നോര്‍ത്തേണ്‍ വാരിയേഴ്സിനു അര്‍ഹമായ കിരീടം

രണ്ടാം ടി10 ലീഗിന്റെ വിജയികളായി നോര്‍ത്തേണ്‍ വാരിയേഴ്സ്. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ തങ്ങളെ ആദ്യ ക്വാളിഫയറില്‍ പരാജയപ്പെടുത്തിയ പഖ്ത്തൂണ്‍സിനെ തറപറ്റിച്ചാണ് നോര്‍ത്തേണ്‍ വാരിയേഴ്സ് വിജയ കിരീടം ചൂടിയത്. 22 റണ്‍സിന്റെ വിജയമാണ് ടീമിനു സ്വന്തം. ആദ്യം ബാറ്റ് ചെയ്ത വാരിയേഴ്സ് 3 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സാണ് നേടിയത്. റോവ്മന്‍ പവല്‍ പുറത്താകാതെ 25 പന്തില്‍ നിന്ന് നേടിയ 61 റണ്‍സിന്റെയും ആന്‍ഡ്രേ റസ്സല്‍(12 പന്തില്‍ 38), ഡാരെന്‍ സാമി(14*), നിക്കോളസ് പൂരന്‍(18) എന്നിവരാണ് വാരിയേഴ്സിനായി ബാറ്റിംഗ് മികവ് പുലര്‍ത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പഖ്ത്തൂണ്‍സ് നിരയില്‍ ആന്‍ഡ്രേ ഫ്ലെച്ചര്‍(37) മാത്രമാണ് കാര്യമായൊരു ശ്രമം ടീമിനായി നടത്തി നോക്കിയത്. ഷഫീകുള്ള ഷഫീക്ക് 26 റണ്സ് നേടി പുറത്തായി. 7 വിക്കറ്റുകള്‍ നഷ്ടത്തില്‍ ടീമിനു 118 റണ്‍സ് മാത്രമേ നേടാനായുള്ളു. ക്രിസ് ഗ്രീന്‍, ഹാര്‍ദ്ദസ് വില്‍ജോയന്‍ എന്നിവര്‍ വിജയികള്‍ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

ഫൈനല്‍ ആദ്യ യോഗ്യത മത്സരത്തിന്റെ തനിയാവര്‍ത്തനം, പഖ്ത്തൂണ്‍സും നോര്‍ത്തേണ്‍ വാരിയേഴ്സും ഏറ്റുമുട്ടും

ടി10 ലീഗ് രണ്ടാം സീസണിന്റെ ഫൈനല്‍ മത്സരം ഇന്ന്. ഫൈനലില്‍ പഖ്ത്തൂണ്‍സും നോര്‍ത്തേണ്‍ വാരിയേഴ്സും തമ്മില്‍ ഏറ്റുമുട്ടും. മികച്ച ഫോമില്‍ കളിയ്ക്കുന്ന നോര്‍ത്തേണ്‍ വാരിയേഴ്സിനു ഇന്നലെ ആദ്യ യോഗ്യത മത്സരത്തില്‍ പഖ്ത്തൂണ്‍സിനോട് 13 റണ്‍സിന്റെ തോല്‍വി പിണഞ്ഞിരുന്നു. അതിനു ശേഷം എലിമിനേറ്ററില്‍ മറാത്ത അറേബ്യന്‍സിനെതിരെ 10 വിക്കറ്റിന്റെ വിജയം നേടിയാണ് നോര്‍ത്തേണ്‍ വാരിയേഴ്സ് തങ്ങളുടെ ഇന്നലത്തെ തോല്‍വിയ്ക്ക് പകരം വീട്ടുവാനുള്ള അവസരം സ്വന്തമാക്കിയത്. വിന്‍ഡീസ് കരുത്തിലാണ് നോര്‍ത്തേണ്‍ വാരിയേഴ്സ് മുന്നേറുന്നത്. നിക്കോളസ് പൂരന്റെ വെടിക്കെട്ടിനൊപ്പം തീപാറുന്ന ഫോമിലുള്ള ആന്‍ഡ്രേ റസ്സലുമാണ് ടീമിന്റെ ബാറ്റിംഗ് ശക്തി. ലെന്‍ഡല്‍ സിമ്മണ്‍സും ഒപ്പം പിന്തുണയുമായുണ്ട്. റോവ്മന്‍ പവല്‍, ഡാരെന്‍ സാമി എന്നിവരും ടീമിന്റെ വിന്‍ഡീസ് കരുത്തിന്റെ ഭാഗമാണ്. ഇന്നലെ ആദ്യ ക്വാളിഫയറില്‍ വെടിക്കെട്ട് പ്രകടനവുമായി പവലും താന്‍ ഫോമിലാണെന്ന് തെളിയിച്ചിട്ടുണ്ട്.

