നിലവിലെ ചാമ്പ്യന്മാരെ സൂപ്പര്‍ ഓവറില്‍ വീഴ്ത്തി ഗ്ലോബല്‍ ടി20 കാനഡ 2019ല്‍ വിജയികളായി വിന്നിപെഗ് ഹോക്ക്സ്

ലോകകപ്പ് ഫൈനലിന് ശേഷം വീണ്ടും ഒരു ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ സൂപ്പര്‍ ഓവര്‍. ഗ്ലോബല്‍ ടി20 2019ന്റെ ഫൈനലില്‍ വാങ്കൂവര്‍ നൈറ്റ്സും വിന്നിപെഗ് ഹോക്ക്സും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഹോക്ക്സിനൊപ്പം നില്‍ക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും 192 റണ്‍സ് വീതം നേടിയപ്പോള്‍ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത വാങ്കുവര്‍ 9 റണ്‍സ് മാത്രമേ നേടിയുള്ളു. 4 പന്ത് മാത്രം നേരിട്ട് വിന്നിപെഗ് ഹോക്ക്സ് വിജയം നേടുകയായിരുന്നു.

നൈറ്റ്സിന് വേണ്ടി ആന്‍ഡ്രേ റസ്സല്‍ നേരിട്ട ആദ്യ പന്ത് തന്നെ സൂപ്പര്‍ ഓവറില്‍ സിക്സര്‍ പറത്തിയെങ്കിലും പിന്നീട് കാര്യമായി റണ്‍സൊന്നും നേടുവാന്‍ ടീമിന് സാധിച്ചില്ല. കലീം സന എറിഞ്ഞ ഓവറില്‍ രണ്ട് വിക്കറ്റാണ് വാങ്കൂവറിന് നഷ്ടമായത്. ക്രിസ് ലിന്‍ ആണ് സൂപ്പറോവറില്‍ വിന്നിപെഗിന്റെ വിജയ ശില്പിയായത്.

ആദ്യം ബാറ്റ് ചെയ്ത വിന്നിപെഗ് ഹോക്ക്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. 45 പന്തില്‍ നിന്ന് 90 റണ്‍സ് നേടിയ ഷൈമാന്‍ അന്‍വറും ക്രിസ് ലിന്‍(37), ജീന്‍ പോള്‍ ഡുമിനി(33) എന്നിവരാണ് ടീമിനായി ബാറ്റിംഗില്‍ തിളങ്ങിയത്. നൈറ്റ്സിന് വേണ്ടി ആന്‍ഡ്രേ റസ്സല്‍ നാലും അലി ഖാന്‍, റയാന്‍ പത്താന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ നൈറ്റ്സിന് തുടക്കം പാളിയെങ്കിലും ഷൊയ്ബ് മാലിക്-ആന്‍ഡ്രേ റസ്സല്‍ എന്നിവരുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 86 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ കൂട്ടുകെട്ട് 36 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയ മാലിക് പുറത്തായപ്പോളാണ് തകര്‍ന്നത്. പിന്നീട് ആന്‍ഡ്രേ റസ്സല്‍ ഒറ്റയ്ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും സ്കോറുകള്‍ ഒപ്പമെത്തിക്കുവാനെ താരത്തിന് സാധിച്ചുള്ളു. 20 പന്തില്‍ നിന്ന് 46 റണ്‍സുമായി റസ്സല്‍ പുറത്താകാതെ നിന്നു.

