കേരളത്തിന്റെ സെമി മോഹങ്ങള്‍ പൊലിഞ്ഞു, വീണ്ടും ആസാമിനോട് തോൽവി,

കേരളത്തിന്റെ സ്കോറായ 158 റൺസ് 17.1 ഓവറിൽ മറികടന്ന് ആസാം സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ സെമിയിൽ. ആദ്യ ഓവറിൽ തന്നെ ഡാനിഷ് ദാസിനെ നഷ്ടമായെങ്കിലും സുമിത് ഗാഡിഗാവോംഗര്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ആസാമിന് സ്കോറിംഗ് വേഗത നൽകുകയായിരുന്നു.

69 റൺസ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ബഹുഭൂരിഭാഗം സ്കോറിംഗും താരം നടത്തിയപ്പോള്‍ 14 റൺസായിരുന്നു ഋഷവ് ദാസ് നേടിയത്. സുമിത് 50 പന്തിൽ 75 റൺസ് നേടി പുറത്തായ ശേഷം 22 പന്തിൽ നിന്ന് 42 റൺസ് നേടിയ സിബശങ്കര്‍ റോയ് ടീമിന്റെ വിജയം വേഗത്തിലാക്കി.

ടോപ് ഓര്‍ഡര്‍ തകര്‍ന്നു, കേരളത്തിന്റെ രക്ഷകരായി ബാസിത്തും സൽമാന്‍ നിസാറും

ക്യാപ്റ്റന്‍ സഞ്ജു സാംസൺ പൂജ്യത്തിന് പുറത്തായത് ഉള്‍പ്പെടെ കേരളത്തിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ രക്ഷകരായി മാറി അബ്ദുള്‍ ബാസിത്തും സൽമാന്‍ നിസാറും. ഇരുവരും നേടിയ അര്‍ദ്ധ ശതകങ്ങള്‍ കേരളത്തെ 158/6 എന്ന സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു.

44/5 എന്ന നിലയിൽ തകര്‍ന്ന കേരളത്തെ ആറാം വിക്കറ്റിൽ സൽമാന്‍ നിസാര്‍ – അബ്ദുള്‍ ബാസിത് കൂട്ടുകെട്ടാണ് തകര്‍ച്ചയിൽ നിന്ന് രക്ഷിച്ചത്. സഞ്ജു സാംസൺ പൂജ്യത്തിന് പുറത്തായപ്പോള്‍ അബ്ദുള്‍ ബാസിത്ത് 54 റൺസും സൽമാന്‍ നിസാര്‍ 57 റൺസുമാണ് നേടിയത്.

ആറാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 101 റൺസാണ് നേടിയത്. ബാസിത്ത് 42 പന്തിൽ 54 റൺസ് നേടി പുറത്തായപ്പോളാണ് കൂട്ടുകെട്ട് തകര്‍ന്നത്. മനു കൃഷ്ണന്‍ 4 പന്തിൽ 9 റൺസ് നേടി അവസാന ഓവറിൽ മികവ് പുലര്‍ത്തി.

സൽമാന്‍ നിസാര്‍ 44 പന്തിൽ 57 റൺസ് നേടി പുറത്താകാതെ നിന്നു. ആസാമിന് വേണ്ടി ആകാശ് സെന്‍ഗുപ്തി മൂന്നും മൃണ്മോയ് ദത്ത രണ്ട് വിക്കറ്റും നേടി.

ആസാമിന് ടോസ്, കേരളത്തിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു

സയ്യദ് മുഷ്താഖ് അലി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ ആസാമും കേരളവും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ആസാം നായകന്‍ റിയാന്‍ പരാഗ്. റിയാന്‍ പരാഗിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ആസാമിനോട് ഗ്രൂപ്പ് ഘട്ടത്തിൽ കേരളം തോറ്റിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ച കേരളം ആസാമിനോട് മാത്രമാണ് പരാജയപ്പെട്ടത്. ആസാം ബംഗാളിനെ പ്രീക്വാര്‍ട്ടറിൽ മറികടന്നാണ് കേരളവുമായി ക്വാര്‍ട്ടര്‍ പോരാട്ടത്തിന് അവസരം നേടിയത്.

ഒരു റൺസിന്റെ ത്രില്ലര്‍ വിജയം, സര്‍വീസസിനെയും മറികടന്ന് കേരളം

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ സര്‍വീസസ്സിനെതിരെ വിഷ്ണു വിനോദിന്റെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിൽ കേരളം 189/3 എന്ന സ്കോര്‍ നേടിയെങ്കിലും എതിരാളികള്‍ ഉയര്‍ത്തിയ വെല്ലുവിളി കേരളം ഒരു റൺസിനാണ് മറികടന്നത്. സര്‍വീസസ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് നേടിയത്.

