ശ്രീലങ്കയെ 80 റൺസിന് പുറത്താക്കി സിംബാബ്‌വെക്ക് തകർപ്പൻ ജയം


ഹരാരെയിൽ നടന്ന രണ്ടാം ടി20യിൽ ശ്രീലങ്കയെ 80 റൺസിന് പുറത്താക്കി സിംബാബ്വെ അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ടി20ഐ പരമ്പര 1-1ന് സമനിലയിലായി. ശ്രീലങ്കയുടെ ടി20ഐ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ സ്കോറാണ് ഇത്. ഹരാരെ സ്പോർട്സ് ക്ലബ്ബിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്കോറും ഇത് തന്നെ.


ആദ്യ മത്സരം തോറ്റ സിംബാബ്വെ, രണ്ടാം മത്സരത്തിൽ സിംബാബ്‌വെ മികച്ച തിരിച്ചുവരവാണ് നടത്തിയത്. സിക്കന്ദർ റാസ (3-11), ബ്രാഡ് ഇവാൻസ് (3-15) എന്നിവരുടെ മികച്ച ബൗളിംഗ് പ്രകടനമാണ് ശ്രീലങ്കയുടെ ബാറ്റിംഗ് നിരയെ തകർത്തത്.
ചെറിയ തകർച്ചക്ക് ശേഷം സിംബാബ്വെ, 34 പന്തുകൾ ബാക്കി നിൽക്കെ ബ്രയാൻ ബെന്നറ്റ്, റയാൻ ബേൾ, തഷിംഗ മുസെകിവ എന്നിവരുടെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ലക്ഷ്യം മറികടന്നു.

അടുത്തിടെ നടന്ന ചില മത്സരങ്ങളിൽ നേരിയ വ്യത്യാസത്തിൽ തോറ്റ ടീമിന്റെ ഈ തിരിച്ചുവരവിൽ അഭിമാനമുണ്ടെന്ന് ക്യാപ്റ്റൻ സിക്കന്ദർ റാസ പറഞ്ഞു. ഞായറാഴ്ച നടക്കുന്ന പരമ്പരയിലെ അവസാന മത്സരത്തിൽ ഈ വിജയം തങ്ങൾക്ക് വലിയ ഊർജം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീലങ്കക്ക്, തങ്ങളുടെ ഈ ബാറ്റിംഗ് തകർച്ച ഒരു ആശങ്കയാണ്. ഫൈനൽ മത്സരത്തിനായി വേഗത്തിൽ തയ്യാറെടുക്കേണ്ടതുണ്ട്.

സിംബാബ്വെക്കെതിരെ ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ; മൂന്ന് പേർക്ക് സെഞ്ച്വറി


സിംബാബ്വെയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ന്യൂസിലാൻഡ് ബാറ്റിംഗ് നിര ആധിപത്യം പുലർത്തി. ആദ്യ ഇന്നിങ്സിൽ സിംബാബ്വെയുടെ 125 റൺസിന് മറുപടിയായി ന്യൂസിലാൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 601 റൺസെടുത്തു. ഇതോടെ സന്ദർശകർക്ക് 476 റൺസിന്റെ കൂറ്റൻ ലീഡായി. ഡെവോൺ കോൺവേ, ഹെൻറി നിക്കോൾസ്, രചിൻ രവീന്ദ്ര എന്നിവരുടെ സെഞ്ച്വറികളാണ് ന്യൂസിലാൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്.


16 ടെസ്റ്റുകൾക്ക് ശേഷം സെഞ്ച്വറി നേടിയ കോൺവേ 153 റൺസെടുത്തു. ഏകദേശം രണ്ട് വർഷത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ നിക്കോൾസ് 150 റൺസുമായി പുറത്താകാതെ നിന്നു. രചിൻ രവീന്ദ്ര ആകട്ടെ, വെടിക്കെട്ട് ബാറ്റിംഗിലൂടെ 165 റൺസെടുത്തു.
ഒന്നിന് 174 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ബ്ലാക്ക് ക്യാപ്സ് സിംബാബ്വെ ബൗളർമാർക്ക് ഒരു അവസരവും നൽകിയില്ല. നൈറ്റ് വാച്ച്മാൻ ജേക്കബ് ഡഫി 36 റൺസെടുത്ത് പുറത്തായി. കോൺവേയെ ബ്ലെസിംഗ് മുസറബാനി പുറത്താക്കിയെങ്കിലും അപ്പോഴേക്കും ന്യൂസിലാൻഡ് ആധിപത്യം ഉറപ്പിച്ചിരുന്നു.

