ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന ടീമിനെ ബംഗ്ലാദേശ് പ്രഖ്യാപിച്ചു; ലിറ്റൺ ദാസ് തിരിച്ചെത്തി



ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിൽ അഞ്ച് മാറ്റങ്ങൾ വരുത്തി. 2025 ജൂലൈ 2-ന് ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള ടീമിൽ, ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് മോശം ഫോമിനെ തുടർന്ന് ഒഴിവാക്കപ്പെട്ട ട്വന്റി20 നായകൻ ലിറ്റൺ ദാസ് 50 ഓവർ ഫോർമാറ്റിലേക്ക് തിരിച്ചെത്തി.


2025 ലെ ചാമ്പ്യൻസ് ട്രോഫിയിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം പരിചയസമ്പന്നരും പുതിയ താരങ്ങളും ഉൾപ്പെട്ട ടീമിനെയാണ് സെലക്ടർമാർ തിരഞ്ഞെടുത്തിരിക്കുന്നത്. ലിറ്റൺ ദാസിന്റെ തിരിച്ചുവരവായിരുന്നു ഏറ്റവും ശ്രദ്ധേയമായ തീരുമാനങ്ങളിലൊന്ന്.


പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ടാസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ എന്നിവരുടെ വരവ് പേസ് ബൗളിംഗ് വിഭാഗത്തിനും കരുത്ത് പകരുന്നു. അവരുടെ ജോലിഭാരം ക്രമീകരിക്കുന്നതിനായി നഹിദ് റാണ, ഹസൻ മഹമ്മൂദ്, തൻസിം ഹസൻ സാക്കിബ് എന്നീ മൂന്ന് അധിക പേസർമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.


ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ മുഹമ്മദ് നയീം ടീമിൽ തിരിച്ചെത്തി. അടുത്തിടെ നടന്ന ധാക്ക പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്ന് സീസണുകളിൽ 600-ൽ അധികം റൺസ് നേടിയ അദ്ദേഹം, അവസാന സീസണിൽ 61.80 ശരാശരിയിൽ 618 റൺസ് നേടിയിരുന്നു.


ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടം നേടാതിരുന്ന ഷമീം ഹുസൈൻ, തൻവീർ ഇസ്ലാം എന്നിവരെയും തിരിച്ചുവിളിച്ചിട്ടുണ്ട്. എന്നാൽ, സൗമ്യ സർക്കാർ, നസൂം അഹമ്മദ്, വിരമിച്ച പ്രമുഖ താരങ്ങളായ മഹ്മൂദുള്ള, മുഷ്ഫിക്കുർ റഹീം എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


ശ്രീലങ്കൻ പര്യടനത്തിനുള്ള ബംഗ്ലാദേശ് ഏകദിന ടീം 2025:

  • മെഹിദി ഹസൻ മിറാസ് (ക്യാപ്റ്റൻ)
  • തൻസിദ് ഹസൻ
  • പർവേസ് ഹുസൈൻ എമോൺ
  • മുഹമ്മദ് നയീം
  • നജ്മുൽ ഹുസൈൻ ഷാന്റോ
  • തൗഹിദ് ഹൃദോയ്
  • ലിറ്റൺ ദാസ്
  • ജാക്കർ അലി
  • ഷമീം ഹുസൈൻ
  • റിഷാദ് ഹുസൈൻ
  • തൻവീർ ഇസ്ലാം
  • മുസ്തഫിസുർ റഹ്മാൻ
  • തൻസിം ഹസൻ സാക്കിബ്
  • ടാസ്കിൻ അഹമ്മദ്
  • നഹിദ് റാണ
  • ഹസൻ മഹമ്മൂദ്

ലിറ്റൺ ദാസ് ബംഗ്ലാദേശ് ടി20 ടീമിൻ്റെ പുതിയ ക്യാപ്റ്റൻ


ബംഗ്ലാദേശ് തങ്ങളുടെ പുതിയ ടി20I ക്യാപ്റ്റനായി ലിട്ടൺ ദാസിനെ നിയമിച്ചു. 2025 മെയ്, ജൂൺ മാസങ്ങളിൽ നടക്കുന്ന യുഎഇ, പാകിസ്ഥാൻ പര്യടനങ്ങൾക്കായാണ് ഈ നിയമനം. ഓഫ്-സ്പിന്നർ മെഹ്ദി ഹസൻ ഉപനായകനായിരിക്കും. തൗഹിദ് ഹൃദോയ്, മുസ്തഫിസുർ റഹ്മാൻ, തൻവീർ ഇസ്ലാം, ഷൊരിഫുൾ ഇസ്ലാം എന്നിവർ ടീമിലേക്ക് തിരിച്ചെത്തി. മുൻ ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോ ടീമിൽ തുടരും.

