വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ ടൈം ചെയ്യൂ, റൺസ് വരും!!! വിജയ് ശങ്കറോട് താന്‍ പറ‍ഞ്ഞത് വെളിപ്പെടുത്തി ശുഭ്മന്‍ ഗിൽ

ഐപിഎലില്‍ ഇന്നലെ ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇല്ലാതാക്കിയപ്പോള്‍ അതിൽ ശുഭ്മന്‍ ഗിൽ – വിജയ് ശങ്കര്‍ കൂട്ടുകെട്ടിന്റെ റോള്‍ വളരെ വലുതായിരുന്നു. വൃദ്ധിമന്‍ സാഹയെ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റിൽ 123 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

ഗിൽ തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ വിജയ് ശങ്കര്‍ 53 റൺസ് നേടി പുറത്താകുകയായിരുന്നു. താരം ക്രീസിലെത്തിയപ്പോള്‍ വലിയ ഷോട്ടുകള്‍ക്കാണ് ശ്രമിച്ചതെന്നും താന്‍ അദ്ദേഹത്തോട് ടൈമിംഗിൽ ശ്രദ്ധിക്കുവാനാണ് പറഞ്ഞതെന്നും ശുഭ്മന്‍ ഗിൽ പറഞ്ഞു. മൊമ്മന്റം കിട്ടിക്കഴിഞ്ഞാൽ വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ സാധിക്കുന്ന താരമാണ് ശങ്കറെന്നും അത് തനിക്കറിയാമായിരുന്നുവെന്നും ഗിൽ കൂട്ടിചേര്‍ത്തു.

180 എല്ലാം നിസ്സാരം, 7 വിക്കറ്റ് വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 180 എന്ന വിജയ ലക്ഷ്യം അനായാസം മറികടന്ന് ഗുജറാത്ത് ടൈറ്റൻസ്‌. 2 ഓവർ ശേഷിക്കെ 7 വിക്കറ്റ് വിജയമാണ് ഗുജറാത്ത് ടൈറ്റൻസ് നേടിയത്. ഇന്ന് ചെയ്സ് ആരംഭിച്ച ഗുജറാത്തിന് തുടക്കത്തിൽ 10 റൺസിന് ഓപ്പണർ സാഹയെ നഷ്ടമായെങ്കിലും ബാക്കി എല്ലാവരും ബാറ്റു കൊണ്ട് തിളങ്ങി.

35 പന്തിൽ 49 റൺസെടുത്ത ഗില്ലും 26 റൺസ് എടുത്ത ഹാർദ്ദികും ചെയ്സിന് അടിത്തറ പാകി. പിറകെ വന്ന മില്ലറും ആഞ്ഞടിച്ചപ്പോൾ വിജയത്തിലേക്ക് ഒരു സമ്മർദ്ദവും ഇല്ലാതെ ഗുജറാത്ത് എത്തി. വിജയ് ശങ്കർ 24 പന്തിൽ 51 എടുത്തും, മില്ലർ 18 പന്തിൽ 32 റൺസും എടുത്തു അവരെ വിജയത്തിലേക്ക് നയിച്ചു.

ഇന്ന് ആദ്യം വാറ്റു ചെയ്ത കൊൽക്കത്ത 180 എന്ന വിജയ ലക്ഷ്യം ആയിരുന്നു ഉയർത്തിയത്. അഫ്ഗാനിസ്ഥാൻ താരം റഹ്മാനുള്ള ഗുർബാസിന്റെ 81 റൺസിന്റെ മികച്ച ഇന്നിംഗ്സിന്റെ ബലത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഈ സ്കോറിൽ എത്തിയത്. ഗുർബാസ് ഖാൻ 39 പന്തിൽ നിന്ന് 81 റൺസ് എടുത്തു. ഏഴ് സിക്സുകൾ അടങ്ങുന്നതായിരുന്നു ഗുർബാസിന്റെ ഇന്നിങ്സ്. തന്റെ സഹ ദേശീയ താരമായ റഷീദ് ഖാനെ ആണ് ഗുർബാസ് ഇന്ന് കൂടുതൽ അടിച്ചു തകർത്തത്‌. റഷീദ് ഖാൻ ഇന്ന് 4 ഓവറിൽ നിന്ന് 54 റൺസ് വഴങ്ങി.