ഫൈനലില്‍ പിഴച്ച് വിന്‍ഡീസ് ബോര്‍‍ഡ് ടീം, കാനഡയില്‍ ജേതാക്കള്‍ നൈറ്റ്സ്

ടൂര്‍ണ്ണമെന്റിലെ ഏറ്റവും അധികം വിജയങ്ങള്‍ സ്വന്തമാക്കിയ ടീമായിട്ട് കൂടി ഫൈനലില്‍ കാലിടറി വിന്‍ഡീസ് ബോര്‍ഡ് ടീം. ഫൈനലില്‍ വാന്‍കോവര്‍ നൈറ്റ്സിനോട് കിരീടം അടിയറവു പറഞ്ഞ ടീം തങ്ങളുടെ ഇതുവരെയുള്ള പ്രകടനങ്ങള്‍ക്ക് നീതി പുലര്‍ത്തുന്ന കളി പുറത്തെടുക്കാന്‍ കഴിയാതെ പിന്നോട് പോകുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബോര്‍ഡ് ടീം 145 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ഫാബിയന്‍ അലന്‍ 23 പന്തില്‍ 41 റണ്‍സ് നേടിയാണ് 145 റണ്‍സിലേക്ക് ടീമിനെ എത്തിച്ചത്. മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ വേണ്ടത്ര മികവ് പുലര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ ടീം 17.4 ഓവറില്‍ ഓള്‍ഔട്ട് ആയി. ഷെല്‍ഡണ്‍ കോട്രെല്‍ നാല് വിക്കറ്റും ഫവദ് അഹമ്മദ് മൂന്നും നേടി നൈറ്റ്സ് ബൗളര്‍മാരില്‍ തിളങ്ങി. സാദ് ബിന്‍ സഫറിനു രണ്ട് വിക്കറ്റ് ലഭിച്ചു.

നൈറ്റ്സിന്റെ തുടക്കം പാളിയെങ്കിലും സാദ് ബിന്‍ സഫര്‍-റാസി വാന്‍ ഡെര്‍ ഡൂസന്‍ കൂട്ടുക്കെട്ടിന്റെ പ്രകടനം നൈറ്റ്സിനെ 7 വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയായിരുന്നു. 22/3 എന്ന നിലയില്‍ നിന്ന് 126 റണ്‍സ് കൂട്ടുകെട്ട് നേടിയാണ് സഖ്യം ടീമിനെ ജയത്തിലേക്ക് നയിച്ചത്. 48 പന്തില്‍ 79 റണ്‍സ് നേടി സാദും ഡൂസന്‍ 44 റണ്‍സും നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. വിന്‍ഡീസ് ബോര്‍ഡ് ടീമിനു വേണ്ടി ദെര്‍വാല്‍ ഗ്രീന്‍ രണ്ടും ജെറ്മിയ ലൂയിസ് ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡക്ക‍്വര്‍ത്ത് ലൂയിസില്‍ വിജയം വാന്‍കോവര്‍ നൈറ്റ്സിനു, ഫൈനലിലേക്ക്

മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ വിന്നിപെഗ് ഹോക്ക്സിനെതിരെ ജയം സ്വന്തമാക്കി വാന്‍കോവര്‍ നൈറ്റ്സ്. ഫൈനലില്‍ വിന്‍ഡീസ് ബോര്‍ഡ് ടീം ആണ് എതിരാളികള്‍. മത്സരത്തില്‍ നൈറ്റ്സ് ആദ്യം ബാറ്റ് ചെയ്ത് 13 ഓവറില്‍ 152/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മഴ വില്ലനായി എത്തുകയായിരുന്നു. സ്കോര്‍ ചേസ് ചെയ്യുന്നതിനിടയില്‍ 8.3 ഓവറില്‍ 84/5 എന്ന നിലയില്‍ ഹോക്ക്സ് നില്‍ക്കുമ്പോളാണ് മഴ കളി മുടക്കി വീണ്ടും എത്തുന്നത്. പിന്നീട് മത്സരം നടക്കാതെ വന്നപ്പോള്‍ 13 റണ്‍സിന്റെ വിജയം നൈറ്റ്സ് സ്വന്തമാക്കി.