പഖ്ത്തൂണ്‍സ് അഫ്രീദിയുടെ മികവിലാണ് ഇന്നലെ ഫൈനലിലേക്ക് യോഗ്യത നേടിയത്. ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ മികച്ച ഫോമിലായിരുന്ന ആന്‍ഡ്രെ ഫ്ലെച്ചര്‍ ഫോമിലേക്ക് ഉയരാത്തതാണ് ടീമിന്റെ ഇപ്പോളത്തെ പ്രതിസന്ധി. മികച്ച ബൗളിംഗ് കരുത്താണ് ടീമിന്റെ മറ്റൊരു ശക്തി. മുഹമ്മദ് ഇര്‍ഫാനും ആര്‍പി സിംഗും അടങ്ങുന്ന ബൗളിംഗ് നിരയ്ക്ക് പിന്തുണയായി നായകന്‍ അഫ്രീദിയും പന്തെറിയാനെത്തുന്നു.

ഇന്ന് നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ മറാത്ത അറേബ്യന്‍സ് ബംഗാള്‍ ടൈഗേഴ്സിനോട് ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറിന്റെ തനിയാവര്‍ത്തനമാണ് ഇത്. അതില്‍ അറേബ്യന്‍സിനായിരുന്നു വിജയം. എന്നാല്‍ എലിമിനേറ്ററിലെ തോല്‍വി അവരെ വീണ്ടും ടൈഗേഴ്സിനെ നേരിടുവാന്‍ ഇടയാക്കുകയായിരുന്നു.

എലിമിനേറ്ററില്‍ പത്ത് വിക്കറ്റ് വിജയം, നോര്‍ത്തേണ്‍ വാരിയേഴ്സ് ഫൈനലിലേക്ക്

7ഹാര്‍ദ്ദസ് വില്‍ജോയന്റെ ബൗളിംഗ് മികവില്‍ മറാത്ത അറേബ്യന്‍സിനെ 72 റണ്‍സിനു പിടിച്ചുകെട്ടിയ ശേഷം ലക്ഷ്യം അഞ്ച് ഓവറില്‍ മറികടന്ന് ടി10 ലീഗിന്റെ ഫൈനലില്‍ കടന്ന് നോര്‍ത്തേണ്‍ വാരിയേഴ്സ്. ഇന്ന് ഒന്നാം ക്വാളിഫയറില്‍ പഖ്ത്തൂണ്‍സിനോട് പരാജയപ്പെട്ടുവെങ്കിലും ഇപ്പോള്‍ പഖ്ത്തൂണ്‍സുമായി വീണ്ടും കലാശപ്പോരിനു അവസരം ലഭിച്ചിരിയ്ക്കുകയാണ് വാരിയേഴ്സിനു.