രചിൻ രവീന്ദ്രയുടെ വരവോടെ റൺറേറ്റ് ഉയർന്നു. 104 പന്തിൽ സെഞ്ച്വറി നേടിയ രവീന്ദ്ര അവസാന സെഷനിൽ 35 പന്തിൽ 65 റൺസ് കൂടി നേടി. മുസറബാനിയുടെയും ടനാക ചിവംഗയുടെയും നേതൃത്വത്തിലുള്ള സിംബാബ്വെ ബൗളർമാർക്ക് റൺസ് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇന്നിങ്‌സ് ഡിക്ലയർ ചെയ്യാൻ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ മിച്ച് സാന്റ്നർ തീരുമാനിക്കാത്തതിനാൽ, ന്യൂസിലാൻഡ് ബാറ്റിംഗ് തുടർന്ന് സിംബാബ്വെയെ മത്സരത്തിൽ നിന്ന് പൂർണമായി പുറത്താക്കാനാണ് സാധ്യത.

സിംബാബ്‌വെക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ആധിപത്യം സ്ഥാപിച്ച് ന്യൂസിലാൻഡ്


സിംബാബ്വെക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ന്യൂസിലാൻഡ് ശക്തമായ നിലയിൽ. സിംബാബ്‌വെ ടീമിനെ വെറും 125 റൺസിന് പുറത്താക്കിയ ശേഷം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. ഇതോടെ അവർക്ക് 49 റൺസിന്റെ ലീഡായി.


ഡെവോൺ കോൺവേ (79), വിൽ യംഗ് (74) എന്നിവരുടെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ന്യൂസിലാൻഡിന് മികച്ച തുടക്കം നൽകിയത്. 162 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. യുവതാരം ട്രെവർ ഗ്വാണ്ടുവിന്റെ പന്തിൽ ബൗൾഡായാണ് യംഗ് പുറത്തായത്. തുടർന്നെത്തിയ ജേക്കബ് ഡഫി 8 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ, സിംബാബ്വെ ബാറ്റിംഗ് തിരഞ്ഞെടുത്തതിന് ശേഷം മാറ്റ് ഹെൻറിയുടെ (5/40) അഞ്ച് വിക്കറ്റ് നേട്ടവും അരങ്ങേറ്റക്കാരൻ സാക്കറി ഫൗൾക്കസിന്റെ (4/38) നാല് വിക്കറ്റ് പ്രകടനവുമാണ് സിംബാബ്‌വെയെ തകർത്തത്. മൂന്നര വർഷത്തെ വിലക്കിന് ശേഷം 39-ആം വയസ്സിൽ തിരിച്ചെത്തിയ ബ്രണ്ടൻ ടെയ്‌ലർ 44 റൺസുമായി സിംബാബ്‌വെയുടെ ടോപ് സ്കോററായി. വിക്കറ്റ് കീപ്പർ തഫദ്‌സ്വ സിഗ (33) മാത്രമാണ് കിവീസ് ബൗളിംഗിന് മുന്നിൽ ചെറുത്ത് നിന്നത്.


തോളിനേറ്റ പരിക്ക് കാരണം ടോം ലാഥം വീണ്ടും ടീമിന് പുറത്തായതിജാൽ മിച്ചൽ സാന്റ്നറാണ് ന്യൂസിലൻഡിനെ നയിക്കുന്നത്. ആദ്യ ടെസ്റ്റിൽ ഒമ്പത് വിക്കറ്റിന് വിജയിച്ച ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റിലും വിജയമുറപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്.

ഹെർമൻ, വാൻ ഡെർ ഡസ്സൻ എന്നിവരുടെ മികവിൽ സിംബാബ്‌വെയെ തകർത്ത് ദക്ഷിണാഫ്രിക്ക ഫൈനലിൽ



ഹരാരെ: ട്രൈ-സീരീസ് ടി20 ഫൈനലിൽ ദക്ഷിണാഫ്രിക്ക പ്രവേശിച്ചു. സിംബാബ്‌വെയ്ക്കെതിരെ ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. റൂബിൻ ഹെർമന്റെ വെടിക്കെട്ട് അർദ്ധ സെഞ്ച്വറിയും റാസ്സി വാൻ ഡെർ ഡസ്സന്റെ മികച്ച പ്രകടനവുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്.

സിംബാബ്‌വെയുടെ 144 റൺസ് വിജയലക്ഷ്യം 16 പന്തുകൾ ബാക്കിനിൽക്കെ പ്രോട്ടിയാസ് മറികടന്നു. ഈ തോൽവിയോടെ സിംബാബ്‌വെ ടൂർണമെന്റിൽ നിന്ന് പുറത്തായി, ഫൈനലിൽ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ നേരിടും.


