ഉറപ്പായി!! എംഎസ് ധോണി ഐപിഎൽ 2026 ലും കളിക്കും


ഐപിഎൽ 2026 സീസണിലും എംഎസ് ധോണി ചെന്നൈ സൂപ്പർ കിംഗ്‌സിൽ (CSK) കളിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സിഎസ്‌കെ സിഇഒ കാസി വിശ്വനാഥനാണ് മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് പ്രഖ്യാപനം നടത്തിയത്. അടുത്ത സീസണിൽ താൻ ലഭ്യമാണെന്ന് ധോണി വ്യക്തിപരമായി ഫ്രാഞ്ചൈസിയെ അറിയിച്ചതായി വിശ്വനാഥൻ വെളിപ്പെടുത്തി. 44-കാരനായ ധോണി ടീമിന്റെ പുനർനിർമ്മാണ ശ്രമങ്ങളിൽ പ്രതിജ്ഞാബദ്ധനായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഐപിഎല്ലിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ധോണി 2008-ൽ ലീഗ് തുടങ്ങിയതു മുതൽ സിഎസ്‌കെയെ നയിക്കുകയും അഞ്ച് കിരീടങ്ങളിലേക്ക് ടീമിനെ എത്തിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ടീം നിരാശാജനകമായ പ്രകടനം കാഴ്ചവെയ്ക്കുകയും പോയിന്റ് പട്ടികയിൽ താഴെ എത്തുകയും ചെയ്‌തെങ്കിലും, ശക്തമായ ഒരു കുറിപ്പോടെ കരിയർ അവസാനിപ്പിക്കാൻ ധോണി ആഗ്രഹിക്കുന്നുവെന്നാണ് സൂചന.

2026-ൽ അദ്ദേഹം കളത്തിലിറങ്ങുകയാണെങ്കിൽ, അത് സിഎസ്‌കെക്കൊപ്പമുള്ള അദ്ദേഹത്തിന്റെ 17-ാമത്തെ സീസണും മൊത്തത്തിലുള്ള 19-ാമത്തെ ഐപിഎൽ പ്രകടനവുമായിരിക്കും.

ധോണി അടുത്ത ഐ പി എല്ലും കളിക്കും!!

എം.എസ്. ധോണി ഐ.പി.എൽ 2026-ലും ചെന്നൈ സൂപ്പർ കിംഗ്‌സിനായി കളിക്കും.
ഐ.പി.എൽ 2025 സീസണു ശേഷം കലീ തുടരുമോ എന്ന കാര്യം ധോണി വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, ഒരു സീസൺ കൂടി ചെന്നൈ സൂപ്പർ കിംഗ്‌സിനായി (സി.എസ്.കെ) അദ്ദേഹം കളിക്കും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2025 ഡിസംബറോടെ തൻ്റെ ശരീരത്തിൻ്റെ അവസ്ഥ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നായിരുന്നു ധോണി വ്യക്തമാക്കിയിരുന്നത്. അഞ്ച് തവണ സി.എസ്.കെയെ കിരീടനേട്ടത്തിലേക്ക് നയിച്ച ഇതിഹാസതാരമാണ് ധോണി. 2025-ൽ ഋതുരാജ് ഗെയ്‌ക്‌വാദിന് പരിക്കേറ്റപ്പോൾ സീസണിൻ്റെ പകുതിയിൽ വെച്ച് ധോണി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷം, വരാനിരിക്കുന്ന മിനി ലേലത്തിലൂടെ ടീമിലെ വിടവുകൾ നികത്തി ശക്തമായി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ധോണിയും സി.എസ്.കെ. മാനേജ്മെന്റും. ഇത് ധോണിയുടെ അവസാന സീസൺ ആകുമോ എന്നത് ഇനിയും ഉറപ്പിച്ചിട്ടില്ലെങ്കിലും, ഈ വരുന്ന സീസണോടെ ധോണി വിരമിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ധോണിയുടെ പിൻഗാമിയാകാൻ യോജിച്ച താരമാണ് സഞ്ജു എന്ന് ക്രിസ് ശ്രീകാന്ത്


രാജസ്ഥാൻ റോയൽസ് (RR) ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. 2026-ലെ ഐപിഎൽ ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് വിടാനുള്ള ആഗ്രഹം സഞ്ജു പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, എംഎസ് ധോണിക്ക് ശേഷം ഒരു ദീർഘകാല ക്യാപ്റ്റനെ തേടുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK), സഞ്ജുവിനെ സ്വന്തമാക്കാൻ ശ്രമിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.


