അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിനെതിരെ നാല് വിക്കറ്റ് വിജയവുമായി മഹാരാഷ്ട്ര

വിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മഹാരാഷ്ട്രയോട് തോൽവി. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ നാല് വിക്കറ്റിനായിരുന്നു മഹാരാഷ്ട്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്ര ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ബി എം മിറാജ്കറുടെ പ്രകടനമാണ് മഹാരാഷ്ട്രയ്ക്ക് വിജയമൊരുക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ക്യാപ്റ്റൻ നജ്ല സിഎംസിയുടെയും ശ്രദ്ധ സുമേഷിൻ്റെയും ഇന്നിങ്സുകളാണ് കരുത്ത് പകർന്നത്. കേരളത്തിന് വേണ്ടി ഇന്നിങ്സ് തുറന്ന വൈഷ്ണ എം പിയും ശ്രദ്ധയും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 24 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ അടുത്തടുത്ത ഓവറുകളിൽ കേരളത്തിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി. വൈഷ്ണ 14 റൺസെടുത്ത് പുറത്തായപ്പോൾ അബിന റണ്ണെടുക്കാതെ മടങ്ങി. തുടർന്ന് മൂന്നാം വിക്കറ്റിൽ ശ്രദ്ധയും നജ്ലയും ചേർന്ന് കൂട്ടിച്ചേർത്ത 31 റൺസാണ് കേരളത്തിൻ്റെ ഏറ്റവും മികച്ച കൂട്ടുകെട്ട്. ശ്രദ്ധ 33 റൺസും നജ്ല 41 റൺസും നേടി. അവസാന ഓവറുകളിൽ മികച്ച പ്രകടനം കാഴ്ച വച്ച നജ്ലയുടെ ഇന്നിങ്സാണ് കേരളത്തിൻ്റെ സ്കോർ 125ൽ എത്തിച്ചത്. മഹാരാഷ്ട്രയ്ക്ക് വേണ്ടി ബി എം മിറാജ്കർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്രയ്ക്ക് തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. എന്നാൽ ഒരറ്റത്ത് വിക്കറ്റുകൾ മുറയ്ക്ക് വീഴുമ്പോഴും മറുവശത്ത് ഉറച്ച് നിന്ന ഓപ്പണർ ഈശ്വരി അവസാരെയുടെ പ്രകടനം മഹാരാഷ്ട്രയ്ക്ക് തുണയായി. ഈശ്വരി 41 റൺസെടുത്തു. ഈശ്വരി മടങ്ങിയ ശേഷമെത്തിയ ബി എം മിറാജ്കറുടെ പ്രകടനമാണ് കളി മഹാരാഷ്ട്രയ്ക്ക് അനുകൂലമാക്കിയത്. 27 പന്തുകളിൽ നിന്ന് 31 റൺസാണ് മിറാജ്കർ നേടിയത്. ഇരുപതാം ഓവറിലെ നാലാം പന്തിൽ മിറാജ്കർ റണ്ണൌട്ടായെങ്കിലും അവസാന പന്തിൽ മഹാരാഷ്ട്ര ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി ഐശ്യര്യ എ കെ രണ്ട് വിക്കറ്റ് വീഴ്ത്തി.

കേരളം – 20 ഓവറിൽ ഏഴ് വിക്കറ്റിന് 125
മഹാരാഷ്ട്ര – 20 ഓവറിൽ ആറ് വിക്കറ്റിന് 126

രഞ്ജി ട്രോഫി : കേരള – മഹാരാഷ്ട്ര മത്സരം സമനിലയിൽ

കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ മഹാരാഷ്ട്ര രണ്ട് വിക്കറ്റിന് 224 റൺസെടുത്ത് നില്ക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ആദ്യ ഇന്നിങ്സിൽ മഹാരാഷ്ട്ര 239ഉം കേരളം 219ഉം റൺസായിരുന്നു നേടിയത്.20 റൺസിൻ്റെ ഒന്നാം ഇന്നിങ്സിൻ്റെ ലീഡിൻ്റെ മികവിൽ മഹാരാഷ്ട്രയ്ക്ക് മൂന്ന് പോയിൻ്റ് ലഭിച്ചു. കേരളം ഒരു പോയിൻ്റ് സ്വന്തമാക്കി.