145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം പാളി. ഓപ്പണർമാരായ ലുവൻ-ഡ്രെ പ്രിട്ടോറിയസിനെയും റീസ ഹെൻഡ്രിക്സിനെയും സിംബാബ്‌വെ പേസർ ടിനോടെൻഡ മാപോസ നേരത്തെ പുറത്താക്കി. 28 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ നിന്നാണ് ഹെർമനും വാൻ ഡെർ ഡസ്സനും ചേർന്ന് 106 റൺസിന്റെ വിജയകരമായ കൂട്ടുകെട്ട് കെട്ടിപ്പടുത്തത്. 36 പന്തിൽ മൂന്ന് ബൗണ്ടറികളും നാല് സിക്സറുകളും സഹിതം 63 റൺസെടുത്ത ഹെർമൻ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചപ്പോൾ, വാൻ ഡെർ ഡസ്സൻ 41 പന്തിൽ 52* റൺസുമായി ഉറച്ച പിന്തുണ നൽകി.

ത്രിരാഷ്ട്ര പരമ്പര: ഹെർമന്റെയും ബ്രെവിസിന്റെയും മികവിൽ ദക്ഷിണാഫ്രിക്കക്ക് തകർപ്പൻ ജയം


സിംബാബ്‌വെ ത്രിരാഷ്ട്ര ടി20ഐ പരമ്പരയിൽ ആതിഥേയരായ സിംബാബ്‌വെയെ അഞ്ച് വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്കക്ക് തകർപ്പൻ വിജയം. അരങ്ങേറ്റ മത്സരത്തിൽ റൂബിൻ ഹെർമൻ തിളങ്ങിയപ്പോൾ, ഡെവാൾഡ് ബ്രെവിസ് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു. ഹരാരെ സ്പോർട്സ് ക്ലബ്ബിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 141/6 എന്ന ചെറിയ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 15.5 ഓവറിൽ അനായാസം മറികടന്നു, 25 പന്തുകൾ ശേഷിക്കെയാണ് അവർ വിജയം സ്വന്തമാക്കിയത്.


ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ച ദക്ഷിണാഫ്രിക്കയുടെ ബൗളർമാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജോർജ് ലിൻഡെ 10 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ സിക്കന്ദർ റാസ (54*), റയാൻ ബർൾ (29), ബ്രയാൻ ബെന്നറ്റ് (30) എന്നിവരുടെ ചെറുത്ത് നിൽപ്പുകൾക്ക് ശേഷവും സിംബാബ്‌വെ ഇന്നിംഗ്സിന് വേഗത കണ്ടെത്താൻ കഴിഞ്ഞില്ല.


മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. 38 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ പുറത്തായി. എന്നാൽ അരങ്ങേറ്റക്കാരനായ റൂബിൻ ഹെർമൻ (37 പന്തിൽ 45 റൺസ്), വെടിക്കെട്ട് താരം ഡെവാൾഡ് ബ്രെവിസ് (വെറും 17 പന്തിൽ 41 റൺസ്) എന്നിവർ ചേർന്ന് 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി സിംബാബ്‌വെയുടെ വിജയ പ്രതീക്ഷകൾ തകർത്തു. റയാൻ ബർളിന്റെ ഒരൊറ്റ ഓവറിൽ 24 റൺസ് നേടി ബ്രെവിസ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. ഈ പ്രകടനത്തിന് അദ്ദേഹത്തിന് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചു.


റിച്ചാർഡ് എൻഗരാവ സിംബാബ്‌വെയുടെ മികച്ച ബൗളറായി. 35 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ അദ്ദേഹം 83 വിക്കറ്റുകളോടെ അവരുടെ ഉയർന്ന ടി20ഐ വിക്കറ്റ് വേട്ടക്കാരനായി മാറി.

ത്രിരാഷ്ട്ര പരമ്പരയിൽ സിക്കന്ദർ റാസ സിംബാബ്‌വെയെ നയിക്കും, ടീം പ്രഖ്യാപിച്ചു


ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലൻഡിനും എതിരായ ഹോം ടി20ഐ ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള 16 അംഗ സിംബാബ്‌വെ ടീമിനെ പ്രഖ്യാപിച്ചു. ജൂലൈ 14 മുതൽ 26 വരെ ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടക്കുന്ന പരമ്പരയിൽ, പരിചയസമ്പന്നനായ ഓൾറൗണ്ടർ സിക്കന്ദർ റാസ ടീമിനെ നയിക്കും. വൈറ്റ്-ബോൾ ക്രിക്കറ്റിൽ അനുഭവസമ്പത്തും സ്ഥിരതയുമുള്ള താരമാണ് അദ്ദേഹം.


പരിചയസമ്പന്നരായ കളിക്കാരും പുതിയ പ്രതിഭകളും ഉൾപ്പെട്ടതാണ് ടീം. റയാൻ ബർൾ, ടോണി മുന്യോംഗ, താഷിംഗ മുസേകിവ തുടങ്ങിയ പ്രധാന കളിക്കാർ സമീപകാലത്തെ മികച്ച പ്രകടനങ്ങൾ കാരണം തങ്ങളുടെ സ്ഥാനങ്ങൾ നിലനിർത്തി. അതേസമയം, അരക്കെട്ടിന് താഴെ ഭാഗത്തെ പരിക്ക് മാറിയ ഇടംകൈയ്യൻ സീമർ റിച്ചാർഡ് എൻഗരാവയും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സമീപകാല ടെസ്റ്റ് പരമ്പരയിൽ നിന്ന് വിട്ടുനിർത്തിയ തലയ്ക്കേറ്റ ക്ഷതം മാറിയ ഓൾറൗണ്ടർ ബ്രയാൻ ബെന്നറ്റും ടീമിലേക്ക് തിരിച്ചെത്തുന്നത് സിംബാബ്‌വെക്ക് ഉണർവേകും.



