ബ്രാവോ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിലേക്ക് മടങ്ങിയെത്തുന്നു

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ബൗളിംഗ് കോച്ചായ ഡ്വെയിന്‍ ബ്രാവോ കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനായി കളിക്കും. താരം കഴിഞ്ഞ സീസണിൽ സെയിന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിന് വേണ്ടിയാണ് കളിച്ചത്. ബ്രാവോ ടീം ക്യാപ്റ്റന്‍ കീറൺ പൊള്ളാര്‍ഡിനും മറ്റ് വെസ്റ്റിന്‍ഡീസ് ഇതിഹാസങ്ങളാ‍യ സുനിൽ നരൈന്‍, ആന്‍ഡ്രേ റസ്സൽ, നിക്കോളസ് പൂരന്‍ എന്നിവര്‍ക്കൊപ്പം ട്രിന്‍ബാഗോയ്ക്കായി കളിക്കും.

കഴിഞ്ഞ സീസണിൽ ട്രിന്‍ബാഗോ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരനായാണ് അവസാനിച്ചത്. പാട്രിയറ്റ്സ് ആകട്ടെ ഒരു സ്ഥാനം മുകളിലുമാണ് ഫിനിഷ് ചെയ്തത്.

6 പന്തിൽ 30 റൺസുമായി ഡെവാള്‍ഡ് ബ്രെവിസ്, 5 സിക്സുകള്‍!!! 7 റൺസ് ജയവുമായി പാട്രിയറ്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് തോൽവി. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് ട്രിന്‍ബാഗോയെ 7 റൺസിനാണ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 163/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ട്രിന്‍ബാഗോയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് മാത്രമേ നേടാനായുള്ളു. 78 റൺസ് നേടിയ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡിന് ശേഷം വെറും 6 പന്തിൽ 5 സിക്സ് അടക്കം 30 റൺസ് നേടിയ ഡെവാള്‍ഡ് ബ്രെവിസ് ആണ് പാട്രിയറ്റ്സിനെ 163 റൺസിലേക്ക് എത്തിച്ചത്. അവസാന ഓവറിൽ 21 റൺസ് വഴങ്ങിയെങ്കിലും 3 വിക്കറ്റ് നേടിയ ഡുപാവ്ലിയൺ ആണ് ട്രിന്‍ബാഗോ ബൗളര്‍മാരിൽ തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിന്‍ബാഗോയ്ക്ക് വേണ്ടി ടിം സീഫെര്‍ട് 59 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ കീറൺ പൊള്ളാര്‍ഡ് 31 റൺസും ആന്‍ഡ്രേ റസ്സൽ 29 റൺസും നേടി. പാട്രിയറ്റ്സിന് വേണ്ടി ഷെൽഡൺ കോട്രെൽ മൂന്നും കെവിന്‍ സിങ്ക്ലയര്‍, ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ആവേശം അവസാന പന്ത് വരെ, ഒരു റൺസ് വിജയവുമായി സെയിന്റ് ലൂസിയ കിംഗ്സ്

അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി 1 റൺസ് വിജയം നേടി സെയിന്റ് ലൂസിയ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ കിംഗ്സ് 147/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ട്രിന്‍ബാഗോയ്ക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രമേ നേടാനായുള്ളു.

അവസാന ഓവറിൽ 22 റൺസായിരുന്നു വിജയത്തിനായി ട്രിന്‍ബാഗോ നേടേണ്ടിയിരുന്നത്. റസ്സൽ അവസാന മൂന്ന് പന്തിൽ ഒരു ഫോറും രണ്ട് സിക്സും നേടിയെങ്കിലും ആദ്യ മൂന്ന് പന്തിൽ വലിയ ഷോട്ടുകള്‍ ട്രിന്‍ബാഗോയ്ക്ക് നേടാന്‍ സാധിക്കാതെ പോയത് ടീമിന് തിരിച്ചടിയായി.

