സഞ്ജുവിന്റെ കീഴിൽ പരമ്പര തൂത്തുവാരി ഇന്ത്യ എ, 4 വിക്കറ്റുമായി രാജ് അംഗദ് ബാവ, ഇന്ത്യയ്ക്ക് 106 റൺസ് വിജയം

സഞ്ജുവിന്റെ കീഴിൽ ന്യൂസിലാണ്ട് എയ്ക്കെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ എ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 284 റൺസിന് ഓള്‍ഔട്ട് ആയെങ്കിലും രാജ് അംഗദ് ബാവയുെ മികച്ച ബൗളിംഗ് പ്രകടനത്തിന്റെ ബലത്തിൽ 178 റൺസിന് ന്യൂസിലാണ്ടിനെ ഓള്‍ഔട്ട് ആക്കി ഇന്ത്യ 106 റൺസിന്റെ വിജയം ആണ് നേടിയത്.

ബാവ 4 വിക്കറ്റ് നേടിയപ്പോള്‍ കുൽദീപ് യാദവും രാഹുല്‍ ചഹാറും 2 വീതം വിക്കറ്റ് നേടി. 38.3 ഓവറിൽ ആണ് ന്യൂസിലാണ്ട് ഇന്നിംഗ്സ് അവസാനിച്ചത്. ഡെയന്‍ ക്ലെവര്‍ 83 റൺസുമായി ന്യൂസിലാണ്ട് എ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 29 റൺസ് നേടിയ മൈക്കൽ റിപ്പൺ ആണ് മറ്റൊരു പ്രധാന സ്കോറര്‍.

സഞ്ജുവിന് അര്‍ദ്ധ ശതകം, ഇന്ത്യ എയ്ക്ക് 284 റൺസ്

ന്യൂസിലാണ്ട് എയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ 284 റൺസിന് ഓള്‍ഔട്ട് ആയി ഇന്ത്യ എ. ക്യാപ്റ്റന്‍ സഞ്ജു സാംസണും തിലക് വര്‍മ്മയും ശര്‍ദ്ധുൽ താക്കുറും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ 49.3 ഓവറിലാണ് ഇന്ത്യ ഓള്‍ഔട്ട് ആയത്.

54 റൺസ് നേടിയ സ‍ഞ്ജു ടോപ് സ്കോറര്‍ ആയപ്പോള്‍ ശര്‍ദ്ധുൽ 33 പന്തിൽ നിന്ന് 51 റൺസാണ് നേടിയത്. തിലക് വര്‍മ്മ 50 റൺസും ഋഷി ധവാന്‍ 34 റൺസും നേടി. അഭിമന്യു ഈശ്വരന്‍ 39 റൺസ് നേടി.

ന്യൂസിലാണ്ടിനായി ജേക്കബ് ഡഫി, മാത്യു ഫിഷര്‍, മൈക്കൽ റിപ്പൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

പൃഥ്വി ഷാ ഷോ!!! പിന്നീട് തകര്‍ച്ച നേരിട്ടെങ്കിലും 4 വിക്കറ്റ് വിജയം കരസ്ഥമാക്കി ഇന്ത്യ എ

219 റൺസിന് ന്യൂസിലാണ്ടിനെ എറിഞ്ഞൊതുക്കിയ ശേഷം ലക്ഷ്യം 34 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ പൃഥ്വി ഷായും റുതുരാജ് ഗായക്വാഡും ചേര്‍ന്ന് 82 റൺസാണ് ഇന്ത്യയ്ക്കായി നേടിയത്. പൃഥ്വി ഷാ വെടിക്കെട്ട് തുടക്കം ഇന്ത്യയ്ക്ക് നൽകിയപ്പോള്‍ 30 റൺസ് നേടിയ റുതുരാജ് ആണ് ആദ്യം പുറത്തായത്.

