സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളം വീണ്ടും വിജയവഴിയിൽ

: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ നാഗാലൻ്റിന് എതിരെ അനായാസ വിജയവുമായി കേരളം. ഹൈദരാബാദിൽ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത നാഗാലൻ്റ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 52 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ക്യാപ്റ്റൻ സഞ്ജു സാംസൻ കളിക്കാതിരുന്ന മത്സരത്തിൽ മൊഹമ്മദ് അസറുദ്ദീനായിരുന്നു കേരളത്തെ നയിച്ചത്.

ടോസ് നേടിയ നാഗാലൻ്റ് ബാറ്റിങ് തെരഞ്ഞെടുത്തു. ഓപ്പണർമാർ നാഗാലൻ്റിന് മികച്ച തുടക്കം നല്കിയെങ്കിലും മധ്യനിരയെ തകർത്ത് ബൌളർമാർ മത്സരം കേരളത്തിന് അനുകൂലമാക്കുകയായിരുന്നു. ക്യാപ്റ്റൻ ജൊനാഥനും ഷംഫ്രിയും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 57 റൺസ് പിറന്നു. 22 റൺസെടുത്ത ജൊനാഥനെ പുറത്താക്കി അബ്ദുൾ ബാസിത്താണ് കേരളത്തിന് വഴിത്തിരിവൊരുക്കിയത്. 32 റൺസെടുത്ത ഷംഫ്രിയെ തൊട്ടടുത്ത ഓവറിൽ ജലജ് സക്സേനയും പുറത്താക്കി. തുടർന്ന് എൻ പി ബേസിലും ബേസിൽ തമ്പിയും ചേർന്ന് മധ്യനിരയെ പുറത്താക്കിയതോടെ നാഗാലൻ്റിൻ്റെ സ്കോർ 120ൽ ഒതുങ്ങുകയായിരുന്നു. അവസാന ഓവറുകളിൽ 13 പന്തിൽ നിന്ന് 22 റൺസ് നേടിയ നിശ്ചലിൻ്റെ പ്രകടനമാണ് നാഗാലൻ്റ് സ്കോർ 100 കടത്തിയത്. കേരളത്തിന് വേണ്ടി എൻ പി ബേസിൽ മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് സ്കോർ അഞ്ചിൽ നില്ക്കെ വിഷ്ണു വിനോദിൻ്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ രോഹൻ കുന്നുമ്മലും സച്ചിൻ ബേബിയും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് അനായാസം സ്കോർ മുന്നോട്ട് നീക്കി. വിജയത്തിന് 11 റൺസ് അകലെ രോഹൻ പുറത്തായെങ്കിലും സച്ചിൻ ബേബിയും സൽമാൻ നിസാറും ചേർന്ന് കേരളത്തെ വിജയത്തിലെത്തിച്ചു. രോഹൻ കുന്നുമ്മൽ 28 പന്തിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്സുമടക്കം 57 റൺസെടുത്തു. സച്ചിൻ ബേബി 48ഉം സൽമാൻ നിസാർ 11ഉം റൺസുമായി പുറത്താകാതെ നിന്നു.

രഞ്ജി ട്രോഫി; ആസാമിനെതിരെ കേരളത്തിന് മികച്ച തുടക്കം

ഗുവാഹത്തിയിൽ നടക്കുന്ന രഞ്ജി ട്രോഫി പോരാട്ടത്തിൽ കേരളത്തിന് മികച്ച തുടക്കം. ആസാമിനെ നേരിടുന്ന കേരളം ആദ്യം ബാറ്റു ചെയ്ത് ഇപ്പോൾ ആദ്യ ദിവസം പിരിയുമ്പോൾ 141-1 എന്ന നിലയിലാണ്‌. ഇന്ന് പ്രതികൂല കാലാവസ്ഥ ആയതിനാൽ ടോസ് ഏറെ വൈകിയിരുന്നു‌. ഓപ്പണർമാരായ രോഹൻ കുന്നുമ്മലും കൃഷ്ണ പ്രസാദും കേരളത്തിന് നല്ല തുടക്കം നൽകി‌.