ആന്‍ഡ്രേ റസ്സൽ 11 പന്തിൽ 23 റൺസും സുനിൽ നരൈന്‍ 14 പന്തിൽ 19 റൺസും നേടി പുറത്താകാതെ നിന്നപ്പോള്‍ കീറൺ പൊള്ളാര്‍ഡ്(34), ടിം സീഫെര്‍ട്(44) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. 3 വിക്കറ്റ് നേടി റോസ്ടൺ ചേസ് കിംഗ്സിനായി ബൗളിംഗിൽ തിളങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ജോൺസൺ ചാള്‍സ്(54), ഡേവിസ് വീസ്(14 പന്തിൽ 33) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 147 റൺസ് നേടിയത്.

ജമൈക്കയെ എറിഞ്ഞിട്ട് രവി രാംപോള്‍, ട്രിന്‍ബാഗോയ്ക്ക് 4 വിക്കറ്റ് വിജയം

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ജമൈക്ക തല്ലാവാസിനെ വീഴ്ത്തി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. രവി രാംപോളിന്റെ തകര്‍പ്പന്‍ സ്പെല്ലിന് മുന്നിൽ ജമൈക്ക തല്ലാവാസ് തകര്‍ന്നപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ടീമിന് 116 റൺസ് മാത്രമാണ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടാനായത്.

രാംപോള്‍ 4 ഓവറിൽ 19 റൺസ് വിട്ട് നൽകി നാല് വിക്കറ്റ് നേടിയപ്പോള്‍ 35 പന്തിൽ 50 റൺസ് നേടിയ ഫാബിയന്‍ അല്ലന്‍ ആണ് ടീം സ്കോര്‍ 100 കടത്തിയത്.

കോളിന്‍ മൺറോ 28 പന്തിൽ 40 റൺസും ടിം സീഫര്‍ട്ട് 28 റൺസും നേടിയപ്പോള്‍ 5 പന്ത് അവശേഷിക്കവെ 6 വിക്കറ്റ് നഷ്ടത്തിൽ ട്രിന്‍ബാഗോയെ ലക്ഷ്യം മറികടക്കുവാന്‍ സഹായിച്ചത് 12 പന്തിൽ പുറത്താകാതെ 18 റൺസ് നേടിയ ആന്‍ഡ്രേ റസ്സൽ ആയിരുന്നു.

ട്രിന്‍ബാഗോയ്ക്ക് വീണ്ടും തോല്‍വി, 5 റൺസ് വിജയവുമായി കിംഗ്സ്

കഴിഞ്ഞ സീസണിലെ അപരാജിത കുതിപ്പിന് ശേഷം ഈ സീസണിലെ രണ്ടാമത്തെ തോല്‍വിയേറ്റു വാങ്ങി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ സെയിന്റ് ലൂസിയ കിംഗ്സ് ആണ് ട്രിന്‍ബാഗോയെ 5 റൺസിന് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് 157/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ട്രിന്‍ബാഗോയ്ക്ക് 3 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് മാത്രമേ നേടാനായുള്ളു. അവസാന ഓവറിൽ 14 റൺസായിരുന്നു വിജയത്തിനായി ട്രിന്‍ബാഗോ നേടേണ്ടിയിരുന്നതെങ്കിലും ടീമിനെ 8 റൺസ് മാത്രമേ ഓവറിൽ നേടാനായുള്ളു.

16 പന്തിൽ 40 റൺസ് നേടിയ ടിം സീഫെര്‍ട്ടും 40 റൺസ് നേടിയ കോളിന്‍ മൺറോയുമാണ് ട്രിന്‍ബാഗോയ്ക്കായി തിളങ്ങിയത്. സീഫെര്‍ട്ട് മത്സരത്തിൽ ടീമിന് പ്രതീക്ഷ നല്‍കിയെങ്കിലും മൺറോ 46 പന്തുകള്‍ നേരിട്ടാണ് ഈ സ്കോര്‍ നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിംഗ്സിന് വേണ്ടി ടിം ഡേവിഡ്(43), റോസ്ടൺ ചേസ്(30*), ആന്‍ഡ്രേ ഫ്ലെച്ചര്‍(28), റഖീം കോര്‍ണ്‍വാൽ(23) എന്നിവരാണ് റൺസ് കണ്ടെത്തിയത്. തന്റെ നാലോവറിൽ 17 റൺസ് മാത്രം വിട്ട് നല്‍കി 1 വിക്കറ്റ് നേടിയ റോസ്ടൺ ചേസാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇസ്രു ഉഡാനയ്ക്ക് അഞ്ച് വിക്കറ്റ്, വിജയ വഴിയിലേക്ക് തിരികെ എത്തി ട്രിന്‍ബാഗോ