ശുഭം രോഹില്ല 41 റൺസുമായി സര്‍വീസസ്സ് ടോപ് സ്കോറര്‍ ആയപ്പോള്‍ വികാസ് ഹാത്വാല ഇംപാക്ട് പ്ലേയര്‍ ആയി ഇറങ്ങി 40 റൺസുമായി പുറത്താകാതെ നിന്നു കേരളത്തിന് വെല്ലുവിളി ഉയര്‍ത്തി. എപി ശര്‍മ്മ 4 പന്തിൽ 13 റൺസും നകുൽ ശര്‍മ്മ 15 പന്തിൽ 21 റൺസും നേടിയെങ്കിലും കേരളത്തിന്റെ സ്കോര്‍ മറികടക്കുവാന്‍ സര്‍വീസസ്സിന് സാധിച്ചില്ല.

അവസാന ഓവറിൽ ജയിക്കുവാന്‍ 17 റൺസ് വേണ്ടിയിരുന്ന സര്‍വീസസ്സിന് ആദ്യ പന്തിൽ നകുൽ ശര്‍മ്മയെ നഷ്ടമായത് തിരിച്ചടിയായി. എന്നാൽ എപി ശര്‍മ്മ അടുത്ത മൂന്ന് പന്തിൽ നിന്ന് 12 റൺസ് നേടിയപ്പോള്‍ ലക്ഷ്യം രണ്ട് പന്തിൽ 5 റൺസായി മാറി. എന്നാൽ അടുത്ത രണ്ട് പന്തിൽ നിന്ന് 3 റൺസ് മാത്രം വന്നപ്പോള്‍ കേരളം ഒരു റൺസ് വിജയം കുറിച്ചു.

വെടിക്കെട്ട് സെ‍ഞ്ച്വറിയുമായി വിഷ്ണു വിനോദ്!!! കേരളത്തിന് 189 റൺസ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ സര്‍വീസസ്സിനെതിരെ മികച്ച ബാറ്റിംഗുമായി കേരളം. വിഷ്ണു വിനോദ് നേടിയ മികവാര്‍ന്ന ശതകമാണ് കേരളത്തെ 189 റൺസിലേക്ക് എത്തിച്ചത്. 3 വിക്കറ്റ് നഷ്ടത്തിലാണ് കേരളം ഈ സ്കോര്‍ നേടിയത്. മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ ഓവറിൽ തന്നെ മൊഹമ്മദ് അസ്ഹറുദ്ദീനെ നഷ്ടമായ കേരളത്തിന് രോഹന്‍ കുന്നുമ്മലിന്റെ(12) വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 34 റൺസായിരുന്നു. സഞ്ജുവും വിഷ്ണു വിനോദും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 45 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും 22 റൺസ് നേടിയ സഞ്ജുവിനെ കേരളത്തിന് നഷ്ടമായി.

പിന്നീട് വിഷ്ണു വിനോദിന്റെ ബാറ്റിംഗ് വെടിക്കെട്ടാണ് ശരദ് പവാര്‍ ക്രിക്കറ്റ് അക്കാദമിയിൽ കണ്ടത്. സൽമാന്‍ നിസാറിനെ കൂട്ടുപിടിച്ച് നാലാം വിക്കറ്റിൽ വിഷ്ണു കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു. 110 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇവര്‍ നേടിയത്.

വിഷ്ണു വിനോദ് 62 പന്തിൽ 109 റൺസ് നേടിയപ്പോള്‍ സൽമാന്‍ നിസാര്‍ 24 പന്തിൽ 42 റൺസ് നേടി. വിഷ്ണു വിനോദ് 15 ബൗണ്ടറിയും 4 സിക്സുമാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്.

4 വിക്കറ്റുമായി ശ്രേയസ്സ് ഗോപാൽ, കേരളത്തിന് മികച്ച വിജയം

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച വിജയവുമായി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 163/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഹിമാച്ചലിനെ 128 റൺസിലൊതുക്കി 35 റൺസ് വിജയം കേരളം കുറിച്ചു. 19.1 ഓവറിൽ ആണ് ഹിമാച്ചൽ പ്രദേശ് ഓള്‍ഔട്ട് ആയത്. കേരളത്തിനായി ശ്രേയസ്സ് ഗോപാലും വിനോദ് കുമാറും 4 വീതം വിക്കറ്റ് നേടി.

എന്‍ആര്‍ ഗംഗ്ത 42 റൺസുമായി ഹിമാച്ചലിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഋഷി ധവാന്‍ 26 റൺസുമായി പുറത്താകാതെ നിന്നു.