സിംബാബ്‌വെ സ്ക്വാഡ്: സിക്കന്ദർ റാസ (ക്യാപ്റ്റൻ), ബ്രയാൻ ബെന്നറ്റ്, റയാൻ ബർൾ, ട്രെവർ ഗ്വാണ്ടു, ക്ലൈവ് മദാൻഡെ, വെസ്ലി മദെവേരെ, ടിനോട്ടെൻഡ മാപോസ, വെല്ലിംഗ്ടൺ മസകാദ്സ, വിൻസെന്റ് മസേകീസ, ടോണി മുന്യോംഗ, താഷിംഗ മുസേകിവ, ബ്ലെസിംഗ് മുസാരബാനി, ഡിയോൺ മയേഴ്സ്, റിച്ചാർഡ് എൻഗരാവ, ന്യൂമാൻ ന്യാംഹുരി, തഫാദ്‌സ്വ സിഗ.
മത്സരങ്ങൾ:

  • ജൂലൈ 14 – സിംബാബ്‌വെ vs ദക്ഷിണാഫ്രിക്ക
  • ജൂലൈ 18 – സിംബാബ്‌വെ vs ന്യൂസിലൻഡ്
  • ജൂലൈ 20 – സിംബാബ്‌വെ vs ദക്ഷിണാഫ്രിക്ക
  • ജൂലൈ 24 – സിംബാബ്‌വെ vs ന്യൂസിലൻഡ്
  • ജൂലൈ 26 – ഫൈനൽ

സിംബാബ്‌വെയെ ഒരു ഇന്നിംഗ്‌സിനും 236 റൺസിനും തകർത്ത് ദക്ഷിണാഫ്രിക്ക



ബുലവായോയിലെ ക്വീൻസ് സ്പോർട്സ് ക്ലബ്ബിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം സിംബാബ്‌വെയെ ഒരു ഇന്നിംഗ്സിനും 236 റൺസിനും തകർത്ത് ദക്ഷിണാഫ്രിക്ക. മൂന്ന് ദിവസത്തിനുള്ളിൽ മത്സരം അവസാനിപ്പിച്ച്, 2-0 എന്ന നിലയിൽ പരമ്പര ആധികാരികമായി സ്വന്തമാക്കി.


ടെംബ ബാവുമയുടെയും കേശവ് മഹാരാജിന്റെയും അഭാവത്തിൽ ടീമിനെ നയിച്ച നായകൻ വിയാൻ മൾഡർ, ബാറ്റ് കൊണ്ട് ഒരു ചരിത്രപരമായ പ്രകടനം ഈ ടെസ്റ്റിൽ കാഴ്ചവെച്ചിരുന്നു. പുറത്താകാതെ 367 റൺസ് നേടിയ മുൾഡർ, ഒരു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോറും ടെസ്റ്റ് ചരിത്രത്തിലെ അഞ്ചാമത്തെ ഉയർന്ന സ്കോറും സ്വന്തമാക്കി. 626/5 എന്ന കൂറ്റൻ സ്കോറിൽ ദക്ഷിണാഫ്രിക്ക ഡിക്ലയർ ചെയ്യുകയും പിന്നീട് സിംബാബ്‌വെയെ രണ്ട് ഇന്നിംഗ്സുകളിലായി 170-നും 220-നും പുറത്താക്കുകയും ചെയ്തു.



സിംബാബ്‌വെയുടെ രണ്ടാം ഇന്നിംഗ്സിലെ ചെറുത്തുനിൽപ്പ് ഉച്ചഭക്ഷണത്തിന് ശേഷം തകർന്നു. 143/3 എന്ന നിലയിൽ നിന്ന് 220 റൺസിന് ഓൾഔട്ടായി, 77 റൺസിനിടെ 7 വിക്കറ്റുകൾ നഷ്ടമായി. കോർബിൻ ബോഷ് (4/38), സെനുരൻ മുത്തുസാമി (3/77), കോഡി യൂസഫ് (2/38) എന്നിവർ വിക്കറ്റുകൾ പങ്കിട്ടു.സിംബാബ്‌വെ നിരയിൽ നിക്ക് വെൽച്ച് (55), ക്രെയ്ഗ് എർവിൻ (49) എന്നിവർ മാത്രമാണ് കാര്യമായ സംഭാവന നൽകിയത്.


