വംശീയ പരാമര്‍ശം സബീര്‍ റഹ്മാന് പിഴ

ധാക്ക പ്രീമിയര്‍ ലീഗിൽ വീണ്ടും വിവാദ സംഭവം. ഇത്തവണ വംശീയാധിക്ഷേപമാണ് പുറത്ത് വന്നിരിക്കുന്നത്. ലെജന്‍ഡ്സ് ഓഫ് രൂപ്ഗഞ്ച് താരം സബീര്‍ റഹ്മാനെയും ഷെയ്ഖ് ജമാൽ ധനമണ്ടി ക്ലബ് മാനേജര്‍ സുല്‍ത്താന്‍ മഹമ്മദിനും എതിരെയാണ് വംശീയാധിക്ഷേപം നടത്തിയെന്ന് ആരംഭിച്ച് 50000 ബംഗ്ലാദേശി ടാക്ക പിഴയായി ചുമത്തിയത്.

സബീര്‍ തങ്ങളുടെ ക്ലബിലെ താരമായ ഏലിയാസ് സണ്ണിയ്ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയെന്നാണ് ടൂര്‍ണ്ണമെന്റ് കമ്മിറ്റിയ്ക്ക് ക്ലബ് പരാതി നല്‍കിയത്. ഇതിന് ശേഷമുള്ള ഹിയറിംഗിലാണ് സബറിനും സുല്‍ത്താനും പിഴയും ഏലിയാസിന് താക്കീതും നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചത്.

സബീര്‍ പൊതുവേ ബംഗ്ലാദേശ് ക്രിക്കറ്റിലെ വിവാദ നായകനായാണ് അറിയപ്പെടുന്നത്.

മലിംഗയ്ക്ക് വിജയത്തോടെ വിട, ബംഗ്ലാദേശിനെതിരെ ലങ്കയുടെ വിജയം 91 റണ്‍സിന്

ശ്രീലങ്ക നല്‍കിയ 315 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് 41.4 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ തന്റെ അവസാന ഏകദിനത്തിനിറങ്ങിയ ലസിത് മലിംഗ വിജയത്തോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. 67 റണ്‍സ് നേടിയ മുഷ്ഫിക്കുര്‍ റഹിമും 60 റണ്‍സ് നേടിയ സബ്ബീര്‍ റഹ്മാനും മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയ താരങ്ങള്‍. 39/4 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 111 റണ്‍സ് കൂട്ടുകെട്ടാണ് നേരിയ പ്രതീക്ഷ നല്‍കിയത്. എന്നാല്‍ കൂട്ടുകെട്ട് ധനന്‍ജയ ഡി സില്‍വ തകര്‍ത്തതോടെ ബംഗ്ലാദേശിന്റെ പതനം പൂര്‍ത്തിയാകുകയായിരുന്നു.

ലസിത് മലിംഗ ഓപ്പണര്‍മാരെ രണ്ട് പേരെയും പുറത്താക്കിയ മലിംഗ തന്റെ കരിയറിലെ അവസാന ഓവറില്‍ ബംഗ്ലാദേശിന്റെ അവസാന വിക്കറ്റും നേടി തന്റെ അവസാന ഏകദിനത്തില്‍ മൂന്ന് വിക്കറ്റുമായി മടങ്ങുകയായിരുന്നു. നുവാന്‍ പ്രദീപ് മൂന്ന് വിക്കറ്റ് നേടി. ധനന്‍ജയ ഡി സില്‍വയ്ക്ക് രണ്ട് വിക്കറ്റും ലഭിച്ചു.

ഇന്ത്യയെ വിറപ്പിച്ച് മുഹമ്മദ് സൈഫുദ്ദീന്‍, രക്ഷകനായി വീണ്ടും ജസ്പ്രീത് ബുംറ, ഇന്ത്യ സെമിയില്‍ ബംഗ്ലാദേശ് പുറത്ത്

ഷാക്കിബ് അല്‍ ഹസന് പിന്തുണ നല്‍കുവാന്‍ ടോപ് ഓര്‍ഡറിലെ താരങ്ങള്‍ക്ക് കഴിയാതെ പോയപ്പോള്‍ ഇന്ത്യയുടെ 314/9 എന്ന സ്കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശിന് 28 റണ്‍സിന്റെ തോല്‍വി. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യയുടെ സ്കോര്‍ ചേസ് ചെയ്യുവാനിറങ്ങിയ ബംഗ്ലാദേശ് 48 ഓവറില്‍ 286 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ജസ്പ്രീത് ബുംറയുടെ നാല് വിക്കറ്റുകളാണ് മത്സരം കൈവിടാതിരിക്കുവാന്‍ ഇന്ത്യയെ സഹായിച്ചത്. വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോളും പ്രതീക്ഷ കൈവിടാതെ ബംഗ്ലാദേശ് വാലറ്റം ബാറ്റ് ചെയ്യുന്ന കാഴ്ചയാണ് ഇന്ന് എഡ്ജ്ബാസ്റ്റണില്‍ കണ്ടത്.

