ഈഡൻ ഗാർഡൻസ് പിച്ച് വിവാദം: പിച്ച് ഒരുക്കിയത് BCCI ആണെന്ന് ഗാംഗുലി


ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിനായി ഈഡൻ ഗാർഡൻസിലെ പിച്ച് ഒരുക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ തനിക്ക് പങ്കില്ലെന്ന് മുൻ ഇന്ത്യൻ നായകനും ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സി.എ.ബി.) പ്രസിഡന്റുമായ സൗരവ് ഗാംഗുലി വ്യക്തമാക്കി. മത്സരം തുടങ്ങുന്നതിന് നാല് ദിവസം മുമ്പ് തന്നെ ബി.സി.സി.ഐ. നിയോഗിച്ച ക്യുറേറ്റർമാർ പിച്ചിന്റെ ചുമതല ഏറ്റെടുത്തിരുന്നുവെന്ന് ഗാംഗുലി വെളിപ്പെടുത്തി.

കോച്ച് ഗൗതം ഗംഭീർ നയിക്കുന്ന ഇന്ത്യൻ ടീം മാനേജ്‌മെന്റ് നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് സി.എ.ബി.യുടെ ക്യുറേറ്ററായ സുജൻ മുഖർജി കാര്യങ്ങൾ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ബാറ്റിംഗിന് ഒട്ടും അനുകൂലമല്ലാത്ത, നിലവാരം കുറഞ്ഞ പിച്ചായിരുന്നു അതെന്ന് ഗാംഗുലി സമ്മതിച്ചു. എന്നാൽ ബി.സി.സി.ഐ. ക്യുറേറ്റർമാർ ഇടപെട്ടതോടെ അന്തിമ ഒരുക്കങ്ങളിൽ സി.എ.ബിക്ക് നിയന്ത്രണം നഷ്ടപ്പെട്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഈഡൻ ഗാർഡൻസിലെ ടെസ്റ്റ് മത്സരം രണ്ടര ദിവസത്തിനുള്ളിൽ അവസാനിക്കുകയും ദക്ഷിണാഫ്രിക്ക 30 റൺസിന് വിജയിക്കുകയും ചെയ്തിരുന്നു. മത്സരം തുടങ്ങിയത് മുതൽ തന്നെ പിച്ചിൽ അപ്രതീക്ഷിത സ്പിന്നും അസമമായ ബട്ടൻസും ഉണ്ടായിരുന്നത് ഇരു ടീമുകളുടെയും ഇന്നിംഗ്‌സുകളിൽ അതിവേഗ തകർച്ചയ്ക്ക് കാരണമായി.

വീണ്ടും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി സൗരവ് ഗാംഗുലി


കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും നേതൃസ്ഥാനത്തേക്ക് കടന്നുവന്ന് സൗരവ് ഗാംഗുലി. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം വീണ്ടും ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സി.എ.ബി) പ്രസിഡന്റ് സ്ഥാനത്തേക്ക് മടങ്ങിയെത്തി. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ സ്നേഹാശിഷ് ഗാംഗുലിക്ക് ശേഷമാണ് ഈ സ്ഥാനത്തേക്ക് അദ്ദേഹം എത്തുന്നത്.


2015 മുതൽ 2019 വരെ സി.എ.ബി പ്രസിഡന്റായിരുന്നതിന് ശേഷവും, 2019 മുതൽ 2022 വരെ ബി.സി.സി.ഐയുടെ തലവനായിരുന്നതിന് ശേഷവും ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ സി.എ.ബി പ്രസിഡന്റ് സ്ഥാനമാണ്.