ഒന്നാം ടെസ്റ്റിൽ 328 റൺസിനും രണ്ടാം ടെസ്റ്റിൽ ഒരു ഇന്നിംഗ്സിനും 236 റൺസിനും നേടിയ കൂറ്റൻ വിജയം തന്നെ ദക്ഷിണാഫ്രിക്കക്ക് നേടാൻ ആയി.


മത്സര സംഗ്രഹം:

  • ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ്: 626/5 ഡിക്ലയർ ചെയ്തു (മൾഡർ 367*, ബെഡിംഗാം 82, പ്രിട്ടോറിയസ് 78)
  • സിംബാബ്‌വെ ഒന്നാം ഇന്നിംഗ്സ്: 170 ഓൾഔട്ട് (വില്യംസ് 83*, സുബ്രായൻ 4/42)
  • സിംബാബ്‌വെ രണ്ടാം ഇന്നിംഗ്സ് (ഫോളോ-ഓൺ): 220 ഓൾഔട്ട് (വെൽച്ച് 55, ബോഷ് 4/38, മുത്തുസാമി 3/77)
  • ഫലം: ദക്ഷിണാഫ്രിക്ക ഒരു ഇന്നിംഗ്സിനും 236 റൺസിനും വിജയിച്ചു
  • മാൻ ഓഫ് ദി മാച്ച്: വിയാൻ മൾഡർ

മുൾഡറുടെ സെഞ്ച്വറിയിൽ ദക്ഷിണാഫ്രിക്കൻ ആധിപത്യം; സിംബാബ്‌വെക്ക് വിജയം വിദൂരത്ത്


ബുലവായോ, സിംബാബ്‌വെ – സിംബാബ്‌വെക്കെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക മത്സരത്തിൽ പിടിമുറുക്കി. വിയാൻ മുൾഡറുടെ തകർപ്പൻ 147 റൺസും കോർബിൻ ബോഷിന്റെ അവസാന നിമിഷത്തിലെ വിക്കറ്റും മൂന്നാം ദിനത്തിലെ പ്രധാന ആകർഷണം.

ലോക റെക്കോർഡ് ലക്ഷ്യമായ 537 റൺസ് പിന്തുടർന്ന സിംബാബ്‌വെ, കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്തു. അവർ ഇപ്പോഴും 505 റൺസ് പിന്നിലാണ്.
ആദ്യ ഇന്നിംഗ്‌സിൽ പന്തുകൊണ്ട് തിളങ്ങിയ മുൾഡർ, തന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച സ്കോർ നേടിയാണ് പ്രോട്ടീസിനെ 369 റൺസിലെത്തിച്ചത്. 17 ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെട്ട അദ്ദേഹത്തിന്റെ സെഞ്ച്വറി ദക്ഷിണാഫ്രിക്കയെ ശക്തമായ നിലയിൽ എത്തിച്ചു.

ഡേവിഡ് ബെഡിംഗ്ഹാം (35), കൈൽ വെറീൻ (36), കേശവ് മഹാരാജ് (50) എന്നിവരുമായി ചേർന്ന് നിർണായകമായ കൂട്ടുകെട്ടുകൾ സ്ഥാപിച്ച് അദ്ദേഹം ആതിഥേയരിൽ നിന്ന് മത്സരം കൈക്കലാക്കി. സിംബാബ്‌വെയുടെ ബൗളിംഗ് നിര ദുർബലമായിരുന്നു. പ്രധാന പേസർ ബ്ലെസിംഗ് മുസറബാനിക്ക് അസുഖം കാരണം ഇന്നിംഗ്സിന്റെ ഭൂരിഭാഗവും കളിക്കാനായില്ല. വെല്ലിംഗ്ടൺ മസകഡ്സ 98 റൺസിന് 4 വിക്കറ്റ് വീഴ്ത്തി ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകി. ചിവാംഗ രണ്ട് വിക്കറ്റുകൾ കൂടി നേടി മത്സരത്തിൽ ആറ് വിക്കറ്റുകൾ സ്വന്തമാക്കി.


പിച്ച് ഉണങ്ങുകയും സ്പിന്നിന് അനുകൂലമാവുകയും ചെയ്തതോടെ മഹാരാജ് സിംബാബ്‌വെ ബാറ്റ്‌സ്മാൻമാർക്ക് ഭീഷണിയായി. കളി നിർത്തുമ്പോൾ കൈറ്റാനോയെ പുറത്താക്കി ബോഷ് നേടിയ വിക്കറ്റ് സിംബാബ്‌വെക്ക് തിരിച്ചടിയായി.

