ആക്ഷൻ പ്രശ്നമില്ല, ബൗളിംഗ് പുനരാരംഭിക്കാൻ ഷാകിബ് അൽ ഹസന് അനുമതി

ഇംഗ്ലണ്ടിൽ നടന്ന ബൗളിംഗ് ആക്ഷൻ ടെസ്റ്റിൽ വിജയിച്ച ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന് എല്ലാ ഫോർമാറ്റിലും ബൗളിംഗ് പുനരാരംഭിക്കാൻ അനുമതി നൽകി. ഇംഗ്ലണ്ടിലും ചെന്നൈയിലും മുമ്പത്തെ വിലയിരുത്തലുകൾ പരാജയപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ മൂന്നാമത്തെ ശ്രമമാണിത്.

2024 സെപ്റ്റംബറിൽ സോമർസെറ്റിനെതിരായ കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരത്തിനിടെ ബൗളിംഗ് ആക്ഷൻ നിയമവിരുദ്ധമായി കണക്കാക്കിയതിനെത്തുടർന്ന് ഇസിബിയുടെ സസ്പെൻഷനെ തുടർന്ന് ഷാക്കിബ് പന്തെറിയാൻ ആകാത്ത അവസ്ഥയിലായിരുന്നു.

ഈ അനുമതിയോടെ, ആഭ്യന്തര ക്രിക്കറ്റിലേക്കും അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കും മടങ്ങിവരാൻ ഷാക്കിബിന് ആകും. 2024-ൻ്റെ അവസാനത്തിൽ ഇന്ത്യയ്‌ക്കെതിരായ ബംഗ്ലാദേശിൻ്റെ ടെസ്റ്റ് പരമ്പരയിലായിരുന്നു അദ്ദേഹത്തിൻ്റെ അവസാന അന്താരാഷ്ട്ര പ്രകടനം, അതിനുശേഷം അദ്ദേഹം കളിച്ചിട്ടില്ല.

ഷാക്കിബ് അൽ ഹസന് എതിരെ പ്രതിഷേധം, ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കി

ബംഗ്ലാദേശ് ഇതിഹാസം ഷാക്കിബ് അൽ ഹസന് പ്രതീക്ഷിച്ച ടെസ്റ്റ് വിടവാങ്ങൽ ലഭിക്കില്ല. ഷാകിബിന് എതിരെ ബംഗ്ലാദേശി പ്രതിഷേധം ശക്തമായതിനാൽ പകരം മുറാദിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ബംഗ്ലാദേശ് ഉൾപ്പെടുത്തി.

2024 ടി20 ലോകകപ്പ് മുതൽ കുടുംബത്തോടൊപ്പം യുഎസിൽ താമസിക്കുന്ന ഷാക്കിബ്, ധാക്കയിലെ തൻ്റെ ഹോം ഗ്രൗണ്ടായ ഷേർ-ഇ-ബംഗ്ലാ സ്റ്റേഡിയത്തിൽ തൻ്റെ ടെസ്റ്റ് കരിയർ അവസാനിപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും, ഷാക്കിബ് അംഗമായിരുന്ന മുൻ അവാമി ലീഗ് ഭരണത്തിനെതിരായ രാഷ്ട്രീയ പ്രതിഷേധങ്ങൾ, ബംഗ്ലാദേശിലേക്കുള്ള അദ്ദേഹത്തിൻ്റെ തിരിച്ചുവരവിനെ തടഞ്ഞു. ഇതോടെ ആദ്യ ടെസ്റ്റിൽ ഷാക്കിബ് ഇറങ്ങില്ല എന്ന് ഉറപ്പായി.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ഷാക്കിബ് തൻ്റെ അവസാന ടെസ്റ്റിനായി രാജ്യത്തേക്ക് പോകുകയാണെങ്കിൽ അദ്ദേഹത്തിൻ്റെ സുരക്ഷയെക്കുറിച്ച് നേരത്തെ ഉറപ്പ് നൽകിയിരുന്നു, എന്നാൽ ധാക്കയിലേക്ക് മടങ്ങുമ്പോൾ പുതിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഇതാണ് ടീമിൽ നിന്ന് പിന്മാറാൻ കാരണമായത്. ബിസിബിയുടെ സെലക്ഷൻ പാനൽ ചെയർമാൻ ഗാസി അഷ്‌റഫ് ഹൊസൈൻ, ഷാക്കിബിൻ്റെ അസാന്നിധ്യം സ്ഥിരീകരിച്ചു,

ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് 2024 ഒക്ടോബർ 21 ന് ആരംഭിക്കും.

ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് സ്ക്വാഡ് പുതുക്കി:

  1. നജ്മുൽ ഹൊസൈൻ ഷാൻ്റോ (ക്യാപ്റ്റൻ)
  2. ഷാദ്മാൻ ഇസ്ലാം
  3. മഹ്മൂദുൽ ഹസൻ ജോയ്
  4. സക്കീർ ഹസൻ
  5. മൊമിനുൽ ഹഖ് ഷോറബ്
  6. മുഷ്ഫിഖുർ റഹീം
  7. ലിറ്റൺ കുമർ ദാസ് (WK)
  8. സാക്കർ അലി അനിക്
  9. മെഹിദി ഹസൻ മിറാസ്
  10. തൈജുൽ ഇസ്ലാം
  11. നയീം ഹസൻ
  12. തസ്കിൻ അഹമ്മദ്
  13. ഹസൻ മഹമൂദ്
  14. നഹിദ് റാണ
  15. ഹസൻ മുറാദ്

ഷാക്കിബ് അൽ ഹസൻ ടെസ്റ്റ്, ടി20 ഐ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

ബംഗ്ലാദേശിൻ്റെ ഇതിഹാസ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ അടുത്ത മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം പരമ്പരയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു.

ടി20 ഇൻ്റർനാഷണലിൽ നിന്ന് (ടി20 ഐ) താൻ വിരമിച്ചു കഴിഞ്ഞെന്നും ഷാക്കിബ് സ്ഥിരീകരിച്ചു.

കാൺപൂരിൽ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി സംസാരിക്കവേ, തൻ്റെ തീരുമാനം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെയും (ബിസിബി) സെലക്ടർമാരെയും അറിയിച്ചിട്ടുണ്ടെന്ന് ഷാക്കിബ് വെളിപ്പെടുത്തി. സ്വന്തം മണ്ണിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര, ഒക്‌ടോബർ പകുതിയോടെ ആണ് ഷെഡ്യൂൾ ചെയ്‌തത്.

17 വർഷത്തെ കരിയറിൽ 4,500-ലധികം റൺസും 230-ലധികം വിക്കറ്റുകളും നേടിയ ഷാക്കിബ് ബംഗ്ലാദേശിൻ്റെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളായാണ് വിരമിക്കുന്നത്.

തൻ്റെ ടി20 വിരമിക്കലിനെ കുറിച്ച് ഷാക്കിബ് പറഞ്ഞു, “ടി20 ഐ അധ്യായം അവിസ്മരണീയമാണ്, എന്നാൽ അടുത്ത തലമുറയ്ക്ക് കാര്യങ്ങൾ കൈമാറാനുള്ള സമയമാണിത്.” ടി20 ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായാണ് അദ്ദേഹം ഫോർമാറ്റിൽ നിന്ന് വിരമിക്കുന്നത്.

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് കളിക്കാൻ ഷാക്കിബ് അൽ ഹസൻ ഫിറ്റ് ആണെന്ന് ബംഗ്ലാദേശ് കോച്ച് ചന്ദിക ഹതുരുസിംഗ

ഫോമിലും ഫിറ്റ്‌നസിലും ആശങ്കയുണ്ടെങ്കിലും ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ സ്റ്റാർ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ ലഭ്യമാണെന്ന് ബംഗ്ലാദേശ് കോച്ച് ചന്ദിക ഹതുരുസിംഗ സ്ഥിരീകരിച്ചു.

ഓപ്പണിംഗ് ടെസ്റ്റിൽ, ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ ഷാൻ്റോ 50-ാം ഓവർ കഴിയുന്നതുവരെ ബൗളിംഗ് ഷാക്കിബിന് നൽകിയിരുന്നില്ല. , ഇത് അദ്ദേഹത്തിൻ്റെ ശാരീരികക്ഷമതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തി. പ്രകടമായ അസ്വസ്ഥതകൾ ഷാക്കിബ് ഫീൽഡിൽ പ്രകടിപ്പിച്ചിരുന്നു. .

