കാൽമുട്ടിലെ പരിക്ക് മാറി രജത് പാട്ടീദാർ തിരികെയെത്തി; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കും


ഇടത് കാൽമുട്ടിലെ പരിക്ക് മാറി മധ്യപ്രദേശ് ക്യാപ്റ്റൻ രജത് പാട്ടീദാർ ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ തയ്യാറെടുക്കുന്നു. 10 ദിവസത്തെ പുനരധിവാസ പരിപാടിക്ക് ശേഷം ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസ് മെഡിക്കൽ ടീം താരത്തിന് കളിക്കാൻ അനുമതി നൽകി. ഒക്ടോബർ പകുതിയോടെ ആദ്യമായി അനുഭവപ്പെട്ട കാൽമുട്ടിലെ വേദന കാരണം നാല് ആഴ്ചയോളമാണ് പാട്ടീദാർക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നത്.

നവംബർ 30-ന് കൊൽക്കത്തയിൽ ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങളുടെ മൂന്നാം റൗണ്ട് മുതൽ പാട്ടീദാർക്ക് മധ്യപ്രദേശ് ടീമിനൊപ്പം ചേരാനും കളിക്കാനും സാധിക്കും.
പരിക്ക് പറ്റുന്നതിന് മുമ്പ് മികച്ച ഫോമിലായിരുന്നു പാട്ടീദാർ. രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ ഇരട്ട സെഞ്ചുറി നേടുകയും ദുലീപ് ട്രോഫിയിൽ സെൻട്രൽ സോൺ ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

2025-ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അവരുടെ ആദ്യ ഐപിഎൽ കിരീടത്തിലേക്ക് നയിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ വൈറ്റ്-ബോൾ ക്രിക്കറ്റ് മത്സരമായിരിക്കും വരാനിരിക്കുന്ന SMAT 2025-26. മധ്യപ്രദേശിന്റെ എല്ലാ ഫോർമാറ്റിലുമുള്ള ക്യാപ്റ്റനായി ഉയർത്തിയ പാട്ടീദാർ, മുൻ SMAT സീസണിൽ 428 റൺസും 27 സിക്സറുകളും സഹിതം രണ്ടാമത്തെ ഉയർന്ന റൺസ് സ്കോററായിരുന്നു.

ദുലീപ് ട്രോഫി കിരീടം നേടി സെൻട്രൽ സോൺ; നായകനായി പടിദാറിന് ഇത് ഈ വർഷത്തെ രണ്ടാമത്തെ കിരീടം


ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിൽ നടന്ന ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് സെൻട്രൽ സോൺ ജേതാക്കളായി. ധ്രുവ് ജൂറെലിന് പകരമെത്തിയ രജത് പടിദാർ നയിച്ച സെൻട്രൽ സോൺ 11 വർഷത്തിനുശേഷമാണ് ദുലീപ് ട്രോഫി കിരീടം നേടുന്നത്.

അടുത്തിടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആദ്യ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച പടിദാറിന്റെ ഈ വർഷത്തെ രണ്ടാമത്തെ കിരീട നേട്ടമാണിത്. ആദ്യ ഇന്നിംഗ്സിൽ പടിദാർ നേടിയ തകർപ്പൻ സെഞ്ച്വറിയും സഹതാരം യാഷ് റാത്തോഡിന്റെ 194 റൺസുമാണ് സെൻട്രൽ സോണിന് കൂറ്റൻ സ്കോർ നേടാൻ സഹായകമായത്. മികച്ച പ്രകടനം കാഴ്ച്ചവെച്ച റാത്തോഡ് പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് നേടി. ഡാനിഷ് മാലേവാർ, സരൺഷ് ജെയിൻ തുടങ്ങിയ മറ്റ് ബാറ്റ്സ്മാൻമാരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.