കൊൽക്കത്ത നിരയിൽ റസൽ മാത്രമാണ് പിന്നെ ബാറ്റു കൊണ്ട് കാര്യമായി തിളങ്ങിയത്. റസൽ അവസാന ഓവറുകളിൽ വന്ന് 19 പന്തിൽ 34 റൺസ് എടുത്തു. ജഗദീഷൻ 19, ശർദ്ധുൽ താകൂർ 0, നിതീഷ് റാണ 4, വെങ്കിടേഷ് അയ്യർ 11, റിങ്കു സിംഗ് 19 എന്നിവർ നിരാശപ്പെടുത്തി. കൊൽക്കത്ത ഇന്നിംഗ്സ് 179/6 എന്ന നിലയിലാണ് അവസാനിച്ചത്.

ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി മൊഹമ്മദ് ഷമി മൂന്ന് വിക്കറ്റും ജോഷുവ ലിറ്റിൽ, നൂർ അഹമ്മദ് എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി. നൂർ 4 ഓവറിൽ 21 റൺസ് മാത്രമെ വഴങ്ങിയുള്ളൂ.

വിജയ് ശങ്കറിന്റെ ലേലത്തിൽ ഗുജറാത്തിന് വിജയം

ഇന്ത്യൻ ആൾ റൗണ്ടർ വിജയ് ശങ്കറിനെ 1.40 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. 31കാരനായ തമിഴ്‌നാട് സ്വദേശിക്കായി ചെന്നൈ സൂപ്പർ കിങ്സും ശ്രമിച്ചു എങ്കിലും വില കൂടിയതോടെ ചെന്നൈ പിന്മാറി. അവസാന രണ്ടു സീസണിൽ വിജയ് ശങ്കർ സൺ റൈസേഴ്സ് ഹൈദരബാദിനായായിരുന്നു കളിച്ചിരുന്നത്. മുമ്പ് സി എസ് കെയ്ക്ക് ആയും ഡെൽഹിക്ക് ആയും താരം കളിച്ചിട്ടുണ്ട്. ഇതുവരെ കരിയറിൽ 111 ടി20 മത്സരങ്ങൾ കളിച്ച താരം ബാറ്റു കൊണ്ടു ബൗൾ കൊണ്ടും മികവ് കാണിച്ചിട്ടുണ്ട്.

അഞ്ച് വിക്കറ്റുമായി ശരവണകുമാര്‍, തമിഴ്നാട് ഫൈനലില്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലില്‍ കടന്ന് തമിഴ്നാട്. കേരളത്തിനെ പരാജയപ്പെടുത്തി സെമിയിലെത്തിയ തമിഴ്നാട് ഇന്ന് ഹൈദ്രാബാദിനെതിരെ ശരവണകുമാറിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തിൽ എതിരാളികളെ 18.3 ഓവറിൽ 90 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം 14.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കുകയായിരുന്നു.

ശരവണകുമാര്‍ 5 വിക്കറ്റ് നേടിയപ്പോള്‍ 25 റൺസ് നേടിയ തനയ് ത്യാഗരാജന്‍ ആണ് ഹൈദ്രാബാദിന്റെ ടോപ് സ്കോറര്‍. എം അശ്വിന്‍, എം മുഹമ്മദ് എന്നിവര്‍ തമിഴ്നാടിനായി 2 വീതം വിക്കറ്റ് നേടി. വിജയ് ശങ്കര്‍ 43 റൺസും സായി സുദര്‍ശന്‍ 34 റൺസ് നേടിയും ആണ് തമിഴ്നാട് വിജയത്തിന്റെ ചുക്കാന്‍ പിടിച്ചത്.