ഷോൺ വില്യംസിന് സെഞ്ച്വറി; എങ്കിലും രണ്ടാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് വ്യക്തമായ ആധിപത്യം


സിംബാബ്‌വെക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് വ്യക്തമായ ആധിപത്യം. ഷോൺ വില്യംസിന്റെ വീരോചിതമായ സെഞ്ച്വറി പ്രകടനം പോലും സിംബാബ്‌വെയെ മത്സരത്തിൽ തിരിച്ചെത്തിക്കാൻ പര്യാപ്തമായില്ല.
സിംബാബ്‌വെയുടെ പരിചയസമ്പന്നനായ ഇടംകൈയ്യൻ ബാറ്റ്സ്മാൻ വില്യംസ് 163 പന്തിൽ നിന്ന് 137 റൺസ് അടിച്ചുകൂട്ടി. ടീമിന്റെ ആകെ സ്കോറായ 251-ൽ പകുതിയിലധികം റൺസും അദ്ദേഹത്തിന്റെ ബാറ്റിൽ നിന്നായിരുന്നു.

എന്നാൽ മറുവശത്ത് നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. നായകൻ ക്രെയ്ഗ് എർവിൻ മാത്രമാണ് അൽപ്പം ചെറുത്തുനിന്നത്. വില്യംസുമായി ചേർന്ന് 81 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ എർവിൻ 36 റൺസ് നേടി.


നേരത്തെ, അരങ്ങേറ്റക്കാരനായ ലുവൻ-ഡ്രെ പ്രെട്ടോറിയസിന്റെ (153) തകർപ്പൻ സെഞ്ച്വറിയുടെയും ഡെവാൾഡ് ബ്രെവിസിന്റെ (51) അർദ്ധസെഞ്ച്വറിയുടെയും ബലത്തിൽ ദക്ഷിണാഫ്രിക്ക 9 വിക്കറ്റിന് 418 റൺസിന് ഓവർനൈറ്റ് ഡിക്ലയർ ചെയ്തിരുന്നു. ഇത് സിംബാബ്‌വെയെ സമ്മർദ്ദത്തിലാക്കി.
അരങ്ങേറ്റക്കാരനായ കോഡി യൂസഫ് പന്തുകൊണ്ട് തിളങ്ങി. ആദ്യ മൂന്ന് ഓവറിൽ രണ്ട് വിക്കറ്റ് ഉൾപ്പെടെ 42 റൺസിന് 3 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയ ഓപ്പണർ ബ്രയാൻ ബെന്നറ്റിന് ഹെൽമെറ്റിൽ പന്തുകൊണ്ട് പരിക്കേറ്റത് സിംബാബ്‌വെക്ക് കനത്ത തിരിച്ചടിയായി. പിന്നീട് ചെറിയ തോതിലുള്ള മസ്തിഷ്ക പ്രകമ്പനം കാരണം മത്സരത്തിൽ നിന്ന് പുറത്തായ അദ്ദേഹത്തിന് പകരം പ്രിൻസ് മസ്വാവറെ ഇറങ്ങിയെങ്കിലും 7 റൺസ് മാത്രം നേടി പുറത്തായി.


വിയാൻ മൾഡർ (4/50), നായകൻ കേശവ് മഹാരാജ് (3/70) എന്നിവർ ദക്ഷിണാഫ്രിക്കൻ ബോളിംഗ് നിരയ്ക്ക് കരുത്ത് പകർന്നു. എർവിനെ സ്റ്റംപ് ചെയ്ത് പുറത്താക്കിയതോടെ മഹാരാജ് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ 200-ാം വിക്കറ്റ് എന്ന വ്യക്തിഗത നേട്ടം സ്വന്തമാക്കി.


രണ്ടാം ദിനം കളി നിർത്തുമ്പോൾ, ദക്ഷിണാഫ്രിക്ക 1 വിക്കറ്റിന് 49 റൺസ് എന്ന നിലയിൽ ലീഡ് 216 റൺസായി ഉയർത്തി. മാത്യു ബ്രീറ്റ്സ്കെ നേരത്തെ പുറത്തായെങ്കിലും ടോണി ഡി സോർസിയും (22)* വിയാൻ മൾഡറും (25)* ചേർന്ന് ഇന്നിംഗ്സ് ഭദ്രമാക്കി.

സിംബാബ്‌വെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ അഞ്ച് പുതുമുഖങ്ങൾ


സിംബാബ്‌വെയ്‌ക്കെതിരായ വരാനിരിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള 16 അംഗ ടീമിനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു. അഞ്ച് പുതുമുഖങ്ങളെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂൺ 28 മുതൽ ജൂലൈ 10 വരെ ബുലവായോയിലാണ് മത്സരങ്ങൾ നടക്കുന്നത്.


