ഡൽഹി പ്രീമിയർ ലീഗ് 2025 ലേലത്തിൽ സെവാഗിന്റെ മകൻ ആര്യവീറിന് ₹8 ലക്ഷം



ഡൽഹി പ്രീമിയർ ലീഗ് (ഡിപിഎൽ) 2025 ലേലത്തിൽ ക്രിക്കറ്റ് താരങ്ങളുടെ അടുത്ത തലമുറയായിരുന്നു ശ്രദ്ധാകേന്ദ്രം. ഇതിഹാസ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗാണ് ഇതിൽ പ്രധാന വാർത്താതാരം. 18 വയസ്സുകാരനായ ഈ ഓപ്പണർക്കായി കടുത്ത ലേലം വിളി നടന്നതിന് ഒടുവിൽ സെൻട്രൽ ഡൽഹി കിംഗ്‌സ് ₹8 ലക്ഷം രൂപയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കി.


നിലവിൽ ഡൽഹി അണ്ടർ 19 ടീമിനെ പ്രതിനിധീകരിക്കുന്ന ആര്യവീറിനെ, തന്റെ പിതാവിനെപ്പോലെ ഒരു അറ്റാക്കിംഗ് ബാറ്ററായിട്ടാണ് കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ ആക്രമണോത്സുകമായ ബാറ്റിംഗും സ്വാഭാവികമായ കഴിവുകളും നിരവധി ഫ്രാഞ്ചൈസികളുടെ ശ്രദ്ധ ആകർഷിച്ചു. എന്നാൽ സെൻട്രൽ ഡൽഹി കിംഗ്‌സ് ആയിരുന്നു വലിയ തുകയ്ക്ക് അദ്ദേഹത്തിന്റെ സേവനം ഉറപ്പിച്ചത്.


മറുവശത്ത്, വിരാട് കോലിയുടെ അനന്തരവൻ ആര്യവീറിനെ സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസ് ₹1 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. ലെഗ് സ്പിന്നറായ ആര്യവീർ, ഡൽഹിയുടെ രഞ്ജി ക്യാപ്റ്റനും ഐപിഎൽ താരവുമായ ആയുഷ് ബദോണിക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടും. ആയുഷ് ബദോണി ഈ സീസണിൽ സൂപ്പർസ്റ്റാർസിനെ നയിക്കും.


അതേസമയം, ലേലത്തിലെ ഏറ്റവും വലിയ തുക നേടിയത് പേസർ സിമർജീത് സിംഗാണ്. ₹39 ലക്ഷം രൂപയ്ക്ക് സെൻട്രൽ ഡൽഹി കിംഗ്‌സാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്. തൊട്ടുപിന്നാലെ, സ്പിന്നർ ദിഗ്‌വേഷ് സിംഗിനെ സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസ് ₹38 ലക്ഷം രൂപയ്ക്കും വാങ്ങി.

ഫോം കണ്ടെത്താൻ ധോണിയെ വിളിക്കൂ: ഋഷഭ് പന്തിന് സെവാഗിൻ്റെ ഉപദേശം


മോശം ഫോമിൽ വലയുന്ന ഋഷഭ് പന്ത് ഐപിഎൽ 2025 ലെ നിരാശാജനകമായ പ്രകടനം മറികടക്കാൻ എം എസ് ധോണിയുമായി സംസാരിക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് ഉപദേശം നൽകി. മെഗാ ലേലത്തിൽ റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് സ്വന്തമാക്കിയ പന്ത്, 10 ഇന്നിംഗ്‌സുകളിൽ നിന്ന് 12.80 ശരാശരിയിൽ 128 റൺസ് മാത്രമാണ് നേടിയത്.