കൗണ്ടി ചാമ്പ്യൻഷിപ്പിൽ സറേയ്ക്കുവേണ്ടി നടത്തിയ മികച്ച പ്രകടനത്തിൻ്റെ പിൻബലത്തിൽ ആണ് ഷാക്കിബ് ടെസ്റ്റ് പരമ്പരയിൽ പ്രവേശിച്ചത്.

ആദ്യ ടെസ്റ്റിൽ 280 റൺസിൻ്റെ കൂറ്റൻ തോൽവി ഏറ്റുവാങ്ങിയ ബംഗ്ലാദേശ്, രണ്ടാം ടെസ്റ്റിനായി ഒരുങ്ങുകയാണ്. സെപ്റ്റംബർ 27 വെള്ളിയാഴ്ച ഗ്രീൻ പാർക്കിൽ ആണ് ടെസ്റ്റ് ആരംഭിക്കുന്നത്.

രോഹിത് ശർമ്മ ഏവരും ബഹുമാനിക്കുന്ന ക്യാപ്റ്റൻ ആണെന്ന് ഷാക്കിബ് അൽ ഹസൻ

നാളെ സന്നാഹ മത്സരത്തിൽ ഇന്ത്യയെ നേരിടുന്നതിന് മുന്നോടിയായി ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിച്ച് ബംഗ്ലാദേശ് താരൻ ഷാക്കിബ് അൽ ഹസൻ. രോഹിത് ശർമ്മ എല്ലാവരും ബഹുമാനിക്കുന്ന ക്യാപ്റ്റൻ ആണെന്നും ഒറ്റയ്ക്ക് കളി മാറ്റാൻ കഴിവുള്ള താരമാണെന്നും ഷാക്കിബ് പറഞ്ഞു.

“കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം ഇന്ത്യയെ നയിച്ച രീതി വളരെ മികച്ചതാണെന്ന് ഞാൻ കരുതുന്നു. ക്യാപ്റ്റനെന്ന നിലയിൽ മികച്ച റെക്കോർഡാണ് അദ്ദേഹത്തിനുള്ളത്.” ഷാക്കിബ് പറഞ്ഞു.

“ടീമിൻ്റെ ക്യാപ്റ്റൻ എന്ന നിലയിൽ എല്ലാ കളിക്കാരും അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്ന് ഞാൻ കരുതുന്നു. എതിരാളിയിൽ നിന്ന് ഒറ്റയ്ക്ക് കളി അകറ്റാൻ കഴിയുന്ന ഒരാളാണ് അദ്ദേഹം, ”സ്റ്റാർ സ്പോർട്സ് പങ്കിട്ട വീഡിയോയിൽ ഷാക്കിബ് പറഞ്ഞു.

ഷാകിബിന് പകരം അനമുൽ ഹഖ് ബംഗ്ലാദേശ് ടീമിൽ

വിരലിന് പരിക്കേറ്റതിനാൽ ടൂർണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനു പകരക്കാരനായി അനമുൽ ഹഖ് ബിജോയിയെ ബംഗ്ലാദേശ് ടീമിൽ എത്തിച്ചു. ബംഗ്ലാദേശിന്റെ അഭ്യർത്ഥന 2023 ഐസിസി ലോകകപ്പിന്റെ ഇവന്റ് ടെക്‌നിക്കൽ കമ്മിറ്റി അംഗീകരിച്ചു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബംഗ്ലാദേശിന്റെ അവസാന ലീഗ് മത്സരത്തിൽ ഷാകിബ് കളിക്കില്ല എന്ന് ഉറപ്പായിരുന്നു‌. തിങ്കളാഴ്ച ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെയിൽ ആയിരുന്നു ഷാക്കിബിന് പരിക്കേറ്റത്‌. അദ്ദേഹത്തിന്റെ എക്സ്-റേയിൽ വിരലിന് ഒടിവ് കണ്ടെത്തി. തിരികെ കളത്തിൽ എത്താൻ മൂന്നോ നാലോ ആഴ്ചയാകുമെന്ന് കണക്കാക്കപ്പെടുന്നു. അദ്ദേഹം ഇന്ന് ബംഗ്ലാദേശിലേക്ക് പോകും. ഓസ്ട്രേലിയക്ക് എതിരെയുള്ള അവസാന മത്സരം ജയിച്ചാൽ മാത്രമെ ബംഗ്ലാദേശിന് ചാമ്പ്യൻസ് ട്രോഫി യോഗ്യത ലഭിക്കൂ.

