ഐ പി എല്ലിലെ ഇമ്പാക്ട് പ്ലയർ റൂൾ ഒഴിവാക്കണം എന്ന് വസീം ജാഫർ

ഐ പി എൽ ഇമ്പാക്ട് പ്ലയർ നിയമം എടുത്ത് കളയണം എന്ന് വസീം ജാഫർ. ഓൾറൗണ്ടർമാരെ ബൗൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കാത്ത നിയമമാണ് ഇതെന്നും അതുകൊണ്ട് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ‘ഇംപാക്റ്റ് പ്ലെയർ’ നിയമം എടുത്തുകളയേണ്ടതുണ്ടെന്നും ജാഫർ പറഞ്ഞു.

ഓൾറൗണ്ടർമാരുടെ ബൗളിംഗിന്റെ അഭാവം ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ആശങ്കയുണ്ടാക്കുന്നുണ്ട് എന്നും മുൻ ഇന്ത്യൻ ബാറ്റർ വസീം ജാഫർ പറഞ്ഞു.

“ഐ‌പി‌എൽ ഇംപാക്റ്റ് പ്ലെയർ നിയമം എടുത്തുകളയേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു, കാരണം ഇത് ഓൾറൗണ്ടർമാരെ കൂടുതൽ പന്തെറിയാൻ പ്രോത്സാഹിപ്പിക്കുന്നില്ല, ബൗൾ ചെയ്യുന്ന ബാറ്റർമാരുടെയും അഭാവം ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വിഷയമാണ്.” ജാഫർ പറഞ്ഞു.

ചാഹലിന് ബൗൾ കൊടുക്കാത്ത ഹാർദ്ദികിന്റെ തീരുമാനം ഞെട്ടിച്ചുവെന്ന് ജാഫർ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫർ ഹാർദ്ദികിന്റെ ഇന്നലത്തെ ക്യാപ്റ്റൻസി മോശമായിരുന്നു എന്ന് പറഞ്ഞു. ചാഹലിന് അദ്ദേഹത്തിന്റെ അവസാന ഓവർ നൽകാത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ജാഫർ പറഞ്ഞു.

“ഹാർദ്ദികിന്റെ തീരുമാനങ്ങൾ വളരെ ആശ്ചര്യപ്പെടുത്തുന്നു, പ്രത്യേകിച്ച് ചാഹൽ തന്റെ നാലാമത്തെ ഓവർ എറിഞ്ഞില്ല, അക്സർ ഒരു ഓവർ പോലും എറിഞ്ഞില്ല. ഇന്ത്യൻ വൈറ്റ് ബോൾ ക്രിക്കറ്റിന്റെ അടുത്ത ക്യാപ്റ്റൻ ഹാർദിക് ആണെന്ന് എല്ലാവരും കരുതുന്നു, യുസ്‌വേന്ദ്ര ചാഹലിലും അക്‌സർ പട്ടേലിലും അദ്ദേഹം വിശ്വാസം പ്രകടിപ്പിക്കാത്തത് അൽപ്പം ആശ്ചര്യകരമാണ്.” ജാഫർ പറഞ്ഞു.

കളിയിൽ ഇന്ത്യയെ തിരികെ കൊണ്ടുവന്ന ചാഹലിനെ നാലാം ഓവറിൽ വിശ്വസിക്കാതിരിക്കാൻ കാരണം എന്തെന്ന് അറിയില്ല. എല്ലാവരേയും പോലെ ഞാനും ആശ്ചര്യപ്പെടുന്നു,” ജാഫർ ESPNCricinfo-യിൽ പറഞ്ഞു.

ചാഹൽ തന്റെ ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ആയിരുന്നു കളിയിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവന്നത്. എന്നാൽ വീണ്ടും ചാഹലിന് ബൗൾ കൊടുക്കുന്നതിന് പകരം മുകേഷ് കുമാറിനും അർഷ്ദീപ് സിങ്ങിനും ഹാർദ്ദിക് പന്ത് കൈമാറി.18.5 ഓവറിലേക്ക് വെസ്റ്റിൻഡീസ് കളി ജയിക്കുകയും ചെയ്തു.