ക്രിക്ബസിൽ സംസാരിക്കവെ, പന്ത് തൻ്റെ നെഗറ്റീവ് ചിന്താഗതി മറികടക്കാൻ സഹായം തേടേണ്ടത് അത്യാവശ്യമാണെന്ന് സെവാഗ് പറഞ്ഞു. “നിങ്ങൾക്ക് നെഗറ്റീവായി തോന്നുന്നുണ്ടെങ്കിൽ, ആരോടെങ്കിലും സംസാരിക്കുക. ധോണിയാണ് അവൻ്റെ റോൾ മോഡൽ – അവൻ അവനെ വിളിക്കണം. അത് തീർച്ചയായും അവനെ സഹായിക്കും,” സെവാഗ് പറഞ്ഞു.


ആത്മവിശ്വാസം വീണ്ടെടുക്കാൻ പന്ത് തൻ്റെ പഴയ വിജയകരമായ പ്രകടനങ്ങൾ വീണ്ടും കാണണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. “റൺസ് നേടിയ അവൻ്റെ പഴയ ഐപിഎൽ ഇന്നിംഗ്സുകൾ അവൻ കാണണം. പരിക്കിന് മുമ്പുള്ള പന്തിൽ നിന്ന് വളരെ അകലെയാണ് ഈ പന്ത്,” സെവാഗ് കൂട്ടിച്ചേർത്തു.

സമാനമായ ഒരു ഫോം ഔട്ട് സമയത്ത് രാഹുൽ ദ്രാവിഡ് തൻ്റെ പഴയ ശീലങ്ങളിലേക്ക് മടങ്ങാൻ പറഞ്ഞത് സെവാഗ് ഓർത്തെടുത്തു.

ആയുഷ് സെഞ്ച്വറിക്ക് നോക്കിയില്ല, ടീമിനായാണ് കളിച്ചത – സെവാഗ്


റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ 17-കാരനായ ആയുഷ് മഹ്ത്രെയുടെ തകർപ്പൻ 94 റൺസ് ഇന്നിംഗ്സിനെ മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് പ്രശംസിച്ചു. സെഞ്ച്വറിക്ക് തൊട്ടരികിൽ വീണുപോയെങ്കിലും, സിഎസ്‌കെയെ വിജയത്തിന് അടുത്തെത്തിച്ച മഹ്ത്രെയുടെ പക്വതയും നിസ്വാർത്ഥമായ സമീപനവും സെവാഗ് എടുത്തുപറഞ്ഞു.


ക്രിക്ബസിൽ സംസാരിക്കവെ സെവാഗ് പറഞ്ഞു, “എറിഞ്ഞ പന്ത് എങ്ങനെയാണോ, അതിനനുസരിച്ചാണ് അവൻ കളിച്ചത്. അവൻ്റെ ഷോട്ട് പിഴച്ചു, അല്ലെങ്കിൽ അത് സിക്സറിന് പോകേണ്ട പന്തായിരുന്നു. കട്ടർ ബാറ്റിന് മധ്യത്തിൽ കൊണ്ടാൽ ഉറപ്പായും അത് സിക്സായേനെ.”


214 റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്ത മഹ്ത്രെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചു. രവീന്ദ്ര ജഡേജയുമായി (45 പന്തിൽ 77*) ചേർന്ന് മൂന്നാം വിക്കറ്റിൽ 114 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 18-ാം ഓവറിലെ അദ്ദേഹത്തിൻ്റെ പുറത്താകൽ സിഎസ്‌കെയെ വിജയത്തിൽ നിന്ന് അകറ്റി.


“അവൻ സ്വന്തം സെഞ്ച്വറിയെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ തീർച്ചയായും ആ ഷോട്ട് കളിക്കില്ലായിരുന്നു. അതിനർത്ഥം ഓവറിൽ ഒരു ബൗണ്ടറി നേടാൻ അവൻ ആഗ്രഹിച്ചു, അതുകൊണ്ടാണ് അവൻ ആ ഷോട്ട് ശ്രമിച്ചത്.” – സെവാഗ് പറഞ്ഞു.