സൗരവ് ഗാംഗുലി പ്രിട്ടോറിയ ക്യാപിറ്റൽസ് മുഖ്യ പരിശീലകനായി നിയമിതനായി


SA20 2025-26 സീസണിന് മുന്നോടിയായുള്ള ഒരു സുപ്രധാന നീക്കത്തിൽ, സൗരവ് ഗാംഗുലിയെ പ്രിട്ടോറിയ ക്യാപിറ്റൽസിൻ്റെ പുതിയ പരിശീലകനായി നിയമിച്ചു. ഒരു ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായുള്ള ഗാംഗുലിയുടെ ആദ്യ നിയമനമാണിത്. മുൻപ് ക്രിക്കറ്റിൽ വിവിധ നേതൃത്വപരവും ഭരണപരവുമായ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

ജൊനാഥൻ ട്രോട്ടിന് പകരക്കാരനായാണ് ഗാംഗുലി എത്തുന്നത്. ഡിസംബർ 26-ന് ടൂർണമെന്റ് ആരംഭിക്കുമ്പോൾ ഗാംഗുലി പരിശീലകന്റെ റോളിൽ ഇറങ്ങും. കഴിഞ്ഞ രണ്ട് സീസണുകളിലെ മോശം പ്രകടനത്തിന് ശേഷം ഗാംഗുലിയുടെ നേതൃത്വം ടീമിന്റെ തലവര മാറ്റുമെന്ന് ജെഎസ്ഡബ്ല്യു സ്പോർട്സിന്റെ ഉടമസ്ഥതയിലുള്ള ക്യാപിറ്റൽസ് പ്രതീക്ഷിക്കുന്നു.
ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ടീമാണ് പ്രിട്ടോറിയ ക്യാപിറ്റൽസ്. 2023-ലെ ആദ്യ സീസണിൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്ത അവർ, 2024-ലും 2025-ലും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും പ്ലേഓഫ് യോഗ്യത നേടുന്നതിൽ പരാജയപ്പെടുകയും ചെയ്തു.

കഴിഞ്ഞ വർഷം മുതൽ ജെഎസ്ഡബ്ല്യു സ്പോർട്സിൻ്റെ ക്രിക്കറ്റ് ഡയറക്ടറായി ഗാംഗുലി പ്രവർത്തിക്കുന്നതിനാൽ ഈ നിയമനം വളരെ സ്വാഭാവികമായ ഒരു പുരോഗതിയായി കണക്കാക്കുന്നു. സെപ്റ്റംബർ 9-ന് നടക്കുന്ന കളിക്കാരുടെ ലേലമായിരിക്കും അദ്ദേഹത്തിന്റെ ആദ്യ വെല്ലുവിളി.

ഇന്ത്യ-പാകിസ്താൻ ഏഷ്യാ കപ്പ് പോരാട്ടം: കളി നടക്കണം എന്ന് സൗരവ് ഗാംഗുലി


ഏഷ്യാ കപ്പ് 2025-ലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടത്തെക്കുറിച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി നിലപാട് വ്യക്തമാക്കി. ഔദ്യോഗിക ഷെഡ്യൂൾ സ്ഥിരീകരിച്ചതിന് ശേഷം സംസാരിച്ച ഗാംഗുലി, ഇന്ത്യയെ പാകിസ്താനോടൊപ്പം ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയതിൽ തനിക്ക് എതിർപ്പില്ലെന്ന് പറഞ്ഞു.

ഭീകരപ്രവർത്തനങ്ങൾ അവസാനിക്കണമെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം ക്രിക്കറ്റ് നിർത്തരുതെന്നും കൂട്ടിച്ചേർത്തു. സെപ്തംബർ 14-ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. ടൂർണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിൽ ഒന്നായിരിക്കും ഇത്.

“പഹൽഗാമിൽ സംഭവിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്, പക്ഷേ അത് കളിയെ തടയാൻ നമുക്ക് കഴിയില്ല. തീവ്രവാദം അവസാനിക്കണം. ഇന്ത്യ അതിനെതിരെ ശക്തമായ നിലപാടെടുത്തു, അത് ഇപ്പോൾ കഴിഞ്ഞ കാര്യമാണ്. കളികൾ മുന്നോട്ട് പോകണം,” ഗാംഗുലി പിടിഐയോട് പറഞ്ഞു.


ഏഷ്യാ കപ്പ് സെപ്തംബർ 9 മുതൽ 28 വരെ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നടക്കും. മത്സരങ്ങൾ ദുബായിലും അബുദാബിയിലുമായി നടക്കും. സെപ്തംബർ 10-ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സെപ്തംബർ 21-ന് സൂപ്പർ ഫോർ ഘട്ടത്തിൽ പാകിസ്താനെ വീണ്ടും നേരിടാൻ ശക്തമായ സാധ്യതയുണ്ട്.