തമിഴ്‌നാട് ക്രിക്കറ്റ് ഇതിഹാസവും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ക്രിസ് ശ്രീകാന്ത് സഞ്ജു ചെന്നൈ സൂപ്പർ കിംഗ്‌സിൽ ചേരുന്നതിനെ പരസ്യമായി പിന്തുണച്ചു. സഞ്ജു ഒരു “മികച്ച കളിക്കാരനാണെന്നും”, ധോണിക്ക് അനുയോജ്യനായ പിൻഗാമിയാണെന്നും ശ്രീകാന്ത് പറഞ്ഞു.

ഐപിഎൽ 2026-ൽ ധോണി തന്റെ അവസാന സീസൺ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ചെന്നൈയിൽ സഞ്ജുവിനുള്ള ജനപ്രീതിയും സ്വാധീനവും അദ്ദേഹത്തെ ഒരു മികച്ച പകരക്കാരൻ ആക്കും ർന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കുന്നത് രാജസ്ഥാൻ റോയൽസിന് ദോഷകരമായിരിക്കുമെന്നും ശ്രീകാന്ത് മുന്നറിയിപ്പ് നൽകി.

ലയണൽ മെസ്സി കോഹ്ലിക്കും ധോണിക്കും ഒപ്പം ക്രിക്കറ്റ് കളിക്കും!!



മുംബൈ: ഇന്ത്യൻ കായിക പ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു കാഴ്ചക്ക് ഡിസംബറിൽ സാധ്യത തെളിയുന്നു. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി മൂന്നു നഗരങ്ങളിൽ പര്യടനത്തിനായി ഇന്ത്യയിലെത്തുന്നു. ഈ പര്യടനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രത്യേക ക്രിക്കറ്റ് മത്സരമാണ്. ഡിസംബർ 14-ന് നടക്കുന്ന ഈ മത്സരത്തിൽ ഫുട്ബോൾ ബൂട്ട് മാറ്റി മെസ്സി ക്രിക്കറ്റ് ബാറ്റേന്തും.


സംഘാടകർ നൽകുന്ന സൂചനയനുസരിച്ച്, ഏഴംഗ ടീമുകൾ പങ്കെടുക്കുന്ന ഈ ക്രിക്കറ്റ് മത്സരത്തിൽ മെസ്സിക്ക് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ വിരാട് കോഹ്ലി, എം.എസ്. ധോണി എന്നിവരുമായി ഏറ്റുമുട്ടാൻ അവസരം ലഭിച്ചേക്കും. സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ എന്നിവരും മത്സരത്തിൽ പങ്കെടുത്തേക്കുമെന്നും സൂചനകളുണ്ട്. ഈ പരിപാടിക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അനുമതി നൽകിയിട്ടുണ്ട്. മത്സരം ടിക്കറ്റുള്ള ഒരു പരിപാടിയായിരിക്കും.


ഡിസംബർ 13 മുതൽ 15 വരെയാണ് മെസ്സിയുടെ ഇന്ത്യാ സന്ദർശനം. കൊൽക്കത്തയും ഡൽഹിയും അദ്ദേഹം സന്ദർശിക്കും. കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ഈഡൻ ഗാർഡൻസിൽ വെച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അദ്ദേഹത്തെ ആദരിക്കും.