26 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച പൃഥ്വി ഷാ രജത് പടിദാറുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 49 റൺസാണ് നേടിയത്. പടിദാര്‍ 20 റൺസ് നേടി ജേക്കബ് ഡഫിയ്ക്ക് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ അധികം വൈകാതെ പൃഥ്വി ഷായെയും തിലക് വര്‍മ്മയെയും ഇന്ത്യയ്ക്ക് നഷ്ടമായി. 48 പന്തിൽ നിന്ന് 77 റൺസാണ് പൃഥ്വി നേടിയത്. 11 ഫോറും 3 സിക്സും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.

131/1 എന്ന നിലയിൽ നിന്ന് 134/4 എന്ന നിലയിലേക്ക് ഇന്ത്യ വീഴുകയായിരുന്നു. പിന്നീട് സഞ്ജു സാംസണും ഋഷി ധവാനും ചേര്‍ന്ന് 46 റൺസ് അഞ്ചാം വിക്കറ്റിൽ നേടിയെങ്കിലും 37 റൺസ് നേടിയ സഞ്ജുവിനെ ലോഗന്‍ വാന്‍ ബീക്ക് പുറത്താക്കിയതോടെ ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി. അതേ ഓവറിൽ രാജ് അംഗദ് ബാവയെ പുറത്താക്കി ലോഗന്‍ തന്റെ മൂന്നാം വിക്കറ്റ് നേടി.

പിന്നീട് ഋഷി ധവാനും ശര്‍ദ്ധുൽ താക്കുറും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ഋഷി 22 റൺസ് നേടിയപ്പോള്‍ ശര്‍ദ്ധുൽ 25 റൺസ് നേടി പുറത്താകാതെ നിന്നു. 42 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

കുൽദീപ് യാദവിന് ഹാട്രിക്ക്, ന്യൂസിലാണ്ട് എയെ 219 റൺസിന് ഓള്‍ഔട്ട് ആക്കി ഇന്ത്യ എ

ന്യൂസിലാണ്ട് എയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ മികച്ച ബൗളിംഗ് പ്രകടനവുമായി ഇന്ത്യ എ. സഞ്ജു സാംസൺ നേതൃത്വം നൽകുന്ന ഇന്ത്യ എയ്ക്കെതിരെ 47 ഓവറിൽ ന്യൂസിലാണ്ട് എ 219 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 47ാം ഓവറിലെ അവസാന മൂന്ന് പന്തിൽ ലോഗന്‍ വാന്‍ ബീക്ക്, ജോ വാക്കർ, ജേക്കബ് ഡഫി എന്നിവരെ പുറത്താക്കിയാണ് കുൽദീപ് തന്റെ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാല് വിക്കറ്റ് നേടിയപ്പോള്‍ 72 റൺസ് നേടിയ ജോ കാര്‍ട്ടര്‍ ആണ് ന്യൂസിലാണ്ടിന്റെ ടോപ് സ്കോറര്‍. രചിന്‍ രവീന്ദ്ര 61 റൺസ് നേടി. രാഹുല്‍ ചഹാര്‍, ഋഷി ധവാന്‍‍ എന്നിവര്‍ ഇന്ത്യയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

അനായാസ വിജയവുമായി ഇന്ത്യ എ

ന്യൂസിലാണ്ട് എ യ്ക്കെതിരെ അനായാസ വിജയം നേടി ഇന്ത്യ. റുതുരാജ് ഗായക്വാഡും രാഹുല്‍ ത്രിപാഠിയും തിളങ്ങിയപ്പോള്‍ ഇന്ത്യ 31.5 ഓവറിൽ 168 എന്ന ലക്ഷ്യം മറികടക്കുകയായിരുന്നു. പൃഥ്വി ഷായെ(17) നഷ്ടമായ ശേഷം രണ്ടാം വിക്കറ്റിൽ റുതുരാജും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് 56 റൺസാണ് നേടിയത്. 41 റൺസ് നേടിയ റുതുരാജിനെ മൈക്കൽ റിപ്പൺ പുറത്താക്കി.

