എം.ഐ എമിറേറ്റ്സിന് കരുത്ത് പകരാൻ നിക്കോളാസ് പൂരനും കീറോൺ പൊള്ളാർഡും


യു.എ.ഇയിൽ നടക്കാനിരിക്കുന്ന ഇന്റർനാഷണൽ ലീഗ് ടി20 (ILT20) യുടെ നാലാം സീസണിലേക്കുള്ള വൈൽഡ്കാർഡ് കളിക്കാരായി നിക്കോളാസ് പൂരൻ, കീറോൺ പൊള്ളാർഡ് എന്നിവരെ എം.ഐ എമിറേറ്റ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ വർഷം കരീബിയൻ പ്രീമിയർ ലീഗിൽ (CPL) ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിനും, മേജർ ലീഗ് ക്രിക്കറ്റിൽ (MLC) എം.ഐ ന്യൂയോർക്കിനും വേണ്ടി കിരീടങ്ങൾ നേടി വിജയകരമായ കൂട്ടുകെട്ടുണ്ടാക്കിയതിന് ശേഷമാണ് ഈ കരീബിയൻ ജോഡി വീണ്ടും ഒന്നിക്കുന്നത്.


ആന്ദ്രേ ഫ്ലെച്ചർ, അക്കീം ഓഗസ്റ്റ്, റൊമാരിയോ ഷെപ്പേർഡ് തുടങ്ങിയ കരീബിയൻ താരങ്ങൾ ഇതിനകം എം.ഐ എമിറേറ്റ്സ് സ്ക്വാഡിലുള്ളതിനാൽ, പൂരന്റെയും പൊള്ളാർഡിന്റെയും വരവ് ടീമിന് വൻ ശക്തി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


2025 ഡിസംബർ 2 മുതൽ 2026 ജനുവരി 4 വരെ അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലായാണ് ഐ.എൽ.ടി20 സീസൺ 4 നടക്കുക. ഐ.എൽ.ടി20-യും എസ്.എ20-യും ഒരേ സമയത്ത് വരുന്നതിനാൽ പൂരൻ എസ്.എ20-ൽ എം.ഐ കേപ് ടൗണിനായും കളിക്കും.


വിവിധ ലീഗുകളിലായി 18 ടി20 കിരീടങ്ങൾ നേടിയ പൊള്ളാർഡും, ലോകമെമ്പാടുമുള്ള എം.ഐ ഫ്രാഞ്ചൈസികളുടെ നിർണായക ഭാഗമായ പൂരനും, ടി20 ക്രിക്കറ്റിലെ അനുഭവസമ്പത്തും വിജയശീലവും ടീമിന് മുതൽക്കൂട്ടാണ്. നിലവിലെ ചാമ്പ്യന്മാരായ എം.ഐ എമിറേറ്റ്സ് തങ്ങളുടെ കിരീടം നിലനിർത്താൻ തയ്യാറെടുക്കുമ്പോൾ, അന്താരാഷ്ട്ര താരങ്ങളുടെയും വളർന്നുവരുന്ന യുവതാരങ്ങളുടെയും മിശ്രിതമായ ടീം ഒരു ആവേശകരമായ കാമ്പയിൻ നടത്തുമെന്നാണ് പ്രതീക്ഷ.

29ആം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നിക്കോളാസ് പൂരൻ


വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം നിക്കോളാസ് പൂരൻ 29-ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചു. ഏകദേശം ഒരു പതിറ്റാണ്ട് നീണ്ട തന്റെ കരിയറിന് വിരാമമിട്ട്, 2025 ജൂൺ 10-ന് ഒരു വൈകാരിക ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഈ വെടിക്കെട്ട് ബാറ്റ്സ്മാൻ തന്റെ തീരുമാനം സ്ഥിരീകരിച്ചത്.

വെസ്റ്റ് ഇൻഡീസിനായി 106 ടി20ഐ മത്സരങ്ങളും 61 ഏകദിനങ്ങളും കളിച്ച പൂരൻ, 4,000-ൽ അധികം അന്താരാഷ്ട്ര റൺസ് നേടിയിട്ടുണ്ട്.


ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന അടുത്ത ടി20 ലോകകപ്പിന് വെറും എട്ട് മാസം മാത്രം ശേഷിക്കെയാണ് അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപനം എന്നത് ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഐപിഎൽ 2025-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനായി 200-നടുത്ത് സ്ട്രൈക്ക് റേറ്റിൽ 524 റൺസ് നേടി മികച്ച ഫോമിലായിരുന്ന പൂരൻ, അടുത്തിടെ ഇംഗ്ലണ്ടിനെതിരായ വെസ്റ്റ് ഇൻഡീസിന്റെ വൈറ്റ്-ബോൾ പരമ്പരയിൽ നിന്ന് ജോലിഭാരം ചൂണ്ടിക്കാട്ടി വിട്ടുനിന്നിരുന്നു.


