ബാറ്റിംഗിൽ റുതുരാജ്, ബൗളിംഗിൽ ഹംഗാര്‍ഗേക്കര്‍, ഉത്തര്‍ പ്രദേശിനെതിരെ 58 റൺസ് വിജയവുമായി മഹാരാഷ്ട്ര സെമിയിൽ

വിജയ് ഹസാരെ ട്രോഫി സെമിയിൽ പ്രവേശിച്ച് മഹാരാഷ്ട്ര. ഇന്ന് നടന്ന മത്സരത്തിൽ യുപിയെ 58 റൺസിനാണ് മഹാരാഷ്ട്ര പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 330/5 എന്ന സ്കോര്‍ നേടിയപ്പോള്‍ പുറത്താകാതെ റുതുരാജ് ഗായക്വാഡ് വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ ആയ 220 റൺസ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഉത്തര്‍ പ്രദേശ് 272 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 159 റൺസ് നേടി ആര്യന്‍ ജുയൽ പൊരുതി നോക്കിയെങ്കിലും താരത്തിന് പിന്തുണ നൽകുവാന്‍ മറ്റാര്‍ക്കും സാധിക്കാതെ പോയത് യുപിയ്ക്ക് തിരിച്ചടിയായി.

മഹാരാഷ്ട്രയ്ക്കായി രാജ്‍വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ 5 വിക്കറ്റ് നേടി.

ഒരോവറിൽ ഏഴ് സിക്സ്!!!! മൊത്തം 16 സിക്സ്, റുതുരാജിന്റെ ഇരട്ട ശതകം ഉത്തര്‍ പ്രദേശ് ബൗളിംഗിനെ തകര്‍ത്തു

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തര്‍ പ്രദേശിനെതിരെ 330/5 എന്ന കൂറ്റന്‍ സ്കോര്‍ നേടി മഹാരാഷ്ട്ര. പുറത്താകാതെ 220 റൺസ് നേടിയ റുതുരാജ് ഗായക്വാഡിന്റെ ബാറ്റിംഗ് മികവിലാണ് മഹാരാഷ്ട്ര ഈ സ്കോര്‍ നേടിയത്. ഇന്നിംഗ്സിലെ 49ാം ഓവറിൽ ശിവ സിംഗിനെ ഏഴ് സിക്സുകള്‍ക്ക് പായിച്ചാണ് റുതുരാജ് തന്റെ ഇരട്ട ശതകം പൂര്‍ത്തിയാക്കിയത്.

159 പന്തിൽ 220 റൺസ് നേടിയ റുതുരാജ് 10 ഫോറും 16 സിക്സും ആണ് തന്റെ ഇന്നിംഗ്സിൽ നേടിയത്. അങ്കിത് ഭാവനെയും കാസിയും 37 റൺസ് വീതം നേടി. ഉത്തര്‍ പ്രദേശിനായി കാര്‍ത്തിക് ത്യാഗി മൂന്ന് വിക്കറ്റ് നേടി.

കര്‍ണ്ണാടകയെ പരാജയപ്പെടുത്തി യുപി സെമിയിലേക്ക്

രഞ്ജി ട്രോഫിയുടെ സെമി ഫൈനലില്‍ കടന്ന് യുപി. ഇന്ന് കര്‍ണ്ണാടകയ്ക്കെിരെ 5 വിക്കറ്റ് വിജയം നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്സിലെ തകര്‍പ്പന്‍ ബൗളിംഗാണ് യുപിയുടെ വിജയത്തിന് കാരണം.

ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ വെറും 114 റൺസ് മാത്രമാണ് കര്‍ണ്ണാടക നേടിയത്. ഇതോടെ 213 റൺസായി യുപിയുടെ വിജയ ലക്ഷ്യം. 5 വിക്കറ്റ് നഷ്ടത്തിൽ ടീം അത് മറികടന്നപ്പോള്‍ ക്യാപ്റ്റന്‍ കരൺ ശര്‍മ്മ പുറത്താകാതെ 93 റൺസുമായി വിജയത്തിൽ പ്രധാന പങ്ക് വഹിച്ചു.

പ്രിയം ഗാര്‍ഗ് 52 റൺസും പ്രിന്‍സ് യാദവ് പുറത്താകാതെ 33 റൺസും നേടി യുപിയ്ക്കായി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു.