നറുക്കെടുപ്പ് പ്രകാരം, ഗ്രൂപ്പ് എ-യിൽ ഇന്ത്യ, പാകിസ്താൻ, യുഎഇ, ഒമാൻ എന്നിവരും, ഗ്രൂപ്പ് ബി-യിൽ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗ് എന്നിവരും ഉൾപ്പെടുന്നു. 19 മത്സരങ്ങളുള്ള ഈ ടൂർണമെന്റിനായി 17 അംഗ സ്ക്വാഡുകൾക്ക് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്.
ബിസിസിഐ ഔദ്യോഗിക ആതിഥേയരായി തുടരുമ്പോഴും, നിലവിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കാരണം 2027 വരെ ഇന്ത്യയും പാകിസ്താനും നിഷ്പക്ഷ വേദികളിൽ മാത്രമേ കളിക്കൂ എന്ന് സമ്മതിച്ചതിനാൽ ടൂർണമെന്റ് യുഎഇയിലാണ് നടക്കുന്നത്.

ഇംഗ്ലണ്ടിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്‌സ് – ഗില്ലിനെ പ്രശംസിച്ച് ഗാംഗുലി


ബർമിംഗ്ഹാമിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തന്റെ കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്തു. 387 പന്തിൽ നിന്ന് 269 റൺസ് നേടിയ ഗില്ലിന്റെ ഇന്നിംഗ്‌സിൽ 30 ഫോറുകളും 3 സിക്സറുകളും ഉൾപ്പെടുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഇതിനെ “ഇംഗ്ലണ്ടിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്‌സ്” എന്നാണ് വിശേഷിപ്പിച്ചത്.


ആദ്യ ടെസ്റ്റിലെ തോൽവിക്ക് ശേഷം കടുപ്പമേറിയ ഇംഗ്ലീഷ് സാഹചര്യങ്ങളിൽ ഗിൽ പ്രകടിപ്പിച്ച പക്വതയും, സാങ്കേതികതയും, മനോഭാവത്തെയും ഗാംഗുലി പ്രശംസിച്ചു. “ഗില്ലിൽ നിന്നുള്ള ഒരു സമ്പൂർണ്ണ മാസ്റ്റർക്ലാസ്… കുറ്റമറ്റ പ്രകടനം… ഏത് കാലഘട്ടത്തിലും ഇംഗ്ലണ്ടിൽ ഞാൻ കണ്ടിട്ടുള്ള മികച്ച ഇന്നിംഗ്സുകളിൽ ഒന്ന്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ വലിയ പുരോഗതിയുണ്ടായി.” ഗാംഗുലി പറഞ്ഞു.


ഗില്ലിന്റെ ഈ തകർപ്പൻ ഇന്നിംഗ്‌സ് ഇന്ത്യയെ ഒന്നാം ഇന്നിംഗ്സിൽ 587 റൺസെന്ന കൂറ്റൻ സ്കോറിലെത്തിച്ചു. ഇത് മത്സരത്തിൽ ഇന്ത്യക്ക് പൂർണ്ണമായ ആധിപത്യം നേടിക്കൊടുത്തു. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിനെ 77/3 എന്ന നിലയിലേക്ക് ഇന്ത്യ ചുരുക്കിയിരുന്നു.

കാശ്മീർ ആക്രമണം; പാകിസ്ഥാനുമായി ലോകകപ്പിൽ പോലും ഇന്ത്യ കളിക്കരുത് എന്ന് ഗാംഗുലി


കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22 ന് നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും വിച്ഛേദിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആവശ്യപ്പെട്ടു. കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഐസിസി ടൂർണമെന്റുകളിലോ ഏഷ്യൻ ടൂർണമെന്റുകളിലോ പോലും ഇന്ത്യ പാകിസ്ഥാനുമായി കളിക്കരുതെന്നും ഭീകരവാദത്തെ സഹിക്കാനാവില്ലെന്നും ഗാംഗുലി പറഞ്ഞു.