ഓസ്ട്രേലിയക്ക് എതിരായ മത്സരത്തിൽ ഷാകിബ് കളിക്കില്ല

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബംഗ്ലാദേശിന്റെ അവസാന ലീഗ് മത്സരത്തിൽ ഷാകിബ് കളിക്കില്ല. ഷാക്കിബ് അൽ ഹസന് വിരലിന് പൊട്ടൽ കാരണം കളിക്കാൻ ആകില്ല എന്ന് ടീം അറിയിച്ചു‌. തിങ്കളാഴ്ച ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെയിൽ ആയിരുന്നു ഷാക്കിബിന് പരികേറ്റത്‌. വേദനസംഹാരികൾ കഴിച്ച് ആയിരുന്നു അദ്ദേഹം ബാറ്റിംഗ് തുടർന്നത്‌.

അദ്ദേഹം 65 പന്തിൽ 12 ഫോറും രണ്ട് സിക്സും സഹിതം 82 റൺസ് നേടിയി പ്ലയർ ഓഫ് ദി മാച്ച് ആയിരുന്നു. അദ്ദേഹത്തിന്റെ എക്സ്-റേയിൽ വിരലിന് ഒടിവ് കണ്ടെത്തി. തിരികെ കളത്തിൽ എത്താൻ മൂന്നോ നാലോ ആഴ്ചയാകുമെന്ന് കണക്കാക്കപ്പെടുന്നു. അദ്ദേഹം ഇന്ന് ബംഗ്ലാദേശിലേക്ക് പോകും. ഓസ്ട്രേലിയക്ക് എതിരെയുള്ള അവസാന മത്സരം ജയിച്ചാൽ മാത്രമെ ബംഗ്ലാദേശിന് ചാമ്പ്യൻസ് ട്രോഫി യോഗ്യത ലഭിക്കൂ.

ശരിയോ തെറ്റോ എന്ന ചര്‍ച്ചയുണ്ടാവും, പക്ഷേ നിയമത്തിലുള്ള കാര്യമാണെങ്കിൽ ശ്രമിച്ച് നോക്കുന്നതിൽ തെറ്റില്ല – ഷാക്കിബ് അൽ ഹസന്‍

ആഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ട് ആയതിന് കാരണം ബംഗ്ലാദേശിന്റെ അപ്പീൽ ആയിരുന്നു. ആ അപ്പീൽ പിന്‍വലിക്കുവാന്‍ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അൽ ഹസന്‍ തയ്യാറായിരുന്നുവെങ്കിൽ താരത്തിന് പുറത്താകൽ ഒഴിവാക്കാമായിരുന്നു. എന്നാൽ താന്‍ ചെയ്തത് ക്രിക്കറ്റ് നിയമങ്ങളിൽ പരാമര്‍ശിച്ചിട്ടുള്ള കാര്യം മാത്രമാണെന്നും അതിനാൽ തന്നെ ശരിയോ തെറ്റോ എന്ന ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും തന്നെ അത് ബാധിക്കുന്നില്ലെന്നും ബംഗ്ലാദേശ് നായകന്‍ കൂട്ടിചേര്‍ത്തു.

താന്‍ ചെയ്തത് തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കുവാനായി നിയമത്തിലുള്ള കാര്യം മാത്രമാണെന്നും ഷാക്കിബ് വ്യക്തമാക്കി. മാത്യൂസ് സ്ട്രൈക്ക് എടുക്കുവാനുള്ള സമയം കഴിഞ്ഞുവെന്നും ഇപ്പോള്‍ അപ്പീൽ ചെയ്താൽ വിക്കറ്റ് ലഭിയ്ക്കുമെന്ന് തന്റെ ടീമംഗമാണ് പറഞ്ഞതെന്നും താന്‍ അപ്പീൽ ചെയ്തപ്പോള്‍ അമ്പയര്‍മാര്‍ താന്‍ അപ്പീലുമായി തുടരുന്നുണ്ടോ എന്നാണ് ചോദിച്ചതെന്നും താന്‍ ശരിയെന്ന് തോന്നിയ നിയമപ്രകാരം ശരിയായ കാര്യമാണ് ചെയ്തതെന്നും ഷാക്കിബ് പറഞ്ഞു.