തിരിച്ചടിച്ച് കര്‍ണ്ണാടക, 98 റൺസ് ലീഡ്

രഞ്ജി ട്രോഫിയിലെ കര്‍ണ്ണാടകയും ഉത്തര്‍ പ്രദേശും തമ്മിലുള്ള മൂന്നാം ക്വാര്‍ട്ടര്‍ ഫൈനൽ ആവേശകരമായി മുന്നേറുന്നു. ഒന്നാം ഇന്നിംഗ്സിൽ വെറും 253 റൺസിന് ഓള്‍ഔട്ട് ആയെങ്കിലും എതിരാളികളായ ഉത്തര്‍ പ്രദേശിനെ 155 റൺസിന് ഒതുക്കി 98 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി കര്‍ണ്ണാടക.

രോണിത് മോറെ മൂന്നും വിജയകുമാര്‍ വൈശാഖ്, വിദ്വദ് കാവേരപ്പ, കൃഷ്ണപ്പ ഗൗതം എന്നിവര്‍ 2 വീതം വിക്കറ്റ് നേടിയപ്പോള്‍ 39 റൺസ് നേടിയ പ്രിയം ഗാര്‍ഗ് ആണ് ഉത്തര്‍ പ്രദേശിന്റെ ടോപ് സ്കോറര്‍.

റിങ്കു സിംഗ് 33 റൺസും ശിവം മാവി 32 റൺസും നേടിയെങ്കിലും കര്‍ണ്ണാടകയുടെ സ്കോര്‍ മറികടക്കുവാന്‍ ടീമിനായില്ല.

വീണ്ടും വെടിക്കെട്ട് പ്രകടനവുമായി പൃഥ്വി, മുംബൈയ്ക്ക് മികച്ച തുടക്കം

പൃഥ്വി ഷാ തന്റെ മികവാര്‍ന്ന ബാറ്റിംഗ് പ്രകടനം വിജയ് ഹസാരെ ട്രോഫി ഫൈനലിലും ആവര്‍ത്തിച്ചപ്പോള്‍ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് മികച്ച തുടക്കം. പൃഥ്വി ഷാ 39 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയപ്പോള്‍ 9.1 ഓവറില്‍ മുംബൈ 89 റണ്‍സാണ് നേടിയത്. 10 ഫോറും 4 സിക്സും അടക്കമായിരുന്നു പൃഥ്വിയുടെ ഇന്നിംഗ്സ്. ശിവം മാവിയ്ക്കായിരുന്നു പൃഥ്വിയുടെ വിക്കറ്റ്.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മുംബൈ 14 ഓവറില്‍ 126 റണ്‍സാണ് നേടിയിട്ടുള്ളത്. 29 റണ്‍സുമായി യശസ്വി ജൈസ്വാലും 23 റണ്‍സ് നേടി ആതിഥ്യ താരെയുമാണ് ക്രീസിലുള്ളത്.

വിജയ് ഹസാരെയില്‍ എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് പൃഥ്വി 827 റണ്‍സാണ് നേടിയത്. 4 ശതകങ്ങളും 1 ഫിഫ്റ്റിയുമാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 227 നോട്ട്ഔട്ട് ആണ്.

ടോപ് ഓര്‍ഡറില്‍ മികച്ച പ്രകടനവുമായി മാധവ് കൗശിക്, അടിച്ച് തകര്‍ത്ത് അക്ഷ് ദീപ് നാഥ്

വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ മികച്ച ബാറ്റിംഗ് പ്രകടനവുമായി യുപി. ഇന്ന് മുംബൈയ്ക്കെതിരെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ഉത്തര്‍ പ്രദേശ് 312 റണ്‍സാണ് 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഓപ്പണര്‍മാരായ മാധവ് കൗശികും സമര്‍ത്ഥ് സിംഗും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം അവസാന ഓവറുകളില്‍ അക്ഷ് ദീപ് നാഥ് തകര്‍ത്തടിച്ചപ്പോള്‍ മികച്ച സ്കോറിലേക്ക് ഉത്തര്‍ പ്രദേശ് നീങ്ങി.

സമര്‍ത്ഥ് സിംഗും(55) മാധവ് കൗശിക്കും ചേര്‍ന്ന് 122 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. എന്നാല്‍ സമര്‍ത്ഥിനെയും ക്യാപ്റ്റന്‍ കരണ്‍ ശര്‍മ്മയെയും മൂന്ന് പന്ത് വ്യത്യാസത്തില്‍ നഷ്ടമായപ്പോള്‍ 122/0 എന്ന നിലയില്‍ നിന്ന് യുപി 123/2 എന്ന നിലയിലേക്ക് വീണു. മാധവ് കൗശിക്കും പ്രിയം ഗാര്‍ഗും(21) ചേര്‍ന്ന് 38 റണ്‍സ് കൂടി മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും ഗാര്‍ഗിന്റെ വിക്കറ്റ് യുപിയ്ക്ക് നഷ്ടമായി. കരണ്‍, ഗാര്‍ഗ് എന്നിവരുടെ വിക്കറ്റ് തനുഷ് കോടിയന്‍ ആണ് വീഴ്ത്തിയത്.

