ഇതുപോലെയുള്ള മത്സരങ്ങളാണ് ഐ.പി.എല്ലിനെ ലോകത്തിലെ ഏറ്റവും മികച്ച ലീഗാക്കി മാറ്റുന്നത് : സൗരവ് ഗാംഗുലി

കിങ്‌സ് ഇലവൻ പഞ്ചാബും രാജസ്ഥാൻ റോയൽസും തമ്മിൽ നടന്ന മത്സരം പോലെയുള്ള കളികൾ ടൂർണമെന്റിൽ ഉള്ളതുകൊണ്ടാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ലീഗാവുന്നതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ലീഗാണ് ഐ.പി.എൽ എന്നും സൗരവ് ഗാംഗുലി പറഞ്ഞു. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ 4 വിക്കറ്റിന് രാജസ്ഥാൻ റോയൽസ് കിങ്‌സ് ഇലവൻ പഞ്ചാബിനെ തോല്പിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് ഇലവൻ പഞ്ചാബ് 2 വിക്കറ്റ് നഷ്ടത്തിൽ 223 റൺസാണ് എടുത്തത്. തുടർന്ന് ചേസ് ചെയ്ത രാജസ്ഥാൻ റോയൽസ് ഏവരെയും ഞെട്ടിച്ചുകൊണ്ട് മത്സരത്തിൽ വിജയം നേടുകയായിരുന്നു. വെടിക്കെട്ട് പ്രകടനം നടത്തിയ സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ, രാഹുൽ തെവാത്തിയ എന്നിവരുടെ പ്രകടനമാണ് രാജസ്ഥാൻ റോയൽസിന് അവിശ്വസനീയ ജയം നേടിക്കൊടുത്തത്. സ്റ്റീവ് സ്മിത്ത് 27 പന്തിൽ 50 റൺസും സഞ്ജു സാംസൺ 42 പന്തിൽ 85 റൺസും രാഹുൽ തെവാത്തിയ31 പന്തിൽ 53 റൺസുമെടുത്താണ് രാജസ്ഥാൻ റോയൽസിന് ജയം നേടി കൊടുത്തത്.

ഏകദിന വിരമിക്കലിന് ശേഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക് ഡുമിനി എത്തുന്നു

ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ ജെപി ഡുമിനി ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക് എത്തുന്നു. 35 വയസ്സുള്ള താരം രാജ്ഷാഹി കിംഗ്സിന് വേണ്ടിയാണ് കളിക്കാനെത്തുന്നത്. ഡ്രാഫ്ടിന് പുറത്തുള്ള താരമായാണ് ജെപി ഡുമിനിയെ ടീം എത്തിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക് താരം എത്തുന്നത്. കഴിഞ്ഞ ദിവസമാണ് യൂറോ ടി20 സ്ലാമിലേക്കും താരം കരാറിലെത്തിയത്. യൂറോ ടി20 ബ്ലാസ്റ്റില്‍ ബെല്‍ഫാസ്റ്റ് ടൈറ്റന്‍സിന്റെ മാര്‍ക്കീ താരമായാണ് ഡുമിനി എത്തിയത്.

ഫ്രാഞ്ചൈസി ലീഗ് ക്രിക്കറ്റില്‍ സജീവമായ താരം ഐപിഎലില്‍ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് നിരയിലുണ്ടായിരുന്നുവെങ്കിലും ഒരു മത്സരത്തിലും അവസരം ലഭിച്ചിരുന്നില്ല. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദ് യുണൈറ്റഡിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

36 പന്തില്‍ 76, ലോറി ഇവാന്‍സിന്റെ മികവില്‍ വിജയിച്ച് രാജ്ഷാഹി കിംഗ്സ്

സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ മികച്ച വിജയം നേടി രാജ്ഷാഹി കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സ് 189/5 എന്ന മികച്ച സ്കോര്‍ നേടിയെങ്കിലും രണ്ടോവര്‍ അവശേഷിക്കെ അഞ്ച് വിക്കറ്റ് വിജയം കരസ്ഥമാക്കുകയായിരുന്നു കിംഗ്സ്. സിക്സേര്‍സിന്റെ നിക്കോളസ് പൂരന്റെ വെടിക്കെട്ട് ബാറ്റിംഗിനെ മറികടക്കുന്ന പ്രകടനവുമായി ലോറി ഇവാന്‍സ് ആണ് കിംഗ്സിന്റെ രക്ഷകനായത്.

