ബാറ്റിംഗിൽ റുതുരാജ്, ബൗളിംഗിൽ ഹംഗാര്‍ഗേക്കര്‍, ഉത്തര്‍ പ്രദേശിനെതിരെ 58 റൺസ് വിജയവുമായി മഹാരാഷ്ട്ര സെമിയിൽ

വിജയ് ഹസാരെ ട്രോഫി സെമിയിൽ പ്രവേശിച്ച് മഹാരാഷ്ട്ര. ഇന്ന് നടന്ന മത്സരത്തിൽ യുപിയെ 58 റൺസിനാണ് മഹാരാഷ്ട്ര പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 330/5 എന്ന സ്കോര്‍ നേടിയപ്പോള്‍ പുറത്താകാതെ റുതുരാജ് ഗായക്വാഡ് വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ ആയ 220 റൺസ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഉത്തര്‍ പ്രദേശ് 272 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 159 റൺസ് നേടി ആര്യന്‍ ജുയൽ പൊരുതി നോക്കിയെങ്കിലും താരത്തിന് പിന്തുണ നൽകുവാന്‍ മറ്റാര്‍ക്കും സാധിക്കാതെ പോയത് യുപിയ്ക്ക് തിരിച്ചടിയായി.

മഹാരാഷ്ട്രയ്ക്കായി രാജ്‍വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ 5 വിക്കറ്റ് നേടി.

ഒരോവറിൽ ഏഴ് സിക്സ്!!!! മൊത്തം 16 സിക്സ്, റുതുരാജിന്റെ ഇരട്ട ശതകം ഉത്തര്‍ പ്രദേശ് ബൗളിംഗിനെ തകര്‍ത്തു

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തര്‍ പ്രദേശിനെതിരെ 330/5 എന്ന കൂറ്റന്‍ സ്കോര്‍ നേടി മഹാരാഷ്ട്ര. പുറത്താകാതെ 220 റൺസ് നേടിയ റുതുരാജ് ഗായക്വാഡിന്റെ ബാറ്റിംഗ് മികവിലാണ് മഹാരാഷ്ട്ര ഈ സ്കോര്‍ നേടിയത്. ഇന്നിംഗ്സിലെ 49ാം ഓവറിൽ ശിവ സിംഗിനെ ഏഴ് സിക്സുകള്‍ക്ക് പായിച്ചാണ് റുതുരാജ് തന്റെ ഇരട്ട ശതകം പൂര്‍ത്തിയാക്കിയത്.

159 പന്തിൽ 220 റൺസ് നേടിയ റുതുരാജ് 10 ഫോറും 16 സിക്സും ആണ് തന്റെ ഇന്നിംഗ്സിൽ നേടിയത്. അങ്കിത് ഭാവനെയും കാസിയും 37 റൺസ് വീതം നേടി. ഉത്തര്‍ പ്രദേശിനായി കാര്‍ത്തിക് ത്യാഗി മൂന്ന് വിക്കറ്റ് നേടി.

പൊരുതി നിന്നത് രോഹന്‍ കുന്നുമ്മൽ മാത്രം, കേരളത്തിന് മഹാരാഷ്ട്രയോട് പരാജയം

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ മഹാരാഷ്ട്രയോട് പരാജയം ഏറ്റുവാങ്ങി കേരളം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര റുതുരാജ് ഗായക്വാഡ് നേടിയ ശതകത്തിന്റെ(114) ബലത്തിൽ 167/4 എന്ന സ്കോര്‍ നേടിയപ്പോള്‍ കേരളത്തിന് 127/8 എന്ന സ്കോറാണ് നേടാനായത്.

58 റൺസ് നേടിയ രോഹന്‍ കുന്നുമ്മലിന് പിന്തുണ നൽകുവാന്‍ മറ്റ് കേരള താരങ്ങള്‍ക്ക് സാധിക്കാതെ പോയപ്പോള്‍ കേരളത്തിന് 39 റൺസ് തോൽവിയേറ്റ് വാങ്ങേണ്ടി വന്നു. 18 റൺസുമായി പുറത്താകാതെ നിന്ന സിജോമോന്‍ ജോസഫ് ആണ് കേരളത്തിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

97/8 എന്ന നിലയിലേക്ക് വീണ കേരളത്തിനെ സിജോയും മിഥുനും ചേര്‍ന്ന് 9ാം വിക്കറ്റിൽ 30 റൺസ് നേടിയാണ് തോൽവിയുടെ ഭാരം കുറയ്ക്കുവാന്‍ സഹായിച്ചത്. മഹാരാഷ്ട്രയ്ക്ക് വേണ്ടി എസ്എസ് ബച്ചാവ് 3 വിക്കറ്റും കാസി രണ്ട് വിക്കറ്റും നേടി.

