രണ്ടാം ഏകദിനത്തിലും ശതകവുമായി ഗുപ്ടില്‍, പരമ്പര ന്യൂസിലാണ്ടിനു

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിലും അനായാസ ജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ജയത്തോടെ പരമ്പര 2-0നു സ്വന്തമാക്കുവാന്‍ ടീമിനായി. ഇന്ന് നടന്ന രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 226 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ലക്ഷ്യം 36.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ മറികടന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ശതകം സ്വന്തമാക്കി ന്യൂസിലാണ്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

88 പന്തില്‍ നിന്ന് 118 റണ്‍സുമായി വെടിക്കെട്ട് പ്രകടനമാണ് ഗുപ്ടില്‍ നടത്തിയത്. 14 ബൗണ്ടറിയും 4 സിക്സും അടക്കമായിരുന്നു ഈ പ്രകടനം. കെയിന്‍ വില്യംസണ്‍ പുറത്താകാതെ 65 റണ്‍സ് നേടിയപ്പോള്‍ റോസ് ടെയിലര്‍ 21 റണ്‍സ് നേടി പുറത്താകാതെ ക്യാപ്റ്റനൊപ്പം നിലയുറപ്പിച്ചു. 14 റണ്‍സ് നേടിയ ഹെന്‍റി നിക്കോളസ് ആണ് പുറത്തായ മറ്റൊരു താരം. ബംഗ്ലാദേശിനായി 2 വിക്കറ്റും വീഴ്ത്തിയത് മുസ്തഫിസുര്‍ റഹ്മാന്‍ ആയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 49.4 ഓവറിലാണ് ന്യൂസിലാണ്ട് ഓള്‍ഔട്ട് ആക്കിയത്. മുഹമ്മദ് മിഥുന്‍ 57 റണ്‍സ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സബ്ബിര്‍ റഹ്മാന്‍ 43 റണ്‍സ് നേടി. വാലറ്റത്തില്‍ നിന്നുള്ള സഹായം കൂടി നേടിയാണ് ബംഗ്ലാദേശ് 200 കടന്നത്. ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണ്‍ മൂന്നും ടോഡ് ആസ്ട‍്‍ലേ, ജെയിംസ് നീഷം എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഗുപ്ടിലിനു ശതകം, നേപ്പിയറില്‍ വിജയത്തുടക്കവുമായി കിവീസ്

ബംഗ്ലാദേശിനെ 232 റണ്‍സില്‍ ഒതുക്കി ലക്ഷ്യം 44.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ന്യൂസിലാണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ ശതകമാണ് കിവീസിനു 8 വിക്കറ്റ് വിജയത്തിലേക്ക് നീങ്ങുവാന്‍ കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഗുപ്ടില്‍ 116 പന്തില്‍ നിന്ന് 117 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഒപ്പം 45 റണ്‍സ് നേടി റോസ് ടെയിലര്‍ വിജയ സമയത്ത് ക്രീസില്‍ നിലയുറപ്പിച്ചു.

ഓപ്പണര്‍ ഹെന്‍റി നിക്കോളസ് 53 റണ്‍സ് നേടി പുറത്തായി. ഒന്നാം വിക്കറ്റില്‍ ഗുപ്ടിലുമായി 103 റണ്‍സ് നേടിയ ശേഷമാണ് താരത്തിന്റെ മടക്കം. കെയിന്‍ വില്യംസണ്‍ വേഗത്തില്‍ പുറത്തായെങ്കിലും റോസ് ടെയിലറിനൊപ്പം കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ഗുപ്ടില്‍ ന്യൂസിലാണ്ടിന്റെ വിജയം ഉറപ്പാക്കി. മത്സരത്തില്‍ 8 ബൗണ്ടറിയും 4 സിക്സുകളുമാണ് ഗുപ്ടില്‍ നേടിയത്.