വിക്കറ്റ് പോകാതെ 51 റൺസെന്ന നിലയിൽ നാലാം ദിവസം കളി തുടങ്ങിയ മഹാരാഷ്ട്രയ്ക്ക് സ്കോർ 84ൽ നില്ക്കെ ആർഷിൻ കുൽക്കർണ്ണിയുടെ വിക്കറ്റ് നഷ്ടമായി. 34 റൺസെടുത്ത ആർഷിൻ എൻ പി ബേസിലിൻ്റെ പന്തിൽ എൽബിഡബ്ല്യു ആവുകയായിരുന്നു. മറുവശത്ത് അനായാസ ബാറ്റിങ് തുടർന്ന പൃഥ്വീ ഷാ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. ഇടയ്ക്ക് പൃഥ്വീ ഷായും സിദ്ദേഷ് വീറും നല്കിയ അവസരങ്ങൾ ഫീൽഡർമാർ കൈവിട്ടത് കേരളത്തിന് തിരിച്ചടിയായി. ഒടുവിൽ 75 റൺസെടുത്ത് നില്ക്കെ അക്ഷയ് ചന്ദ്രൻ്റെ പന്തിൽ മൊഹമ്മദ് അസറുദ്ദീൻ പിടിച്ചാണ് പൃഥ്വീ ഷാ പുറത്തായത്.

തുടർന്നെത്തിയ ഋതുരാജ് ഗെയ്ക്വാദും സിദ്ദേഷ് വീറും അതീവ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. കേരള ക്യാപ്റ്റൻ ബൌളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ മഹാരാഷ്ട്ര രണ്ട് വിക്കറ്റിന് 224 റൺസെടുത്ത് നില്ക്കെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. സിദ്ദേഷ് വീറും ഋതുരാജ് ഗെയ്ക്വാദും 55 റൺസ് വീതം നേടി പുറത്താകാതെ നിന്നു.

രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്ര 239 റൺസിന് പുറത്ത്, മറുപടി ബാറ്റിങ്ങിൽ കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ മഹാരാഷ്ട്രയുടെ ആദ്യ ഇന്നിങ്സ് 239 റൺസിന് അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷിൻ്റെ ബൌളിങ് മികവാണ് മഹാരാഷ്ട്രയുടെ ബാറ്റിങ് നിരയെ തകർത്തത്. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റിന് 35 റൺസെന്ന നിലയിലാണ്.

മഴയെ തുടർന്ന് രണ്ട് മണിക്കൂറിലേറെ വൈകിയാണ് രണ്ടാം ദിവസം കളി തുടങ്ങിയത്. വാലറ്റത്ത് വിക്കി ഓസ്വാളും രാമകൃഷ്ണ ഘോഷും നടത്തിയ ചെറുത്തുനില്പാണ് മഹാരാഷ്ട്രയുടെ സ്കോർ 200 കടത്തിയത്. ഇരുവരും ചേർന്ന് 59 റൺസാണ് എട്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 31 റൺസെടുത്ത രാമകൃഷ്ണ ഘോഷിനെ പുറത്താക്കി അങ്കിത് ശർമ്മയാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. പത്ത് റൺസെടുത്ത രജനീഷ് ഗുർബാനിയെ പുറത്താക്കി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. ഒടുവിൽ വിക്കി ഓസ്വാളും പുറത്തായതോടെ 239 റൺസിന് മഹാരാഷ്ട്ര ഇന്നിങ്സിന് അവസാനമായി. 38 റൺസെടുത്ത വിക്കി ഓസ്വാൾ ബേസിലിൻ്റെ പന്തിൽ എൽബിഡബ്ല്യു ആവുകയായിരുന്നു. കേരളത്തിന് വേണ്ടി നിധീഷ് അഞ്ചും ബേസിൽ മൂന്നും ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമ്മയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റേത് മോശം തുടക്കമായിരുന്നു. സ്കോർ 23ൽ നില്ക്കെ അക്ഷയ് ചന്ദ്രനെ രജനീഷ് ഗുർബാനി എൽബിഡബ്ല്യുവിൽ കുടുക്കി. 21 പന്തുകൾ നേരിട്ട അക്ഷയ് റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. ചായയ്ക്ക് പിരിയുന്നതിന് തൊട്ടു മുൻഫ് ഗുർബാനിയുടെ പന്തിൽ ബാബ അപരാജിത്തും പുറത്തായി. ആറ് റൺസെടുത്ത അപരാജിത്തിനെ ഗുർബാനി മനോഹരമായൊരു റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. മറുവശത്ത് മനോഹരമായി ബാറ്റിങ് തുടരുകയായിരുന്ന രോഹൻ കുന്നുമലിൻ്റേതായിരുന്നു അടുത്ത ഊഴം. 28 പന്തുകളിൽ നാല് ഫോറടക്കം 27 റൺസെടുത്ത രോഹൻ, ജലജ് സക്സേനയുടെ പന്തിൽ എൽബിഡബ്ല്യു ആയാണ് മടങ്ങിയത്. തുടർന്ന് മഴ കാരണം കളി നേരത്തെ നിർത്തുകയായിരുന്നു.

