ടി20യിലെ മികവ്, ചാപ്മാനെ ഏകദിന സ്ക്വാഡിൽ ഉള്‍പ്പെടുത്തി

പാക്കിസ്ഥാനെതിരെയുള്ള ഏകദിന സ്ക്വാഡിലേക്ക് മാര്‍ക്ക് ചാപ്മാനെ ഉള്‍പ്പെടുത്തി. ടി20 പരമ്പരയിലെ മികവാര്‍ന്ന പ്രകടനം ആണ് താരത്തിന് ഏകദിന ടീമിലേക്കുള്ള വിളിയായി മാറിയത്. 5 മത്സരങ്ങളിൽ നിന്ന് 290 റൺസാണ് ചാപ്മാന്‍ ടി20 പരമ്പരയിൽ നേടിയത്.

അവസാന മത്സരത്തില്‍ താരം 57 പന്തിൽ നിന്ന് 104 റൺസ് നേടി ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ പരമ്പരയിൽ ഒപ്പമെത്തുവാനും ഇതോടെ ന്യൂസിലാണ്ടിന് സാധിച്ചു.

2018ൽ ന്യൂസിലാണ്ടിനായി ഏകദിന അരങ്ങേറ്റം കുറിച്ച ചാപ്മാന്‍ 2022 ജൂലൈയിലാണ് ടീമിനായി അവസാന ഏകദിനം കളിച്ചത്.

ന്യൂസിലാണ്ട് ഏകദിന സ്ക്വാഡ്: Tom Latham (capt),Tom Blundell, Chad Bowes, Mark Chapman, Matt Henry, Ben Lister, Cole McConchie, Adam Milne, Daryl Mitchell, Jimmy Neesham, Henry Nicholls, Rachin Ravindra, Henry Shipley, Ish Sodhi, Blair Tickner, Will Young

മാര്‍ക് ചാപ്മാന് ആദ്യ കേന്ദ്ര കരാര്‍

മാര്‍ക് ചാപ്മാന് ആദ്യമായി ന്യൂസിലാണ്ട് കേന്ദ്ര കരാര്‍. മാര്‍ട്ടിന്‍ ഗപ്ടിലിന്റെ ഒഴിവിലേക്കാണ് ചാപ്മാനെ പരിഗണിച്ചിരിക്കുന്നത്. ഹോങ്കോംഗിൽ ജനിച്ച താരം ഹോങ്കോംഗിനായി 21 മത്സരങ്ങളിൽ കളിച്ച ശേഷം ന്യൂസിലാണ്ടിനായി 22 ടി20 മത്സരങ്ങളിലും 5 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. 2018ൽ അരങ്ങേറ്റം കുറിച്ച താരം ന്യൂസിലാണ്ടിനെ കഴിഞ്ഞ രണ്ട് ടി20 ലോകകപ്പിലും പ്രതിനിധീകരിച്ചിട്ടുണ്ട്.

ജനുവരി 18ന് ആരംഭിയ്ക്കുന്ന ഇന്ത്യ ടൂറിനുള്ള ന്യൂസിലാണ്ട് സംഘത്തിലും ചാപ്മാന്‍ അംഗമാണ്.

മൂന്നാം ടി20യിൽ വില്യംസൺ ഇല്ല, ചാപ്മാനെ സ്ക്വാഡിൽ ഉള്‍പ്പെടുത്തി

ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ടി20യിൽ കെയിന്‍ വില്യംസൺ കളിക്കില്ല. വില്യംസണിന്റെ അഭാവത്തിൽ ടിം സൗത്തി ടീമിനെ നയിക്കും. നേപ്പിയറിലാണ് മൂന്നാം ടി20 നടക്കുക. നേരത്തെ തന്നെ നിശ്ചയിച്ച മെഡിക്കൽ അപ്പോയിന്റ്മെന്റ് കാരണം ആണ് താരം മൂന്നാം മത്സരത്തിൽ നിന്ന് വിട്ട് നിൽക്കുന്നത്.

പകരം സ്ക്വാഡിലേക്ക് മാര്‍ക്ക് ചാപ്മാനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഓക്ലാന്‍ഡിൽ ആരംഭിയ്ക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സത്തിന് മുമ്പ് വില്യംസൺ സ്ക്വാഡിനൊപ്പം തിരികെ ചേരുന്നതായിരിക്കും.

ലീഡ് നേടി ഇന്ത്യ എ

ഇന്ത്യ എയും ന്യൂസിലാണ്ട് എയും തമ്മിലുള്ള മത്സരത്തിൽ ലീഡ് നേടി ഇന്ത്യ എ. മത്സരത്തിൽ 56 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യയുടെ പക്കൽ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിലെ 40/1 എന്ന സ്കോര്‍ കൂടി കൂട്ടി 96 റൺസിന്റെ ലീഡാണുള്ളത്.

