പൂരന്‍ നാളെയുടെ താരം, വലിയ ഇന്നിംഗ്സുകള്‍ക്കായി കാത്തിരിക്കുന്നു

വിന്‍ഡീസിന്റെ അവസാന പ്രതീക്ഷയായി നിക്കോളസ് പൂരന്‍ ഡര്‍ഹമ്മില്‍ കളം നിറഞ്ഞ് നിന്നുവെങ്കിലും ആഞ്ചലോ മാത്യൂസിന്റെ ഏറെ നാള്‍ കൂടിയുള്ള ഓവറിലെ ആദ്യ പന്തില്‍ പൂരന് കാലിടറിയപ്പോള്‍ 23 റണ്‍സിന്റെ വിജയം ശ്രീലങ്ക പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ നിക്കോളസ് പൂരനെ വാനോളം പുകഴ്ത്തുകയാണ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍.

പൂരന്‍ വളരെ പ്രതീക്ഷ നല്‍കുന്ന താരങ്ങളാണെന്നും ഇത് പോലെ വലിയ കാര്യങ്ങള്‍ താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി. പൂരനില്‍ നിന്ന് ടീം പ്രതീക്ഷിച്ച ഇന്നിംഗ്സാണ് ഇന്നലെയുണ്ടായത്. താരത്തെ ടീമിലെടുത്തതിന് ഒരു കാരണമുണ്ട്, അതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും ഹോള്‍ഡര്‍ പറഞ്ഞു. പൂരന്‍ കൂടുതല്‍ മെച്ചപ്പെട്ട് മികച്ച താരമായി മാറണമെന്നാണ് വിന്‍ഡീസ് ടീമിന്റെ ആഗ്രഹമെന്നും ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.

തങ്ങള്‍ക്ക് കഴിയുന്ന പോലെ വിന്‍ഡീസ് ക്രിക്കറ്റ് നിക്കോളസ് പൂരനെ കാത്ത് സംരക്ഷിക്കുമെന്നും വലിയ പ്രതീക്ഷകളാണ് താരത്തില്‍ തനിക്കുള്ളതെന്നും വിന്‍ഡീസ് നായകന്‍ പറഞ്ഞു. താരത്തിന്റെ കൈവശം എല്ലാത്തരം ഷോട്ടുകളുണ്ടെന്നും ആവശ്യം പോലെ കളിയുടെ ഗതി മാറ്റുവാനുള്ള കഴിവും പൂരനുണ്ടെന്ന് ഹോള്‍ഡര്‍ പറഞ്ഞു.

പൊരുതി വീണ് നിക്കോളസ് പൂരന്‍, പൂരനെ വീഴ്ത്തിയത് 2017ന് ശേഷം ആദ്യമായി ബൗളിംഗിനെത്തി മാത്യൂസ്

അവിഷ്ക ഫെര്‍ണാണ്ടോയുടെ ശതകത്തിന്റെയും മറ്റു താരങ്ങളുടെ നിര്‍ണ്ണായക സംഭാവനകളുടെയും ബലത്തില്‍ 338/6 എന്ന സ്കോര്‍ നേടിയ ശ്രീലങ്കയ്ക്കെതിരെ ചേസിംഗിനറങ്ങിയ വിന്‍ഡീസിനെ ടോപ് ഓര്‍ഡര്‍ കൈവിട്ടുവെങ്കിലും അവസാന നിമിഷം വരെ പൊരുതി നിന്ന് നിക്കോളസ് പൂരന്റെ വീരോചിതമായ പോരാട്ടം. 18 മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബൗളിംഗിലേക്ക് തിരികെ എത്തിയ ആഞ്ചലോ മാത്യൂസ് പൂരനെ വീഴ്ത്തുമ്പോള്‍ 103 പന്തില്‍ 118 റണ്‍സ് നേടിയാണ് വിന്‍ഡീസ് യുവ താരത്തിന്റെ മടക്കം. ആര്‍ക്ക് പന്തേല്പിക്കുമെന്ന് ആലോചിച്ച് വലഞ്ഞ ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ എടുത്ത വലിയ റിസ്ക് പക്ഷേ ശ്രീലങ്കയ്ക്ക് അനുകൂലമായി മാറുകയായിരുന്നു. പൂരന്‍ പുറത്തായതോടെ ഗതി നഷ്ടമായ വിന്‍ഡീസ് ഇന്നിംഗ്സ് 315 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ടോപ് ഓര്‍ഡര്‍ 84/4 എന്ന നിലയിലേക്ക് വീണ ശേഷം നിക്കോളസ് പൂരന്റെ മികവാര്‍ന്ന ബാറ്റിംഗിന്റെ ബലത്തില്‍ വിന്‍ഡീസ് പൊരുതിയെങ്കിലും ലക്ഷ്യത്തിന് 23 റണ്‍സ് അകലെ വരെ എത്തുവാനെ 9 വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസിന് സാധിച്ചുള്ളു. പൂരനും ഫാബിയന്‍ അല്ലെനും ക്രീസില്‍ നിന്ന് സമയത്ത് വിന്‍ഡീസ് ജയ സാധ്യത പുലര്‍ത്തിയെങ്കിലും അല്ലെന്റെ റണ്ണൗട്ട് മത്സരഗതി മാറ്റുകയായിരുന്നു.