26 പന്തില്‍ 45 റണ്‍സ് നേടിയ ചാഡ്‍വിക് വാള്‍ട്ടണ്‍ ആണ് കളിയിലെ താരം. ആന്‍ഡ്രേ റസ്സല്‍ 15 പന്തില്‍ 36 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ബെന്‍ ഡങ്ക് 29 റണ്‍സ് നേടി. ടിം സൗത്തി മൂന്ന് പന്തില്‍ നിന്ന് 2 സിക്സ് സഹിതം 13 റണ്‍സ് നേടി റസ്സലുമായി ക്രീസില്‍ നില്‍ക്കുമ്പോളാണ് മത്സരത്തില്‍ ആദ്യ തടസ്സം മഴ സൃഷ്ടിച്ചത്. ഹോക്ക്സിനു വേണ്ടി അലി ഖാന്‍ രണ്ടും ഫിഡെല്‍ എഡ്വേര്‍ഡ്സ്, ലെന്‍ഡല്‍ സിമ്മണ്‍സ്, റയാദ് എമ്രിറ്റ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ തന്നെ ടിം സൗത്തി ഡേവിഡ് വാര്‍ണറെ മടക്കിയയച്ചപ്പോള്‍ തന്നെ ഹോക്ക്സ് പ്രതിരോധത്തിലായി. 20 പന്തില്‍ 35 റണ്‍സ് നേടി ലെന്‍ഡല്‍ സിമ്മണ്‍സ്, 17 റണ്‍സ് നേടി ഡേവിഡ് മില്ലര്‍, ഡാരെന്‍ ബ്രാവോ(14*) എന്നിവരും വേഗത്തില്‍ സ്കോറിംഗിനു ശ്രമിച്ചുവെങ്കിലും വിക്കറ്റുകള്‍ തുടരെ നഷ്ടമായതും ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നോട്ട് പോകുവാന്‍ ഹോക്ക്സിനെ ഇടയാക്കി.

നൈറ്റ്സിനു വേണ്ടി ഫവദ് അഹമ്മദ് രണ്ട് വിക്കറ്റും ഷെല്‍ഡണ്‍ കോട്രെല്‍, ടിം സൗത്തി, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിന്‍ഡീസ് ബോര്‍ഡ് ടീം ഫൈനലില്‍

വാന്‍കോവര്‍ നൈറ്റ്സിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി വിന്‍ഡീസ് ബോര്‍ഡ് ടീം ഗ്ലോബല്‍ ടി20 കാനഡ ഫൈനലില്‍ കടന്നു. വാന്‍കോവര്‍ നൈറ്റ്സിന്റെ കൂറ്റന്‍ സ്കോര്‍ അവസാന പന്തില്‍ മറികടന്നാണ് ആവേശകരമായ വിജയം ബോര്‍ഡ് ടീം നേടിയത്. അവസാന ഓവറില്‍ ജയിക്കാന്‍ 18 റണ്‍സ് വേണ്ടിയിരുന്ന ടീമിനെ ഒരു പന്ത് അവശേഷിക്കെ സ്കോറുകള്‍ ഒപ്പമെത്തിച്ച ആന്തണി ബ്രാംബിള്‍ അവസാന പന്തില്‍ സിക്സ് നേടിയാണ് അവിശ്വസനീയമായ വിജയം ടീമിനു നേടിക്കൊടുത്തത്.

ആദ്യ ക്വാളിഫയറില്‍ പരാജയപ്പെട്ടുവെങ്കിലും രണ്ടാം ക്വാളിഫയറില്‍ വിജയിച്ച് ഫൈനലില്‍ കടക്കുവാന്‍ ഒരവസരം കൂടി നൈറ്റ്സിനു ലഭിക്കും. ആദ്യം ബാറ്റ് ചെയ്ത വാന്‍കോവര്‍ ക്രിസ് ഗെയില്‍(50), ചാഡ്വിക് വാള്‍ട്ടണ്‍(54, 24 പന്തില്‍) എന്നിവരുടെ മികച്ച തുടക്കത്തിനു ശേഷം റാസി വാന്‍ ഡെര്‍ ഡൂസെന്‍(23), ബാബര്‍ ഹയാത്ത്(25), ആന്‍ഡ്രേ റസ്സല്‍(29) എന്നിവരുടെ നിര്‍ണ്ണായക സംഭാവനകളുടെ കൂടി ബലത്തോടെ 6 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് നേടുകയായിരുന്നു. വിന്‍ഡീസ് നിരിയില്‍ ജെര്‍മിയ ലൂയിസ്, ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് 66 പന്തില്‍ 10 സിക്സും 11 ബൗണ്ടറിയുമടക്കം നേടിയ 134 റണ്‍സാണ് വിന്‍ഡീസ് ടീമിന്റെ തുണയായി എത്തിയത്. 11/3 എന്ന നിലയിലേക്ക് തകര്‍ന്ന ടീമിനെ നാലാം വിക്കറ്റില്‍ നിക്കോളസ് പൂരനുമായി ചേര്‍ന്ന് 130 റണ്‍സാണ് റൂഥര്‍ഫോര്‍ഡ് നേടിയത്. 28 പന്തില്‍ 44 റണ്‍സ് നേടിയ പൂരനെ നഷ്ടമായെങ്കിലും ആന്തണി ബ്രാംബിളില്‍ മികച്ചൊരു പങ്കാളിയെ റൂഥര്‍ഫോര്‍ഡിനു ലഭിച്ചു.

