്റ് ലൂസിയ കിംഗ്സ് നേടിയ 194 റൺസെന്ന സ്കോര്‍ 4 പന്ത് അവശേഷിക്കെ മറികടന്ന് ഗയാന ആമസോൺ വാരിയേഴ്സ്. 59 പന്തിൽ 103 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ കിംഗ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടിയപ്പോള്‍ നിരോഷന്‍ ഡിക്ക്വെല്ല 36 റൺസും റോസ്ടൺ ചേസ് 7 പന്തിൽ 17 റൺസും നേടുകയായിരുന്നു.

ഗയാനയ്ക്ക് വേണ്ടി റഹ്മാനുള്ള ഗുര്‍ബാസും ഷായി ഹോപും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ചന്ദ്രപോള്‍ ഹേംരാജും(29), ഷിമ്രൺ ഹെറ്റ്മ്യറും(36) നിര്‍ണ്ണായക സംഭാവനകള്‍ നൽകി. ഗുര്‍ബാസ് 26 പന്തിൽ 52 റൺസ് നേടിയപ്പോള്‍ ഷായി ഹോപ് 30 പന്തിൽ 59 റൺസുമായി പുറത്താകാതെ നിന്നു.

6 പന്തിൽ 30 റൺസുമായി ഡെവാള്‍ഡ് ബ്രെവിസ്, 5 സിക്സുകള്‍!!! 7 റൺസ് ജയവുമായി പാട്രിയറ്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് തോൽവി. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് ട്രിന്‍ബാഗോയെ 7 റൺസിനാണ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 163/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ട്രിന്‍ബാഗോയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് മാത്രമേ നേടാനായുള്ളു. 78 റൺസ് നേടിയ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡിന് ശേഷം വെറും 6 പന്തിൽ 5 സിക്സ് അടക്കം 30 റൺസ് നേടിയ ഡെവാള്‍ഡ് ബ്രെവിസ് ആണ് പാട്രിയറ്റ്സിനെ 163 റൺസിലേക്ക് എത്തിച്ചത്. അവസാന ഓവറിൽ 21 റൺസ് വഴങ്ങിയെങ്കിലും 3 വിക്കറ്റ് നേടിയ ഡുപാവ്ലിയൺ ആണ് ട്രിന്‍ബാഗോ ബൗളര്‍മാരിൽ തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിന്‍ബാഗോയ്ക്ക് വേണ്ടി ടിം സീഫെര്‍ട് 59 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ കീറൺ പൊള്ളാര്‍ഡ് 31 റൺസും ആന്‍ഡ്രേ റസ്സൽ 29 റൺസും നേടി. പാട്രിയറ്റ്സിന് വേണ്ടി ഷെൽഡൺ കോട്രെൽ മൂന്നും കെവിന്‍ സിങ്ക്ലയര്‍, ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ജയം 12 റൺസിന്, ജമൈക്കയെ വീഴ്ത്തി ഗയാന, ബ്രണ്ടന്‍ കിംഗിന്റെ ശതകം വിഫലം

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ഇന്ന് രാവിലെ അവസാനിച്ച മത്സരത്തിൽ ജമൈക്ക തല്ലാവാസിനെ പരാജയപ്പെടുത്തി ഗയാന ആമസോൺ വാരിയേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ഗയാന 178/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ജമൈക്കയ്ക്ക് 166 റൺസ് മാത്രമേ നേടാനായുള്ളു. 19.5 ഓവറിൽ ജമൈക്ക ഓള്‍ഔട്ട് ആയപ്പോള്‍ 12 റൺസ് വിജയം ഗയാന നേടി.

60 റൺസ് നേടിയ ഷായി ഹോപും 16 പന്തിൽ 42 റൺസ് നേടിയ ഒഡിയന്‍ സ്മിത്തും ആണ് ഗയാനയുടെ ബാറ്റിംഗിൽ തിളങ്ങിയത്. 12 പന്തിൽ 24 റൺസ് നേടി കീമോ പോളും തിളങ്ങി.

ജമൈക്കയ്ക്ക് വേണ്ടി ബ്രണ്ടന്‍ കിംഗ് ഒറ്റയാള്‍ പോരാട്ടം നടത്തി 66 പന്തിൽ 104 റൺസ് നേടിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് യാതൊരുവിധ പിന്തുണയും ലഭിയ്ക്കാതിരുന്നപ്പോള്‍ ജമൈക്ക കീഴടങ്ങി. അവസാന ഓവറിലെ മൂന്നാം പന്തിൽ ആണ് കിംഗ് പുറത്തായത്. ഒഡിയന്‍ സ്മിത്ത്, ഇമ്രാന്‍ താഹിര്‍, ഗുദകേഷ് മോട്ടി എന്നിവര്‍ ഗയാനയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