ഹൃദയസ്പർശിയായ വിടവാങ്ങൽ സന്ദേശത്തിൽ, വെസ്റ്റ് ഇൻഡീസ് ജേഴ്സി ധരിക്കാനും ടീമിനെ നയിക്കാനും കഴിഞ്ഞത് താൻ എന്നും വിലമതിക്കുന്ന ഒരു ബഹുമതിയാണെന്ന് പൂരൻ പറഞ്ഞു. ആരാധകർക്കും കുടുംബാംഗങ്ങൾക്കും സഹതാരങ്ങൾക്കും നന്ദി പറഞ്ഞ അദ്ദേഹം, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനോടുള്ള തന്റെ സ്നേഹം ആവർത്തിച്ച്, ഒരു വലിയ പിന്തുണക്കാരനായി എന്നും തുടരുമെന്നും വ്യക്തമാക്കി.


2016-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച പൂരൻ അവസാനമായി വെസ്റ്റ് ഇൻഡീസിനായി കളിച്ചത് 2024 ഡിസംബറിലാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ടെങ്കിലും, ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ലീഗുകളിൽ അദ്ദേഹം തുടർന്നും കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇംഗ്ലണ്ടിനും അയർലൻഡിനുമെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു, പൂരൻ പിന്മാറി


ഇംഗ്ലണ്ടിനും അയർലൻഡിനുമെതിരായ വരാനിരിക്കുന്ന ടി20 പരമ്പരകൾക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ഐപിഎൽ 2025 ലെ മികച്ച ബാറ്റർമാരിൽ ഒരാളായ നിക്കോളാസ് പൂരാൻ വിശ്രമത്തിനായി പരമ്പരയിൽ നിന്ന് പിന്മാറിയപ്പോൾ, പരിചയസമ്പന്നരായ ഓൾറൗണ്ടർമാരായ ആന്ദ്രെ റസ്സലും ജേസൺ ഹോൾഡറും ടീമിലേക്ക് തിരിച്ചെത്തി.


പൂരാൻ്റെ അഭാവം ടീമിന് വലിയ നഷ്ടമാണ്. ലഖ്‌നൗ സൂപ്പർ ജയൻ്റ്സിനായി താരം 196.25 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 40 സിക്സറുകൾ ഉൾപ്പെടെ 524 റൺസ് നേടി ടൂർണമെൻ്റിലെ മികച്ച പ്രകടനം നടത്തിയവരിൽ ഒരാളായിരുന്നു. മികച്ച ഫോമിലാണെങ്കിലും, കഠിനമായ ഐപിഎൽ സീസണിന് ശേഷമാണ് താരം വിശ്രമം തിരഞ്ഞെടുത്തിരിക്കുന്നത്.


പരിചയസമ്പന്നരായ റസ്സലും ഹോൾഡറും ദേശീയ ടീമിലേക്ക് മടങ്ങിയെത്തി. 2024 നവംബർ മുതൽ കണങ്കാലിന് പരിക്കേറ്റ് പുറത്തായിരുന്ന റസ്സലും ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം 2024 ടി20 ലോകകപ്പ് നഷ്ടപ്പെട്ട ഹോൾഡറും ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മറ്റൊരു ഐപിഎൽ പ്രകടനക്കാരനായ ഷെർഫാൻ റൂഥർഫോർഡും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

അയർലൻഡ് പരമ്പരയിലും ശ്രദ്ധേയമായ മാറ്റങ്ങളുണ്ട്. റോസ്റ്റൺ ചേസിന് പകരം ജിദ് ഗൂളിക്ക് കന്നി അവസരം ലഭിച്ചു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി തയ്യാറെടുക്കുന്ന ചേസ് ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ടീം വിടും. മികച്ച ഏകദിന ഫോമിലുള്ള കീസി കാർട്ടി ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം വിശ്രമമെടുക്കുന്ന ബ്രാൻഡൻ കിംഗിന് പകരം അയർലൻഡ് ലെഗിൽ ടീമിനൊപ്പം ചേരും.


പരിശീലക സംഘത്തിലും മാറ്റങ്ങളുണ്ട്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ഡാരൻ സമ്മി, ഫ്ലോയ്ഡ് റീഫർ, രവി രാംപോൾ എന്നിവർ സ്ഥാനമൊഴിയും. അയർലൻഡ് ലെഗിൽ റേയോൺ ഗ്രിഫിത്തായിരിക്കും മുഖ്യ പരിശീലകൻ.