ബാര്‍ബഡോസ് റോയൽസിനെതിരെ വിജയവുമായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ആദ്യ മത്സരത്തിൽ ഇരു ടീമുകള്‍ക്കും തോല്‍വിയായിരുന്നു ഫലം. ട്രിന്‍ബാഗോയാകട്ടെ കഴിഞ്ഞ സീസണിൽ ഒരു മത്സരം പോലും പരാജയപ്പെടാതെ വന്നാണ് ഈ സീസണിലെ ആദ്യ മത്സരത്തിൽ കീഴടങ്ങിയത്.

ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ 122 റൺസിന് ബാര്‍ബഡോസിനെ ഒതുക്കിയ ശേഷം ലക്ഷ്യം 16.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ട്രിന്‍ബാഗോ മറികടന്നത്. അഞ്ച് വിക്കറ്റ് നേടിയ ഇസ്രു ഉഡാനയാണ് ട്രിന്‍ബോഗോ ബൗളര്‍മാരിൽ തിളങ്ങിയത്. ബാര്‍ബഡോസിന് വേണ്ടി അസം ഖാന്‍ 30 റൺസും ഷായി ഹോപ്(20), ഗ്ലെന്‍ ഫിലിപ്പ്സ്(24) എന്നിവരും പ്രധാന സ്കോറര്‍മാരായി.

30 പന്തിൽ 58 റൺസ് നേടിയ കീറൺ പൊള്ളാര്‍ഡ് ആണ് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ട്രിന്‍ബാഗോയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. ദിനേശ് രാംദിന്‍ 29 റൺസ് നേടി. ബാര്‍ബഡോസിന് വേണ്ടി മുഹമ്മദ് അമീര്‍ മൂന്ന് വിക്കറ്റ് നേടി.

ചാമ്പ്യന്മാരുടെ തുടക്കം തോല്‍വിയോട്, 2019 ക്വാളിഫയറിന് ശേഷം ട്രിന്‍ബാഗോയ്ക്ക് ആദ്യ തോല്‍വി

കരീബിയന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് തോല്‍വിയോടെ തുടക്കം. കഴിഞ്ഞ തവണ 12 മത്സരങ്ങളും വിജയിച്ച് കിരീടം നേടിയ ടീം ഇന്ന് ഗയാന ആമസോൺ വാരിയേഴ്സിനോട് തോല്‍വിയേറ്റ് വാങ്ങുകയായിരുന്നു.

ആദ്യ ബാറ്റ് ചെയ്ത ഗയാന 142/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് 133/9 എന്ന സ്കോര്‍ ആണ് നേടാനായത്. 9 റൺസിന്റെ വിജയം ആണ് ഗയാന നേടിയത്.

ഗയാനയ്ക്ക് വേണ്ടി ഷിമ്രൺ ഹെറ്റ്മ്യര്‍ 41 പന്തിൽ 54 റൺസ് നേടിയപ്പോള്‍ സുനില്‍ നരൈന്‍, അകീൽ ഹൊസൈന്‍ എന്നിവര്‍ ട്രിന്‍ബാഗോയ്ക്ക് വേണ്ടി 2 വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിന്‍ബാഗോയ്ക്ക് വേണ്ടി ദിനേശ് രാംദിന്‍ 28 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ 12 പന്തിൽ 22 റൺസ് നേടിയ അകീൽ ഹൊസൈന്‍ പൊരുതി നോക്കി. സുനില്‍ നരൈന്‍ 20 റൺസും ടിം സീഫെര്‍ട്ട് 23 റൺസും നേടി.