സഞ്ജു ഒരു റൺസ്!!!! ടോപ് ഓര്‍ഡറിൽ വിഷ്ണു വിനോദ്, അവസാന ഓവറുകളിൽ സച്ചിന്‍ ബേബി, കേരളത്തിന് 163 റൺസ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാച്ചൽ പ്രദേശിനെതിരെ 163 റൺസ് നേടി കേരളം. ഒരു ഘട്ടത്തിൽ കേരളം 150 റൺസ് കടക്കുമോ എന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന ഓവറുകളിൽ സച്ചിന്‍ ബേബിയുടെ ബാറ്റിംഗ് മികവാണ് കേരളത്തെ 163 റൺസിലേക്ക് എത്തിച്ചത്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് കേരളം ഈ സ്കോര്‍ നേടിയത്.

ടോപ് ഓര്‍ഡറിൽ വിഷ്ണു വിനോദ് മികച്ച രീതിയിൽ ബാറ്റ് വീശിയെങ്കിലും മറുവശത്ത് വിക്കറ്റ് വീണത് കേരളത്തിന് തിരിച്ചടിയായി. വിഷ്ണു വിനോദ് വൺ ഡൗണായി 27 പന്തിൽ നിന്ന് 44 റൺസ് നേടിയപ്പോള്‍ മൊഹമ്മദ് അസ്ഹറുദ്ദീന്‍ 20 റൺസും സൽമാന്‍ നിസാര്‍ 23 റൺസും നേടി. ഹിമാച്ചലിന് വേണ്ടി എംജെ ഡാഗര്‍ 3 വിക്കറ്റ് നേടിയപ്പോള്‍ മുകൽ നേഗി 2 വിക്കറ്റ് നേടി.

സച്ചിന്‍ ബേബി 20 പന്തിൽ 30 റൺസ് നേടിയപ്പോള്‍ സിജോമോന്‍ 11 റൺസ് നേടി റണ്ണൗട്ടായി. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റിൽ 41 റൺസാണ് നേടിയത്.

സച്ചിനും സഞ്ജുവും കസറിയെങ്കിലും സൗരാഷ്ട്രയോട് 9 റൺസ് തോൽവിയേറ്റു വാങ്ങി കേരളം

സൗരാഷ്ട്ര നേടിയ 183 റൺസിന് മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് 9 റൺസ് പരാജയം. സഞ്ജു സാംസണും സച്ചിന്‍ ബേബിയും കേരളത്തിനായി റൺസ് കണ്ടെത്തിയെങ്കിലും 173/4 എന്ന സ്കോര്‍ മാത്രമേ ഇന്ന് നടന്ന സയ്യദ് മുഷ്താഖ് അലി ട്രോഫി പ്രീക്വാര്‍ട്ടറിൽ കേരളത്തിന് നേടാനായുള്ളു.

സഞ്ജു 38 പന്തിൽ 59 റൺസും സച്ചിന്‍ ബേബി പുറത്താകാതെ 46 പന്തിൽ 64 റൺസും നേടിയപ്പോള്‍ ഇരുവരും മൂന്നാം വിക്കറ്റിൽ ക്രീസിൽ നില്‍ക്കുമ്പോള്‍ കേരളത്തിന് വിജയ പ്രതീക്ഷയുണ്ടായിരുന്നു. 98 റൺസാണ് മൂന്നാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് നേടിയത്.

എന്നാൽ ഇന്നിംഗ്സിന്റെ അവസാന ഓവറുകളിലേക്ക് മത്സരം എത്തിയപ്പോള്‍ പ്രേരക് മങ്കഡ് സഞ്ജുവിനെ പുറത്താക്കിയത് കേരളത്തിന് തിരിച്ചടിയായി. അബ്ദുള്‍ ബാസിത്ത് 7 പന്തിൽ 12 റൺസുമായി പ്രതീക്ഷ നൽകിയെങ്കിലും താരത്തിനെയും പ്രേരക് പുറത്താക്കുകയായിരുന്നു.

കേരളത്തിനെതിരെ ഷെൽഡൽ ജാക്സണിന്റെ മികവിൽ മികച്ച സ്കോര്‍ നേടി സൗരാഷ്ട്ര

സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ മികച്ച പ്രകടനവുമായി സൗരാഷ്ട്ര. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര 6 വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് നേടിയത്.

സൗരാഷ്ട്രയ്ക്കായി ഷെൽഡൺ ജാക്സൺ 44 പന്തിൽ 64 റൺസ് നേടിയപ്പോള്‍ 18 പന്തിൽ 34 റൺസ് നേടിയ സമര്‍ത്ഥ് വ്യാസും 23 പന്തിൽ 31 റൺസ് നേടിയ വിശ്വരാജ്സിംഗ് ജഡേയും ആണ് ടീമിനെ കരുതുറ്റ സ്കോറിലേക്ക് നയിച്ചത്.