ടി20യില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന താരമായി രോഹിത് ശര്‍മ്മ

ന്യൂസിലാണ്ടിനെതിരെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത രോഹിത് ശര്‍മ്മ മാര്‍ട്ടിന്‍ ഗുപ്ടിലിനെ മറികടന്ന് ഈ ഫോര്‍മാറ്റില്‍ ഏറ്റവും അധികം അന്താരാഷ്ട്ര റണ്‍സ് നേടുന്ന താരം എന്ന ബഹുമതി സ്വന്തമാക്കി. ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിനിടെ 159 റണ്‍സ് വിജയ ലക്ഷ്യം തേടി ബാറ്റിംഗിനു ഇറങ്ങിയ രോഹിത് തന്റെ അര്‍ദ്ധ ശതകം തികയ്ക്കുന്നതിനിടെയാണ് ഈ നേട്ടം കുറിച്ചത്. 28 പന്തില്‍ നിന്നാണ് രോഹിത് തന്റെ അര്‍ദ്ധ ശതകം തികച്ചത്. താരം നേരിട്ട അടുത്ത പന്തില്‍ പുറത്തായപ്പോള്‍ 2288 റണ്‍സാണ് രോഹിതിന്റെ പേരിലുള്ള ടി20 റണ്‍സ്.

പരിക്കേറ്റ മാര്‍ട്ടിന്‍ ഗുപ്ടില്‍ ഇന്ത്യയ്ക്കെതിരെ കളിക്കുന്നില്ല എന്നതും രോഹിത്തിനു അനുകൂലമാക്കി മാറ്റിയിട്ടുണ്ട്. 2272 റണ്‍സാണ് മാര്‍ട്ടിന്‍ ഗുപ്ടില്‍ നേടിയിട്ടുള്ളത്. ഷൊയ്ബ് മാലിക് 2263 റണ്‍സുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ സ്ഥിരം നായകന്‍ വിരാട് കോഹ്‍ലിയാണ് 2167 റണ്‍സോടെ നാലാം സ്ഥാനത്ത്. വിരാടിനു ടി20 പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു. 2140 റണ്‍സ് നേടിയ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ബ്രണ്ടന്‍ മക്കല്ലമാണ് പട്ടികയിലെ അഞ്ചാമന്‍.

ടി20 പരമ്പരയിലും ഗുപ്ടിലില്ല, പകരം ജെയിംസ് നീഷം

ഇന്ത്യയ്ക്കെതിരെ ടി20 പരമ്പരയിലും മാര്‍ട്ടിന്‍ ഗുപ്ടില്‍ കളിയ്ക്കില്ല. പരിശീലനത്തിനിടെ പരിക്കേറ്റ താരത്തിനു അഞ്ചാം ഏകദിനം നഷ്ടമായിരുന്നു. അതിനു ശേഷം ഇപ്പോള്‍ ടി20 പരമ്പരയിലും താരം പങ്കെടുക്കില്ലെന്നാണ് ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. പകരം ജെയിംസ് നീഷത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയില്‍ ഗുപ്ടില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താരം വെല്ലിംഗ്ടണില്‍ ഫിറ്റ്നെസ് ടെസ്റ്റിനു വിധേയനായെങ്കിലും പുറം വേദന തുടരുന്നതിനാലാണ് ഈ തീരുമാനം. ന്യൂസിലാണ്ടിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ഗുപ്ടിലെങ്കിലും ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയില്‍ താരത്തിനു അധികം റണ്‍സ് കണ്ടെത്താനായിരുന്നില്ല.

പകരം എത്തുന്ന ജെയിംസ് നീഷം മികച്ച ഫോമിലാണെന്നത് ടീമിനു ഏറെ ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. അവസാന ഏകദിനത്തില്‍ നീഷം 32 പന്തില്‍ നിന്ന് 44 റണ്‍സ് നേടി ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്ന് തോന്നിപ്പിച്ചിരുന്നു.

ഗുപ്ടിലിനു അഞ്ചാം ഏകദിനം നഷ്ടം, പരിശീലനത്തിനിടെ പരിക്ക്

പരിശിലീനത്തിനിടെ പരിക്കേറ്റ് ന്യൂസിലാണ്ട് താരം മാര്‍ട്ടിന്‍ ഗുപ്ടില്‍ ഇന്ത്യയ്ക്കെതിരെ അഞ്ചാം ഏകദിനത്തില്‍ കളിക്കില്ല. പരിശീലനത്തിനിടെ പുറത്തിനേറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായത്. ഇതോടെ നാളെ നടക്കാനിരിക്കുന്ന അഞ്ചാം മത്സരത്തില്‍ കോളിന്‍ മണ്‍റോയെ ടീമിലേക്ക് തിരികെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ക്വാഡില്‍ നേരത്തെ അംഗമായിരുന്ന മണ്‍റോയെ സൂപ്പര്‍ സ്മാഷ് മത്സരത്തിനു വേണ്ടി ന്യൂസിലാണ്ട് റിലീസ് ചെയ്യുകയായിരുന്നു.