പരമ്പര ഷെഡ്യൂൾ:

ഇംഗ്ലണ്ടിനെതിരെ (3 ടി20 മത്സരങ്ങൾ): ജൂൺ 6-10

അയർലൻഡിനെതിരെ (3 ടി20 മത്സരങ്ങൾ): ജൂൺ 12-15

West Indies Squad for England Series:

Shai Hope (c), Johnson Charles, Roston Chase, Matthew Forde, Shimron Hetmyer, Jason Holder, Akeal Hosein, Alzarri Joseph, Brandon King, Evin Lewis, Gudakesh Motie, Rovman Powell, Andre Russell, Sherfane Rutherford, Romario Shepherd

West Indies Squad for Ireland Series:

Shai Hope (c), Keacy Carty, Johnson Charles, Matthew Forde, Jyd Goolie, Shimron Hetmyer, Jason Holder, Akeal Hosein, Alzarri Joseph, Evin Lewis, Gudakesh Motie, Rovman Powell, Sherfane Rutherford, Romario Shepherd

തന്റെ സിക്സ് കൊണ്ട് പരിക്കേറ്റ ആരാധകനെ സന്ദർശിച്ച് പൂരൻ (വീഡിയോ)

ഹൃദയസ്പർശിയായ ഒരു പ്രവൃത്തിയിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) താരം നിക്കോളാസ് പുരാൻ, ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ 2025 മത്സരത്തിനിടെ തന്റെ കൂറ്റൻ സിക്സറുകളിലൊന്ന് കൊണ്ട് പരിക്കേറ്റ ആരാധകനെ സന്ദർശിച്ചു. ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് പുരാന്റെ ഷോട്ട് നബീൽ എന്ന ആരാധകന്റെ തലയിൽ കൊണ്ടത്.


പുരാൻ വ്യക്തിപരമായി അടുത്ത ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് മുന്നോടിയായി അദ്ദേഹത്തെ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുകയും സ്നേഹസൂചകമായി ഒപ്പിട്ട തൊപ്പി സമ്മാനിക്കുകയും ചെയ്തു. ആരാധകനുമായുള്ള ഈ കൂടിക്കാഴ്ച എൽഎസ്ജിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു.

“എനിക്ക് അടി കൊണ്ടാലും പ്രശ്നമില്ല, ലഖ്‌നൗ ജയിച്ചാൽ മതി. ഇത് ഞങ്ങളുടെ ടീമാണ്, കിരീടം ഞങ്ങളുടെ സ്വപ്നമാണ്.” നബീൽ പറഞ്ഞു.
ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന പുരാൻ, 8 ഇന്നിംഗ്‌സിൽ നിന്ന് 205.58 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 368 റൺസുമായി നിലവിൽ ഐപിഎൽ 2025 ലെ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

വീണ്ടും നിക്ലസ് പൂരൻ വെടിക്കെട്ട്!! ലഖ്നൗ ഗുജറാത്തിനെ വീഴ്ത്തി

ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ വിജയവുമായി ലഖ്നൗ സൂപ്പർ ജയന്റ്സ്. ഇന്ന് ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 181 എന്ന വിജയലക്ഷ്യം 19.3 ഓവറിലേക്ക് 4 വിക്കറ്റ് നഷ്ടത്തിൽ ലഖ്നൗ ചെയ്സ് ചെയ്തു. മാക്രത്തിന്റെയും പൂരന്റെയും മികച്ച പ്രകടനത്തിന്റെ മികവിലാണ് ലഖ്നൗവിന്റെ ജയം.

പന്ത് ഇന്നും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. ഓപ്പണറായി വന്ന പന്ത് 17 പന്തിൽ 21 റൺസ് എടുത്ത് പുറത്തായി. മാക്രം 31 പന്തിൽ 58 റൺസ് എടുത്തു. 1 സിക്സും 9 ഫോറും മാക്രം അടിച്ചു.

34 പന്തിൽ നിന്ന് 61 റൺസ് അടിച്ച പൂരൻ ആണ് കളി പൂർണ്ണമായും ഗുജറാത്തിൽ നിന്ന് അകറ്റിയത്. 7 സിക്സും 1 ഫോറും ആണ് പൂരൻ അടിച്ചത്. പക്ഷെ പൂരൻ പുറത്തായ ശേഷം വലിയ ഓവറുകൾ വരാത്തത് കളി ടൈറ്റ് ആവാൻ കാരണമായി. 19ആം ഓവറിൽ മില്ലർ പുറത്തായതോടെ കളി ജയിക്കാൻ 8 പന്തിൽ 7 എന്ന നിലയിൽ ആയി. അടുത്ത 2 പന്തിൽ വന്നത് 1 റൺസ്. ഇതോടെ അവസാന ഓവറിൽ ജയിക്കാൻ 6 റൺ എന്നായി.