മാക്സ്‌വെല്ലും ലിവിംഗ്‌സ്റ്റോണും ജയിക്കാനല്ല, അവധിക്കാലം ആഘോഷിക്കാനാണ് ഇന്ത്യയിലെത്തിയത് – സെവാഗ്


മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് ഗ്ലെൻ മാക്‌സ്‌വെൽ, ലിയാം ലിവിംഗ്‌സ്റ്റോൺ എന്നീ വിദേശ താരങ്ങളെ രൂക്ഷമായി വിമർശിച്ചു. ക്രിക്ബസിൽ സംസാരിക്കവെ, ഈ രണ്ട് വിദേശ കളിക്കാർക്കും വിജയിക്കാനുള്ള ആഗ്രഹമില്ലെന്നും അവർ ഈ ടൂർണമെന്റിനെ പണം ലഭിക്കുന്ന ഒരു അവധിക്കാലമായി കാണുകയാണെന്നും സെവാഗ് ആരോപിച്ചു.


“മാക്‌സ്‌വെല്ലിനും ലിവിംഗ്‌സ്റ്റോണിനും ഇപ്പോൾ ആ പഴയ ഹംഗർ ഇല്ല. അവർ ഇവിടെ വന്നിരിക്കുന്നത് ഇന്ത്യൻ വേനൽക്കാലം ആസ്വദിക്കാനാണ്, ട്രോഫി നേടാനല്ല,” ഈ സീസണിലെ അവരുടെ നിരാശാജനകമായ പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കവെ സെവാഗ് തന്റെ അതൃപ്തി പ്രകടിപ്പിച്ചു.


ഇരുവരും ഐപിഎൽ 2025ൽ മോശം ഫോമിലാണ് കളിക്കുന്നത്.
ഡേവിഡ് വാർണർ, എബി ഡിവില്ലിയേഴ്സ്, ഗ്ലെൻ മഗ്രാത്ത് തുടങ്ങിയ മുൻകാല വിദേശ ഇതിഹാസങ്ങളുമായി മാക്‌സ്‌വെല്ലിനെ സെവാഗ് താരതമ്യം ചെയ്തു. അവരൊക്കെ ഒരു ലക്ഷ്യത്തോടെ കളിച്ചവരാണെന്ന് അദ്ദേഹം പറഞ്ഞു. “അവരൊക്കെ ജയിക്കാനാണ് വന്നത്. ‘എന്നെ കളിപ്പിക്കൂ, ഞാൻ നിങ്ങൾക്കായി കളി ജയിപ്പിക്കും’ എന്ന് അവർ എന്നോട് പറയുമായിരുന്നു. അതാണ് വ്യത്യാസം,” സെവാഗ് കൂട്ടിച്ചേർത്തു.


രോഹിത് എന്ത് പ്രകടനമാണ് നടത്തുന്നത്!! രൂക്ഷ വിമർശനവുമായി സെവാഗ്

രോഹിത് ശർമ്മയുടെ ഈ സീസണിലെ പ്രകടനത്തെ വിമർശിച്ച് വിരേന്ദർ സെവാഗ്. രോഹിത് ഈ സീസണിൽ എപ്പോഴാണ് കളിച്ചിട്ടുള്ളത് എന്ന് ചോദിച്ച സെവാഗ് രോഹിതിനെ മുംബൈ ഇനി നിലനിർത്തുന്നത് എന്തിനാണെന്നും ചോദിച്ചു. മുംബൈയിൽ ബുമ്രയും സൂര്യകുമാറും അല്ലാതെ ആരും തിളങ്ങിയില്ല എന്നും അതുകൊണ്ട് നിലനിർത്താൻ അവർക്ക് മൂന്നാമത് ഒരാൾ ഇല്ല എന്നും സെവാഗ് പറഞ്ഞു.

“ടീമിൽ നിരവധി സൂപ്പർ താരങ്ങൾ ഉള്ളതു കൊണ്ട് മാത്രം കാര്യമില്ല. ഷാരൂഖ് ഖാനും ആമിർ ഖാനും സൽമാൻ ഖാനും ഒരു സിനിമയിൽ ഉണ്ടായില്ല എന്നത് കൊണ്ട് മാത്രം ആ സിനിമ ഹിറ്റ് ആകണമന്നില്ല. പെർഫോം ചെയ്യണം.” സെവാഹ് പറഞ്ഞു.