ആദ്യ ഇന്നിംഗ്സിൽ സെൻട്രൽ സോണിന്റെ ബൗളർമാർ, പ്രത്യേകിച്ച് ഓഫ് സ്പിന്നർ സരൺഷ് ജെയിൻ, കുമാർ കാർത്തികേയ എന്നിവരുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. സരൺഷ് ജെയിൻ മൂന്നാം തവണയും അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. സൗത്ത് സോണിനെ 149 റൺസിന് സെൻട്രൽ സോൺ തകർത്തു. രണ്ടാം ഇന്നിംഗ്സിൽ ആൻഡ്രെ സിദ്ധാർത്ഥ്, അങ്കിത് ശർമ്മ എന്നിവരുടെ പ്രകടനം സൗത്ത് സോണിന് തുണയായി. എങ്കിലും 65 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് ശേഷിക്കെ സെൻട്രൽ സോൺ അനായാസം മറികടന്നു. മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ച്ചവെച്ച ജെയിൻ പ്ലെയർ ഓഫ് ദ സീരീസായി തിരഞ്ഞെടുക്കപ്പെട്ടു.


2014-ൽ പിയൂഷ് ചൗളയുടെ നേതൃത്വത്തിൽ നേടിയ കിരീടത്തിന് ശേഷം സെൻട്രൽ സോൺ നേടുന്ന ആദ്യ ദുലീപ് ട്രോഫി കിരീടമാണിത്.

“വിരാടിന് വേണ്ടി ഞങ്ങൾ ഐ പി എൽ ജയിക്കും” – രജത് പാട്ടിദാർ


റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ തങ്ങളുടെ നാലാം ഐപിഎൽ ഫൈനലിന് തയ്യാറെടുക്കുമ്പോൾ, എല്ലാവരുടെയും ശ്രദ്ധ വീണ്ടും വിരാട് കോഹ്ലിയിലാണ്. പഞ്ചാബ് കിംഗ്സിനെതിരായ ഐപിഎൽ 2025 ഫൈനലിന് മുന്നോടിയായി സംസാരിച്ച പടിദാർ ഈ കിരീടം വിരാടിന് വേണ്ടി നേടണം എന്ന് പറഞ്ഞു.


“വിരാട് ഒരുപാട് നൽകിയിട്ടുണ്ട് – ഇന്ത്യക്കും ആർസിബിക്കുമായി. ഈ കിരീടം നേടുന്നത് അദ്ദേഹത്തിനും എല്ലാ സീസണുകളിലും ഞങ്ങളെ പിന്തുണച്ച ആരാധകർക്കും ലോകം കീഴടക്കിയതിന് തുല്യമാകും,” ഫൈനലിൻ്റെ തലേന്ന് പാട്ടിദാർ പറഞ്ഞു.


ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 55 ന് മുകളിൽ ശരാശരിയോടെ 614 റൺസ് നേടിയ കോഹ്ലി മികച്ച ഫോമിലാണ്. എന്നാൽ അദ്ദേഹത്തിൻ്റെ ഇതിഹാസ ഐപിഎൽ കരിയറിൽ കിരീടം മാത്രം അകലെയാണ്.


“ഞങ്ങൾക്ക് എല്ലാവർക്കും ആ അഭാവം അനുഭവപ്പെടുന്നുണ്ട്. ഇത്തവണ അദ്ദേഹത്തിന് ചുറ്റും ഒരു പ്രത്യേക ഊർജ്ജമുണ്ട്. അദ്ദേഹത്തിന് നഷ്ടപ്പെട്ട ആ ഒരേയൊരു കാര്യം ഞങ്ങൾക്ക് നൽകാൻ കഴിഞ്ഞാൽ, അത് ഒരിക്കലും മറക്കാനാവാത്തതായിരിക്കും.” അദ്ദേഹം പറഞ്ഞു.

രജത് പടിദാർ നെറ്റ്സിൽ തിരിച്ചെത്തി; ആർസിബിക്ക് ആശ്വാസം


റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് (ആർസിബി) ഐപിഎൽ പുനരാംഭിക്കുന്നതിന് മുന്നോടിയായി സന്തോഷവാർത്ത. കൈവിരലിന് പരിക്കേറ്റതിനെ തുടർന്ന് 10 ദിവസത്തെ വിശ്രമത്തിന് ശേഷം ക്യാപ്റ്റൻ രജത് പാട്ടിധാർ നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചു. മെയ് 3 ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് പാട്ടിധാറിന് വലത് കൈക്ക് പരിക്കേറ്റത്.


കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ നിർണായക മത്സരത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ പാട്ടിധാർ പരിശീലനത്തിൽ തിരിച്ചെത്തി. ഇന്നലെ ത്രോഡൗണുകൾ നേരിട്ട ശേഷം അദ്ദേഹം പൂർണ്ണ ബാറ്റിംഗ് പരിശീലനത്തിലേക്ക് കടന്നു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


കെകെആറിനെതിരായ മത്സരത്തിൽ ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാർ കളിക്കില്ല


റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ (ആർസിബി) ക്യാപ്റ്റൻ രജത് പാട്ടിദാറിന് മെയ് 17 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ നിർണായക ഐപിഎൽ മത്സരം നഷ്ടമായേക്കും. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിനിടെ 31 കാരനായ ബാറ്റർക്ക് വിരലിന് പരിക്കേറ്റിരുന്നു. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷങ്ങളെത്തുടർന്ന് ടൂർണമെൻ്റിന് ദീർഘകാലം ഇടവേള ലഭിച്ചിട്ടും താരം പൂർണ്ണമായി സുഖം പ്രാപിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.


ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, പാട്ടിദാറിൻ്റെ പരിക്ക് ഇപ്പോഴും ഭേദമായി വരുന്നേയുള്ളൂ, അദ്ദേഹത്തിൻ്റെ പങ്കാളിത്തം ഉറപ്പില്ല. ഐപിഎൽ നിർത്തിവയ്ക്കുന്നതിന് മുമ്പ് ലഖ്‌നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരവും അദ്ദേഹത്തിന് നഷ്ടമാകുമായിരുന്നു. അന്ന് ജിതേഷ് ശർമ്മയായിരുന്നു ടീമിനെ നയിക്കാൻ സാധ്യതയുണ്ടായിരുന്നത്. പാട്ടിദാറിൻ്റെ ഫിറ്റ്നസിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ലാത്തതിനാൽ, അദ്ദേഹം കളിക്കാത്ത പക്ഷം ആരാകും ടീമിനെ നയിക്കുക എന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്.

ആർ സി ബിയുടെ ബൗളിംഗ് അവരുടെ ജോലി ചെയ്യുന്നുണ്ട് – രജത് പടിദാർ


ബാംഗ്ലൂർ, ഏപ്രിൽ 19: ചിന്നസ്വാമി സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 5 വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ രജത് പാട്ടിധാർ ടീമിന്റെ ബാറ്റിംഗ് പ്രകടനത്തെക്കുറിച്ച് നിരാശ തുറന്നുപറഞ്ഞു. ഈ സീസണിൽ അവരുടെ ഹോം ഗ്രൗണ്ടിലെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.


മത്സരശേഷം സംസാരിച്ച പാട്ടിധാർ, ടോപ് ഓർഡറിനും മിഡിൽ ഓർഡറിനും മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ കഴിയാത്തതിലുള്ള അതൃപ്തി മറച്ചുവെച്ചില്ല. ആർസിബിയുടെ ഈ സീസണിലെ സ്ഥിരം പ്രശ്നമാണിത് എന്ന് പറഞ്ഞു “തുടക്കത്തിൽ പിച്ചിന്റെ സ്വഭാവം അൽപ്പം ബുദ്ധിമുട്ടുള്ളതായിരുന്നു – പന്ത് പതിയെയും വേഗത വ്യത്യാസത്തോടെയുമാണ് വന്നത് – പക്ഷേ ഞങ്ങൾ ബാറ്റ് ചെയ്ത രീതിക്ക് അതൊരു ഒഴികഴിവല്ല. തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുന്നത് ഞങ്ങൾക്ക് വീണ്ടും തിരിച്ചടിയായി. ഞങ്ങൾ ഉടൻ തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്,” മത്സരശേഷം അദ്ദേഹം പറഞ്ഞു.