പൊരുതി നോക്കി ആസാം, ത്രില്ലര്‍ വിജയവുമായി മഹാരാഷ്ട്ര ഫൈനലിലേക്ക്

350/7 എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ആസാം അവസാനം വരെ പൊരുതി നോക്കിയെങ്കിലും 12 റൺസ് വിജയവുമായി മഹാരാഷ്ട്ര വിജയ് ഹസാരെ ട്രോഫി ഫൈനലില്‍. ഇന്ന് റുതുരാജ് ഗായക്വാഡും(168), അങ്കിത് ഭാവനെയും(110) നേടിയ ശതകങ്ങളുടെ മികവിൽ വലിയ ലക്ഷ്യമാണ് മഹാരാഷ്ട്ര ആസാമിന് മുന്നിൽ വെച്ചത്.

95 റൺസ് നേടിയ സ്വരുപം പുര്‍കായാസ്തയും 78 റൺസ് നേടിയ സിബശങ്കര്‍ റോയിയും ചേര്‍ന്ന് ആസാമിന് പ്രതീക്ഷ നൽകിയെങ്കിലും രാജ്വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി മഹാരാഷ്ട്രയ്ക്ക് മേൽക്കൈ നേടിക്കൊടുത്തു.

53 റൺസ് നേടിയ റിഷവ് ദാസ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. കഴിഞ്ഞ മത്സരത്തിലെ പോലെ ബൗളിംഗിൽ തിളങ്ങിയ രാജ്‍വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ 4 വിക്കറ്റാണ് നേടിയത്.

45ാം ഓവറിൽ സ്വരൂപത്തിന്റെ വിക്കറ്റ് വീഴ്ത്തിയ ഹംഗാര്‍ഗേക്കര്‍ ആസാമിന്റെ പ്രതീക്ഷകള്‍ എറിഞ്ഞിടുകയായിരുന്നു. അവസാന അഞ്ചോവറിൽ 46 റൺസ് മതിയായിരുന്നുവെങ്കിലും ആസാമിന്റെ കൈവശം രണ്ട് വിക്കറ്റ് മാത്രമാണുണ്ടായിരുന്നത്.

പിന്നീട് കൂടുതൽ വിക്കറ്റുകള്‍ നഷ്ടമായില്ലെങ്കിലും 338/8 എന്ന നിലയിൽ ആസാം ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

ഫൈനലില്‍ സൗരാഷ്ട്രയാണ് മഹാരാഷ്ട്രയുടെ എതിരാളികള്‍.

ആസാമിനെതിരെയും റുതുരാജ് വെടിക്കെട്ട്, കൂറ്റന്‍ സ്കോര്‍ നേടി മഹാരാഷ്ട്ര

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലിലും തന്റെ ബാറ്റിംഗ് മികവ് പുറത്തെടുത്ത് റുതുരാജ് ഗായക്വാഡ്. ഇന്ന് ആസാമിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര 350 റൺസാണ് 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. റുതുരാജ് 126 പന്തിൽ 168 റൺസ് നേടിയപ്പോള്‍ അങ്കിത് ഭാവനെയും 110 റൺസ് നേടി മികച്ച സ്കോറിലേക്ക് മഹാരാഷ്ട്രയെ നയിച്ചു.