ടെന്നീസ് ബോള്‍ ക്രിക്കറ്റ് മാത്രം കളിച്ച ആകാശ് ഇതുവരെ എത്തിയതിൽ ഏറെ അഭിമാനം – വസീം ജാഫര്‍

മുംബൈയുടെ ആകാശ് മാദ്വലിന്റെ ഇപ്പോളത്തെ നേട്ടത്തിൽ ഏറെ അഭിമാനം തോന്നുന്നുവെന്ന് പറഞ്ഞ് വസീം ജാഫര്‍. താന്‍ ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി നിന്നിരുന്ന സമയത്ത് ട്രയൽസിനെത്തിയ ഒരു യുവാവിനെ ഓര്‍ക്കുന്നുവെന്നും 24-25 വയസ്സുണ്ടായിരുന്ന താരം ടെന്നീസ് ബോള്‍ ക്രിക്കറ്റ് മാത്രമായിരുന്നു കളിച്ചിട്ടുള്ളത്.

തനിക്കും കോച്ചിംഗ് സ്റ്റാഫിലെ മറ്റംഗങ്ങള്‍ക്കും അപ്പോള്‍ തന്നെ ആകാശിന്റെ പേസ് കണ്ട് തൃപ്തരായി എന്നും അപ്പോള്‍ തന്നെ താരത്തെ ടീമിലെടുക്കുകയായിരുന്നുവെന്നും വസീം ജാഫര്‍ കൂട്ടിചേര്‍ത്തു. ആ സംഭവം നടക്കുന്നത് 2019ലാണെന്നും അവിടെ നിന്ന് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ആകാശ് മാദ്വൽ ഇവിടെ എത്തി നിൽക്കുമ്പോള്‍ ഏറെ അഭിമാനം തോന്നുവെന്നും വസീം ജാഫര്‍ പറഞ്ഞു.

ഈ സീസണിൽ 7 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് നേടിയ മാദ്വൽ ഇന്നലെ 5 റൺസ് മാത്രം വിട്ട് നൽകി ലക്നൗവിനെതിരെയുള്ള എലിമിനേറ്ററിൽ 5 വിക്കറ്റാണ് നേടിയത്.

പഞ്ചാബ് ബൗളര്‍മാര്‍ ശക്തമായി തിരിച്ചുവരും – വസീം ജാഫര്‍

ലക്നൗവിനെതിരെ 257 റൺസ് വഴങ്ങിയ പഞ്ചാബ് ബൗളര്‍മാര്‍ ശക്തമായി തന്നെ തിരിച്ചുവരുമെന്ന് പറഞ്ഞ് വസീം ജാഫര്‍. ലക്നൗവിനെതിരെ 56 റൺസിന്റെ പരാജയം ആണ് പഞ്ചാബ് ഏറ്റുവാങ്ങിയത്. ടീമിന്റെ മുന്‍ നിര പേസര്‍മാരായ സാം കറന്‍, അര്‍ഷ്ദീപ് സിംഗ്, കാഗിസോ റബാഡ എന്നിവര്‍ 11 ഓവറിൽ നിന്ന് 144 റൺസാണ് വഴങ്ങിയത്.

ഈ ഒരൊറ്റ കളിയിലെ പ്രകടനം വെച്ച് വലിയ പ്രശ്നമുള്ളതായി കരുതേണ്ടതില്ലെന്നും മൂന്ന് മത്സരത്തിൽ കഠിനമായ സാഹചര്യങ്ങളിൽ ഈ ബൗളര്‍മാര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചിട്ടുണ്ടെന്നും വസീം ജാഫര്‍ പറഞ്ഞു. മുംബൈ, രാജസ്ഥാന്‍, കൊൽക്കത്ത മത്സരങ്ങള്‍ എല്ലാം ബൗളിംഗ് ടീമിന്റെ മികവ് കാണിക്കുന്ന മത്സരങ്ങളാണെന്നും വസീം ജാഫര്‍ പറഞ്ഞു.

