ഗ്രൂപ്പ് ഘട്ടത്തിലെ മികവ് പുലര്‍ത്താനാകാതെ സിംബാബ്‍വേ പുറത്ത്!!! സിംബാബ്‍വേയെ വീഴ്ത്തി സ്കോട്‍ലാന്‍ഡ്

ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനം ആവര്‍ത്തിക്കുന്നതിൽ രണ്ടാം തവണയും സിംബാബ്‍വേയും കാലിടറിയപ്പോള്‍ ലോകകപ്പ് യോഗ്യത നേടാനാകാതെ ടീം പുറത്ത്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് 234/8 എന്ന സ്കോര്‍ മാത്രം നേടിയപ്പോള്‍ സിംബാബ്‍വേ 41.1 ഓവറിൽ 203 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

റയാന്‍ ബര്‍ള്‍ 83 റൺസും വെസ്‍ലി മാധേവേരെ 40 റൺസും സിക്കന്ദര്‍ റാസ 34 റൺസും നേടിയെങ്കിലും മറ്റു താരങ്ങള്‍ക്ക് അവസരത്തിനൊത്തുയരുവാന്‍ സാധിക്കാതെ പോയത് സിംബാബ്‍വേയ്ക്ക് തിരിച്ചടിയായി. സിംബാബ്‍വേ ടോപ് ഓര്‍ഡറിനെ തകര്‍ത്ത് മൂന്ന് വിക്കറ്റ് നേടിയ ക്രിസ് സോള്‍ ആണ് കളിയിലെ താരമായത്.

സ്കോട്‍ലാന്‍ഡിന് വേണ്ടി സോളിനൊപ്പം ബ്രണ്ടന്‍ മക്മുല്ലന്‍, മൈക്കൽ ലീസ്ക് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. സിംബാബ്‍വേയ്ക്കും സ്കോട്‍ലാന്‍ഡിനും ആറ് പോയിന്റാണെങ്കിലും മികച്ച റൺ റേറ്റ് സ്കോട്‍ലാന്‍ഡിനെ രണ്ടാം സ്ഥാനത്തെത്തിച്ചിട്ടുണ്ട്. അവസാന മത്സരത്തിൽ നെതര്‍ലാണ്ട്സ് വലിയ റൺ റേറ്റിൽ വിജയിക്കാത്ത പക്ഷം സ്കോട്‍ലാന്‍ഡ് ശ്രീലങ്കയ്ക്കൊപ്പം ലോകകപ്പിന് യോഗ്യത നേടും.

അവിശ്വസനീയം ഓസ്ട്രേലിയയെ 141 റൺസിന് ഓള്‍ഔട്ടാക്കി സിംബാബ്‍വേ

മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയുടെ നടുവൊടിച്ച് സിംബാബ്‍വേ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സിംബാബ്‍വേ ഓസ്ട്രേലിയയെ 141 റൺസിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു. 94 റൺസുമായി ഡേവിഡ് വാര്‍ണര്‍ പൊരുതി നോക്കിയെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ മികവ് പുലര്‍ത്താനായില്ല.

സിംബാബ്‍വേയ്ക്കായി റയാന്‍ ബര്‍ള്‍ 5 വിക്കറ്റും ബ്രാഡ് ഇവാന്‍സ് 2 വിക്കറ്റും നേടി. 31 ഓവറിൽ ഓസ്ട്രേലിയ ഓള്‍ഔട്ട് ആകുമ്പോള്‍ 19 റൺസ് നേടിയ ഗ്ലെന്‍ മാക്സ്വെൽ ആണ് ടീമിന്റെ മറ്റൊരു പ്രധാന സ്കോറര്‍.

അയര്‍ലണ്ടിന്റെ വിജയം ഉറപ്പാക്കി കെവിന്‍ ഒബ്രൈന്‍

സിംബാബ്‍വേ നല്‍കിയ 153 റൺസ് വിജയ ലക്ഷ്യം അനായാസം മറികടന്ന് അയര്‍ലണ്ട്. കെവിന്‍ ഒബ്രൈന്‍, പോള്‍ സ്റ്റിര്‍ലിംഗ് കൂട്ടുകെട്ടാണ് അയര്‍ലണ്ടിനെ മികച്ച വിജയത്തിലേക്ക് നയിച്ചത്. 18.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് അയര്‍ലണ്ടിന്റെ വിജയം.

