ഗായക്വാഡിന് ശതകം ഒരു റൺസ് അകലെ നഷ്ടം!!! അടിച്ച് തകര്‍ത്ത് ചെന്നൈ ഓപ്പണര്‍മാര്‍

സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ റെക്കോര്‍ഡ് ബാറ്റിംഗുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓപ്പണര്‍മാര്‍. ഈ സീസണില്‍ ചെന്നൈയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് റുതുരാജ് ഗായക്വാഡും ഡെവൺ കോൺവേയും നേടിയപ്പോള്‍ സൺറൈറേഴ്സിനെതിരെ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ന് പിറന്നത്.

182 റൺസ് നേടിയ ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ക്കുവാന്‍ സൺറൈസേഴ്സിന് സാധിച്ചത്. 18ാം ഓവറിലെ അഞ്ചാം പന്തിലാണ്. തന്റെ ശതകം നേടുവാന്‍ ബാറ്റ് വീശിയ റുതുരാജിനെ ഭുവനേശ്വര്‍ കുമാര്‍ പിടിച്ചപ്പോള്‍ നടരാജന് മത്സരത്തിലെ ആദ്യ വിക്കറ്റ് ലഭിച്ചു. 57 പന്തിൽ 99 റൺസ് നേടിയ റുതുരാജ് 6 ഫോറും 6 സിക്സുമാണ് നേടിയത്.

പതിയെ തുടങ്ങിയ ഡെവൺ കോൺവേ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ശേഷം ഗിയര്‍ മാറ്റിയപ്പോള്‍ താരം 8 ഫോറും 4 സിക്സും അടക്കം 55 പന്തിൽ 85 റൺസാണ് നേടിയത്.

2 വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് ചെന്നൈ ഇന്ന് ആദ്യം ബാറ്റ് ചെയ്ത് നേടിയത്.

റുതുരാജിന്റെ പരിക്ക്, ബാക്കപ്പ് ആയി മയാംഗ് അഗര്‍വാളിനെ ടീമിലുള്‍പ്പെടുത്തി ഇന്ത്യ

ധരംശാലയിലെ അവശേഷിക്കുന്ന ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ സംഘത്തിലേക്ക് മയാംഗ് അഗര്‍വാളിനെ ബാക്കപ്പ് താരമായി ഉള്‍പ്പെടുത്തി. ആദ്യ മത്സരത്തിൽ കളിക്കുന്നതിന് തൊട്ടുമുമ്പ് പരിക്കേറ്റ റുതുരാജ് ഗായക്വാഡിന് പകരം ആണ് മയാംഗിനെ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്.

വലത് കൈക്കുഴയിൽ വേദന അനുഭവിക്കുന്നു എന്ന് റുതുരാജ് അറിയിച്ചതിനെത്തുടര്‍ന്ന് താരം ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല. മയാംഗ് ഇന്ത്യയുടെ ടെസ്റ്റ് സംഘത്തിന്റെ ഭാഗമായി ചണ്ഡിഗഢിലെ ബയോ ബബിളിലായിരുന്നു.

അതിനാൽ തന്നെ ബബിള്‍-ടു-ബബിള്‍ ട്രാന്‍സ്ഫറിലൂടെയാണ് ഇന്ത്യന്‍ ടി20 ബയോ ബബിളിലേക്ക് താരം എത്തിയത്.

ധോണി തുടരും പക്ഷേ രവീന്ദ്ര ജഡേജ ചെന്നൈയുടെ വിലയേറിയ താരം, മോയിന്‍ അലിയെയും നിലനിര്‍ത്തി ഫ്രാഞ്ചൈസി

ഐപിഎലില്‍ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്സ് തങ്ങളുടെ നാല് നിലനിര്‍ത്തിയ താരങ്ങളെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ എംഎസ് ധോണി, രവീന്ദ്ര ജഡേജ, റുതുരാജ് ഗായക്വാഡ് എന്നിവര്‍ക്കൊപ്പം ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെയാണ് ഫ്രാഞ്ചൈസി നിലനിര്‍ത്തിയത്.

16 കോടിയ്ക്ക് നിലനിര്‍ത്തപ്പെട്ട രവീന്ദ്ര ജഡേജയാണ് ഏറ്റവും വില കൂടിയ താരം. ധോണിയ്ക്ക് 12 കോടിയും മോയിന്‍ അലിയ്ക്ക് 8 കോടിയും റുതുരാജിന് 6 കോടിയും ഫ്രാഞ്ചൈസി വിലയിട്ടിട്ടുണ്ട്.