പരമ്പരയില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഗുപ്ടിലിന്റെ നഷ്ടം ന്യൂസിലാണ്ടിനെ അധികം ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 4 ഇന്നിംഗ്സുകളില്‍ നിന്ന് 47 റണ്‍സാണ് താരം നേടിയത്. പകരം എത്തുന്ന കോളിന്‍ മണ്‍റോയും അത്ര മികച്ച ഫോമിലല്ല എന്നതാണ് ന്യൂസിലാണ്ടിനു തിരിച്ചടിയാകുന്നത്. കഴിഞ് മത്സരത്തില്‍ ന്യൂസിലാണ്ട് ഹെന്‍റി നിക്കോളസിനെ ഓപ്പണിംഗ് സ്ഥാനത്ത് പരീക്ഷിച്ചിരുന്നു.

മക്കല്ലത്തെ പിന്തള്ളി, മാര്‍ട്ടിന്‍ ഗുപ്ടിലിനു നാലാം സ്ഥാനം

ന്യൂസിലാണ്ടിനായി ഏറ്റവും അധികം ഏകദിന റണ്‍സ് നേടുന്നവരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്ന് മാര്‍ട്ടിന്‍ ഗുപ്ടില്‍. ഇന്ന് ശ്രീലങ്കയ്ക്കെതിരെ 138 റണ്‍സ് നേടിയ ഗുപ്ടില്‍ തന്റെ പ്രകടനത്തിലൂടെ ന്യൂസിലാണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തെയാണ് മറികടന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സ്റ്റീഫന്‍ ഫ്ലെമിംഗും രണ്ടാം സ്ഥാനത്ത് റോസ് ടെയിലറുമാണ്.

മൂന്നാം സ്ഥാനത്ത് നഥാന്‍ ആസ്ട്‍ലേ നിലകൊള്ളുന്നു. 6083 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലത്തെയാണ് ഇന്ന് ഗുപ്ടില്‍ മറികടന്നത്. 6114 റണ്‍സാണ് ഗുപ്ടിലിന്റെ നിലവിലെ സ്കോര്‍.

അഫ്രീദിയെയും രോഹിത് ശര്‍മ്മയെയും മറികടന്ന് ഗുപ്ടില്‍

ഏകദിനത്തില്‍ ഏറ്റവും കുറവ് ഇന്നിംഗ്സില്‍ നിന്ന് 150 സിക്സുകള്‍ തികയ്ക്കുന്ന താരമായി മാര്‍ട്ടിന്‍ ഗുപ്ടില്‍. 150 സിക്സുകള്‍ തികയ്ക്കുന്ന ഏകദിനത്തിലെ 14ാമത്തെ താരവും ന്യൂസിലാണ്ടില്‍ നിന്നുള്ള മൂന്നാമത്തെ താരവുമാണ് ഗുപ്ടില്‍. ഇന്ന് 138 റണ്‍സ് നേടിയ താരം തന്റെ ഇന്നിംഗ്സില്‍ 5 സിക്സുകളാണ് നേടിയത്. 157 ഇന്നിംഗ്സുകളില്‍ നിന്നാണ് ഗുപ്ടിലിന്റെ 150 സിക്സുകള്‍.

അഫ്രീദി 160 ഇന്നിംഗ്സുകളില്‍ നിന്നാണ് 150 സിക്സുകള്‍ തികച്ചത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ രോഹിത് ശര്‍മ്മയായിരുന്നു. 165 ഇന്നിംഗ്സുകളില്‍ നിന്നാണ് രോഹിത്തിന്റെ ഈ നേട്ടം. ഇവരെ രണ്ട് പേരെയും പിന്നിലാക്കിയാണ് മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ ഈ നേട്ടം.