മെയ് 17, 19 തീയതികളിൽ ഷാർജയിൽ വെച്ച് ബംഗ്ലാദേശ് യുഎഇയെ നേരിടും. തുടർന്ന് മെയ് 25 മുതൽ പാകിസ്ഥാനിൽ അഞ്ച് ടി20I മത്സരങ്ങളുടെ പരമ്പര ആരംഭിക്കും.

Bangladesh squad: Litton Das (captain), Tanzid Hasan, Parvez Hossain, Soumya Sarkar, Najmul Hossain Shanto, Towhid Hridoy, Shamim Hossain, Jaker Ali, Rishad Hossain, Mahedi Hasan (vice captain), Tanvir Islam, Mustafizur Rahman, Hasan Mahmud, Tanzim Hasan Sakib, Nahid Rana and Shoriful Islam.


ലിറ്റൺ ദാസ് ഏഷ്യാ കപ്പ് സൂപ്പർ 4നായി ബംഗ്ലാദേശ് ടീമിനൊപ്പം തിരിച്ചെത്തി

2023 ഏഷ്യാ കപ്പിന്റെ സൂപ്പർ 4 ഘട്ടത്തിൽ ലിറ്റൺ ദാസ് ബംഗ്ലാദേശ് ടീമിനൊപ്പം ഉണ്ടാകും. ഓപ്പണിംഗ് ബാറ്റർ വൈറൽ ഫീവർ കാരണം ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശ് ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഇപ്പോൾ മെഡിക്കൽ ടീമിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടിയ താരം ശ്രീലങ്കയിലേക്ക് എത്തി‌‌. വിക്കറ്റ് കീപ്പർ ബാറ്ററിന്റെ വരവ് ബംഗ്ലാദേശിന് വലിയ ഊർജ്ജം നൽകും.

അവിസ്മരണീയമായ സെഞ്ച്വറി നേടിയ മെഹിദി ഹസൻ മിറാസിന്റെ മികവിൽ ഞായറാഴ്ച അഫ്ഗാനിസ്ഥാനെതിരെ 89 റൺസിന് തോൽപ്പിച്ച് ബംഗ്ലാദേശ് സൂപ്പർ 4ലേക്ക് യോഗ്യത നേടിയിരുന്നു. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് അഫ്ഗാനോട് തോറ്റിരുന്നു.

തമീമിന്റെയും ലിറ്റൺ ദാസിന്റെയും അഭാവം തിരിച്ചടിയായി – ചന്ദിക ഹതുരുസിംഗ

ശ്രീലങ്കയ്ക്കെതിരെ ആദ്യ മത്സരത്തിൽ സീനിയര്‍ താരങ്ങളായ തമീം ഇക്ബാലിന്റെയും ലിറ്റൺ ദാസിന്റെയും അഭാവം തിരിച്ചടിയായി എന്ന് പറഞ്ഞ് ബംഗ്ലാദേശ് മുഖ്യ കോച്ച് ചന്ദിക ഹതുരുസിംഗ. ഏത് ടീമിനായാലും ഇവരെപ്പോലുള്ള കളിക്കാര്‍ക്ക് പകരക്കാരെ കണ്ടെത്തുക പ്രയാസകരമാണെന്നും അതാണ് ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ പിന്നിൽ പോകുവാന്‍ കാരണമായതെന്നും ഹതുരുസിംഗ പറഞ്ഞു.

തമീം പുറംവേദന കാരണം ടൂര്‍ണ്ണമെന്റിൽ നിന്ന് വിട്ട് നിൽക്കുമ്പോള്‍ പനി മാറാത്തതിനാൽ ലിറ്റൺ ദാസിന് പകരം അനാമുള്‍ ഹക്ക് ആണ് ടീമിലേക്ക് എത്തിയത്. ബാറ്റിംഗ് പരാജയമായപ്പോള്‍ ബംഗ്ലാദേശിന് ശ്രീലങ്കയ്ക്കെതിരെ 164 റൺസ് മാത്രമേ നേടാനായുള്ളു. മൊഹമ്മദ് നൈയിം – തന്‍സിദ് തമീം എന്നിവരെ ബംഗ്ലാദേശ് ഓപ്പണര്‍മാരായി പരിഗണിച്ചപ്പോള്‍ ഇരുവരും യഥാക്രമം 16, 0 എന്നീ സ്കോറുകള്‍ക്കാണ് പുറത്തായത്.

