ജയം തുടര്‍ന്ന് നോര്‍ത്തേണ്‍ വാരിയേഴ്സ്, ഇത്തവണ ബൗളിംഗ് മികവില്‍

ബൗളിംഗ് മികവില്‍ രാജ്പുത്സിനെ വീഴ്ത്തി നോര്‍ത്തേണ്‍ വാരിയേഴ്സ്. ആദ്യം ബാറ്റ് ചെയ്ത രാജ്പുത്സിനെ 64/8 എന്ന സ്കോറിനു പിടിച്ചുകെട്ടിയ ശേഷം 5.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് നോര്‍ത്തേണ്‍ വാരിയേഴ്സ് ജയം സ്വന്തമാക്കിയത്. 18 പന്തില്‍ 45 റണ്‍സ് നേടി പുറത്താകാതെ നിന്ന നിക്കോളസ് പൂരന്‍ ആണ് ബാറ്റിംഗില്‍ നോര്‍ത്തേണ്‍ വാരിയേഴ്സിനായി തിളങ്ങിയത്.

നേരത്തെ ഖാരി പിയറിയുടെ മൂന്ന് വിക്കറ്റുകളാണ് രാജ്പുത്സിന്റെ നടുവൊടിച്ചത്. ഇമ്രാന്‍ ഹൈദര്‍, ഹാര്‍ദ്ദസ് വില്‍ജോയെന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

പത്തോവറില്‍ രാജ്പുത്സിനു നേടാനായത് 63 റണ്‍സ്, അഞ്ചാം ഓവറില്‍ ലക്ഷ്യം മറികടന്ന് മറാത്ത അറേബ്യന്‍സ്

രാജ്പുത്സിനെതിരെ ആധികാരിക വിജയവുമായി മറാത്ത അറേബ്യന്‍സ്. വിജയ ലക്ഷ്യമായ 64 റണ്‍സ് അഞ്ചാം ഓവറില്‍ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെയാണ് ടീം സ്വന്തമാക്കിയത്. ഹസ്രത്തുള്ള സാസായി 12 പന്തില്‍ 29 റണ്‍സ് നേടിയപ്പോള്‍ അലക്സ് ഹെയില്‍സ് 27 റണ്‍സുമായി താരത്തിനു പിന്തുണ നല്‍കി. ഇരു താരങ്ങളും 2 സിക്സുകളും 3 ബൗണ്ടറിയുമാണ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജ്പുത്സിനെ 63 റണ്‍സില്‍ ഒതുക്കുവാന്‍ മറാത്തയ്ക്ക് സാധിച്ചിരുന്നു. 7 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. 15 റണ്‍സ് നേടി റണ്ണൗട്ടായ ബെന്‍ ഡങ്ക് ആണ് ടോപ് സ്കോറര്‍. മറാത്തയ്ക്ക് വേണ്ടി റിച്ചാര്‍ഡ് ഗ്ലീസണ്‍, ജെയിംസ് ഫോക്നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മഴ തിരിച്ചടിയായി, കേരള നൈറ്റ്സിന്റെ മത്സരം ഉപേക്ഷിച്ചു

ഇന്നലെ നടന്ന കേരള നൈറ്റ്സ് രാജ്പുത്സ് മത്സം ഉപേക്ഷിക്കുകയായിരുന്നു. മത്സരത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ നൈറ്റ്സ് രാജ്പുത്സിനെ അധികം റണ്‍സ് വിട്ടു നല്‍കാതെ പിടിച്ചുകെട്ടിയെങ്കിലും മഴ എത്തിയതോടെ മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത രാജ്പുത്സ് 9 ഓവറില്‍ നിന്ന് 94/5 എന്ന സ്കോര്‍ നേടി നില്‍ക്കെയാണ് മഴ വില്ലനായി എത്തിയത്. ലൗറി ഇവാന്‍സിന്റെ 19 ബോള്‍ 38 റണ്‍സിന്റെ ബലത്തിലാണ് 94 റണ്‍സിലേക്ക് രാജ്പുത്സ് എത്തുന്നത്. റീലി റൂസോ(21), ബ്രണ്ടന്‍ മക്കല്ലം(21) എന്നിവരാണ് ടീമിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍.