 

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ വാഷിംഗ്ടൺ സുന്ദറും ദിനേശ് കാര്‍ത്തിക്കുമില്ല, വിജയ് ശങ്കര്‍ തമിഴ്നാടിനെ നയിക്കും

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ വാഷിംഗ്ടൺ സുന്ദര്‍ കളിക്കില്ല. താരത്തിന് നാലാഴ്ച കൂടി വിശ്രമം ആവശ്യമായി വരുമെന്നാണ് നാഷണൽ ക്രിക്കറ്റ് അക്കാഡമി തലവന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയത്.

ദിനേശ് കാര്‍ത്തിക്കിന്റെ അഭാവത്തിൽ തമിഴ്നാടിനെ വിജയ് ശങ്കര്‍ നയിക്കും. ക്യാപ്റ്റനായി കാര്‍ത്തിക്കിനെയാണ് നിശ്ചയിച്ചതെങ്കിലും താരത്തിന്റെ കാല്‍മുട്ടിനേറ്റ പരിക്ക് കാരണം ആറാഴ്ച വിശ്രമം ആവശ്യമായി വരുമെന്നാണ് അറിയുന്നത്.

ഇന്ത്യയ്ക്ക് വേണ്ടി ലഭിച്ച അവസരങ്ങളില്‍ താന്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട് – വിജയ് ശങ്കര്‍

ഇന്ത്യയ്ക്ക് വേണ്ടി തനിക്ക് ലഭിച്ച അവസരങ്ങളില്‍ താന്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. ന്യൂസിലാണ്ടിനെതിരെ അവസാന ടി20 പരമ്പരയിലും താന്‍ മൂന്നാം നമ്പറിലും നാലാം നമ്പറിലും മികച്ച സ്കോറുകളാണ് നേടിയതെന്ന് താരം പറഞ്ഞു. എന്നാല്‍ ന്യൂസിലാണ്ട് ടൂറിലുള്ള ഇന്ത്യയുടെ എ ടീമില്‍ തന്നെ തിരഞ്ഞെടുക്കാത്തത് വിഷമമുണ്ടാക്കിയെന്നും റീപ്ലേസ്മെന്റ് താരമായി തിരഞ്ഞെടുത്തത് സങ്കടകരമാണെന്നും താരം വെളിപ്പെടുത്തി.

തനിക്ക് അവസരം ലഭിയ്ക്കാത്തത് തന്റെ കൈയ്യിലുള്ള കാര്യമല്ലെന്നും താരം സൂചിപ്പിച്ചു. 2019 ഏകദിന ലോകകപ്പിലാണ് വിജയ് ശങ്കര്‍ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. പരിക്ക് തന്നെ പലപ്പോഴും അലട്ടിയിട്ടുണ്ടെങ്കിലും തന്റെ പ്രകടനങ്ങളോട് നീതി പുലര്‍ത്തുന്ന തരത്തില്‍ തനിക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.

പതിവ് ആവര്‍ത്തിച്ച് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്, വീണ്ടും ജയം കൈവിട്ടു

ജോണി ബൈര്‍സ്റ്റോയുടെ വെടിക്കെട്ട് ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ സണ്‍റൈസേഴ്സ് മുംബൈയ്ക്കെതിരെ വിജയം നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാനത്തോടടുത്ത് വീണ്ടും കാലിടറി ടീം. 19.4 ഓവറില്‍ സണ്‍റൈസേഴ്സിനെ 137 റണ്‍സിന് പുറത്താക്കിയാണ് മുംബൈ 13 റണ്‍സിന്റെ വിജയം സ്വന്തമാക്കിയത്. 90/2 എന്ന നിലയില്‍ വിജയം ഇത്തവണ സ്വന്തമാക്കുവാനാകുമെന്ന സ്ഥിതിയില്‍ നിന്നാണ് സണ്‍റൈസേഴ്സിന്റെ തകര്‍ച്ച