ബംഗ്ലാദേശിന്റെ ടോപ് ഓര്‍ഡര്‍ താരങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാന്‍ കഴിയാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. ഷാക്കിബ് 66 റണ്‍സ് നേടി ഹാര്‍ദ്ദിക്കിന് വിക്കറ്റ് നല്‍കി 34ാം ഓവറില്‍ മടങ്ങുകയായിരുന്നു. ഷാക്കിബിന്റെ ഉള്‍പ്പെടെ 3 വിക്കറ്റ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ ആണ് ഇന്ത്യന്‍ നിരയിലെ നിര്‍ണ്ണായക ബൗളിഗ് പ്രകടനം പുറത്തെടുത്തത്.

തമീം ഇക്ബാല്‍(22), സൗമ്യ സര്‍ക്കാര്‍(33), മുഷ്ഫിക്കുര്‍ റഹിം(24), ലിറ്റണ്‍ ദാസ്(22) എന്നിവര്‍ ക്രീസില്‍ നിലയുറപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. എന്നാല്‍ ഷാക്കിബ് അല്‍ ഹസന്‍ പുറത്തായ ശേഷം 66 റണ്‍സ് കൂട്ടുകെട്ടുമായി സബ്ബീര്‍ റഹ്മാനും മുഹമ്മദ് സൈഫുദ്ദീനും ഇന്ത്യന്‍ ക്യാമ്പിനെ ഭീതിയിലാഴ്ത്തുകയായിരുന്നു. ജസ്പ്രീത് ബുംറ 36 റണ്‍സ് നേടിയ സബ്ബീര്‍ റഹ്മാനെയും ഭുവനേശ്വര്‍ കുമാര്‍ മഷ്ഫറെ മൊര്‍തസയെയും പുറത്താക്കിയപ്പോള്‍ മുഹമ്മദ് സൈഫുദ്ദീന്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്നു.

മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ ബംഗ്ലാദേശിന് 2 വിക്കറ്റ് കൈവശമിരിക്കെ 36 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ നിന്ന് 7 റണ്‍സ് ബംഗ്ലാദേശ് നേടിയെങ്കിലും റൂബല്‍ ഹൊസൈനെ ടീമിന് നഷ്ടമായി. ഓവറിലെ അവസാന പന്തില്‍ മുസ്തഫിസുറിനെയും പുറത്താക്കി ബുംറ ഇന്ത്യയെ സെമിയിലേക്ക് എത്തിച്ചു. ഇതിനിടെ മുഹമ്മദ് സൈഫുദ്ദീന്‍ 37 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയിരുന്നു. 51 റണ്‍സുമായി സൈഫുദ്ദീന്‍ പുറത്താകാതെ നിന്നു. ജസ്പ്രീത് ബുംറ നാലും ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നും വിക്കറ്റാണ് മത്സരത്തില്‍ നേടിയത്.

സൗത്തിയുടെ സ്പെല്ലില്‍ തകര്‍ന്ന് ബംഗ്ലാദേശ്, പൊരുതി നോക്കിയത് സബ്ബിര്‍ റഹ്മാനും മുഹമ്മദ് സൈഫുദ്ദീനും മാത്രം