സത്യജീത് ബച്ചാവ് 41 റൺസ് നേടി പുറത്തായി. തുടക്കത്തിൽ തന്നെ രാഹുല്‍ ത്രിപാഠിയെ നഷ്ടമായ ശേഷം ബച്ചാവിനൊപ്പം രണ്ടാം വിക്കറ്റിൽ 68 റൺസാണ് റുതുരാജ് കൂട്ടിചേര്‍ത്തത്. പിന്നീട് അങ്കിതിനൊപ്പം 207 റൺസ് കൂട്ടുകെട്ടിനൊടുവിൽ റിയാന്‍ പരാഗ് ആണ് റുതുരാജിനെ പുറത്താക്കിയത്. 18 ഫോറും 6 സിക്സും അടങ്ങിയതായിരുന്നു റുതുരാജിന്റെ ഇന്നിംഗ്സ്.

അങ്കിത് 81 പന്തിൽ തന്റെ ശതകം പൂര്‍ത്തിയാക്കിയ ശേഷം 89 പന്തിൽ 110 റൺസ് നേടി പുറത്താകുകയായിരുന്നു. ആസാമിന് വേണ്ടി മുക്താര്‍ ഹുസൈന്‍ 3 വിക്കറ്റ് നേടി.

ബാറ്റിംഗിൽ റുതുരാജ്, ബൗളിംഗിൽ ഹംഗാര്‍ഗേക്കര്‍, ഉത്തര്‍ പ്രദേശിനെതിരെ 58 റൺസ് വിജയവുമായി മഹാരാഷ്ട്ര സെമിയിൽ

വിജയ് ഹസാരെ ട്രോഫി സെമിയിൽ പ്രവേശിച്ച് മഹാരാഷ്ട്ര. ഇന്ന് നടന്ന മത്സരത്തിൽ യുപിയെ 58 റൺസിനാണ് മഹാരാഷ്ട്ര പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 330/5 എന്ന സ്കോര്‍ നേടിയപ്പോള്‍ പുറത്താകാതെ റുതുരാജ് ഗായക്വാഡ് വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ ആയ 220 റൺസ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഉത്തര്‍ പ്രദേശ് 272 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 159 റൺസ് നേടി ആര്യന്‍ ജുയൽ പൊരുതി നോക്കിയെങ്കിലും താരത്തിന് പിന്തുണ നൽകുവാന്‍ മറ്റാര്‍ക്കും സാധിക്കാതെ പോയത് യുപിയ്ക്ക് തിരിച്ചടിയായി.

മഹാരാഷ്ട്രയ്ക്കായി രാജ്‍വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ 5 വിക്കറ്റ് നേടി.

ഒരോവറിൽ ഏഴ് സിക്സ്!!!! മൊത്തം 16 സിക്സ്, റുതുരാജിന്റെ ഇരട്ട ശതകം ഉത്തര്‍ പ്രദേശ് ബൗളിംഗിനെ തകര്‍ത്തു

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തര്‍ പ്രദേശിനെതിരെ 330/5 എന്ന കൂറ്റന്‍ സ്കോര്‍ നേടി മഹാരാഷ്ട്ര. പുറത്താകാതെ 220 റൺസ് നേടിയ റുതുരാജ് ഗായക്വാഡിന്റെ ബാറ്റിംഗ് മികവിലാണ് മഹാരാഷ്ട്ര ഈ സ്കോര്‍ നേടിയത്. ഇന്നിംഗ്സിലെ 49ാം ഓവറിൽ ശിവ സിംഗിനെ ഏഴ് സിക്സുകള്‍ക്ക് പായിച്ചാണ് റുതുരാജ് തന്റെ ഇരട്ട ശതകം പൂര്‍ത്തിയാക്കിയത്.

159 പന്തിൽ 220 റൺസ് നേടിയ റുതുരാജ് 10 ഫോറും 16 സിക്സും ആണ് തന്റെ ഇന്നിംഗ്സിൽ നേടിയത്. അങ്കിത് ഭാവനെയും കാസിയും 37 റൺസ് വീതം നേടി. ഉത്തര്‍ പ്രദേശിനായി കാര്‍ത്തിക് ത്യാഗി മൂന്ന് വിക്കറ്റ് നേടി.