ജോണി ബൈര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 7.2 ഓവറില്‍ 67 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. 22 പന്തില്‍ 43 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോ നിര്‍ഭാഗ്യകരമായ രീതിയില്‍ ഹിറ്റ് വിക്കറ്റായി പുറത്തായതോടെ വീണ്ടും സണ്‍റൈസേഴ്സ് തകരുന്ന കാഴ്ചയാണ് കണ്ടത്. 67/0 എന്ന നിലയില്‍ നിന്ന് 104/5 എന്ന നിലയിലേക്ക് സണ്‍റൈസേഴ്സ് വീണപ്പോള്‍ മത്സരത്തില്‍ മുംബൈ പിടിമുറുക്കുന്ന കാഴ്ചയാണ് കണ്ടത്.

ഡേവിഡ് വാര്‍ണര്‍ 36 റണ്‍സ് നേടിയെങ്കിലും റണ്ണൗട്ട് ആയി പുറത്തായതും സണ്‍റൈസേഴ്സിന് തിരിച്ചടിയായി. മനീഷ് പാണ്ടേ, വിരാട് സിംഗ്, അഭിഷേക് ശര്‍മ്മ എന്നിവരുടെ വിക്കറ്റുകളാണ് രാഹുല്‍ ചഹാര്‍ നേടിയത്.

മൂന്ന് വിക്കറ്റുകളാണ് 19 റണ്‍സ് വിട്ട് നല്‍കി മുംബൈയ്ക്ക് വേണ്ടി രാഹുല്‍ ചഹാര്‍ നേടിയത്. ഈ സ്പെല്ലാണ് സണ്‍റൈസേഴ്സിന്റെ കാര്യം കുഴപ്പത്തിലാക്കിയത്. 15 ഓവര്‍ അവസാനിക്കുമ്പോള്‍ 104 റണ്‍സാണ് ഹൈദ്രാബാദ് നേടിയത്.

അവസാന അഞ്ചോവറില്‍ 47 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ വിജയ് ശങ്കറും അബ്ദുള്‍ സമദും ക്രുണാല്‍ പാണ്ഡ്യ എറിഞ്ഞ 16ാം ഓവറില്‍ 16 റണ്‍സ് നേടുകയായിരുന്നു. ഇതില്‍ രണ്ട് സിക്സ് ഉള്‍പ്പെടെ 15 റണ്‍സാണ് വിജയ് ശങ്കര്‍ നേടിയത്.

ക്രുണാലിന്റെ ഓവര്‍ കവിഞ്ഞപ്പോള്‍ 24 പന്തില്‍ 31 ആയി ലക്ഷ്യം കുറഞ്ഞു. തന്റെ തുറുപ്പ് ചീട്ട് ജസ്പ്രീത് ബുംറയെ കളത്തിലിറക്കിയ രോഹിത് മത്സരം വിട്ട് കൊടുക്കുവാന്‍ തയ്യാറല്ലെന്ന് കാണിക്കുകയായിരുന്നു. ഓവറില്‍ നിന്ന് വെറും 4 റണ്‍സ് മാത്രമാണ് ബുംറ വിട്ട് നല്‍കിയത്.

ഡേവിഡ് വാര്‍ണറെ പുറത്താക്കിയത് പോലെ 18ാം ഓവറില്‍ അബ്ദുള്‍ സമദിനെയും റണ്ണൗട്ടാക്കി ഹാര്‍ദ്ദിക് പാണ്ഡ്യ സണ്‍റൈസേഴ്സിന്റെ ആറാം വിക്കറ്റ് വീഴ്ത്തുകയായിരുന്നു. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ഓവറില്‍ നിന്ന് ആറ് റണ്‍സാണ് പിറന്നത്. ഓവറിലെ അവസാന പന്തില്‍ റഷീദ് ഖാനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബോള്‍ട്ട് മത്സരത്തില്‍ മുംബൈയ്ക്ക് മേല്‍ക്കൈ നേടിക്കൊടുത്തു.

