ബംഗ്ള ടൈഗേഴ്സിന്റെ മെന്ററായി ശ്രീശാന്ത് എത്തുന്നു, ടീമിന്റെ ഐക്കൺ താരം ഷാക്കിബ് അൽ ഹസനും

അബു ദാബി ടി10 ലീഗിലെ ഫ്രാഞ്ചൈസിയായ ബംഗ്ള ടൈഗേഴ്സിന്റെ മെന്ററായി ശ്രീശാന്ത് എത്തുന്നു. 23 നവംബറിനാണ് ടൂര്‍ണ്ണമെന്റ് ആരംഭിയ്ക്കുന്നത്. ഷാക്കിബ് അൽ ഹസന്‍ ടീമിനായി കളിക്കാനെത്തും.

ഫാഫ് ഡു പ്ലെസിയ്ക്ക് പകരം ഐക്കൺ താരമായി എത്തുന്ന ഷാക്കിബ് കോച്ചിംഗ് ദൗത്യവും ഏറ്റെടുക്കും. ശ്രീശാന്ത് ഇതാദ്യമായാണ് ഒരു കോച്ചിംഗ് റോളിലെത്തുന്നത്. മുഖ്യ കോച്ച് അഫ്താഭ് അഹമ്മദിനൊപ്പം ആവും ശ്രീശാന്ത് സഹകരിക്കുക.

ക്രിസ് ഗെയിലിനെയും ലിയാം ലിവിംഗ്സ്റ്റണിനെയും നിലനിര്‍ത്തി ടീം അബു ദാബി, യൂസഫ് പത്താന്‍ മറാത്ത അറേബ്യന്‍സിലേക്ക്

അബു ദാബി ടി10 ലീഗില്‍ ക്രിസ് ഗെയിലിനെയും ലിയാം ലിവിംഗ്സ്റ്റണിനെയും നിലനിര്‍ത്തി ടീം അബു ദാബി. ഇരു താരങ്ങളും മോശം ഐപിഎലിന് ശേഷമാണ് എത്തുന്നതെങ്കിലും ഇരുവരെയും ടീമില്‍ നിലനിര്‍ത്തുവാന്‍ അബു ദാബി ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു.

മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താനെ മറാത്ത അറേബ്യന്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

അബുദാബി ടി10 അടുത്ത വർഷത്തേക്ക് മാറ്റി

ഈ വർഷം അവസാനം നടക്കേണ്ടിയിരുന്ന അബുദാബി ടി20 ലീഗ് അടുത്ത വർഷത്തേക്ക് മാറ്റി. പുതുക്കിയ തിയ്യതി പ്രകാരം 2021 ജനുവരി 28 മുതൽ ഫെബ്രുവരി 6 വരെ അബുദാബിയിൽ വെച്ച് നടക്കും. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കുന്ന അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തിൽ വെച്ചാവും മത്സരങ്ങൾ നടക്കുക. എന്നാൽ താരങ്ങളുടെ ലേലം നടക്കുന്ന തിയ്യതികൾ ഇതുവരെ സംഘാടകർ പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ വർഷത്തെ പോലെ തന്നെ 10 ദിവസങ്ങളായി നടക്കുന്ന ടൂർണമെന്റിൽ 8 ടീമുകളാവും പങ്കെടുക്കുക. കൊറോണ വൈറസ് ബാധയെ തുടർന്നാണ് അബുദാബി ടി10 അടുത്ത വർഷത്തിന്റെ തുടക്കത്തിലേക്ക് മാറ്റിവെക്കുന്നത്. കൂടാതെ യു.എ.ഇ ക്രിക്കറ്റ് കലണ്ടറിലെ തിരക്കുകളും ടൂർണമെന്റ് മാറ്റിവെക്കാൻ കാരണമായിട്ടുണ്ട്.

ബംഗള ടൈഗേഴ്സിന്റെ ടീം ഡയറക്ടറായി ലാന്‍സ് ക്ലൂസ്‍നര്‍ എത്തുന്നു

അബുദാബി ടി10 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ബംഗള ടൈഗേഴ്സിന്റെ ടീം ഡയറക്ടറായി ലാന്‍സ് ക്ലൂസ്‍നര്‍ എത്തുന്നു. നിലവില്‍ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ മുഖ്യ കോച്ച് കൂടിയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍. നവംബര്‍ 19-28 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കേണ്ടത്.

കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്ത് എത്തുവാന്‍ ബംഗള ടൈഗേഴ്സിന് സാധിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെയും സിംബാബ്‍വേയുടെയും ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ക്ലൂസ്‍നര്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാന്റെ കോച്ചായി പ്രവര്‍ത്തിച്ച് വരുന്നു. ബംഗള ടൈഗേഴ്സ് ടൂര്‍ണ്ണമെന്റിലെ ശക്തരായ ടീമായി മാറുവാനുള്ള ശ്രമമാണെന്നും അതിലേക്കുള്ള ഒരു ചുവടാണ് ലാന്‍സ് ക്ലൂസ്‍നറുടെ നിയമനമെന്നും ടീം ചെയര്‍മാന്‍ മുഹമ്മദ് യീസിന്‍ ചൗധരി വ്യക്തമാക്കി.

അബുദാബി ടി10 ക്രിക്കറ്റിന് യുവരാജ് സിങ്ങും

അബുദാബിയിൽ നടക്കുന്ന ടി10 ക്രിക്കറ്റ് കളിക്കാൻ യുവരാജ് സിങ്ങും. മാറാത്ത അറേബ്യൻസിന്റെ ഇന്ത്യൻ ഐക്കൺ പ്ലയെർ ആയാണ് യുവരാജ് സിങ് ടി10 ലീഗിൽ കളിക്കുക. ഇന്ത്യൻ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം കാനഡയിൽ നടന്ന ഗ്ലോബൽ ടി20 ലീഗിൽ യുവരാജ് സിങ് കളിച്ചിരുന്നു. നിലവിൽ ഇന്ത്യൻ ടീമിൽ നിന്ന് വിരമിക്കാത്ത താരങ്ങൾക്ക് മറ്റു ലീഗുകളിൽ കളിയ്ക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അനുവാദം നൽകാറില്ല.

നിലവിൽ മുൻ സിംബാബ്‌വെ താരവും മുൻ ഇംഗ്ലണ്ട് പരിശീലകനുമായ ആൻഡി ഫ്ലവർ ആണ് മറാത്താ അറേബ്യൻസിന്റെ പരിശീലകൻ. മുൻ വെസ്റ്റിൻഡീസ് താരം ഡ്വയ്ൻ ബ്രാവോയാണ് ടീമിന്റെ ക്യാപ്റ്റൻ. കഴിഞ്ഞ വർഷവും ബ്രാവോ തന്നെയായിരുന്നു മറാത്താ അറേബ്യൻസിന്റെ ക്യാപ്റ്റൻ. നവംബർ 14ന് തുടങ്ങുന്ന ടൂർണമെന്റിന് ഐ.സി.സിയുടെ അംഗീകാരവും ഉണ്ട്.

അബുദാബി ടി10ൽ പങ്കെടുക്കാനുള്ള പാകിസ്ഥാൻ താരങ്ങളുടെ അനുമതി പിൻവലിച്ചു

അബുദാബിയിൽ നടക്കുന്ന ടി10 ടൂർണമെന്റിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരങ്ങൾക്ക് നൽകിയിരുന്ന അനുമതി പിൻവലിച്ചു. ഇതോടെ പാകിസ്ഥാൻ താരങ്ങൾക്ക് ടി20 ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിയില്ല. താരങ്ങൾ എല്ലാം പ്രാദേശിക ക്രിക്കറ്റിൽ കൂടുതൽ കളിക്കണമെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് അനുമതി പിൻവലിച്ചത്. താരങ്ങളുടെ ജോലി ഭാരം കുറക്കുക എന്ന ലക്‌ഷ്യം കൂടി ഈ നടപടിക്ക് പിന്നിലുണ്ട്.