സായ് കിശോർ ആണ് ഗുജറാത്തിനായി അവസാന ഓവർ എറിഞ്ഞത്. സമദ് ആദ്യ പന്തിൽ സിംഗിൾ എടുത്തു. രണ്ടാം പന്തിൽ ബദോനി ബൗണ്ടറി കണ്ടെത്തിയതോടെ സമ്മർദ്ദം അവസാനിച്ചു. പിന്നെ അധികം വൈകാതെ ലഖ്നൗ വിജയവും സ്വന്തമാക്കി.

നാലാം വിജയത്തോടെ ലഖ്നൗ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി.

ഐ പി എല്ലിൽ ഇന്ന് ലഖ്നൗ സൂപസൂപ്പർ ജയന്റ്സിനെ നേരിടുന്ന ഗുജറാത്ത് ടൈറ്റൻസ് ആദ്യം ബാറ്റ് ചെയ്ത് 180-6 റൺസ് നേടി. അവർക്ക് ആയി ഓപ്പണർമാരായ ഗില്ലും സായ് സുദർശനും തിളങ്ങി. ഇരുവരും അർധ സെഞ്ച്വറികൾ നേടി.

120 റൺസിന്റെ ഓപ്പണിംഗ് പാട്ണർഷിപ്പ് ഇരുവരും ചേർന്ന് പടുത്തു. സായ് സുദർശൻ 37 പന്തിൽ 56 റൺസ് നേടിയപ്പോൾ ഗിൾ 38 പന്തിൽ നിന്ന് 60 റൺസ് നേടി. ഇതിനു ശേഷം വന്നവർക്ക് റൺ റേറ്റ് ഉയർത്താൻ ആയില്ല എന്നത് ഗുജറാത്തിനെ മികച്ച സ്കോറിൽ നിന്ന് അകറ്റി‌.

ബട്ലർ 14 പന്തിൽ 26, വാഷിങ്ടൻ 3 പന്തിൽ 2, 19 പന്തിൽ 22 റൺസ് നേടിയ റതർഫോർഡ് എന്നിവർ ബൗണ്ടറി കണ്ടെത്താൻ പാടുപെട്ടു.

മാർഷും പൂരനും തകർത്തടിച്ചു, ലഖ്നൗവിന് 209 റൺസ്

ഡെൽഹി ക്യാപിറ്റൽസിന് എതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് 209/8 എന്ന മികച്ച സ്കോർ. ഇന്ന് ആദ്യം ബാറ്റു ചെയ്ത ലഖ്നൗവിനായി ഓപ്പൺ ഇറങ്ങി മിച്ചൽ മാർഷ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. മാർഷും മാക്രമും ആക്രമിച്ചാണ് തുടങ്ങിയത്. മാക്രം 15 റൺസ് എടുത്ത് പുറത്തായി.

ഇതിനു ശേഷം മാർഷിന് ഒപ്പം പൂരൻ കൂടെ ചേർന്നതോടെ റൺസ് ഒഴുകി. മാർഷ് ഔട്ട് ആകുമ്പോൾ ലഖ്നൗവിന് 11.4 ഓവറിൽ 133 റൺസ് ഉണ്ടായിരുന്നു. മാർഷ് 36 പന്തിൽ നിന്ന് 72 റൺസ് എടുത്തു. 6 സിക്സും 6 ഫോറും ഓസ്ട്രേലിയൻ താരം അടിച്ചു.

പൂരൻ 17ൽ നിക്കെ റിസ്വി അദ്ദേഹത്തിന്റെ ക്യാച്ച് വിട്ടത് വഴിത്തിരിവായി. 23 പന്തിലേക്ക് പൂരൻ 50 കടന്നു. ട്രിസ്റ്റ്യൻ സ്റ്റബ്സിനെ ഒരു ഓവറിൽ 4 സിക്സ് ഉൾപ്പെടെ 28 റൺസ് പൂരൻ അടിച്ചു. പൂരൻ ആകെ 30 പന്തിൽ 75 റൺസ് എടുത്താണ് ഔട്ട് ആയത്. 7 സിക്സും 6 ഫോറും താരം അടിച്ചു.