തൊട്ടടുത്ത ഓവറിൽ രാഹുൽ ത്രിപാഠിയെയും ഇന്ത്യയ്ക്ക് നഷ്ടമായി. 31 റൺസാണ് താരം നേടിയത്. പിന്നീട് രജത് പടിദാറും സഞ്ജു സാംസണും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. രജത് പടിദാര്‍ 45 റൺസും സഞ്ജു 29 റൺസും നേടിയപ്പോള്‍ ഇരുവരും നാലാം വിക്കറ്റിൽ 69 റൺസാണ് നേടിയത്.

നേരത്തെ ന്യൂസിലാണ്ടിനെ 167 റൺസിന് ഇന്ത്യ ഓള്‍ഔട്ട് ആക്കുകയായിരുന്നു. ശര്‍ദ്ധുൽ താക്കുര്‍ നാലും കുൽദീപ് സെന്‍ 3 വിക്കറ്റും നേടിയാണ് ന്യൂസിലാണ്ടിന്റെ താളം തെറ്റിച്ചത്.

 

ന്യൂസിലാണ്ട് എയെ 167 റൺസിന് എറിഞ്ഞിട്ട് സഞ്ജുവും സംഘവും

ഇന്ത്യ എയും ന്യൂസിലാണ്ട് എയും തമ്മിലുള്ള ഏകദിന മത്സരത്തിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് സന്ദര്‍ശകര്‍. ഇന്ന് ക്യാപ്റ്റന്‍ സഞ്ജു സാംസൺ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ന്യൂസിലാണ്ട് ബാറ്റിംഗ് 40.2 ഓവറിൽ 167 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ശര്‍ദ്ധുൽ താക്കുര്‍ നാലും കുൽദീപ് സെന്‍ മൂന്നും വിക്കറ്റ് നേടിയാണ് ന്യൂസിലാണ്ടിന്റെ നടുവൊടിച്ചത്. 61 റൺസ് നേടിയ മൈക്കൽ റിപ്പൺ ആണ് ന്യൂസിലാണ്ട് എയുടെ ടോപ് സ്കോറര്‍. ജോ വാക്കര്‍ 36 റൺസ് നേടി. 74/8 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിനെ റിപ്പൺ – വാക്കര്‍ കൂട്ടുകെട്ട് 89 റൺസ് നേടിയാണ് വലിയ നാണക്കേടിൽ നിന്ന് കരകയറ്റിയത്.

302 റൺസിന് ന്യൂസിലാണ്ടിനെ എറിഞ്ഞൊതുക്കി ഇന്ത്യ എ, രണ്ടാം ഇന്നിംഗ്സിലും ബൗളിംഗ് മികവുമായി സൗരഭ് കുമാര്‍

ന്യൂസിലാണ്ട് എയ്ക്കെതിരെ മികച്ച വിജയം നേടി ഇന്ത്യ എ. ഇന്ന് മത്സരത്തിന്റെ അവസാന ദിവസം ന്യൂസിലാണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 302 റൺസിന് എറിഞ്ഞവസാനിപ്പിച്ചാണ് ഇന്ത്യ എ 113 റൺസ് വിജയം നേടിയത്.

5 വിക്കറ്റ് നേടി സൗരഭ് കുമാര്‍ ആണ് രണ്ടാം ഇന്നിംഗ്സിലും ന്യൂസിലാണ്ടിന് തിരിച്ചടി നൽകിയത്. സര്‍ഫ്രാസ് ഖാന്‍ രണ്ട് വിക്കറ്റ് നേടി. ജോ കാര്‍ട്ടർ 111 റൺസുമായി പൊരുതി നോക്കിയപ്പോള്‍ മാര്‍ക്ക് ചാപ്മാന്‍(45), ഡെയിന്‍ ക്ലീവര്‍(44) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