ജേസണ്‍ ഹോള്‍ഡര്‍ക്കൊപ്പം 61 റണ്‍സും കാര്‍ലോസ് ബ്രാത്‍വൈറ്റിനെ സാക്ഷി നിര്‍ത്തി ആറാം വിക്കറ്റില്‍ 54 റണ്‍സും പൂരന്‍ നേടി വിന്‍ഡീസ് നിരയിലെ ഒറ്റയാള്‍ പോരാട്ടം നടത്തുകയായിരുന്നു പൂരന്‍. കാര്‍ലോസ് ബ്രാത്‍വൈറ്റ്(8) പുറത്തായ ശേഷം എത്തിയ ഫാബിയന്‍ അല്ലെനും നിര്‍ണ്ണായക പ്രഹരങ്ങള്‍ ഏല്പിച്ചപ്പോള്‍ വിന്‍ഡീസ് ക്യാമ്പില്‍ നേരിയ പ്രതീക്ഷ ഉയര്‍ന്നിരുന്നു. മത്സരം അവസാന പത്തോവറിലേക്ക് കടന്നപ്പോള്‍ ലക്ഷ്യം 96 റണ്‍സായി പൂരനും ഫാബിയന്‍ അല്ലെനും ചേര്‍ന്ന് കുറച്ചിരുന്നു.

അവിടെ നിന്ന് മത്സരം പൂര്‍ണ്ണമായും വിന്‍ഡീസ് പക്ഷത്തേക്ക് ഈ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് മാറ്റി മറിയ്ക്കുകയായിരുന്നു. മലിംഗയുള്‍പ്പടെയുള്ള ശ്രീലങ്കന്‍ ബൗളര്‍മാരെ സധൈര്യം നിക്കോളസ് പൂരനും ഫാബിയന്‍ അല്ലെനും ചേര്‍ന്ന് നേരിടുകയായിരുന്നു. 45ാം ഓവറിന്റെ ആദ്യ പന്തില്‍ മത്സരഗതിയ്ക്കെതിരായി ഫാബിയന്‍ അല്ലെന്‍ റണ്ണൗട്ടായപ്പോള്‍ 32 പന്തില്‍ നിന്ന് 7 ബൗണ്ടറി സഹിതം 51 റണ്‍സാണ് അല്ലെന്‍ നേടിയത്. ഒരു സിക്സും താരം നേടി. 83 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ച് കൂട്ടിയത്. മത്സരത്തില്‍ ആദ്യമായി നിക്കോളസ് പൂരനെക്കാള്‍ വേഗത്തില്‍ ഒരു താരം ബാറ്റ് വീശിയത് ഫാബിയന്‍ അല്ലെന്‍ ആയിരുന്നു.

അടുത്ത പന്തില്‍ നിക്കോളസ് പൂരന്‍ തന്റെ കന്നി ഏകദിന ശതകം നേടി. 93 പന്തില്‍ നിന്നായിരുന്നു പൂരന്റെ ഇന്നിംഗ്സ്. അതേ ഓവറില്‍ തന്നെ ഒരു സിക്സ് കൂടി പായിച്ച് പൂരന്‍ തന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കുകയായിരുന്നു. 30 പന്തില്‍ നിന്ന് ലക്ഷ്യം 47 റണ്‍സായി മാറിയിരുന്നുവെങ്കിലും വിക്കറ്റുകളായിരുന്നു വിന്‍ഡീസിന്റെ പ്രശ്നം.

മലിംഗ എറിഞ്ഞ അടുത്ത ഓവറില്‍ പൂരന്‍ നല്‍കിയ ഒരു അവസരം സബ്‍സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ തിസാര പെരേര കൈവിട്ട് ബൗണ്ടറി വിട്ട് നല്‍കുകയായിരുന്നു. മത്സരത്തിലെ തന്നെ നിര്‍ണ്ണായകമായ ഘടത്തില്‍ ബൗളിംഗ് ദൗത്യം ആഞ്ചലോ മാത്യൂസിനെ ഏല്പിച്ചത് ശ്രീലങ്കയ്ക്ക് തുണയായി മാറുന്നതാണ് പിന്നീട് കണ്ടത്. 18 മാസങ്ങള്‍ക്ക് ശേഷം  താന്‍ ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ എറിഞ്ഞ പന്തില്‍ തന്നെ നിക്കോളസ് പൂരനെ വീഴ്ത്തി മാത്യൂസ് വിന്‍ഡീസ് പ്രതീക്ഷകളെ തകര്‍ത്തു.