80 റണ്‍സാണ് അവസാന 35 പന്തില്‍ നിന്ന് കൂട്ടുകെട്ട് നേടിയത്. 11 പന്തില്‍ 23 റണ്‍സുമായി ആന്തണി അവസാന ഓവറില്‍ കളി മാറ്റി മറിച്ചുവെങ്കിലും കൂട്ടുകെട്ടില്‍ കൂടുതലും അപകടകാരിയായത് റൂഥര്‍ഫോര്‍ഡ് ആയിരുന്നു. ടിം സൗത്തി രണ്ടും, ആന്‍ഡ്രേ റസ്സല്‍, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവര്‍ ഓരോ വിക്കറ്റും നൈറ്റ്സിനായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നൈറ്റ്സിനെതിരെ തകര്‍ന്നടിഞ്ഞ് നാഷണല്‍സ്

ഗ്ലോബല്‍ ടി20 കാനഡയില്‍ മോശം ഫോം തുടര്‍ന്ന് ടൊറോണ്ടോ നാഷണല്‍സ്. രണ്ടാം റൗണ്ട് മത്സരങ്ങളില്‍ 17ാം മത്സരത്തില്‍ വാന്‍കോവര്‍ നൈറ്റ്സിനെതിരെയാണ് നാഷണല്‍സ് തോല്‍വിയേറ്റു വാങ്ങിയത്. ടോസ് നേടിയ വാന്‍കോവര്‍ നായകന്‍ ക്രിസ് ഗെയില്‍ നാഷണല്‍സിനെ ബാറ്റിംഗനയയ്ക്കുകയായിരുന്നു. എന്നാല്‍ 16.5 ഓവറില്‍ ടൊറോണ്ടോ 103 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 35 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്ത് ടോപ് സ്കോറര്‍ ആയപ്പോള്‍ ഡാരെന്‍ സാമി വീണ്ടും ഒരറ്റത്ത് പൊരുതി നോക്കി. 23 പന്തില്‍ നിന്ന് 29 റണ്‍സാണ് നായകന്‍ സാമിയുടെ സംഭാവന.

റസ്സല്‍, ഫവദ് അഹമ്മദ് എന്നിവര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സാദ് ബിന്‍ സഫര്‍(2), ടിം സൗത്തി, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവര്‍ നൈറ്റ്സിനായി വിക്കറ്റുകള്‍ നേടി.

12.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി നൈറ്റ്സിനായി അര്‍ദ്ധ ശതകവുമായി ചാഡ്വിക് വാള്‍ട്ടണ്‍ ടോപ് സ്കോറര്‍ ആയി. 36 പന്തില്‍ 54 റണ്‍സ് നേടി വാള്‍ട്ടണ്‍ പുറത്താകാതെ നിന്നപ്പോള്‍ ബെന്‍ ഡങ്ക് 24 റണ്‍സ് നേടി. ആന്‍ഡ്രേ റസ്സല്‍ ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒടുവില്‍ അവര്‍ പരാജയപ്പെട്ടു, വാന്‍കോവര്‍ നൈറ്റ്സിനോട്