“മുംബൈയുടെ വമ്പൻ പേരുകൾ നോക്കൂ… അവരെല്ലാം പെർഫോം ചെയ്യണം. രോഹിത് ആകെ ഒരു സെഞ്ച്വറി നേടി. അതും പരാജയപ്പെട്ട മത്സരത്തിൽ. ശേഷിക്കുന്ന മത്സരങ്ങളിൽ, എപ്പോഴാണ് അദ്ദേഹം പ്രകടനം നടത്തിയത്?” സെവാഗ് ചോദിക്കുന്നു.

“സീസണിലുടനീളം ഇഷാൻ കിഷൻ പവർപ്ലേയ്ക്ക് അപ്പുറം പോയിട്ടില്ല. മുംബൈ നിലനിർത്തും എന്ന് ഉറപ്പുള്ള രണ്ട് കളിക്കാർ ബുംറയും സൂര്യകുമാറും മാത്രമാണ്. അവർക്ക് മൂന്നാമത്തേതും നാലാമത്തേതും താരങ്ങൾ ഉണ്ടാകുമോ എന്ന് നമുക്ക് നോക്കാം,” അദ്ദേഹം പറഞ്ഞു.

CSK ജയിച്ചാലും തോറ്റാലും ആർക്കെന്ത്! ധോണി കളിക്കുന്നുണ്ടോ, അത് മതി ജനങ്ങൾക്ക് – സെവാഗ്

മഹേന്ദ്ര സിങ് ധോണി ആരാധകർക്ക് വിരുന്ന് ഒരുക്കുന്നുണ്ടോ എന്നതേ നോക്കേണ്ടതുള്ളൂ എന്നും ചെന്നൈ വിജയിച്ചോ തോറ്റോ എന്നത് പ്രധാനമല്ല എന്നും മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. ആൾക്കാർ വരുന്നത് ധോണിയെ കാണാൻ ആണ്. അദ്ദേഹം അവരെ ഹാപ്പി ആക്കുന്നുണ്ട്. അത് മതി. സെവാഗ് പറഞ്ഞു.

“എംഎസ് ധോണിയുടെ ബാറ്റിംഗ് പൊസിഷനുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിപ്പിക്കണം. താൻ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് അവനറിയാം. അവൻ്റെ ആഗ്രഹമാണ്. പക്ഷേ, നിങ്ങൾക്ക് മത്സരം ജയിക്കണമെങ്കിൽ, അവൻ്റെ ഫോമും, അവൻ ബാറ്റ് ചെയ്യുന്ന സ്‌ട്രൈക്ക് റേറ്റും വേണം… മറ്റ് ബാറ്റർമാരും സമാനമായ നിലവാരത്തിൽ കളിക്കേണ്ടതുണ്ട്.” സെവാഗ് പറഞ്ഞു.

“എനിക്ക് സംവാദത്തിൽ ഏർപ്പെടാൻ ആഗ്രഹമില്ല. ധോണി എവിടെ ബാറ്റ് ചെയ്താലും എനിക്ക് കുഴപ്പമില്ല. അവൻ നന്നായി കളിച്ചു, ജനങ്ങളെ രസിപ്പിച്ചു, ചെന്നെ ജയിച്ചാലും തോറ്റാലും ആർക്കെന്ത്? ധോണി ജനങ്ങളെ രസിപ്പിച്ചു, അത്രയേയുള്ളൂ, ”സെവാഗ് തുടർന്നു പറഞ്ഞു.