ഡുണേഡിനിന്‍ ഏകദിനത്തില്‍ 88 റണ്‍സ് വിജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശിനു 242 റണ്‍സ് മാത്രമേ നേടാനായുള്ളു. 47.2 ഓവറില്‍  ടീം ഓള്‍ഔട്ടായപ്പോള്‍ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 88 റണ്‍സിന്റെ വിജയം ആതിഥേയര്‍ സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനു വേണ്ടി റോസ് ടെയിലര്‍ 69 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. ഹെന്‍റി നിക്കോളസ്(64), ടോം ലാഥം(59) എന്നിവര്‍ക്കൊപ്പം ജെയിംസ് നീഷവും കോളിന്‍ ഡി ഗ്രാന്‍ഡോമും അടിച്ച് തകര്‍ത്തപ്പോള്‍ ന്യൂസിലാണ്ട് അനായാസം മുന്നൂറ് കടക്കുകയായിരുന്നു. 37 വീതം റണ്‍സാണ് നീഷവും ഗ്രാന്‍ഡോമും നേടിയത്. ഗ്രാന്‍ഡോം 15 പന്ത് നേരിട്ട് പുറത്താകാതെ നിന്നു. മിച്ചല്‍ സാന്റനര്‍ 9 പന്തില്‍ നിന്ന് പുറത്താകാതെ 16 റണ്‍സും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ടോപ് ഓര്‍ഡറിനെ ടിം സൗത്തി തകര്‍ത്തെറിയുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ തമീം ഇക്ബാലിനെയും സൗമ്യ സര്‍ക്കാരിനെയും പുറത്താക്കിയ സൗത്തി തന്റെ അടുത്ത ഓവറില്‍ ലിറ്റണ്‍ ദാസിനെയും മടക്കി. തകര്‍ച്ചയില്‍ നിന്ന് മുഹമ്മദ് സൈഫുദ്ദീനും സബ്ബിര്‍ റഹ്മാനും മാത്രമാണ് ബംഗ്ലാദേശിനെ രക്ഷിക്കുവാന്‍ ശ്രമങ്ങള്‍ നടത്തിയത്. മെഹ്ദി ഹസനും 37 റണ്‍സുമായി പൊരുതി നോക്കി.

സബ്ബിര്‍ റഹ്മാന്‍ തന്റെ ശതകം പൂര്‍ത്തിയാക്കി 102 റണ്‍സ് നേടി അവസാന വിക്കറ്റായി പുറത്തായപ്പോള്‍ മുഹമ്മദ് സൈഫുദ്ദീന്‍ 44 റണ്‍സ് നേടി പുറത്തായി. ന്യൂസിലാണ്ടിനു വേണ്ടി സൗത്തി ആറും ട്രെന്റ് ബോള്‍ട്ട് രണ്ടും വിക്കറ്റാണ് നേടിയത്.

രണ്ടാം ഏകദിനത്തിലും ശതകവുമായി ഗുപ്ടില്‍, പരമ്പര ന്യൂസിലാണ്ടിനു

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിലും അനായാസ ജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ജയത്തോടെ പരമ്പര 2-0നു സ്വന്തമാക്കുവാന്‍ ടീമിനായി. ഇന്ന് നടന്ന രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 226 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ലക്ഷ്യം 36.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ മറികടന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ശതകം സ്വന്തമാക്കി ന്യൂസിലാണ്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

88 പന്തില്‍ നിന്ന് 118 റണ്‍സുമായി വെടിക്കെട്ട് പ്രകടനമാണ് ഗുപ്ടില്‍ നടത്തിയത്. 14 ബൗണ്ടറിയും 4 സിക്സും അടക്കമായിരുന്നു ഈ പ്രകടനം. കെയിന്‍ വില്യംസണ്‍ പുറത്താകാതെ 65 റണ്‍സ് നേടിയപ്പോള്‍ റോസ് ടെയിലര്‍ 21 റണ്‍സ് നേടി പുറത്താകാതെ ക്യാപ്റ്റനൊപ്പം നിലയുറപ്പിച്ചു. 14 റണ്‍സ് നേടിയ ഹെന്‍റി നിക്കോളസ് ആണ് പുറത്തായ മറ്റൊരു താരം. ബംഗ്ലാദേശിനായി 2 വിക്കറ്റും വീഴ്ത്തിയത് മുസ്തഫിസുര്‍ റഹ്മാന്‍ ആയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 49.4 ഓവറിലാണ് ന്യൂസിലാണ്ട് ഓള്‍ഔട്ട് ആക്കിയത്. മുഹമ്മദ് മിഥുന്‍ 57 റണ്‍സ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സബ്ബിര്‍ റഹ്മാന്‍ 43 റണ്‍സ് നേടി. വാലറ്റത്തില്‍ നിന്നുള്ള സഹായം കൂടി നേടിയാണ് ബംഗ്ലാദേശ് 200 കടന്നത്. ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണ്‍ മൂന്നും ടോഡ് ആസ്ട‍്‍ലേ, ജെയിംസ് നീഷം എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

