ഓസ്ട്രേലിയൻ താരം മാത്യു വൈഡ് വിരമിച്ചു

ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ-ബാറ്ററായ മാത്യു വെയ്ഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. അദ്ദേഹം കോച്ചിംഗിലേക്ക് തന്റെ കരിയർ മാറ്റാൻ തീരുമാനിച്ചു. പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിൽ ഓസ്‌ട്രേലിയയുടെ കോച്ചിംഗ് സ്റ്റാഫിനൊപ്പം ചേരും. വെയ്ഡിൻ്റെ 13 വർഷത്തെ കരിയറിൽ 36 ടെസ്റ്റുകളും 97 ഏകദിനങ്ങളും 92 ടി20കളും ഉൾപ്പെടുന്നു, 2021 ലെ ഓസ്‌ട്രേലിയയുടെ ടി 20 ലോകകപ്പ് വിജയത്തിലെ പ്രധാന പങ്ക് വഹിച്ചിരുന്നു.

2024ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ഐസിസി ടി20 ലോകകപ്പിലായിരുന്നു അദ്ദേഹത്തിൻ്റെ അവസാന അന്താരാഷ്ട്ര മത്സരം.

ബിഗ് ബാഷ് ലീഗിൽ ടാസ്മാനിയ, ഹൊബാർട്ട് ഹുറികെയ്ൻസ് എന്നിവയ്‌ക്കൊപ്പം ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് വൈഡ് തുടരും.

മാത്യു വെയ്ഡ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഓസ്ട്രേലിയൻ താരം മാത്യു വെയ്ഡ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഷെഫീൽഡ് ഷീൽഡ് ഫൈനലിന് മുന്നോടിയായാണ് മാത്യു വെയ്ഡ് ദൈർഘ്യമേറിയ ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

“എൻ്റെ കുടുംബത്തിനും ഭാര്യ ജൂലിയയ്ക്കും മക്കളായ വിൻ്റർ, ഗോൾഡി, ഡ്യൂക്ക് എന്നിവർക്കും എൻ്റെ കരിയറിൽ ഉടനീളം അവർ ചെയ്ത ത്യാഗങ്ങൾക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു,” വെയ്ഡ് വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു.

താരം ടി20യിൽ കളിക്കുന്നത് തുടരും. ടി20 ലോകകപ്പിൽ അവസരം ലഭിക്കും എന്നാണ് വെയ്ഡ് പ്രതീക്ഷിക്കുന്നത്‌.

2012-ൽ ഓസ്‌ട്രേലിയയ്‌ക്കായി ടെസ്റ്റിൽ അരങ്ങേറിയ വെയ്ഡ് 2012-നും 2021-നും ഇടയിൽ 36 മത്സരങ്ങളിൽ കളിച്ചു, നാല് സെഞ്ച്വറികൾ ഉൾപ്പെടെ 1613 റൺസ് ടെസ്റ്റിൽ നേടി.

മാത്യു വെയ്ഡ് ഐ പി എല്ലിലെ ആദ്യ 2 മത്സരങ്ങൾ കളിക്കില്ല

ഷെഫീൽഡ് ഷീൽഡ് ഫൈനലിൽ കളിക്കുന്നതിനാൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗുജറാത്ത് ടൈറ്റൻസിൻ്റെ ആദ്യ മത്സരങ്ങളിൽ ഓസ്ട്രേലിയൻ താരം മാത്യു വെയ്ഡ് പങ്കെടുക്കില്ല. ടാസ്മാനിയയ്ക്ക് വേണ്ടി ഷെഫീൽഡ് ഷീൽഡ് ഫൈനലിൽ കളിക്കുന്നതിന് മുൻഗണന നൽകാനാണ് 36-കാരൻ തീരുമാനിച്ചിരിക്കുന്നത്. മാർച്ച് 21 മുതൽ 25 വരെയാണ് ഫൈനൽ നടക്കുന്നത്. അതിനാൽ, മാർച്ച് 24 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ ഗുജറാത്തിൻ്റെ ആദ്യ മത്സരം മാത്രമേ വെയ്ഡിന് നഷ്ടമാകും.

ഷീൽഡ് ഫൈനൽ മാർച്ച് 25 ന് അവസാനിച്ചാലും മാർച്ച് 26 ന് ഗുജറാത്തും ചെന്നൈയും തമ്മിലുള്ള മത്സരത്തിലും വെയ്ഡ് കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. മാർച്ച് 31ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ഗുജറാത്തിന്റെ മൂന്നാം മത്സരം. ആ മത്സരം ആകും വെയ്ഡിന്റെ ലക്ഷ്യം.