പിന്നീട് മാധവ് കൗശിക്കിനൊപ്പം അക്ഷ് ദീപ് നാഥ് തകര്‍ത്തടിച്ചപ്പോള്‍ യുപി നാലാം വിക്കറ്റില്‍ 127 റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. 40 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയ അക്ഷ് ദീപ് നാഥ് റണ്ണൗട്ടായി പുറത്താകുകയായിരുന്നു. 156 പന്തില്‍ നിന്ന് പുറത്താകാതെ ഇന്നിംഗ്സ് മുഴുവന്‍ ബാറ്റ് ചെയ്ത മാധവ് കൗശിക് ആണ് ഫൈനലില്‍ ഈ കൂറ്റന്‍ സ്കോറിലേക്ക് ഉത്തര്‍ പ്രദേശിനെ നയിച്ചത്.

ഗുജറാത്തിനെ വീഴ്ത്തി ഉത്തര്‍ പ്രദേശ് വിജയ് ഹസാരെ ട്രോഫി ഫൈനലില്‍

ഗുജറാത്തിനെതിരെ 5 വിക്കറ്റ് വിജയവുമായി വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ കടന്ന് ഉത്തര്‍ പ്രദേശ്. ഇന്ന് ഗുജറാത്തിനെ 184 റണ്‍സിന് എറിഞ്ഞൊതുക്കിയ ശേഷം 42.4 ഓവറില്‍ നിന്നാണ് ഉത്തര്‍ പ്രദേശിന്റെ വിജയം. 71 റണ്‍സ് നേടിയ അക്ഷ് ദീപ് നാഥ് ആണ് ഉത്തര്‍ പ്രദേശ് ബാറ്റിംഗില്‍ തിളങ്ങിയത്. ഒരു ഘട്ടത്തില്‍ 45/3 എന്ന നിലയിലേക്ക് വീണ ഉത്തര്‍ പ്രദേശിനെ ക്യാപ്റ്റന് ‍കരണ്‍ ശര്‍മ്മയോടൊപ്പം നാലാം വിക്കറ്റില്‍ 89 റണ്‍സ് നേടിയാണ് അക്ഷ് ദീപ് നാഥ് നേടിയത്.

കരണ്‍ ശര്‍മ്മ 38 റണ്‍സ് നേടി. അക്ഷ് ദീപ് നാഥ് പുറത്താകുമ്പോള്‍ വിജയത്തിന് വെറും 12 റണ്‍സ് മാത്രം അകലെയായിരുന്നു ഉത്തര്‍ പ്രദേശ്. 25 പന്തില്‍ 31 റണ്‍സ് നേടി ഉപേന്ദ്ര യാദവ് ഉത്തര്‍ പ്രദേശിന്റെ വിജയം വേഗത്തിലാക്കി.

ഗുജറാത്തിനെ 184 റണ്‍സിന് ഓള്‍ഔട്ട് ആക്കി ഉത്തര്‍ പ്രദേശ്

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് നടന്ന മത്സരത്തില്‍ ഉത്തര്‍ പ്രദേശിനെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ഗുജറാത്ത് 48.1 ഓവറില്‍ 184 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 60 റണ്‍സ് നേടിയ ഹെറ്റ് പട്ടേല്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ പിയൂഷ് ചൗള(32), ധ്രുവ് റാവല്‍(23) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ഉത്തര്‍ പ്രദേശിന് വേണ്ടി യഷ് ദയാല്‍ മൂന്നും അക്വിബ് ഖാന്‍ രണ്ടും വിക്കറ്റ് നേടി.

വിജയ് ഹസാരെ സെമി ലൈനപ്പ് അറിയാം

വിജയ് ഹസാരെ ട്രോഫിയുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെ മാര്‍ച്ച് 11ന് നടക്കും. ആദ്യ സെമിയില്‍ ഗുജറാത്തും ഉത്തര്‍ പ്രദേശും ഏറ്റുമുട്ടുമ്പോള്‍ കരുത്തന്മാരുടെ പോരാട്ടത്തില്‍ കര്‍ണ്ണാടകയും മുംബൈയും ഏറ്റുമുട്ടും. ആദ്യ സെമി അരുണ്‍ ജയ്‍റ്റിലി സ്റ്റേഡിയത്തിലും രണ്ടാം സെമി പാലം എ സ്റ്റേഡിയത്തിലും ആണ് അരങ്ങേറുക. ഇരു മത്സരങ്ങളും രാവിലെ 9 മണിയ്ക്ക് ആരംഭിയ്ക്കും.