അനായാസ വിജയവുമായി ഇന്ത്യ എ

ന്യൂസിലാണ്ട് എ യ്ക്കെതിരെ അനായാസ വിജയം നേടി ഇന്ത്യ. റുതുരാജ് ഗായക്വാഡും രാഹുല്‍ ത്രിപാഠിയും തിളങ്ങിയപ്പോള്‍ ഇന്ത്യ 31.5 ഓവറിൽ 168 എന്ന ലക്ഷ്യം മറികടക്കുകയായിരുന്നു. പൃഥ്വി ഷായെ(17) നഷ്ടമായ ശേഷം രണ്ടാം വിക്കറ്റിൽ റുതുരാജും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് 56 റൺസാണ് നേടിയത്. 41 റൺസ് നേടിയ റുതുരാജിനെ മൈക്കൽ റിപ്പൺ പുറത്താക്കി.

തൊട്ടടുത്ത ഓവറിൽ രാഹുൽ ത്രിപാഠിയെയും ഇന്ത്യയ്ക്ക് നഷ്ടമായി. 31 റൺസാണ് താരം നേടിയത്. പിന്നീട് രജത് പടിദാറും സഞ്ജു സാംസണും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. രജത് പടിദാര്‍ 45 റൺസും സഞ്ജു 29 റൺസും നേടിയപ്പോള്‍ ഇരുവരും നാലാം വിക്കറ്റിൽ 69 റൺസാണ് നേടിയത്.

നേരത്തെ ന്യൂസിലാണ്ടിനെ 167 റൺസിന് ഇന്ത്യ ഓള്‍ഔട്ട് ആക്കുകയായിരുന്നു. ശര്‍ദ്ധുൽ താക്കുര്‍ നാലും കുൽദീപ് സെന്‍ 3 വിക്കറ്റും നേടിയാണ് ന്യൂസിലാണ്ടിന്റെ താളം തെറ്റിച്ചത്.

 

ലീഡ് നേടി ഇന്ത്യ എ

ഇന്ത്യ എയും ന്യൂസിലാണ്ട് എയും തമ്മിലുള്ള മത്സരത്തിൽ ലീഡ് നേടി ഇന്ത്യ എ. മത്സരത്തിൽ 56 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യയുടെ പക്കൽ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിലെ 40/1 എന്ന സ്കോര്‍ കൂടി കൂട്ടി 96 റൺസിന്റെ ലീഡാണുള്ളത്.

നേരത്തെ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 293 റൺസാണ് നേടിയത്. 108 റൺസ് നേടിയ റുതുരാജ് ഗായക്വാഡും 76 റൺസ് നേടിയ ഉപേന്ദ്ര യാദവും ആണ് ആതിഥേയര്‍ക്കായി ഒന്നാം ഇന്നിംഗ്സിൽ തിളങ്ങിയത്. ന്യൂസിലാണ്ടിനായി മാത്യു ഫിഷര്‍ 4 വിക്കറ്റ് നേടി.

സൗരഭ് കുമാര്‍ നാലും രാഹുല്‍ ചഹാര്‍ 3 വിക്കറ്റും നേടിയപ്പോള്‍ ന്യൂസിലാണ്ടിന്റെ ഇന്നിംഗ്സ് 237 റൺസിൽ അവസാനിച്ചു. മാര്‍ക്ക് ചാപ്മാന്‍ 92 റൺസും സോലിയ 54 റൺസും നേടിയാണ് ഇന്ത്യയുടെ ലീഡ് കുറച്ചത്.

രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് അഭിമന്യു ഈശ്വറിന്റെ വിക്കറ്റ് നഷ്ടമായപ്പോള്‍ പ്രിയാങ്ക് പഞ്ചൽ(17*), റുതുരാജ് ഗായക്വാഡ്(18*) എന്നിവരാണ് ക്രീസിലുള്ളത്.