ഇതിന്റെ ഭാഗമായി “ഗോട്ട് കപ്പ്” എന്ന പേരിൽ ഏഴംഗ ഫുട്ബോൾ ടൂർണമെന്റും കുട്ടികൾക്കായി ഒരു ഫുട്ബോൾ വർക്ക്‌ഷോപ്പും സംഘടിപ്പിക്കുന്നുണ്ട്.
2011-ൽ അർജന്റീനയും വെനസ്വേലയും തമ്മിലുള്ള സൗഹൃദ മത്സരത്തിനായി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എത്തിയതിനു ശേഷം മെസ്സിയുടെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്. നിലവിൽ അമേരിക്കൻ ലീഗായ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കു വേണ്ടി കളിക്കുന്ന ഈ 38-കാരൻ 2026-ൽ നടക്കുന്ന തന്റെ അവസാന ലോകകപ്പ് ലക്ഷ്യമിട്ടാണ് മുന്നേറുന്നത്.


എം.എസ്. ധോണിയുടെ ‘ക്യാപ്റ്റൻ കൂൾ’ ട്രേഡ്മാർക്ക് അപേക്ഷ അംഗീകരിച്ചു


എം.എസ്. ധോണിയുടെ ‘ക്യാപ്റ്റൻ കൂൾ’ എന്ന പേര് ട്രേഡ്മാർക്ക് ചെയ്യാനുള്ള നീക്കത്തിന് അംഗീകാരം. ട്രേഡ്മാർക്ക് രജിസ്ട്രി ഓഫ് ഇന്ത്യ അദ്ദേഹത്തിന്റെ അപേക്ഷ ഔദ്യോഗികമായി അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ധോണിയുടെ കളിക്കളത്തിലെ ശാന്തമായ സ്വഭാവവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഈ പേര്, ജൂൺ 16, 2025-ന് അംഗീകരിച്ച തീയതി മുതൽ 120 ദിവസത്തിനുള്ളിൽ മൂന്നാം കക്ഷികളിൽ നിന്ന് യാതൊരു എതിർപ്പുകളും ഇല്ലെങ്കിൽ അദ്ദേഹത്തിന് ലഭിക്കും.


2023 ജൂണിൽ സമർപ്പിച്ച ഈ അപേക്ഷയ്ക്ക് ഒരു തടസ്സമുണ്ടായിരുന്നു. പ്രഭ സ്കിൽ സ്പോർട്സ് (ഒ.പി.സി) പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു കമ്പനി ഇതേ പേര് ഇതിനകം രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് മറുപടിയായി, കമ്പനി തന്റെ പ്രശസ്തിയും ആരാധകരെയും വാണിജ്യ ലാഭത്തിനായി ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് ധോണി ഒരു തിരുത്തൽ ഹർജി ഫയൽ ചെയ്തു. നാല് ഹിയറിംഗുകൾക്ക് ശേഷം, ധോണിയുടെ ആവശ്യം രജിസ്ട്രി അംഗീകരിച്ചു.


കായികം, പരിശീലനം, അനുബന്ധ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിഭാഗങ്ങളിലാണ് ഈ ട്രേഡ്മാർക്ക് വരുന്നത്. ഈ മേഖലകളിൽ ധോണിയുടെ പേരും പാരമ്പര്യവും വലിയ സ്വാധീനം ചെലുത്തുന്നവയാണ്.

എം.എസ്. ധോണി ഐ.സി.സി ഹാൾ ഓഫ് ഫെയിമിൽ ഇടം നേടി


ന്യൂഡൽഹി: 2025 ജൂൺ 9:
മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിക്ക് ഐ.സി.സി ഹാൾ ഓഫ് ഫെയിം അംഗത്വം ലഭിച്ചു. മാത്യു ഹെയ്ഡൻ, ഹാഷിം അംല, ഗ്രെയിം സ്മിത്ത് എന്നിവർക്കൊപ്പം 2025 ലെ ഹാൾ ഓഫ് ഫെയിം പട്ടികയിലാണ് ധോണി ഇടംപിടിച്ചത്.


ധോണിയുടെ തകർപ്പൻ കരിയർ വിലയിരുത്തിക്കൊണ്ടാണ് ഐ.സി.സി തിങ്കളാഴ്ച ഈ പ്രഖ്യാപനം നടത്തിയത്. 538 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 17,266 റൺസും 829 പുറത്താക്കലുകളും ധോണി സ്വന്തമാക്കിയിട്ടുണ്ട്.