ഈ സീസണിൽ ഉടനീളം ബൗളിംഗ് ടീം മികവ് പുലര്‍ത്തിയിട്ടുണ്ടെന്നും ഒരു മത്സരത്തിലെ മോശം പ്രകടനം വെച്ച് അവരെ വിലയിരുത്തരുതെന്നും ജാഫര്‍ സൂചിപ്പിച്ചു.

ഇന്ത്യ രാഹുലിനെ പിന്തുണയ്ക്കുന്നത് മികച്ച കാര്യം – വസീം ജാഫര്‍

ഇന്ത്യ മോശം ഫോമിൽ കളിക്കുന്ന കെഎൽ രാഹുലിനെ പിന്തുണയ്ക്കുന്നത് മികച്ച കാര്യമാണെന്ന് പറഞ്ഞ് വസീം ജാഫര്‍. ഇന്ത്യയുടെ ആദ്യ മൂന്ന് മത്സരങ്ങളിലും താരത്തിന് റൺസ് കണ്ടെത്തുവാന്‍ സാധിച്ചിരുന്നില്ല. എന്നാൽ നെറ്റ്സിൽ താരം മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നതെന്നും അതിനാൽതന്നെ രാഹുലിനെ ടീമിൽ നിന്ന് ഒഴിവാക്കില്ലെന്നും കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിരുന്നു.

കഴിഞ്ഞ രണ്ടര വര്‍ഷമായി വൈറ്റ് ബോള്‍ ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് രാഹുലെന്നും അദ്ദേഹത്തിന്റെ ഫോം ഇന്ത്യന്‍ ടീമിനെ അലട്ടുന്ന കാര്യമാണെന്നും വസീം ജാഫര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് ഒന്നുകിൽ രാഹുലിനെ മാറ്റാമെന്നും അല്ലെങ്കിൽ പിന്തുണയ്ക്കാമെന്നും പറഞ്ഞ വസീം ജാഫര്‍ ടീം ഇപ്പോള്‍ ചെയ്യുന്നതാണ് ശരിയെന്ന് തനിക്ക് തോന്നുന്നതായും വ്യക്തമാക്കി.

ടീം മാനേജ്മെന്റിൽ നിന്നുള്ള പിന്തുണ താരത്തിന് ഫ്രീയായി കളിക്കുവാനുള്ള ആത്മവിശ്വാസം നൽകുമെന്നും അത് അദ്ദേഹത്തെ തിരികെ ഫോമിലേക്ക് എത്തിക്കുവാന്‍ സഹായിക്കുമെന്നും വസീം ജാഫര്‍ സൂചിപ്പിച്ചു.

 

“ലോകകപ്പിൽ ഋഷഭ് പന്തിനെ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ല കാര്യം”

ഋഷഭ് പന്തിനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത് എന്ന് വസീം ജാഫർ. ഋഷഭ് പന്ത് ആദ്യ ഇലവന കളിക്കുമോ ഇല്ലയോ എന്ന് ഇന്ത്യ തീരുമാനിക്കണം. അദ്ദേഹം മിടുക്കനാണ്, ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും അദ്ദേഹം പരമ്പരകൾ വിജയിപ്പിക്കാറുണ്ട്. പക്ഷേ അത് ടി20യിൽ ആവർത്തിക്കാൻ പന്തിന് ആകാറില്ല. വസീം ജാഫർ പറഞ്ഞു.

സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ച അക്സർ പട്ടേലിനെ ഇന്ത്യ വിശ്വാസത്തിൽ എടുക്കണം. റിഷഭിനെ നാലാമതായോ അഞ്ചാമതായോ ആറാമതായോ ഇറക്കിയിട്ട് കാര്യമില്ല. ഓപ്പണർ ആയി പന്ത് ഇറങ്ങുന്നു എങ്കിലെ കാര്യമുള്ളൂ. എന്നാൽ അറ്റ്ജ് സംഭവിക്കില്ല. ലോകകപ്പിൽ ഋഷഭ് പന്തിനെ ഒഴിവാക്കുന്നതാകും ഏറ്റവും മികച്ച കാര്യം. ജാഫർ കൂട്ടിച്ചേർത്തു