വരും മത്സരങ്ങളിൽ തന്റെ ടീമിലെ യുവ താരങ്ങള്‍ ഈ വെല്ലുവിളി ഏറ്റെടുത്ത് ടീമിനെ മുന്നോട്ട് നയിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യ കോച്ച് പ്രതികരിച്ചു.

ഇന്ത്യക്ക് എതിരെ ലിറ്റൺ ദാസ് ബംഗ്ലാദേശ് ക്യാപ്റ്റൻ ആകും

ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ ലിറ്റൺ ദാസ് നയിക്കും. തമീം ഇഖ്ബാലിന് സന്നാഹ മത്സരത്തിനിടെ പരിക്കേറ്റതിനാൽ ആണ് ലിറ്റൺ ദാസ് ഈ ചുമതല ഏൽക്കിന്നത്‌. രണ്ടാഴ്ചത്തെ വിശ്രമം വേണ്ട തമീം ഏകദിന പരമ്പരയിൽ കളിക്കില്ല.

ടീമിലെ പരിചയസമ്പന്നരായ കളിക്കാരിൽ ഒരാളാണ് ലിറ്റൺ, നേതൃത്വഗുണങ്ങൾ മുമ്പ് പ്രകടമാക്കിയിട്ടുണ്ട്. ക്യാപ്റ്റൻ ആയി ലിറ്റണെ നിയമിച്ച ശേഷം ബിസിബിയുടെ ക്രിക്കറ്റ് ഓപ്പറേഷൻസ് ചെയർമാൻ ജലാൽ യൂനുസ് പറഞ്ഞു.

വളരെ പ്രധാനപ്പെട്ട ഈ പരമ്പരയിൽ പരിക്കേറ്റ് തമീമിനെ നഷ്ടമാകുന്നത് ദൗർഭാഗ്യകരമാണ്, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ടീം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ മികച്ച ക്രിക്കറ്റ് കളിച്ചിട്ടുണ്ട്,അദ്ദേഹം കൂട്ടിച്ചേർത്തു.

2021 ഏപ്രിലിൽ ഓക്ക്‌ലൻഡിലെ ഈഡൻ പാർക്കിൽ ന്യൂസിലൻഡിനെതിരായ ടി20യിൽ ലിറ്റൺ ഒരു തവണ ബംഗ്ലാദേശിന്റെ ക്യാപ്റ്റൻ ആയിട്ടുണ്ട്.

ഇന്ത്യക്ക് എതിരെ തിളങ്ങിയ ലിറ്റൺ ദാസിന് ബാറ്റ് സമ്മാനിച്ച് കോഹ്ലി

അഡ്‌ലെയ്ഡിൽ ബംഗ്ലാദേശിനെതിരായ ടി20 ലോകകപ്പ് മത്സരത്തിന് ശേഷം വിരാട് കോഹ്ലി ബംഗ്ലാദേശ് താരം ലിറ്റൺ ദാസിന് ബാറ്റ് സമ്മാനിച്ചു. ഇന്ത്യക്ക് എതിരായ ലിറ്റന്റെ ഇന്നിങ്സ് ഏവരുടെയും മനസ്സ് കവർന്നിരുന്നു. താരത്തിന് പ്രചോദനമായാണ് കോഹ്ലി തന്റെ ബാറ്റ് താരത്തിന് സമ്മാനിച്ചത്.

ലിറ്റൺ ഇന്ത്യക്ക് എതിരെ 21 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയിരുന്നു. 27 പന്തിൽ 60 റൺസെടുത്ത ലിറ്റൺ ഔട്ട് ആയതായിരുന്നു മത്സരം ഇന്ത്യയുടെ വഴിയിലേക്ക് ആകാൻ കാരണം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ക്രിക്കറ്റ് ഓപ്പറേഷൻസ് ചെയർമാൻ ജലാൽ യൂനുസ് കോഹ്ലി ബാറ്റ് സമ്മാനിച്ച് കാര്യം സ്ഥിരീകരിച്ചു.