2022ൽ 10 മത്സരങ്ങൾ ഗുജറാത്തിനായി കളിച്ച അദ്ദേഹം 15.70 ശരാശരിയിലും 113.77 സ്‌ട്രൈക്ക് റേറ്റിലും 157 റൺസ് നേടിയിരുന്നു. കഴിഞ്ഞ വർഷം ടൂർണമെൻ്റിൽ ഒരു മത്സരവും കളിച്ചിരുന്നില്ല.

ആ 30 റൺസ് ഓവര്‍ ഇല്ലായിരുന്നുവെങ്കി‍ൽ മാക്സ്വെല്ലിന് ശതകം ലഭിയ്ക്കില്ലായിരുന്നു – മാത്യു വെയിഡ്

ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 19ാം ഓവര്‍ വരെ ഓസ്ട്രേലിയ മത്സരത്തിലുണ്ടായിരുന്നുവെന്നും കെയിന്‍ റിച്ചാര്‍ഡ്സണേറ്റ പരിക്കാണ് മത്സരത്തെ പ്രയാസകരമായ ചേസിംഗാക്കി മാറ്റിയതെന്നും പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ മാത്യു വെയിഡ്. 20ാം ഓവറിൽ മാക്സ്വെൽ 30 റൺസ് വിട്ട് നൽകുകയായിരുന്നു.

ആദ്യ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ തനിക്ക് അത്ര ആത്മവിശ്വാസം ഇല്ലായിരുന്നുവെന്നും എന്നാൽ മാക്സ്വെൽ തന്റെ നൂറാം ടി20 അന്താരാഷ്ട്ര മത്സരത്തിൽ നൂറടിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ചുവെന്നും വെയിഡ് പറഞ്ഞു. ആ 30 റൺസ് ഓവറില്ലായിരുന്നുവെങ്കിൽ ചിലപ്പോള്‍ മാക്സ്വെല്ലിന് ശതകം ലഭിയ്ക്കില്ലായിരുന്നുവെന്നും വെയിഡ് കൂട്ടിചേര്‍ത്തു.

ഓസ്ട്രേലിയയെ മാത്യു വെയിഡ് നയിക്കും, ഇന്ത്യയ്ക്കെതിരെയുള്ള ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ചു

ഇന്ത്യയ്ക്കെതിരെ നവംബറിൽ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയയുടെ സ്ക്വാഡിനെ പ്രഖ്യാപിച്ചു. മാത്യു വെയിഡ് ആണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ടീമിനെ നയിക്കുന്നത്.

ലോകകപ്പ് ഫൈനൽ കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷം ആരംഭിയ്ക്കുന്ന പരമ്പരയിലേക്ക് പേസര്‍മാരായ പാറ്റ് കമ്മിന്‍സ്, മിച്ചൽ സ്റ്റാര്‍ക്ക്, ജോഷ് ഹാസൽവുഡ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.

മിച്ചൽ മാര്‍ഷും കാമറൺ ഗ്രീനുമാണ് വിശ്രമം ലഭിച്ച മറ്റ് രണ്ട് താരങ്ങള്‍.

ഓസ്ട്രേലിയ: Matthew Wade, Jason Behrendorff, Sean Abbott, Tim David, Nathan Ellis, Travis Head, Josh Inglis, Spencer Johnson, Glenn Maxwell, Tanveer Sangha, Matt Short, Steve Smith, Marcus Stoinis, David Warner, Adam Zampa

വേഡിന് കോവിഡ്, പക്ഷെ ഇംഗ്ലണ്ടിന് എതിരെ കളിക്കും

ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്ക് ഒരു തിരിച്ചടി കൂടെ. ഓസ്ട്രേലിയ ക്യാമ്പിക് ഒരു താരം കൂടെ കോവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. വിക്കറ്റ് കീപ്പർ നാത്യ് വേഡാണ് ഇപ്പോൾ പോസിറ്റീവ് ആയിരിക്കുന്നത്. എന്നാൽ താരത്തിന്റെ രോഗ ലക്ഷണങ്ങൾ ചെറുത് ആണ്. അതുകൊണ്ട് തന്നെ വെള്ളിയാഴ്ച നടക്കുന്ന ഇംഗ്ലണ്ടിന് എതിരായ മത്സരത്തിൽ വേഡിനെ കളിപ്പിക്കാൻ ആണ് ഓസ്ട്രേലിയയുടെ തീരുമാനം.