ഷാന്റോയ്ക്കും ഷാക്കിബിനും ശതകം നഷ്ടം, ബംഗ്ലാദേശിന് 3 വിക്കറ്റ് വിജയം

ശ്രീലങ്കയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിപ്പിച്ച് ബംഗ്ലാദേശ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അസലങ്കയുടെ ശതകത്തിന്റെ മികവിൽ 279 റൺസ് നേടിയെങ്കിലും ലക്ഷ്യം ബംഗ്ലാദേശ് 41.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. നജ്മുള്‍ ഹൊസൈന്‍ ഷാന്റോ – ഷാക്കിബ് അൽ ഹസന്‍ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 169 റൺസ് കൂട്ടുകെട്ടുമായി ബംഗ്ലാദേശിനെ അനായാസ വിജയത്തിലേക്ക് നയിക്കുമെന്ന ഘട്ടത്തില്‍ ആഞ്ചലോ മാത്യൂസ് ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കുകയായിരുന്നു.

ഷാക്കിബ് 82 റൺസ് നേടിയപ്പോള്‍ ഷാന്റോ 90 റൺസ് നേടിയാണ് പുറത്തായത്. പിന്നീട് വിക്കറ്റുകളുമായി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ശ്രീലങ്കയ്ക്കായെങ്കിലും വിജയം തടുത്തുനിര്‍ത്തുവാന്‍ അവര്‍ക്കായില്ല.

ഷാക്കിബും നജ്മുള്‍ ഹൊസൈനും പുറത്തായ ശേഷം മഹമ്മുദുള്ള(22), തൗഹിദ് ഹൃദോയ്(15*) എന്നിവര്‍ നിര്‍ണ്ണായക റണ്ണുകള്‍ നേടി. തന്‍സിം ഹസന്‍ ഷാക്കിബ് 9 റൺസുമായി തൗഹിദിനൊപ്പം പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി ദിൽഷന്‍ മധുഷങ്ക മൂന്നും മഹീഷ് തീക്ഷണ, ആഞ്ചലോ മാത്യൂസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഒട്ടേറെ മാറ്റങ്ങള്‍ അപ്രായോഗികമാകും, അടുത്ത രണ്ട് മത്സരങ്ങള്‍ തിരിച്ചുവരവ് നടത്തുവാന്‍ ശ്രമിക്കും – ഷാക്കിബ് അൽ ഹസന്‍

ലോകകപ്പിലെ തുടര്‍ച്ചയായ ആറാം തോൽവി ഏറ്റുവാങ്ങിയ ബംഗ്ലാദേശ് ഇന്നലെ പാക്കിസ്ഥാനോടേറ്റ പരാജയത്തോടെ സെമി കാണാതെ പുറത്താകുകയായിരുന്നു. മികച്ച വിക്കറ്റായിരുന്നു ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സിലേതെന്നും തുടക്കത്തിൽ വിക്കറ്റുകള്‍ നഷ്ടമായതും ആവശ്യത്തിന് റൺസ് ഇല്ലാതെ പോയതുമാണ് തിരിച്ചടിയായതെന്നാണ് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അൽ ഹസന്‍ മത്സരശേഷം പ്രതികരിച്ചത്.

ബംഗ്ലാദേശ് ബാറ്റിംഗ് നിരാശകരമായിരുന്നുവെന്നും കൂട്ടുകെട്ടുകള്‍ ഉണ്ടായെങ്കിലും വലിയൊരു കൂട്ടുകെട്ട് ഉണ്ടാകാതിരുന്നത് തിരിച്ചടിയായി എന്നും ഷാക്കിബ് വ്യക്തമാക്കി. ടോപ് 4 ബാറ്റ്സ്മാന്മാര്‍ റൺസ് കണ്ടെത്താതതാണ് പ്രശ്നമെന്നും ഷാക്കിബ് കൂട്ടിചേര്‍ത്തു.

