ഐപിഎല്‍ കഴിഞ്ഞാല്‍ റസ്സല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലേക്ക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ ആന്‍ഡ്രേ റസ്സലും ഷാക്കിബ് അല്‍ ഹസനും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കളിക്കും. നിര്‍ത്തി വെച്ച ലീഗ് ജൂണില്‍ പുനരാരംഭിക്കുമ്പോള്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കുവാനായാണ് താരങ്ങള്‍ കരാറിലെത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ പ്രക്രിയയിലൂടെ വിദേശ പകരക്കാര് താരങ്ങളെ എല്ലാ ഫ്രാഞ്ചൈസികളും തിരഞ്ഞെടുക്കുകയായിരുന്നു.

ടോം ബാന്റണിന് പകരം റസ്സലിനെ സ്വന്തമാക്കിയത് ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് ആയിരുന്നു. റഷീദ് ഖാനിന് പകരക്കാരനായാണ് ഷാക്കിബ് ലാഹോര്‍ ഖലന്തേഴ്സിലേക്ക് എത്തുന്നത്. കറാച്ചി കിംഗ്സ് കോളിന്‍ ഇന്‍ഗ്രാമിന് പകരം മാര്‍ട്ടിന്‍ ഗപ്ടിലിനെ സ്വന്തമാക്കി.

19 വിദേശ താരങ്ങളെയാണ് പകരക്കാരായി ഫ്രാഞ്ചൈസികള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ഈഡന്‍ പാര്‍ക്കില്‍ ന്യൂസിലാണ്ടിന്റെ അടിയോടടി, കന്നി അര്‍ദ്ധ ശതകം വെടിക്കെട്ട് രീതിയില്‍ പൂര്‍ത്തിയാക്കി ഫിന്‍ അല്ലെന്‍

പത്തോവര്‍ ആയി ചുരുക്കിയ ഈഡന്‍ പാര്‍ക്കിലെ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ന്യൂസിലാണ്ട് ഓപ്പണര്‍മാര്‍. മാര്‍ട്ടിന്‍ ഗപ്ടിലും ഫിന്‍ അല്ലെനും ബംഗ്ലാദേശ് ബൗളര്‍മാരെ തച്ചുടച്ചപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 10 ഓവറില്‍ 141 റണ്‍സാണ് നേടിയത്.

Martinguptill

ഒന്നാം വിക്കറ്റില്‍ 5.4 ഓവറില്‍ 85 റണ്‍സാണ് ന്യൂസിലാണ്ട് ഓപ്പണര്‍മാര്‍ നേടിയത്. 19 പന്തില്‍ 44 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ വിക്കറ്റ് നേടി മഹേദി ഹസന്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. ഗപ്ടില്‍ പുറത്തായെങ്കിലും തന്റെ കന്നി അര്‍ദ്ധ ശതകം തികയ്ക്കുവാന്‍ ഫിന്‍ അല്ലെന് സാധിച്ചു. 18 പന്തില്‍ നിന്നാണ് താരം ഈ നേട്ടം നേടിയത്. ന്യൂസിലാണ്ടിനായി ടി20യില്‍ ഏറ്റവും വേഗത്തിലുള്ള രണ്ടാമത്തെ അര്‍ദ്ധ ശതകമാണ് ഇത്.

ഗ്ലെന്‍ ഫിലിപ്പ്സിന്റെ(14) വിക്കറ്റ് ഷൊറിഫുള്‍ ഇസ്ലാം നേടിയെങ്കിലും ഫിന്‍ അല്ലെന്‍ മറുവശത്ത് യഥേഷ്ടം സ്കോറിംഗ് തുടരുകയായിരുന്നു. 29 പന്തില്‍ 71 റണ്‍സ് നേടിയ ഫിന്‍ അല്ലെന്‍ ടാസ്കിന്‍ അഹമ്മദിന്റെ അവസാന ഓവറില്‍ രണ്ട് പന്ത് അവശേഷിക്കവെയാണ് പുറത്തായത്. 10 ഫോറും 3 സിക്സുമാണ് താരം നേടിയത്.