മടങ്ങി വരവില്‍ ശതകവുമായി ഗുപ്ടില്‍, ന്യൂസിലാണ്ടിനു പടുകൂറ്റന്‍ സ്കോര്‍

ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ 371 റണ്‍സ് നേടി ന്യൂസിലാണ്ട്. ഏഴ് വിക്കറ്റുകളാണ് ന്യൂസിലാണ്ടിനു നഷ്ടമായത്. മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ ശതകത്തിനൊപ്പം കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍ എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ കൂടിയായപ്പോള്‍ ശ്രീലങ്കന്‍ ബൗളര്‍മാരെ തച്ചുതകര്‍ത്ത് ന്യൂസിലാണ്ട് വലിയ സ്കോര്‍ നേടുകയായിരുന്നു. ആദ്യ ഓവറുകള്‍ക്കുള്ളില്‍ തന്നെ കോളിന്‍ മണ്‍റോയെ(13) ന്യൂസിലാണ്ടിനു നഷ്ടമായെങ്കിലും വില്യംസണും ഗുപ്ടിലും ചേര്‍ന്ന് 163 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടുകയായിരുന്നു. രണ്ടാം വിക്കറ്റായി പുറത്തായത് 76 റണ്‍സ് നേടിയ കെയിന്‍ വില്യംസണായിരുന്നു. ഗുപ്ടില്‍ മത്സരത്തില്‍ നേടിയത് തന്റെ 14ാം ഏകദിന ശതകമാണ്.

138 റണ്‍സ് നേടി പുറത്താകുന്നതിനു മുമ്പ് മാര്‍ട്ടിന്‍ ഗുപ്ടില്‍ റോസ് ടെയിലറുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 78 റണ്‍സ് നേടിയിരുന്നു. റോസ് ടെയിലര്‍ 54 റണ്‍സ് നേടി പുറത്തായി. 13 പന്തില്‍ 47 റണ്‍സ് നേടി ജെയിംസ് നീഷവും അവസാന ഓവറുകളില്‍ റണ്‍മല തീര്‍ക്കുവാന്‍ സഹായിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി ലസിത് മലിംഗയും തിസാര പെരേരയും നുവാന്‍ പ്രദീപും രണ്ട് വീതം വിക്കറ്റ് നേടി.

ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന ടീം പ്രഖ്യാപിച്ച് ന്യൂസിലാണ്ട്

ശ്രീലങ്കയെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നേരിടുവാനുള്ള ഏകദിന ടീം ന്യൂസിലാണ്ട് പ്രഖ്യാപിച്ചു. ജൂണ്‍ 2017ല്‍ അവസാനമായി ഏകദിനം കളിച്ച ജെയിംസ് നീഷം തിരികെ ടീമിലെത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മാര്‍ട്ടിന്‍ ഗുപ്ടില്‍, ഡഗ് ബ്രേസ്‍വെല്‍ എന്നിവരും ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ ടിം സീഫെര്‍ട്ട് ആദ്യമായി ഏകദിന ടീമില്‍ ഇടം പിടിയ്ക്കുന്നു. കോളിന്‍ ഡി ഗ്രാന്‍ഡോം, ടോം ലാഥം, ജോര്‍ജ്ജ് വര്‍ക്കര്‍, അജാസ് പട്ടേല്‍ എന്നിവരാണ് പുറത്ത് പോകുന്ന താരങ്ങള്‍.

ന്യൂസിലാണ്ട്: കെയിന്‍ വില്യംസണ്‍, മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ, റോസ് ടെയിലര്‍, ടിം സൗത്തി, ഇഷ് സോധി, ട്രെന്റ് ബോള്‍ട്ട്, ഡഗ് ബ്രേസ്‍വെല്‍, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്‍റി, ജെയിംസ് നീഷം, ഹെന്‍റി നിക്കോളസ്, ടിം സീഫെര്‍ട്ട്

ജനുവരി മൂന്നിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.

ആദ്യ റൗണ്ടില്‍ മക്കല്ലത്തിനെ ആര്‍ക്കും വേണ്ട, ഗുപ്ടിലിനും താല്പര്യക്കാരില്ല

ചെന്നൈയില്‍ നിന്ന് ബാംഗ്ലൂരിലെത്തിയെങ്കിലും അവിടെ കാര്യമായി ഒന്നും ചെയ്യാനാകാതെ റിലീസ് ചെയ്യപ്പെട്ട മുന്‍ ന്യൂസിലാണ്ട് വെടിക്കെട്ട് താരത്തിനെ വാങ്ങുവാന്‍ ലേലത്തില്‍ ആര്‍ക്കും താല്പര്യമില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ടി20 ലീഗില്‍ സജീവമായിരിക്കുന്ന മക്കല്ലത്തിനാണ് ഈ ദുര്‍ഗതി വന്ന് ഭവിച്ചിരിക്കുന്ന.