രണ്ട് പന്ത് ശേഷിക്കെ പഖ്തൂണ്‍സിനെ വിജയത്തിലേക്ക് നയിച്ച് ആന്‍ഡ്രെ ഫ്ലെച്ചര്‍

രാജ്പുത്സ് നേടിയ തകര്‍പ്പന്‍ സ്കോറിനെ രണ്ട് പന്ത് ശേഷിക്കെ മറികടന്ന് പഖ്ത്തൂണ്‍സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജ്പുത്സ് 121 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ബ്രണ്ടന്‍ മക്കല്ലം 29 പന്തില്‍ 58 റണ്‍സ് നേടിയപ്പോള്‍ റീലി റൂസോ(25), ലൗറി ഇവാന്‍സ്(27*) എന്നിവരും തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ പഖ്ത്തൂണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ആണ് വിജയം കുറിച്ചത്. 9.4 ഓവറിലാണ് ടീമിന്റെ വിജയം. ആന്‍ഡ്രെ ഫ്ലെച്ചര്‍ 27 പന്തില്‍ 68 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ കൂട്ടായി 29 റണ്‍സുമായി ഷഫീക്കുള്ള ഷഫീക്ക് നിലകൊണ്ടും. 22 റണ്‍സ് നേടിയ കാമറൂണ്‍ ഡെല്‍പോര്‍ട്ട് ആണ് പുറത്തായ ഒരു താരം.

4 ഓവറില്‍ വിജയം കുറിച്ച് രാജ്പുത്‍സ്, 16 പന്തില്‍ 74 റണ്‍സുമായി മുഹമ്മദ് ഷെഹ്സാദ്

ടി10 ലീഗിന്റെ രണ്ടാം സീസണിനു ആവേശകരമായ തുടക്കം. ഷെയിന്‍ വാട്സന്റെ ബാറ്റിംഗ് മികവില്‍ 10 ഓവറില്‍ നിന്ന് 94 റണ്‍സ് നേടിയ സിന്ധീസിന്റെ സ്കോര്‍ വെറും നാലോവറില്‍ മറികടന്ന് രാജ്പുത്‍സ് തങ്ങളുടെ ടൂര്‍ണ്ണമെന്റിന്റെ തുടക്കം ആവേശകരമാക്കി മാറ്റുകയായിരുന്നു. 16 പന്തില്‍ നിന്ന് 74 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഷെഹ്സാദും 8 പന്തില്‍ 21 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലവുമാണ് ടീമിനെ 10 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

12 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ഷെഹ്സാദ് തന്റെ അടുത്ത നാല് പന്തില്‍ നിന്ന് ബൗണ്ടറികള്‍ മാത്രം നേടിയാണ് 74 റണ്‍സിലേക്കും ടീമിനെ വിജയത്തിലേക്കും നയിച്ചത്. 6 ഫോറും 8 സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ ഷെഹ്സാദ് നേടിയത്. 462.50 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിന്ധീസിനു വേണ്ടി ഷെയിന്‍ വാട്സണ്‍ മാത്രമാണ് തിളങ്ങിയത്. മറ്റാര്‍ക്കും രണ്ടക്കം കടക്കാതെ പോയത് ടീമിനു തിരിച്ചടിയായി. 20 പന്തില്‍ നിന്ന് 4 ബൗണ്ടറിയും 3 സിക്സും സഹിതം 42 റണ്‍സാണ് വാട്സണ്‍ നേടിയത്. ഇന്ത്യന്‍ താരം മുനാഫ് പട്ടേല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ് രണ്ട് വിക്കറ്റ് നേടി രാജ്പുത്‍സിനായി തിളങ്ങി.

Exit mobile version