റുതുരാജിനെ വാനോളം പുകഴ്ത്തി സഹ താരങ്ങള്‍

ഐപിഎലില്‍ ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ റുതുരാജ് ഗായക്വാഡിനെ വാനോളം പുകഴ്ത്തി ടീമിലെ വിദേശ താരങ്ങളായ മോയിന്‍ അലിയും ഫാഫ് ഡു പ്ലെസിയും. 635 റൺസുമായി താരം ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ ഫാഫ് ഡു പ്ലെസി 633 റൺസ് നേടി തൊട്ടുപിറകെ എത്തുകയായിരുന്നു.

റുതുരാജിന്റെ ഗെയിമിൽ ഒരു പിഴവുമില്ലെന്നാണ് മോയിന്‍ അലി പറഞ്ഞത്. വളരെ സമചിത്തതയോടെയാണ് താരം ബാറ്റ് വീശുന്നതെന്നും എല്ലാത്തരം ഷോട്ടുകളും റുതുരാജിന്റെ കൈയ്യിലുണ്ടെന്നും താരം ഉടനെ ഇന്ത്യയ്ക്കായി കളിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നാണ് മോയിന്‍ അലി പറഞ്ഞത്.

ഫൈനലിലെ താരമായ ഫാഫ് ഡു പ്ലെസി റുതുരാജിനെ പ്രത്യേക പ്രതിഭ എന്നാണ് വിശേഷിപ്പിച്ചത്. താരത്തിന് മികച്ച ക്രിക്കറ്റിംഗ് ബോധമുണ്ടെന്നും ഓരോ മത്സരത്തിന് ശേഷവും മികവ് പുലര്‍ത്തി വരുന്ന റുതുരാജിന് ശോഭനമായ ഒരു ഭാവിയാണുള്ളതെന്നും ഫാഫ് വ്യക്തമാക്കി.

കിരീടത്തിനായി കൊല്‍ക്കത്ത റൺ മല കയറണം, അടിച്ച് തകര്‍ത്ത് ഫാഫും ടോപ് ഓര്‍ഡറും

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ടോപ് ഓര്‍ഡര്‍ ഫൈനൽ മത്സരത്തിൽ അടിച്ച് തകര്‍ത്തപ്പോള്‍ 20 ഓവറിൽ 192/3 എന്ന സ്കോര്‍ സ്വന്തമാക്കി ധോണിയും സംഘവും. ഫാഫ് ഡു പ്ലെസി 86 റൺസ് നേടിയപ്പോള്‍ റുതുരാജ്(32), റോബിന്‍ ഉത്തപ്പ(31) എന്നിവര്‍ക്കൊപ്പം 20 പന്തിൽ 37 റൺസ് നേടി മോയിന്‍ അലിയും തകര്‍ത്തപ്പോള്‍ കൊല്‍ക്കത്ത ഫൈനൽ വിജയിക്കുവാന്‍ ഏറെ കഷ്ടപ്പെടേണ്ടി വരുമെന്ന് ഉറപ്പായി.

8.1 ഓവറിൽ 61 റൺസാണ് ചെന്നൈ ഓപ്പണര്‍മാര്‍ നേടിയത്. 27 പന്തിൽ 32 റൺസ് നേടിയ റുതുരാജ് ഗായക്വാഡിനെ സുനിൽ നരൈന്‍ ആണ് പുറത്താക്കിയത്. പിന്നീട് വന്ന റോബിന്‍ ഉത്തപ്പയും ഫാഫിനൊപ്പം അടിച്ച് തകര്‍ത്തപ്പോള്‍ ചെന്നൈ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു.

രണ്ടാം വിക്കറ്റിൽ 63 റൺസാണ് ഉത്തപ്പ – ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നേടിയത്. 15 പന്തിൽ 31 റൺസ് നേടിയ റോബിന്‍ ഉത്തപ്പയുടെ വിക്കറ്റും സുനിൽ നരൈന്‍ ആണ് നേടിയത്. ഉത്തപ്പ പുറത്തായ ശേഷം ക്രീസിലെത്തിയ മോയിന്‍ അലിയും വേഗത്തിൽ സ്കോറിംഗ് നടത്തുകയായിരുന്നു.

ഫാഫ് അവസാന പന്തിൽ പുറത്തായപ്പോള്‍ മൂന്നാം വിക്കറ്റിൽ 68 ഫാഫ് – മോയിന്‍ കൂട്ടുകെട്ട് നേടിയത്.