രോഗ ലക്ഷണങ്ങൾ വർധിക്കുക ആണെങ്കിൽ മാത്രമേ വേഡിനെ കളിപ്പിക്കുന്ന കാര്യത്തിൽ നിന്ന് പിന്മാറുകയുള്ളൂ. ഐ സി സി നിയമ പ്രകാരം രോഗ ലക്ഷണങ്ങൾ കാര്യമായി ഇല്ല എങ്കിൽ കോവിഡ് പോസിറ്റീവ് ആയവർക്കും കളിക്കാൻ ആകും.

ഓസ്ട്രേലിയൻ ക്യാമ്പിൽ കോവിഡ് പോസിറ്റീവ് ആയിരുന്നു മറ്റൊരു താരമായ ആഡം സാമ്പ കോവിഡ് നെഗറ്റീവ് ആയിട്ടുണ്ട്.

എന്താണ് സംഭവിച്ചതെന്ന് താന്‍ കണ്ടില്ല, അത് മാത്രമല്ല ഓസ്ട്രേലിയയിൽ ഇനി ഏറെ നാള്‍ കഴിയണമെന്നതും താന്‍ പരിഗണിച്ചു, അപ്പീൽ ചെയ്യാത്തതിനെക്കുറിച്ച് ജോസ് ബട്‍ലര്‍

മാത്യു വെയിഡ് മാര്‍ക്ക് വുഡിനെ സ്വന്തം ബൗളിംഗിൽ ക്യാച്ച് പൂര്‍ത്തിയാക്കുന്നതിന് തടസ്സം സൃഷ്ടിച്ച വിവാദ സംഭവത്തിൽ താന്‍ എന്ത് കൊണ്ട് അപ്പീൽ ചെയ്തില്ല എന്നതിൽ വിശദീകരണവുമായി ജോസ് ബട്‍ലര്‍.

താന്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടില്ല. തന്റെ ശ്രദ്ധ മുഴുവന്‍ സമയവും പന്തിൽ തന്നെയായിരുന്നു തന്നോട് അപ്പീൽ ചെയ്യണമോ എന്ന് ചോദിച്ചപ്പോള്‍ താന്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും പറഞ്ഞ ബട്‍ലര്‍. ഓസ്ട്രേലിയയിൽ ഇത്ര നേരത്തെ തന്നെ ഇത്തരം റിസ്ക് എടുക്കുവാന്‍ താന്‍ തയ്യാറല്ലെന്നും ഇംഗ്ലണ്ട് ലോകകപ്പിനായി ഓസ്ട്രേലിയയിൽ ഏറെക്കാലം ചെലവഴിക്കേണ്ടതായിയുണ്ടെന്ന ബോധവും തനിക്കുണ്ടെന്ന് ബട്‍ലര്‍ വ്യക്തമാക്കി.

ഐപിഎലിലെ വജ്രായുധം, പക്ഷേ ഇപ്പോള്‍ ഇന്ത്യയ്ക്ക് തലവേദനയായി ഹര്‍ഷൽ പട്ടേലിന്റെ സ്ലോവര്‍ ബോളുകള്‍

ഓസ്ട്രേലിയയ്ക്കെതിരെ ഇന്നലെ എട്ടോവര്‍ മത്സരത്തിൽ ഏറ്റവും അധികം റൺസ് വഴങ്ങിയ താരം ഹര്‍ഷൽ പട്ടേൽ ആയിരുന്നു. 2 ഓവറിൽ നിന്ന് 32 റൺസ് ആണ് താരം വിട്ട് നൽകിയത്. ഹര്‍ഷൽ ഫുള്‍ടോസ് എറിയുവാന്‍ കാരണം മത്സരത്തിന്റെ അവസാന ഘട്ടത്തിലേക്ക് ഡ്യൂ വന്നത് കൊണ്ടാണെന്നാണ് രോഹിത് ശര്‍മ്മ പറഞ്ഞത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി അവസാന ഓവറുകളിൽ ഹര്‍ഷൽ പട്ടേൽ 7-8 സ്ലോവര്‍ ബോളുകള്‍ എറിഞ്ഞപ്പോള്‍ മാത്യു വെയിഡ് അവയെ അനായാസം സിക്സുകള്‍ക്ക് പായിക്കുകയായിരുന്നു. രണ്ട് മത്സരങ്ങളിലായി മാത്യു വെയിഡ് 6 സിക്സുകളാണ് അവസാന ഓവറുകളിൽ നേടിയത്.