പോള്‍ സ്റ്റിര്‍ലിംഗ് – കെവിന്‍ ഒബ്രൈന്‍ കൂട്ടുകെട്ട് 59 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 37 റൺസ് നേടിയ സ്റ്റിര്‍ലിംഗ് പുറത്തായെങ്കിലും മികവ് തുടര്‍ന്ന കെവിന്‍ ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. വിജയം 22 റൺസ് അകലെ നില്‍ക്കുമ്പോളാണ് കെവിന്‍ 41 പന്തിൽ 60 റൺസ് നേടി പുറത്തായത്.

കെവിന്‍ പുറത്തായ ശേഷം ജോര്‍ജ്ജ് ഡോക്രെൽ പുറത്താകാതെ 33 റൺസുമായി ടീമിന്റെ വിജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിക്കുകയായിരുന്നു. ഇതോടെ പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി.

നേരത്തെ മിള്‍ട്ടൺ ശുംഭ – റയാന്‍ ബര്‍ള്‍ കൂട്ടുകെട്ട് നേടിയ 88 റൺസ് കൂട്ടുകെട്ടാണ് സിംബാബ്‍വേയെ 152/5 എന്ന സ്കോറിലേക്ക് എത്തിച്ചത്. 64/5 എന്ന നിലയിലേക്ക് വീണ സിംബാബ്‍വേയെ ഈ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് മികച്ച സ്കോറിലേക്ക് നയിച്ചത്.

മിൽട്ടൺ 27 പന്തിൽ 46 റൺസും റയാന്‍ ബര്‍ള്‍ 33 പന്തിൽ 37 റൺസുമാണ് നേടിയത്. അയര്‍ലണ്ടിന് വേണ്ടി ഷെയിന്‍ ഗെറ്റ്കേറ്റ് മൂന്ന് വിക്കറ്റ് നേടി.

298 റൺസ് നേടി സിംബാബ്‍വേ, മൂന്ന് താരങ്ങള്‍ക്ക് അര്‍ദ്ധ ശതകം

സിംബാബ്‍വേ താരങ്ങളായി റെഗിസ് ചകാബ്‍വ, സിക്കന്ദര്‍ റാസ, റയാന്‍ ബര്‍ള്‍ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ മികവിൽ 298 റൺസ് നേടി സിംബാബ്‍വേ. ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 49.3 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു.

ഓപ്പണര്‍ റെഗിസ് ചകാബ്‍വ 84 റൺസ് നേടിയപ്പോള്‍ റയാന്‍ ബര്‍ള്‍ 59 റൺസും സിക്കന്ദര്‍ റാസ 57 റൺസും നേടി. ഡിയോൺ മയേഴ്സ് (34), ബ്രണ്ടന്‍ ടെയിലര്‍(28) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ബംഗ്ലാദേശിന് വേണ്ടി മുഹമ്മദ് സൈഫുദ്ദീനും മുസ്തഫിസുര്‍ റഹ്മാനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ മഹമ്മദുള്ളയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

ട്വിറ്ററില്‍ സഹായം തേടി, പ്യൂമയുമായി കരാറിലെത്തി റയാന്‍ ബര്‍ള്‍

സിംബാബ്‍വേ ക്രിക്കറ്റിലെ മോശം സാമ്പത്തിക സ്ഥിതിയെ സൂചിപ്പിക്കുന്ന ട്വീറ്റ് ഇട്ട ദേശീയ താരം റയാന്‍ ബര്‍ളിന് സഹായവുമായി പ്യൂമ എത്തി. ഓരോ പരമ്പര കഴിഞ്ഞും ഷൂസ് ഗ്ലൂ ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുവാന്‍ ആരെങ്കിലും സ്പോണ്‍സര്‍മാരെ കിട്ടുവാന്‍ സഹായിക്കുമോ എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.

അധികം വൈകാതെ ഗ്ലൂവിന്റെ കാര്യം മറന്നേക്കൂ എന്ന് പ്യൂമ ക്രിക്കറ്റ് ട്വീറ്റ് ചെയ്തതോടെ താരത്തിന്റെ സഹായത്തിനായി കമ്പനി സ്പോണ്‍സര്‍ ആയി എത്തുകയാണെന്ന സൂചന ലഭിച്ചു.

പിന്നീട് താരം തന്നെ ഇക്കാര്യം അറിയിക്കുകയും തന്റെ ട്വീറ്റിന് പിന്തുണ നല്‍കിയ എല്ലാ ആരാധകര്‍ക്കും നന്ദി അറിയിക്കുവാനും റയാന്‍ ബര്‍ള്‍ മറന്നില്ല.

നബിയുടെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ അഫ്ഗാനിസ്ഥാന് വിജയം

ബാറ്റിംഗില്‍ 15 പന്തില്‍ 40 റണ്‍സ് നേടിയ മുഹമ്മദ് നബി ബൗളിംഗിലും രണ്ട് വിക്കറ്റുമായി കസറിയപ്പോള്‍ അഫ്ഗാനിസ്ഥാന് 45 റണ്‍സിന്റെ വിജയം. പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ കരീം ജനത്(53), ഉസ്മാന്‍ ഖനി(49), മുഹമ്മദ് നബി(40) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 193 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് 17.1 ഓവറില്‍ 148 റണ്‍സേ നേടാനായുള്ളു. റയാന്‍ ബര്‍ള്‍ 29 പന്തില്‍ 40 റണ്‍സ് നേടിയപ്പോള്‍ മറ്റു താരങ്ങളില്‍ നിന്ന് മെച്ചപ്പെട്ട പ്രകടനം ഇല്ലാതെ പോയത് ടീമിന് തിരിച്ചടിയായി. ഡൊണാള്‍ഡ് ടിരിപാനെ 14 പന്തില്‍ 24 റണ്‍സ് നേടിയപ്പോള്‍ താരിസായി മുസ്കാണ്ട(22), റിച്ച്മണ്ട് മുടുംബാമി(21) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍.

അഫ്ഗാനിസ്ഥാന് വേണ്ടി റഷീദ് ഖാന്‍ മൂന്നും നവീന്‍ ഉള്‍ ഹക്ക്, മുഹമ്മദ് നബി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശ്, സിംബാബ്‍വേയ്ക്കെതിരെ 3 വിക്കറ്റ് ജയം, തുണയായത് ഏഴാം വിക്കറ്റ് കൂട്ടുകെട്ട്

145 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിനെ നാണംകെട്ട തോല്‍വിയില്‍ നിന്ന് രക്ഷിച്ച് ജയത്തിലേക്ക് നയിച്ച് ഏഴാം വിക്കറ്റ് കൂട്ടുകെട്ട്. 82 റണ്‍സ് നേടിയ മൊസ്ദേക്ക് ഹൊസൈന്‍-അഫിഫ് ഹൊസൈന്‍ കൂട്ടുകെട്ടിന്റെ പ്രകടനമാണ് വലിയ നാണക്കേടില്‍ നിന്ന് ബംഗ്ലാദേശിനെ കരകയറ്റിയത്. 18 ഓവറായി ചുരുക്കിയ മത്സരത്തില്‍ സിംബാബ്‍വേ 144 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ 29/4 എന്ന നിലയിലേക്കും 60/6 എന്ന നിലയിലേക്കും വീഴുകയായിരുന്നു.

അവിടെ നിന്ന് ഏറെ നിര്‍ണ്ണായക പ്രകടനവുമായി അഫിഫ് ഹൊസൈനും മൊസ്ദേക്ക് ഹൊസൈനും ടീമിന്റെ രക്ഷകരായി മാറുകയായിരുന്നു. ഇതില്‍ 24 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച അഫിഫിന്റെ പ്രകടനമാണ് ഏറെ സുപ്രധാനമായത്. മൊസ്ദേക്ക് 30 റണ്‍സ് നേടി വിജയം ഉറപ്പാക്കുന്നതില്‍ അഫിഫിന് മികച്ച പിന്തുണ നല്‍കി.

26 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ അഫിഫ് പുറത്തായപ്പോള്‍ നാല് പന്തില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രം നേടിയാല്‍ മതിയായിരുന്നു ബംഗ്ലാദേശിന്. രണ്ട് പന്ത് അവശേഷിക്കെയാണ് ബംഗ്ലാദേശിന്റെ വിജയം. സിംബാബ്‍വേയ്ക്കായി കൈല്‍ ജാര്‍വിസ്, ടെണ്ടായി ചതാര, നെവില്ലേ മാഡ്സിവ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേയ്ക്ക് വേണ്ടി റയാന്‍ ബര്‍ള്‍ 32 പന്തില്‍ നിന്ന് 57 റണ്‍സും ഹാമിള്‍ട്ടണ്‍ മസകഡ്സ 34 റണ്‍സും നേടി. പുറത്താകാതെ നിന്ന റയാന്‍ ബര്‍ളിനൊപ്പം 27 റണ്‍സുമായി ടിനോടെന്‍ഡ മുടോംബോഡ്സിയും ബാറ്റിംഗ് മികവ് പുലര്‍ത്തി. 63/5 എന്ന നിലയിലേക്ക് ബാറ്റിംഗ് പാളിയ സിംബാബ്‍വേ പിന്നീട് 144 എന്ന പൊരുതാവുന്ന സ്കോറിലേക്ക് എത്തുകയായിരുന്നു.

Exit mobile version