അടിച്ച് തകര്‍ത്ത് സബ്ബിര്‍ റഹ്മാന്‍, എന്നിട്ടും സിക്സേര്‍സില്‍ നിന്ന് വിജയം തട്ടിയെടുത്ത് രംഗ്പൂര്‍ റൈഡേഴ്സ്

സബ്ബിര്‍ റഹ്മാന്റെയും നിക്കോളസ് പൂരന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍ 194/4 എന്ന കൂറ്റന്‍ സ്കോര്‍ നേടിയ സില്‍ഹെറ്റ് സിക്സേര്‍സിനെ വീഴ്ത്തി രംഗ്പൂര്‍ റൈഡേഴ്സ്. 3 പന്ത് ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന രംഗ്പൂര്‍ റൈഡേഴ്സിനു വേണ്ടി റിലീ റൂസോവ്, അലക്സ് ഹെയില്‍സ്, എബി ഡി വില്ലിയേഴ്സ് എന്നിവരാണ് തിളങ്ങിയത്. രണ്ടോവറില്‍ ജയിക്കുവാന്‍ 24 റണ്‍സ് എന്ന നിലയില്‍ മഷ്റഫെ മൊര്‍തസയും ഫര്‍ഹദ് റീസയും ചേര്‍ന്ന് 19ാം ഓവറില്‍ നിന്ന് നേടിയ 19 റണ്‍സാണ് സിക്സേര്‍സില്‍ നിന്ന് മത്സരം തട്ടിയെടുത്തത്.

51 പന്തില്‍ നിന്ന് 85 റണ‍്സ് നേടിയ സബ്ബിര്‍ റഹ്മാനും 27 പന്തില്‍ 47 റണ്‍സ് നേടി പുറത്താകാതെ നിന്ന നിക്കോളസ് പൂരനുമാണ് സിക്സേര്‍സിനു വേണ്ടി സിക്സടികളുമായി ക്രീസില്‍ തിളങ്ങിയത്. സബ്ബിര്‍ ആറും പൂരന്‍ മൂന്ന് സിക്സുമാണ് മത്സരത്തില്‍ നിന്ന് നേടിയത്. രംഗ്പൂര്‍ റൈഡേഴ്സിനു വേണ്ടി മഷ്റഫെ മൊര്‍തസ 2 വിക്കറ്റ് നേടി.

ക്രിസ് ഗെയിലിനെ രണ്ടാം പന്തില്‍ നഷ്ടമായെങ്കിലും 35 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ റിലീ റൂസോവിനൊപ്പം അലക്സ് ഹെയില്‍സ്(33), എബി ഡി വില്ലിയേഴ്സ്(34) എന്നിവരും 6 പന്തില്‍ നിന്ന് പുറത്താകാതെ 18 റണ്‍സ് നേടി ഫര്‍ഹദ് റീസയും ചേര്‍ന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ടാസ്കിന്‍ അഹമ്മദ് നാല് വിക്കറ്റുകള്‍ നേടിയെങ്കിലും രംഗ്പൂര്‍ റൈഡേഴ്സിന്റെ വിജയം തടയാന്‍ ആവുന്നതായിരുന്നില്ല പ്രകടനം.

ദേശീയ ടീമിലേക്കുള്ള തിരിച്ചു വരവ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലൂടെ: സബ്ബിര്‍ റഹ്മാന്‍

ദേശീയ ടീമിലേക്കുള്ള തന്റെ തിരിച്ചുവരവിനു അടിസ്ഥാനമാകുക ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ പ്രകടനമാകുമെന്ന് പറഞ്ഞ് വിലക്കപ്പെട്ട താരം സബ്ബിര്‍ റഹ്മാന്‍. അച്ചടക്ക നടപടികളെത്തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള താരം തന്റെ തിരിച്ചുവരവിനായുള്ള ശ്രമങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്. ടൂര്‍ണ്ണമെന്റില്‍ അവിശ്വസനീയമായ പ്രകടനം പുറത്തെടുത്താല്‍ തനിക്ക് തിരികെ ദേശീയ ടീമിലെത്താമെന്നുള്ള പ്രതീക്ഷയാണ് താരത്തിനുള്ളത്.