ഹാര്‍ദ്ദസ് വില്‍ജോയന്‍ തന്റെ രണ്ടോവറില്‍ ആറ് റണ്‍സ് മാത്രം നല്‍കി 3 വിക്കറ്റ് നേടിയപ്പോള്‍ വഹാബ് റിയാസ്, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. 15 റണ്‍സ് നേടിയ ഹസ്രത്തുള്ള സാസായി ആണ് മറാത്ത അറേബ്യന്‍സിന്റെ ടോപ് സ്കോറര്‍. 13 റണ്‍സ് നേടിയ ഡ്വെയിന്‍ ബ്രാവോയാണ് രണ്ടക്കം കടന്ന മറ്റൊരു താരം. എട്ട് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ നോര്‍ത്തേണ്‍ വാരിയേഴ്സ് നിക്കോളസ് പൂരന്‍(16 പന്തില്‍ 43 റണ്‍സ്), ലെന്‍ഡല്‍ സിമ്മണ്‍സ്(14 പന്തില്‍ 31) എന്നിവരുടെ അപരാജിതമായ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ലക്ഷ്യം അഞ്ചോവറില്‍ മറികടക്കുകയായിരുന്നു.

അഫ്രീദി ഷോയില്‍ പഖ്ത്തൂണ്‍സ് ഫൈനലിലേക്ക്

ഷാഹിദ് അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടി പഖ്ത്തൂണ്‍സ്. റോവ്മന്‍ പവല്‍ നോര്‍ത്തേണ്‍ വാരിയേഴ്സിനായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തുവെങ്കിലും 13 റണ്‍സ് അകലെ വരെ മാത്രമേ ടീമിനെത്താനായുള്ളു. ഏഴ് സിക്സുകളുടെ സഹായത്തോടെ 17 പന്തില്‍ നിന്ന് 59 റണ്‍സാണ് ഷാഹിദ് അഫ്രീദി നേടിയത്. 10 ഓവറില്‍ 135 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ പഖ്ത്തൂണ്‍സ് സ്വന്തമാക്കിയത്. നോര്‍ത്തേണ്‍ വാരിയേഴ്സിനു വേണ്ടി ഹാര്‍ദ്ദസ് വില്‍ജോയന്‍ മൂന്ന് വിക്കറ്റ് നേടി.

നോര്‍ത്തേണ്‍ വാരിയേഴ്സിനു വേണ്ടി 35 പന്തില്‍ 80 റണ്‍സ് നേടിയ റോവ്മന്‍ പവല്‍ പൊരുതി നോക്കിയെങ്കിലും ടീമിനെ 122 റണ്‍സ് വരെ മാത്രമേ താരത്തിനു എത്തിക്കാനായുള്ളു. 9 സിക്സുകളും 4 ബൗണ്ടറിയുമാണ് പുറത്താകാതെ നിന്ന റോവ്മന്‍ പവല്‍ നേടിയത്. ഇര്‍ഫാന്‍ ഖാന്‍ പഖ്ത്തൂണ്‍സിനായി 2 വിക്കറ്റ് നേടി.

ജയം തുടര്‍ന്ന് നോര്‍ത്തേണ്‍ വാരിയേഴ്സ്, ഇത്തവണ ബൗളിംഗ് മികവില്‍

ബൗളിംഗ് മികവില്‍ രാജ്പുത്സിനെ വീഴ്ത്തി നോര്‍ത്തേണ്‍ വാരിയേഴ്സ്. ആദ്യം ബാറ്റ് ചെയ്ത രാജ്പുത്സിനെ 64/8 എന്ന സ്കോറിനു പിടിച്ചുകെട്ടിയ ശേഷം 5.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് നോര്‍ത്തേണ്‍ വാരിയേഴ്സ് ജയം സ്വന്തമാക്കിയത്. 18 പന്തില്‍ 45 റണ്‍സ് നേടി പുറത്താകാതെ നിന്ന നിക്കോളസ് പൂരന്‍ ആണ് ബാറ്റിംഗില്‍ നോര്‍ത്തേണ്‍ വാരിയേഴ്സിനായി തിളങ്ങിയത്.