“ഞങ്ങൾ ഡൈനിംഗ് ഹാളിൽ ഇരിക്കുമ്പോൾ ആണ് വിരാട് കോഹ്‌ലി വന്ന് ലിറ്റണിന് ഒരു ബാറ്റ് സമ്മാനിച്ചത്. എന്റെ അഭിപ്രായത്തിൽ, ഇത് ലിറ്റണിന് പ്രചോദനം നൽകുന്ന ഒരു നിമിഷമായിരിക്കും ,” ജലാൽ യൂനസ് പറഞ്ഞു

ഞെട്ടിച്ച് മഴ!!! പിന്നെ ഇന്ത്യന്‍ തിരിച്ചുവരവ്, ഒടുവിൽ അവസാന ഓവറിൽ ടെന്‍ഷനടിപ്പിച്ച വിജയവുമായി ഇന്ത്യ

ലിറ്റൺ ദാസിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിൽ തുടക്കത്തിൽ കുതിച്ച ബംഗ്ലാദേശിനെ മഴ ബ്രേക്കിന് ശേഷം പിടിച്ചുകെട്ടി ഇന്ത്യ. 7 ഓവര്‍ പിന്നിടുമ്പോള്‍ 66/0 എന്ന നിലയിൽ മികച്ച രീതിയിലായിരുന്ന ബംഗ്ലാദേശിന് പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായതാണ് തിരിച്ചടിയായത്. ബംഗ്ലാദേശ് ഇന്നിംഗ്സ് 16 ഓവറിൽ 145/6 എന്ന നിലയിൽ അവസാനിച്ചപ്പോള്‍ ഇന്ത്യ 5 റൺസ് വിജയം നേടി. അവസാന ഓവറിൽ 20 റൺസ് വേണ്ട ഘട്ടത്തിൽ ബംഗ്ലാദേശ് ലക്ഷ്യം അവസാന പന്തിൽ 7 റൺസിലേക്ക് എത്തിച്ചുവെങ്കിലും സൂപ്പര്‍ ഓവറിന് വേണ്ട സിക്സ് നേടുവാന്‍ നൂറുള്‍ ഹസന് സാധിച്ചില്ല.

ലിറ്റൺ ദാസ് റണ്ണൗട്ടായതോടെ ബംഗ്ലാദേശിനെ താളം തെറ്റുന്നതാണ് കണ്ടത്. താരം 27 പന്തിൽ 60 റൺസ് നേടിയപ്പോള്‍ കെഎൽ രാഹുല്‍ ഡയറക്ട് ത്രോയിലൂടെയാണ് ദാസിനെ പുറത്താക്കിയത്.

മഴയ്ക്ക് ശേഷം ബംഗ്ലാദേശിന്റെ ലക്ഷ്യം 16 ഓവറിൽ 151 റൺസാക്കി പുനഃക്രമീകരിക്കുകയായിരുന്നു. ലിറ്റൺ ദാസ് പുറത്തായ ശേഷം നജ്മുള്‍ ഹൊസൈന്‍ ഷാന്റോയെ(21) ഷമി പുറത്താക്കിയപ്പോള്‍ ഒരേ ഓവറിൽ അഫിഫ് ഹൊസൈനെയും ഷാക്കിബ് അൽ ഹസനെയും അര്‍ഷ്ദീപ് പുറത്താക്കി.

അടുത്ത ഓവറിൽ ഹാര്‍ദ്ദിക് യാസിര്‍ അലിയെയും മൊസ്ദേക്ക് ഹൊസൈനെയും പുറത്താക്കിയപ്പോള്‍ മത്സരത്തിൽ ഇന്ത്യ പിടിമുറുക്കി കഴിഞ്ഞിരുന്നു. മത്സരം അവസാന രണ്ടോവറിലേക്ക് കടന്നപ്പോള്‍ 31 റൺസായിരുന്നു ബംഗ്ലാദേശ് നേടേണ്ടിയിരുന്നത്. നൂറുള്‍ ഹസന്‍ ടീമിന്റെ പ്രതീക്ഷയായി ക്രീസിലുണ്ടായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ 15ാം ഓവറിൽ ഒരു ഫോറും ഒരു സിക്സും അടക്കും ടാസ്കിന്‍ അഹമ്മദ് നേടിയപ്പോള്‍ അവസാന രണ്ട് പന്തിൽ നൂറുള്‍ ഹസന് റണ്ണൊന്നും എടുക്കാനാകാതെ പോയതോടെ ലക്ഷ്യം 6 പന്തിൽ 20 റൺസായി മാറി.