റുതുരാജ്, ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

ഐപിഎൽ ഫൈനലില്‍ നേടിയ 32 റൺസ് നേടിയ ഓറഞ്ച് ക്യാപിനൊപ്പം ഐപിഎലില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായി മാറി. ഫാഫ് ഡു പ്ലെസി ഒരു ഘട്ടത്തിൽ താരത്തിൽ നിന്ന് ഓറഞ്ച് ക്യാപ് തട്ടിയെടുക്കുമെന്ന് തോന്നിച്ചുവെങ്കിലും താരം 633 റൺസ് വരെ മാത്രമേ എത്തിയുള്ളു. ഫാഫ് ഇന്നിംഗ്സിലെ അവസാന പന്തിൽ പുറത്തായപ്പോള്‍ താരം 59 പന്തിൽ 86 റൺസാണ് നേടിയത്.

പഞ്ചാബ് കിംഗ്സ് നായകന്‍ രാഹുല്‍ ആണ് മൂന്നാം സ്ഥാനത്ത്. 13 ഇന്നിംഗ്സിൽ നിന്ന് 626 റൺസാണ് രാഹുല്‍ നേടിയത്. പ്ലേ ഓഫ് യോഗ്യത നേടുവാന്‍ താരത്തിന്റെ ടീമിന് സാധിച്ചില്ല. അതേ സമയം ഫൈനല്‍ കളിച്ച ചെന്നൈ താരം റുതുരാജ 16 ഇന്നിംഗ്സിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഓറഞ്ച് ക്യാപ് നേടിയതിൽ സന്തോഷം പക്ഷേ വിജയം നേടാനാകാത്തതിൽ വിഷമമുണ്ട്

60 പന്തിൽ 101 റൺസ് നേടി പുറത്താകാതെ നിന്ന റുതുരാജ് ഗായക്വാഡ് തന്റെ ഈ മിന്നും പ്രകടനത്തിനിടെ ഐപിഎൽ 2021ലെ ഓറഞ്ച് ക്യാപ് ഉടമയായി മാറുകയായിരുന്നു. ഈ നേട്ടത്തിൽ സന്തോഷമുണ്ടെങ്കിലും തന്റെ ടീം വിജയം സ്വന്തമാക്കാത്തതിൽ വിഷമമുണ്ടെന്ന് റുതുരാജ് വ്യക്തമാക്കി.

താന്‍ ഇന്ന് ഒരിക്കലും ശതകം പ്രതീക്ഷിച്ചില്ലെന്നും കാരണം വളരെ പതിഞ്ഞ രീതിയിലാണ് തന്റെ ഇന്നിംഗ്സ് ആരംഭിച്ചതെന്നും റുതുരാജ് വ്യക്തമാക്കി. ശതകമല്ലായിരുന്നു ലക്ഷ്യമെന്നും ടീമിന്റെ സ്കോര്‍ 160-170 എത്തിക്കുകയെന്നതിലാണ് താന്‍ ശ്രദ്ധ കേന്ദീകരിച്ചതെന്നും റുതുരാജ് വ്യക്തമാക്കി.

റുതുരാജ് ടോപ് ക്ലാസ്!!! രാജസ്ഥാനെതിരെ ശതകം നേടി യുവതാരം

റുതുരാജ് ഗായക്വാഡിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ രാജസ്ഥാന്‍ റോയൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 189 റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. പ്ലേ ഓഫിലേക്ക് നേരത്തെ തന്നെ എത്തിയ ചെന്നൈ മികവാര്‍ന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിൽക്കണമെങ്കില്‍ ഇന്ന് വിജയം പിടിച്ചെടുത്തേ മതിയാകൂ.

റുതുരാജ് ഗായക്വാഡ് ശതകത്തോടെ ചെന്നൈയ്ക്ക് നല്‍കിയ അടിത്തറയുടെ ബലത്തിൽ മുന്നോട്ട് നീങ്ങിയ ടീം അവസാന ഓവറുകളിൽ തകര്‍ത്തടിയ്ക്കുകയായിരുന്നു. പതിവ് പോലെ റുതുരാജും ഫാഫും ചേര്‍ന്ന് 47 റൺസിന്റെ തുടക്കമാണ് ഒന്നാം വിക്കറ്റിൽ നല്‍കിയത്. 25 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയെ രാഹുല്‍ തെവാത്തിയയുടെ പന്തിൽ സ്റ്റംപ് ചെയ്ത് സഞ്ജു പുറത്താക്കുകായിരുന്നു.