25 പന്തില്‍ 28 റണ്‍സ് നേടിയ വിജയ് ശങ്കറിനെ 19ാം ഓവറില്‍ ജസ്പ്രീത് ബുംറ പുറത്താക്കിയപ്പോള്‍ മത്സരം മുംബൈ കൈപ്പിടിയിലാക്കുകയായിരുന്നു. 5 റണ്‍സ് മാത്രമാണ് ഓവറില്‍ നിന്ന് ബുംറ വിട്ട് കൊടുത്തത്. തന്റെ 4 ഓവറില്‍ 14 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ബുംറയുടെ ഈ തകര്‍പ്പന്‍ സ്പെല്‍.

ട്രെന്റ് ബോള്‍ട്ട് 3.4 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.

രോഹിത്തിന്റെ തകര്‍പ്പന്‍ തുടക്കത്തിന് ശേഷം ഇഴഞ്ഞ് നീങ്ങിയ മുംബൈ സ്കോറിന് മാന്യത പകര്‍ന്ന് പൊള്ളാര്‍ഡ്

രോഹിത് ശര്‍മ്മ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും പിന്നീട് വന്ന താരങ്ങള്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിന് നിശ്ചിത 20 ഓവറില്‍ നേടാനായത് 150 റണ്‍സ്. അവസാന ഓവറില്‍ രണ്ട് സിക്സ് ഉള്‍പ്പെടെ 17 റണ്‍സ് പിറന്നതാണ് മുംബൈയുടെ സ്കോര്‍ 150ല്‍ എത്തുവാന്‍ സഹായിച്ചത്. 22 പന്തില്‍ 35 റണ്‍സ് നേടിയ പൊള്ളാര്‍ഡാണ് ഈ സ്കോറിലേക്ക് മുംബൈയെ എത്തിച്ചത്.

രോഹിത് 25 പന്തില്‍ 32 റണ്‍സാണ് നേടിയത്. 2 വീതം സിക്സും ഫോറുമാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ വിജയ് ശങ്കര്‍ പവര്‍പ്ലേയ്ക്ക് ശേഷം താരത്തെ പുറത്താക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ രോഹിത്തും ക്വിന്റണ്‍ ഡി കോക്കും ചേര്‍ന്ന് 55 റണ്‍സാണ് നേടിയത്.

തന്റെ അടുത്ത ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും വിജയ് ശങ്കര്‍ പുറത്താക്കിയപ്പോള്‍ മുംബൈ 71/2 എന്ന നിലയിലേക്ക് വീണു. 39 പന്തുകള്‍ നേരിട്ട ക്വിന്റണ്‍ ഡി കോക്ക് നിര്‍ണ്ണായകമായ ഘട്ടത്തില്‍ പുറത്തായത് കൂടിയായപ്പോള്‍ കാര്യങ്ങള്‍ മുംബൈയ്ക്ക് പ്രയാസകരമായി മാറി. 40 റണ്‍സ് നേടിയ താരത്തെ മുജീബ് ആണ് പുറത്താക്കിയത്.

തന്റെ തൊട്ടടുത്ത ഓവറില്‍ 21 പന്തില്‍ 12 റണ്‍സ് നേടി ബുദ്ധിമുട്ടുകയായിരുന്ന ഇഷാന്‍ കിഷന്റെ വിക്കറ്റും മുജീബ് നേടിയപ്പോള്‍ 16.5 ഓവറില്‍ മുംബൈ 114/4 എന്ന നിലയിലേക്ക് മാറി. പിന്നീട് പൊള്ളാര്‍ഡ് നേടിയ റണ്‍സാണ് മുംബൈയെ 20 ഓവറില്‍ 150/5 എന്ന സ്കോറിലേക്ക് നയിച്ചത്.