“രോഹിതിന്റെ കീഴിൽ മുംബൈ 5 മത്സരങ്ങൾ തോറ്റിട്ടുണ്ട്” – ഹാർദികിനെ പിന്തുണച്ച് സെവാഗ്

മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ ആയി ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ഹാർദിക് പാണ്ഡ്യക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ താരം വിരേന്ദ്ര സെവാഗ്. രോഹിത് ശർമ്മ ക്യാപ്റ്റൻ ആയിരിക്കുമ്പോൾ അവർ അഞ്ച് മത്സരങ്ങൾ തോറ്റിട്ടുണ്ട് എന്നും ഇത് സ്വാഭാവികമാണെന്നും സെവാഗ് പറഞ്ഞു.

“രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിലും ഈ ടീം തുടർച്ചയായി അഞ്ച് മത്സരങ്ങൾ തോറ്റിരുന്നു. അവർ 0-5 ആയിരുന്നു. പിന്നെ, അവർ ചാമ്പ്യന്മാരായി. അതിനാൽ, അവർ ഹാർദിക്കിന്റെ കാര്യത്തിലും ക്ഷമയോടെ കാത്തിരിക്കും. മൂന്ന് മത്സരങ്ങൾ മാത്രമെ ആയുള്ളൂ. എന്നാൽ ഇനിയും ജയിച്ചില്ല എങ്കിൽ അത് ടീം മാനേജ്‌മെൻ്റിൻ്റെ ക്ഷമയെ പരീക്ഷിച്ചേക്കാം,” സെവാഗ് പറഞ്ഞു.

“2-3 ഫ്രാഞ്ചൈസികൾ മുമ്പ് ക്യാപ്റ്റനെ പകുതിക്ക് വെച്ച് മാറ്റിയിട്ടുണ്ട്. പഞ്ചാബ് അത് ചെയ്തു, ജഡേജയ്ക്ക് ക്യാപ്റ്റൻസി നൽകിയപ്പോൾ ചെന്നൈ അത് ചെയ്തു. എന്നാൽ ക്യാപ്റ്റൻസി മാറുന്നതിനെക്കുറിച്ച് മുംബൈ ഇന്ത്യൻസ് ഇപ്പോൾ ചിന്തിക്കുമെന്ന് ഞാൻ കരുതുന്നില്ല. മൂന്ന് മത്സരങ്ങൾ കൊണ്ട് നിങ്ങൾക്ക് ക്യാപ്റ്റനെ മാറ്റാൻ കഴിയില്ല; അത് ടീമിന് ശരിയായ സന്ദേശമായിരിക്കില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

ജയ്സ്വാളിലൂടെ ഇന്ത്യക്ക് ഒരു പുതിയ സെവാഗിനെ കിട്ടി എന്ന് മൈക്കിൾ വോൺ

യശസ്വി ജയ്സ്വാളിലൂടെ ഇന്ത്യക്ക് ഒരു പുതിയ വിരേന്ദർ സെവാഗിനെ കിട്ടി എന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ. ഇന്ന് ജയ്സ്വാൾ ഇരട്ട സെഞ്ച്വറി നേടിയിരുന്നു. അതിനു ശേഷം ട്വിറ്ററിലൂടെ ആണ് മൈക്കിൾ വോൺ തന്റെ അഭിപ്രായം പങ്കുവെച്ചത്. ആക്രമിച്ചു കളിച്ചായിരുന്നു ജയ്സ്വാൾ 214 റൺസ് എടുത്തത്. ജയ്സ്വാളിന്റെ ഇന്നിംഗ്സിൽ 12 സിക്സുകൾ ഉണ്ടായിരുന്നു. ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സ് അടിക്കുന്ന താരമായി ഇതോടെ ജയ്സ്വാൾ മാറിയിരുന്നു.

ജയ്സ്വാളിനെ കാണുമ്പോൾ ഇന്ത്യക്ക് പുതിയ ഒരു വിരേന്ദർ സെവാഗിനെ കിട്ടിയത് പോലെയാണ് തനിക്ക് തോന്നുന്നത്. വോൺ പറഞ്ഞു. യശസ്വി ലോകത്തെ വലിയ അറ്റാക്കുകളെ വരെ തകർക്കും എന്നും മുമ്പ് വിരേന്ദർ സെവാഗ് ചെയ്തത് പോലെ എല്ലാ ഫോർമാറ്റിലും ബൗളർമാർ ജയ്സ്വാളിന്റെ ബാറ്റിന്റെ ചൂടറിയും എന്നും മൈക്കിൾ വോൺ ട്വീറ്റ് ചെയ്തു.