ടി20 ബ്ലാസ്റ്റിന് വിന്‍ഡീസ് വെടിക്കെട്ട് താരവും

വരാനിരിക്കുന്ന ടി20 ബ്ലാസ്റ്റില്‍ അഞ്ച് മത്സരങ്ങളില്‍ വിന്‍ഡീസ് താരം നിക്കോളസ് പൂരന്റെ സേവനം ഉറപ്പാക്കി യോര്‍ക്ക്‍ഷയര്‍ വൈക്കിംഗ്സ്. ലോകകപ്പില്‍ വിന്‍ഡീസിനായി കളിച്ചത് വഴിയാണ് ടൂര്‍ണ്ണമെന്റിലെ വിദേശ താരത്തിന്റെ ക്വോട്ടയ്ക്കുള്ള മാനദണ്ഡം(15 മത്സരങ്ങളില്‍ വിന്‍ഡീസിനെ പ്രതിനിധീകരിച്ചത് വഴി) പൂര്‍ത്തിയാക്കിയതോടെയാണ് താരം ടൂര്‍ണ്ണമെന്റിലേക്ക് എത്തുവാന്‍ പ്രാപ്തനായത്.

ലോകകപ്പില്‍ ഇതുവരെ അത്ര ശ്രദ്ധേയമായ പ്രകടനം താരത്തിന് പുറത്തെടുക്കുവാനായിട്ടില്ലെങ്കിലും ടി20 ലീഗുകളില്‍ തന്റെ ബാറ്റിംഗ് മികവ് താരം തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. യോര്‍ക്ക്ഷയറില്‍ ചേരുന്നതില്‍ താന്‍ വലിയ സന്തോഷത്തിലാണെന്നാണ് പൂരന്‍ പറഞ്ഞത്. വിവിധ ടീമുകളില്‍ പങ്കാളിയാവുമ്പോള്‍ വിവിധ തരത്തിലുള്ള കാര്യങ്ങള്‍ അറിയുവാന്‍ പറ്റുമെന്നും ഇത്തരം വെല്ലുവിളികളെ താന്‍ നോക്കി കാണുകയാണെന്നും പൂരന്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ ഈ വര്‍ഷമാണ് നിക്കോളസ് പൂരന്‍ ഏകദിന അരങ്ങേറ്റം നടത്തിയത്. 6 ഏകദിനങ്ങളിലും 11 ടി20 മത്സരങ്ങളിലുമാണ് പൂരന്‍ വിന്‍ഡീസിനായി കളിച്ചിട്ടുള്ളത്.

വിന്‍ഡീസ് തിരിച്ചുവരവിനു തുരങ്കം വെച്ച് ജോ റൂട്ട്, എറിഞ്ഞിട്ട് ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും

ഇംഗ്ലണ്ടിനെതിരെ നിര്‍ണ്ണായകമായ ലോകകപ്പ് മത്സരത്തില്‍ 212 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍ഡീസ്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നിക്കോളസ് പൂരന്‍-ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കൂട്ടുകെട്ട് വിന്‍ഡീസിനെ തിരിച്ചുവരവിന്റ പാതയിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും കൂട്ടുകെട്ടിനെ തകര്‍ത്തത് ജോ റൂട്ട് ആയിരുന്നു. ടോപ് ഓര്‍ഡറില്‍ ക്രിസ് ഗെയില്‍ 36 റണ്‍സ് നേടിയെങ്കിലും പൂരന്‍-ഹെറ്റ്മ്യര്‍ എന്നിവരൊഴികെ മറ്റു താരങ്ങള്‍ക്കാര്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.

നിക്കോളസ് പൂരന്‍ 63 റണ്‍സ് നേടി പുറത്തായപ്പോള്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 39 റണ്‍സാണ് നേടിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 89 റണ്‍സ് കൂട്ടുകെട്ട് നേടിയെങ്കിലും ജോ റൂട്ട് കൂട്ടുകെട്ട് തകര്‍ത്തു. 55/3 എന്ന നിലയില്‍ നിന്ന് 144/3 എന്ന നിലയിലേക്ക് എത്തിയ ശേഷമായിരുന്നു വിന്‍‍ഡീസിന്റെ തകര്‍ച്ച. ഹെറ്റ്മ്യറിനെയും ജേസണ്‍ ഹോള്‍ഡറിനെയും റിട്ടേണ്‍ ക്യാച്ചിലൂടെ ജോ റൂട്ട് പുറത്താക്കി.

16 പന്തില്‍ 21 റണ്‍സ് നേടിയ ആന്‍ഡ്രേ റസ്സലിന്റെ ഇന്നിംഗ്സിനു അധികം ആയുസ്സില്ലാതെ പോയപ്പോള്‍ ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും മൂന്ന് വീതം വിക്കറ്റ് നേടി വിന്‍ഡീസ് വാലറ്റത്തെ തുടച്ച് നീക്കി. 44.4 ഓവറിലാണ് വിന്‍ഡീസ് 212 റണ്‍സിനു ഓള്‍ഔട്ട് ആയത്.

