ഗെയിലിനെ പൂട്ടി ക്രിസ് ജോര്‍ദ്ദാന്‍, കേരള നൈറ്റ്സിന്റെ തോല്‍വി ഉറപ്പാക്കി ഹസന്‍ ഖാന്‍

ഷാര്‍ജയില്‍ ഗെയില്‍ സ്റ്റോമിനു അരങ്ങൊരുങ്ങിയെന്ന് തോന്നിച്ചുവെങ്കിലും വിന്‍ഡീസ് വെടിക്കെട്ട് താരത്തെ നേരത്തെ പൂട്ടി ക്രിസ് ജോര്‍ദ്ദാന്‍ പഞ്ചാബി ലെജന്‍ഡ്സിനു വിജയത്തിലേക്കുള്ള ആദ്യ വഴി തുറന്ന് ക്രിസ് ജോര്‍ദ്ദാന്‍. ആദ്യം ബാറ്റ് ചെയ്ത ലെജന്‍ഡ്സ് നേടിയ 107/5 എന്ന സ്കോര്‍ പിന്തുടരാനിറങ്ങിയ കേരള നൈറ്റ്സിനു ക്രിസ് ഗെയില്‍ വെടിക്കെട്ടിന്റെ ബലത്തില്‍ 4 ഓവറില്‍ നിന്ന് 46 റണ്‍സ് നേടുകയായിരുന്നു.

നാലാം ഓവറിന്റെ ആദ്യ പന്തില്‍ ക്രിസ് ജോര്‍ദ്ദാന്‍ ക്രിസ് ഗെയിലിനെ പുറത്താക്കിയപ്പോള്‍ 19 പന്തില്‍ നിന്ന് 35 റണ്‍സാണ് താരം നേടിയത്. പിന്നീട് തുടരെ ഒരോവറില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഹസന്‍ ഖാന്‍ നൈറ്റ്സിന്റെ തോല്‍വി ഉറപ്പാക്കുകയായിരുന്നു. മത്സരത്തില്‍ നിന്ന് നാല് വിക്കറ്റാണ് ഹസന്‍ ഖാന്‍ നേടിയത്. ഉപുല്‍ തരംഗ, ഫാബിയന്‍ അല്ലെന്‍, വെയിന്‍ പാര്‍ണെല്‍ എന്നിവരെയാണ് ഹസന്‍ ഖാന്‍ പുറത്താക്കിയത്.

8.2 ഓവറില്‍ നിന്ന് 71 റണ്‍സ് മാത്രമാണ് കേരള നൈറ്റ്സിനു നേടാനായത്. 36 റണ്‍സിന്റെ വിജയമാണ് പഞ്ചാബി ലെജന്‍ഡ്സ് നേടിയത്. പ്രവീണ്‍ കുമാര്‍ മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബി ലെജന്‍ഡ്സിനെ ഉമര്‍ അക്മലും വാലറ്റത്തില്‍ ക്രിസ് ജോര്‍ദ്ദാനും ചേര്‍ന്നാണ് 107 റണ്‍സിലേക്ക് എത്തിച്ചത്. 17 പന്തില്‍ 30 റണ്‍സ് നേടി ഉമര്‍ അക്മല്‍ പുറത്തായപ്പോള്‍ 7 പന്തില്‍ നിന്ന് 24 റണ്‍സാണ് ക്രിസ് ജോര്‍ദ്ദാന്‍ നേടിയത്. പുറത്താകാതെ നിന്ന താരത്തോടപ്പം ടോം മൂറ്സ് 16 റണ്‍സ് നേടി. മുഹമ്മദ് നവീദ് കേരള നൈറ്റ്സിനായി 2 വിക്കറ്റ് നേടി.

ആധികാരിക വിജയവുമായി ബംഗാള്‍ ടൈഗേഴ്സ്

പഞ്ചാബി ലെജന്‍ഡ്സിനെതിരെ ആധികാരിക വിജയവുമായി ബംഗാള്‍ ടൈഗേഴ്സ്. ബാറ്റിംഗ് നിര പഞ്ചാബി ലെജന്‍ഡ്സിനെ കൈവിട്ട മത്സരത്തില്‍ ലൂക്ക് റോഞ്ചിയാണ്(23) ടീമിന്റെ ടോപ് സ്കോറര്‍. ഉമര്‍ അക്മല്‍ 18 റണ്‍സ് നേടി. മുജീബ് ഉര്‍ റഹ്മാന്‍, സുനില്‍ നരൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റും അമീര്‍ യമീന്‍, മുഹമ്മദ് നബി, അലി ഖാന്‍ എന്നിവരാണ് ബംഗാള്‍ ടൈഗേഴ്സിന്റെ വിക്കറ്റ് നേട്ടക്കാര്‍. 10 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സാണ് പഞ്ചാബി ലെജന്‍ഡ്സ് നേടുന്നത്.