“അസാധാരണമായ സ്ഥിരതയുടെയും, ഫിറ്റ്നസിന്റെയും, ദീർഘായുസ്സിന്റെയും പ്രതീകം” എന്നാണ് ഐ.സി.സി ധോണിയെ വിശേഷിപ്പിച്ചത്. ഇന്ത്യൻ ക്രിക്കറ്റിന് ധോണി നൽകിയ സംഭാവനകൾക്ക് അതിരുകളില്ല.


ഈ അംഗീകാരത്തോട് പ്രതികരിച്ച ധോണി ഇങ്ങനെ പറഞ്ഞു:
“തലമുറകളിലുടനീളമുള്ള ലോകമെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങളുടെ സംഭാവനകളെ അംഗീകരിക്കുന്ന ഐ.സി.സി ഹാൾ ഓഫ് ഫെയിമിൽ ഇടം നേടാൻ കഴിഞ്ഞത് ഒരു വലിയ ബഹുമതിയാണ്. എക്കാലത്തെയും മികച്ച താരങ്ങൾക്കൊപ്പം എന്റെ പേരും ഓർമ്മിക്കപ്പെടുന്നത് സന്തോഷകരമായ കാര്യമാണ്. ഇത് ഞാൻ എന്നെന്നും ഓർമ്മിക്കും.”


43 വയസ്സുകാരനായ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇപ്പോഴും സജീവമാണ്.
26 വയസ്സുകാരനായ ധോണിയുടെ നേതൃത്വത്തിൽ യുവ ഇന്ത്യൻ ടീം 2007-ലെ ടി20 ലോകകപ്പ് നേടി ലോകത്തെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നായകത്വ യാത്ര ആരംഭിച്ചതിനെക്കുറിച്ചും ഐ.സി.സി ഓർമ്മിച്ചു. അദ്ദേഹത്തിന്റെ നായകത്വത്തിൽ ഇന്ത്യ 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യൻസ് ട്രോഫി എന്നിവ നേടുകയും ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

എം.എസ്. ധോണിക്ക് പ്രായമായി, വിരമിക്കാനുള്ള സമയമായെന്ന് ശ്രീകാന്ത്

എം.എസ്. ധോണി കളം വിടാൻ സമയമായെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ക്രിസ് ശ്രീകാന്ത്. ടീമിന് ആവശ്യമുള്ള നിലവാരത്തിൽ പ്രകടനം നടത്താൻ കഴിയുന്നില്ലെങ്കിൽ ധോണി മാറിനിൽക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് ശ്രീകാന്ത് അഭിപ്രായപ്പെട്ടു.


“ധോണിക്ക് പ്രായമായി വരികയാണ്, അദ്ദേഹത്തിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കാനാവില്ല,” ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. “എന്നാൽ അതേ സമയം, ഇങ്ങനെ വന്ന് കാര്യങ്ങൾ കുഴപ്പത്തിലാക്കരുത്. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, കഴിയില്ലെന്ന് പറഞ്ഞ് മാറിനിൽക്കണം. അത് ധോണിക്ക് മാത്രം എടുക്കാൻ കഴിയുന്ന തീരുമാനമാണ്.”


ഈ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 196 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. രാജസ്ഥാൻ റോയൽസിനെതിരായ അവസാന മത്സരത്തിൽ 17 പന്തിൽ നിന്ന് 16 റൺസ് മാത്രമെടുത്ത് അദ്ദേഹം നിരാശപ്പെടുത്തി.

“എല്ലാ സത്യസന്ധതയോടെയും പറഞ്ഞാൽ, അദ്ദേഹത്തിന്റെ റിഫ്ലക്സസ് കുറഞ്ഞു. അദ്ദേഹത്തിന്റെ കാൽമുട്ടുകൾക്ക് പ്രശ്നങ്ങളുണ്ടായിരിക്കാം. അദ്ദേഹത്തിന്റെ ഫിറ്റ്നസ് എല്ലാം സ്വാഭാവികമായും കുറയും,” അദ്ദേഹം പറഞ്ഞു.