ടി20യിൽ പന്തിന്റെ മികച്ച പ്രകടനം കാണണമെങ്കിൽ താരത്തെ ഓപ്പണിംഗിലിറക്കണം – വസീം ജാഫര്‍

ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡറിൽ വലിയ മാറ്റം വരുത്തണമെന്ന് പറഞ്ഞ് വസീം ജാഫര്‍. ഋഷഭ് പന്തിന്റെ മികച്ച പ്രകടനം ഇന്ത്യയ്ക്ക് കാണണമെങ്കിൽ ഇന്ത്യ താരത്തെ ഓപ്പണിംഗിൽ പരീക്ഷിക്കണം എന്നും രോഹിത്ത് നാലാം നമ്പറിലേക്ക് മാറണം എന്നും വസീം ജാഫര്‍ വ്യക്തമാക്കി.

പക്ഷേ ഇതിന് രോഹിത് നാലാം നമ്പറിൽ ബാറ്റ് ചെയ്യുവാന്‍ തയ്യാറാവണം എന്നും വസീം ജാഫര്‍ സൂചിപ്പിച്ചു. രോഹിത് ശര്‍മ്മയെ 2013 ചാമ്പ്യന്‍സ് ട്രോഫിയിൽ ധോണി ഇത്തരത്തിൽ പരീക്ഷണം നടത്തി ചരിത്രം സൃഷ്ടിച്ചതാണെന്നും. അത് പോലെ രോഹിത് പന്തിനെ ഓപ്പണിംഗിറക്കി പരീക്ഷിക്കണം എന്നും ജാഫര്‍ പറഞ്ഞു.

തന്റെ അഭിപ്രായത്തിൽ കെഎൽ രാഹുല്‍, ഋഷഭ് പന്ത്, വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ് എന്നിങ്ങനെ ആയിരിക്കണം ഇന്ത്യയുടെ ടോപ് 5 എന്നും വസീം ജാഫര്‍ കൂട്ടിചേര്‍ത്തു.

അഫ്ഗാനിസ്ഥാന് വ്യക്തമായ മേൽക്കൈ – വസീം ജാഫര്‍

ശ്രീലങ്കയ്ക്കെതിരെ ഇന്നത്തെ മത്സരത്തിൽ വ്യക്തമായ മേൽക്കൈ അഫ്ഗാനിസ്ഥാന് തന്നെയെന്ന് പറഞ്ഞ് വസീം ജാഫര്‍. ലോകോത്തര സ്പിന്നര്‍മാര്‍ക്കൊപ്പം പേസര്‍മാരും മികവ് പുലര്‍ത്തുന്നത് ടീമിനെ കരുത്തരാക്കുന്നുവെന്ന് വസീം ജാഫര്‍ വ്യക്തമാക്കി. ടീമിന്റെ ബാറ്റ്സ്മാന്മാരും മികച്ച ഫോമിലാണെന്നും കളിയിലെ സമസ്ത മേഖലയിലും മേൽക്കൈ അഫ്ഗാനിസ്ഥാനാണെന്നും വസീം ജാഫര്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോള്‍ ശ്രീലങ്കയെ നിഷ്പ്രഭമാക്കിയാണ് അഫ്ഗാനിസ്ഥാന്‍ വിജയം നേടിയത്. വെറും 105 റൺസിന് ശ്രീലങ്കയെ എറിഞ്ഞൊതുക്കിയ ശേഷം അന്ന് 10.1 ഓവറിലാണ് അഫ്ഗാനിസ്ഥാന്‍ രണ്ട് വിക്കറ്റ് വിജയം നേടിയത്.