ഒരു ഘട്ടത്തിൽ 2 വിക്കറ്റിന് 53 റൺസ് എന്ന നിലയിൽ നിന്ന് ആർസിബി പിന്നീട് 14 ഓവറിൽ വെറും 95 റൺസിന് ഓൾഔട്ടായി. വെറും 42 റൺസിനിടെ ഏഴ് വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. ടിം ഡേവിഡിന്റെ 25 പന്തിൽ 50 റൺസ് നേടിയ പ്രകടനം മാത്രമാണ് ബാറ്റിംഗിൽ അൽപ്പം ആശ്വാസം നൽകിയത്.



തോൽവിയിലും, ജോഷ് ഹേസൽവുഡിനെപ്പോലുള്ള ബൗളർമാരെ പാട്ടിധാർ പ്രശംസിച്ചു. ഹേസൽവുഡ് 14 റൺസിന് 3 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. “ബൗളിംഗ് യൂണിറ്റ് അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്. അത് ഞങ്ങൾക്ക് വലിയൊരു പോസിറ്റീവ് കാര്യമാണ്, അവരുടെ ശ്രമം കാരണമാണ് ഞങ്ങൾക്ക് ഇന്ന് ചെറിയൊരു സാധ്യതയെങ്കിലും ലഭിച്ചത്,” അദ്ദേഹം പറഞ്ഞു.

കുറഞ്ഞ ഓവർ നിരക്കിന് ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാറിന് 12 ലക്ഷം രൂപ പിഴ

വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2025 ലെ 21-ാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ വിജയിച്ചെങ്കിലും കുറഞ്ഞ ഓവർ നിരക്ക് പാലിച്ചതിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ രജത് പാട്ടിദാറിന് 12 ലക്ഷം രൂപ പിഴ ചുമത്തി. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമാണ് പിഴ ചുമത്തിയത്. ഈ സീസണിലെ ആർസിബിയുടെ ആദ്യത്തെ ഓവർ നിരക്ക് ലംഘനമാണിത്. അച്ചടക്ക നടപടി ഉണ്ടായെങ്കിലും, പാട്ടിദാർ ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

32 പന്തിൽ 64 റൺസ് നേടിയ അദ്ദേഹം ആർസിബിയെ 221/5 എന്ന മികച്ച സ്കോർ നേടാൻ സഹായിച്ചു. മുംബൈ ഇന്ത്യൻസിന് ചേസിംഗിൽ 209/9 എന്ന നിലയിൽ കളി അവസാനിപ്പിച്ചു. പാട്ടിദാറിന്റെ കളിയിലെ മികച്ച പ്രകടനം അദ്ദേഹത്തിന് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിക്കൊടുത്തു,

പുതിയ ക്യാപ്റ്റന് എല്ലാ പിന്തുണയും നൽകാൻ ആർസിബി ആരാധകരോട് ആവശ്യപ്പെട്ട് കോഹ്ലി

ഐപിഎൽ 2025ന് മുന്നോടിയായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബി അൺബോക്‌സ് പരിപാടിയിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ രജത് പാട്ടീദാറിനെ തങ്ങളുടെ പുതിയ ക്യാപ്റ്റനായി അവതരിപ്പിച്ചു. ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച വിരാട് കോഹ്‌ലി പാട്ടിദാറിൻ്റെ നേതൃത്വ ശേഷി ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹത്തെ പിന്തുണയ്ക്കാൻ അഭ്യർത്ഥന നടത്തി.