പരിശീലന മത്സരങ്ങളിലെ ഫോം കാരണമാണ് വിജയ് ശങ്കറെ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കിയത് – ട്രെവര്‍ ബെയിലിസ്സ്

കൊല്‍ക്കത്തയുടെ സ്കോറായ 187 റണ്‍സ് ചേസ് ചെയ്തിറങ്ങിയ സണ്‍റൈസേഴ്സിന് 20 ഓവറില്‍ നിന്ന് 177 റണ്‍സേ 5 വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു. മത്സരം 10 റണ്‍സിന് കൊല്‍ക്കത്ത ജയിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ ഹൈദ്രാബാദിന് 24 പന്തില്‍ 57 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. വിജയ് ശങ്കറിനെ അബ്ദുള്‍ സമദിന് മുന്നേ ഇറക്കിയതാണ് മത്സരത്തില്‍ ടീമിന് പാളിപ്പോയതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

വിജയ് ശങ്കര്‍ 7 പന്തില്‍ 11 റണ്‍സ് മാത്രം നേടിയപ്പോള്‍ അബ്ദുള്‍ സമദ് 8 പന്തില്‍ 19 റണ്‍സാണ് നേടിയത്. ഇതില്‍ പാറ്റ് കമ്മിന്‍സിനെതിരെ നേടിയ 2 സിക്സുകളും ഉള്‍പ്പെടുന്നു. അബ്ദുള്‍ സമദിന് മുമ്പ് വിജയ ശങ്കറിനെ ഇറക്കിയത് താരത്തിന്റെ പരിശീലന മത്സരങ്ങളിലെ ഫോം പരിഗണിച്ചാണെന്നാണ് ട്രെവര്‍ ബെയിലിസ്സ് വ്യക്തമാക്കിയത്.

ഏതാനും ദിവസം മുമ്പ് നടത്തിയ സന്നാഹ മത്സരത്തില്‍ വിജയ് ആയിരുന്നു ഏറ്റവും മികച്ച താരമെന്നും ഒരു മത്സരത്തില്‍ 95 റണ്‍സാണ് താരം നേടിയതെന്നും ബെയിലിസ്സ് പറഞ്ഞു. സമദിന് കഴിഞ്ഞ ഐപിഎലിലും മികവ് പുലര്‍ത്താനായിരുന്നുവെന്നും താരത്തിന് കൂടുതല്‍ അനുഭവസമ്പത്ത് വരുമ്പോള്‍ കൂടുതല്‍ അവസരം ലഭിയ്ക്കുമെന്നും ബെയിലിസ്സ് വ്യക്തമാക്കി.

സണ്‍റൈസേഴ്സ് ഓള്‍റൗണ്ടര്‍ ഐപിഎലില്‍ നിന്ന് പുറത്ത്

സണ്‍റൈസേഴ്സ് ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ഐപിഎലില്‍ നിന്ന് പുറത്ത്. സണ്‍റൈസേഴ്സിന്റെ നിര്‍ണ്ണായകമായ രണ്ട് മത്സരങ്ങള്‍ അവശേഷിക്കെയാണ് സണ്‍റൈസേഴ്സിന് തിരിച്ചടിയായി താരത്തിന്റെ പരിക്ക് എത്തുന്നത്. ഗ്രേഡ് 2 പരിക്ക് മൂലമാണ് താരം പുറത്ത് പോകുന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മിച്ചല്‍ മാര്‍ഷ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കും സണ്‍റൈസേഴ്സ് നിരയില്‍ നേരത്തെ പരിക്കേറ്റിരുന്നു. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ് സണ്‍റൈസേഴ്സ് നിലകൊള്ളുന്നത്.