വിരമിക്കുന്നതിൽ “ഇപ്പോൾ തീരുമാനം ഒന്നും ഇല്ല” എന്ന് ധോണി


ചെന്നൈ സൂപ്പർ കിംഗ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചതിന് ശേഷം സംസാരിക്കവെ, 43 കാരനായ ഇതിഹാസ താരം എംഎസ് ധോണി തന്റെ ഐപിഎൽ ഭാവിയെ കുറിച്ചുള്ള ചർച്ചകളിൽ ഉത്തരം പറഞ്ഞു. വിരമിക്കൽ ഇപ്പോൾ തീരുമാനിക്കാൻ സമയമായിട്ടില്ലെന്നും അടുത്ത 6-8 മാസത്തെ ഫിറ്റ്നസ് അനുസരിച്ച് തീരുമാനിക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു.


“ഞാൻ എന്റെ കരിയറിൻ്റെ അവസാന ഘട്ടത്തിലാണെന്ന യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടാനാവില്ല,” മത്സരശേഷം ധോണി പറഞ്ഞു. “ഈ ഐപിഎൽ കഴിഞ്ഞാൽ, എൻ്റെ ശരീരം ഈ സമ്മർദ്ദം താങ്ങുമോ എന്ന് നോക്കാൻ എനിക്ക് അടുത്ത 6-8 മാസത്തേക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരും.”


2023 ൽ കാൽമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ ധോണി, ഇപ്പോഴും പൂർണ്ണ ഫിറ്റ്നസ്സിലല്ല കളിക്കുന്നത്. ഇനി കൂടുതൽ നേരം ബാറ്റ് ചെയ്യാൻ ധോണിക്ക് കഴിയില്ലെന്ന് സിഎസ്കെ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് നേരത്തെ സമ്മതിച്ചിരുന്നു.


“ഞാൻ 43 വയസ്സുള്ളയാളാണെന്ന കാര്യം മറക്കരുത്. ഞാൻ ഒരുപാട് കാലം കളിച്ചു. എൻ്റെ അവസാന മത്സരം എപ്പോഴായിരിക്കുമെന്ന് പല ആരാധകർക്കും അറിയില്ല, അതുകൊണ്ടാണ് അവർ കളിക്കുന്നത് കാണാൻ വരുന്നത്” ധോണി പറഞ്ഞു.

അവസാന ഓവറിൽ ധോണിയുടെ സിക്സർ! കൊൽക്കത്തയുടെ പ്രതീക്ഷകൾ അവസാനിപ്പിച്ച് ചെന്നൈ


ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 2 വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. കെകെആർ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 19.4 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിൽ എത്തി. ഡെവാൾഡ് ബ്രെവിസിന്റെ വെടിക്കെട്ട് അർധസെഞ്ചുറിയും (25 പന്തിൽ 52), എംഎസ് ധോണിയുടെ (17*) തകർപ്പൻ ഫിനിഷിംഗുമാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്. അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സർ പറത്തിയത് സി എസ് കെയുടെ സമ്മർദ്ദം ഒഴിവാക്കി.


നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത 6 വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. അജിങ്ക്യ രഹാനെ (33 പന്തിൽ 48) ആണ് അവരുടെ ടോപ് സ്കോറർ. ആന്ദ്രേ റസ്സൽ (21 പന്തിൽ 38), മനീഷ് പാണ്ഡെ (പുറത്താകാതെ 36) എന്നിവരും നിർണായക സംഭാവനകൾ നൽകി. എന്നാൽ നാല് വിക്കറ്റ് വീഴ്ത്തിയ (31 റൺസിന്) നൂർ അഹമ്മദ് കെകെആറിനെ വലിയ സ്കോറിലേക്ക് പോകാതെ നിയന്ത്രിച്ചു.