ഗ്ലോബല്‍ ടി20 കാനഡയില്‍ ആദ്യ പരാജയം ഏറ്റുവാങ്ങി ക്രിക്കറ്റ് വിന്‍ഡീസ് ടീം. ആദ്യ നാല് മത്സരങ്ങളിലും അപരാജിത കുതിപ്പ് തുടര്‍ന്ന ടീം. ഇന്നലെ നടന്ന മത്സരത്തില്‍ വാന്‍കോവര്‍ നൈറ്റ്സിനോടാണ് പരാജയം ഏറ്റുവാങ്ങിത്. 35 റണ്‍സിന്റെ വിജയമാണ് നൈറ്റ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത നൈറ്റ്സ് 20 ഓവറില്‍ 175/4 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ബോര്‍ഡ് ടീമിനു 19.3 ഓവറില്‍ 143 റണ്‍സ് മാത്രമേ നേടാനായുള്ളു. ടീം ഓള്‍ഔട്ട് ആവുകയും ചെയ്തു.

വാന്‍കോവര്‍ നായകന്‍ ക്രിസ് ഗെയില്‍ ഫോമിലേക്ക് മടങ്ങിയെത്തിയതാണ് മത്സരത്തിന്റെ പ്രത്യേകത. 55 പന്തില്‍ 63 റണ്‍സ് നേടിയ ഗെയില്‍ 5 ബൗണ്ടറിയും 4 സിക്സും നേടി. റാസ്സി വാന്‍ ഡെര്‍ ഡൂസന്‍ 30 റണ്‍സും ആന്‍ഡ്രേ റസ്സല്‍ 18 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നു. എവിന്‍ ലൂയിസ്(22), ബാബര്‍ ഹയാത്(14*) എന്നിവരും ടീമിനായി തിളങ്ങി. ബൗളിംഗില്‍ വിന്‍ഡീസ് ബോര്‍ഡ് ടീമിനു വേണ്ടി ദെര്‍വാല്‍ ഗ്രീന്‍ മൂന്നും ഖാരി പിയറി ഒരു വിക്കറ്റും നേടി.

ബോര്‍ഡ് ടീമിനു വേണ്ടി 43 റണ്‍സ് നേടി കാവം ഹോഡ്ജ് മാത്രമാണ് പൊരുതി നോക്കിയത്. ഫാബിയന്‍ അലെന്‍ 29 റണ്‍സും നേടിയപ്പോള്‍ മറ്റൊരു താരങ്ങള്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ഷെല്‍ഡണ്‍ കോട്രെലിന്റെ നാല് വിക്കറ്റ് നേട്ടമാണ് വാന്‍കോവറിനു വിജയം നല്‍കിയത്. ഒപ്പം ആന്‍ഡ്രേ റസ്സല്‍ രണ്ടും ടിം സൗത്തി, സ്റ്റീവന്‍ ജേക്കബ്സ്, ഫവദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

18 റണ്‍സ് വിജയം നേടി നൈറ്റ്സ്

മോണ്ട്രിയല്‍ ടൈഗേഴ്സിനെതിരെ 18 റണ്‍സ് വിജയം സ്വന്തമാക്കി വാന്‍കോവര്‍ നൈറ്റ്സ്. ടൂര്‍ണ്ണമെന്റിലെ എട്ടാം മത്സരത്തില്‍ ടോസ് നേടി മോണ്ട്രിയല്‍ ടൈഗേഴ്സ് നായകന്‍ ലസിത് മലിംഗ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റാസി വാന്‍ ഡെര്‍ ഡൂസന്‍ പുറത്താകാതെ നേടിയ 83 റണ്‍സിന്റെ ബലത്തില്‍ 20 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നൈറ്റ്സ് നേടിയത്.