അര്‍ദ്ധ ശതകം നേടി ക്രിസ് ഗെയില്‍, അടിച്ച് തകര്‍ത്ത് നിക്കോളസ് പൂരനും, നാണംകെട്ട തോല്‍വിയേറ്റ് വാങ്ങി പാക്കിസ്ഥാന്‍

പാക്കിസ്ഥാന് ലോകകപ്പില്‍ നാണംകെട്ട തോല്‍വിയോടെ തുടക്കം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 105 റണ്‍സിനു എറിഞ്ഞിട്ട ശേഷം ലക്ഷ്യം വെറും 13.4 ഓവറിലാണ് വിന്‍ഡീസ് അടിച്ചെടുത്തത്. ഒഷെയ്‍ന്‍ തോമസ് നാലും ജേസണ്‍ ഹോള്‍ഡറും 3 വിക്കറ്റും ആന്‍ഡ്രേ റസ്സല്‍ രണ്ട് വിക്കറ്റും നേടി വിന്‍ഡീസ് ബൗളര്‍മാരില്‍ തിളങ്ങിയപ്പോള്‍ 22 റണ്‍സ് വീതം നേടിയ ഫകര്‍ സമനും ബാബര്‍ അസവുമാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍മാര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് ഷായി ഹോപിനെയും ഡാരെന്‍ ബ്രാവോയെയും വേഗത്തില്‍ നഷ്ടമായെങ്കിലും ക്രിസ് ഗെയില്‍ മറുവശത്ത് അടിച്ച് തകര്‍ക്കുകയായിരുന്നു. 34 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ ഗെയിലിന്റെ വിക്കറ്റ് ഉള്‍പ്പെടെ മൂന്ന് വിക്കറ്റും നേടിയത് മുഹമ്മദ് അമീര്‍ ആയിരുന്നു. 19 പന്തില്‍ നിന്ന് 34 റണ്‍സുമായി പുറത്താകാതെ നിന്ന നിക്കോളസ് പൂരന്‍ വിന്‍ഡീസിന്റെ വിജയം വേഗത്തിലാക്കുകയായിരുന്നു.

ലോകകപ്പില്‍ വിന്‍ഡീസ് ടീമില്‍ ഒട്ടനവധി മാച്ച് വിന്നര്‍മാര്‍, എന്നാല്‍ റസ്സലാണ് ഇവരില്‍ പ്രധാനി

ലോകകപ്പില്‍ വിന്‍ഡീസിന്റെ സാധ്യതകളെ ഏറ്റവും അധികം സ്വാധീനിക്കുന്നത് ആന്‍ഡ്രേ റസ്സലെന്ന് അഭിപ്രായപ്പെട്ട് ടീം നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. റസ്സല്‍ വളരെ അധികം പ്രഭാവമുള്ള താരങ്ങളില്‍ ഒരാളാണ്, കൂടാതെ മാച്ച് വിന്നറും. അതിനാല്‍ തന്നെ താരത്തിനെ വിന്‍ഡീസ് വളരെയേറെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ കളിക്കാരെല്ലാം ഒരു പോലെ ഒത്തു വരുന്നതാണ് ടീമിന്റെ വിജയ സാധ്യതകളെ കൂടുതല്‍ സ്വാധീനിക്കുന്നതെന്നും ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു.

ടീമില്‍ വേറെയും മാച്ച് വിന്നര്‍മാരായ താരങ്ങളുണ്ട്, നിക്കോളസ് പൂരന്‍, എവിന്‍ ലൂയിസ് എന്നിവര്‍. പേരെടുത്ത് പറഞ്ഞുവെങ്കിലും ഇവര്‍ മാത്രമല്ല മാച്ച് വിന്നര്‍മാരെന്നും ഇനിയും അനവധി താരങ്ങളെ ഇതു പോലെ പറയാനാകുമെന്നും ജേസണ്‍ ഹോള്‍ഡര്‍ സൂചിപ്പിച്ചു.

പൂരനെ പുറത്താക്കി മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തി കൊല്‍ക്കത്ത, കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കി സാം കറന്റെ അര്‍ദ്ധ ശതകം

നിക്കോളസ് പൂരന്‍ മത്സരം കൊല്‍ക്കത്തയുടെ പക്കല്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും താരത്തെ അര്‍ദ്ധ ശതകം നേടുന്നതില്‍ നിന്ന് തടഞ്ഞ് കൊല്‍ക്കത്ത മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയെങ്കിലും അവസാന ഓവറുകളില്‍ സാം കറന്റെ വലിയ ഷോട്ടുകളുടെ ബലത്തില്‍ 183 റണ്‍സ് നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. 6 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ടീമിന്റെ ഈ സ്കോര്‍.

സന്ദീപ് വാര്യര്‍ ഓപ്പണര്‍മാരെ രണ്ടും തിരിച്ചയച്ചപ്പോള്‍ പഞ്ചാബ് 4.1 ഓവറില്‍ 22 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടുകെട്ടുമായി നിക്കോളസ് പൂരന്‍- മയാംഗ് അഗര്‍വാല്‍ കൂട്ടുകെട്ട് പഞ്ചാബിനെ ശക്തമായ നിലയിലേക്ക് എത്തിയ്ക്കുകയായിരുന്നു. പാര്‍ട് ടൈം ബൗളര്‍ നിതീഷ് റാണയെ ആശ്രയിക്കേണ്ടി വരുകയായിരുന്നു ദിനേശ് കാര്‍ത്തിക്കിനു. 27 പന്തില്‍ നിന്ന് 3 ബൗണ്ടറിയും 4 സിക്സും സഹിതമായിരുന്നു നിക്കോളസ് പൂരന്റെ വെടിക്കെട്ട് പ്രകടനം. ബൗണ്ടറി ലൈനില്‍ സന്ദീപ് വാര്യര്‍ ആണ് നിര്‍ണ്ണായകമായ ക്യാച്ച് നേടിയത്.