ലോകകപ്പിനെക്കുറിച്ചല്ല താന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. അത് വളരെ ദൂരെയുള്ള ടൂര്‍ണ്ണമെന്റാണ്. കൈയ്യകലത്തിലുള്ള ബിപിഎല്‍ പ്രകടനം മെച്ചപ്പെടുത്തുക എന്നതാണ് തന്റെ ഇപ്പോളത്തെ ലക്ഷ്യം. മുമ്പുള്ള അച്ചടക്കപരമായ പ്രശ്നങ്ങളില്‍ താന്‍ ഇനി ഏര്‍പ്പെടുകയില്ലെന്നും സബ്ബിര്‍ റഹ്മാന്‍ അഭിപ്രായപ്പെട്ടു.

വിവാദങ്ങള്‍ അവസാനിക്കുന്നില്ല, സാനിയയെയും താരം ശല്യം ചെയ്തുവെന്ന് ഷൊയ്ബ് മാലിക്

6 മാസത്തേക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ബംഗ്ലാദേശ് വിലക്കിയ താരത്തിനെതിരെ പുതിയ ആരോപണവുമായി പാക്കിസ്ഥാന്‍ താരം ഷൊയ്ബ് മാലിക്. തന്റെ ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സയെ സബ്ബിര്‍ റഹ്മാന്‍ ശല്യം ചെയ്തുവെന്നാണ് ഇപ്പോള്‍ ഷൊയ്ബ് മാലിക് പറയുന്നത്. നാല് വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ ഒരു പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് കളിക്കുവാന്‍ എത്തിയപ്പോളാണ് തങ്ങള്‍ക്ക് ഈ ദുരനുഭവമെന്നാണ് മാലിക് വെളിപ്പെടുത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ ആരാധകനെതിരെ മോശം ഭാഷയില്‍ പ്രതികരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ഇപ്പോള്‍ ബോര്‍ഡ് നടപടിയെടുത്തിരിക്കുന്നത്. മുമ്പും പലതവണ താരത്തിനെതിരെ അച്ചടക്ക നടപടികള്‍ ബോര്‍ഡ് എടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത പ്രകാരം ഷൊയ്ബ മാലിക് തന്റെ അന്നത്തെ അനുഭവത്തിനു ശേഷം ഇപ്പോള്‍ താരത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ദേശീയ ടീമിനായി 43 ഏകദിനങ്ങളും 39 ടി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുള്ള താരം മികച്ച ബാറ്റ്സ്മാനായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും കളിക്കളത്തിലെയും പുറത്തെയും മോശം പെരുമാറ്റം താരം ബംഗ്ലാദേശിനു തലവേദന സൃഷ്ടിക്കുക പതിവാണ്.

സബ്ബീര്‍ റഹ്മാനു മേല്‍ പിഴ ചുമത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെ കളി കാണാനെത്തിയൊരാളെ മര്‍ദ്ദിച്ചതിനു സബ്ബീര്‍ റഹ്മാനു വിലക്കും പിഴയും. താരത്തിന്റെ ദേശീയ കരാര്‍ റദ്ദാക്കിയ ബോര്‍ഡ് 20 ലക്ഷം ടാക്ക പിഴയും ആറ് മാസത്തോളം ആഭ്യന്തര ക്രിക്കറ്റില്‍ വിലക്കും ചുമത്തുകയായിരുന്നു. ഇത് താരത്തിനുള്ള അവസാന അവസരമാണെന്നും ഒരുവട്ടം കൂടി ഇത്തരം പ്രവൃത്തി ആവര്‍ത്തിക്കുകയാണെങ്കില്‍ ആജീവനാന്ത വിലക്കാവും ഫലമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

ഇന്നിംഗ്സ് ബ്രേക്കിനിടെ തനിക്ക് നേരെ ശബ്ദമുണ്ടാക്കിയ ഒരു കാണിയ്ക്കെതിരെ സബ്ബീര്‍ മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു എന്നാണ് മാച്ച് റഫറിയ്ക്ക് കിട്ടിയ റിപ്പോര്‍ട്ട്. സൈഡ് സ്ക്രീനിനു പിന്നില്‍ നടന്ന സംഭവം റിസര്‍വ് അമ്പയറുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അതിനു ശേഷം സംഭവം മാച്ച് റഫറിയെ അറിയിക്കുകയും സംഭവത്തെ കുറിച്ച് വിശദീകരണം മാച്ച് റഫറി ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തോടും മാന്യമായ രീതിയില്ലല്ല താരം പെരുമാറിയതെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഇതിനു മുമ്പും താരം ഒന്നു രണ്ട് തവണ ഇത്തരത്തില്‍ മോശം കാരണങ്ങള്‍ക്ക് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version