അധികം വൈകാതെ സുരേഷ് റെയ്‍നയുടെ വിക്കറ്റ് ചെന്നൈയ്ക്ക് നഷ്ടമായെങ്കിലും ഗായക്വാഡും മോയിന്‍ അലിയും ചേര്‍ന്ന് ഇന്നിംഗ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 57 റൺസാണ് മൂന്നാം വിക്കറ്റിൽ മോയിനും റുതുരാജും നേടിയത്. 21 റൺസ് നേടിയ മോയിന്റെ വിക്കറ്റും രാഹുല്‍ തെവാത്തിയയുടെ ഓവറിൽ സാംസൺ സ്റ്റംപ് ചെയ്താണ് നേടിയത്.

അമ്പാട്ടി റായിഡുവിനെ നഷ്ടമാകുമ്പോള്‍ 134/4 എന്ന നിലയിലായിരുന്ന ചെന്നൈയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജയും റുതുരാജും അടിച്ച് തകര്‍ക്കുകയായിരുന്നു. 15 പന്തിൽ 32 റൺസ് നേടിയ രവീന്ദ്ര ജഡേജ അവസാന ഓവറിലെ നാല് പന്തുകള്‍ നേരിട്ടപ്പോള്‍ റുതുരാജിന് ശതകം നഷ്ടമാകുമെന്ന് കരുതിയെങ്കിലും ഇന്നിംഗ്സിലെ അവസാന പന്തിൽ സിക്സ് നേടി റുതുരാജ് 60 പന്തിൽ 101 റൺസ് നേടി ചെന്നൈയുടെ സ്കോര്‍ 189/4 എന്ന നിലയിലേക്ക് എത്തിച്ചു.

55 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. രാജസ്ഥാന് വേണ്ടി രാഹുല്‍ തെവാത്തിയ മൂന്ന് വിക്കറ്റ് നേടി.

ഹസ്സി – റെയ്‍ന കൂട്ടുകെട്ട് നേടിയ റൺസിനെക്കാള്‍ കൂടുതൽ നേടി റുതുരാജ് – ഫാഫ് കൂട്ടുകെട്ട്

കഴിഞ്ഞ സീസണിൽ ആദ്യം പുറത്ത് പോയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇത്തവണ പ്ലേ ഓഫിലേക്ക് എത്തുന്ന ആദ്യ ടീമായി മാറിയപ്പോള്‍ എടുത്ത് പറയേണ്ട പ്രകടനം ചെന്നൈ ഓപ്പണര്‍മാരായ റുതുരാജ് ഗായ്ക്വാഡിന്റെയും – ഫാഫ് ഡു പ്ലെസിയുടെയും ആണ്. 400ലധികം റൺസാണ് ഇരുവരും ചേര്‍ന്ന് ഈ സീസണിൽ നേടിയത്.

കഴിഞ്ഞ സീസണിൽ റുതുരാജ് കോവിഡ് ബാധിതനായി ടീമിൽ നിന്ന് പുറത്ത് പോയ ശേഷം ടൂര്‍ണ്ണമെന്റിന്റെ അവസാന ഘട്ടത്തിൽ മാത്രമാണ് ടീമിലേക്ക് എത്തിയത്. അന്ന് മുതൽ ടീമിന്റെ നിര്‍ണ്ണായക ഘടകം ആയി മാറുവാന്‍ ഈ യുവ താരത്തിന് സാധിച്ചു.

ചെന്നൈയുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകള്‍ നേടിയ മൈക്കൽ ഹസ്സി – സുരേഷ് റെയ്‍ന കൂട്ടുകെട്ടിന്റെ നേട്ടത്തെയാണ് ഇന്നത്തെ പ്രകടനത്തിലൂടെ റുതുരാജ് – ഫാഫ് കൂട്ടുകെട്ട് മറികടന്നത്.

വീണ്ടും മികവ് തെളിയിച്ച് റുതുരാജ് – ഫാഫ് കൂട്ടുകെട്ട്, അവസാന ഓവറിൽ ചെന്നൈയെ പ്ലേ ഓഫിലെത്തിച്ച് റായിഡു – ധോണി കൂട്ടുകെട്ട്

സൺറൈസേഴ്സ് ഹൈദ്രാബാദിന്റെ സ്കോറായ 134 റൺസ് 2 പന്ത് അവശേഷിക്കവേ മറികടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 75 റൺസ് കൂട്ടുകെട്ടുമായി ഓപ്പണര്‍മാരായ റുതുരാജ് ഗായക്വാഡ് – ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നല്‍കിയ മികച്ച തുടക്കം ചെന്നൈ ടോപ് ഓര്‍ഡര്‍ തുടര്‍ന്നപ്പോള്‍ 6 വിക്കറ്റിന്റെ ജയമാണ് ചെന്നൈ നേടിയത്. വിജയത്തോടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിലേക്ക് എത്തി.