ഇന്ത്യൻ മണ്ണിൽ ആവർത്തിച്ചുണ്ടാകുന്ന ഭീകരാക്രമണങ്ങളിൽ ഗാംഗുലി നിരാശ പ്രകടിപ്പിക്കുകയും കർശന നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. “100 ശതമാനം, ഇന്ത്യ ഇത് ചെയ്യണം. കർശന നടപടി സ്വീകരിക്കണം. എല്ലാ വർഷവും ഇത്തരം കാര്യങ്ങൾ നടക്കുന്നത് ഒരു തമാശയായി മാറിയിരിക്കുന്നു. ഭീകരവാദത്തെ സഹിക്കാൻ കഴിയില്ല,” ഗാംഗുലി പറഞ്ഞു.


ഏറ്റവും ഒടുവിലത്തെ ആക്രമണത്തിൽ പഹൽഗാമിലെ ബൈസാരൻ പുൽമേടുകളിൽ ഭീകരർ വെടിവയ്പ് നടത്തുകയും 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള പാകിസ്ഥാൻ പിന്തുണയുള്ള സംഘടനയായ ദി റെസിസ്റ്റൻസ് ഫോഴ്സ് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.


ആരെയും തോൽപ്പിക്കാൻ ഇന്ത്യക്ക് കഴിയും – ഗാംഗുലി

ചാമ്പ്യൻസ് ട്രോഫിയിൽ ഏത് എതിരാളിയെയും പരാജയപ്പെടുത്താനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് സൗരവ് ഗാംഗുലി. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാത്ത ഇന്ത്യ, ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരെ സെമിഫൈനലിന് ഇറങ്ങാൻ തയ്യാറാവുകയാണ് ഇന്ത്യ.

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യ വളരെ ശക്തമായ ടീമാണ്, എതിർവശത്ത് ആരായാലും, ആരെയും തോൽപ്പിക്കാനുള്ള കഴിവ് ഇന്ത്യക്ക് ഉണ്ട്. ഗാംഗുലി പറഞ്ഞു.

ടൂർണമെൻ്റിൽ അരങ്ങേറ്റം കുറിച്ച വരുൺ ചക്രവർത്തി, ലഭിച്ച അവസരം മുതലാക്കി, ഏകദിനത്തിലെ തൻ്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം ഇന്നലെ സ്വന്തമാക്കി. ഇന്ത്യയുടെ ആധിപത്യ വിജയത്തിൽ അദ്ദേഹത്തിൻ്റെ പ്രകടനം നിർണായകമായിരുന്നു.

മാർച്ച് 4 ന് ആണ് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനൽ കളിക്കുന്നത്.

പാകിസ്താനെതിരെ മാത്രമല്ല ചാമ്പ്യൻസ് ട്രോഫിയിൽ തന്നെ ഇന്ത്യയാണ് ഫേവറിറ്റ്സ് – ഗാംഗുലി

നാളെ ദുബായിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി പോരാട്ടത്തിൽ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിക്കും എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഇന്ത്യയുടെ ശക്തമായ സ്പിൻ ആക്രമണം അവർക്ക് കാര്യമായ മുൻതൂക്കം നൽകുമെന്ന് ഗാംഗുലി വിശ്വസിക്കുന്നു.

“പാകിസ്ഥാനെതിരെ മാത്രമല്ല,, ഈ ടൂർണമെന്റിൽ ആകെ ഇന്ത്യ ആണ് ഫേവറിറ്റുകൾ. പാകിസ്ഥാന് ഈ മത്സരം എളുപ്പമാകില്ല. സ്പിന്നർമാർ നിർണായക പങ്ക് വഹിക്കും. ഇന്ത്യ അതേ (ബൗളിംഗ്) കോമ്പിനേഷനുമായി ഇറങ്ങുമെന്ന് ഞാൻ കരുതുന്നു,” കൊൽക്കത്തയിൽ നടന്ന ഒരു പ്രമോഷണൽ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്റെ ടീമിൽ സ്പെഷ്യലിസ്റ്റ് സ്പിന്നർമാരുടെ അഭാവം ഗാംഗുലി ചൂണ്ടിക്കാട്ടി, ഇത് ഒരു വലിയ പോരായ്മയായിരിക്കാം എന്ന് അദ്ദേഹം പറഞ്ഞു. “ദുബായിലെ വിക്കറ്റിൽ അവർക്ക് സ്പിന്നർമാരെ ആവശ്യമുണ്ട്. ഈ ദുബായ് പിച്ച് ടേൺ ചെയ്യും എന്ന് ഞാൻ കരുതുന്നു, പാകിസ്ഥാൻ നന്നായി സ്പിൻ കളിക്കുന്നില്ല. ഇന്ത്യയ്ക്ക് മികച്ച സ്പിന്നർമാരുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ന്യൂസിലൻഡ് പാകിസ്ഥാനെ തോൽപ്പിച്ചു. അതിനാൽ, ന്യൂസിലൻഡ് മുന്നിലാണ്. ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചാൽ, പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്താകും. അതിനാൽ, ഇന്ത്യയും ന്യൂസിലൻഡും ഈ ഗ്രൂപ്പിൽ നിന്ന് മുന്നേറും എന്ന് ഞാൻ കാണുന്നു,” അദ്ദേഹം പ്രവചിച്ചു.