രജത് പടിദാറിന്റെ ശതകത്തിന്റെ ബലത്തിൽ മികച്ച സ്കോര്‍ നേടി ഇന്ത്യ എ

ന്യൂസിലാണ്ടിനെതിരെ മൂന്നാം ചതുര്‍ദിന മത്സരത്തിൽ മികച്ച സ്കോര്‍ നേടി ഇന്ത്യ എ. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 359/7 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

416 റൺസ് വിജയ ലക്ഷ്യം ആണ് ഇന്ത്യ ഇതോടെ ന്യൂസിലാണ്ടിന് മുന്നിൽ നൽകിയത്. 109 റൺസ് നേടിയ രജത് പടിദാറും 94 റൺസ് നേടിയ റുതുരാജ് ഗായക്വാഡും ബാറ്റിംഗ് നിരയിൽ തിളങ്ങിയപ്പോള്‍ സര്‍ഫ്രാസ് ഖാന്‍(63), പ്രിയാങ്ക് പഞ്ചൽ(62) എന്നിവരും തിളങ്ങി.

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 20/1 എന്ന നിലയിലാണ്. 395 റൺസ് ടീം ഇനിയും നേടേണ്ടതായി ഉണ്ട്.

ലീഡ് നേടി ഇന്ത്യ എ

ഇന്ത്യ എയും ന്യൂസിലാണ്ട് എയും തമ്മിലുള്ള മത്സരത്തിൽ ലീഡ് നേടി ഇന്ത്യ എ. മത്സരത്തിൽ 56 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യയുടെ പക്കൽ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിലെ 40/1 എന്ന സ്കോര്‍ കൂടി കൂട്ടി 96 റൺസിന്റെ ലീഡാണുള്ളത്.

നേരത്തെ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 293 റൺസാണ് നേടിയത്. 108 റൺസ് നേടിയ റുതുരാജ് ഗായക്വാഡും 76 റൺസ് നേടിയ ഉപേന്ദ്ര യാദവും ആണ് ആതിഥേയര്‍ക്കായി ഒന്നാം ഇന്നിംഗ്സിൽ തിളങ്ങിയത്. ന്യൂസിലാണ്ടിനായി മാത്യു ഫിഷര്‍ 4 വിക്കറ്റ് നേടി.

സൗരഭ് കുമാര്‍ നാലും രാഹുല്‍ ചഹാര്‍ 3 വിക്കറ്റും നേടിയപ്പോള്‍ ന്യൂസിലാണ്ടിന്റെ ഇന്നിംഗ്സ് 237 റൺസിൽ അവസാനിച്ചു. മാര്‍ക്ക് ചാപ്മാന്‍ 92 റൺസും സോലിയ 54 റൺസും നേടിയാണ് ഇന്ത്യയുടെ ലീഡ് കുറച്ചത്.

രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് അഭിമന്യു ഈശ്വറിന്റെ വിക്കറ്റ് നഷ്ടമായപ്പോള്‍ പ്രിയാങ്ക് പഞ്ചൽ(17*), റുതുരാജ് ഗായക്വാഡ്(18*) എന്നിവരാണ് ക്രീസിലുള്ളത്.

പരിക്ക് വിനയായി, ന്യൂസിലാണ്ട് എ ടീമിനെതിരെയുള്ള മത്സരങ്ങള്‍ക്ക് പ്രസിദ്ധ് കൃഷ്ണ ഇല്ല

ന്യൂസിലാണ്ടും ഇന്ത്യയും തമ്മിലുള്ള എ സീരീസ് പരമ്പരയിൽ നിന്ന് പ്രസിദ്ധ് കൃഷ്ണ പുറത്ത്. പുറത്തിനേറ്റ പരിക്ക് കാരണം ആണ് ബെംഗളൂരിൽ നടക്കുന്ന ചതുര്‍ദിന പരമ്പരയിൽ നിന്ന് പ്രസിദ്ധ് പുറത്തായത്. ഇന്നലെ ആരംഭിച്ച ആദ്യ ചതുര്‍ദിന മത്സരത്തിൽ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല

ഇതോടെ പരിചയസമ്പത്തുള്ള ഒരു പേസറുടെ സേവനം ആണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മത്സരത്തിന്റെ ആദ്യ ദിവസം ന്യൂസിലാണ്ട് എ ടീം 61 ഓവറിൽ 156/5 എന്ന നിലയിലാണ്. പ്രസിദ്ധിന് പകരക്കാരനെ ഇതുവരെ ടീം പ്രഖ്യാപിച്ചിട്ടില്ല.

സെപ്റ്റംബര്‍ 8, 15 തീയ്യതികളിലാണ് അടുത്ത രണ്ട് ചതുര്‍ദിന മത്സരങ്ങള്‍ നടക്കുക.

പ്രിയാംഗ് പഞ്ചൽ നായകന്‍, ഇന്ത്യ എ ടീം പ്രഖ്യാപിച്ചു

ന്യൂസിലാണ്ട് എ ടീമിനെതിരെ കളിക്കുവാനുള്ള ഇന്ത്യയുടെ എ ടീമിനെ പ്രഖ്യാപിച്ചു. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത പോലെ പ്രിയാംഗ് പഞ്ചൽ ആണ് ടീമിന്റെ നായകന്‍. ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 1ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ബെംഗളൂരുവും ഹൂബ്ലിയിലുമായാണ് മൂന്ന് ചതുര്‍ദിന മത്സരങ്ങള്‍ നടക്കുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 8ന് ഹൂബ്ലിയിലും മൂന്നാം മത്സരം സെപ്റ്റംബര്‍ 15ന് ബെംഗളൂരുവിലും നടക്കും.

ചെന്നൈയിൽ നടക്കുന്ന ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.

ഇന്ത്യ എ ചതുര്‍ദിന ടീം : Priyank Panchal (Captain), Abhimanyu Easwaran, Ruturaj Gaikwad, Rajat Patidar, Sarfaraaz Khan, Tilak Varma, KS Bharat (wk), Upendra Yadav (wk), Kuldeep Yadav, Saurabh Kumar, Rahul Chahar, Prasidh Krishna, Umran Malik, Mukesh Kumar, Yash Dayal, Arzan Nagwaswalla

 

Story Highlights: Priyank Panchal to lead, India A squad for four-day matches against New Zealand A announced

ഇന്ത്യ എ ടീമിന്റെ നായകനായി പ്രിയാംഗ് പഞ്ചലിനെയും ഹനുമ വിഹാരിയെയും പരിഗണിക്കുന്നു

ന്യൂസിലാണ്ട് എ ടീമിനെതിരെ ചതുര്‍ദിന – ഏകദിന പരമ്പരയ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കുവാനിരിക്കെ ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് പ്രിയാംഗ് പഞ്ചലിനെയും ഹനുമ വിഹാരിയെയും പരിഗണിക്കുന്നു. പ്രിയാംഗ് പഞ്ചൽ എന്തെങ്കിലും കാരണങ്ങളാൽ പരമ്പരയിൽ കളിക്കുന്നില്ലെങ്കിലാണ് ഹനുമ വിഹാരിയെ പരിഗണിക്കുക എന്നാണ് അറിയുന്നത്.

ശുഭ്മന്‍ ഗില്‍ ഒരു കൗണ്ടിയുമായി കരാറിലെത്തുന്നതിനുള്ള ചര്‍ച്ചകളിലായതിനാലാണ് താരത്തെ ഈ റോളിലേക്ക് പരിഗണിക്കാത്തതെന്നാണ് ലഭിയ്ക്കുന്ന വിവരം. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യ എ സ്ക്വാഡിനെ പ്രഖ്യാപിക്കും.

 

Story Highlights: Panchal, Vihari in line for India A captaincy

Exit mobile version