ചെന്നൈയുടെ ഇന്നിംഗ്സ് തകർച്ചയോടെയാണ് തുടങ്ങിയത്. ഓപ്പണർമാർ രണ്ടുപേരും പൂജ്യത്തിന് പുറത്തായി. എന്നാൽ ഉർവിൽ പട്ടേലിന്റെ (11 പന്തിൽ 31) വെടിക്കെട്ട് ബാറ്റിംഗും ബ്രെവിസിന്റെ അർധസെഞ്ചുറിയും അവരെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ശിവം ദുബെ 45 റൺസ് നേടി. അവസാന ഓവറുകളിൽ ധോണി തൻ്റെ പരിചയസമ്പന്നതയോടെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.
കെകെആറിൻ്റെ ബൗളർമാരിൽ വൈഭവ് അറോറ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും ടീമിനെ രക്ഷിക്കാൻ അത് മതിയായില്ല. ഈ തോൽവിയോടെ കെകെആറിൻ്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു. ചെന്നൈ സൂപ്പർ കിംഗ്സ് കഴിഞ്ഞയാഴ്ച തന്നെ പ്ലേ ഓഫ് റേസിൽ നിന്ന് പുറത്തായിരുന്നു.

പ്രബ്സിമ്രന്റെ ബാറ്റിംഗ് പഴയ എംഎസ് ധോണിയെ ഓർമ്മിപ്പിക്കുന്നു – ഹെയ്ഡൻ



തുടർച്ചയായ മികച്ച പ്രകടനങ്ങളിലൂടെ ഐപിഎൽ 2025ൽ ശ്രദ്ധ നേടുകയാണ് പഞ്ചാബ് കിംഗ്സ് ഓപ്പണർ പ്രഭ്സിമ്രാൻ സിംഗ്. 11 ഇന്നിംഗ്‌സുകളിൽ നിന്ന് ഇതിനോടകം 437 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ ഇന്നലെ 48 പന്തിൽ നേടിയ 91 റൺസിന്റെ വെടിക്കെട്ട് പ്രകടനമാണ് അദ്ദേഹം നടത്തിയത്.


ഓസ്‌ട്രേലിയൻ ഇതിഹാസ താരം മാത്യു ഹെയ്ഡൻ പ്രഭ്സിമ്രാനെ പ്രശംസ കൊണ്ട് മൂടി. മുൻ സിഎസ്കെ സഹതാരമായ എംഎസ് ധോണിയുമായി അദ്ദേഹം പഞ്ചാബിന്റെ ഓപ്പണറെ താരതമ്യം ചെയ്തു:


“അവന് (പ്രഭ്സിമ്രാന്) മികച്ച പവർ ഉണ്ട്. 2010ൽ അവസാന ഓവറുകളിൽ യുവ എംഎസ് ധോണി പന്തുകൾ പറത്തുന്നത് ഓർമ്മയുണ്ട്. പ്രഭ്സിമ്രാന് സമാനമായ കഴിവുകളുണ്ട്.” ഹെയ്ഡൻ പറഞ്ഞു.


“അവന് അതിശയകരമായ ബാറ്റ് വേഗതയും ഉറച്ച അടിത്തറയുമുണ്ട്. അവൻ ഭയമില്ലാത്തവനും പൂർണ്ണ നിയന്ത്രണമുള്ളവനുമാണ്,” ഹെയ്ഡൻ കൂട്ടിച്ചേർത്തു.


മത്സരശേഷം സംസാരിച്ച പ്രഭ്സിമ്രാൻ തന്റെ പ്രകടനത്തിന് പരിശീലകൻ റിക്കി പോണ്ടിംഗിന്റെ പിന്തുണയാണ് കാരണമെന്ന് പറഞ്ഞു:
“പ്രത്യേക തന്ത്രമൊന്നുമില്ല, പന്ത് വരുന്നതിനനുസരിച്ച് കളിക്കുക മാത്രമാണ് ചെയ്യുന്നത്. ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന റിക്കി പോണ്ടിംഗിനാണ് എല്ലാ ക്രെഡിറ്റും.”