11 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ അവസാന പന്തില്‍ റണ്ണൗട്ടായപ്പോള്‍ ന്യൂസിലാണ്ട് 141/4 എന്ന സ്കോറിലെത്തി.

 

ടോപ് ഓര്‍ഡറില്‍ മിന്നും പ്രകടനവുമായി ഗപ്ടില്‍, പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്

ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യ രണ്ട് മത്സരങ്ങളും ന്യൂസിലാണ്ട് ജയിച്ചുവെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ ഒപ്പമെത്തി. എന്നാല്‍ അവസാന ടി20യില്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ ബാറ്റിംഗ് മികവില്‍ ന്യൂസിലാണ്ട് ഓസ്ട്രേലിയ നല്‍കിയ 143 റണ്‍സെന്ന വിജയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 15.3 ഓവറില്‍ മറികടക്കുകയായിരുന്നു.

ഗപ്ടില്‍ 46 പന്തില്‍ 71 റണ്‍സ് നേടുകയായിരുന്നു. 7 ഫോറും 4 സിക്സും അടങ്ങിയതായിരുന്നു ഇന്നിംഗ്സ്. ഡെവണ്‍ കോണ്‍വേ 36 റണ്‍സ് നേടിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്പ്സ് പുറത്താകാതെ 16 പന്തില്‍ നിന്ന് 34 റണ്‍സ് നേടി. ഓസ്ട്രേലിയയ്ക്ക് വേണ്ടി റൈലി മെറിഡിത്ത് രണ്ടും ജൈ റിച്ചാര്‍ഡ്സണ്‍ ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 8 വിക്കറ്റ് നഷ്ടത്തിലാണ് 142 റണ്‍സ് നേടിയത്. 29 പന്തില്‍ 44 റണ്‍സ് നേടിയ മാത്യു വെയിഡ് ടോപ് സ്കോറര്‍ ആയപ്പോള്‍ ആരോണ്‍ ഫിഞ്ച്(36), മാര്‍ക്കസ് സ്റ്റോയിനിസ്(26) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.

ന്യൂസിലാണ്ടിന് വേണ്ടി ഇഷ് സോധി മൂന്ന് വിക്കറ്റും ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.

അരങ്ങേറ്റത്തില്‍ മികച്ച ബൗളിംഗുമായി റൈലി മെറിഡിത്ത്, ആറ് വിക്കറ്റുമായി ആഷ്ടണ്‍ അഗര്‍, ഓസ്ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയന്‍

ന്യൂസിലാണ്ടിനെതിരെ 64 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായി ഓസ്ട്രേലിയ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 208/4 എന്ന സ്കോര്‍ നേടിയ ശേഷം ഓസ്ട്രേലിയ ന്യൂസിലാണ്ടിനെ 144 റണ്‍സിന് എറിഞ്ഞ് പിടിക്കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ റൈലി മെറിഡിത്തും ആഷ്ടണ്‍ അഗറുമാണ് ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

6 വിക്കറ്റ് ആണ് ആഷ്ടണ്‍ അഗര്‍ വീഴ്ത്തിയത്. 43 റണ്‍സുമായി മാര്‍ട്ടിന്‍ ഗപ്ടില്‍ ന്യൂസിലാണ്ട് നിരയില്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ ഡെവണ്‍ കോണ്‍വേ 38 റണ്‍സ് നേടി. മറ്റു താരങ്ങള്‍ക്കാര്‍ക്കും മികവ് പുലര്‍ത്താനായില്ല.

സ്റ്റോയിനിസ് – സാംസ് ഭീഷണി അതിജീവിച്ച് ന്യൂസിലാണ്ട്, രണ്ടാം ടി20യില്‍ നാല് റണ്‍സ് വിജയം

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യില്‍ ന്യൂസിലാണ്ടിന് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന കൂറ്റന്‍ സ്കോര്‍ ആണ് നേടിയത്. ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 215/8 എന്ന സ്കോറെ നേടാനായുള്ളു.

അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ഓസ്ട്രേലിയയ്ക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ ഡാനിയേല്‍ സാംസിനെ ജെയിംസ് നീഷം പുറത്താക്കിയെങ്കിലും തകര്‍പ്പന്‍ ഫോമിലുണ്ടായിരുന്ന സ്റ്റോയിനിസ് ക്രീസിലുണ്ടായിരുന്നത് ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷ നല്‍കി. 15 പന്തില്‍ 41 റണ്‍സായിരുന്നു ഡാനിയേല്‍ സാംസിന്റെ സ്കോര്‍.

അടുത്ത രണ്ട് പന്തുകളില്‍ റണ്‍സ് കണ്ടെത്താനാകാതെ പോയ സ്റ്റോയിനിസ് നാലാമത്തെ പന്തില്‍ സിക്സര്‍ നേടിയെങ്കിലും തൊട്ടടുത്ത പന്തില്‍ ഔട്ട് ആകുകയായിരുന്നു. 37 പന്തില്‍ നിന്ന് 78 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. 5 സിക്സും 7 ഫോറും അടക്കമായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.

അവസാന പന്തില്‍ 9 റണ്‍സ് ജയിക്കുവാന്‍ വേണ്ട സമയത്ത് ജൈ റിച്ചാര്‍ഡ്സണ്‍ ബൗണ്ടറി നേടി തോല്‍വി 4 റണ്‍സാക്കി കുറച്ചു. ജോഷ് ഫിലിപ്പ് ടോപ് ഓര്‍ഡറില്‍ 45 റണ്‍സ് നേടിയെങ്കിലും കൂറ്റന്‍ സ്കോര്‍ തേടിയിറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 113/6 എന്ന നിലയിലേക്ക് വീണിരുന്നു.

പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസ് – സാംസ് കൂട്ടുകെട്ട് ഓസ്ട്രേലിയയെ ശക്തമായി മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നതാണ് കണ്ടത്. 92 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് തുച്ഛമായ പന്തുകളില്‍ നേടിയത്. എന്നാല്‍ അവസാന ഓവറില്‍ ഇരുവര്‍ക്കും കാലിടറുകയായിരുന്നു. ന്യസിലാണ്ടിന് വേണ്ടി മിച്ചല്‍ സാന്റനര്‍ നാലും അവസാന ഓവറില്‍ മാത്രം ബൗളിംഗ് ദൗത്യം ലഭിച്ച ജെയിംസ് നീഷം രണ്ട് വിക്കറ്റും നേടി.

നേരത്തെ മാര്‍ട്ടിന്‍ ഗപ്ടില്‍(50 പന്തില്‍ 97 റണ്‍സ്), കെയിന്‍ വില്യംസണ്‍(35 പന്തില്‍ 53 റണ്‍സ്),ജെയിംസ് നീഷം (പുറത്താകാതെ 16 പന്തില്‍ 45 റണ്‍സ്) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ന്യൂസിലാണ്ട് 219/7 എന്ന സ്കോര്‍ നേടിയത്.

സ്റ്റോയിനിസ്സിനും ബ്രാത്‍വൈറ്റിനും ആവശ്യക്കാരില്ല, എവിന്‍ ലൂയിസിനും ഗപ്ടിലിനും ഇന്‍ഗ്രാമിനും നിരാശ

ഐപിഎല്‍ 2020ലേക്കുള്ള ലേലത്തില്‍ പല വിദേശ താരങ്ങള്‍ക്കും ആദ്യ റൗണ്ട് ലേലം കഴിയുമ്പോള്‍ നിരാശ. ഓള്‍റൗണ്ടര്‍മാരായ കാര്‍ലോസ് ബ്രാത്‍വൈറ്റിനും മാര്‍ക്കസ് സ്റ്റോയിനിസിനും ആവശ്യക്കാരില്ലാതെ വന്നപ്പോള്‍ ബാറ്റ്സ്മാന്മാരായ എവിന്‍ ലൂയിസ്, മാര്‍ട്ടിന്‍ ഗപ്ടില്‍, കോളിന്‍ ഇന്‍ഗ്രാം എന്നിവര്‍ക്കും ആവശ്യക്കാരില്ലാതെ പോയി.