നേരത്തെ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 293 റൺസാണ് നേടിയത്. 108 റൺസ് നേടിയ റുതുരാജ് ഗായക്വാഡും 76 റൺസ് നേടിയ ഉപേന്ദ്ര യാദവും ആണ് ആതിഥേയര്‍ക്കായി ഒന്നാം ഇന്നിംഗ്സിൽ തിളങ്ങിയത്. ന്യൂസിലാണ്ടിനായി മാത്യു ഫിഷര്‍ 4 വിക്കറ്റ് നേടി.

സൗരഭ് കുമാര്‍ നാലും രാഹുല്‍ ചഹാര്‍ 3 വിക്കറ്റും നേടിയപ്പോള്‍ ന്യൂസിലാണ്ടിന്റെ ഇന്നിംഗ്സ് 237 റൺസിൽ അവസാനിച്ചു. മാര്‍ക്ക് ചാപ്മാന്‍ 92 റൺസും സോലിയ 54 റൺസും നേടിയാണ് ഇന്ത്യയുടെ ലീഡ് കുറച്ചത്.

രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് അഭിമന്യു ഈശ്വറിന്റെ വിക്കറ്റ് നഷ്ടമായപ്പോള്‍ പ്രിയാങ്ക് പഞ്ചൽ(17*), റുതുരാജ് ഗായക്വാഡ്(18*) എന്നിവരാണ് ക്രീസിലുള്ളത്.

300ന് മേലെ റൺസ് നേടി സ്കോട്ലാന്‍ഡ്, പക്ഷേ ന്യൂസിലാണ്ടിനെ തടയാനായില്ല

സ്കോട്ലാന്‍ഡും ന്യൂസിലാണ്ടും തമ്മിലുള്ള ഏക ഏകദിനത്തിൽ വിജയം നേടി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് 306 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 45.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ന്യസിലാണ്ട് വിജയം കരസ്ഥമാക്കിയത്.

മാര്‍ക്ക് ചാപ്മാന്‍ 101 റൺസും ഡാരിൽ മിച്ചൽ 74 റൺസും നേടിയപ്പോള്‍ ഫിന്‍ അല്ലന്‍(50), മാര്‍ട്ടിന്‍ ഗപ്ടിൽ(47), ഡെയിന്‍ ക്ലീവര്‍(32) എന്നിവരാണ് ന്യൂസിലാണ്ടിനായി റൺസ് കണ്ടെത്തിയവര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സ്കോട്ലാന്‍ഡിനായി മൈക്കൽ ലീസ്ക് 85 റൺസുമായി ടോപ് സ്കോറര്‍ ആയി. മാത്യു ക്രോസ് 53 റൺസ് നേടിയപ്പോള്‍ മൈക്കൽ ജോൺസ് 36 റൺസും മാര്‍ക്ക് വാട്ട് 31 റൺസും നേടി. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് സ്കോട്‍ലാന്‍ഡിന് തിരിച്ചടിയായി.

ന്യൂസിലാണ്ടിനായി ജേക്കബ് ഡഫിയും മൈക്കൽ ബ്രേസ്വെല്ലും മൂന്ന് വീതം വിക്കറ്റും ലോക്കി ഫെര്‍ഗൂസൺ രണ്ട് വിക്കറ്റും നേടി.

ജയ്പൂരിൽ ന്യൂസിലാണ്ടിന്റെ അടിയോടടി, ഗപ്ടിലിനും ചാപ്മാനും അര്‍ദ്ധ ശതകങ്ങള്‍

ഇന്ത്യയ്ക്കെതിരെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിന് മികച്ച സ്കോര്‍. ഇന്നിംഗ്സിലെ ആദ്യ ഓവറിൽ ഡാരിൽ മിച്ചലിനെ നഷ്ടമായ ശേഷം 109 റൺസ് കൂട്ടുകെട്ട് നേടി മാര്‍ട്ടിന്‍ ഗപ്ടിലും മാര്‍ക്ക് ചാപ്മാനും കസറിയപ്പോള്‍ ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് നേടിയത്.

50 പന്തിൽ 63 റൺസ് നേടിയ ചാപ്മാനെ പുറത്താക്കി അശ്വിന്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. ചാപ്മാനെ പുറത്താക്കിയ അതേ ഓവറിൽ അശ്വിന്‍ ഗ്ലെന്‍ ഫിലിപ്പ്സിനെയും പുറത്താക്കിയപ്പോള്‍ ന്യൂസിലാണ്ട് 110/1 എന്ന നിലയിൽ നിന്ന് 110/3 എന്ന നിലയിലേക്ക് വീണു.

ഈ രണ്ട് വിക്കറ്റുകളും വീണ ശേഷവും അടി തുടര്‍ന്ന ഗപ്ടിൽ 18ാം ഓവറിൽ പുറത്താകുമ്പോള്‍ ന്യൂസിലാണ്ട് 150 റൺസാണ് നേടിയത്. 42 പന്തിൽ 70 റൺസാണ് ഗപ്ടിൽ നേടിയത്. 4 സിക്സാണ് താരം സ്വന്തമാക്കിയത്.

പടുകൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന കരുതിയ ന്യൂസിലാണ്ടിനെ 164 റൺസിൽ ഒതുക്കുവാനായി എന്നത് ഇന്ത്യയുടെ ബൗളര്‍മാരുടെ നേട്ടമായി കാണാം. അശ്വിനും ഭുവനേശ്വര്‍ കുമാറും രണ്ട് വീതവും ദീപക് ചഹാറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും ഇന്ത്യയ്ക്കായി നേടി.

ന്യൂസിലാണ്ടിന്റെ വിജയം ഉറപ്പാക്കി ടിം സൈഫെര്‍ട്ട്, നിര്‍ണ്ണായക ഇന്നിംഗ്സുമായി മാര്‍ക്ക് ചാപ്മാന്‍

പാക്കിസ്ഥാന്‍ നല്‍കിയ 154 റണ്‍സ് ലക്ഷ്യം 18.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ആതിഥേയരായ ന്യൂസിലാണ്ട്. തുടക്കം പാളിയെങ്കിലും ടിം സൈഫെര്‍ട്ട് 57 റണ്‍സ് നേടി നല്‍കിയ അടിത്തറയ്ക്കൊപ്പം ഗ്ലെന്‍ ഫിലിപ്പ്സ്(23), മാര്‍ക്ക് ചാപ്മാന്‍(34) എന്നിവരുടെ പ്രകടനങ്ങളാണ് ടീമിന് തുണയായത്.

ഫിലിപ്പ്സിനെ നഷ്ടമാകുമ്പോള്‍ 65/3 എന്ന നിലയിലായിരുന്ന ടീമിനെ സൈഫെര്‍ട്ട് – ചാപ്മാന്‍ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. 45 റണ്‍സ് കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ ഇരുവരും നേടിയത്. സൈഫെര്‍ട്ട് പുറത്തായ ശേഷം 20 പന്തില്‍ നിന്ന് 34 റണ്‍സ് നേടി ചാപ്മാന്‍ തിളങ്ങിയപ്പോള്‍ ന്യൂസിലാണ്ടിന് വിജയം ഉറപ്പിക്കാനായി.

ചാപ്മാന്‍ പുറത്തായ ശേഷം 18 പന്തില്‍ 21 റണ്‍സായിരുന്നു ന്യൂസിലാണ്ട് നേടേണ്ടിയിരുന്നത്. ജെയിംസ് നീഷം 15 റണ്‍സും മിച്ചല്‍ സാന്റനര്‍ 12 റണ്‍സും നേടി ന്യൂസിലാണ്ടിനെ 5 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. പാക്കിസ്ഥാന്‍ വേണ്ടി ഹാരിസ് റൗഫ് മൂന്നും ഷഹീന്‍ അഫ്രീദി രണ്ടും വിക്കറ്റും നേടി.

പകരക്കാരെ പ്രഖ്യാപിച്ച് സെയിന്റ് ലൂസിയ സ്റ്റാര്‍സ്

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2018ല്‍ തങ്ങളുടെ ടീമില്‍ കളിക്കാനാകാതെ വരുന്ന താരങ്ങള്‍ക്ക് പകരക്കാരെ പ്രഖ്യാപിച്ച് സെയിന്റ് ലൂസിയ സ്റ്റാര്‍സ്. റുമ്മാന്‍ റയീസ്, ഹുസൈന്‍ തലത് എന്നിവര്‍ക്ക് പകരം ന്യൂസിലാണ്ട് താരം മാര്‍ക്ക് ചാപ്മാന്‍, മുഹമ്മദ് സമി എന്നിവരെയാണ് പകരം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മുന്‍ ഹോങ്കോംഗ് താരം മാര്‍ക്ക് ചാപ്മാന്‍ ന്യൂസിലാണ്ട് ടീമിലേക്ക്

സൂപ്പര്‍ സ്മാഷിലും ഫോര്‍ഡ് ട്രോഫിയിലും മികച്ച ഫോം നിലനിര്‍ത്തി വരുന്ന മാര്‍ക്ക് ചാപ്മാനെ ന്യൂസിലാണ്ട് ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തി. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് കനത്ത തോല്‍വി ഏറ്റവുാങ്ങിയ ശേഷമാണ് ടീമിലേക്ക് രണ്ട് മാറ്റങ്ങള്‍ ന്യൂസിലാണ്ട് സെലക്ടര്‍മാര്‍ കൊണ്ട് വരുന്നത്. ടോം ബ്രൂസ്, ടോം ബ്ലണ്ടല്‍ എന്നിവരെ ഒഴിവാക്കി മാര്‍ക്ക് ചാപ്മാന്‍, ടിം സീഫെര്‍ട് എന്നിവരെയാണ് സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ന്യൂസിലാണ്ടില്‍ നടന്ന് വരുന്ന ടി20 ടൂര്‍ണ്ണമെന്റുകളില്‍ ശതകങ്ങള്‍ നേടിയ താരങ്ങളാണ് ഇരുവരും. ഇരുവരെയും ഉള്‍പ്പെടുത്തി ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റില്‍ ശക്തമായ തിരിച്ചുവരവാണ് ന്യൂസിലാണ്ട് ലക്ഷ്യം വയ്ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version