പോണ്ടിംഗിനെ കുറിച്ച് ഗൗതം ഗംഭീർ പറഞ്ഞതിൽ തെറ്റ് ഒന്നുമില്ല എന്ന് ഗാംഗുലി

ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായുള്ള വാർത്താ സമ്മേളനങ്ങളിൽ ഗൗതം ഗംഭീർ പോണ്ടിംഗിനെ വിമർശിച്ചത് വലിയ വിവാദമായിരുന്നു. ഈ വിവാദങ്ങളിൽ ഗംഭീറിനെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. വിരാട് കോഹ്‌ലിയുടെ ഫോമിനെക്കുറിച്ചുള്ള ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗ് സംസാരിച്ചപ്പോൾ പോണ്ടിംഗ് ഇന്ത്യയുടെ കാര്യം നോക്കേണ്ടതില്ല ഓസ്ട്രേലിയയുടെ കാര്യം നോക്കിയാൽ മതി എന്ന് ഗംഭീർ പറഞ്ഞിരുന്നു.

വിവാദത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഗാംഗുലി റെവ്‌സ്‌പോർട്‌സിനോട് സംസാരിച്ചു, ഗംഭീറിനെ ഗംഭീറായി നിൽക്കാൻ വിടൂ‌. ഗംഭീർ അങ്ങനെയാണ് മുമ്പും സൻസാരിക്കാറ്. അതിൽ തെറ്റില്ല. ഗാംഗുലി പറഞ്ഞു.

“ഐപിഎൽ ജയിച്ചപ്പോൾ എല്ലാവരും ഗംഭീറിനെ പ്രശംസിച്ചു. ഇപ്പോൾ, കുറച്ച് പരാജയങ്ങൾക്ക് പിന്നാലെ, ആളുകൾ പെട്ടെന്ന് അവനെ വിലയിരുത്തുന്നു. ഓസ്‌ട്രേലിയക്കാർ എല്ലായ്‌പ്പോഴും കഠിനമായ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, ഗംഭീർ തൻ്റെ ഗ്രൗണ്ടിൽ നിൽക്കുകയാണ്. വിലയിരുത്തപ്പെടുന്നതിന് മുമ്പ് അദ്ദേഹം മുഖ്യ പരിശീലകനായി കൂടുതൽ സമയം അർഹിക്കുന്നു.” ഗാംഗുലി പറഞ്ഞു.

പാകിസ്താൻ ക്രിക്കറ്റിൽ പ്രതിഭകളുടെ ക്ഷാമം ഉണ്ടെന്ന് ഗാംഗുലി

പാകിസ്ഥാൻ ക്രിക്കറ്റ് നിലവിൽ നിരാശാജനകമായ പ്രകടനങ്ങളുമായി ഒരു പ്രയാസകരമായ കാലഘട്ടത്തിലാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി പാകിസ്താനിൽ “പ്രതിഭകളുടെ യഥാർത്ഥ ക്ഷാമം” ഉണ്ടെന്ന് ആശങ്ക പ്രകടിപ്പിച്ചു.