ജയ്സ്വാൾ ആകെ മൂന്ന് ടെസ്റ്റ് സെഞ്ച്വറികൾ ഇന്ത്യക്ക് ആയി നേടി കഴിഞ്ഞു. ഈ പരമ്പരയിൽ മാത്രം താരം രണ്ട് ഇരട്ട സെഞ്ച്വറികൾ നേടി കഴിഞ്ഞു.

സ്കൂൾ കുട്ടികളെ ബിഗ് ബോയ്സ് തോൽപ്പിച്ചത് പോലെ ഉണ്ട് എന്ന് സെവാഗ്

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിൽ പാകിസ്താനെ പരിഹസിച്ച് മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ വീരേന്ദർ സെവാഗ്. ബിഗ് ബോയ്സ് സ്കൂൾ കുട്ടികളെ തോൽപ്പിക്കുന്നത് പോലെ ഈ മത്സരം കണ്ടപ്പോൾ തോന്നി എന്ന് സെവാഗ് പറഞ്ഞു. പാക്കിസ്ഥാനെ പൊരുതാൻ പോലും വിടാത്ത രീതിയിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ഇന്ന് പരാജയപ്പെടുത്തിയത്.

ഇന്ത്യയുടെ വിജയത്തിന് ശേഷം സാമൂഹിക മാധ്യമത്തിലൂടെ സന്തോഷം പങ്കുവെക്കുക ആയിരുന്നു സെവാഗ്. അർധ സെഞ്ച്വറു നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയയെയും സെവാഗ് അഭിനന്ദിച്ചു. പാകിസ്താനെതിരായ ഇന്ത്യയുടെ ലോകകപ്പിലെ തുടർച്ചയായ എട്ടാം ജയമായിരുന്നു ഇത്‌.

“വലിയ ആൺകുട്ടികൾ സ്കൂൾ കുട്ടികളെ തോൽപ്പിക്കുന്നത് പോലെ ആയിരുന്നു ഇത്. പാകിസ്ഥാൻ പൂർണമായി തകർന്നു. ഇന്ത്യ അവരുടെ എല്ലാവർക്കും ബാറ്റിംഗ് നൽകി. പാകിസ്ഥാൻ ബൗളർമാർ ഊഷ്മളമായി റൺസ് നൽകുന്നത് തുടരുന്നു, ശർമ്മയിൽ നിന്ന് മികച്ച ഇന്നിംഗ്‌സ് ലഭിച്ചു” സെവാഗ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

“ആക്രമിച്ചു കളിച്ച് തന്നെ ടീമിനെ നയിക്കാനുള്ള ധൈര്യം രോഹിതിനുണ്ട്” – സെവാഗ്

ലോകകപ്പിലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ സമീപനത്തെയും ബാറ്റിംഗിനെയും പ്രശംസിച്ച് സെവാഗ്. സെഞ്ച്വറിയിലെ റെക്കോർഡ് രോഹിതിന്റെ ക്ലാസ് കാണിക്കുന്നുവെന്ന് മുൻ ഇന്ത്യൻ ബാറ്റിംഗ് താരം വീരേന്ദർ സെവാഗ് പറഞ്ഞു. ഇന്നലെ ഇന്ത്യ എട്ട് വിക്കറ്റിന് അഫ്ഗാനിസ്ഥാനെ തോൽപിച്ചപ്പോൾ രോഹിതിന്റെ സെഞ്ച്വറി ആയിരുന്നു മിന്നി നിന്നത്.