പഞ്ചാബില്‍ നിന്ന് ബാംഗ്ലൂര്‍ നിരയിലേക്ക് എത്തിയെങ്കിലും കഴിഞ്ഞ സീസണില്‍ കാര്യമായ പ്രകടനം സ്റ്റോയിനിസിന് പുറത്തെടുക്കുവാനായിരുന്നില്ല. തുടര്‍ന്ന് താരത്തെ ടീം റീലീസ് ചെയ്തു. സണ്‍റൈസേഴ്സ് നിരയില്‍ വേണ്ടത്ര അവസരം ലഭിക്കാതിരുന്ന താരമാണ് ബ്രാത്വൈറ്റ്.

ഇന്‍ഗ്രാം ഡല്‍ഹിയില്‍ വേണ്ടത്ര അവസരം ലഭിച്ചുവെങ്കിലും വലിയ പ്രകടനം താരത്തിന് നേടാനായിരുന്നില്ല. മുന്‍ പഞ്ചാബ് താരം മാര്‍ട്ടിന്‍ ഗപ്ടിലിനും ആവശ്യക്കാരില്ലാതെ പോകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സണ്‍റൈസേഴ്സ് സ്വന്തമാക്കിയ താരത്തിന് ഡേവിഡ് വാര്‍ണറും ജോണി ബൈര്‍സ്റ്റോയും മികച്ച ഫോമില്‍ കളിച്ചതോടെ അവസരം നഷ്ടപ്പെടുകയായിരുന്നു.

പരമ്പര വിജയിച്ചുവെങ്കിലും പരിക്കിന്റെ പിടിയില്‍ ന്യൂസിലാണ്ട്

ആവേശകരമായ രണ്ട് മത്സരങ്ങളിലും വിജയം ഒപ്പം നിര്‍ത്തുവാന്‍ സാധിച്ചുവെങ്കിലും പരിക്ക് അലട്ടുകയാണ് ന്യൂസിലാണ്ടിനെ. രണ്ടാം മത്സരത്തില്‍ ബാറ്റ് ചെയ്യുവാനിറങ്ങാത്ത മാര്‍ട്ടിന്‍ ഗപ്ടില്‍ മൂന്നാം മത്സരത്തില്‍ ഉണ്ടാകില്ലെന്നാണ് ലഭിയ്ക്കുന്ന ഏറ്റവും പുതിയ വിവരം. താരത്തിന്റെ വലത് വയറിന്റെ ഭാഗത്തുള്ള സ്ട്രെയിന്‍ ആണ് താരത്തിനെ പുറത്തിരുത്തുവാന്‍ ഇടയായിരിക്കുന്നത്. അതേ സമയം രണ്ടാം മത്സരത്തില്‍ ഇടത് അരയ്ക്ക് പരിക്കേറ്റ റോസ് ടെയിലര്‍ അടുത്ത മത്സരത്തില്‍ കളിക്കുവാന്‍ ഫിറ്റാണെന്നത് ടീമിന് ആശ്വാസം നല്‍കുന്നു. ആദ്യ മത്സരത്തില്‍ ടീമിനായി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത താരമാണ് റോസ് ടെയിലര്‍.