റുതുരാജിന് അരങ്ങേറ്റം നൽകണം, ധവാനൊപ്പം ഓപ്പൺ ചെയ്യണം – വസീം ജാഫര്‍

തന്റെ അഭിപ്രായത്തിൽ വെസ്റ്റിന്‍ഡീസിൽ ഇന്ത്യയ്ക്കായി ഓപ്പണിംഗ് ദൗത്യത്തിൽ ശിഖര്‍ ധവാന് കൂട്ടായി എത്തേണ്ടത് റുതുരാജ് ഗായക്വാഡ് ആണെന്ന് പറഞ്ഞ് വസീം ജാഫര്‍. ലിസ്റ്റ് എയിൽ ഓപ്പണറെന്ന നിലയിൽ മികച്ച റെക്കോര്‍ഡുള്ള താരമാണ് റുതുരാജ് എന്നും താരത്തിനെ ആ സ്ഥാനത്ത് തന്നെ കളിപ്പിക്കണമെന്നും വസീം ജാഫര്‍ പറഞ്ഞു.

2021 വിജയ് ഹസാരെയിൽ ഏറ്റവും മികച്ച ഫോമിൽ കളിച്ച താരത്തിന് എന്നാൽ ഇത്തവണത്തെ ഐപിഎലില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല. വിജയ് ഹസാരെയിൽ 5 ഇന്നിംഗ്സിൽ നിന്ന് 603 റൺസാണ് താരം നേടിയത്.

ഇടത് -വലത് കോമ്പിനേഷനും ഇത് വഴി സാധ്യമാകും എന്നാണ് വസീം ജാഫര്‍ വ്യക്തമാക്കിയത്. ഏകദിനത്തിൽ അരങ്ങേറ്റ അവസരത്തിനായി കാത്തിരിക്കുകയാണ് റുതുരാജ് ഗായക്വാഡ്.

റുതുരാജിന് പരിക്കായിരുന്നു, അതിനാൽ തന്നെ എല്ലാവരും ബാറ്റിംഗ് ഓര്‍ഡറിൽ ഒരു സ്ഥാനം മുന്നോട്ട് ഇറങ്ങി – ഹാര്‍ദ്ദിക് പാണ്ഡ്യ

അയര്‍ലണ്ടിനെതിരെ ഇഷാന്‍ കിഷന് ഒപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്തത് ദീപക് ഹൂഡയായിരുന്നു. ഓപ്പണറായി റുതുരാജ് ടീമിലുണ്ടായിട്ടും ഹൂഡയെ പരീക്ഷിച്ചതിന് കാരണം ഹാര്‍ദ്ദിക് മത്സര ശേഷം വ്യക്തമാക്കുകയായിരുന്നു. റുതുരാജിന് ചെറിയ നിഗിള്‍ ഉണ്ടായിരുന്നുവെന്നും അതിനാൽ തന്നെ ബാക്കിയെല്ലാവരും ഒരു സ്ഥാനം മുകളിൽ ബാറ്റ് ചെയ്യുകയായിരുന്നുവെന്നും ഹാര്‍ദ്ദിക് വ്യക്തമാക്കി.

47 റൺസ് നേടിയ ദീപക് ഹൂഡയുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ മികച്ച ചേസിംഗ് പുറത്തെടുത്ത് അയര്‍ലണ്ടിനോട് വിജയം നേടുകയായിരുന്നു. അവസാന നിമിഷം മാത്രമാണ് ഹൂഡയോട് ഓപ്പൺ ചെയ്യേണ്ടി വരുമെന്ന് പറഞ്ഞതെന്നും അദ്ദേഹം മികച്ച രീതിയിൽ തന്റെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയ എന്നും ഹാര്‍ദ്ദിക് പറഞ്ഞു.

മികച്ച തുടക്കം നൽകി ഓപ്പണര്‍മാര്‍, ആ തുടക്കം മുതലാക്കാനാകാതെ ഇന്ത്യ നേടിയത് 179 റൺസ്

10 ഓവറിൽ 97/1 എന്ന നിലയിൽ നിന്ന് 179 റൺസിൽ അവസാനിച്ച് ഇന്ത്യയുടെ ഇന്നിംഗ്സ്. 35 പന്തിൽ 57 റൺസ് നേടിയ റുതുരാജ് ഗായക്വാഡും 35 പന്തിൽ 54 റൺസ് നേടി ഇഷാന്‍ കിഷനും നേടിയ നൽകിയ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യയ്ക്ക് തുടരെ വിക്കറ്റുകള്‍ വീഴുകയായിരുന്നു.