നേരത്തെ ഖാരി പിയറിയുടെ മൂന്ന് വിക്കറ്റുകളാണ് രാജ്പുത്സിന്റെ നടുവൊടിച്ചത്. ഇമ്രാന്‍ ഹൈദര്‍, ഹാര്‍ദ്ദസ് വില്‍ജോയെന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ചാമ്പ്യന്മാര്‍ക്ക് രക്ഷയില്ല, കേരള നൈറ്റ്സിനു വീണ്ടും തോല്‍വി

നോര്‍ത്തേണ്‍ വാരിയേഴ്സിനോട് തോറ്റ് വീണ്ടും കേരള നൈറ്റ്സ്. ആദ്യം ബാറ്റ് ചെയ്ത 101 റണ്‍സ് മാത്രമാണ് ടീമിനു 2 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. ലക്ഷ്യം 7.2 ഓവറില്‍ നോര്‍ത്തേണ്‍ വാരിയേഴ്സ് മറികടക്കുകയും ചെയ്തു. പോള്‍ സ്റ്റിര്‍ലിംഗ്(28 പന്തില്‍ 60) തകര്‍ത്തടിച്ചെങ്കിലും ക്രിസ് ഗെയിലിനും(14), ഓയിന്‍ മോര്‍ഗനും(17) വേണ്ടത്ര വേഗത്തില്‍ സ്കോര്‍ ചെയ്യാനാകാതെ പോയതാണ് നൈറ്റ്സിനു തിരിച്ചടിയായത്.

നിക്കോളസ് പൂരനും(43*) ആന്‍ഡ്രേ റസ്സലും(29*) പതിവു ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ 8 വിക്കറ്റിന്റെ അനായാസ ജയം നോര്‍ത്തേണ് വാരിയേഴ്സ് സ്വന്തമാക്കുകയായിരുന്നു.

അവസാന പന്തില്‍ കടന്ന് കൂടി നോര്‍ത്തേണ്‍ വാരിയേഴ്സ്, ഒരു വിക്കറ്റ് ജയം

പടുകൂറ്റന്‍ വിജയങ്ങള്‍ക്ക് ശേഷം സിന്ധീസിനെതിരെ കടന്ന് കൂടി നോര്‍ത്തേണ്‍ വാരിയേഴ്സ്. 91 റണ്‍സിനു സിന്ധീസിനെ നിയന്ത്രിച്ച ശേഷം വെടിക്കെട്ട് താരങ്ങളടങ്ങിയ വാരിയേഴ്സ് നിര ആവേശകരമായ മത്സരത്തിനു ശേഷം അവസാന പന്തിലാണ് ഒരു വിക്കറ്റിന്റെ ജയം സ്വന്തമാക്കുന്നത്. നിക്കോളസ് പൂരനും ആന്‍ഡ്രേ റസ്സലും അടങ്ങിയ വെടിക്കെട്ട് താരങ്ങള്‍ക്ക് പിഴച്ചപ്പോള്‍ ടീമിന്റെ ടോപ് സ്കോററായത് പുരന്‍(17) ആയിരുന്നു. ഡാരെന്‍ സാമി, ലെന്‍ഡല്‍ സിമ്മണ്‍സ്, രവി ബൊപ്പാര എന്നിവര്‍ 14 വീതം റണ്‍സ് നേടിയപ്പോള്‍ അവസാന ഓവറില്‍ ടീമിനു ജയിക്കുവാന്‍ 8 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്.