അതേ സമയം കഴിഞ്ഞ മത്സരത്തില്‍ കോളിന്‍ ഡി ഗ്രാന്‍ഡോമിനൊപ്പം മികവ് പുലര്‍ത്തിയ ടോം ബ്രൂസ് പരിക്കേറ്റതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലാണ്. ഇന്നിംഗ്സിന്റെ സുപ്രധാന ഘട്ടത്തില്‍ കാഫ് മസില്‍ വലിഞ്ഞതിനെ തുടര്‍ന്ന് സ്ട്രാപ്പ ചെയ്ത് താരം ബാറ്റിംഗ് തുടര്‍ന്നുവെങ്കിലും പിന്നീട് റണ്ണൗട്ടാവുകയായിരുന്നു. മത്സരം ന്യൂസിലാണ്ട് കൈവിടുമെന്ന തോന്നിപ്പിച്ച നിമിഷമായിരുന്നു ഇതെങ്കിലും ഭാഗ്യവും മിച്ചല്‍ സാന്റനറും ടീമിനെ പരമ്പര വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ടോം ബ്രൂസ് പരിക്ക് മാറി മത്സരത്തിനെത്തുമെന്നാണ് ന്യൂസിലാണ്ട് ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്.

താന്‍ പരിഭ്രാന്തനായിരുന്നു, കളി മാറ്റിയത് ഫീല്‍ഡര്‍മാര്‍

ധോണിയും രവീന്ദ്ര ജഡേജയും ക്രീസില്‍ നിന്നപ്പോള്‍ കളി കൈവിടുകയാണോന്ന് താന്‍ ഭയപ്പെട്ടിരുന്നുവെന്ന് പറഞ്ഞ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. ധോണിയെ പുറത്താക്കിയതുള്‍പ്പെടെ ഫീല്‍ഡിംഗിലെ മികവാണ് ഇരു ടീമുകളെയും വേര്‍തിരിച്ചതെന്നും വില്യംസണ്‍ പറഞ്ഞു. ത്രില്ലര്‍ സെമി ഫൈനലില്‍ കടമ്പ കടക്കുവാന്‍ ടീമിനെ സഹായിച്ചത് ഫീല്‍ഡിംഗാണ്. 17.2 ഓവറില്‍ 116 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ രവീന്ദ്ര ജഡേജയെ പുറത്താക്കി ന്യൂസിലാണ്ട് ബ്രേക്ക് ത്രൂ നേടുമ്പോള്‍ കെയിന്‍ വില്യംസണ്‍ മികച്ചൊരു ക്യാച്ച് നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. അടുത്ത ഓവറില്‍ ധോണിയെ മാര്‍ട്ടിന്‍ ഗുപ്ടില്‍ ഡയറക്ട് ഹിറ്റിലൂടെ പുറത്താക്കിയതോടെ കാര്യങ്ങള്‍ ന്യൂസിലാണ്ടിന് അനുകൂലമായി.

മികച്ച തുടക്കം സ്വന്തമാക്കിയ ശേഷം ഇന്ത്യ അവസാന ഓവര്‍ വരെ മത്സരം നീട്ടിയത് അഭിനന്ദാര്‍ഹമാണെന്ന് വില്യംസണ്‍ പറഞ്ഞു. ജഡേജയും ധോണിയും ക്രീസില്‍ നിന്ന് സമയത്ത് താന്‍ യഥാര്‍ത്ഥത്തില്‍ പരിഭ്രാന്തനായിരുന്നു. എന്നാല്‍ ഫീല്‍ഡിംഗ് ടീമിനെ തുണച്ചുവെന്ന് വില്യംസണ്‍ പറഞ്ഞു.

നേരത്തെ മത്സരത്തിന്റെ തുടക്കത്തില്‍ ജെയിംസ് നീഷം മികച്ചൊരു ക്യാച്ചിലൂടെ ദിനേശ് കാര്‍ത്തിക്കിനെ പുറത്താക്കിയിരുന്നു. സമ്മര്‍ദ്ദ ഘട്ടത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മികച്ച ക്യാച്ച് പൂര്‍ത്തിയാക്കിയത് നായകന്‍ കെയിന്‍ വില്യംസണ്‍ തന്നെയായിരുന്നു.