“അദ്ദേഹത്തിന്റെ റെക്കോർഡുകളെക്കുറിച്ച് എന്താണ് പറയാനുള്ളത്. കളിക്കുമ്പോഴെല്ലാം അവൻ റെക്കോർഡുകൾ തകർത്തുകൊണ്ടേയിരിക്കും. തന്റെ മൂന്ന് ഇരട്ട സെഞ്ച്വറികൾ നേടിയപ്പോഴും, തന്റെ ബാറ്റിംഗ് ആസ്വദിക്കുക ആയുരുന്നു എന്നാണ് അദ്ദേഹം പറഞ്ഞു. ഏഴ് സെഞ്ച്വറികളിലെത്താൻ അദ്ദേഹത്തിന് 19 ഇന്നിംഗ്‌സ് മാത്രമെ വേണ്ടി വന്നുള്ളൂ, അത് ആ കളിക്കാരന്റെ ക്ലാസ് കാണിക്കുന്നു, ”സെവാഗ് പറഞ്ഞു.

“താൻ മുന്നിൽ നിന്ന് നയിക്കുമെന്നും ആക്രമണാത്മകമായി കളിക്കുമെന്നും അദ്ദേഹം വ്യക്തമായി പറയുന്നു. ബൗളർമാരെ താൻ ആക്രമിക്കും എന്ന് അദ്ദേഹം അവകാശപ്പെട്ടു. പരസ്യമായി ഇത് സംസാരിക്കാനും ഇങ്ങനെ കളിക്കാനും ധൈര്യം ആവശ്യമാണ്, പ്രത്യേകിച്ചും നിങ്ങൾ ക്യാപ്റ്റനായിരിക്കുമ്പോൾ, അത് രോഹിതിന് ഉണ്ട് ”സെവാഗ് കൂട്ടിച്ചേർത്തു.

“കോഹ്ലി ലോകകപ്പ് നേടണം, സച്ചിനെ പോലെ കോഹ്ലിയെ താരങ്ങൾ ചുമലിലേറ്റി മാർച്ച് ചെയ്യണം” സെവാഗ്

വിരാട് കോഹ്‌ലി 2023 ലോകകപ്പ് വിജയിക്കുമെന്നും ടൂർണമെന്റിലെ ടോപ് സ്‌കോറർ ആകണമെന്നും മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. കോഹ്ലി നിരവധി സെഞ്ചുറികൾ നേടുമെന്നും ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് സ്‌കോററായി മാറുമെന്നും പ്രതീക്ഷിക്കുന്നതായി സെവാഗ് പറഞ്ഞു. 2011ൽ സച്ചിൻ ടെണ്ടുൽക്കറെ ഇന്ത്യൻ താരങ്ങൾ കൊണ്ടു നടന്ന പോലെ കോഹ്‌ലിയെയും ഗ്രൗണ്ടിൽ കൊണ്ടുനടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മുൻ ക്രിക്കറ്റ് താരം പറഞ്ഞു.

“2019 ലോകകപ്പിൽ കോഹ്ലി ഒരു സെഞ്ച്വറി പോലും നേടിയില്ല, ഈ വർഷം അദ്ദേഹം നിരവധി സെഞ്ചുറികൾ നേടുകയും ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് സ്‌കോറർ ആകുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പിന്നെ, അവനെ തോളിൽ കയറ്റി താരങ്ങൾ ഗ്രൗണ്ട് ചുറ്റിക്കറങ്ങണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” സെവാഗ് പറഞ്ഞു.

“രോഹിതും കോഹ്‌ലിയും സീനിയർ കളിക്കാർ ലോകകപ്പ് നേടാൻ അർഹരാണ്. രോഹിത് ശർമ്മ 2011 ലോകകപ്പിലെ ടീമിൽ എത്തുന്നതിന് വളരെ അടുത്തായിരുന്നു. പിന്നീട് അദ്ദേഹം ഏകദിനത്തിലെ ബാദ്ഷാ ആയി, ഒരു ലോകകപ്പ് ട്രോഫി നേടാൻ അദ്ദേഹം അർഹനാണ്, അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്, ”സെവാഗ് പറഞ്ഞു.