ആദ്യ പന്തില്‍ ഇസ്രു ഉഡാന രണ്ട് വൈഡ് റണ്ണുകള്‍ വഴങ്ങിയെങ്കിലും തൊട്ടടുത്ത പന്തില്‍ ക്രിസ് ഗ്രീനിനെ(8) പുറത്താക്കുവാന്‍ താരത്തിനു സാധിച്ചു. മൂന്നാം പന്തില്‍ വഹാബ് റിയാസ്(7) റണ്ണൗട്ട് രൂപത്തില്‍ പുറത്തായെങ്കിലും ഇമ്രാന്‍ ഹൈദര്‍ തൊട്ടടുത്ത പന്തില്‍ ബൗണ്ടറി നേടി ലക്ഷ്യം 2 പന്തില്‍ 1 റണ്‍സാക്കി മാറ്റി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഹൈദറിനെയും ഉഡാന പുറത്താക്കിയപ്പോള്‍ ഒരു പന്തില്‍ ഒരു റണ്‍സായി വാരിയേഴ്സിന്റെ ലക്ഷ്യം മാറി. അവസാന പന്തില്‍ ബൈ ഓടി ടീം ജയം ഉറപ്പിക്കുകയായിരുന്നു. സിന്ധീസിനായി ബെന്‍ കട്ടിംഗും ഇസ്രു ഉഡാനയും രണ്ട് വീതം വിക്കറ്റ് നേ‍ടി. ജോഫ്ര ആര്‍ച്ചര്‍ക്കും രണ്ട് വിക്കറ്റ് ലഭിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിന്ധീസിനു വേണ്ടി നായകന്‍ ഷെയിന്‍ വാട്സണ്‍ 28 പന്തില്‍ 50 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും വേണ്ടത്ര മികവ് കണ്ടെത്താനായിരുന്നില്ല. 6 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സാണ് ടീമിനു നേടാനായത്. വാരിയേഴ്സിനു വേണ്ടി ആന്‍ഡ്രേ റസ്സല്‍, ഹാരി ഗുര്‍ണേ, ഹാര്‍ദസ് വില്‍ജോയന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

പൂരന്‍ വീണ്ടും, 24 പന്തില്‍ 62 റണ്‍സ്, ജയം കുറിച്ച് നോര്‍ത്തേണ്‍ വാരിയേഴ്സ്

മറാത്ത അറേബ്യന്‍സിനെതിരെ തകര്‍പ്പന്‍ വിജയം കുറിച്ച് നോര്‍ത്തേണ്‍ വാരിയേഴ്സ്. മഴ മൂലം 9 ഓവര്‍ മാത്രമായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മറാത്ത അറേബ്യന്‍സ് 9 ഓവറില്‍ 94/6 എന്ന സ്കോര്‍ നേടുകയായിരുന്നു. നജീബുള്ള സദ്രാന്‍ 9 പന്തില്‍ 27 റണ്‍സ് നേടി പുറത്തായപ്പോള്‍ കാര്യമായ പ്രഭാവം ഉണ്ടാക്കുവാന്‍ അറേബ്യന്‍സിനു സാധിച്ചില്ല. വാരിയേഴ്സിനു വേണ്ടി ഹാര്‍ദുസ് വില്‍ജോയെന്‍ മൂന്നും വഹാബ് റിയാസ് രണ്ടും ആന്‍ഡ്രേ റസ്സല്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ നോര്‍ത്തേണ്‍ വാരിയേഴ്സ് 7.2 ഓവറില്‍ വിജയം കുറിയ്ക്കുകയായിരുന്നു. 2 വിക്കറ്റുകള്‍ നഷ്ടമായ ടീമിനു വേണ്ടി വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത് നിക്കോളസ് പൂരന്‍ ആയിരുന്നു. ലെന്‍ഡല്‍ സിമ്മണ്‍സ് 16 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ആന്‍ഡ്രേ റസ്സല്‍ 15 റണ്‍സ് നേടി പുറത്തായി. റഷീദ് ഖാനും ഡ്വെയിന്‍ ബ്രാവോയുമാണ് മറാത്ത അറേബ്യന്‍സിന്റെ വിക്കറ്റ് നേട്ടക്കാര്‍.