ഇന്ത്യ വലിയ ടൂര്‍ണ്ണമെന്റുകള്‍ ജയിക്കണമെങ്കിൽ രോഹിതും വിരാടും വലിയ തോതിൽ സ്കോര്‍ ചെയ്യണം – വസീം ജാഫര്‍

പാക്കിസ്ഥാനെതിരെ അവസാന ഓവറിൽ വിജയം കരസ്ഥമാക്കിയെങ്കിലും ഇന്ത്യ ഐസിസി ടൂര്‍ണ്ണമെന്റുകളിലും മറ്റും വിജയിക്കണമെങ്കിൽ രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയും വലിയ സ്കോറുകള്‍ നേടണമെന്ന് അഭിപ്രായപ്പെട്ട് വസീം ജാഫര്‍.

പാക്കിസ്ഥാനെതിരെ 148 റൺസ് ചേസ് ചെയ്യുന്നതിനിടെ 12 റൺസ് നേടിയ രോഹിത്തിനെ ഇന്ത്യയ്ക്ക് നഷ്ടമായി. രോഹിത്തിന് അധികം സ്ട്രൈക്ക് ലഭിയ്ക്കാതെ ഇരുന്നതാണ് താരത്തിന് ഇന്നലെ തിരിച്ചടിയായതെന്നും വസീം ജാഫര്‍ പറഞ്ഞു.

രാഹുല്‍ വേഗത്തിൽ പുറത്തായ ശേഷം വിരാട് കോഹ്‍ലിയാണ് പവര്‍പ്ലേയിൽ കൂടുതൽ പന്തുകളും കളിച്ചത്. രോഹിത് ഒരു സിക്സ് നേടിയ വീണ്ടും വലിയ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്. രോഹിത് ശര്‍മ്മ പവര്‍പ്ലേയിൽ ഒരു ബൗണ്ടറി പോലും അടിക്കാതെ 5 റൺസുമായാണ് നിന്നതെന്നും ഇത് സാധാരണ സംഭവിക്കാത്ത കാര്യമാണ്. താരത്തിന് ഇന്നലെ വേണ്ടത്ര സ്ട്രൈക്ക് ലഭിച്ചില്ലെന്നും വസീം സൂചിപ്പിച്ചു.

കോഹ്‍ലിയുടെ ആ 35 റൺസ് ഏറെ നിര്‍ണ്ണായകം ആയിരുന്നു – വസീം ജാഫര്‍

പാക്കിസ്ഥാന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ ഓപ്പണിംഗ് സ്പെല്ലിനിടെ പിടിച്ച് നിന്ന് 35 റൺസ് നേടിയ വിരാട് കോഹ്‍ലിയുടെ ഇന്നിംഗ്സ് വളരെ നിര്‍ണ്ണായകമായിരുന്നുവെന്ന് പറഞ്ഞ് വസീം ജാഫര്‍. ഇന്ത്യയുടെ 2 പന്ത് അവശേഷിക്കെയുള്ള 5 വിക്കറ്റ് വിജയത്തിൽ ഏറെ പ്രഭാവമുള്ളതാണ് കോഹ്‍ലി നേടിയ 35 റൺസെന്നാണ് വസീം ജാഫര്‍ വ്യക്തമാക്കിയത്.

പാക്കിസ്ഥാന്‍ ക്യാച്ച് കൈവിട്ട ശേഷം കോഹ്‍ലി മികച്ച ടച്ചിലാണ് ബാറ്റ് വീശിയത്. ഒരു ഘട്ടത്തിൽ ഇന്ത്യയുടെ വിജയം കോഹ്‍ലിയുടെ ബാറ്റിൽ നിന്ന് തന്നെ പിറക്കുമെന്ന പ്രതീതി ജനിപ്പിച്ചുവെങ്കിലും താരം 35 റൺസിന് ശേഷം പുറത്താകുകയായിരുന്നു.

വിരാട് കോഹ്‍ലി ഒരു ഇടവേളയ്ക്ക് ശേഷം ആണ് വീണ്ടും ക്രിക്കറ്റിലേക്ക് വരുന്നതെന്നും നമ്മള്‍ ഓര്‍ക്കേണ്ടതുണ്ടെന്നും വസീം ജാഫര്‍ കൂട്ടിചേര്‍ത്തു.