3 വിക്കറ്റ് നേടി റൊമാരിയോ ഷെപ്പേര്‍ഡ്, രണ്ട് വീതം വിക്കറ്റുമായി ഇമ്രാന്‍ താഹിര്‍, ഒഡീയന്‍ സ്മിത്ത് എന്നിവര്‍ ഗയാനയുടെ ബൗളര്‍മാരിൽ തിളങ്ങി.

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനായി സന്ദീപ് ലാമിച്ചാനെ കളിക്കാനെത്തുന്നു

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2021 സീസണില്‍ നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിക്കും. മുന്‍ വര്‍ഷങ്ങളില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്, ബാര്‍ബഡോസ് ട്രിഡന്റ്സ്, ജമൈക്ക തല്ലാവാസ് എന്നിവര്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരം ഇത്തവണ നിലവിലെ ചാമ്പ്യന്മാരായ ട്രിന്‍ബാഗോയ്ക്ക് വേണ്ട് കളിക്കും.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ താരം കളിക്കുന്ന നാലാമത്തെ ടീമാണ് നൈറ്റ് റൈഡേഴ്സ്. 2020 സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് സന്ദീപ് 12 വിക്കറ്റ് നേടിയിരുന്നു.

മിന്നും തുടക്കം, പിന്നെ പൊള്ളാര്‍ഡിന് മുന്നില്‍ തകര്‍ച്ച, 154 റണ്‍സ് നേടി സൂക്ക്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ സൂക്ക്സിന് 154 റണ്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ട്രിന്‍ബാഗോ സൂക്ക്സിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. തുടക്കത്തില്‍ റഖീം കോണ്‍വാലിനെ നഷ്ടമായെങ്കിലും മാര്‍ക്ക് ദേയാലും ആന്‍ഡ്രേ ഫ്ലെച്ചറും ചേര്‍ന്ന് സൂക്ക്സിന് മികച്ച തുടക്കം നല്‍കുകയായിരുന്നു.

8.5 ഓവറില്‍ സ്കോര്‍ 77ല്‍ നില്‍ക്കവെ ദേയാലിനെ നഷ്ടമായതിന് ശേഷം സൂക്ക്സിന് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 67 റണ്‍സാണ് ഫ്ലെച്ചര്‍-ദേയാല്‍ കൂട്ടുകെട്ട് നേടിയത്. 29 റണ്‍സ് നേടിയ ദേയാലിനെ ഫവദ് അഹമ്മദ് പുറത്താക്കിയപ്പോള്‍ കീറോണ്‍ പൊള്ളാര്‍ഡിനായിരുന്നു ഫ്ലെച്ചറിന്റെ വിക്കറ്റ്.

39 റണ്‍സാണ് ഫ്ലെച്ചറുടെ സംഭാവന. 77/1 എന്ന നിലയില്‍ നിന്ന് 117/5 എന്ന നിലയിലേക്ക് ഏതാനും ഓവറുകള്‍ക്കുള്ളില്‍ ടീം വീഴുകയായിരുന്നു. റോസ്ടണ്‍ ചേസ് 22 റണ്‍സ് നേടി പൊള്ളാര്‍ഡിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ഫവദ് അഹമ്മദ് മുഹമ്മദ് നബിയെ പുറത്താക്കി.

24 റണ്‍സ് നേടിയ നജീബുള്ള സദ്രാന്റെ വിക്കറ്റ് വീഴ്ത്തി പൊള്ളാര്‍ഡ് മത്സരത്തിലെ തന്റെ നാലാം വിക്കറ്റ് നേടുകയായിരുന്നു. നേരത്തെ ഡാരെന്‍ സാമിയുടെ വിക്കറ്റ് അകീല്‍ ഹൊസൈന്‍ നേടിയപ്പോള്‍ ജാവെല്ലേ ഗ്ലെന്നിന്റെ വിക്കറ്റ് പൊള്ളാര്‍‍ഡ് നേടുകയായിരുന്നു.