വെടിക്കെട്ട് പ്രകടനവുമായി പൂരനും റസ്സലും, 99 റണ്‍സിനു ജയിച്ച് നോര്‍ത്തേണ്‍ വാരിയേഴ്സ്

പഞ്ചാബി ലെജന്‍ഡ്സിനെ കശാപ്പ് ചെയ്ത് നോര്‍ത്തേണ്‍ വാരിയേഴ്സ്. ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ 99 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് വാരിയേഴ്സ് സ്വന്തമാക്കിയത്. 25 പന്തില്‍ 77 റണ്‍സ് നേടിയ നിക്കോളസ് പൂരനും 9 പന്തില്‍ 38 റണ്‍സ് നേടിയ ആന്‍ഡ്രേ റസ്സലും തിളങ്ങിയ മത്സരത്തില്‍ ലെന്‍ഡല്‍ സിമ്മണ്‍സും 36 റണ്‍സുമായി തിളങ്ങിയപ്പോള്‍ നോര്‍ത്തേണ്‍ വാരിയേഴ്സ് 10 ഓവറില്‍ നിന്ന് 183 റണ്‍സ് നേടി. രണ്ട് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. പൂരന്‍ 10 സിക്സ് നേടിയപ്പോള്‍ 9 പന്തില്‍ നിന്ന് 6 സിക്സാണ് റസ്സല്‍ അടിച്ച് കൂട്ടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബി ലെജന്‍ഡ്സ് 7 ഓവറില്‍ നിന്ന് 84 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രവി ബൊപ്പാര നാല് വിക്കറ്റുമായി വാരിയേഴ്സിനു വേണ്ടി ബൗളിംഗില്‍ തിളങ്ങി.

ഹാട്രിക്കുള്‍പ്പെടെ നാല് വിക്കറ്റുമായി അമീര്‍ യമീന്‍, ജയം സ്വന്തമാക്കി ബംഗാള്‍ ടൈഗേഴ്സ്

ടി10 ലീഗിലെ മൂന്നാമത്തെ മത്സരത്തില്‍ 36 റണ്‍സ് വിജയം നേടി ബംഗാള്‍ ടൈഗേഴ്സ്. നോര്‍ത്തേണ്‍ വാരിയേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 10 ഓവറില്‍ നിന്ന് 130 റണ്‍സ് നേടിയ ടീം എതിരാളികളെ 94/7 എന്ന നിലയില്‍ എറിഞ്ഞ് പിടിയ്ക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ടൈഗേഴ്സ് ഒരു വിക്കറ്റ് നഷ്ടത്തിലാണ് 130 റണ്‍സ് നേടിയത്. 15 റണ്‍സ് നേടിയ സുനില്‍ നരൈനേ ടീമിനു നഷ്ടമായെങ്കിലും 29 പന്തില്‍ നിന്ന് 6 ബൗണ്ടറിയും 3 സിക്സും സഹിതം 60 റണ്‍സ് നേടിയ ജേസണ്‍ റോയിയും 21 പന്തില്‍ നിന്ന് 47 റണ്‍സ് സ്വന്തമാക്കിയ ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡുമാണ് ബംഗാള്‍ ടൈഗേഴ്സിനായി തിളങ്ങിയത്.

നോര്‍ത്തേണ്‍ വാരിയേഴ്സിനായി 44 റണ്‍സ് നേടിയ ലെന്‍ഡല്‍ സിമ്മണ്‍സ് മാത്രമാണ് റണ്‍സ് കണ്ടെത്തിയത്. ഡ്വെയിന്‍ സ്മിത്ത്(18), നിക്കോളസ് പൂരന്‍(14) എന്നിവര്‍ക്ക് തുടക്കം ലഭിച്ചുവെങ്കിലും വേഗത്തില്‍ പുറത്തായത് ടീമിനു തിരിച്ചടിയായി. ടൈഗേഴ്സിനു വേണ്ടി അമീര്‍ യമീന്‍ 2 ഓവറില്‍ 4 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് നേടി. സുനില്‍ നരൈന് രണ്ട് വിക്കറ്റ് ലഭിച്ചു.

Exit mobile version