20 റണ്‍സ് കൂടി നേടുന്നതിനിടെ മയാംഗ് അഗര്‍വാലിനെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമാകുകയായിരുന്നു. 26 പന്തില്‍ 36 റണ്‍സാണ് മയാംഗ് നേടിയത്. അഞ്ചാ വിക്കറ്റില്‍ 38 റണ്‍സ് നേടി മന്ദീപ്-സാം കറന്‍ കൂട്ടുകെട്ട് മത്സരം വീണ്ടും പഞ്ചാബിന്റെ പക്ഷത്തേക്ക് തിരിയ്ക്കുമെന്ന് കരുതിയപ്പോള്‍ ഹാരി ഗുര്‍ണേ മന്ദീപിനെ(25) പുറത്താക്കി.

17 റണ്‍സില്‍ സാം കറന്റെ ക്യാച്ച് റിങ്കു സിംഗ് കൈവിട്ടതിനു ശേഷം താരം അത് മുതലാക്കി  55 റണ്‍സ് നേടുകയായിരുന്നു. 24 പന്തില്‍ നിന്നാണ് താരത്തിന്റെ 55 റണ്‍സ്. ഏഴ് ഫോറും രണ്ട് ബൗണ്ടറിയുമാണ് താരം നേടിയത്.

ഏഴാം വിക്കറ്റില്‍ 11 പന്തില്‍ നിന്ന് 32 റണ്‍സാണ് സാം കറന്‍ നേടിയത്. മറുവശത്ത് ആന്‍ഡ്രൂ ടൈ കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്നു.

കൊല്‍ക്കത്തയ്ക്ക് വേണ്ടി സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റ് നേടി ബൗളര്‍മാരില്‍ ഏറ്റവും മികച്ച് നിന്നു. ആദ്യ മൂന്നോവറുകളില്‍ മികച്ച രീതിയില്‍ സുനില്‍ നരൈന്‍ പന്തെറിഞ്ഞുവെങ്കിലും അവസാന ഓവറില‍് കറന്‍ 16 റണ്‍സാണ് ഓവറില്‍ നിന്ന് നേടിയത്. അതേ ഓവറിലാണ് റിങ്കു സിംഗ് കറന്റെ ക്യാച്ച് കൈവിട്ടത്.

രാഹുലിന്റെ തുടക്കത്തിലെ മെല്ലെപ്പോക്ക് തിരിച്ചടിയായി, 45 റണ്‍സ് തോല്‍വിയിലേക്ക് വീണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്

213 റണ്‍സെന്ന വലിയ ലക്ഷ്യം തേടിയിറങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി 79 റണ്‍സ് നേടിയെങ്കിലും തുടക്കത്തില്‍ സ്കോറിംഗ് വേഗതയാക്കുവാന്‍ കെഎല്‍ രാഹുലിനു കഴിയാതെ പോയപ്പോള്‍ ടീമിനു 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ മാത്രം തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കാനായുള്ളു. 56 പന്തില്‍ നിന്ന് 79 റണ്‍സ് നേടിയ രാഹുലിനു തന്റെ ആദ്യ 40 റണ്‍സ് നേടുവാനായത് 100 റണ്‍സിനു അല്പം മുകളിലുള്ള സ്ട്രൈക്ക് റേറ്റിലായിരുന്നു. ഖലീല്‍ അഹമ്മദും റഷീദ് ഖാനുമാണ് സണ്‍റൈസേഴ്സ് ബൗളര്‍മാരില്‍ തിളങ്ങിയത്. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി സന്ദീപ് ശര്‍മ്മയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

10 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയ നിക്കോളസ് പൂരന്‍ ക്രീസില്‍ നിന്നപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ക്യാമ്പില്‍ പരാജയഭീതി നിറങ്ങുവെങ്കിലും താരം അധിക നേരം ക്രീസില്‍ നിലയുറപ്പിക്കുന്നതിനായി സാധിക്കാതെ പോയപ്പോള്‍ മത്സരത്തില്‍ ജയം ഉറപ്പിയ്ക്കുകയായിരുന്നു ആതിഥേയര്‍. ക്രിസ് ഗെയിലിനെ(4) തുടക്കത്തില്‍ തന്നെ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ 60 റണ്‍സുമായി കെഎല്‍ രാഹുലും മയാംഗ് അഗര്‍വാലും ബാറ്റ് വീശിയെങ്കിലും രാഹുലിനു തന്റെ പതിവു ശൈലിയില്‍ ബാറ്റ് വീശാനാകാതെ പോയത് കൂറ്റന്‍ സ്കോര്‍ തേടിയിറങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബിനു കാര്യങ്ങള്‍ അത്ര എളുപ്പമാക്കിയില്ല.