മാര്‍ച്ച് 14, ഞായറാഴ്ചാണ് ഫൈനല്‍ മത്സരം. ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കലിന്റെയും രവികുമാര്‍ സമര്‍ത്ഥിന്റെയും ബാറ്റിംഗ് മികവാണ് ടൂര്‍ണ്ണമെന്റില്‍ കര്‍ണ്ണാടകയ്ക്ക് തുണയായിട്ടുള്ളത്. കരുത്തരായ മുംബൈയും മികച്ച ഫോമിലേക്ക് ഉയര്‍ന്നിട്ടുണ്ട്. പൃഥ്വി ഷാ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അടിച്ച തകര്‍ത്ത് ടൂര്‍ണ്ണമെന്റില്‍ മുന്നേറുകയാണ്.

ഗൂജറാത്ത് 117 റണ്‍സിന്റെ വിജയം നേടിയാണ് സെമിയില്‍ കടന്നിരിക്കുന്നത്. ഉത്തര്‍ പ്രദേശ് ഡല്‍ഹിയ്ക്കെതിരെ മികച്ച വിജയവുമായാണ് സെമി ഫൈനലില്‍ എത്തിയത്.

ഡല്‍ഹിയെ ചുരുട്ടിക്കെട്ടി യുപി സെമിയിലേക്ക്

വിജയ് ഹസാരെ ട്രോഫിയുടെ സെമി ഫൈനലില്‍ കടന്ന് ഉത്തര്‍ പ്രദേശ്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഉത്തര്‍ പ്രദേശ് ആദ്യം ബാറ്റ് ചെയ്ത് 280 റണ്‍സ് നേടിയ ശേഷം ഡല്‍ഹിയെ 48.1 ഓവറില്‍ 234 റണ്‍സിന് പിടിച്ചുകെട്ടിയാണ് വിജയം സ്വന്തമാക്കിയത്. 46 റണ്‍സിന്റെ വിജയം ആണ് യുപി ഇന്ന് നേടിയത്.

ലളിത് യാദവ്(61), അനുജ് റാവത്ത്(47), ഹിമ്മത് സിംഗ്(39), നിതീഷ് റാണ(21) എന്നിവരാണ് ഡല്‍ഹിയ്ക്കായി റണ്‍സ് കണ്ടെത്തിയത്. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍മാരെ യഷ് ദയാല്‍ പുറത്താക്കിയപ്പോള്‍ നേരിട്ട തിരിച്ചടിയില്‍ നിന്ന് ഡല്‍ഹിയ്ക്ക് കരകയറാനായില്ല.

യഷ് ദയാല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അക്വിബ് ഖാനും അക്ഷ് ദീപ് നാഥും രണ്ട് വീതം വിക്കറ്റ് നേടി.

സെമിയിലെത്തുവാന്‍ ഡല്‍ഹി നേടേണ്ടത് 281 റണ്‍സ്, ഉത്തര്‍പ്രദേശിന് വേണ്ടി ശതകം നേടി ഉപേന്ദ്ര യാദവ്

ഉപേന്ദ്ര യാദവിന്റെ ശതകത്തിന്റെയും ക്യാപ്റ്റന്‍ കരണ്‍ ശര്‍മ്മയുടെയും മികവില്‍ ഡല്‍ഹിയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 280 റണ്‍സ് നേടി ഉത്തര്‍ പ്രദേശ്. 7 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. 101 പന്തില്‍ നിന്നാണ് ഉപേന്ദ്ര യാദവ് തന്റെ 112 റണ്‍സ് നേടിയത്. കരണ്‍ ശര്‍മ്മ 83 റണ്‍സും സമീര്‍ ചൗധരി 43 റണ്‍സുമായി പുറത്താകാതെയും നിന്നാണ് യുപിയെ ഈ സ്കോറിലേക്ക് എത്തിച്ചത്.