ഇതിനു ശേഷം എൽ എസ് ജിയുടെ സ്കോറിംഗ് വേഗത കുറഞ്ഞു. പന്ത് ഡക്കിൽ പോയി. ആയുഷ് ബദോനി 4 റൺസ് എടുത്തും നിരാശ നൽകി. മില്ലർ അവസാനം വരെ നിന്നെങ്കിലും അവരെ ഒരു കൂറ്റൻ സ്കോറിലേക്ക് നയിക്കാൻ അദ്ദേഹത്തിനായില്ല. മില്ലർ 19 പന്തിൽ നിന്ന് 27 റൺസെടുത്തു.

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് നിക്ലസ് പൂരനെ നിലനിർത്താൻ 20 കോടി നൽകും

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരിൽ ഒരാളായി നിക്കോളാസ് പൂരനെ മാറ്റാൻ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് (എൽഎസ്ജി) ഒരുങ്ങുകയാണ്. റിപ്പോർട്ടുകൾ പ്രകാരം 20 കോടിയിലധികം പ്രതിഫലം നൽകി പൂരനെ ലഖ്നൗ ടീമിൽ നിലനിർത്തും. ടീം ഉപദേഷ്ടാവ് സഹീർ ഖാനും ഹെഡ് കോച്ച് ജസ്റ്റിൻ ലാംഗറുമായും നടത്തിയ വേഗത്തിലുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് പൂരനും ലഖ്നൗവും തമ്മി ഈ കരാറിൽ എത്തിയതെന്നാണ് റിപ്പോർട്ട്.

മായങ്ക് യാദവിനും രവി ബിഷ്‌ണോയിക്കുമൊപ്പം പൂരനെയും ലഖ്നൗ നിലനിർത്തും. പൂരനാകും ഇവരുടെ ഏറ്റവും വിലകൂടിയ നിലനിർത്തൽ എങ്കിലും പൂരൻ ക്ലബിന്റെ ക്യാപ്റ്റൻ ആകാൻ സാധ്യതയില്ല. നിലവിലെ ക്യാപ്റ്റൻ രാഹുലിനെ ക്ലബ് നിലനിർത്താനും സാധ്യതയില്ല.

ഗെയ്ലിനെ മറികടന്ന് പൂരൻ, വെസ്റ്റിൻഡീസിനായി ഏറ്റവും കൂടുതൽ T20 റൺസ് നേടിയ താരം

ഇതിഹാസ താരം ക്രിസ് ഗെയ്‌ലിനെ മറികടന്ന് ടി20യിൽ വെസ്റ്റ് ഇൻഡീസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് സ്‌കോററായി നിക്കോളാസ് പൂരൻ. ഇന്ന് ന്യൂസിലാൻഡിന് എതിരായ ടി20 ലോകകപ്പ് 2024 ഗ്രൂപ്പ് സി മത്സരത്തിലാണ് പൂരൻ പുതിയ റെക്കോർഡ് ഇട്ടത്. ഗെയ്ലിനെ മറികടക്കാൻ രണ്ട് റൺസ് മാത്രമെ പൂരന് വേണ്ടിയിരുന്നുള്ളൂ.

79 മത്സരങ്ങളിൽ നിന്ന് 27.92 ശരാശരിയിൽ 1899 റൺസാണ് ഗെയ്ല് തന്റെ വെസ്റ്റിൻഡീസ് ടി20 കരിയറിൽ നേടിയത്‌. രണ്ട് സെഞ്ച്വറികളും 14 അർദ്ധ സെഞ്ചുറികളു ഗെയ്ലിന്റെ കരിയറിൽ ഉണ്ടായിരുന്നു. പൂരൻ 91 ടി20യിൽ 25.52 ശരാശരിയിൽ 1914 റൺസ് നേടി കഴിഞ്ഞു.

മുംബൈ ബൗളര്‍മാരെ തച്ച് തകര്‍ത്ത് പൂരന്‍, അര്‍ദ്ധ ശതകവുമായി രാഹുലും, ലക്നൗവിന് 214 റൺസ്

ഐപിഎലില്‍ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സ് മുംബൈയ്ക്കെതിരെ 214 റൺസെന്ന മികച്ച സ്കോര്‍ നേടി. ഇന്ന് ടോസ് നേടി മുംബൈ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ നിക്കോളസ് പൂരന്റെയും കെഎൽ രാഹുലിന്റെയും അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ മിന്നും സ്കോറിലേക്ക് എത്തിച്ചത്. ഒരു ഘട്ടത്തിൽ 9.3 ഓവറിൽ 69/3 എന്ന നിലയിലായിരുന്ന ലക്നൗവിനെ നാലാം വിക്കറ്റിൽ 109 റൺസ് നേടി പൂരന്‍ – രാഹുല്‍ കൂട്ടുകെട്ടാണ് വമ്പന്‍ സ്കോറിലേക്ക് നയിച്ചത്.