“അടുത്തായി വരാൻ പോകുന്ന ആൾ നിങ്ങളെ ദീർഘകാലം നയിക്കും. അതിനാൽ, നിങ്ങൾക്ക് കഴിയുന്ന എല്ലാ സ്നേഹവും അവനു നൽകുക. അവൻ ഒരു അത്ഭുത പ്രതിഭയാണ്. അവന് ഒരു മികച്ച തലയുണ്ട്, ഈ അത്ഭുതകരമായ ഫ്രാഞ്ചൈസിക്കായി അവൻ മികച്ച ജോലി ചെയ്യുകയും ടീമിനെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും,” കോലി പറഞ്ഞു.

2021 മുതൽ ആർസിബിയ്‌ക്കൊപ്പമുള്ള പാട്ടിദാറിനെ ഫാഫ് ഡു പ്ലെസിസിന് പകരമാണ് നായകസ്ഥാനത്ത് എത്തുന്നത്. മാർച്ച് 22 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആണ് ആർ സി ബിയുടെ ആദ്യ മത്സരം.

മുമ്പ് എന്താണ് എന്നതിൽ അല്ല പുതിയ സീസണിലാണ് ശ്രദ്ധ – ആർ സി ബിയുടെ പുതിയ ക്യാപ്റ്റൻ

ഐ‌പി‌എൽ 2025-ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രജത് പട്ടീദാർ തന്റെ സന്തോഷം പങ്കുവെച്ചു.

“എനിക്ക് ഇപ്പോൾ ശരിക്കും സന്തോഷം തോന്നുന്നു. എന്റെ ക്യാപ്റ്റൻസി രീതിയെക്കുറിച്ച് പറയുകയാണെങ്കിൽ, ഞാൻ എന്റെ കളിക്കാരെ പിന്തുണയ്ക്കുകയും അവരോടൊപ്പം നിൽക്കുകയും ചെയ്യേണ്ടത് പ്രധാനമാണ് എന്ന് കരുതുന്നു. എന്നെ സഹായിക്കാൻ ഒരു കൂട്ടം ലീഡേഴ്സ് ഈ ടീമിൽ ഉണ്ട്. വിരാടിനെ പോലെ ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളിൽ നിന്ന് പഠിക്കാനുള്ള മികച്ച അവസരമാണിത്. വിരാടിന്റെ അനുഭവവും ആശയങ്ങളും തീർച്ചയായും എന്റെ ക്യാപ്റ്റൻസിക്ക് സഹായകമാകും,” പട്ടീദാർ പറഞ്ഞു.

മുൻകാല നേട്ടങ്ങളേക്കാൾ ഭാവിയിലാണ് തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും 31-കാരൻ ഊന്നിപ്പറഞ്ഞു, മുതിർന്ന കളിക്കാരിൽ നിന്ന് മാർഗ്ഗനിർദ്ദേശം തേടുന്നതിനൊപ്പം തനിക്ക് ശരിയെന്ന് തോന്നുന്ന തീരുമാനം എടുക്കും എന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ പിറകോട്ട തിരിഞ്ഞു നോക്കുന്നില്ല, ഞാൻ ആകാംക്ഷയോടെ പുതിയ സീസണായി കാത്തിരിക്കുകയാണ്. ഞങ്ങൾക്ക് ധാരാളം പരിചയസമ്പന്നരായ കളിക്കാരുണ്ട്, പരിചയസമ്പന്നരായ ലീഡേഴ്സ്. എന്റെ ക്യാപ്റ്റൻസി രീതി വ്യത്യസ്തമാണ്. അതിനാൽ, ഞാൻ എന്റെ തോന്നലുകളെ പിന്തുണയ്ക്കും. ഒപ്പം മറ്റുള്ളവരിൽ നിന്നും സഹായവും തേടും,” അദ്ദേഹം കൂട്ടിച്ചേർത്തു.

കോഹ്ലി അല്ല!! രജത് പടിദാർ ആർസിബിയുടെ പുതിയ ക്യാപ്റ്റൻ!