31 പന്തില്‍ 6 വീതം ബൗണ്ടറിയും സിക്സും നേടി നിക്കോളസ് പൂരന്‍ 76 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സബ്ബിര്‍ റഹ്മാന്‍ 45 റണ്‍സുമായി താരത്തിനു മികച്ച പിന്തുണ നല്‍കി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സിക്സേര്‍സ് 189 റണ്‍സ് നേടുകയായിരുന്നു. കമ്രുള്‍ ഇസ്ലാം രണ്ട് വിക്കറ്റുമായി കിംഗ്സ് ബൗളര്‍മാരില്‍ തിളങ്ങി. അരാഫത്ത് സണ്ണി, മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജ്ഷാഹി കിംഗ്സിനു വേണ്ടി 36 പന്തില്‍ നിന്ന് 76 റണ്‍സ് നേടി ലോറി ഇവാന്‍സ് തിളങ്ങിയെങ്കിലും 18 പന്തില്‍ 42 റണ്‍സ് നേടിയ റയാന്‍ ടെന്‍ ഡോഷാറ്റെയുടെ ഇന്നിംഗ്സാണ് നിര്‍ണ്ണായകമായത്. ജോണ്‍സണ്‍ ചാള്‍സ് 39 റണ്‍സ് നേടി. അലോക് കപാലി, സൊഹൈല്‍ തന്‍വീര്‍ എന്നിവര്‍ സിക്സേര്‍സിനു വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

അര്‍ദ്ധ ശതകം നേടി റിലീ റൂസോവ്, പിന്തുണയുമായി എബിഡി, റൈഡേഴ്സിന്റെ ജൈത്രയാത്ര തുടരുന്നു

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ രംഗ്പൂര്‍ റൈഡേഴ്സിന്റെ ജൈത്രയാത്ര തുടരുന്നു. റിലീ റുസോവും എബി ഡി വില്ലിയേഴ്സും തിളങ്ങിയ മത്സരത്തില്‍ ടീം ആറ് വിക്കറ്റ് ജയത്തിലേക്ക് നീങ്ങുകയായിരുന്നു. ലക്ഷ്യമായ 142 റണ്‍സ് 18.4 ഓവറില്‍ മറികടന്നാണ് റൈഡേഴ്സ് പോയിന്റുകള്‍ സ്വന്തമാക്കിയത്. 55 റണ്‍സ് നേടിയ റിലീ റൂസോവിനു പിന്തുണയായി എബി ഡി വില്ലിയേഴ്സ് 37 റണ്‍സ് നേടി ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജ്ഷാഹി കിംഗ്സിനു 141 റണ്‍സാണ് എട്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ 20 ഓവറില്‍ നിന്ന് നേടാനായത്. ലോറി ഇവാന്‍സ് റണ്‍സ് നേടിയപ്പോള്‍ ഖൈസ് അഹമ്മദ് 22 റണ്‍സ് നേടി. രംഗ്പൂറിനു വേണ്ടി ഫര്‍ഹദ് റീസ മൂന്ന് വിക്കറ്റ് നേടി ബൗളര്‍മാരില്‍ തിളങ്ങി.

ശതകവുമായി ലോറി ഇവാന്‍സ്, രാജ്ഷാഹി കിംഗ്സിനു വിജയം

ലോറി ഇവാന്‍സ് ശതകവും റയാന്‍ ടെന്‍ ഡോഷാട്ടേ അര്‍ദ്ധ ശതകവും നേടി ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ 38 റണ്‍സിന്റെ ജയവുമായി രാജ്ഷാഹി കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് 176/3 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കോമില്ല വിക്ടോറിയന്‍സിനു 18.2 ഓവറില്‍ 138 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