ഹര്‍ഷൽ എറിയുന്ന സ്ലോവര്‍ ബോളുകളെ അനായാസം ആണ് വെയിഡ് പിക് ചെയ്യുന്നത്. ഐപിഎലില്‍ താരം തന്റെ വജ്രായുധം ആയി ഉപയോഗിച്ച സ്ലോവര്‍ ബോളുകള്‍ എന്നാൽ യഥാവിധി താരത്തിന് പരിക്ക് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ എറിയുവാന്‍ സാധിക്കുന്നില്ല എന്നത് ഇന്ത്യയെ അലട്ടുന്ന വലിയ പ്രശ്നം ആണ്.

എട്ടോവറിൽ വീണത് 5 വിക്കറ്റ്, ഓസ്ട്രേലിയയെ 90 റൺസിലെത്തിച്ച് വെയിഡും ഫിഞ്ചും

ഇന്ത്യയ്ക്കെതിരെ നാഗ്പൂര്‍ ടി20യിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 8 ഓവറിൽ നിന്ന് നേടാനായത് 90 റൺസ്. ഇതിൽ തന്നെ 15 പന്തിൽ 31 റൺസ് നേടിയ ആരോൺ ഫി‍ഞ്ചിന്റെ ബാറ്റിംഗ് ആണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്. അവസാന ഓവറുകളിൽ മാത്യു വെയിഡും തിളങ്ങിയപ്പോള്‍ താരം 20 പന്തിൽ 43 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറിൽ ഹര്‍ഷൽ പട്ടേലിനെ മൂന്ന് സിക്സ് വെയിഡ് പായിച്ചപ്പോള്‍ ഓവറിൽ നിന്ന് 19 റൺസ് പിറന്നു.

ഇന്ത്യയ്ക്കായി അക്സര്‍ പട്ടേൽ രണ്ട് വിക്കറ്റുകള്‍ നേടി. ഗ്ലെന്‍ മാക്സ്വെല്ലിന്റെയും ടിം ഡേവിഡിന്റെയും വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഫിഞ്ചിനെ ജസ്പ്രീത് ബുംറ പുറത്താക്കി.

പിടി വിട്ട് ഇന്ത്യ, ഇന്ത്യന്‍ പ്രതീക്ഷകള്‍ തട്ടിത്തെറിപ്പിച്ച് മാത്യു വെയിഡ്

മൊഹാലിയിൽ ഇന്ത്യയെ പരാജയപ്പെടുത്തി ടി20 പരമ്പരയിൽ വിജയത്തുടക്കവുമായി ഓസ്ട്രേലിയ. 19.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് വിജയം ഓസ്ട്രേലിയ പിടിച്ചെടുത്തത്.  ഒരു ഘട്ടത്തിൽ 145/5 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീണുവെങ്കിലും 62 റൺസ് ആറാം വിക്കറ്റിൽ നേടി ടിം ഡേവിഡ് – മാത്യു വെയിഡ് കൂട്ടുകെട്ട് ഓസ്ട്രേലിയന്‍ വിജയം ഉറപ്പാക്കുകയായിരുന്നു. ഡേവിഡ് 18 റൺസുമായി അവസാന ഓവറിൽ പുറത്തായപ്പോള്‍ 21 പന്തിൽ 45 റൺസുമായി മാത്യു വെയിഡ് പുറത്താകാതെ നിന്നു.

209 റൺസെന്ന വലിയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയയ്ക്കായി ആരോൺ ഫിഞ്ചും(22) കാമറൺ ഗ്രീനും മികച്ച തുടക്കമാണ് നൽകിയതെങ്കിലും സ്കോര്‍ 39ൽ നിൽക്കുമ്പോള്‍ ഫിഞ്ചിനെ ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. 30 പന്തിൽ 61 റൺസ് നേടിയ ഗ്രീനും 24 പന്തിൽ 35 റൺസ് നേടിയ സ്മിത്തിനെയും അടുത്തടുത്ത ഓവറുകളിൽ നഷ്ടമായെങ്കിലും ഇരുവരും രണ്ടാം വിക്കറ്റിൽ 70 റൺസ് കൂട്ടിചേര്‍ത്തിരുന്നു.

24 പന്തിൽ 55 റൺസായിരുന്നു മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഓസ്ട്രേലിയ നേടേണ്ടിയിരുന്നത്. ക്രീസിൽ മാത്യു വെയിഡും ടിം ഡേവിഡും നിൽക്കുന്നത് ടീമിന്റെ പ്രതീക്ഷകളെ സജീവമാക്കി നിര്‍ത്തി.