6 ഓവറില്‍ നിന്ന് 80 റണ്‍സ് നേടിയാണ് ബംഗാള്‍ ടൈഗേഴ്സ് വിജയം നേടിയത്. 4 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. 14 പന്തില്‍ നിന്ന് 43 റണ്‍സ് നേടി ജേസണ്‍ റോയ് ആണ് ടൈഗേഴ്സിന്റെ ബാറ്റിംഗ് മുന്നോട്ട് നയിച്ചത്. 13 പന്തില്‍ നിന്ന് 23 റണ്‍സ് നേടി ലൂക്ക് റൈറ്റും തിളങ്ങി.

വെടിക്കെട്ട് പ്രകടനവുമായി പൂരനും റസ്സലും, 99 റണ്‍സിനു ജയിച്ച് നോര്‍ത്തേണ്‍ വാരിയേഴ്സ്

പഞ്ചാബി ലെജന്‍ഡ്സിനെ കശാപ്പ് ചെയ്ത് നോര്‍ത്തേണ്‍ വാരിയേഴ്സ്. ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ 99 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് വാരിയേഴ്സ് സ്വന്തമാക്കിയത്. 25 പന്തില്‍ 77 റണ്‍സ് നേടിയ നിക്കോളസ് പൂരനും 9 പന്തില്‍ 38 റണ്‍സ് നേടിയ ആന്‍ഡ്രേ റസ്സലും തിളങ്ങിയ മത്സരത്തില്‍ ലെന്‍ഡല്‍ സിമ്മണ്‍സും 36 റണ്‍സുമായി തിളങ്ങിയപ്പോള്‍ നോര്‍ത്തേണ്‍ വാരിയേഴ്സ് 10 ഓവറില്‍ നിന്ന് 183 റണ്‍സ് നേടി. രണ്ട് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. പൂരന്‍ 10 സിക്സ് നേടിയപ്പോള്‍ 9 പന്തില്‍ നിന്ന് 6 സിക്സാണ് റസ്സല്‍ അടിച്ച് കൂട്ടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബി ലെജന്‍ഡ്സ് 7 ഓവറില്‍ നിന്ന് 84 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രവി ബൊപ്പാര നാല് വിക്കറ്റുമായി വാരിയേഴ്സിനു വേണ്ടി ബൗളിംഗില്‍ തിളങ്ങി.

പഞ്ചാബി ലെജന്‍ഡ്സിനു 43 റണ്‍സ് ജയം, കാലിടറി മറാത്ത അറേബ്യന്‍സ്

ടി10 ലീഗില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കി പഞ്ചാബി ലെജന്‍ഡ്സ്. ആദ്യം ബാറ്റ് ചെയ്ത ലെജന്‍ഡ്സ് 121/6 എന്ന മികച്ച സ്കോര്‍ നേടിയപ്പോള്‍ മറാത്ത അറേബ്യന്‍സ് 9.2 ഓവറില്‍ 78 റണ്‍സിനു ഓള്‍ഔട്ട് ആയി. ഉമര്‍ അക്മല്‍ 18 പന്തില്‍ 31 റണ്‍സുമായി ലെജന്‍ഡ്സിനായി തിളങ്ങിയപ്പോള്‍ ഷൈമാന്‍ അനവര്‍(25), ക്രിസ് ജോര്‍ദ്ദാന്‍(7 പന്തില്‍ 19) എന്നിവര്‍ക്കൊപ്പം നിര്‍ണ്ണായക റണ്‍സുകളുമായി ലോവര്‍ മിഡല്‍ ഓര്‍ഡറും പഞ്ചാബി ലെജന്‍ഡ്സിനെ സഹായിച്ചു. മറാത്തയ്ക്ക് വേണ്ടി റിച്ചാര്‍ഡ് ഗ്ലീസണ്‍ മൂന്നും സഹൂര്‍ ഖാന്‍ രണ്ടും വിക്കറ്റ് നേടി.

അലക്സ് ഹെയില്‍സ് മറാത്തയുടെ ടോപ് ഓര്‍ഡര്‍ ആയെങ്കിലും നജീബുള്ള സദ്രാന്‍(17) ഒഴികെ ആര്‍ക്കും തന്നെ രണ്ടക്കം കടക്കാനാകാതെ പോയത് ടീമിന്റെ തോല്‍വിയ്ക്ക് കാരണമായി. സഹീര്‍ ഖാനും ക്രിസ് ജോര്‍ദ്ദാനും യഥേഷ്ടം വിക്കറ്റുകള്‍ നേടിയപ്പോള്‍ 9.2 ഓവറില്‍ മറാത്തകള്‍ ഓള്‍ഔട്ട് ആയി.

1.2 ഓവറില്‍ 6 റണ്‍സ് മാത്രം വിട്ട് നല്‍കിയ ക്രിസ് ജോര്‍ദ്ദാന്റെ മാസ്മരിക പ്രകടനത്തെ വെല്ലുന്ന പ്രകടനം പുറത്തെടുത്ത് സഹീര്‍ ഖാന്‍ കളിയിലെ താരമായി മാറുകയായിരുന്നു. മൂന്ന് വിക്കറ്റുകള്‍ നേടിയ താരം 8 റണ്‍സ് മാത്രമാണ് വഴങ്ങിയത്. മുഹമ്മദ് സമി, അന്‍വര്‍ അലി, മിച്ചല്‍ മക്ലെനാഗന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Exit mobile version