രോഹൻ 95 പന്തിൽ നിന്ന് 83 റൺസ് എടുത്തു‌. 11 ഫോർ അടങ്ങിയതാണ് രോഹന്റെ ഇന്നിംഗ്സ്. സിദ്ദാർത്തിന്റെ പന്തിൽ ആണ് രോഹൻ ഔട്ടായത്. 52 റൺസുമായി കൃഷ്ണപ്രസാദും 4 റണ്ണുമായി രോഹൻ പ്രേമും ക്രീസിൽ ഉണ്ട്.

മലയാളി താരം രോഹൻ കുന്നുമ്മൽ ഡെൽഹി ക്യാപിറ്റൽസിനൊപ്പം

മലയാളി താരം രോഹൻ കുന്നുമ്മലിന് ഡെൽഹി ക്യാപിറ്റൽസിൽ ട്രയൽസ്. ദിയോധർ ട്രോഫിയിലെ രോഹൻ കുന്നുമ്മലിന്റെ ഗംഭീര പ്രകടനം ആണ് അദ്ദേഹത്തെ ഡെൽഹിയുടെ ശ്രദ്ധയിൽ എത്തിച്ചത്. ഡൽഹി ക്യാപിറ്റൽസ് ഇപ്പോൾ രോഹനെ പരിശീലനം നടത്താനായി ടീമിലേക്ക് വിളിച്ചിരിക്കുകയാണ്‌‌.

ഈ സീസണിലെ മികച്ച തുടക്കം മുതലാക്കാനാണ് പ്രതിഭാധനനായ കേരള ഓപ്പണർ ഇപ്പോൾ ലക്ഷ്യമിടുന്നത്. സൗത്ത് സോണിനെ പ്രതിനിധീകരിച്ച്, 62.20 ശരാശരിയിൽ 311 റൺസ് നേടാൻ രോഹനായിരുന്നു‌. ടൂർണമെന്റിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺ സ്കോറർ ആയിരുന്നു രോഹൻ.

റിയാൻ പരാഗ് (354), മായങ്ക് അഗർവാൾ (341) എന്നിവർ മാത്രമാണ് രോഹനെക്കാൾ കൂടുതൽ റൻസ് നേടിയത്‌. രോഹൻ 123.90 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും ടൂർണമെന്റിൽ നിലനിർത്തി. കേരളത്തിനായും അവസാന വർഷം രോഹൻ സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്‌.

സഞ്ജുവും രോഹന്‍ പ്രേമും തിളങ്ങി, ജാര്‍ഖണ്ഡിനെതിരെ 276/6 എന്ന നിലയിൽ കേരളം

ജാര്‍ഖണ്ഡിനെതിരെ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിവസം കേരളം 276/6 എന്ന നിലയിൽ. രോഹന്‍ പ്രേം, സഞ്ജു സാംസൺ, രോഹന്‍ കുന്നുമ്മൽ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് കേരളത്തിനെ മുന്നോട്ട് നയിച്ചത്.

കേരളം ഒരു ഘട്ടത്തിൽ 90/0 എന്ന നിലയിലായിരുന്നുവെങ്കിൽ പിന്നീട് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ടീം 98/3 എന്ന നിലയിലേക്ക് വീണു. രോഹന്‍ കുന്നുമ്മൽ(50) ആണ് ആദ്യം പുറത്തായത്. കുന്നുമ്മലിനെയും സച്ചിന്‍ ബേബിയെയും ഷഹ്ബാസ് നദീം പുറത്താക്കിയപ്പോള്‍ ഷൗൺ റോജറിനെയും രോഹന്‍ പ്രേമിനെയും ഉത്കര്‍ഷ് സിംഗ് ആണ് പുറത്താക്കിയത്.