കൊൽക്കത്തയിൽ നടന്ന ഒരു പ്രൊമോഷണൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗാംഗുലി, ഒരു കാലത്ത് പാക്കിസ്ഥാൻ്റെ മഹത്തായ ക്രിക്കറ്റ് പാരമ്പര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. “രാജ്യത്ത് പ്രതിഭകളുടെ യഥാർത്ഥ ക്ഷാമം ഇപ്പോൾ ഞാൻ കാണുന്നു. പാക്കിസ്ഥാനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഞങ്ങൾ മിയാൻദാദ്, വസീം, വഖാർ, സയീദ് അൻവർ, മുഹമ്മദ് യൂസഫ്, യൂനിസ് ഖാൻ എന്നിവരെ ഓർക്കുന്നു,” ഗാംഗുലി പറഞ്ഞു

ഓരോ തലമുറയും വിജയിക്കാൻ മികച്ച കളിക്കാരെ സൃഷ്ടിക്കേണ്ടതുണ്ട്, ഞാൻ ലോക ക്രിക്കറ്റിൽ പാകിസ്ഥാനെ നോക്കുമ്പോൾ… ആ രാജ്യത്ത് പ്രതിഭകളുടെ കുറവുണ്ട്. അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനിലെ ചരിത്രപരമായ ടെസ്റ്റ് പരമ്പര വിജയത്തിന് ബംഗ്ലാദേശിനെ ഗാംഗുലി പ്രശംസിച്ചു. “പാകിസ്ഥാനിലേക്ക് പോയി അവരെ തോൽപ്പിക്കുന്നത് ഒരിക്കലും എളുപ്പമല്ല, അതിനാൽ (ബംഗ്ലാദേശ്) കളിക്കാർക്ക് അഭിനന്ദനങ്ങൾ,” അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള വരാനിരിക്കുന്ന രണ്ട് ടെസ്റ്റ് പരമ്പരകൾക്കായി കാത്തിരിക്കുമ്പോൾ, ഇന്ത്യയുടെ ശക്തിയിൽ ഗാംഗുലി ആത്മവിശ്വാസം പ്രകടിപ്പിച്ചു, “ബംഗ്ലാദേശ് വിജയിക്കുന്നത് ഞാൻ കാണുന്നില്ല; ഇന്ത്യ പരമ്പര നേടും. പക്ഷേ, ബംഗ്ലാദേശിൽ നിന്ന് ഇന്ത്യ നല്ലതും കടുപ്പമേറിയതുമായ ക്രിക്കറ്റ് പ്രതീക്ഷിക്കണം, കാരണം പാകിസ്ഥാനിൽ പാകിസ്ഥാനെ തോൽപ്പിച്ച് വളരെ ആത്മവിശ്വാസത്തോടെയാണ് അവർ പരമ്പരയിലേക്ക് വരുന്നത്.”

“ഞാനാണ് രോഹിത് ശർമ്മയെ ക്യാപ്റ്റൻ ആക്കിയത് എന്നെല്ലാവരും മറക്കുന്നു” – ഗാംഗുലി

താൻ ആണ് രോഹിത് ശർമ്മയെ ക്യാപ്റ്റൻ ആക്കിയത് എന്ന് ആരും ഓർക്കുന്നില്ല എന്ന് സൗരവ് ഗാംഗുലി. ബി സി സി ഐയുടെ തലപ്പത്ത് ഗാംഗുലി ഇരിക്കെവെ ആയിരുന്നു രോഹിത് ശർമ്മ ക്യാപ്റ്റൻ ആയി നിയമിക്കപ്പെട്ടത്.

“ഞാൻ രോഹിത് ശർമ്മയെ ഇന്ത്യൻ ടീമിൻ്റെ നായകസ്ഥാനം ഏൽപ്പിച്ചപ്പോൾ എല്ലാവരും എന്നെ വിമർശിച്ചു, ഇപ്പോൾ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ടി20 ലോകകപ്പ് നേടിയതിനാൽ, എല്ലാവരും എന്നെ കുറ്റം പറയുന്ന നിർത്തി.” ഗാംഗുലി പറഞ്ഞു.

“വാസ്തവത്തിൽ, എല്ലാവരും ഞാൻ ആണ് രോഹിതിനെ ക്യാപ്റ്റൻ ആക്കിയത് എന്നത് മറന്നുവെന്ന് ഞാൻ കരുതുന്നു. ഞാനാണ് അദ്ദേഹത്തെ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനായി നിയമിച്ചത്,” സൗരവ് ഗാംഗുലി പറഞ്ഞു.