താന്‍ സ്പിന്നറായിരുന്നപ്പോള്‍ പ്രാദേശിക ടീമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല, പിന്നീട് മീഡിയം പേസിലേക്ക് മാറി

താന്‍ പണ്ട് സ്ഥിരം റണ്‍സ് കണ്ടെത്തിയിരുന്നുവെങ്കിലും പ്രാദേശിക ടീമില്‍ സ്പിന്നറായതിനാല്‍ ഇടം ലഭിച്ചിരുന്നില്ലെന്ന് പറഞ്ഞ് വിജയ് ശങ്കര്‍. അതിന് ശേഷം മീഡിയം പേസിലേക്ക് മാറിയെന്നും കാര്യങ്ങള്‍ മാറി മറിയുകയായിരുന്നുവെന്നും പറഞ്ഞ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. തമിഴ്നാടിന് വേണ്ടി 2012ല്‍ അരങ്ങേറ്റം കുറിച്ച താരം ഇന്ത്യയ്ക്ക് വേണ്ടി 2018ല്‍ ശ്രീലങ്കയില്‍ നടന്ന നിദാഹസ് ട്രോഫിയിലാണ് അരങ്ങേറ്റം കുറിച്ചത്.

ഇന്ത്യയുടെ ലോകകപ്പ് ടീമിലും ഇടം ലഭിച്ച താരം പിന്നീട് പരിക്കേറ്റ് പുറത്ത് പോകുകയായിരുന്നു. ഇതുവരെ ടീമില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുവാന്‍ താരത്തിന് സാധിച്ചിട്ടില്ല. സണ്‍റേസേഴ്സ് ടീം നായകന്‍ ഡേവിഡ് വാര്‍ണറുമായി സംസാരിക്കുമ്പോളാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

ശരിയായ ശ്രമങ്ങള്‍ നടത്തുകയെന്നതാണ് താന്‍ ചെയ്യേണ്ടത് – വിജയ് ശങ്കര്‍

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുവാന്‍ താന്‍ ശരിയായ ശ്രമങ്ങള്‍ നടത്തുക മാത്രമാണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് വിജയ് ശങ്കര്‍. തന്റെ സ്വതസിദ്ധായ ശൈലിയില്‍ കളിക്കുക എന്നത് മാത്രമാണ് താന്‍ ചിന്തിക്കുന്നതെന്നും അല്ലാതെ തന്നെ ടീമില്‍ എടുക്കാത്തതിനെക്കുറിച്ച് അനാവശ്യമായി താന്‍ ചിന്തിക്കാറില്ലെന്നും വിജയ് ശങ്കര്‍ പറഞ്ഞു. ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ താരത്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും പിന്നീട് പരമ്പര കൊറോണ പരക്കുന്ന സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

താന്‍ ഇതിനെക്കുറിച്ച് അധികം ചിന്തിക്കാറില്ല, കാരണം അവസാന നിമിഷമാണ് താന്‍ ന്യൂസിലാണ്ട് എ ടൂറിനു തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ഹാര്‍ദ്ദിക്കിന്റെ പകരക്കാരനായാണ് താന്‍ ടീമിലെത്തുന്നത്. രഞ്ജി ട്രോഫിയില്‍ തമിഴ്നാടിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് അവസാന നിമിഷം തനിക്ക് ടീമിലേക്കുള്ള വിളി വരുന്നത്.

നടക്കേണ്ട സമയത്ത് നടക്കേണ്ട കാര്യങ്ങള്‍ നടക്കുമെന്ന ചിന്താഗതിക്കാരനാണ് താന്‍, താന്‍ ശരിയായ ശ്രമങ്ങള്‍ മാത്രം നടത്തണമെന്ന് ചിന്തിക്കുന്നു. എന്റെ കളി മെച്ചപ്പെടുത്തുവാന്‍ താന്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. നിരാശനായി ഇരുന്നിട്ട് കാര്യമില്ല ഇത് മറികടക്കുവാനുള്ള കാര്യമാണ് ചെയ്യേണ്ടതെന്നും വിജയ് ശങ്കര്‍ സൂചിപ്പിച്ചു.

Exit mobile version