62 പന്തില്‍ 9 ബൗണ്ടറിയും 6 സിക്സും അടക്കം 104 റണ്‍സാണ് ഇവാന്‍സ് നേടിയത്. റയാന്‍ ടെന്‍ ഡോഷാട്ടേ 59 റണ്‍സ് നേടി. ഇരുവരും പുറത്താകാതെ നിന്നാണ് ടീമിന്റെ മികച്ച സ്കോറിലേക്ക് നയിച്ചത്. വിക്ടോറിയന്‍സിനു വേണ്ടി ലിയാം ഡോസണ്‍ രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കോമില്ല വിക്ടോറിയന്‍സിനെ കമ്രുള്‍ ഇസ്ലാം നാല് വിക്കറ്റ് വീഴ്ത്തി തടയിടുകയായിരുന്നു. കൈസ് അഹമ്മദ്, റയാന്‍ ടെന്‍ ഡോഷാട്ടേ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 26 റണ്‍സ് നേടിയ അനാമുള്‍ ഹക്ക് വിക്ടോറിയന്‍സിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ തമീം ഇക്ബാല്‍ 25 റണ്‍സ് നേടി.

ധാക്കയുടെ പാളം തെറ്റിച്ച് കിംഗ്സ്, ടീമിനു ആദ്യ പരാജയം

ധാക്ക ഡൈനാമൈറ്റ്സിനു ആദ്യ പരാജയം നല്‍കി രാജ്ഷാഹി കിംഗ്സ്. ഇന്നലെ നടന്ന രണ്ട് മത്സരങ്ങളില്‍ ആദ്യത്തേതില്‍ ധാക്ക ഡൈനാമൈറ്റ്സിനെതിരെ 20 റണ്‍സിന്റെ വിജയമാണ് രാജ്ഷാഹി കംഗ്സ് നേടിയത്. ആദ്യ പരാജയം ഏറ്റുവാങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ് ധാക്ക നിലകൊള്ളുന്നത്.

ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണ് നേടിയത്. 31 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയ മാര്‍ഷല്‍ അയൂബും ഷഹര്യാര്‍ നഫീസും(25) സാക്കിര്‍ ഹസനും(20) ആണ് കിംഗ്സ് നിരയില്‍ തിളങ്ങിയത്. സുനില്‍ നരൈന്‍ മൂന്ന് വിക്കറ്റുമായി ഡൈനാമൈറ്റ്സ് ബൗളര്‍മാരില്‍ തിളങ്ങി.

കരുത്തുറ്റ ധാക്ക ബാറ്റിംഗ് നിര ലക്ഷ്യം അനായാസം മറികടക്കുമെന്നാണ് കരുതപ്പെട്ടതെങ്കിലും സണ്ണിയുടെ ബൗളിംഗിനു മുന്നില്‍ ധാക്ക കീഴടങ്ങുകയായിരുന്നു. 20 ഓവറില്‍ നിന്ന് 116/9 എന്ന സ്കോര്‍ നേടിയാണ് ധാക്ക 20 റണ്‍സ് തോല്‍വിയിലേക്ക് വീണത്. അറാഫത്ത് സണ്ണി മൂന്നും മെഹ്ദി ഹസന്‍ രണ്ടും വിക്കറ്റ് നേടി കിംഗ്സിനു വിജയം ഒരുക്കുകയായിരുന്നു.