ഡല്‍ഹിയ്ക്കായി പ്രദീപ് സാംഗ്വാന്‍, സിമര്‍ജീത്ത് സിംഗ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

കര്‍ണ്ണാടകയുടെ വിജയത്തോടെ കേരളം ഗ്രൂപ്പില്‍ മൂന്നാമത്, എന്നാല്‍ സാധ്യതകള്‍ ഇപ്രകാരം

16 പോയിന്റുകള്‍ നേടിയെങ്കിലും വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ക്വാര്‍ട്ടര്‍ ഫൈനല്‍ സ്ഥാനം ഉറപ്പാകുമോ എന്നത് നാളത്തെ മത്സരങ്ങള്‍ക്ക് ശേഷം മാത്രമാകും അറിയുക. കേരളത്തിന്റെ ഗ്രൂപ്പില്‍ കേരളത്തിനും കര്‍ണ്ണാടകയ്ക്കും ഉത്തര്‍ പ്രദേശിനും പോയിന്റ് പട്ടികയില്‍ ഒരേ പോയിന്റായിരുന്നുവെങ്കിലും റണ്‍റേറ്റ് മികച്ച നിന്നത് കര്‍ണ്ണാടകയ്ക്ക് തുണയായി.

കര്‍ണ്ണാടക തങ്ങളുടെ അവസാന മത്സരത്തില്‍ റെയില്‍വേസിനെതിരെ 10 വിക്കറ്റ് വിജയം ആണ് കരസ്ഥമാക്കിയത്. റെയില്‍വേസ് 9 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് നേടിയപ്പോള്‍ കര്‍ണ്ണാടക 40.3 ഓവറില്‍ ലക്ഷ്യം മറികടന്നു. കര്‍ണ്ണാടകയ്ക്ക് +1.879 റണ്‍ റേറ്റും ഉത്തര്‍ പ്രദേശിന് +1.559 റണ്‍ റേറ്റുമാണുള്ളത്. കേരളത്തിന്റേത് +1.244 ആണ് റണ്‍റേറ്റ്.

കര്‍ണ്ണാടകയ്ക്കായി ദേവ്ദത്ത് പടിക്കല്‍ 125 പന്തില്‍ 145 റണ്‍സും ക്യാപ്റ്റന്‍ രവികുമാര്‍ സമര്‍ത്ഥ് 118 പന്തില്‍ 130 റണ്‍സും നേടിയാണ് വിജയമൊരുക്കിയത്.

വിജയ് ഹസാരെ ട്രോഫിയില്‍ എലൈറ്റ് ഗ്രൂപ്പിലെ അഞ്ച് ജേതാക്കള്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടക്കുമ്പോള്‍ ഈ ഗ്രൂപ്പില്‍ നിന്നുള്ള ഏറ്റവും അധികം റാങ്കിംഗ് ഉള്ള അടുത്ത രണ്ട് ടീമുകള്‍ക്കും ക്വാര്‍ട്ടറിലേക്ക് നേരിട്ട് യോഗ്യത ലഭിയ്ക്കും. എലൈറ്റ് ഗ്രൂപ്പിലെ അടുത്ത റാങ്കുള്ള ടീം പ്ലേറ്റിലെ വിജയികളുമായി എലിമിനേറ്റര്‍ കളിച്ച ശേഷം ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാം.

ഉത്തര്‍പ്രദേശിനും കേരളത്തിനും ബറോഡയ്ക്കും നിലവില്‍ 16 പോയിന്റാണുള്ളത്. ഗ്രൂപ്പ് ഡി, ഗ്രൂപ്പ് ഇ എന്നിവയില്‍ ഒരു മത്സരം കൂടി അവശേഷിക്കാനിരിക്കെ ഡല്‍ഹിയോ, ചണ്ഡിഗഢോ ആണ് ആ ഗ്രൂപ്പില്‍ 16 പോയിന്റുകളുമായി രണ്ടാം സ്ഥാനത്ത് എത്തുവാന്‍ സാധ്യതയുള്ളത്.

ബറോഡയെക്കാള്‍ മികച്ച റണ്‍റേറ്റാണ് ഇപ്പോള്‍ കേരളത്തിനുള്ളത്. അതേ സമയം ഡല്‍ഹി നാളെ വലിയ വിജയം നേടുകയാണെങ്കില്‍ കേരളത്തിനെ മറികടന്ന് യുപിയ്ക്കൊപ്പം ആറും ഏഴും സ്ഥാനക്കാരായി ക്വാര്‍ട്ടറിലേക്ക് കടക്കും. അപ്പോളും കേരളത്തിന് എലിമിനേറ്റര്‍ കളിക്കുവാനുള്ള നേരിയ സാധ്യതയുണ്ടെന്നാണ് ബിസിസിഐയുടെ നിയമം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.

Exit mobile version