പുറത്താകുന്നതിന് മുമ്പ് രോഹന്‍ സഞ്ജു സാംസണിനൊപ്പം 91 റൺസാണ് കൂട്ടിചേര്‍ത്തത്. 79 റൺസ് നേടിയ രോഹന്‍ പ്രേം ടോപ് സ്കോറര്‍ ആയപ്പോള്‍ 72 റൺസ് നേടിയ സഞ്ജുവിനെ വീഴ്ത്തി ഷഹ്ബാസ് നദീം തന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റ് നേടി.

39 റൺസ് നേടി അക്ഷയ് ചന്ദ്രനും 28 റൺസ് നേടി സിജോമോന്‍ ജോസഫും ചേര്‍ന്ന് കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു.

 

കേരളത്തിന് 9 വിക്കറ്റ് വിജയം, രോഹന്‍ കുന്നുമ്മലിന് ശതകം

ബിഹാറിനെതിരെ 9 വിക്കറ്റിന്റെ വിജയം നേടി കേരളം 201 റൺസിന് ബിഹാറിനെ എറിഞ്ഞിട്ട ശേഷം 24.4 ഓവറിൽ 205 റൺസാണ് കേരളം നേടിയത്. രോഹന്‍ കുന്നുമ്മലും രാഹുലും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 183 റൺസാണ് നേടിയത്.

രാഹുല്‍ 63 പന്തിൽ 83 റൺസ് നേടി പുറത്തായപ്പോള്‍ രോഹന്‍ 75 പന്തിൽ 107 റൺസ് നേടി പുറത്താകാതെ നിന്നു. 12 ഫോറും 4 സിക്സും ആണ് രോഹന്‍ നേടിയതെങ്കില്‍ രാഹുല്‍ 9 ഫോറും 3 സിക്സും നേടി.

പൊരുതി നിന്നത് രോഹന്‍ കുന്നുമ്മൽ മാത്രം, കേരളത്തിന് മഹാരാഷ്ട്രയോട് പരാജയം

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ മഹാരാഷ്ട്രയോട് പരാജയം ഏറ്റുവാങ്ങി കേരളം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര റുതുരാജ് ഗായക്വാഡ് നേടിയ ശതകത്തിന്റെ(114) ബലത്തിൽ 167/4 എന്ന സ്കോര്‍ നേടിയപ്പോള്‍ കേരളത്തിന് 127/8 എന്ന സ്കോറാണ് നേടാനായത്.

58 റൺസ് നേടിയ രോഹന്‍ കുന്നുമ്മലിന് പിന്തുണ നൽകുവാന്‍ മറ്റ് കേരള താരങ്ങള്‍ക്ക് സാധിക്കാതെ പോയപ്പോള്‍ കേരളത്തിന് 39 റൺസ് തോൽവിയേറ്റ് വാങ്ങേണ്ടി വന്നു. 18 റൺസുമായി പുറത്താകാതെ നിന്ന സിജോമോന്‍ ജോസഫ് ആണ് കേരളത്തിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

97/8 എന്ന നിലയിലേക്ക് വീണ കേരളത്തിനെ സിജോയും മിഥുനും ചേര്‍ന്ന് 9ാം വിക്കറ്റിൽ 30 റൺസ് നേടിയാണ് തോൽവിയുടെ ഭാരം കുറയ്ക്കുവാന്‍ സഹായിച്ചത്. മഹാരാഷ്ട്രയ്ക്ക് വേണ്ടി എസ്എസ് ബച്ചാവ് 3 വിക്കറ്റും കാസി രണ്ട് വിക്കറ്റും നേടി.