ആർ സി ബി അവരുടെ പുതിയ ക്യാപ്റ്റൻ ആയി രജത് പടിദാറിനെ പ്രഖ്യാപിച്ചു. ഫാഫ് ഡു പ്ലെസിസിനെ റിലീസ് ചെയ്തതോടെ ആരാകും ആർ സി ബിയുടെ അടുത്ത ക്യാപ്റ്റൻ എന്ന് ഏവരും ഉറ്റു നോക്കുക ആയിരുന്നു‌. വിരാട് കോഹ്ലി ക്യാപ്റ്റൻ ആയി തിരിച്ചുവരുമോ എന്നുള്ള ചർച്ചകൾ അവസാനിപ്പിച്ചാണ് പടിദാറിനെ നിയമിച്ചുള്ള പ്രഖ്യാപനം വരുന്നത്.

മധ്യപ്രദേശിനെ സയ്യിദ് മുഷ്താഖ് അലി ടി 20 ട്രോഫി 2024 ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റൻ ആണ് രജത്. ആർ‌സി‌ബിക്കായി അവസാന സീസണുകളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവക്കുന്ന, രജത് പട്ടീദർ ആർ സി ബിക്ക് അവരുടെ ആദ്യ ഐ പി എൽ കിരീടം കൊണ്ടു തരും എന്ന് ആരാധാകർ പ്രതീക്ഷ വെക്കുന്നു.

.

പടിദാറിനെ ആർ സി ബി എന്തു വിലനൽകിയും നിലനിർത്തണം എന്ന് സ്റ്റൈറിസ്

ഐപിഎൽ 2025 സീസണിലേക്ക് ആർ സി ബി രജദ് പടിദാറിനെ നിലനിർത്തണം എന്ന് മുൻ ന്യൂസിലൻഡ് ഓൾറൗണ്ടർ സ്കോട്ട് സ്റ്റൈറിസ്. ആർസിബി യുവ ബാറ്ററെ ഓക്ഷനായി വിട്ടു കൊടുക്കരുത് എന്ന് സ്റ്റ്രൈറിസ് ഉപദേശിച്ച്. ഈ സീസണിൽ തുടക്കത്തിൽ പതറി എങ്കിലും ഇപ്പോൾ പടിദാർ ഗംഭീര ഫോമിലാണ് കളിക്കുന്നത്.

“രജത് പാട്ടിദാറിന്റെ കഴിവ് ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ, ഞാൻ ആർസിബിയുടെ ചുമതല വഹിച്ചിരുന്നെങ്കിൽ, എന്നെ നാല് കളിക്കാരെ നിലനിർത്താൻ അനുവദിച്ചിരുന്നെങ്കിൽ രജത് പതിദാർ നാല് പേരിൽ ഒരാളായിരിക്കും.” സ്റ്റ്രൈറിസ് പറഞ്ഞു.

എല്ലാ വലിയ പേരുകളെയും കുറിച്ച് ചിന്തിക്കുക, പക്ഷേ, ഞാൻ നിലനിർത്തുന്ന പേരുകളിൽ ഒരാളായിരിക്കും അദ്ദേഹം. ഓക്ഷനിൽ പോയി വീണ്ടും പടിദാറിനെ വിളിച്ചെടുക്കുക എളുപ്പമാകില്ല, അദ്ദേഹം എല്ലാ വർഷവും ശക്തിയിൽ നിന്ന് കൂടുതൽ ശക്തിയിലേക്ക് പോകുമെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു

പടിദാര്‍ – ജാക്സ് കൂട്ടുകെട്ടിന് ശേഷം ആര്‍സിബിയെ പിടിച്ചുകെട്ട് ഡൽഹി, ജയത്തിനായി നേടേണ്ടത് 188 റൺസ്

ഐപിഎലില്‍ ഡൽഹി ക്യാപിറ്റൽസിനെതിരെ മികച്ച നിലയിൽ നിന്ന് തകര്‍ന്ന് ആര്‍സിബി. അവസാന ഓവറുകളിൽ വേണ്ടത്ര രീതിയിൽ ബൗണ്ടറി നേടുവാന്‍ സാധിക്കാതെ പോയതാണ് ആര്‍സിബിയ്ക്ക് തിരിച്ചടിയായത്. 187 റൺസ് ആര്‍സിബി 9 വിക്കറ്റ് നഷ്ടത്തിൽ നേടുകയായിരുന്നു. പത്തോവര്‍ പിന്നിടുമ്പോള്‍ 110 റൺസ് നേടിയ ടീമിന് അവസാന പത്തോവറിൽ 77 റൺസാണ് 7 വിക്കറ്റ് നഷ്ടത്തിൽ ആര്‍സിബിയ്ക്ക് നേടാനായത്.