നേരത്തെ ടൂർണമെന്റിന് തിരഞ്ഞെടുക്കപ്പെട്ട 19 താരങ്ങളിൽ രണ്ട് പേർക്ക് മാത്രമാണ് നിലവിൽ മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. ഇത് പ്രകാരം പാകിസ്ഥാൻ താരങ്ങളായ മുഹമ്മദ് ആമിർ, മുഹമ്മദ് ഹഫീസ്, ഷൊഹൈബ് മാലിക്, വഹാബ് റിയാസ്, സൊഹൈൽ അക്തർ, ഹഫീസ്, ഇമാദ് വാസിം, ഫഹീം അഷ്‌റഫ്, ഹാരിസ് റൗഫ് എന്നിവർക്ക് ടി10 ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിയില്ല. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ കോൺട്രാക്ട് ഇല്ലാത്ത വിരമിച്ച താരങ്ങളായ ഷാഹിദ് അഫ്രീദിക്കും ഇമ്രാൻ നസീറിനും ടി10 ടൂർണമെന്റിൽ കളിക്കാൻ സാധിക്കു.

താരങ്ങളുടെ ഫിറ്റ്നസ് പരിശോധനക്കായി നവംബർ 13 മുതൽ 25 വരെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ക്യാമ്പ് സംഘടിപ്പിക്കാനും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്. നവംബർ 15 മുതൽ 24 വരെയാണ് അബുദാബി ടി20 ടൂർണമെന്റ് നടക്കുക.

ടി10 ഫോർമാറ്റ് ക്രിക്കറ്റിനെ ഒളിമ്പിക്സിൽ എത്തിക്കുമെന്ന് ആന്ദ്രേ റസ്സൽ

ക്രിക്കറ്റിനെ ഒളിമ്പിക്സിൽ എത്തിക്കാൻ ടി10 ക്രിക്കറ്റിന് സാധിക്കുമെന്ന് വെസ്റ്റിൻഡീസ് താരം ആന്ദ്രേ റസ്സൽ. നവംബറിൽ തുടങ്ങാനിരിക്കുന്ന അബുദാബി ടി10 ടൂർണമെന്റിന്റെ ഭാഗമാണ് ആന്ദ്രേ റസ്സൽ. അബുദാബിയിൽ നടക്കുന്ന മൂന്നാമത്തെ ടി10 ടൂർണമെന്റിൽ നോർത്തേൺ വാരിയേഴ്‌സിന്റെ താരമാണ് റസ്സൽ.

ക്രിക്കറ്റ് ഒരു ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നത് ഏതൊരു ക്രിക്കറ്റ് താരവും ആഗ്രഹിക്കുന്ന കാര്യമാണെന്നും രാജ്യത്തിന് വേണ്ടി ഒളിംപിക്സിൽ പങ്കെടുക്കാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാവുമെന്നും റസ്സൽ പറഞ്ഞു. ടി10 ക്രിക്കറ്റിൽ ടി20യിലിതിനെക്കാൾ മികച്ച പ്രകടനം എല്ലാവരും പുറത്തെടുക്കണമെന്നും ബാറ്റസ്മാന് കുറഞ്ഞ സമയം മാത്രമേ നിലയുറപ്പിക്കാൻ ലഭിക്കു എന്നും റസ്സൽ പറഞ്ഞു. ആദ്യ പന്ത് മുതൽ ബാറ്റ്സ്മാൻ ആക്രമിച്ചു കളിക്കുമെന്നും എല്ലാ പന്തിലും ബാറ്റ്സ്മാൻ ബൗളറെയും ഫീൽഡറെയും പരീക്ഷിക്കുമെന്നും റസ്സൽ പറഞ്ഞു.