ന്യൂസിലാണ്ട് ഓപ്പണര്‍മാര്‍ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്

ഏകദിന ചരിത്രത്തില്‍ ഇതിന് മുമ്പ് രണ്ട് തവണ മാത്രം സംഭവിച്ചിട്ടുള്ള നാണംകെട്ട റെക്കോര്‍ഡിന് അര്‍ഹരായി ന്യൂസിലാണ്ട് ഓപ്പണര്‍മാര്‍. ഇന്ന് ടോസ് നഷ്ടമായി ബാറ്റ് ചെയ്യാനെത്തിയ ന്യൂസിലാണ്ടിന് രണ്ട് ഓപ്പണര്‍മാരെയും അവര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താകുകയായിരുന്നു. ഷെല്‍ഡണ്‍ കോട്രെല്‍ എറിഞ്ഞ ആദ്യ പന്തില്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ മടങ്ങിയപ്പോള്‍ ഓവറിലെ അഞ്ചാം പന്തില്‍ രണ്ടാമത്തെ ഓപ്പണര്‍ കോളിന്‍ മണ്‍റോയും മടങ്ങി.

ഇതിന് മുമ്പ് 2006ല്‍ വിന്‍ഡീസിനെതിരെ സിംബാബ്‍വേയുടെ ഓപ്പണര്‍മാരും 2015ല്‍ ശ്രീലങ്കയുടെ ഓപ്പണര്‍മാര്‍ അഫ്ഗാനിസ്ഥാനെതിരെയുമാണ് ഈ നാണംകെട്ട റെക്കോര്‍ഡിനു ഉടമയായത്.

ടോസ് നിര്‍ണ്ണായകം, ഇത്തരം പിച്ചുകളില്‍ പ്രശ്നമില്ലെന്ന് തന്റെ അഭിപ്രായം

ഇത്തരം പിച്ചുകള്‍ പ്രശ്നമുള്ളതാണെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് പറഞ്ഞ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. ലോകകപ്പില്‍ ഇതിലും ഭേദപ്പെട്ട പിച്ച് ആണ് ആവശ്യമെന്ന് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ അഭിപ്രായപ്പെട്ടപ്പോള്‍ നേരെ വിപരീതമായാണ് കെയിന്‍ വില്യംസണ്‍ പറയുന്നത്. ടോസ് വളരെ നിര്‍ണ്ണായകമാണെന്നും. ഇരു ഇന്നിംഗ്സുകളിലും ഇത്തരം പിച്ചില്‍ ന്യൂബോളില്‍ മൂവ്മെന്റ് പ്രതീക്ഷിക്കുന്നതാണ്.

വളരെ ചുരുങ്ങിയ ടോട്ടലില്‍ ഒരു ടീം പുറത്തായാല്‍ ഏത് നല്ല പിച്ചിലാണെങ്കില്‍ ആ സ്കോര്‍ സംരക്ഷിക്കുക പ്രയാസകരമാണ്. ആദ്യ ഓവറുകളിലെ മൂവ്മെന്റിനെ മറികടന്നാല്‍ പിന്നീട് ബാറ്റിംഗ് വളരെ എളുപ്പമാണ്, അതാണ് ന്യൂസിലാണ്ട് ബാറ്റ്സ്മാന്മാര്‍ നടപ്പിലാക്കിയതും പത്ത് വിക്കറ്റ് വിജയം കരസ്ഥമാക്കിയതെന്നും വില്യംസണ്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ വൈവിധ്യമാര്‍ന്ന വിക്കറ്റുകളാണ് ലഭിയ്ക്കുക. ബൗളര്‍മാരുമായി കൂടുതലൊന്നും കൂടിയാലോചിച്ചില്ല, പിച്ച് കണ്ടപ്പോള്‍ തന്നെ ആക്രമണ ബൗളിംഗാണ് തങ്ങള്‍ ചെയ്യേണ്ടതെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നുവെന്നും കെയിന്‍ വില്യംസണ്‍ അഭിപ്രായപ്പെട്ടു. മത്സരത്തില്‍ ഗപ്ടില്‍ 51 പന്തില്‍ 73 റണ്‍സും കോളിന്‍ മണ്‍റോ 46 പന്തില്‍ നിന്ന് 57 റണ്‍സും നേടിയാണ് ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.