Jasonholder

ജേസൺ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റുമായി സൺറൈസേഴ്സ് നിരയിൽ തിളങ്ങിയെങ്കിലും ലക്ഷ്യം അത്ര വലുതല്ലാത്തതിനാൽ തന്നെ ചെന്നൈയുടെ വിജയം തടയുവാന്‍ സൺറൈസേഴ്സിന് സാധിച്ചില്ല. റുതുരാജ് 45 റൺസ് നേടിയപ്പോള്‍ ഫാഫ് ഡു പ്ലെസി 41 റൺസും മോയിന്‍ അലി 17 റൺസുമാണ് നേടിയത്.

ലക്ഷ്യം 18 പന്തിൽ 22 റൺസ് എന്ന നിലയിലേക്ക് കൊണ്ടെത്തിക്കുവാന്‍ സൺറൈസേഴ്സിന് സാധിച്ചു. 18ാം ഓവര്‍ എറിഞ്ഞ സിദ്ധാര്‍ത്ഥ് കൗള്‍ മികച്ച ഓവര്‍ എറിഞ്ഞുവെങ്കിലും അമ്പാട്ടി റായിഡു നേടിയ ബൗണ്ടറി ലക്ഷ്യം 12 പന്തിൽ 16 ആയി മാറി.

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19ാം ഓവറിൽ 13 റൺസ് പിറന്നപ്പോള്‍ റായിഡു ഒരു സിക്സും ധോണി ഒരു ഫോറും നേടുകയായിരുന്നു. റായിഡു 13 പന്തിൽ 17 റൺസ് നേടിയപ്പോള്‍ എംഎസ് ധോണി 14 റൺസ് നേടി. 31 റൺസാണ് ഈ അപരാജിത കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ നേടിയത്.

താനോ ഫാഫോ 13ാം ഓവര്‍ വരെ ബാറ്റ് ചെയ്യണമായിരുന്നു, എന്നാൽ മത്സരം അവസാന ഓവര്‍ വരെ വരില്ലായിരുന്നു – റുതുരാജ് ഗായ്ക്വാഡ്

മികച്ച തുടക്കത്തിന് ശേഷം തോല്‍വി മുന്നിൽ കണ്ട ചെന്നൈ സൂപ്പര്‍ കിംഗ്സിനെ രക്ഷിച്ചെടുത്തത് രവീന്ദ്ര ജഡേജയായിരുന്നു. താനോ ഫാഫ് ഡു പ്ലെസിയോ ആരെങ്കിലും ഒരാള്‍ മത്സരത്തിന്റെ 13ാം ഓവര്‍ വരെ ബാറ്റ് ചെയ്യണമെന്നായിരുന്നു റുതുരാജ് ഗായ്ക്വാഡ് പറഞ്ഞത്. മത്സരത്തിന്റെ അവസാന പന്ത് കാണാന്‍ ധൈര്യമില്ലാതെ താന്‍ സിഎസ്കെ അംഗത്തിന്റെ പിന്നിൽ ഒളിക്കുകയായിരുന്നുവെന്നും വലിയ സ്കോര്‍ ചേസ് ചെയ്യുമ്പോള്‍ ലഭിക്കേണ്ട മികച്ച തുടക്കം ടീമിന് ലഭിച്ചുവെങ്കിലും ഓപ്പണര്‍മാരിൽ ഒരാള്‍ അവസാനം വരെ ക്രീസിൽ നില്‍ക്കാതിരുന്നത് ആണ് മത്സരം ടൈറ്റ് ആക്കിയതെന്നും ഗായ്ക്വാഡ് പറഞ്ഞു.

അവസാനം വിജയം ടീമിനൊപ്പം നിന്നതിനാൽ വിജയം ആഘോഷിക്കുവാനുള്ള അവസരവും ടീമിന് ലഭിച്ചുവെന്ന് റുതുരാജ് വ്യക്തമാക്കി. വിജയം നല്ല രീതിയിൽ ആഘോഷിക്കുന്ന ടീമാണ് ചെന്നൈ എന്നും പരാജയങ്ങളിൽ ടീം അധികം സങ്കടപ്പെടാറില്ലെന്നും സാധാരണ സാഹചര്യമാണ് അപ്പോള്‍ ഉണ്ടാകുകയെന്നും റുതുരാജ് വ്യക്തമാക്കി.