നോര്‍ത്തേണ്‍ വാരിയേഴ്സിനു അര്‍ഹമായ കിരീടം

രണ്ടാം ടി10 ലീഗിന്റെ വിജയികളായി നോര്‍ത്തേണ്‍ വാരിയേഴ്സ്. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ തങ്ങളെ ആദ്യ ക്വാളിഫയറില്‍ പരാജയപ്പെടുത്തിയ പഖ്ത്തൂണ്‍സിനെ തറപറ്റിച്ചാണ് നോര്‍ത്തേണ്‍ വാരിയേഴ്സ് വിജയ കിരീടം ചൂടിയത്. 22 റണ്‍സിന്റെ വിജയമാണ് ടീമിനു സ്വന്തം. ആദ്യം ബാറ്റ് ചെയ്ത വാരിയേഴ്സ് 3 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സാണ് നേടിയത്. റോവ്മന്‍ പവല്‍ പുറത്താകാതെ 25 പന്തില്‍ നിന്ന് നേടിയ 61 റണ്‍സിന്റെയും ആന്‍ഡ്രേ റസ്സല്‍(12 പന്തില്‍ 38), ഡാരെന്‍ സാമി(14*), നിക്കോളസ് പൂരന്‍(18) എന്നിവരാണ് വാരിയേഴ്സിനായി ബാറ്റിംഗ് മികവ് പുലര്‍ത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പഖ്ത്തൂണ്‍സ് നിരയില്‍ ആന്‍ഡ്രേ ഫ്ലെച്ചര്‍(37) മാത്രമാണ് കാര്യമായൊരു ശ്രമം ടീമിനായി നടത്തി നോക്കിയത്. ഷഫീകുള്ള ഷഫീക്ക് 26 റണ്സ് നേടി പുറത്തായി. 7 വിക്കറ്റുകള്‍ നഷ്ടത്തില്‍ ടീമിനു 118 റണ്‍സ് മാത്രമേ നേടാനായുള്ളു. ക്രിസ് ഗ്രീന്‍, ഹാര്‍ദ്ദസ് വില്‍ജോയന്‍ എന്നിവര്‍ വിജയികള്‍ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

പകരം വീട്ടി ബംഗാള്‍ ടൈഗേഴ്സ്, മറാത്ത അറേബ്യന്‍സിനെ കീഴടക്കി മൂന്നാം സ്ഥാനം

രണ്ടാം ക്വാളിഫയറില്‍ മറാത്ത അറേബ്യന്‍സിനോട് പരാജയമേറ്റു വാങ്ങിയതിന്റെ പ്രതികാരം തീര്‍ത്ത് ബംഗാള്‍ ടൈഗേഴ്സ്. മൂന്നാം സ്ഥാനത്തിനുള്ള പോരാടത്തില്‍ മറാത്ത അറേബ്യന്‍സിനെതിരെ 6 വിക്കറ്റിന്റെ വിജയമാണ് ഇന്ന് ബംഗാള്‍ ടൈഗേഴ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മറാത്ത അറേബ്യന്‍സ് 121/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 5 പന്ത് ശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ ബംഗാള്‍ ടൈഗേഴ്സ് വിജയം കുറിച്ചു.

ആഡം ലിത്ത്(24 പന്തില്‍ 52), ഹസ്രത്തുള്ള സാസായി(15 പന്തില്‍ 39) എന്നിവരാണ് അറേബ്യന്‍സിനായി തിളങ്ങിയത്. ബംഗാളിനു വേണ്ടി അലി ഖാനും മുജീബ് ഉര്‍ റഹ്മാനും രണ്ട് വീതം വിക്കറ്റ് നേടി.

ഷെര്‍ഫെയ്‍ന്‍ റൂഥര്‍ഫോര്‍ഡിന്റെ ബാറ്റിംഗ് മികവിലാണ് ബംഗാള്‍ ടൈഗേഴ്സിന്റെ വിജയം. 21 പന്തില്‍ 46 റണ്‍സ് നേടിയ ഷെര്‍ഫെയ്‍നൊപ്പം മുഹമ്മദ് ഉസ്മാന്‍ 9 പന്തില്‍ 28 റണ്‍സുമായി തിളങ്ങിയപ്പോള്‍ റിക്കി വെസ്സല്‍സ്(3 പന്തില്‍ 11*) സാം ബില്ലിംഗ്സ്(10*) എന്നിവര്‍ പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 9.1 ഓവറിലാണ് ടീമിന്റെ വിജയം.