ചെറു സ്കോര്‍ കണ്ട മത്സരത്തില്‍ 25 റണ്‍സ് വിജയം സ്വന്തമാക്കി ഖുല്‍ന ടൈറ്റന്‍സ്

നേടാനായത് 128 റണ്‍സ് മാത്രമാണെങ്കിലും എതിരാളികളായ രാജ്ഷാഹി കിംഗ്സിനെ 103 റണ്‍സിനു ഓള്‍ഔട്ട് ആക്കി 25 റണ്‍സിന്റെ വിജയം സ്വന്തമാക്കി ഖുല്‍ന ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ടീമിനു 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 128 റണ്‍സാണ് നേടാനായത്. 26 റണ്‍സ് നേടിയ ആരിഫുള്‍ ഹക്ക് ടീമിന്റെ ടോപ് സ്കോറര്‍ ആവുകയായിരുന്നു. കിംഗ്സിനു വേണ്ടി ഇസ്രു ഉഡാന, മെഹ്ദി ഹസന്‍, ആരാഫത്ത് സണ്ണി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ലക്ഷ്യം അനായാസം മറികടക്കുമെന്ന് കരുതിയെങ്കിലും 19.5 ഓവറില്‍ 103 റണ്‍സിനു രാജ്ഷാഹി കിംഗ്സ് ഓള്‍ഔട്ട് ആവുകയായിരുന്നു. തൈജുല്‍ ഇസ്ലാം നാലോവറില്‍ 10 റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന് വിക്കറ്റ് നേടി കളിയിലെ താരമായി മാറിയപ്പോള്‍ ജുനൈദ് ഖാനും മൂന്ന് വിക്കറ്റ് നേടി. മുഹമ്മദുള്ളയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. 23 റണ്‍സ് നേടിയ മെഹ്ദി ഹസന്‍ ആണ് കിംഗ്സിന്റെ ടോപ് സ്കോറര്‍.

5 റണ്‍സ് ജയം കരസ്ഥമാക്കി രാജ്ഷാഹി കിംഗ്സ്

രംഗ്പൂര്‍ റൈഡേഴ്സിനെതിരെ അഞ്ച് റണ്‍സിന്റെ വിജയം പിടിച്ചെടുത്ത് രാജ്ഷാഹി കിംഗ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ റൈഡേഴ്സിനു 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 130 റണ്‍സ് മാത്രമേ നേടാനായുള്ളു. 42 റണ്‍സ് നേടി പുറത്താകാതെ നിന്ന സക്കീര്‍ ഹസന്റെ ബാറ്റിംഗ് പ്രകടനമാണ് 135 റണ്‍സിലേക്ക് കിംഗ്സിനെ നയിച്ചത്.

മറ്റാര്‍ക്കും തന്നെ കാര്യമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ മുഹമ്മദ് ഹഫീസ് 26 റണ്‍സ് നേടി. മഷ്റഫെ മൊര്‍തസയും ഫര്‍ഹദ് റീസയും രണ്ട് വീതം വിക്കറ്റുമായി റൈഡേഴ്സ് ബൗളര്‍മാരില്‍ തിളങ്ങി.

മുഹമ്മദ് മിഥുനും(30) റീലി റൂസോവും(44*) റൈഡേഴ്സിനു പ്രതീക്ഷ നല്‍കിയെങ്കിലും 5 റണ്‍സ് അകലെ വരെ മാത്രമേ ടീമിനു എത്തുവാനായുള്ളു. ഇരുവരും ക്രീസില്‍ നിലനിന്നുവെങ്കിലും ടി20 വേഗതയിലുള്ള ഇന്നിംഗ്സ് പുറത്തെടുക്കുവാനായില്ല. മറ്റു താരങ്ങളും സമ്മര്‍ദ്ദത്തില്‍ പെട്ടെന്ന് പുറത്തായതും ടീമിനു തിരിച്ചടിയായി.

ക്രിസ് ഗെയില്‍ 14 പന്തില്‍ നിന്ന് 23 റണ്‍സുമായി ടോപ് ഓര്‍ഡറില്‍ തിളങ്ങിയെങ്കിലും പെട്ടെന്ന് പുറത്തായത് സ്കോറിംഗിനെ ബാധിച്ചു. മുഹമ്മദ് ഫഹീസും കമ്രുല്‍ ഇസ്ലാമും രണ്ട് വീതം വിക്കറ്റ് നേടി നിര്‍ണ്ണായകമായ പ്രഹരങ്ങളാണ് റൈഡേഴ്സിനെ ഏല്പിച്ചത്.