കിഷനും ഗായക്വാഡും ചേര്‍ന്ന് 97 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. റുതുരാജിനെ പുറത്താക്കി കേശവ് മഹാരാജ് ആണ് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. ശ്രേയസ്സ് അയ്യര്‍(14), ഇഷാന്‍ കിഷന്‍, ഋഷഭ് പന്ത് എന്നിവര്‍ അടുത്തടുത്ത ഓവറുകളിൽ പുറത്തായത് ഇന്ത്യയുടെ താളം തെറ്റിച്ചു.

ഹാര്‍ദ്ദിക് പാണ്ഡ്യ 21 പന്തിൽ നേടിയ 31 റൺസാണ് ഇന്ത്യയെ 179 റൺസിലേക്ക് എത്തുവാന്‍ സഹായിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ഡ്വെയിന്‍ പ്രിട്ടോറിയസ് 2 വിക്കറ്റ് നേടി.

റുതുരാജിന് അര്‍ദ്ധ ശതകം, ചെന്നൈയെ പിടിച്ചുകെട്ടി ഗുജറാത്ത്

ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 133 റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് ഡെവൺ കോൺവേയെ ആദ്യമേ നഷ്ടമായപ്പോള്‍ പിന്നീട് റുതുരാജ് മോയിന്‍ അലി, ജഗദീഷന്‍ എന്നിവരുമായി നേടിയ കൂട്ടുകെട്ടുകളാണ് ചെന്നൈയെ മുന്നോട്ട് നയിച്ചത്.

53 റൺസ് നേടിയ റുതുരാജ് പുറത്താകുന്നതിന് മുമ്പ് മോയിന്‍ അലിയുമായി(21) 57 റൺസും ജഗദീഷനുമായി 48 റൺസും ആണ് നേടിയത്. ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി. അഞ്ച് വിക്കറ്റ് നഷ്ടമായ ചെന്നൈയ്ക്ക് വേണ്ടി ജഗദീഷന്‍ 39 റൺസ് നേടി പുറത്താകാതെ നിന്നു.

റുതുരാജ് ചെന്നൈയുടെ ദീര്‍ഘകാല ക്യാപ്റ്റനാവാന്‍ യോഗ്യന്‍ – വീരേന്ദര്‍ സേവാഗ്

റുതുരാജ് മൂന്ന് നാല് സീസണുകള്‍ കൂടി റൺസ് കണ്ടെത്തുകയാണെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനായി താരം മാറുമെന്നും എംഎസ് ധോണിയെ പോലെ ദീര്‍ഘ കാല ക്യാപ്റ്റനാകുവാന്‍ താരത്തിന് സാധിക്കുമെന്നും പറഞ്ഞ് വീരേന്ദര്‍ സേവാഗ്.

താരത്തിന് എംഎസ് ധോണിയുടെ എല്ലാ ഗുണങ്ങളുമുണ്ടെന്നും ഇല്ലാത്തത് ഭാഗ്യത്തിന്റെ ഘടകം ആണെന്നും സേവാഗ് കൂട്ടിചേര്‍ത്തു. ഐപിഎലില്‍ പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്തായിരുന്നു.

ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തിൽ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയെങ്കിലും പിന്നീട് ക്യാപ്റ്റന്‍സി ധോണിയിലേക്ക് തന്നെ തിരികെ എത്തുകയായിരുന്നു. അവസാനം ഐപിഎലില്‍ നിന്ന് തന്നെ പരിക്ക് കാരണം ജഡേജ പിന്മാറിയപ്പോള്‍ സോഷ്യൽ മീഡിയ താരത്തെ റെയ്നയെ പോലെ പുറത്താക്കിയതാണെന്ന തരത്തിൽ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ക്രെഡിറ്റ് ധോണിയ്ക്ക്, റുതുരാജിനൊപ്പം കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുന്നതിൽ സന്തോഷം – ഡെവൺ കോൺവേ

ടീമിലേക്ക് മടങ്ങിയെത്തിയ ശേഷം മികച്ച ഫോമിലാണ് ചെന്നൈയുടെ ന്യൂസിലാണ്ട് ഓപ്പണര്‍ ഡെവൺ കോൺവേ. റുതുരാജുമായി താന്‍ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുന്നത് ആസ്വദിക്കുകയാണെന്നും കാര്യങ്ങള്‍ ലളിതമായി കൈകാര്യം ചെയ്യുക എന്നതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ധാരണയെന്നും കോൺവേ വ്യക്തമാക്കി.