ഫൈനല്‍ ആദ്യ യോഗ്യത മത്സരത്തിന്റെ തനിയാവര്‍ത്തനം, പഖ്ത്തൂണ്‍സും നോര്‍ത്തേണ്‍ വാരിയേഴ്സും ഏറ്റുമുട്ടും

ടി10 ലീഗ് രണ്ടാം സീസണിന്റെ ഫൈനല്‍ മത്സരം ഇന്ന്. ഫൈനലില്‍ പഖ്ത്തൂണ്‍സും നോര്‍ത്തേണ്‍ വാരിയേഴ്സും തമ്മില്‍ ഏറ്റുമുട്ടും. മികച്ച ഫോമില്‍ കളിയ്ക്കുന്ന നോര്‍ത്തേണ്‍ വാരിയേഴ്സിനു ഇന്നലെ ആദ്യ യോഗ്യത മത്സരത്തില്‍ പഖ്ത്തൂണ്‍സിനോട് 13 റണ്‍സിന്റെ തോല്‍വി പിണഞ്ഞിരുന്നു. അതിനു ശേഷം എലിമിനേറ്ററില്‍ മറാത്ത അറേബ്യന്‍സിനെതിരെ 10 വിക്കറ്റിന്റെ വിജയം നേടിയാണ് നോര്‍ത്തേണ്‍ വാരിയേഴ്സ് തങ്ങളുടെ ഇന്നലത്തെ തോല്‍വിയ്ക്ക് പകരം വീട്ടുവാനുള്ള അവസരം സ്വന്തമാക്കിയത്. വിന്‍ഡീസ് കരുത്തിലാണ് നോര്‍ത്തേണ്‍ വാരിയേഴ്സ് മുന്നേറുന്നത്. നിക്കോളസ് പൂരന്റെ വെടിക്കെട്ടിനൊപ്പം തീപാറുന്ന ഫോമിലുള്ള ആന്‍ഡ്രേ റസ്സലുമാണ് ടീമിന്റെ ബാറ്റിംഗ് ശക്തി. ലെന്‍ഡല്‍ സിമ്മണ്‍സും ഒപ്പം പിന്തുണയുമായുണ്ട്. റോവ്മന്‍ പവല്‍, ഡാരെന്‍ സാമി എന്നിവരും ടീമിന്റെ വിന്‍ഡീസ് കരുത്തിന്റെ ഭാഗമാണ്. ഇന്നലെ ആദ്യ ക്വാളിഫയറില്‍ വെടിക്കെട്ട് പ്രകടനവുമായി പവലും താന്‍ ഫോമിലാണെന്ന് തെളിയിച്ചിട്ടുണ്ട്.

പഖ്ത്തൂണ്‍സ് അഫ്രീദിയുടെ മികവിലാണ് ഇന്നലെ ഫൈനലിലേക്ക് യോഗ്യത നേടിയത്. ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ മികച്ച ഫോമിലായിരുന്ന ആന്‍ഡ്രെ ഫ്ലെച്ചര്‍ ഫോമിലേക്ക് ഉയരാത്തതാണ് ടീമിന്റെ ഇപ്പോളത്തെ പ്രതിസന്ധി. മികച്ച ബൗളിംഗ് കരുത്താണ് ടീമിന്റെ മറ്റൊരു ശക്തി. മുഹമ്മദ് ഇര്‍ഫാനും ആര്‍പി സിംഗും അടങ്ങുന്ന ബൗളിംഗ് നിരയ്ക്ക് പിന്തുണയായി നായകന്‍ അഫ്രീദിയും പന്തെറിയാനെത്തുന്നു.

ഇന്ന് നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ മറാത്ത അറേബ്യന്‍സ് ബംഗാള്‍ ടൈഗേഴ്സിനോട് ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറിന്റെ തനിയാവര്‍ത്തനമാണ് ഇത്. അതില്‍ അറേബ്യന്‍സിനായിരുന്നു വിജയം. എന്നാല്‍ എലിമിനേറ്ററിലെ തോല്‍വി അവരെ വീണ്ടും ടൈഗേഴ്സിനെ നേരിടുവാന്‍ ഇടയാക്കുകയായിരുന്നു.