റഷീദ് ഖാന്‍ 27 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളിനെ പുറത്താക്കിയപ്പോള്‍ നിക്കോളസ് പൂരന്‍ ക്രീസിലെത്തി മത്സരം മാറ്റി മറിയ്ക്കുമെന്ന പ്രതീതിയാണ് നല്‍കിയത്. 2 വീതം സിക്സും ഫോറുമായി താരം കളം നിറ‍ഞ്ഞുവെങ്കിലും ഖലീല്‍ അഹമ്മദിന്റെ ഓവറില്‍ മികച്ചൊരു ക്യാച്ചിലൂടെ ഭുവനേശ്വര്‍ കുമാര്‍ വിന്‍ഡീസ് താരത്തെ പവലിയനിലേക്ക് മടക്കി. ക്രിസ് ഗെയിലിന്റെ വിക്കറ്റും ഖലീല്‍ അഹമ്മദിനായിരുന്നു

കെഎല്‍ രാഹുല്‍ മെല്ലെപ്പോക്ക് തുടര്‍ന്നപ്പോള്‍ ഡേവിഡ് മില്ലര്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച് റഷീദ് ഖാന് വിക്കറ്റ് നല്‍കിയപ്പോള്‍ അടുത്ത പന്തില്‍ രവിചന്ദ്രന്‍ അശ്വിനെയും റഷീദ് തന്നെ പുറത്താക്കി. അടുത്ത ഓവറില്‍ നബിയെ രണ്ട് സിക്സറുകള്‍ക്ക് പറത്തി കെഎല്‍ രാഹുല്‍ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയും സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തുകയും ചെയ്തുവെങ്കിലും ലക്ഷ്യം 36 പന്തില്‍ 93 എന്നായിരുന്നു.

ഖലീല്‍ അഹമ്മദും റഷീദ് ഖാനും 3 വീതം വിക്കറ്റ് നേടിയപ്പോള്‍ തന്റെ നാലോവറില്‍ 21 റണ്‍സ് മാത്രമാണ് റഷീദ് ഖാന്‍ വിട്ട് നല്‍കിയത്. സന്ദീപ് ശര്‍മ്മ അവസാന ഓവറില്‍ രണ്ട് വിക്കറ്റ് നേടി.

അവസാന സ്ഥാനത്ത് നിന്ന് മോചനം, നിക്കോളസ് പൂരന്റെ വെല്ലുവിളിയെ അതിജീവിച്ച് നാലാം ജയം സ്വന്തമാക്കി ബാംഗ്ലൂര്‍

203 എന്ന ശ്രമകരമായ ലക്ഷ്യം തേടിയിറങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ഗെയിലും രാഹുലും പൂരനുമെല്ലാം ശ്രമിച്ചു നോക്കിയെങ്കിലും ഇവര്‍ക്കാര്‍ക്കും തങ്ങളുടെ ഇന്നിംഗ്സ് അധികം മുന്നോട്ട് നയിക്കുവാനാകാതെ പോയപ്പോള്‍ 185 റണ്‍സില്‍ അവസാനിച്ച് പഞ്ചാബ് ഇന്നിംഗ്സ്. 17 റണ്‍സ് വിജയത്തോടെ അവസാന സ്ഥാനത്ത് നിന്ന് മോചനം നേടുവാന്‍ ആര്‍സിബിയ്ക്ക് സാധിച്ചു. ജയത്തോടെ എട്ട് പോയിന്റുമായി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തുവാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു സാധിച്ചു.

3.2 ഓവറില്‍ 42 റണ്‍സ് നേടി പറക്കുകയായിരുന്നു പഞ്ചാബിനു ഉമേഷ് യാദവ് ആണ് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. 10 പന്തില്‍ നിന്ന് 23 റണ്‍സ് നേടിയ ക്രിസ് ഗെയില്‍ മടങ്ങിയെങ്കിലും ലോകേഷ് രാഹുലും മയാംഗ് അഗര്‍വാലും ടീമിന്റെ സ്കോറിംഗ് ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് നയിക്കുകയായിരുന്നു. 59 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി മയാംഗ് അഗര്‍വാല്‍ (35) മടങ്ങി ഏറെ വൈകാതെ 27 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ ലോകേഷ് രാഹുലും മടങ്ങിയതോടെ പഞ്ചാബിന്റെ ചേസിംഗ് പ്രതിസന്ധിയിലാകുകയായിരുന്നു.

10.1 ഓവറില്‍ 105 റണ്‍സ് നേടിയെങ്കിലും താരങ്ങളാരും വലിയ ഇന്നിംഗ്സിലേക്ക് തങ്ങളുടെ ബാറ്റിംഗ് പ്രകടനത്തെ മാറ്റാനാകാതെ പോയതാണ് പഞ്ചാബിനു തിരിച്ചടിയായത്. എന്നാല്‍ നാലാം വിക്കറ്റില്‍ മത്സരം തിരികെ പഞ്ചാബിന്റെ പക്ഷത്തേക്ക് നിക്കോളസ് പൂരന്‍ തിരിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. സിക്സുകളിലൂടെ ബാംഗ്ലൂര്‍ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ച് ലക്ഷ്യം 24 പന്തില്‍ 47 ആക്കി മാറ്റുവാന്‍ വിന്‍ഡീസ് യുവതാരത്തിനു സാധിച്ചിരുന്നു.