നുവാന്‍ തുഷാര എറിഞ്ഞ ആദ്യ ഓവറിൽ താന്‍ നേരിട്ട ആദ്യ പന്തിൽ ദേവ്ദത്ത് പടിക്കൽ പുറത്തായപ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസിനെയും (28) ദീപക് ഹൂഡയെയും പുറത്താക്കി പിയൂഷ് ചൗള ലക്നൗവിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. 44 പന്തിൽ 109 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ നുവാന്‍ തുഷാര തകര്‍ക്കുമ്പോള്‍ നിക്കോളസ് പൂരന്‍ 29 പന്തിൽ നിന്ന് 75 റൺസാണ് നേടിയത്.

തൊട്ടടുത്ത പന്തിൽ അര്‍ഷദ് ഖാനെ പുറത്താക്കി തുഷാര തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ അടുത്ത ഓവറിലെ ആദ്യ പന്തിൽ പിയൂഷ ചൗള കെഎൽ രാഹുലിനെ പുറത്താക്കി. രാഹുല്‍ 41 പന്തിൽ 55 റൺസാണ് നേടിയത്.

ഏഴാം വിക്കറ്റിൽ ആയുഷ് ബദോനിയും ക്രുണാൽ പാണ്ഡ്യയും ചേര്‍ന്ന് നിര്‍ണ്ണായക റണ്ണുകള്‍ നേടിയപ്പോള്‍ ലക്നൗവിന്റെ സ്കോര്‍ 200 കടന്നു. 17 പന്തിൽ 36 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ക്രുണാൽ 7 പന്തിൽ 12 റൺസും ബദോനി 10 പന്തിൽ 22 റൺസും നേടി ലക്നൗവിനെ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസിലേക്ക് എത്തിച്ചു.

മുംബൈയ്ക്കായി പിയൂഷ് ചൗളയും നുവാന്‍ തുഷാരയും മൂന്ന് വീതം വിക്കറ്റ് നേടിയെങ്കിലും ജസ്പ്രീത് ബുംറയുടെ അഭാവം ടീമിന്റെ ബൗളിംഗ് നിരയിൽ പ്രകടമായിരുന്നു.

ഇതാണ് ചേസിംഗ്, ചെന്നൈയെ വീഴ്ത്തി സ്റ്റോയിനിസ്

ചെന്നൈ സൂപ്പര്‍ കിംഗ്സുമായി വീണ്ടും ഏറ്റുമുട്ടിയപ്പോളും വിജയം കരസ്ഥമാക്കി ലക്നൗ. ഇത്തവണ 211 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ലക്നൗവിനെ 19.3 ഓവറിൽ 213/4 എന്ന സ്കോര്‍ നേടി 6 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത് മാര്‍ക്കസ് സ്റ്റോയിനിസിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമായിരുന്നു. 63 പന്തിൽ 124 റൺസുമായി പുറത്താകാതെ നിന്ന സ്റ്റോയിനിസ് 13 ഫോറും 6 സിക്സും നേടിയപ്പോള്‍ നിക്കോളസ് പൂരനും(34) ദീപക് ഹൂഡയും (6 പന്തിൽ 17 റൺസ്) നിര്‍ണ്ണായക സംഭാവന നൽകി.

ഡി കോക്കിനെ പൂജ്യത്തിന് ആദ്യ ഓവറിൽ തന്നെ നഷ്ടമായ ലക്നൗവിന് പവര്‍‍പ്ലേയ്ക്കുള്ളിൽ കെഎൽ രാഹുലിനെയും നഷ്ടമായി. ഡി കോക്കിനെ ചഹാറും രാഹുലിനെ മുസ്തഫിസുറും ആണ് പുറത്താക്കിയത്. സ്കോര്‍ 88 റൺസിൽ നിൽക്കുമ്പോള്‍ 11ാം ഓവറിൽ ദേവ്ദത്ത് പടിക്കലിനെ മതീഷ പതിരാന പുറത്താക്കി. 55 റൺസാണ് മാര്‍ക്കസ് സ്റ്റോയിനിസ് – ദേവ്ദത്ത് പടിക്കൽ(13) കൂട്ടുകെട്ട് നേടിയത്.

പടിക്കൽ പുറത്തായ ശേഷം എത്തിയ നിക്കോളസ് പൂരന്‍ മാര്‍ക്കസ് സ്റ്റോയിനിസിന് മികച്ച പിന്തുണ നൽകിയപ്പോള്‍ മത്സരത്തിലേക്ക് ലക്നൗ തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്. ഈ കൂട്ടുകെട്ട് അവസാന നാലോവറിലെ ലക്ഷ്യം 54 റൺസാക്കി മാറ്റി. 31 പന്തിൽ 69 റൺസായിരുന്നു ഈ കൂട്ടുകെട്ട് ഈ ഘട്ടത്തിൽ നേടിയത്.