ഈ ലോകകപ്പ് ഫൈനൽ കൂടെ തോറ്റാൽ രോഹിത് ശർമ്മ ബാർബഡോസ് സമുദ്രത്തിലേക്ക് ചാടിയേക്കും – ഗാംഗുലി

ഇന്നത്തെ ലോകകപ്പ് ഫൈനലിലും ഇന്ത്യ തോറ്റാൽ രോഹിത് ബാർബഡോസ് സമുദ്രത്തിൽ ചാടിയേക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ യാത്രയെ കുറിച്ച് സംസാരിക്കവെ തമാശയായാണ് ഗാംഗുലി ഈ വാക്കുകൾ പറഞ്ഞത്. രോഹിത് ശർമ്മ മികച്ച ക്യാപ്റ്റൻ ആണെന്നും താൻ ബി സി സി ഐ പ്രസിഡന്റ് ആയി നിൽക്കവെ ആണ് രോഹിതിനെ ക്യാപ്റ്റൻ ആക്കിയത് എന്നും ഗാംഗുലി പറഞ്ഞു.

“അദ്ദേഹം രണ്ട് ലോകകപ്പ് ഫൈനൽ കളിച്ചു, രണ്ടിലും തോൽവിയറിയാതെ ഫൈനലിൽ പ്രവേശിച്ചു. അത് അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസിയെയും നേതൃഗുണത്തെയും കുറിച്ച് സംസാരിക്കുന്നു, ഞാൻ ബിസിസിഐ പ്രസിഡൻ്റായിരിക്കുമ്പോൾ ആണ് രോഹിതിനെ ക്യാപ്റ്റൻ ആയി നിയമിച്ചത്.” ഗാംഗുലി പറയുന്നു.

“അദ്ദേഹം ക്യാപ്റ്റനാകാൻ തയ്യാറായിരുന്നില്ല. അദ്ദേഹത്തെ ക്യാപ്റ്റനാക്കാൻ വളരെയധികം സമ്മർദ്ദം ചെലുത്തേണ്ടി വന്നു. അദ്ദേഹത്തിന് കീഴിൽ ഇന്ത്യൻ ക്രിക്കറ്റിൻ്റെ പുരോഗതി കാണുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.” ഗാംഗുലി പറഞ്ഞു.

“അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയതിൻ്റെ റെക്കോർഡ് രോഹിത്തിനുണ്ട്, അത് ഒരു വലിയ നേട്ടമാണ്. ഒരു ഐപിഎൽ കിരീടം നേടുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്. ഐപിഎൽ അന്താരാഷ്ട്ര ക്രിക്കറ്റിനേക്കാൾ മികച്ചതാണെന്ന് ഞാൻ പറയുന്നില്ല. എന്നാൽ ഐപിഎൽ ജയിക്കണമെങ്കിൽ 16-17 (12-13) മത്സരങ്ങൾ ജയിക്കണം; നിങ്ങൾക്ക് ഒരു ലോകകപ്പ് നേടുന്നതിന് 8-9 മത്സരങ്ങൾ മാത്രമെ ജയിക്കേണ്ടതുള്ളൂ. എങ്കിലും ലോകകപ്പ് നേടുന്നതിലാണ് കൂടുതൽ ബഹുമതി, നാളെ രോഹിത് അത് നേടും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ഗാംഗുലി പറഞ്ഞു.

“ഏഴ് (ആറ്) മാസത്തിനുള്ളിൽ രണ്ട് ലോകകപ്പ് ഫൈനൽ തോൽക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ഏഴ് മാസത്തിനുള്ളിൽ തൻ്റെ ക്യാപ്റ്റൻസിയിൽ രണ്ട് ഫൈനലുകൾ തോറ്റാൽ അദ്ദേഹം ബാർബഡോസ് സമുദ്രത്തിലേക്ക് ചാടിയേക്കും. അദ്ദേഹം ടീമിനെ മുന്നിൽ നിന്ന് നയിച്ചു, മികച്ച ബാറ്റിംഗ് നടത്തി, നാളെ അത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ഗാംഗുലി പറഞ്ഞു.

Exit mobile version