2 കോടി അടിസ്ഥാന വിലയുള്ള 9 താരങ്ങളില്‍ ഒരാളായിരുന്നു മക്കല്ലം. എന്നാല്‍ താരത്തിനെ ലേലത്തില്‍ സ്വന്തമാക്കുവാന്‍ ആരും താല്പര്യം കാണിച്ചില്ല. മറ്റൊരു ന്യൂസിലാണ്ട് താരം മാര്‍ട്ടിന്‍ ഗുപ്ടിലിനും ലേലത്തില്‍ ആവശ്യക്കാരുണ്ടായിരുന്നില്ല.

ചരിത്രം കുറിയ്ക്കുമോ രോഹിത് ശര്‍മ്മ?

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ ടി20 പരമ്പര ഇന്നാരംഭിക്കാനിരിക്കെ രോഹിത് ശര്‍മ്മ ഒരു ചരിത്ര നേട്ടത്തിനരികെയാണ്. ഗാബില്‍ മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ ടി20 റണ്ണിനെ മറികടക്കുവാന്‍ രോഹിത് ശര്‍മ്മയ്ക്ക് സാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 64 റണ്‍സ് വ്യത്യാസമാണ് ഗുപ്ടിലുമായി രോഹിത്തിനിപ്പോള്‍ ഉള്ളത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളതെന്നതിനാല്‍ മികച്ച ഫോമിലുള്ള രോഹിത്തിനു അത് അനായാസം മറികടക്കാനാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

2271 റണ്‍സുമായി ഗുപ്ടില്‍ നില്‍ക്കുമ്പോള്‍ 2207 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും അധികം ശതകങ്ങള്‍ എന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ്മയ്ക്കാണ് സ്വന്തം. നാല് സിക്സുകള്‍ കൂടി നേടിയാല്‍ ടി20യില്‍ രോഹിത് നൂറ് സിക്സുകളും തികയ്ക്കും.

യുഎഇയിലേക്ക് ഗുപ്ടില്‍ ഇല്ല

പരിക്ക് മൂലം ന്യൂസിലാണ്ട് ഓപ്പണിംഗ് താരം മാര്‍ട്ടിന്‍ ഗുപ്ടില്‍ വരാനിരിക്കുന്ന പാക്കിസ്ഥാന്‍ പര്യടനത്തില്‍ പങ്കെടുക്കുകയില്ലെന്ന് മുഖ്യ സെലക്ടര്‍ ഗവിന്‍ ലാര്‍സെന്‍ അറിയിച്ചു. ന്യൂസിലാണ്ടിന്റെ ടി20, ഏകദിന സ്ക്വാഡുകളില്‍ അംഗമായിരുന്ന ഗുപ്ടിലിനു പ്ലങ്കറ്റ് ഷീല്‍ഡ് മത്സരത്തിനിടെയാണ് പരിക്കേറ്റത്. മാര്‍ട്ടിന്‍ ഗുപ്ടിലിനു പകരക്കാരനെ കണ്ടെത്തേണ്ടതാണ് സെലക്ടര്‍ക്കും കോച്ചിനുമുള്ള അടുത്ത വലിയ ചുമതല.

ജനുവരിയില്‍ ആരംഭിക്കുന്ന ശ്രീലങ്കന്‍ പരമ്പര സമയത്ത് ഗുപ്ടിലിനു ടീമിലേക്ക് മടങ്ങിയെത്താനാകുമെന്ന പ്രതീക്ഷയാണ് താരം പുലര്‍ത്തുന്നത്. ഒക്ടോബര്‍ 31നാണ് ന്യൂസിലാണ്ടിന്റെ യുഎഇ പര്യടനം ആരംഭിക്കുന്നത്. പാക്കിസ്ഥാനെതിരെ മൂന്ന് ടി20കളിലും മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടെസ്റ്റിലും ന്യൂസിലാണ്ട് മത്സരിക്കും.

Exit mobile version