എലിമിനേറ്ററില്‍ പത്ത് വിക്കറ്റ് വിജയം, നോര്‍ത്തേണ്‍ വാരിയേഴ്സ് ഫൈനലിലേക്ക്

7ഹാര്‍ദ്ദസ് വില്‍ജോയന്റെ ബൗളിംഗ് മികവില്‍ മറാത്ത അറേബ്യന്‍സിനെ 72 റണ്‍സിനു പിടിച്ചുകെട്ടിയ ശേഷം ലക്ഷ്യം അഞ്ച് ഓവറില്‍ മറികടന്ന് ടി10 ലീഗിന്റെ ഫൈനലില്‍ കടന്ന് നോര്‍ത്തേണ്‍ വാരിയേഴ്സ്. ഇന്ന് ഒന്നാം ക്വാളിഫയറില്‍ പഖ്ത്തൂണ്‍സിനോട് പരാജയപ്പെട്ടുവെങ്കിലും ഇപ്പോള്‍ പഖ്ത്തൂണ്‍സുമായി വീണ്ടും കലാശപ്പോരിനു അവസരം ലഭിച്ചിരിയ്ക്കുകയാണ് വാരിയേഴ്സിനു.

ഹാര്‍ദ്ദസ് വില്‍ജോയന്‍ തന്റെ രണ്ടോവറില്‍ ആറ് റണ്‍സ് മാത്രം നല്‍കി 3 വിക്കറ്റ് നേടിയപ്പോള്‍ വഹാബ് റിയാസ്, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. 15 റണ്‍സ് നേടിയ ഹസ്രത്തുള്ള സാസായി ആണ് മറാത്ത അറേബ്യന്‍സിന്റെ ടോപ് സ്കോറര്‍. 13 റണ്‍സ് നേടിയ ഡ്വെയിന്‍ ബ്രാവോയാണ് രണ്ടക്കം കടന്ന മറ്റൊരു താരം. എട്ട് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ നോര്‍ത്തേണ്‍ വാരിയേഴ്സ് നിക്കോളസ് പൂരന്‍(16 പന്തില്‍ 43 റണ്‍സ്), ലെന്‍ഡല്‍ സിമ്മണ്‍സ്(14 പന്തില്‍ 31) എന്നിവരുടെ അപരാജിതമായ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ലക്ഷ്യം അഞ്ചോവറില്‍ മറികടക്കുകയായിരുന്നു.

മറാത്ത അറേബ്യന്‍സിനോട് തോല്‍വി, ബംഗാള്‍ വാരിയേഴ്സ് മൂന്നാം സ്ഥാനത്തിനായി പോരാടും

മറാത്ത അറേബ്യന്‍സിനു 7 വിക്കറ്റ് വിജയത്തോടെ എലിമിനേറ്ററിലേക്ക് യോഗ്യത. ബംഗാള്‍ വാരിയേഴ്സിനെതിരെ അലക്സ് ഹെയില്‍സിന്റെ മികവില്‍ ജയിച്ച ടീം ഇതോടെ എലിമിനേറ്ററില്‍ നോര്‍ത്തേണ്‍ വാരിയേഴ്സിനെ നേരിടും. ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ വാരിയേഴ്സ് 10 ഓവറില്‍ 135/7 എന്ന മികച്ച സ്കോര്‍ നേടിയെങ്കിലും മറാത്ത അറേബ്യന്‍സ് 19.1 ഓവറില്‍ 138/3 എന്ന സ്കോര്‍ നേടി വിജയം ഉറപ്പിച്ചു.

സുനില്‍ നരൈന്‍(40), മുഹമ്മദ് നബി(46) എന്നിവരുടെ മികവിലാണ് 10 ഓവറില്‍ നിന്ന് ബംഗാള്‍ ടൈഗേഴ്സ് 135/7 എന്ന സ്കോര്‍ നേടിയത്. അറേബ്യന്‍സിനായി ഡ്വെയിന്‍ ബ്രാവോ 4 വിക്കറ്റ് നേടി മികച്ച് നിന്നു.

32 പന്തില്‍ 87 റണ്‍സ് നേടിയ അലക്സ് ഹെയില്‍സും 9 പന്തില്‍ 27 റണ്‍സ് നേടി ഡ്വെയിന്‍ ബ്രാവോയുമാണ് മറാത്ത അറേബ്യന്‍സിന്റെ വിജയ ശില്പികള്‍.

Exit mobile version