രോഹന്‍ കുന്നുമ്മലിന് ശതകം നഷ്ടം, ദുലീപ് ട്രോഫി കിരീടത്തിന് അരികെ വെസ്റ്റ് സോൺ

529 റൺസെന്ന കൂറ്റന്‍ വിജയ ലക്ഷ്യം തേടിയിറങ്ങിയ സൗത്ത് സോൺ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ ദുലീപ് ട്രോഫി ഫൈനൽ വിജയത്തിന് തൊട്ടരികെയെത്തി വെസ്റ്റ് സോൺ നിൽക്കുന്നു. മത്സരത്തിന്റെ അവസാന ദിവസം വെറും നാല് വിക്കറ്റ് കൈവശപ്പെടുത്തിയാൽ വെസ്റ്റ് സോണിന് കിരീടം നേടാനാകും. 6 വിക്കറ്റ് നഷ്ട സൗത്ത് സോൺ ആകട്ടെ വിജയത്തിനായി ഇനിയും 375 റൺസ് നേടേണ്ടതുണ്ട്.

ടോപ് ഓര്‍ഡറിൽ രോഹന്‍ കുന്നുമ്മൽ ഒഴികെ മറ്റു താരങ്ങള്‍ക്കാര്‍ക്കും റൺസ് കണ്ടെത്താനാകാതെ പോയതാണ് സൗത്ത് സോണിന് തിരിച്ചടിയായത്. രോഹന്‍ കുന്നുമ്മൽ 93 റൺസ് നേടി ഇന്ന് വീണ അവസാന വിക്കറ്റായാണ് പുറത്തായത്. സ്റ്റംപ്സിന് ഏതാനും ഓവറുകള്‍ മുമ്പാണ് താരത്തിന്റെ പ്രതിരോധം ഭേദിച്ച് ഷംസ് മുലാനി തന്റെ രണ്ടാം വിക്കറ്റ് നേടിയത്.

അതിത് സേഥ്, ജയ്ദേവ് ഉനഡ്കട് എന്നിവരും രണ്ട് വീതം വിക്കറ്റ് വെസ്റ്റ് സോണിനായി നേടി.

വീണ്ടും തിളങ്ങി കുന്നുമ്മൽ, സായി കിഷോറിന്റെ ഏഴ് വിക്കറ്റുകള്‍ക്ക് മുന്നിൽ തകര്‍ന്ന് നോര്‍ത്ത് സോൺ

ദുലീപ് ട്രോഫി സെമി ഫൈനലില്‍ പിടിമുറുക്കി സൗത്ത് സോൺ. ആദ്യ ഇന്നിംഗ്സ് 630/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം നോര്‍ത്ത് സോണിനെ വെറും 207 റൺസിനാണ് സൗത്ത് സോൺ എറിഞ്ഞിട്ടത്. സായി കിഷോറിന്റെ ഏഴ് വിക്കറ്റ് നേട്ടം ആണ് നോര്‍ത്ത് സോൺ ബാറ്റിംഗിനെ തകര്‍ത്തെറിഞ്ഞത്.

67 ഓവര്‍ മാത്രം നീണ്ട് നിന്ന നോര്‍ത്ത് സോൺ ബാറ്റിംഗിൽ നിശാന്ത് സന്ധു ആണ് ടീമിന്റെ ടോപ് സ്കോറര്‍. താരം 40 റൺസ് നേടിയപ്പോള്‍ യഷ് ധുൽ 39 റൺസ് നേടി പുറത്തായി.

ഫോളോ ഓൺ നടപ്പിലാക്കാതെ ബാറ്റിംഗിനിറങ്ങിയ സൗത്ത് സോൺ രണ്ടാം ഇന്നിംഗ്സിൽ 151/1 എന്ന നിലയിലാണ്. രോഹന്‍ കുന്നുമ്മൽ 77 റൺസ് നേടിയപ്പോള്‍ മയാംഗ് അഗര്‍വാള്‍ 53 റൺസ് നേടി പുറത്താകാതെ നിന്നു.

ഒരു ദിവസം അവശേഷിക്കെ 580 റൺസിന്റെ ലീഡാണ് സൗത്ത് സോണിന്റെ കൈവശമുള്ളത്.