കിംഗ്സിനു ആദ്യ ജയം, ജയമില്ലാതെ ടൈറ്റന്‍സ്, ടീമിന്റെ മൂന്നാം പരാജയം

രാജ്ഷാഹി കിംഗ്സ് തങ്ങളുടെ ആദ്യ ജയം നേടിയപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ മൂന്നാം തോല്‍വി ഏറ്റുവാങ്ങി ഖുല്‍ന ടൈറ്റന്‍സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യ ജയത്തിനായി ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ 7 വിക്കറ്റിന്റെ വിജയം രാജ്ഷാഹി കിംഗ്സ് സ്വന്തമാക്കുകയായിരുന്നു. 20 ഓവറില്‍ 117/9 എന്ന സ്കോറാണ് ആദ്യം ബാറ്റ് ചെയ്ത ഖുല്‍ന നേടിയത്. ലക്ഷ്യം 7 പന്ത് അവശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കിംഗ്സ് മറികടന്നു.

ഇസ്രു ഉഡാനയുടെ ബൗളിംഗ് മികവാണ് ഖുല്‍നെ തകര്‍ത്തെറിഞ്ഞത്. താരം 4 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ട് നല്‍കി 3 വിക്കറ്റ് നേടിയപ്പോള്‍ മുസ്തഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റുമായി മികച്ച് നിന്നു. 23 റണ്‍സ് നേടിയ ജുനൈദ് സിദ്ദിക്കി ഖുല്‍ന ടൈറ്റന്‍സിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ദാവീദ് മലന്‍ 22 റണ്‍സ് നേടി.

മെഹ്ദി ഹസന്‍ അര്‍ദ്ധ ശതകവും മോമിനുള്‍ ഹക്ക് 44 റണ്‍സും നേടി രാജ്ഷാഹി കിംഗ്സിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇസ്രു ഉഡാനയാണ് കളിയിലെ താരം.

വെടിക്കെട്ട് തുടക്കവുമായി ഹസ്രത്തുള്ള സാസായി, ധാക്ക ഡൈനാമൈറ്റ്സിനു ആധികാരിക ജയം

രാജ്ഷാഹി കിംഗ്സിനെ തറപ്പറ്റിച്ച് ധാക്ക ഡൈനാമൈറ്റ്സ്. ഇന്നലെ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ധാക്ക 189/5 എന്ന മികച്ച സ്കോര്‍ 20 ഓവറില്‍ നിന്ന് നേടുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ സുനില്‍ നരൈനുമായി ചേര്‍ന്ന് 116 റണ്‍സാണ് സാസായി നേടിയത്. 38 റണ്‍സ് നേടിയ നരൈനെ നഷ്ടമായി ഏറെ വൈകാതെ സാസായിയും 41 പന്തില്‍ നിന്ന് 78 റണ്‍സ് നേടി മടങ്ങുകയായിരുന്നു. പിന്നീട് നേരിയ തകര്‍ച്ച ധാക്ക നേരിട്ടുവെങ്കിലും ആന്‍ഡ്രേ റസ്സല്‍(21*) ഷുവഗാത ഹോം(14 പന്തില്‍ പുറത്താകാതെ 38 റണ്‍സ്) എന്നിവര്‍ ചേര്‍ന്ന് മികച്ച സ്കോറിലേക്ക് ധാക്കയെ നയിച്ചു. രണ്ട് വിക്കറ്റ് നേടിയ അരാഫത്ത് സണ്ണിയാണ് കിംഗ്സിന്റെ ബൗളര്‍മാരില്‍ തിളങ്ങിയത്.

കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ കിംഗ്സിനു ഒരു ഘട്ടത്തിലും ധാക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തുവാന്‍ കഴിഞ്ഞിരുന്നില്ല. 29 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസ് ആണ് ടീമിന്റെ ടോപ് സ്കോറര്‍ ആയത്. നൂറിനു താഴെ ടീം പുറത്താകുമെന്ന് കരുതിയെങ്കിലും പത്താം വിക്കറ്റില്‍ സണ്ണിയും മുസ്തഫിസുര്‍ റഹ്മാനും ചേര്‍ന്ന് നേടിയ 26 റണ്‍സാണ് ടീമിനെ നൂറ് കടക്കുവാന്‍ സഹായിച്ചത്. അരാഫത്ത് സണ്ണി 18 റണ്‍സ് നേടി പുറത്തായപ്പോള്‍ മുസ്തഫിസു‍ര്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു.

ധാക്കയ്ക്കായി റൂബല്‍ ഹൊസൈന്‍ മൂന്നും മോഹോര്‍ ഷെയ്ഖ് രണ്ടും വിക്കറ്റ് നേടി.