റുതുരാജിന് അരങ്ങേറ്റം നൽകണം, ധവാനൊപ്പം ഓപ്പൺ ചെയ്യണം – വസീം ജാഫര്‍

തന്റെ അഭിപ്രായത്തിൽ വെസ്റ്റിന്‍ഡീസിൽ ഇന്ത്യയ്ക്കായി ഓപ്പണിംഗ് ദൗത്യത്തിൽ ശിഖര്‍ ധവാന് കൂട്ടായി എത്തേണ്ടത് റുതുരാജ് ഗായക്വാഡ് ആണെന്ന് പറഞ്ഞ് വസീം ജാഫര്‍. ലിസ്റ്റ് എയിൽ ഓപ്പണറെന്ന നിലയിൽ മികച്ച റെക്കോര്‍ഡുള്ള താരമാണ് റുതുരാജ് എന്നും താരത്തിനെ ആ സ്ഥാനത്ത് തന്നെ കളിപ്പിക്കണമെന്നും വസീം ജാഫര്‍ പറഞ്ഞു.

2021 വിജയ് ഹസാരെയിൽ ഏറ്റവും മികച്ച ഫോമിൽ കളിച്ച താരത്തിന് എന്നാൽ ഇത്തവണത്തെ ഐപിഎലില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല. വിജയ് ഹസാരെയിൽ 5 ഇന്നിംഗ്സിൽ നിന്ന് 603 റൺസാണ് താരം നേടിയത്.

ഇടത് -വലത് കോമ്പിനേഷനും ഇത് വഴി സാധ്യമാകും എന്നാണ് വസീം ജാഫര്‍ വ്യക്തമാക്കിയത്. ഏകദിനത്തിൽ അരങ്ങേറ്റ അവസരത്തിനായി കാത്തിരിക്കുകയാണ് റുതുരാജ് ഗായക്വാഡ്.

ഋഷഭ് പന്ത് ടി20യിലെ അവിഭാജ്യ ഘടകമാണെന്ന് താന്‍ പറയില്ല – വസീം ജാഫര്‍

അടുത്തിടെയായി ഋഷഭ് പന്ത് കളിച്ചത് പരിഗണിക്കുമ്പോള്‍ താരം ഇന്ത്യയുടെ ടി20 ടീമിന്റെ അവിഭാജ്യ ഘടകമാണെന്ന് താന്‍ പറയില്ലെന്നഭിപ്രായപ്പെട്ട് വസീം ജാഫര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുന്ന പന്തിന്റെ ഉയര്‍ന്ന സ്കോര്‍ 29 റൺസാണ്. മറ്റ് രണ്ട് ഇന്നിംഗ്സുകളിൽ താരത്തിന് രണ്ടക്ക സ്കോര്‍ നേടാനും ആയില്ല. 5, 6 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോര്‍.

ഐപിഎലിലും താരത്തിന് ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല. 14 മത്സരങ്ങളിൽ നിന്ന് 340 റൺസ് നേടിയ താരത്തിന് ഒരു അര്‍ദ്ധ ശതകം പോലും നേടാന്‍ സാധിച്ചിരുന്നില്ല.

പന്ത് വേഗത്തിൽ സ്കോര്‍ ചെയ്യണമെന്നും അത് സ്ഥിരമായി ചെയ്യുകയും വേണമെന്നാണ് വസീം ജാഫര്‍ വ്യക്തമാക്കിയത്. കെഎൽ രാഹുല്‍ മടങ്ങിയെത്തുമ്പോള്‍ താരത്തിന് കീപ്പ് ചെയ്യാനാകും എന്നത് പന്തിന്റെ സ്ഥാനം നഷ്ടപ്പെടുത്തിയേക്കാമെന്നും വസീം ജാഫര്‍ കൂട്ടിചേര്‍ത്തു. അത് കൂടാതെ ടീമിൽ ഇപ്പോള്‍ ദിനേശ് കാര്‍ത്തിക്കും ഉണ്ട് എന്നും വസീം വ്യക്തമാക്കി.

Exit mobile version