താന്‍ പലപ്പോഴും സ്വീപിന് ശ്രമിച്ച് പരാജയപ്പെടുന്നുണ്ടെന്നും കഴിഞ്ഞ മത്സരത്തിലും അത് സംഭവിച്ചപ്പോള്‍ തന്നോട് സ്ട്രെയിറ്റായിട്ട് കളിക്കുവാന്‍ പറഞ്ഞത് എംഎസ് ധോണിയാണെന്നും അദ്ദേഹത്തിന് അതിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നുവെന്നും കോൺവേ കൂട്ടിചേര്‍ത്തു.

താന്‍ മൈക്ക് ഹസ്സിയുമായി സര്‍ഫസ് എങ്ങനെയെന്നും ഏതെല്ലാം ബൗളര്‍മാരെ ലക്ഷ്യം വയ്ക്കണമെന്നും ചര്‍ച്ച ചെയ്തിരുന്നുവെന്നും പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം വാങ്ങിയ ശേഷം ചെന്നൈ ഓപ്പണര്‍ പറഞ്ഞു.

വീണ്ടും ഓപ്പണര്‍മാരുടെ മിന്നും തുടക്കം, 200 കടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഡൽഹി ക്യാപിറ്റൽസിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഡെവൺ കോൺവേയുടെ 87 റൺസിനൊപ്പം റുതുരാജ്(41), ശിവം ഡുബേ(32), എംഎസ് ധോണി(21*) എന്നിവരുടെ ബാറ്റിംഗ് മികവാണ് ടീമിനെ 200 കടത്തിയത്. 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് ചെന്നൈ നേടിയത്.

ഇന്ന് ഐപിഎലില്‍ ടോസ് നേടി ഡൽഹി ബൗളിംഗ് തിരഞ്ഞെടുത്തുവെങ്കിലും തിരിച്ചടിയായിരുന്നു ഫലം. ഡെവൺ കോൺവേയും റുതുരാജ് ഗായക്വാഡും ചേര്‍ന്ന് 110 റൺസ് 11 ഓവറിൽ നേടി മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നൽകിയത്.

41 റൺസ് നേടിയ റുതുരാജ് പുറത്തായ ശേഷം ഡൽഹി ബൗളര്‍മാര്‍ റണ്ണൊഴുക്കിന് തടയിടുകയായിരുന്നു. ടീമിലേക്ക് തിരികെ എത്തിയ ശിവം ഡുബേ നിലയുറപ്പിക്കുവാന്‍ പാടുപെട്ടപ്പോള്‍ താരം നൽകിയ അവസരം അക്സര്‍ പട്ടേൽ കൈവിട്ടു.

എന്നാൽ ഇതിന് ശേഷം ആ ഓവറിൽ രണ്ട് സിക്സും ഒരു ഫോറും നേടി ഡുബേ ഡൽഹിയ്ക്ക് കനത്ത തിരിച്ചടി നൽകി. എന്നാൽ അധികം വൈകാതെ താരം പുറത്തായി. 32 റൺസ് നേടിയ ഡുബേയെ മാര്‍ഷ് ആണ് പുറത്താക്കിയത്.

കൺക്കറ്റ് പ്രഹരം ഡൽഹി ബൗളര്‍മാര്‍ ഏറ്റുവാങ്ങിയപ്പോള്‍ ഖലീൽ അഹമ്മദിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. തന്റെ നാലോവറിൽ 28 റൺസ് വഴങ്ങി 2 വിക്കറ്റാണ് താരം നേടിയത്. ഇതിൽ അവസാന ഓവറിലാണ് താരം 16 റൺസ് വഴങ്ങിയത്.

അവസാന ഓവറിൽ മോയിന്‍ അലിയെയും റോബിന്‍ ഉത്തപ്പയെയും പുറത്താക്കി ആന്‍റിക് നോര്‍ക്കിയ മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടി. എംഎസ് ധോണി 8 പന്തിൽ നിന്ന് 21 റൺസുമായി പുറത്താകാതെ നിന്നു.

Exit mobile version