പുറത്താക്കാൻ ഏറ്റവും എളുപ്പമുള്ള ബാറ്റ്‌സ്മാൻ സെവാഗായിരുന്നെന്ന് പാകിസ്ഥാൻ പേസർ റാണ

പുറത്താക്കാൻ ഏറ്റവും എളുപ്പമുള്ള ഇന്ത്യൻ ബാറ്റ്‌സ്മാൻ മുൻ ഓപ്പണർ വീരേന്ദർ സെവാഗാണെന്ന് മുൻ പാകിസ്ഥാൻ പേസർ റാണ നവേദ് ഉൾ ഹസൻ പറഞ്ഞു. “സെവാഗിനെ പുറത്താക്കാനായിരുന്നു ഏറ്റവും എളുപ്പം, ഏറ്റവും പ്രയാസം ദ്രാവിഡായിരുന്നു,” നവേദ് ഉൾ ഹസൻ ഒരു പോഡ്കാസ്റ്റിൽ പറഞ്ഞു.

2004/05 ലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടെ സെവാഗിനെ പുറത്താക്കാൻ ചില തന്ത്രങ്ങൾ ഉപയോഗിച്ചതിന്റെ ഒരു ഉദാഹരണവും അദ്ദേഹം പങ്കുവെച്ചു.

“ഞാൻ ഒരു സംഭവം പറയാം. സെവാഗ് കളിക്കുന്ന ഒരു മത്സരം ഉണ്ടായിരുന്നു. ഇന്ത്യയിൽ പോയി ഞങ്ങൾ വിജയിച്ച 2004-05 പരമ്പരയെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ഞാൻ ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു. പരമ്പരയിൽ ഞങ്ങൾ 2-0ന് പിന്നിലായിരുന്നു. മികച്ച അഞ്ച് പരമ്പരയായിരുന്നു അത്. പരമ്പരയിലെ മൂന്നാം മത്സരത്തിൽ സെവാഗ് തകർപ്പൻ പ്രകടനമാണ് നടത്തിയത്. അവർ ഏകദേശം 300 റൺസ് സ്കോർ ചെയ്തു, സെവാഗ് 85-നോട് അടുത്തു നൽക്കുക ആയിരുന്നു.” അദ്ദേഹം തുടർന്നു.

“ഞാൻ ഇൻസി ഭായിയോട് പന്ത് തരാൻ ആവശ്യപ്പെട്ടു. ഞാൻ ഒരു സ്ലോ ബൗൺസർ എറിഞ്ഞു,” നവേദ്-ഉൽ-ഹസൻ പറഞ്ഞു.

“ഞാൻ സെവാഗിന്റെ അടുത്ത് ചെന്ന് പറഞ്ഞു ‘നിനക്ക് കളിക്കാൻ അറിയില്ല. നിങ്ങൾ പാകിസ്ഥാനിൽ ആയുരുന്നു എങ്കിൽ, നിങ്ങൾ അന്താരാഷ്ട്ര ടീമിൽ ഇടം നേടുമെന്ന് പോലുൻ ഞാൻ കരുതുന്നില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു

“അവൻ എന്നോട് കുറച്ച് കാര്യങ്ങൾ തിരിച്ചു പറഞ്ഞു. തിരിച്ചുപോകുമ്പോൾ ഞാൻ ഇൻസി ഭായിയോട് പറഞ്ഞു, ‘അടുത്ത പന്ത്, അവൻ ഔട്ട് ആണ്’. ക്യാപ്റ്റൻ ആശ്ചര്യപ്പെട്ടു. ഞാൻ ബാക്ക്-ഓഫ്-ദി-ഹാൻഡ് സ്ലോ ബോൾ എറിഞ്ഞു, പ്രകോപിതനായ സെവാഗ് അത് അടിക്കാൻ ശ്രമിച്ചു, പക്ഷേ പുറത്തായി. വിക്കറ്റ് വളരെ പ്രധാനമായിരുന്നു, ആ മത്സരം ഞങ്ങൾ ജയിച്ചു.” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version