56 പന്തില്‍ 6 ബൗണ്ടറിയും 5 സിക്സുമാണ് താരം നേടിയത്. മറ്റു താരങ്ങളില്‍ ആരും കാര്യമായ പ്രഭാവമുണ്ടാക്കിയില്ലെങ്കിലും പൊരുതാവുന്ന സ്കോറിലേക്ക് റാസി ടീമിനെ നയിച്ചു. ലസിത് മലിംഗ മൂന്നും പീറ്റര്‍ സിഡില്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെ ഒരു വിക്കറ്റ് നേടി. 4 ഓവറില്‍ 19 റണ്‍സ് മാത്രമാണ് താരം വിട്ടു നല്‍കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ടൈഗേഴ്സ് 19.4 ഓവറില്‍ 148 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ജോര്‍ജ്ജ് വര്‍ക്കര്‍ 43 റണ്‍സും മോയിസസ് ഹെന്‍റിക്കസ് 40 റണ്‍സും നേടി പൊരുതിയെങ്കിലും കൂട്ടുകെട്ട് തകര്‍ത്ത ശേഷം ആര്‍ക്കും കാര്യമായ പ്രഭാവമുണ്ടാക്കാനായില്ല. ടിം സൗത്തിയും സാദ് ബിന്‍ സഫറും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഷെല്‍ഡണ്‍ കോട്രെല്‍ രണ്ടും ഫവദ് അഹമ്മദ്, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹോക്ക്സിനെ മറികടന്ന് നൈറ്റ്സിനു വിജയം

ഗ്ലോബല്‍ ടി20 കാനഡയിലെ ആദ്യ ജയം സ്വന്തമാക്കി വാന്‍കോവര്‍ നൈറ്റ്സ്. ആദ്യ മത്സരത്തില്‍ ടൊറോണ്ടോ നാഷണല്‍സിനെതിരെ പരാജയം ഏറ്റുവാങ്ങിയ ശേഷം ഇന്നലെ നടന്ന മത്സരത്തില്‍ നൈറ്റ്സ് വിന്നിപെഗ് ഹോക്ക്സിനെതിരെ 6 വിക്കറ്റിന്റെ മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു. ബൗളിംഗില്‍ ഷെല്‍ഡണ്‍ കോട്രെലും ഫവദ് അഹമ്മദും മൂന്ന് വീതം വിക്കറ്റുമായി വിജയികള്‍ക്കായി തിളങ്ങിയപ്പോള്‍ ടിം സൗത്തി ആന്‍ഡ്രേ റസ്സല്‍ എന്നിവരും ഓരോ വിക്കറ്റ് നേടി.

ഹോക്ക്സിനു വേണ്ടി രണ്ടാം മത്സരത്തിലും ഡേവിഡ് വാര്‍ണര്‍ പരാജയപ്പെട്ടപ്പോള്‍ ടിയോണ്‍ വെബ്സ്റ്റര്‍(49*), ഡ്വെയിന്‍ ബ്രാവോ(30), ലെന്‍ഡല്‍ സിമ്മണ്‍സ്(24) എന്നിവര്‍ക്ക് പുറമേ 5 പന്തില്‍ 17 റണ്‍സ് നേടിയ മാര്‍ക്ക് ഡെയാല്‍ എന്നിവരാണ് റണ്‍സ് കണ്ടെത്തിയ താരങ്ങള്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ നൈറ്റ്സ് ബാബര്‍ ഹയാത്തിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തില്‍ 17.4 ഓവറില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. 5 സിക്സ് അടക്കം 33 പന്തില്‍ നിന്ന് 65 റണ്‍സാണ് ഹയാത്ത് നേടിയത്. റാസി വാന്‍ ഡെര്‍ ഡൂസെന്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു. ആന്‍ഡ്രേ റസ്സല്‍ 7 പന്തില്‍ നിന്ന് 21 റണ്‍സ് നേടി. 3 സിക്സാണ് താരം തന്റെ ഇന്നിംഗ്സില്‍ നേടിയത്.

ഹോക്ക്സിനു വേണ്ടി അലി ഖാന്‍ രണ്ടും ഡ്വെയന്‍ ബ്രാവോ കൈല്‍ ഫിലിപ്പ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ബാബര്‍ ഹയാത്ത് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version