19.1 ഓവറില്‍ ആണ് ടീം ഓള്‍ഔട്ട് ആകുന്നത്. പത്തോവറില്‍ ആധിപത്യം നേടിയ സൂക്ക്സിനെ തിരിച്ചടിച്ച് മികച്ച തിരിച്ചുവരവാണ് മത്സരത്തില്‍ ട്രിന്‍ബാഗോ നടത്തിയത്. ക്യാപ്റ്റന്‍ പൊള്ളാര്‍ഡ് നാല് വിക്കറ്റുമായി ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു.

ഒരു ഘട്ടത്തില്‍ 89/2 എന്ന നിലയില്‍ നില്‍ക്കുന്ന സൂക്ക്സിനെയാണ് ട്രിന്‍ബാഗോ 154 റണ്‍സില്‍ ഓള്‍ഔട്ട് ആക്കിയത്.

കിരീടം ലക്ഷ്യമാക്കി നൈറ്റ് റൈഡേഴ്സും സൂക്ക്സും, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പൊള്ളാര്‍ഡ്

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2020ന്റെ ഫൈനലില്‍ ടോസ് നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ടോസ് നേടിയ പൊള്ളാര്‍ഡ് സൂക്ക്സിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. സുനില്‍ നരൈന്‍ ഇല്ലാതെയാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഇന്നത്തെ മത്സരത്തില്‍ ഇറങ്ങുന്നത്. തങ്ങളുടെ 12ാം ജയവും ടൂര്‍ണ്ണമെന്റ് വിജയവുമാണ് ഇന്ന് ട്രിന്‍ബാഗോ ലക്ഷ്യമാക്കുന്നത്.

അതേ സമയം മാറ്റങ്ങളില്ലാതെയാണ് സെയിന്റ് ലൂസിയ സൂക്ക്സ് ഇറങ്ങുന്നത്.

സെയിന്റ് ലൂസിയ സൂക്ക്സ് : Rahkeem Cornwall, Mark Deyal, Andre Fletcher(w), Roston Chase, Mohammad Nabi, Najibullah Zadran, Javelle Glenn, Daren Sammy(c), Scott Kuggeleijn, Kesrick Williams, Zahir Khan

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്: Lendl Simmons, Tion Webster, Tim Seifert(w), Darren Bravo, Kieron Pollard(c), Dwayne Bravo, Sikandar Raza, Akeal Hosein, Khary Pierre, Fawad Ahmed, Ali Khan

കരീബിയന്‍ പ്രീമിയര്‍ ലീഗിലിന്ന് കലാശപ്പോരാട്ടം, ട്രിന്‍ബാഗോ കുതിപ്പിന് തടയിടുമോ സൂക്ക്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഫൈനല്‍ പോരാട്ടം. ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ടൂര്‍ണ്ണമെന്റിലെ അപരാജിത കുതിപ്പ് നടത്തുന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും മികച്ച ഓള്‍റൗണ്ട് പ്രകടനങ്ങള്‍ക്ക് പേര് കേട്ട സെയിന്റ് ലൂസിയ സൂക്ക്സുമാണ് ഏറ്റുമുട്ടുന്നത്. ടൂര്‍ണ്ണമെന്റിലിത് വരെ പരാജയം അറിയാത്ത ടീമാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്.

സെമിയില്‍ ഇരു ടീമുകളും ആധികാരിക വിജയവുമായാണ് ഫൈനലിലേക്ക് എത്തുന്നത്. ട്രിന്‍ബാഗോ തല്ലാവാസിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ സൂക്ക്സ് ഗയാനയെയാണ് കശക്കിയെറിഞ്ഞത്. ടോപ് ഓര്‍ഡറില്‍ ലെന്‍ഡല്‍ സിമ്മണ്‍സ് ഫോമിലേക്ക് എത്തിയത് ട്രിന്‍ബാഗോയ്ക്ക് കരുത്തേകുമ്പോള്‍ സുനില്‍ നരൈന്‍ തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് ഓപ്പണിംഗ് ആരംഭിക്കുന്നത്.