അര്‍ഷ്ദീപ് എറിഞ്ഞ അവസാന ഓവറിൽ 14 റൺസാണ് പിറന്നത്. നൂറുള്‍ ഹസന്‍ ഓവറിലെ രണ്ടാം പന്തിൽ സിക്സര്‍ പറത്തി ലക്ഷ്യം 4 പന്തിൽ 13 ആക്കി മാറ്റിയെങ്കിലും പിന്നീട് അര്‍ഷ്ദീപ് മികച്ച രീതിയിൽ പന്തെറിഞ്ഞു. അവസാന രണ്ട് പന്തിൽ ലക്ഷ്യം 11 ആയപ്പോള്‍ അഞ്ചാം പന്തിൽ നൂറുള്‍ ബൗണ്ടറി നേടി അവസാന പന്തിൽ ഏഴെന്ന നിലയിൽ സ്കോര്‍ എത്തിച്ചു. സൂപ്പര്‍ ഓവറിന് സിക്സ് വേണ്ടപ്പോള്‍ ഒരു റൺ മാത്രമാണ് നൂറുളിന് എടുക്കുവാനായത്. ഇതോടെ ഇന്ത്യ അഞ്ച് റൺസ് വിജയം കൈക്കലാക്കി.

നൂറുള്‍ 14 പന്തിൽ 25 റൺസും ടാസ്കിന്‍ അഹമ്മദ് 7 പന്തിൽ 12 റൺസുമായി പുറത്താകാതെ നിന്നു.

മിന്നൽ പിണര്‍ പൂരന്‍!!! മൂന്നാം ടി20യിലും വിജയം കുറിച്ച് വെസ്റ്റിന്‍ഡീസ്

വെസ്റ്റിന്‍ഡീസിനെതിരെ മികച്ച സ്കോറായ 163/5 നേടാന്‍ ബംഗ്ലാദേശിനായെങ്കിലും 5 വിക്കറ്റ് വിജയവുമായി വെസ്റ്റിന്‍ഡീസ്. 18.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് വെസ്റ്റിന്‍ഡീസ് നേടിയത്.

39 പന്തിൽ പുറത്താകാതെ 74 റൺസ് നേടിയ നിക്കോളസ് പൂരനും 38 പന്തിൽ 55 റൺസ് നേടി കൈൽ മയേഴ്സും ആണ് ആതിഥേയര്‍ക്കായി തിളങ്ങിയത്. 43/3 എന്ന നിലയിലേക്ക് വീണ ടീമിനെ ഈ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

നേരത്തെ അഫിഫ് ഹൊസൈന്‍(50), ലിറ്റൺ ദാസ്(49) എന്നിവരുടെ ബാറ്റിംഗ് മികവാണ് ബംഗ്ലാദേശിന് 163 റൺസ് നേടിക്കൊടുത്തത്.

ശ്രീലങ്കയ്ക്ക് മികച്ച മറുപടിയുമായി ബംഗ്ലാദേശ്, തമീമിന് സെഞ്ച്വറി

ചട്ടോഗ്രാം ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് കരുതുറ്റ നിലയിൽ. ഇന്നത്തെ കളി അവസാനിക്കുമ്പോള്‍ ടീം 318/3 എന്ന നിലയിലാണ്. തമീം ഇക്ബാല്‍ നേടിയ ശതകത്തിനൊപ്പം മഹമ്മുദുള്‍ ഹസന്‍ ജോയ്, മുഷ്ഫിക്കുര്‍ റഹിം, ലിറ്റൺ ദാസ് എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചത്.

തമീം 133 റൺസ് നേടി റിട്ടേര്‍ഡ് ഹര്‍ട്ട് ആയപ്പോള്‍ മഹമ്മുദുള്‍ ഹസന്‍ ജോയ് 58 റൺസ് നേടിയാണ് പുറത്തായത്. നജ്മുള്‍ ഹൊസൈന്‍ ഷാന്റോ, മോമിനുള്‍ ഹക്ക് എന്നിവരുടെ വിക്കറ്റും ടീമിന് നഷ്ടമായി.

53 റൺസുമായി മുഷ്ഫിക്കുര്‍ റഹിമും 54 റൺസ് നേടി ലിറ്റൺ ദാസും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ഇരുവരും 98 റൺസാണ് കൂട്ടിചേര്‍ത്തിട്ടുള്ളത്. ശ്രീലങ്കയ്ക്കായി കസുന്‍ രജിത 2 വിക്കറ്റ് നേടി.