രോഹന്‍ കുന്നുമ്മലിന് ഹനുമ വിഹാരിയ്ക്കും ശതകം, നോര്‍ത്ത് സോണിനെതിരെ കൂറ്റന്‍ സ്കോറിലേക്ക് സൗത്ത് സോൺ

ദുലീപ് ട്രോഫി ടൂര്‍ണ്ണമെന്റിന്റെ സെമി ഫൈനലില്‍ കരുതുറ്റ നിലയിൽ സൗത്ത് സോൺ. ഇന്ന് സേലത്ത് നടന്ന മത്സരത്തിൽ നോര്‍ത്ത് സോണിനെതിരെ ആദ്യം ബാറ്റ് ചെയ്ത സൗത്ത് സോൺ 2 വിക്കറ്റ് നഷ്ടത്തിൽ 324 റൺസാണ് നേടിയത്.

രോഹന്‍ കുന്നുമ്മലും ഹനുമ വിഹാരിയും നേടിയ ശതകങ്ങളാണ് സൗത്ത് സോണിനെ മുന്നോട്ട് നയിച്ചത്. കുന്നുമ്മൽ 143 റൺസ് നേടി പുറത്തായപ്പോള്‍ ഹനുമ വിഹാരി 107 റൺസുമായി ക്രീസിലുണ്ട്.

രോഹുന്‍ കുന്നുമ്മൽ തന്റെ അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 4 ശതകങ്ങളാണ് നേടിയിട്ടുള്ളത്. ഇതിന് മുമ്പുള്ള നാല് ഇന്നിംഗ്സുകളിൽ താരത്തിന്റെ സ്കോര്‍ 107, 129, 106*, 75 എന്നിങ്ങനെയായിരുന്നു.

ദുലീപ് ട്രോഫി സൗത്ത് സോൺ ടീമിൽ രോഹന്‍ കുന്നുമ്മലും ബേസിൽ തമ്പിയും

ദുലീപ് ട്രോഫിയ്ക്കുള്ള സൗത്ത് സോൺ ടീമിൽ മലയാളി താരങ്ങളായ രോഹന്‍ കുന്നുമ്മലിനും ബേസിൽ തമ്പിയ്ക്കും ഇടം. കൊച്ചിയിലാണ് സൗത്ത് സോൺ സെലക്ഷന്‍ കമ്മിറ്റി കൂടിയത്. 15 അംഗ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ ഹനുമ വിഹാരിയാണ് ടീമിന്റെ നായകന്‍. മയാംഗ് അഗര്‍വാളിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു.

സെപ്റ്റംബര്‍ 8 മുതൽ 25 വരെ തമിഴ്നാട്ടിലാണ് ദുലീപ് ട്രോഫി നടക്കുന്നത്. ദേവ്ദത്ത് പടിക്കൽ, മനീഷ് പാണ്ടേ എന്നിവരും ടീമിൽ സ്ഥാനം നേടിയിട്ടുണ്ട്.

സൗത്ത് സോൺ: H Vihari (cap), Mayank Agarwal (vc), Rohan Kunnummal, Devdutt Padikal, Manish Pandey, B Inderjit,Eknath Kerkar, Ricky Bhui, Sai Kishore, K Gowtham, Basil Thampi, Ravi Teja, V C Stephen, Tanay Tyagarajan, Lakshay Garg

രോഹന്‍ കുന്നുമ്മലിന് അര്‍ദ്ധ ശതകം, ആസാമിനെതിരെ കേരളത്തിന് 8 വിക്കറ്റ് വിജയം

ആസാമിനെ 121 റൺസിലൊതുക്കിയ ശേഷം 18 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കി കേരളം. രോഹന്‍ കുന്നുമ്മൽ നേടിയ അര്‍ദ്ധ ശതകമാണ് കേരളത്തിന്റെ ശ്രദ്ധേയമായ പ്രകടനം. താരം 56 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ സച്ചിന്‍ ബേബി 21 റൺസുമായി രോഹന് മികച്ച പിന്തുണ നല്‍കി.

ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 56 റൺസാണ് നേടിയത്. മുഹമ്മദ് അസ്ഹറുദ്ദീന്‍(24), സഞ്ജു സാംസൺ(14) എന്നിവരുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.

Exit mobile version