കോളിന്‍ മണ്‍റോയുടെ പരിക്ക് ടീമിന് തലവേദന സൃഷ്ടിച്ചേക്കാമെങ്കിലും പകരമെത്തിയ ടിയോണ്‍ വെബ്സ്റ്റര്‍ കഴിഞ്ഞ കളിയില്‍ തിളങ്ങി ആ വിടവ് നികത്തുകയായിരുന്നു. ഡാരെന്‍ ബ്രാവോയും കീറണ്‍ പൊള്ളാര്‍ഡും ടിം സീഫെര്‍ട്ടും ഡ്വെയിന്‍ ബ്രാവോയും ട്രിന്‍ബാഗോ മധ്യനിരയ്ക്ക് കരുത്തേകുന്നു.

അകീല്‍ ഹൊസൈന്‍, ഫവദ് അഹമ്മദ്, ഖാരി പിയറി എന്നിവര്‍ അടങ്ങുന്ന ബൗളിംഗ് നിര ഏത് ടീമിനും വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്നതാണ്. ഒപ്പം സുനില്‍ നരൈനും കൂട്ടിനുണ്ട്.

അതേ സമയം ഓപ്പണിംഗില്‍ ആന്‍ഡ്രേ ഫ്ലെച്ചറിലും റഖീം കോണ്‍വാലിനെയുമാണ് സൂക്ക്സ് ആശ്രയിക്കുന്നത്. ഇരുവരും ഒറ്റപ്പെട്ട പ്രകടനങ്ങള്‍ പുറത്തെടുത്തുവെങ്കിലും അത്ര പ്രഭാവമുള്ള പ്രകടനങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ല ടൂര്‍ണ്ണമെന്റില്‍. ഓള്‍റൗണ്ടര്‍മാരായ മാര്‍ക്ക് ദേയാല്‍, റോസ്ടണ്‍ ചേസ്, മുഹമ്മദ് നബി എന്നിവരാണ് ടീമിന്റെ പ്രധാന താരങ്ങള്‍. ഇവരുടെ പ്രകടനങ്ങളാണ് ഫൈനലില്‍ നിര്‍ണ്ണായകമാകുവാന്‍ പോകുന്നത്. അഫ്ഗാന്‍ താരം നജീബുള്ള സദ്രാനും പ്രധാന താരമാണ് സൂക്ക്സിനെ സംബന്ധിച്ച്.

ബൗളിംഗില്‍ സ്കോട്ട് കുജ്ജെലിന്‍ ആണ് പ്രധാന താരം. ഒപ്പം കെസ്രിക് വില്യംസും മേല്‍പ്പറഞ്ഞ ഓള്‍റൗണ്ടര്‍മാരെയും ടീം ആശ്രയിക്കുന്നു. സെമി ഫൈനല്‍ കളിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാവും ടീമുകള്‍ ഇന്ന് കളത്തിലിറങ്ങുക.

നോക്കൗട്ടിലും നിലയ്ക്കാത്ത അശ്വമേധവുമായി ട്രിന്‍ബാഗോ, ഫൈനലിലേക്ക് കടന്നത് ഒമ്പത് വിക്കറ്റ് വിജയവുമായി

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് ജമൈക്ക തല്ലാവാസിനെതിരെ 9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ജമൈക്കയെ 107/7 എന്ന സ്കോറില്‍ പിടിച്ച് കെട്ടിയ ശേഷമാണ് ട്രിന്‍ബാഗോ 15 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് നേടി വിജയം ഉറപ്പാക്കിയത്.

സുനില്‍ നരൈനെ തുടക്കത്തില്‍ നഷ്ടമായ ശേഷം അര്‍ദ്ധ ശതകം നേടിയ ലെന്‍ഡല്‍ സിമ്മണ്‍സിന്റെയും 44 റണ്‍സ് നേടിയ ടിയോണ്‍ വെബ്സ്റ്ററിന്റെയും ഇന്നിംഗ്സ് ആണ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്. രണ്ടാം വിക്കറ്റില്‍ 97 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. ലെന്‍ഡല്‍ സിമ്മണ്‍സ് 54 റണ്‍സുമായി പുറത്താകാതെ നിന്നു.

Exit mobile version