ത്രിപാഠിയുടെ ശതകത്തിന് മറുപടിയുമായി ജൈസ്വാളിന്റെ ശതകം, പക്ഷേ മുംബൈയ്ക്ക് വിജയമില്ല

മഹാരാഷ്ട്ര ഉയര്‍ത്തിയ 342/2 എന്ന സ്കോര്‍ പിന്തുടര്‍ന്ന് അടുത്തെത്തിയെങ്കിലും ഒരു ഓവര്‍ ബാക്കി നിൽക്കെ 321 റൺസിന് ഓള്‍ഔട്ട് ആയി മുംബൈ. ഇതോടെ 21 റൺസ് വിജയം ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ മഹാരാഷ്ട്ര കരസ്ഥമാക്കി.

ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്രയ്ക്കായി രാഹുല്‍ ത്രിപാഠി 156 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ പവന്‍ ഷാ 84 റൺസും അസിം കാസി 50 റൺസും നേടി. അങ്കിത് ഭാവ്നേ 34 റൺസും നേടി.

മുംബൈയ്ക്കായി യശസ്വി ജൈസ്വാള്‍ 142 റൺസ് നേടിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിയ്ക്കാതിരുന്നപ്പോള്‍ മുംബൈയ്ക്ക് 49 ഓവറിൽ 321 റൺസ് നേടാനെ ആയുള്ളു. അജിങ്ക്യ രഹാനെ(31), അര്‍മാന്‍ ജാഫര്‍(36) എന്നിവര്‍ക്ക് പുറമെ 11 പന്തിൽ 24 റൺസുമായി തുഷാര്‍ ദേശ്പാണ്ടേയും മുംബൈയ്ക്കായി പൊരുതി നോക്കി.

6 വിക്കറ്റ് നേടി സത്യദേവ് ബച്ചാവ് ആണ് മുംബൈയുടെ നടുവൊടിച്ചത്.

പൊരുതി നിന്നത് രോഹന്‍ കുന്നുമ്മൽ മാത്രം, കേരളത്തിന് മഹാരാഷ്ട്രയോട് പരാജയം

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ മഹാരാഷ്ട്രയോട് പരാജയം ഏറ്റുവാങ്ങി കേരളം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര റുതുരാജ് ഗായക്വാഡ് നേടിയ ശതകത്തിന്റെ(114) ബലത്തിൽ 167/4 എന്ന സ്കോര്‍ നേടിയപ്പോള്‍ കേരളത്തിന് 127/8 എന്ന സ്കോറാണ് നേടാനായത്.

58 റൺസ് നേടിയ രോഹന്‍ കുന്നുമ്മലിന് പിന്തുണ നൽകുവാന്‍ മറ്റ് കേരള താരങ്ങള്‍ക്ക് സാധിക്കാതെ പോയപ്പോള്‍ കേരളത്തിന് 39 റൺസ് തോൽവിയേറ്റ് വാങ്ങേണ്ടി വന്നു. 18 റൺസുമായി പുറത്താകാതെ നിന്ന സിജോമോന്‍ ജോസഫ് ആണ് കേരളത്തിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

97/8 എന്ന നിലയിലേക്ക് വീണ കേരളത്തിനെ സിജോയും മിഥുനും ചേര്‍ന്ന് 9ാം വിക്കറ്റിൽ 30 റൺസ് നേടിയാണ് തോൽവിയുടെ ഭാരം കുറയ്ക്കുവാന്‍ സഹായിച്ചത്. മഹാരാഷ്ട്രയ്ക്ക് വേണ്ടി എസ്എസ് ബച്ചാവ് 3 വിക്കറ്റും കാസി രണ്ട് വിക്കറ്റും നേടി.