ഈ ഘട്ടത്തിൽ വലിയ മാറ്റങ്ങള്‍ നടത്തുക എന്നത് പ്രയാസകരമാണെന്നും മുന്നോട്ട് പോസിറ്റീവായി പോകുക എന്നത് മാത്രമാണ് ചെയ്യുവാനുള്ളതെന്നും അടുത്ത രണ്ട് മത്സരങ്ങള്‍ ജയിക്കുവാനായി ടീം ശ്രമിക്കേണ്ടതുണ്ടെന്നും പറഞ്ഞ ഷാക്കിബ് തങ്ങളെ പിന്തുണച്ച ആരാധകര്‍ക്ക് സന്തോഷിക്കുവാനായി അടുത്ത രണ്ട് മത്സരങ്ങളിൽ നിന്ന് എന്തെങ്കിലും നൽകണമെന്നും വ്യക്തമാക്കി.

ഞങ്ങള്‍ ഇതിലും മികച്ച ടീമാണ് – ഷാക്കിബ് അൽ ഹസന്‍

തങ്ങളുടെ പ്രകടനത്തിനെക്കാള്‍ മികച്ച ടീമാണ് ബംഗ്ലാദേശ് എന്ന് പറഞ്ഞ് ടീം നായകന്‍ ഷാക്കിബ് അൽ ഹസന്‍. ഇന്നലെ നെതര്‍ലാണ്ട്സിനെതിരെയുള്ള 87 റൺസ് തോൽവിയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തിടെ ടീമിന്റെ ഏറ്റവും മോശം പ്രകടനം ആണ് ഇതെന്നും എന്നാൽ തന്റെ ടീം ഇതിലും മികച്ചതാണെന്നും ഷാക്കിബ് കൂട്ടിചേര്‍ത്തു. അഫ്ഗാനിസ്ഥാനെതിരെ ആദ്യ മത്സരത്തിൽ വിജയിച്ച ശേഷം ബംഗ്ലാദേശ് ഒരു മത്സരത്തിലും പിന്നീട് വിജയിച്ചിട്ടില്ല.

2007 ലോകകപ്പ് മുതൽ കുറഞ്ഞത് മൂന്ന് മത്സരങ്ങളെങ്കിലും ലോകകപ്പിൽ വിജയിച്ചിട്ടുണ്ടെന്ന ടീമിന്റെ സ്ട്രീക്ക് അവസാനിക്കുവാനുള്ള സാധ്യതയും ഏറെയാണ്. പാക്കിസ്ഥാന്‍, ശ്രീലങ്ക, ഓസ്ട്രേലിയ എന്നിവരാണ് ടീമിന്റെ അവശേഷിക്കുന്ന എതിരാളികള്‍.

എന്ത് കൊണ്ട് ടീം ഇത്തരത്തിൽ കളിച്ചുവെന്നതിന് തനിക്ക് ഉത്തരമില്ലെന്നും ഇത് ബംഗ്ലാദേശിന്റെ ലോകകപ്പ് ചരിത്രത്തിലെ തന്നെ മോശം പ്രകടനമാണെന്നും ഷാക്കിബ് കൂട്ടിചേര്‍ത്തു.

അഫ്ഗാനിസ്ഥാനെ ചുരുട്ടിക്കെട്ടി ബംഗ്ലാദേശ്, 156 റൺസിന് പുറത്ത്

ലോകകപ്പിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം. അഫ്ഗാനിസ്ഥാനെ വെറും 37.2 ഓവറിൽ 156 റൺസിനാണ് ബംഗ്ലാദേശ് എറിഞ്ഞിട്ടത്. മെഹ്ദി ഹസന്‍ മിറാസും ഷാക്കിബ് അൽ ഹസനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഷൊറിഫുള്‍ ഇസ്ലാം 2 വിക്കറ്റ് നേടി.

47 റൺസ് നേടിയ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് ആണ് അഫ്ഗാന്‍ ടോപ് സ്കോറര്‍. അസ്മത്തുള്ള ഒമര്‍സായിയും ഇബ്രാഹിം സദ്രാനും 22 റൺസ് വീതവും റഹ്മത് ഷായും ഹഷ്മത്തുള്ള ഷഹീദിയും 18 റൺസ് വീതവും നേടിയെങ്കിലും മികച്ച സ്കോറിലേക്ക് ടീമിനെ നയിക്കുവാന്‍ ആര്‍ക്കും സാധിച്ചില്ല.

Exit mobile version