ഫാഫ് ഡു പ്ലെസിയെ ആദ്യം നഷ്ടമായ ആര്‍സിബിയ്ക്ക് തൊട്ടടുത്ത ഓവറിൽ വിരാട് കോഹ്‍ലിയെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 36 റൺസായിരുന്നു. 13 പന്തിൽ 27 റൺസാണ് കോഹ്‍ലി നേടിയത്. പിന്നീട് രജത് പടിദാര്‍ – വിൽ ജാക്സ് കൂട്ടുകെട്ട് അടിച്ച് തകര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് പത്താം ഓവറിൽ ടീം സ്കോര്‍ 110 റൺസിലെത്തിച്ചു. നാലോളം അവസരങ്ങളാണ് ഡൽഹി ഫീൽഡര്‍മാര്‍ കൈവിട്ടത്. ഇതും ആര്‍സിബിയ്ക്ക് തുണയായി.

29 പന്തിൽ നിന്ന് അര്‍ദ്ധ ശതകം തികച്ച പടിദാര്‍ കഴിഞ്ഞ ഏഴ് ഇന്നിംഗ്സിലെ അഞ്ചാം അര്‍ദ്ധ ശതകം ആണ് ഈ സീസണിൽ നേടിയത്. 53 പന്തിൽ 88 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ റാസിഖ് സലാം ആണ് തകര്‍ത്തത്. 32 പന്തിൽ 52 റൺസ് നേടിയ രജത് പടിദാറിനെയാണ് താരം പുറത്താക്കിയത്.

29 പന്തിൽ 41 റൺസ് നേടിയ വിൽ ജാക്സിനെ കുൽദീപ് യാദവ് പുറത്താക്കിയതോടെ രണ്ട് സെറ്റ് ബാറ്റ്സ്മാന്മാരെയും ആര്‍സിബിയ്ക്ക് നഷ്ടമായി. ഇതിന് ശേഷം ആര്‍സിബിയുടെ കുതിപ്പിന് തടയിടുവാന്‍ ഡൽഹിയ്ക്ക് സാധിച്ചുവെങ്കിലും സ്ട്രാറ്റജിത് ടൈം ഔട്ടിന് ശേഷം കുൽദീപിനെ തുടരെ രണ്ട് സിക്സുകള്‍ പായിച്ച് കാമറൺ ഗ്രീന്‍ റൺറേറ്റുയര്‍ത്തി. കുൽദീപിനെ സിക്സര്‍ പറത്തി ലോംറോര്‍ ഓവര്‍ അവസാനിപ്പിച്ചപ്പോള്‍ 22 റൺസാണ് ഓവറിൽ നിന്ന് വന്നത്.

37 റൺസ് ഗ്രീന്‍ – ലോംറോര്‍ കൂട്ടുകെട്ട് നേടിയെങ്കിലും ലോംറോറിനെ(13) പുറത്താക്കി ഖലീൽ അഹമ്മദ് ഈ കൂട്ടുകെട്ട് തകര്‍ത്തു. അതേ ഓവറിൽ ദിനേശ് കാര്‍ത്തിക്കിനെയും ഖലീൽ പുറത്താക്കിയപ്പോള്‍ സ്വപ്നിൽ സിംഗിനെ പുറത്താക്കി റാസിഖ് ആര്‍സിബിയുടെ 7ാം വിക്കറ്റ് നഷ്ടമാക്കി.

ഗ്രീന്‍ 24 പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്നാണ് ടീമിനെ 187 റൺസിലേക്ക് എത്തിച്ചത്.

 

Exit mobile version