ഐപിഎലില്‍ 25 ശതമാനം കാണികള്‍ക്ക് അനുമതി ലഭിച്ചേക്കും

ഐപിഎലില്‍ 25 ശതമാനം കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം നല്‍കുവാന്‍ സാധ്യത. മഹാരാഷ്ട്രയിൽ നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് കാണികള്‍ക്ക് അനുമതി നല്‍കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്നലെ ധരംശാലയിൽ പതിനായിരം കാണികള്‍ക്ക് ബിസിസിഐ പ്രവേശനം നല്‍കിയിരുന്നു. അതേ സമയം മൊഹാലി ടെസ്റ്റിൽ കാണികള്‍ക്ക് പ്രവേശനം ഇല്ലെങ്കിലും ചിന്നസ്വാമിയിലെ അടുത്ത ടെസ്റ്റിൽ 50 ശതമാനം കാണികള്‍ക്ക് പ്രവേശനാനുമതിയുണ്ട്.

ഇത് പോലെ ഐപിഎൽ നടക്കുന്ന മുംബൈ പൂനെ വേദികളിലെ സ്റ്റേഡിയത്തിൽ കാണികള്‍ക്ക് പ്രവേശനാനുമതി നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നാണ് ലഭിയ്ക്കുന്ന വിവരം.

മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണെങ്കിലും ഐപിഎല്‍ മുന്നോട്ട് പോകും

മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാലും ഐപിഎല്‍ മത്സരങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോകുമെന്ന് അറിയിച്ച് മുംബൈ ക്രിക്കറ്റ് അസോസ്സിേയേഷന്‍. മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ഭാഗികമായ ലോക്ക്ഡൗണ്‍ ഇന്ന് മുതല്‍ പ്രഖ്യാപിച്ചിരുന്നു.

സിറ്റി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഐപിഎലിനെ ലോക്ക്ഡൗണ്‍ ബാധിക്കില്ല എന്ന ഉറപ്പ് തന്നിട്ടുണ്ടെന്നും എന്നാല്‍ ഐപിഎല്‍ അല്ലാത്ത എല്ലാ ക്രിക്കറ്റിംഗ് ആക്ടിവിറ്റികളും നിര്‍ത്തി വയ്ക്കേണ്ടി വരുമെന്നാണ് അറിയുന്നതെന്നും എംസിഎ ഭാരവാഹി പറഞ്ഞു.

ഐപിഎല്‍ ടീമുകള്‍ക്ക് പരിശീലനം നടത്താമെന്നും താരങ്ങള്‍ ബോ സുരക്ഷിതമായ ബബിളില്‍ കഴിയുന്നതിനാലാണ് ഇതെന്നും എംസിഎ അറിയിച്ചു. മഹാരാഷ്ട്രയില്‍ 10 മത്സരങ്ങളാണ് ഐപിഎലിന്റെ ഭാഗമായി നടക്കാനിരിക്കുന്നത്. മത്സരങ്ങളെല്ലാം മുംബൈയില്‍ ആണ് നടക്കുക.

മുംബൈയുടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്വാറന്റീനില്‍ ഇളവ് നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍

ഓസ്ട്രേലിയയില്‍ നിന്ന് ടെസ്റ്റ് പരമ്പര വിജയിച്ചെത്തിയ മുംബൈയുടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്വാറന്റീനില്‍ ഇളവ് നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇന്ന് രാവിലെ മുംബൈയില്‍ എത്തിയ താരങ്ങള്‍ക്ക് ക്വാറന്റീനില്‍ ഇളവ് നല്‍കണമെന്ന ആവശ്യം മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനും ബിസിസിയും ശരദ് പവാറിലൂടെ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി സാധിച്ചെടുക്കുകയായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിലെ വലിയൊരു സഖ്യകക്ഷിയാണ് ശരദ് പവാറിന്റെ എന്‍സിപി.

ഈ താരങ്ങളെല്ലാം ഓഗസ്റ്റ് മുതല്‍ ക്വാറന്റീനിലാണെന്നതും ഇവര്‍ സ്ഥിരം കോവിഡ് ടെസ്റ്റ് എടുക്കുന്നതിനാലും ഇവര്‍ക്ക് ഇളവ് വേണമെന്നായിരുന്നു ആവശ്യം. മഹാരാഷ്ട്രയില്‍ യൂറോപ്പ്, യുകെ, ദക്ഷിണാഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം.

Exit mobile version