മുഹമ്മദ് ഹഫീസ് രാജ്ഷാഹി കിംഗ്സിനു വേണ്ടി കളിയ്ക്കും

ടെസ്റ്റില്‍ നിന്ന് അടുത്തിടെ വിരമിച്ച പാക്കിസ്ഥാന്‍ താരം മുഹമ്മദ് ഹഫീസ് രാജ്ഷാഹി കിംഗ്സിനു വേണ്ടി കളിയ്ക്കുവാന്‍ ഒരുങ്ങുന്നു. ടൂര്‍ണ്ണമെന്റിന്റെ ആരംഭത്തില്‍ ടീമിനൊപ്പം ചേരുന്ന താരം ആദ്യത്തെ അഞ്ച് മത്സരങ്ങളില്‍ കളിയ്ക്കുവാനുണ്ടാകും അതിനു ശേഷം ദക്ഷിണാഫ്രിക്കയില്‍ പാക് ഏകദിന ടീമിനപ്പം താരം ചേരും.

ഇതാദ്യമായാണ് മുഹമ്മദ് ഹഫീസ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിയ്ക്കുന്നത്. കഴിഞ്ഞ തവണ കോമില വിക്ടോറിയന്‍സ് താരത്തിനെ സ്വന്തമാക്കിയിരുന്നുവെങ്കിലും തന്റെ ബൗളിംഗ് ആക്ഷന്‍ ശരിയാക്കുന്നതിനു വേണ്ടി ടൂര്‍ണ്ണമെന്റില്‍ നിന്ന് താരം വിട്ട് നില്‍ക്കുകയായിരുന്നു.

ജനുവരി അഞ്ചിനാണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ആരംഭിയ്ക്കുന്നത്. അന്ന് തന്നെ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ധാക്ക ഡൈനാമൈറ്റ്സ് ആണ് രാജ്ഷാഹി കിംഗ്സിന്റെ എതിരാളികള്‍.

റഹീമിനെ നിലനിര്‍ത്താതെ രാജ്ഷാഹി കിംഗ്സ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന മുഷ്ഫിക്കുര്‍ റഹിമിനെ നിലനിര്‍ത്തേണ്ടെന്ന് തീരുമാനിച്ച് രാജ്ഷാഹി കിംഗ്സ്. കഴിഞ്ഞ പതിപ്പിലെ ക്യാപ്റ്റനെ നിലനിര്‍ത്താത്ത ഏക ടീമും ഇതോടെ രാജ്ഷാഹി കിംഗ്സ് ആയി. ഒക്ടോബര്‍ 25നു പ്ലേയര്‍ ഡ്രാഫ്ട് നടക്കുവാനിരിക്കെയാണ് ഈ തീരുമാനംം. സെപ്റ്റംബര്‍ 30നായിരുന്നു ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക നല്‍കേണ്ടിയിരുന്ന അവസാന തീയ്യതി. റഹിമിനെ നിലനിര്‍ത്തിയില്ലെങ്കിലും മോമിനുള്‍ ഹക്ക്, മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, സക്കീര്‍ ഹസന്‍ എന്നിവരെ ടീം നിലനിര്‍ത്തിയിട്ടുണ്ട്.

ടീമിന്റെ ഘടനയ്ക്ക് വേണ്ടിയാണ് താരത്തിനെ നിലനിര്‍ത്തേണ്ടതില്ലെന്ന് തീുമാനിച്ചതെന്ന് ടീമിന്റെ സിഇഒ തഹമിദ് അസീസുള്‍ അഭിപ്രായപ്പെട്ടു. A+ വിഭാഗത്തില്‍പ്പെട്ട മുസ്തഫിസുര്‍ റഹ്മാനെ ടീം നിലിര്‍ത്തിയതിനാല്‍ ടീമില്‍ രണ്ട് ഐക്കണ്‍ താരങ്ങള്‍ വരുന്ന സ്ഥിതി വന്നതിനാലാണ് താരത്തെ നിലനിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് അസീസുള്‍ പറഞ്ഞു.

Exit mobile version