ഭുവനേശ്വര്‍ കുമാര്‍ എറ‍ിഞ്ഞ 17ാം ഓവറിൽ 15 റൺസ് വന്നപ്പോള്‍ ഓസ്ട്രേലിയയ്ക്ക് ലക്ഷ്യം 18 പന്തിൽ 40 റൺസായിരുന്നു. മാത്യു വെയിഡ് അടുത്ത ഓവര്‍ എറിഞ്ഞ ഹര്‍ഷൽ പട്ടേലിനെ രണ്ട് സിക്സറുകള്‍ പായിച്ചപ്പോള്‍ ടിം ഡേവിഡ് ഒരു സിക്സ് നേടി. ഓവറിൽ നിന്ന് 22 റൺസ് പിറന്നപ്പോള്‍ രണ്ടോവറിൽ ഓസ്ട്രേലിയയ്ക്ക് നേടേണ്ടത് വെറും 18 റൺസായിരുന്നു.

ഇന്ത്യയ്ക്കായി അക്സര്‍ പട്ടേൽ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റാണ് നേടിയത്.

ഓസ്ട്രേലിയയെ വെള്ളംകുടിപ്പിച്ച് വനിന്‍ഡു ഹസരംഗ, രണ്ടാം ജയവുമായി കടന്ന് കൂടി ഓസ്ട്രേലിയ

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യിൽ വിജയവുമായി തടിതപ്പി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 124/9 എന്ന സ്കോറിലൊതുക്കിയ ശേഷം 53/1 എന്ന നിലയിൽ മുന്നേറുകയായിരുന്ന ഓസ്ട്രേലിയയെ വനിന്‍ഡു ഹസരംഗയാണ് പ്രതിരോധത്തിലാക്കിയത്.

താരം നേടിയ 4 വിക്കറ്റുകള്‍ ഓസ്ട്രേലിയയെ 99/7 എന്ന നിലയിലേക്ക് വീഴ്ത്തുകയായിരുന്നു. ആരോൺ ഫിഞ്ചും(13 പന്തിൽ 24) ഡേവിഡ് വാര്‍ണറും(10 പന്തിൽ 21) മികച്ച തുടക്കം ടീമിന് നൽകിയെങ്കിലും ഫിഞ്ചിനെ പുറത്താക്കി ഹസരംഗയാണ് തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. മിച്ചൽ മാര്‍ഷിനെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും(19) താരം പുറത്താക്കിയപ്പോള്‍ മാത്യു വെയിഡ് ആണ് നിര്‍ണ്ണായക റൺസുകള്‍ നേടി ഓസ്ട്രേലിയയുടെ വിജയം സാധ്യമാക്കിയത്.

വെയിഡും ജൈ റിച്ചാര്‍ഡ്സണും എട്ടാം വിക്കറ്റിൽ നിര്‍ണ്ണായകമായ 27 റൺസാണ് നേടിയത്. വെയിഡ് 26 റൺസും റിച്ചാര്‍ഡ്സൺ 9 റൺസും നേടി പുറത്താകാതെ നിന്നു. 17.5 ഓവറിലാണ് ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കിയത്. വിജയത്തോടെ ഓസ്ട്രേലിയ ടി20 പരമ്പര സ്വന്തമാക്കി.

കേന്ദ്ര കരാര്‍ ഇല്ലെങ്കിലും വെയിഡ് ഓസ്ട്രേലിയയുടെ ടി20യിലെ ഒന്നാം നമ്പര്‍ കീപ്പര്‍ – ജോര്‍ജ്ജ് ബെയിലി

മാത്യു വെയിഡ് ടി20യിൽ ഓസ്ട്രേലിയയുടെ ഒന്നാം നമ്പര്‍ ചോയിസ് ആണെന്ന് പറഞ്ഞ് സെലക്ടര്‍മാരുടെ ചെയര്‍മാന്‍ ജോര്‍ജ്ജ് ബെയിലി. താരത്തിന് ഓസ്ട്രേലിയ 2022-23 സീസണിലെ കേന്ദ്ര കരാർ നൽകിയിരുന്നില്ല.

അതേ സമയം ജോഷ് ഇംഗ്ലിസിന് ബോര്‍ഡ് കേന്ദ്ര കരാര്‍ നൽകി. ഇതൊക്കെയാണെങ്കിലും ടി20യിൽ വെയിഡ് തന്നെയാണ് ഓസ്ട്രേലിയയുടെ ഒന്നാം നമ്പര്‍ കീപ്പര്‍ എന്ന് ബെയിലി വ്യക്തമാക്കി.

Exit mobile version