ശ്രീലങ്കയുടെ സ്കോര്‍ മറികടക്കുവാന്‍ ബംഗ്ലാദേശ് ഇനിയും 79 റൺസ് മാത്രം നേടിയാൽ മതി.

ഡർബനിൽ ബംഗ്ലാദേശ് പൊരുതുന്നു

ടാസ്കിന്‍ അഹമ്മദിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ബംഗ്ലാദേശ് പൊരുതി നിൽക്കുന്നു. ആറാം വിക്കറ്റിൽ മഹമ്മുദുള്‍ ഹസന്‍ ജോയിയും ലിറ്റൺ ദാസും ചേര്‍ന്ന് 82 റൺസ് നേടി ടീമിനെ 183/5 എന്ന നിലയിലേക്ക് എത്തിച്ചിട്ടുണ്ട്.

മഹമ്മുദുള്ള 80 റൺസും ലിറ്റൺ ദാസ് 41 റൺസും നേടിയാണ് ആതിഥേയര്‍ക്കായി ബംഗ്ലാദേശിന് വേണ്ടി ക്രീസിലുള്ളത്. 184 റൺസ് പിന്നിലായാണ് ബംഗ്ലാദേശ് ഇപ്പോളും നിലകൊള്ളുന്നത്.

പുതു ചരിത്രം, ദക്ഷിണാഫ്രിക്കയിൽ പരമ്പര വിജയം നേടി ബംഗ്ലാദേശ്

ദക്ഷിണാഫ്രിക്കയിൽ ചരിത്രത്തിൽ ആദ്യമായി ഒരു വിജയം നേടിയ ബംഗ്ലാദേശ് ഇന്ന് പരമ്പര കൂടി സ്വന്തമാക്കി പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്നാദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 154 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം 26.3 ഓവറിൽ ആണ് ബംഗ്ലാദേശ് തങ്ങളുടെ ചരിത്ര വിജയം കുറിയ്ക്കുന്നത്.

127 റൺസാണ് ഓപ്പണര്‍മാരായ തമീമും – ലിറ്റൺ ദാസും ചേര്‍ന്ന് നേടിയത്. 48 റൺസ് നേടിയ ദാസിനെ കേശവ് മഹാരാജ് പുറത്താക്കുകയായിരുന്നു. പിന്നീട് തമീം ഇക്ബാല്‍ നേടിയ 87 റൺസിനൊപ്പം 18 റൺസുമായി ഷാക്കിബും ടീമിനെ 9 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.

ടി20 ലോകകപ്പിൽ താന്‍ പരാജയപ്പെട്ടിട്ടുണ്ട്, എന്നാൽ അതെല്ലാം കഴിഞ്ഞ കാലം – ലിറ്റൺ ദാസ്

ബംഗ്ലാദേശ് നിരയിൽ ഇപ്പോള്‍ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്നത് ഓപ്പണിംഗ് താരം ലിറ്റൺ ദാസ് ആണ്. താന്‍ ടി20 ലോകകപ്പിൽ മുമ്പ് പരാജയപ്പെട്ടിട്ടുണ്ടെങ്കിലും അതെല്ലാം ഭൂതകാലമാണെന്നും ഇപ്പോള്‍ താന്‍ മികച്ച ഫോമിലാണെന്നും ലിറ്റൺ ദാസ് വ്യക്തമാക്കി.

എട്ട് ഇന്നിംഗ്സിൽ 133 റൺസ് മാത്രമാണ് കഴിഞ്ഞ ലോകകപ്പിൽ താരം നേടിയത്. തുടര്‍ന്ന് പാക് ടി20 പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് താരത്തെ ഒഴിവാക്കി. മാനേജ്മെന്റ് താരത്തിന് ബ്രേക്ക് നൽകിയെന്നാണ്പ പറഞ്ഞതെങ്കിലും തന്നെ പുറത്താക്കിയതാണെന്ന് ലിറ്റൺ ദാസ് വ്യക്തമാക്കി.

തന്റെ മോശം ഫോമായിരുന്നു തന്നെ പുറത്താക്കുവാന്‍ കാരണമെന്നും എന്നാൽ അതെല്ലാം കഴിഞ്ഞ കഥയാണെന്നും താരം സൂചിപ്പിച്ചു.

Exit mobile version