ത്രില്ലര്‍!!! ചെന്നൈയെ രക്ഷിച്ച് ജഡേജ, പ്രസിദ്ധ കൃഷ്ണയെറിഞ്ഞ 19ാം ഓവറിൽ പിറന്നത് 22 റൺസ്

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ത്തടിച്ചപ്പോള്‍ കൊല്‍ക്കത്തയുടെ 171 റൺസിനെ അവസാന പന്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. മികച്ച തുടക്കത്തിന് ശേഷം ചെന്നൈയെ പിടിച്ച് കെട്ടിയ കൊല്‍ക്കത്തയ്ക്ക് 19ാം ഓവറിലാണ് മത്സരം കൈവിടുന്നത്. രണ്ടോവറിൽ 26 റൺസെന്ന നിലയിൽ പ്രസിദ്ധ കൃഷ്ണ എറിഞ്ഞ ഓവറിൽ 22 റൺസ് പിറന്നതോടെ മത്സരം ചെന്നൈ സ്വന്തമാക്കി. രവീന്ദ്ര ജഡേജയാണ് മത്സരഗതി മാറ്റിയത്.

അവസാന ഓവറിൽ 4 റൺസ് വേണ്ടപ്പോള്‍ സാം കറനെ ആദ്യ പന്തിൽ നഷ്ടമായ ചെന്നൈയ്ക്ക് അഞ്ചാം പന്തിൽ രവീന്ദ്ര ജഡേജയെ നഷ്ടമാകുമ്പോള്‍ സ്കോറുകള്‍ ഒപ്പമായിരുന്നു. അവസാന പന്തിൽ സിംഗിള്‍ നേടി ദീപക് ചഹാര്‍ ചെന്നൈയെ ലക്ഷ്യത്തിലേക്ക് എത്തിച്ചത്. സുനിൽ നരൈന്‍ ആണ് ഓവര്‍ എറിഞ്ഞത്.

ഓപ്പണര്‍മാരായ റുതുരാജ് സിംഗും ഫാഫ് ഡു പ്ലെസിയും 74 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 28 പന്തിൽ 40 റൺസ് നേടിയ റുതുരാജിനെ റസ്സൽ മടക്കിയ ശേഷം മോയിന്‍ അലിയും ഫാഫും ചേര്‍ന്ന് 28 റൺസ് രണ്ടാം വിക്കറ്റിൽ നേടിയെങ്കിലും 30 പന്തിൽ 43 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയെ പുറത്താക്കി പ്രസിദ്ധ കൃഷ്ണ കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ കാത്ത് സൂക്ഷിച്ചു.

അമ്പാട്ടി റായിഡുവിനെ സുനിൽ നരൈന്‍ പുറത്താക്കിയതോടെ 119/3 എന്ന നിലയിലേക്ക് വീണ ചെന്നൈയ്ക്ക് 30 പന്തിൽ 45 റൺസായിരുന്നു വിജയത്തിനായി വേണ്ടിയിരുന്നത്. വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച് മോയിന്‍‍ അലിയും(32) പുറത്തായപ്പോള്‍ ചെന്നൈയുടെ സ്കോര്‍ 138/4 എന്ന നിലയിലായിരുന്നു.

റെയ്നയും ധോണിയും ഒരേ ഓവറിൽ പുറത്തായതോടെ ചെന്നൈയുടെ കാര്യം അവതാളത്തിലാകുകയായിരുന്നു. രണ്ടോവറിൽ 26 റൺസ് വേണ്ട ഘട്ടത്തിൽ പ്രസിദ്ധ കൃഷ്ണ എറിഞ്ഞ 19ാം ഓവറിൽ രണ്ട് സിക്സര്‍ പറത്തി ജഡേജ വീണ്ടും മത്സരം ചെന്നൈയ്ക്ക് അനുകൂലമാക്കുകയായിരുന്നു. ഓവറിൽ രണ്ട് ബൗണ്ടറി കൂടി നേടി രവീന്ദ്ര ജഡേജ മത്സരം ചെന്നൈയ്ക്ക് അനുകൂലമാക്കി.

8 പന്തിൽ 22 റൺസാണ് രവീന്ദ്ര ജഡേജ നേടിയത്.

 

Exit mobile version