17ാം ഓവര്‍ എറിഞ്ഞ ടിം സൗത്തിയെ ആദ്യ രണ്ട് പന്തുകളില്‍ ബൗണ്ടറി നേടി മില്ലറും ഒപ്പം കൂടിയപ്പോള്‍ പഞ്ചാബ് വിജയ പ്രതീക്ഷ പുലര്‍ത്തുകയും ആര്‍സിബി ക്യാമ്പില്‍ പരിഭ്രാന്തി പരക്കുകയുമായിരുന്നു. 44 റണ്‍സില്‍ നിക്കോളസ് പൂരന്റെ ക്യാച്ച് മാര്‍ക്കസ് സ്റ്റോയിനിസ് കൈവിട്ടതും പഞ്ചാബിന്റെ പ്രതീക്ഷകള്‍ക്ക് കരുത്തേകി. ലക്ഷ്യം അവസാന രണ്ടോവറില്‍ 30 ആയിരുന്നുവെങ്കിലും മില്ലറും പൂരനും ക്രീസിലുള്ളപ്പോള്‍ പഞ്ചാബ് പ്രതീക്ഷ കൈവിട്ടിരുന്നില്ല.

നവ്ദീപ് സൈനി എറിഞ്ഞ 19ാം ഓവറില്‍ ഡേവിഡ് മില്ലറുടെ വിക്കറ്റ് മികച്ചൊരു ക്യാച്ചിലൂടെ എബിഡി പൂര്‍ത്തിയാക്കി. 25 പന്തില്‍ നിന്ന് 24 റണ്‍സാണ് മില്ലറുടെ സംഭാവന. ഓവറിന്റെ അവസാന പന്തില്‍ നിക്കോളസ് പൂരനെയും സൈനി പുറത്താക്കി. മികച്ചൊരു ജഡ്ജ്മെന്റിലൂടെ എബി ഡി വില്ലിയേഴ്സ് തന്നെയാണ് ആ ക്യാച്ചും പൂര്‍ത്തിയാക്കിയത്. 28 പന്തില്‍ നിന്ന് 5 സിക്സ് സഹിതം 46 റണ്‍സായിരുന്നു പൂരന്റെ സമ്പാദ്യം.

അവസാന ഓവറില്‍ ജയിക്കുവാന്‍ 27 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിനായി ആദ്യ പന്തില്‍ നായകന്‍ അശ്വിന്‍ സിക്സ് അടിച്ചുവെങ്കിലും വീണ്ടും സിക്സ് നേടുവാനുള്ള ശ്രമത്തിനിടെ കിംഗ്സ് നായകന്‍ അശ്വിനെ ഉമേഷ് യാദവ് പുറത്താക്കി. അടുത്ത പന്തില്‍ ഹാര്‍ഡസ് വില്‍ജോയനെയും ഉമേഷ് പുറത്താക്കിയതോടെ മത്സരം ബാംഗ്ലൂര്‍ സ്വന്തമാക്കുകയായിരുന്നു.

ബാംഗ്ലൂര്‍ ബൗളര്‍മാരില്‍ ഉമേഷ് യാദവ് നാലോവറില്‍ 36 റണ്‍സിനു 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നവ്ദീപ് സൈനി 33 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടി.

ആദ്യ ടി20യില്‍ വിജയം ഇംഗ്ലണ്ടിനു

ഓപ്പണര്‍ ജോണി ബൈര്‍സ്റ്റോയുടെ ബാറ്റിംഗ് മികവില്‍ ആദ്യ ടി20യില്‍ വിജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 18.5 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.

ടോപ് ഓര്‍ഡറില്‍ ജോണി ബൈര്‍സ്റ്റോ നേടിയ 68 റണ്‍സാണ് ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പാക്കിയത്. ബൈര്‍സ്റ്റോയുടെ ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറായിരുന്നു ഇത്. ജോ ഡെന്‍ലി 30 റണ്‍സും സാം ബില്ലിംഗ്സ് 18 റണ്‍സും നേടി നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയപ്പോള്‍ മറ്റു താരങ്ങള്‍ക്ക് അധികം റണ്‍സ് കണ്ടെത്താനായില്ല. 5 പന്തില്‍ നിന്ന് 11 റണ്‍സ് നേടി അലക്സ് ഹെയില്‍സ് വെടിക്കെട്ട് തുടക്കം ഇംഗ്ലണ്ടിനു നല്‍കിയെങ്കിലും പിന്നീട് വിക്കറ്റുകള്‍ തുടരെ നഷ്ടമായത് ടീമിനു തിരിച്ചടിയായെങ്കിലും ബൈര്‍സ്റ്റോയുടെ നിര്‍ണ്ണായക പ്രകടനമാണ് കളി മാറ്റിയത്. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍ മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനു വേണ്ടി നിക്കോളസ് പൂരന്‍ ആണ് മികവ് പുലര്‍ത്തിയത്. 37 പന്തില്‍ നിന്ന് 58 റണ്‍സുമായി പൂരനു പിന്തുണയായത് 28 റണ്‍സ് നേടിയ ഡാരെന്‍ ബ്രാവോ മാത്രമാണ്. ക്രിസ് ഗെയില്‍(15), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(14) എന്നിവര്‍ വേഗത്തില്‍ പുറത്തായതും ടീമിനു വലിയ സ്കോര്‍ നേടാനാകാതെ പോകുവാന്‍ കാരണമായി. ഇംഗ്ലണ്ടിനായി ടോം കറന്‍ 4 വിക്കറ്റും ക്രിസ് ജോര്‍ദ്ദാന്‍ 2 വിക്കറ്റും നേടി ബൗളര്‍മാരില്‍ മികച്ച പ്രകടനം പുറത്തെടുത്തു.