സിഎസ്എ 4-ഡേ സീരീസിലെ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ യുവ ടൈറ്റൻസ് ബാറ്റിംഗ് പ്രതിഭകളായ ലുവാൻ-ഡ്രെ പ്രിട്ടോറിയസ്, ലെസെഗോ സെനോക്വാനെ എന്നിവർക്ക് ആദ്യമായി ദേശീയ ടീമിലേക്ക് വിളി ലഭിച്ചു. 19 വയസ്സുകാരനായ പ്രിട്ടോറിയസ് മൂന്ന് സെഞ്ച്വറികളോടെ 72.66 ശരാശരി നേടി, ഫൈനലിൽ ടീമിനെ രക്ഷിച്ച 114 റൺസ് അതിൽ ഉൾപ്പെടുന്നു. സെനോക്വാനെയും 559 റൺസും രണ്ട് സെഞ്ച്വറികളും നേടി മികച്ചുനിന്നു.


അതേ മത്സരത്തിൽ 22.39 ശരാശരിയിൽ 23 വിക്കറ്റുകൾ നേടിയ ഡിപി വേൾഡ് ലയൺസ് ഫാസ്റ്റ് ബൗളർ കോഡി യൂസഫും അരങ്ങേറ്റക്കാരുടെ കൂട്ടത്തിലുണ്ട്. ടൈറ്റൻസ് ബാറ്റർ ഡെവാൾഡ് ബ്രെവിസ്, ഡോൾഫിൻസ് ഓഫ് സ്പിന്നർ പ്രെനലൻ സുബ്രായൻ എന്നിവരാണ് ടീമിലെ മറ്റ് പുതുമുഖങ്ങൾ. ഇരുവരും മുമ്പ് സീനിയർ ടീമിനൊപ്പം പര്യടനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ടെസ്റ്റ് അരങ്ങേറ്റം കുറിച്ചിട്ടില്ല.


സൂബെയർ ഹംസ 2023 ഫെബ്രുവരിക്ക് ശേഷം ആദ്യമായി ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി. അതേസമയം, കഗീസോ റബാഡ, എയ്ഡൻ മാർക്രം, മാർക്കോ ജാൻസൻ, റയാൻ റിക്കൽട്ടൺ, ട്രിസ്റ്റൺ സ്റ്റബ്സ് തുടങ്ങിയ പരിചയസമ്പന്നരായ കളിക്കാർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.
വേഗതയേറിയ ബൗളർമാരായ നാന്ദ്രെ ബർഗർ, ജെറാൾഡ് കോയറ്റ്സി, ലിസാദ് വില്യംസ് എന്നിവരെ പരിക്ക് കാരണം പരിഗണിച്ചില്ല. അവർ നിലവിൽ പരിക്കിൽ നിന്ന് മുക്തി നേടുന്നതിനുള്ള പുനരധിവാസ പരിപാടികളിലാണ്.


സിംബാബ്‌വെ ടെസ്റ്റ് പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം:

  • ടെംബ ബാവുമ (ക്യാപ്റ്റൻ)
  • ഡേവിഡ് ബെഡിംഗ്ഹാം
  • മാത്യു ബ്രീറ്റ്സ്കെ
  • ഡെവാൾഡ് ബ്രെവിസ്
  • കോർബിൻ ബോഷ്
  • ടോണി ഡി സോർസി
  • സൂബെയർ ഹംസ
  • കേശവ് മഹാരാജ്
  • ക്വേന മപാക
  • വിയാൻ മൾഡർ
  • ലുംഗി എൻഗിഡി
  • ലുവാൻ-ഡ്രെ പ്രിട്ടോറിയസ്
  • ലെസെഗോ സെനോക്വാനെ
  • പ്രെനലൻ സുബ്രായൻ
  • കൈൽ വെരേയ്ൻ
  • കോഡി യൂസഫ്

  • 🗓️ ഫിക്സ്ചർ:
  • ഒന്നാം ടെസ്റ്റ്: ജൂൺ 28 – ജൂലൈ 2 | ക്വീൻസ് സ്പോർട്സ് ക്ലബ്ബ്, ബുലവായോ
  • രണ്ടാം ടെസ്റ്റ്: ജൂലൈ 6 – 10 | ക്വീൻസ് സ്പോർട്സ് ക്ലബ്ബ്, ബുലവായോ