തൊട്ടടുത്ത ഓവറിൽ മതീഷ പതിരാന നിക്കോളസ് പൂരനെ മടക്കിയയ്ച്ചപ്പോള്‍ 1 റൺസ് കൂടി മാത്രമാണ് ഈ കൂട്ടുകെട്ട് അധികം നേടിയത്. 15 പന്തിൽ 34 റൺസായിരുന്നു പൂരന്‍ നേടിയത്. 18ാം ഓവറിൽ സ്റ്റോയിനിസ് തന്റെ ശതകം പൂര്‍ത്തിയാക്കുമ്പോള്‍ ഇതിനായി താരം 56 പന്തുകളാണ് നേരിട്ടത്. ഇതേ ഓവറിലെ അവസാന പന്തിൽ ഹുഡ സിക്സര്‍ പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 15 റൺസാണ് വന്നത്. മത്സരം അവസാന രണ്ടോവറിലേക്ക് കടന്നപ്പോള്‍ 32 റൺസായിരുന്നു വേണ്ടിയിരുന്നത്.

പതിരാനയെ ആദ്യ പന്തിൽ സ്റ്റോയിനിസ് ബൗണ്ടറി പായിച്ചപ്പോള്‍ മൂന്നാം പന്തിലും നാലാം പന്തിലും ബൗണ്ടറി നേടി ദീപക് ഹൂഡയും ലക്നൗവിന്റെ തുണയായി രംഗത്തെത്തി. ഓവറിൽ നിന്ന് പതിനഞ്ച് റൺസ് വന്നപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 17 റൺസായിരുന്നു.

അവസാന ഓവര്‍ എറിയാനെത്തിയ മുസ്തഫിസുറിനെ ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിൽ ബൗണ്ടറിയും സ്റ്റോയിനിസ് നേടിയപ്പോള്‍ ലക്ഷ്യം 4 പന്തിൽ 7 റൺസായി മാറി. മൂന്നാം പന്തിൽ ബൗണ്ടറി പിറന്നപ്പോള്‍ ആ പന്ത് നോബോള്‍ ആയതിനാൽ തന്നെ ലക്ഷ്യം 4 പന്തിൽ 2 റൺസായി. അടുത്ത പന്ത് ബൗണ്ടറി കടത്തി ചെന്നൈയെ വീണ്ടും തോല്പിച്ച് ലക്നൗ തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ജയം കരസ്ഥമാക്കി.

സ്റ്റോയിനിസ് – ഹൂഡ കൂട്ടുകെട്ട് 55 റൺസാണ് വിജയത്തിനായി അഞ്ചാം വിക്കറ്റിൽ നേടിയത്.

തുണയായി നിക്കി പി!!! ലക്നൗവിന് 161 റൺസ്

ഐപിഎലില്‍ ഇന്ന് സൂപ്പര്‍ സണ്ടേയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സ് റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയെങ്കിലും നിക്കോളസ് പൂരന്റെ ബാറ്റിംഗ് മികവിൽ 161/7 എന്ന സ്കോര്‍ നേടി. ആറാം വിക്കറ്റിൽ ക്രുണാൽ പാണ്ഡ്യയെ കാഴ്ചക്കാരനാക്കി നിക്കോളസ് പൂരന്‍ 24 പന്തിൽ നിന്ന് 44 റൺസ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ ഇതിൽ 7 റൺസായിരുന്നു ക്രുണാലിന്റെ സംഭാവന. 32 പന്തിൽ 45 റൺസ് നേടി നിക്കോളസ് പൂരനെ അവസാന ഓവറിലെ ആദ്യ പന്തിൽ മിച്ചൽ സ്റ്റാര്‍ക്ക് ആണ് പുറത്താക്കിയത്.

പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ ക്വിന്റൺ ഡി കോക്കിനെയും ദീപക് ഹൂഡയെയും നഷ്ടമായ ലക്നൗവിനെ പിന്നീട് കെഎൽ രാഹുല്‍ – ആയുഷ് ബദോനി കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. ഹൂഡയെ സ്റ്റാര്‍ക്കിന്റെ ബൗളിംഗിൽ തകര്‍പ്പനൊരു ക്യാച്ചിലൂടെ രമൺദീപ് സിംഗ് ആണ് പുറത്താക്കിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 49 റൺസാണ് ലക്നൗ നേടിയത്. പത്തോവര്‍ പിന്നിടുമ്പോള്‍ സ്കോര്‍ 72 റൺസിലേക്ക് ഈ കൂട്ടുകെട്ട് എത്തിച്ചു.