നിക്കോളസ് പൂരനു പകരക്കാരനെ കണ്ടെത്തി മുല്‍ത്താന്‍ സുല്‍ത്താന്‍സ്

വിന്‍ഡീസ് ഏകദിന ടീമിലേക്ക് വിളിയെത്തിയതിനെത്തുടര്‍ന്ന് മുല്‍ത്താന്‍ സുല്‍ത്താന്‍സിനു വേണ്ടി കളിക്കാന്‍ കഴിയാത്ത വെടിക്കെട്ട് ബാറ്റിംഗ് താരം നിക്കോളസ് പൂരനു പകരക്കാരനെ കണ്ടെത്തി മുല്‍ത്താന്‍ സുല്‍ത്താന്‍സ്. മറ്റൊരു വിന്‍ഡീസ് താരവും ടി20 ലീഗുകളില്‍ സ്ഥിരം സാന്നിധ്യമായ ജോണ്‍സണ്‍ ചാള്‍സിനെയാണ് ഫ്രാഞ്ചൈസി ടീമിലെത്തിച്ചിരിക്കുന്നത്. 2012, 2016 വര്‍ഷങ്ങളില്‍ ലോക ടി20 കിരീടം നേടിയ വിന്‍ഡീസ് സംഘത്തിലെ അംഗമാണ് ചാള്‍സ്.

ടി20 ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് നിക്കോളസ് പൂരനെ ഏകദിന ടീമിലേക്ക് എത്തിച്ചത്. ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മുമ്പ് ക്വേറ്റ ഗ്ലാഡിയേറ്റേര്‍സിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് ജോണ്‍സണ്‍ ചാള്‍സ്. വിക്കറ്റ് കീപ്പറുടെ റോള്‍ കൂടി വഹിക്കുന്ന താരമാണ് ജോണ്‍സണ്‍ ചാള്‍സ്.

ഫെബ്രുവരി 15നു ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ദിവസമാണ് മുല്‍ത്താന്‍ സുല്‍ത്താന്‍സിന്റെ ആദ്യ മത്സരം. ദുബായിയില്‍ കറാച്ചി കിംഗ്സ് ആണ് ടീമിന്റെ എതിരാളികള്‍.

ഗെയില്‍ ഏകദിന ടീമില്‍, നിക്കോളസ് പൂരനും ആദ്യാവസരം

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന ടീമില്‍ ഇടം പിടിച്ച് വിന്‍ഡീസ് താരങ്ങളായ ക്രിസ് ഗെയിലും നിക്കോളസ് പൂരനും. പൂരനു ഇത് ആദ്യമായാണ് ഏകദിന ക്രിക്കറ്റ് ടീമിലേക്ക് പൂരനു വിളിയെത്തുന്നത്. ടെസ്റ്റ് പരമ്പര വിജയിച്ച് നില്‍ക്കുന്ന വിന്‍ഡീസ് ഏകദിനത്തിലും പിടിമുറുക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള 14 അംഗ സംഘത്തെയാണ് വിന്‍ഡീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഏറെ നാള്‍ കൂടിയാണ് താരം വിന്‍ഡീസ് ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നത്. ഏട്ട് ടി20 മത്സരങ്ങള്‍ വിന്‍ഡീസിനായി കളിച്ചിട്ടുള്ള താരമാണ് നിക്കോളസ് പൂരന്‍. ലോകകപ്പിനുള്ള തയ്യാറെടുപ്പായാണ് ഈ പരമ്പരയെ കാണുന്നതെന്നാണ് വിന്‍ഡീസ് സെലക്ടര്‍മാരുടെ ചെയര്‍മാന്‍ പറയുന്നത്. അതേ സമയം പരിചയ സമ്പന്നനായ താരം മര്‍ലന്‍ സാമുവല്‍സ് പരിക്ക് മൂലം പരമ്പരയില്‍ കളിയ്ക്കില്ല.

വിന്‍ഡീസ്: ജേസണ്‍ ഹോള്‍ഡര്‍, ക്രിസ് ഗെയില്‍, ഫാബിയന്‍ അല്ലെന്‍, ദേവേന്ദ്ര ബിഷൂ, ഡാരെന്‍ ബ്രാവോ, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഷായി ഹോപ്, എവിന്‍ ലൂയിസ്, ആഷ്‍ലി നഴ്സ്, കീമോ പോള്‍, നിക്കോളസ് പൂരന്‍, കെമര്‍ റോച്ച്, ഒഷെയ്‍ന്‍ തോമസ്

Exit mobile version