ഗപ്ടില്‍ വെടിക്കെട്ടിനു ശേഷം ഇഴഞ്ഞ് നീങ്ങി സണ്‍റൈസേഴ്സ് ഇന്നിംഗ്സ്, അവസാന ഓവറുകളില്‍ റണ്ണടിച്ച് കൂട്ടി വിജയ് ശങ്കറും മുഹമ്മദ് നബിയും

വിശാഖപട്ടണത്തെ ആദ്യ എലിമിനേറ്ററില്‍ ആദ്യം ബാറ്റ് ചെയ്ത് 162 റണ്‍സ് നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. മാര്‍ട്ടിന്‍ ഗപ്ടിലിന്റെ വെടിക്കെട്ട് പ്രകടനത്തിനു ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ റണ്‍സ് കണ്ടെത്തുവാന്‍ സണ്‍റൈസേഴ്സ് ബാറ്റ്സ്മാന്മാര്‍ ബുദ്ധിമുട്ടുകയായിരുന്നു. മനീഷ് പാണ്ടേയും കെയിന്‍ വില്യംസണും പൊരുതി നോക്കിയെങ്കിലും വേണ്ടത്ര വേഗത ഇന്നിംഗ്സില്‍ കൊണ്ടുവരുവാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. അവസാന ഓവറുകളില്‍ സണ്‍റൈസേഴ്സിനു വേണ്ടി തകര്‍ത്തടിച്ച് വിജയ് ശങ്കറും മുഹമ്മദ് നബിയുമാണ് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്.

ഒന്നാം വിക്കറ്റില്‍ 31 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്. മികച്ച തുടക്കമാണ് മാര്‍ട്ടിന്‍ ഗപ്ടില്‍ ടീമിനു നല്‍കിയതെങ്കിലും മറുവശത്ത് വൃദ്ധിമന്‍ സാഹ തന്റെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. 8 റണ്‍സ് നേടിയ താരത്തിന്റെ വിക്കറ്റ് ഇഷാന്ത് ശര്‍മ്മയാണ് നേടിയത്. 19 പന്തില്‍ നിന്ന് 4 സിക്സും 1 ഫോറും സഹിതം 36 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗപ്ടിലിനെ പുറത്താക്കി അമിത് മിശ്രയാണ് ഡല്‍ഹിയുടെ ഏറ്റവും വലിയ നേട്ടത്തിനു ഉടമ.

ഗപ്ടില്‍ പുറത്തായ ശേഷം സണ്‍റൈസേഴ്സ് ഇന്നിംഗ്സിന്റെ ഗതി തന്നെ നഷ്ടപ്പെടുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 34 റണ്‍സ് നേടിയെങ്കിലും 30 റണ്‍സ് നേടിയ മനീഷ് പാണ്ടേയെ കീമോ പോള്‍ പുറത്താക്കിയതോടെ 13.3 ഓവറില്‍ 90/3 എന്ന നിലയിലേക്ക് സണ്‍റൈസേഴ്സ് പ്രതിരോധത്തിലായി.

സ്കോറിംഗ് അതിവേഗത്തിലാക്കുവാനുള്ള ശ്രമത്തിനിടെ കെയിന്‍ വില്യംസണും പുറത്തായതോടെ സണ്‍റൈസേഴ്സ് കാര്യങ്ങള്‍ കൂടുതല്‍ പരുങ്ങലിലായി. 27 പന്തില്‍ നിന്ന് 28 റണ്‍സാണ് കെയിന്‍ വില്യംസണ്‍ നേടിയത്. 16 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 115/4 എന്ന നിലയിലായിരുന്നു സണ്‍റൈസേഴ്സ്. അവസാന നാലോവറില്‍ നിന്ന് 47 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്. മുഹമ്മദ് നബിയും വിജയ് ശങ്കറും കൂടിയാണ് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചത്.

ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ 19ാം ഓവറില്‍ രണ്ട് സിക്സ് നേടി വിജയ് ശങ്കര്‍ മൂന്നാമതൊരു സിക്സ് കൂടി നേടുവാന്‍ നോക്കിയെങ്കിലും ബൗണ്ടറി ലൈനില്‍ അക്സര്‍ പട്ടേല്‍ പിടിച്ച് പുറത്താകുകയായിരുന്നു. 11 പന്തില്‍ രണ്ട് വീതം ബൗണ്ടറിയും സിക്സും നേടിയാണ് വിജയ് ശങ്കര്‍ തന്റെ 25 റണ്‍സ് നേടിയത്. നബി 13 പന്തില്‍ നിന്ന് 20 റണ്‍സ് നേടി പുറത്തായി.

അവസാന ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് വീണത്, കീമോ പോള്‍ ആ ഓവറില്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ദീപക് ഹൂഡ റണ്ണൗട്ടായി പുറത്തായി. 8 വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്സ് ഈ സ്കോറിലേക്ക് നീങ്ങിയത്.

ഗുപ്ടിലും വില്യംസണും സണ്‍റൈസേഴ്സില്‍ മാര്‍ച്ച് 22നു എത്തും

ഐപിഎല്‍ 2019 ആരംഭിക്കുന്നതിനു ഒരു ദിവസം മുമ്പ് സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ നായകന്‍ കെയിന്‍ വില്യംസണ്‍ ടീമിനൊപ്പം ചേരുമെന്ന് വ്യക്തമാക്കി ടീം ഫ്രാഞ്ചൈസി. സ്വന്തം നാട്ടുകാരനായ മാര്‍ട്ടിന്‍ ഗുപ്ടിലിനൊപ്പം കെയിന്‍ വില്യംസണ്‍ ടീമിനൊപ്പം മാര്‍ച്ച് 22നു ചേരുമെന്നാണ് ലഭിയ്ക്കുന്ന വിവരം. പരിക്ക് മൂലം കരുതലെന്ന് നിലയില്‍ താരത്തെ ബംഗ്ലാദേശിനെതിരെ മൂന്നാം ടെസ്റ്റില്‍ പങ്കെടുപ്പിക്കേണ്ട എന്നായിരുന്നു ന്യൂസിലാണ്ടിന്റെ തീരുമാനം. പിന്നീട് ക്രൈസ്റ്റ്ചര്‍ച്ചിലെ ആക്രമണത്തെത്തുടര്‍ന്ന് മത്സരം തന്നെ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ലോകകപ്പ് വരുന്നതിനാല്‍ താരം ഐപിഎല്‍ കളിച്ചേക്കില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇപ്പോള്‍ സണ്‍റൈസേഴ്സിനു ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് എത്തുന്നത്.

ന്യൂസിലാണ്ട് ക്രിക്കറ്റ് അവാര്‍ഡ് ചടങ്ങിനു ശേഷമാവും ഐപിഎലിലേക്ക് താരം എത്തുന്നത്. സണ്‍റൈസേഴ്സ് ആരാധകര്‍ക്കായി തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഫ്രാഞ്ചൈസി ഈ വാര്‍ത്ത നല്‍കിയത്. ഞായറാഴ്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ടീമിന്റെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരമാണ് കെയിന്‍ വില്യംസണ്‍.

എന്നാല്‍ ആദ്യ മത്സരത്തില്‍ താരം കളിക്കുമോ എന്നത് കാത്തിരുന്ന് മാത്രമേ അറിയുവാന്‍ സാധിക്കുള്ളു. നീണ്ട യാത്ര കഴിഞ്ഞെത്തുന്ന ഉടനെ വില്യംസണും ഗുപ്ടിലും കളിക്കാനെത്തുമോ എന്നാണ് സണ്‍റൈസേഴ്സ് ആരാധകരും ഉറ്റുനോക്കുന്നത്.

Exit mobile version