തൊട്ടടുത്ത ഓവറിൽ ആന്‍ഡ്രേ റസ്സലിനെ സിക്സറോടെ വരവേറ്റ കെഎൽ രാഹുല്‍ തൊട്ടടുത്ത പന്തിലും അത് ആവര്‍ത്തിക്കുവാന്‍ ശ്രമിച്ച് പുറത്തായി. 27 പന്തിൽ നിന്ന് 39 റൺസാണ് രാഹുല്‍ നേടിയത്. മൂന്നാം വിക്കറ്റിൽ ബദോനി – രാഹുല്‍ കൂട്ടുകെട്ട് 39 റൺസാണ് നേടിയത്. 5 പന്തിൽ 10 റൺസ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസിനെ വരുൺ ചക്രവര്‍ത്തിയുടെ ബൗളിംഗിൽ ഫിൽ സാള്‍ട്ട് മികച്ചൊരു റിഫ്ലക്സ് ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ ലക്നൗ 95/4 എന്ന നിലയിലായിരുന്നു.

29 റൺസ് നേടിയ ആയുഷ് ബദോനിയെ നരൈന്‍ പുറത്താക്കിയപ്പോള്‍ 111/5 എന്ന നിലയിലായിരുന്നു ലക്നൗ. മെല്ലെ തുടങ്ങിയ നിക്കോളസ് പൂരന്‍ ബൗണ്ടറികള്‍ കണ്ടെത്തിയതോടെ ലക്നൗവിന് മെച്ചപ്പെട്ട സ്കോറിലേക്ക് എത്താമെന്ന പ്രതീക്ഷ സാധ്യമായി. വൈഭവ് അറോറ എറിഞ്ഞ 18ാം ഓവറിൽ രണ്ട് സിക്സുകള്‍ നേടിയ താരം റൺ റേറ്റ് ഉയര്‍ത്തി.

45 റൺസ് നേടിയ പൂരനെയും ഓവറിലെ അവസാന പന്തിൽ അര്‍ഷദ് ഖാനെയും പുറത്താക്കി മിച്ചൽ സ്റ്റാര്‍ക്ക് മത്സരത്തിൽ നിന്ന് മൂന്ന് വിക്കറ്റ് നേടി.

നിക്ലസ് പൂരന് ക്ലാസന്റെ അതേ നിലവാരം ഉണ്ടെന്ന് മോർഗൻ

ലഖ്‌നൗ വിക്കറ്റ് കീപ്പിംഗ് ബാറ്റർ നിക്കോളാസ് പൂരനെ പുകഴ്ത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. ദക്ഷിണാഫ്രിക്കൻ താരം ഹെൻറിക് ക്ലാസന്റെ അതേ നിലവാരം പൂരന് ഉണ്ടെന്ന് മോർഗൻ പറഞ്ഞു. ബെംഗളൂരുവിനെതിരെ 21 പന്തിൽ 40 റൺസ് നേടിയ പൂരൻ്റെ ഇന്നിംഗ്സിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു മോർഗൻ.

പൂരൻ RCB-ക്ക് എതിരായ ഇന്നിങ്സിനിടയിൽ
Photo: IPL

“ലോ ഓർഡറിൽ സ്ഥിരതയോടെ കളിക്കുന്ന നിക്കോളാസ് പൂരൻ ഹെൻറിച്ച് ക്ലാസനൊപ്പം നിൽക്കുന്ന താരമാണ്. അവൻ സൃഷ്ടിക്കുന്ന പവർ ഒരു കാര്യമാണ്, അവന്റെ കഴിവ് അതിശയകരമാണ്.” മോർഗൻ ജിയോ സിനിമയിൽ പറഞ്ഞു ‌

“പൂരൻ ജിമ്മിൽ ധാരാളം സമയം ചെലവഴിക്കുന്നു, പക്ഷേ അവൻ പന്ത് അടിക്കുന്നത് അവിശ്വസനീയമാണ്, അത് കാണാൻ രസമാണ്” മോർഗൻ പറഞ്ഞു. പൂരൻ വളരെ ആത്മവിശ്വാസമുള്ള ആളാണ്, അവൻ ഒരു പർപ്പിൾ പാച്ചിൽ ആണ്, ഇപ്പോൾ അവൻ തൊടുന്നതെല്ലാം സ്വർണ്ണമായി മാറുന്നു. മോർഗൻ കൂട്ടിച്ചേർത്തു.

Exit mobile version