കേരളത്തിനായി കെഎം ആസിഫ് മൂന്ന് വിക്കറ്റും മനു കൃഷ്ണന്‍ രണ്ട് വിക്കറ്റും നേടി.

കേരളത്തിന് എതിരാളികള്‍ സൗരാഷ്ട്ര, സയ്യദ് മുഷ്താഖ് അലി ട്രോഫി പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പ് അറിയാം

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം സൗരാഷ്ട്രയെ നേരിടും. ഒക്ടോബര്‍ 30 ഞായറാഴ്ചയാണ് മത്സരം. ഈഡന്‍ ഗാര്‍ഡന്‍സിൽ വൈകുന്നേരം 4.30നാണ് മത്സരം നടക്കുന്നത്.

മറ്റു പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളിൽ പഞ്ചാബ് ഹരിയാനയെയും വിദര്‍ഭ ചത്തീസ്ഗഢിനെയും നേരിടും. ക്വാര്‍ട്ടറിൽ ഹിമാച്ചൽ പ്രദേശ്, ബംഗാള്‍, ഡൽഹി, കര്‍ണ്ണാടക, മുംബൈ എന്നീ ടീമുകള്‍ യോഗ്യത നേടിയിട്ടുണ്ട്.

നവംബര്‍ 1ന് ക്വാര്‍ട്ടര്‍ ഫൈനൽ മത്സരങ്ങള്‍ നടക്കും.

സച്ചിന്‍ ബേബിയും സഞ്ജുവും തിളങ്ങി, വിജയ വഴിയിലേക്ക് തിരികെ എത്തി കേരളം, 62 റൺസ് വിജയം

ജമ്മു & കാശ്മീരിനെതിരെ 62 റൺസ് വിജയവുമായി സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 184/4 എന്ന സ്കോര്‍ നേടുകയായിരുന്നു. 32 പന്തിൽ 62 റൺസ് നേടിയ സച്ചിന്‍ ബേബിയും 56 പന്തിൽ 61 റൺസ് നേടിയ സഞ്ജു സാംസണും ആണ് കേരളത്തിനായി തിളങ്ങിയത്. അബ്ദുള്‍ ബാസിത്ത് 11 പന്തിൽ 24 റൺസും രോഹുന്‍ കുന്നുമ്മൽ 29 റൺസും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ജമ്മു & കാശ്മീരിനെ കേരളം 122 റൺസിന് പുറത്താക്കുകയായിരുന്നു. 14 പന്തിൽ 30 റൺസ് നേടിയ ഓപ്പണര്‍ ശുഭം ഖജൂരിയ മാത്രമാണ് കേരളത്തിന് വെല്ലുവിളി ഉയര്‍ത്തിയത്. കേരളത്തിനായി ആസിഫ് കെഎം, ബേസിൽ തമ്പി എന്നിവര്‍ മൂന്ന് വീതം വിക്കറ്റും വൈശാഖ് ചന്ദ്രന്‍ രണ്ട് വിക്കറ്റും നേടി.

പൊരുതി നിന്നത് രോഹന്‍ കുന്നുമ്മൽ മാത്രം, കേരളത്തിന് മഹാരാഷ്ട്രയോട് പരാജയം

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ മഹാരാഷ്ട്രയോട് പരാജയം ഏറ്റുവാങ്ങി കേരളം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര റുതുരാജ് ഗായക്വാഡ് നേടിയ ശതകത്തിന്റെ(114) ബലത്തിൽ 167/4 എന്ന സ്കോര്‍ നേടിയപ്പോള്‍ കേരളത്തിന് 127/8 എന്ന സ്കോറാണ് നേടാനായത്.

58 റൺസ് നേടിയ രോഹന്‍ കുന്നുമ്മലിന് പിന്തുണ നൽകുവാന്‍ മറ്റ് കേരള താരങ്ങള്‍ക്ക് സാധിക്കാതെ പോയപ്പോള്‍ കേരളത്തിന് 39 റൺസ് തോൽവിയേറ്റ് വാങ്ങേണ്ടി വന്നു. 18 റൺസുമായി പുറത്താകാതെ നിന്ന സിജോമോന്‍ ജോസഫ് ആണ് കേരളത്തിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

97/8 എന്ന നിലയിലേക്ക് വീണ കേരളത്തിനെ സിജോയും മിഥുനും ചേര്‍ന്ന് 9ാം വിക്കറ്റിൽ 30 റൺസ് നേടിയാണ് തോൽവിയുടെ ഭാരം കുറയ്ക്കുവാന്‍ സഹായിച്ചത്. മഹാരാഷ്ട്രയ്ക്ക് വേണ്ടി എസ്എസ് ബച്ചാവ് 3 വിക്കറ്റും കാസി രണ്ട് വിക്കറ്റും നേടി.

Exit mobile version