ഏഴാം വിജയം നേടി ബാർബഡോസ് റോയൽസ് കുതിയ്ക്കുന്നു

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ എട്ട് മത്സരങ്ങളിൽ ഏഴിലും വിജയിച്ച് ബാർബഡോസ് റോയൽസ്. ഇന്നലെ നടന്ന മത്സരത്തിൽ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ 36 റൺസിനാണ് റോയൽസ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത റോയൽസ് അസം ഖാന്റെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 156/3 എന്ന സ്കോര്‍ നേടുകയായിരുന്നു. അസം ഖാന്‍ 42 പന്തിൽ 64 റൺസ് നേടിയപ്പോള്‍ ഹാരി ടെക്ടര്‍ 47 റൺസുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ പാട്രിയറ്റ്സ് 19.3 ഓവറിൽ 120 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 41 റൺസ് നേടിയ എവിന്‍ ലൂയിസ് ആണ് ടോപ് സ്കോറര്‍. റോയൽസ് ബൗളിംഗിൽ മുജീബ് ഉര്‍ റഹ്മാനും നയീം യംഗും മൂന്ന് വീതം വിക്കറ്റും ജേസൺ ഹോള്‍ഡര്‍ രണ്ട് വിക്കറ്റും നേടി.

ആവേശം അവസാന പന്ത് വരെ, ഒരു റൺസ് വിജയവുമായി സെയിന്റ് ലൂസിയ കിംഗ്സ്

അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി 1 റൺസ് വിജയം നേടി സെയിന്റ് ലൂസിയ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ കിംഗ്സ് 147/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ട്രിന്‍ബാഗോയ്ക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രമേ നേടാനായുള്ളു.

അവസാന ഓവറിൽ 22 റൺസായിരുന്നു വിജയത്തിനായി ട്രിന്‍ബാഗോ നേടേണ്ടിയിരുന്നത്. റസ്സൽ അവസാന മൂന്ന് പന്തിൽ ഒരു ഫോറും രണ്ട് സിക്സും നേടിയെങ്കിലും ആദ്യ മൂന്ന് പന്തിൽ വലിയ ഷോട്ടുകള്‍ ട്രിന്‍ബാഗോയ്ക്ക് നേടാന്‍ സാധിക്കാതെ പോയത് ടീമിന് തിരിച്ചടിയായി.

ആന്‍ഡ്രേ റസ്സൽ 11 പന്തിൽ 23 റൺസും സുനിൽ നരൈന്‍ 14 പന്തിൽ 19 റൺസും നേടി പുറത്താകാതെ നിന്നപ്പോള്‍ കീറൺ പൊള്ളാര്‍ഡ്(34), ടിം സീഫെര്‍ട്(44) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. 3 വിക്കറ്റ് നേടി റോസ്ടൺ ചേസ് കിംഗ്സിനായി ബൗളിംഗിൽ തിളങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ജോൺസൺ ചാള്‍സ്(54), ഡേവിസ് വീസ്(14 പന്തിൽ 33) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 147 റൺസ് നേടിയത്.

വിജയ വഴിയിലേക്ക് തിരികെ എത്തി ബാ‍ർബഡോസ് റോയൽസ്

ആറ് വിജയങ്ങള്‍ക്ക് ശേഷം ഒരു മത്സരത്തിൽ ബാ‍ർബഡോസ് റോയൽസിന് കാലിടറിയെങ്കിലും വീണ്ടും വിജയ വഴിയിലേക്ക് തിരികെ എത്തി ടീം. ഇന്നലെ നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലെ മഴ തടസ്സം സൃഷ്ടിച്ച മത്സരത്തിൽ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 29 റൺസിന്റെ വിജയം ആണ് ബാ‍ർബഡോസ് റോയൽസ് നേടിയത്.

16 ഓവറായി ചുരുക്കിയ മത്സരത്തിൽ 40 റൺസ് നേടിയ ജേസൺ ഹോള്‍ഡറുടെ മികവിൽ റോയൽസ് 107/6 എന്ന സ്കോര്‍ നേടുകയായിരുന്നു. മുജീബ് ഉര്‍ റഹ്മാന്‍ 9 പന്തിൽ പുറത്താകാതെ 19 റൺസുമായി ജേസൺ ഹോള്‍ഡര്‍ക്കൊപ്പം അവസാനം വരെ ക്രീസിൽ നിന്നു. ഗയാന ആമസോൺ വാരിയേഴ്സിന് വേണ്ടി ചന്ദ്രപോള്‍ ഹേംരാജ് 3 വിക്കറ്റും ജൂനിയര്‍ സിന്‍ക്ലയര്‍ രണ്ടും വിക്കറ്റാണ് നേടിയത്.

ഗയാന നിരയിൽ ആര്‍ക്കും തന്നെ തിളങ്ങാനാകാതെ പോയപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തിൽ ടീമിന് 81 റൺസ് മാത്രമേ നേടാനായുള്ളു.

 

 

Exit mobile version