ആർസിബിക്കെതിരായ തോൽവിക്ക് കാരണം താനാണെന്ന് ധോണി


റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ഐപിഎൽ 2025 ലെ 52-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് രണ്ട് റൺസിന് തോറ്റതിന് പിന്നാലെ ടീമിന്റെ തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്യാപ്റ്റൻ എം എസ് ധോണി. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ 214 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സിഎസ്കെ, 17 കാരനായ ആയുഷ് മാത്രെയുടെ 48 പന്തിൽ 94 റൺസിന്റെ വെടിക്കെട്ട് ഇന്നിംഗ്സും രവീന്ദ്ര ജഡേജയുടെ 45 പന്തിൽ പുറത്താകാതെ നേടിയ 77 റൺസും ഉണ്ടായിട്ടും നിരാശാജനകമായ തോൽവി ഏറ്റുവാങ്ങി.


എട്ട് പന്തിൽ 12 റൺസ് നേടിയ ധോണി അവസാന ഓവറിൽ യാഷ് ദയാലിന്റെ പന്തിൽ എൽബിഡബ്ല്യു ആയി പുറത്തായി. അപ്പോൾ മൂന്ന് പന്തിൽ 13 റൺസായിരുന്നു സിഎസ്കെയ്ക്ക് വേണ്ടിയിരുന്നത്.

“ഞാൻ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ, ആവശ്യമായ റൺസ് വെച്ച് നോക്കുമ്പോൾ, സമ്മർദ്ദം കുറയ്ക്കാൻ ഞാൻ കുറച്ച് വലിയ ഷോട്ടുകൾ കൂടി അടിക്കണമായിരുന്നു. ഞാൻ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.” – ധോണി പറഞ്ഞു.


അവസാന ഓവറിന് തൊട്ടുമുന്‍പുള്ള ഓവറിൽ ഭുവനേശ്വർ കുമാറിനെതിരെ ധോണി ഒരു സിക്സർ നേടി എങ്കിലും സിഎസ്കെ രണ്ട് റൺസിന് തോറ്റു.

ഐപിഎൽ 2025 ന് ശേഷം എംഎസ് ധോണി വിരമിക്കണമെന്ന് ആദം ഗിൽക്രിസ്റ്റ്


മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ്, ഈ സീസണിന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിക്കുന്നത എംഎസ് ധോണി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി ക്രിക്ബസിൽ സംസാരിക്കുകയായിരുന്നു ഗിൽക്രിസ്റ്റ്. 43 വയസ്സുള്ള ധോണിക്ക് കളത്തിൽ ഇനി ഒന്നും തെളിയിക്കാനില്ലെന്നും ടൂർണമെന്റിൽ നിന്ന് മാന്യമായി പടിയിറങ്ങണമെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു.


കൈ ഒടിഞ്ഞതിനെ തുടർന്ന് സ്ഥിരം ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് പുറത്തായതിനാൽ എംഎസ് ധോണിയാണ് നിലവിൽ സിഎസ്‌കെയെ നയിക്കുന്നത്. എന്നിരുന്നാലും, ടീമിന്റെ പ്രകടനം ഈ സീസണിൽ നിരാശാജനകമാണ്. ഒമ്പത് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ മാത്രം നേടിയ അവർ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.


ധോണിയുടെ കളിയിലെ സംഭാവനകളെയും ലീഗിലെ ഇതിഹാസ പദവിയെയും ഗിൽക്രിസ്റ്റ് പ്രശംസിച്ചു. എന്നാൽ അടുത്ത തലമുറയ്ക്ക് വഴിമാറാനുള്ള സമയം ആയി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “എംഎസ് ധോണിക്ക് കളത്തിൽ ആർക്കും ഒന്നും തെളിയിക്കാനില്ല. എന്തു ചെയ്യണമെന്ന് അദ്ദേഹത്തിന് അറിയാം, പക്ഷേ ഒരുപക്ഷേ അടുത്ത വർഷം അദ്ദേഹം അവിടെ ഉണ്ടാകേണ്ടതില്ല. ഐ ലവ് യൂ എംഎസ്, നിങ്ങൾ ഒരു ചാമ്പ്യനും ഒരു ഐക്കണുമാണ്,” ഗിൽക്രിസ്റ്റ് പറഞ്ഞു.


Exit mobile version