ഇംഗ്ലണ്ട് ടെസ്റ്റിനായി സിംബാബ്‌വെ ഗാരി ബാലൻസിനെ കൺസൾട്ടൻ്റായി നിയമിച്ചു


സിംബാബ്‌വെ ക്രിക്കറ്റ്, ഇംഗ്ലണ്ടിനെതിരെ നോട്ടിംഗ്ഹാമിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിനായി മുൻ ഇംഗ്ലണ്ട്, സിംബാബ്‌വെ താരം ഗാരി ബാലൻസിനെ കോച്ചിംഗ് കൺസൾട്ടൻ്റായി നിയമിച്ചു. 2003 ന് ശേഷം സിംബാബ്‌വെ ഇംഗ്ലണ്ടിൽ കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരമാണിത്.
ഹരാരെയിൽ ജനിച്ച ബാലൻസ്, ഇംഗ്ലീഷ് സാഹചര്യങ്ങളിൽ ധാരാളം അനുഭവസമ്പത്തുള്ള കളിക്കാരനാണ്. ഇത് ടീമിൻ്റെ തന്ത്രപരമായ തയ്യാറെടുപ്പുകൾക്ക് കാര്യമായ സഹായം നൽകുമെന്ന് സിംബാബ്‌വെ ക്രിക്കറ്റ് മാനേജിംഗ് ഡയറക്ടർ ഗിവ്‌മോർ മക്കോണി വിശ്വസിക്കുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1,000 റൺസ് നേടുന്ന ഇംഗ്ലീഷ് താരങ്ങളിൽ മൂന്നാമനാണ് ബാലൻസ്. വെറും 17 ഇന്നിംഗ്‌സുകളിൽ നിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്. നിലവിലെ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിൻ്റെ റെക്കോർഡിനൊപ്പമാണിത്.


ഇംഗ്ലണ്ട് മത്സരത്തിന് ശേഷം, ലോർഡ്‌സിൽ ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് തയ്യാറെടുക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെ സിംബാബ്‌വെ ഒരു നാല് ദിവസത്തെ മത്സരവും കളിക്കും.

സിംബാബ്‌വെ ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു, സ്റ്റോക്സ് ക്യാപ്റ്റൻ


നോട്ടിംഗ്ഹാം: സിംബാബ്‌വെയ്ക്കെതിരായ ഏക ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. മേയ് 22ന് ട്രെന്റ് ബ്രിഡ്ജിലാണ് മത്സരം നടക്കുന്നത്. പരിക്കുകൾ ടീം സെലക്ഷനെ കാര്യമായി സ്വാധീനിച്ചപ്പോൾ, പരിചയസമ്പന്നരായ താരങ്ങളും പുതുമുഖങ്ങളും അടങ്ങിയ 13 അംഗ സംഘത്തെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


കഴിഞ്ഞ വർഷം ന്യൂസിലൻഡ് പര്യടനത്തിനിടെ തള്ളവിരലിന് പരിക്കേറ്റതിനെ തുടർന്ന് അരങ്ങേറ്റം നഷ്ടപ്പെട്ട 23-കാരനായ വിക്കറ്റ് കീപ്പർ ബാറ്റർ ജോർദാൻ കോക്സ് ടീമിലേക്ക് തിരിച്ചെത്തി. 2025ലെ കൗണ്ടി സീസണിൽ മികച്ച ഫോമിലായിരുന്ന കോക്സ് മൂന്ന് ഡിവിഷൻ വൺ മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും 73.48 സ്ട്രൈക്ക് റേറ്റിൽ 63.75 ശരാശരിയിൽ 255 റൺസ് നേടി. വിക്കറ്റ് കീപ്പറായി ജാമി സ്മിത്ത് കളിക്കുമെങ്കിലും, കോക്സിന്റെ സാന്നിധ്യം ടീമിന്റെ ദീർഘകാല പദ്ധതികളിലെ അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നു.


കൗണ്ടി ക്രിക്കറ്റിലെ ഏറ്റവും വിശ്വസനീയമായ സീം ബൗളർമാരിൽ ഒരാളായ സാം കുക്ക് ആദ്യമായി ടെസ്റ്റ് ടീമിൽ ഇടം നേടി. എസ്സെക്സിനായി 18.49 ശരാശരിയിൽ 300-ൽ അധികം വിക്കറ്റുകൾ നേടിയതാണ് കുക്കിന് തുണയായത്. പരിക്കിൽ നിന്ന് മോചിതരാകാത്ത ക്രിസ് വോക്സിന്റെയും മാർക്ക് വുഡിന്റെയും അഭാവത്തിൽ, മാത്യു പോട്സ്, ഗസ് അറ്റ്കിൻസൺ, തിരിച്ചെത്തിയ ജോഷ് ടംഗ് എന്നിവരടങ്ങുന്ന ബോളിംഗ് നിരയിൽ കുക്കിന് അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്.
തുടർച്ചയായ ഹാംസ്ട്രിംഗ് പരിക്ക് ഭേദമായി ബെൻ സ്റ്റോക്സ് ക്യാപ്റ്റനായി തിരിച്ചെത്തും. അദ്ദേഹം ബൗളിംഗ് പുനരാരംഭിച്ചിട്ടുണ്ടെങ്കിലും, ജൂണിൽ നടക്കുന്ന ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനാൽ താരം ഒരു ബാറ്ററായി കളിക്കാൻ സാധ്യതയുണ്ട്.


England squad for Zimbabwe Test: Ben Stokes (capt), Gus Atkinson, Shoaib Bashir, Harry Brook, Sam Cook, Jordan Cox, Zak Crawley, Ben Duckett, Ollie Pope, Matthew Potts, Joe Root, Jamie Smith, Josh Tongue

Exit mobile version