പൊരുതി നോക്കി ആസാം, ത്രില്ലര്‍ വിജയവുമായി മഹാരാഷ്ട്ര ഫൈനലിലേക്ക്

350/7 എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ആസാം അവസാനം വരെ പൊരുതി നോക്കിയെങ്കിലും 12 റൺസ് വിജയവുമായി മഹാരാഷ്ട്ര വിജയ് ഹസാരെ ട്രോഫി ഫൈനലില്‍. ഇന്ന് റുതുരാജ് ഗായക്വാഡും(168), അങ്കിത് ഭാവനെയും(110) നേടിയ ശതകങ്ങളുടെ മികവിൽ വലിയ ലക്ഷ്യമാണ് മഹാരാഷ്ട്ര ആസാമിന് മുന്നിൽ വെച്ചത്.

95 റൺസ് നേടിയ സ്വരുപം പുര്‍കായാസ്തയും 78 റൺസ് നേടിയ സിബശങ്കര്‍ റോയിയും ചേര്‍ന്ന് ആസാമിന് പ്രതീക്ഷ നൽകിയെങ്കിലും രാജ്വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി മഹാരാഷ്ട്രയ്ക്ക് മേൽക്കൈ നേടിക്കൊടുത്തു.

53 റൺസ് നേടിയ റിഷവ് ദാസ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. കഴിഞ്ഞ മത്സരത്തിലെ പോലെ ബൗളിംഗിൽ തിളങ്ങിയ രാജ്‍വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ 4 വിക്കറ്റാണ് നേടിയത്.

45ാം ഓവറിൽ സ്വരൂപത്തിന്റെ വിക്കറ്റ് വീഴ്ത്തിയ ഹംഗാര്‍ഗേക്കര്‍ ആസാമിന്റെ പ്രതീക്ഷകള്‍ എറിഞ്ഞിടുകയായിരുന്നു. അവസാന അഞ്ചോവറിൽ 46 റൺസ് മതിയായിരുന്നുവെങ്കിലും ആസാമിന്റെ കൈവശം രണ്ട് വിക്കറ്റ് മാത്രമാണുണ്ടായിരുന്നത്.

പിന്നീട് കൂടുതൽ വിക്കറ്റുകള്‍ നഷ്ടമായില്ലെങ്കിലും 338/8 എന്ന നിലയിൽ ആസാം ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

ഫൈനലില്‍ സൗരാഷ്ട്രയാണ് മഹാരാഷ്ട്രയുടെ എതിരാളികള്‍.

ബാറ്റിംഗിൽ റുതുരാജ്, ബൗളിംഗിൽ ഹംഗാര്‍ഗേക്കര്‍, ഉത്തര്‍ പ്രദേശിനെതിരെ 58 റൺസ് വിജയവുമായി മഹാരാഷ്ട്ര സെമിയിൽ

വിജയ് ഹസാരെ ട്രോഫി സെമിയിൽ പ്രവേശിച്ച് മഹാരാഷ്ട്ര. ഇന്ന് നടന്ന മത്സരത്തിൽ യുപിയെ 58 റൺസിനാണ് മഹാരാഷ്ട്ര പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 330/5 എന്ന സ്കോര്‍ നേടിയപ്പോള്‍ പുറത്താകാതെ റുതുരാജ് ഗായക്വാഡ് വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ ആയ 220 റൺസ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഉത്തര്‍ പ്രദേശ് 272 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 159 റൺസ് നേടി ആര്യന്‍ ജുയൽ പൊരുതി നോക്കിയെങ്കിലും താരത്തിന് പിന്തുണ നൽകുവാന്‍ മറ്റാര്‍ക്കും സാധിക്കാതെ പോയത് യുപിയ്ക്ക് തിരിച്ചടിയായി.

മഹാരാഷ്ട്രയ്ക്കായി രാജ്‍വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ 5 വിക്കറ്റ് നേടി.

ഈ അണ്ടര്‍ 19 താരം ഐപിഎൽ ലേലത്തിൽ പണം കൊയ്യും – അശ്വിന്‍

ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെ പേസ് ബൗളര്‍ രാജ്‍വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ ഐപിഎൽ ലേലത്തിൽ ടീമുകളുടെ ശ്രദ്ധ പിടിച്ചു പറ്റുമെന്നും പറഞ്ഞ് രവിചന്ദ്രന്‍ അശ്വിന്‍. ഐപിഎലില്‍ മികച്ച തുകയ്ക്കാവും താരത്തെ ടീമുകള്‍ സ്വന്തമാക്കുകയെന്നും അശ്വ‍ിന്‍ പറഞ്ഞു.

മികച്ച ഇന്‍സ്വിംഗറുകള്‍ എറിയുവാനുള്ള കഴിവ് താരത്തെ വ്യത്യസ്തനാക്കുന്നുവെന്നും അതിനാൽ തന്നെ ടീമുകള്‍ താരത്തെ സ്വന്തമാക്കുവാനായി ശ്രമം തുടരുമെന്നും അശ്വിന്‍ സൂചിപ്പിച്ചു. ഏത് ഫ്രാഞ്ചൈസിയാകും താരത്തെ തിരഞ്ഞെടുക്കുകയെന്ന് തനിക്ക് അറിയില്ലെങ്കിലും താരം തീര്‍ച്ചയായും ഐപിഎലിലുണ്ടാകുമെന്ന് അശ്വിന്‍ വ്യക്തമാക്കി.

Exit mobile version