സ്‌കോട്ട്‌ലൻഡിനായി കളിക്കാൻ ന്യൂസിലാൻഡ് താരം ടോം ബ്രൂസ്


ന്യൂസിലാൻഡ് മുൻ ക്രിക്കറ്റ് താരം ടോം ബ്രൂസ് ഇനിമുതൽ സ്കോട്ട്ലൻഡിന് വേണ്ടി കളിക്കും. ഓഗസ്റ്റ് 27-ന് കാനഡയിൽ ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 മത്സരങ്ങളിൽ താരം സ്കോട്ടിഷ് ടീമിനായി ഇറങ്ങും. എഡിൻബർഗിൽ ജനിച്ച പിതാവിലൂടെയാണ് ബ്രൂസിന് സ്കോട്ടിഷ് ടീമിൽ കളിക്കാൻ യോഗ്യത ലഭിച്ചത്.

ന്യൂസിലാൻഡിൽ കരിയർ ആരംഭിക്കുന്നതിന് മുമ്പ് 2016-ൽ ബ്രൂസ് സ്കോട്ട്ലൻഡ് ഡെവലപ്‌മെന്റ് ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി സെൻട്രൽ ഡിസ്ട്രിക്റ്റ്സിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച ഈ ടോപ് ഓർഡർ ബാറ്റ്സ്മാൻ, 2017-നും 2020-നും ഇടയിൽ ന്യൂസിലാൻഡ് ടീമിന് വേണ്ടി 17 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ഗയാനയിൽ നടന്ന ഗ്ലോബൽ സൂപ്പർ ലീഗിൽ സെൻട്രൽ ഡിസ്ട്രിക്റ്റ്സിനായി കളിച്ചതാണ് താരത്തിന്റെ അവസാന മത്സരം.
സ്കോട്ടിഷ് ടീമിൽ കളിക്കാൻ ലഭിച്ച അവസരത്തിൽ അഭിമാനം പ്രകടിപ്പിച്ച ബ്രൂസ്, ലോകകപ്പിൽ ടീമിനെ എത്തിക്കാനുള്ള തന്റെ ആഗ്രഹം പങ്കുവെച്ചു. 2015-16 സീസണിൽ സൂപ്പർ സ്മാഷിൽ 140.25 സ്ട്രൈക്ക് റേറ്റിൽ 223 റൺസ് നേടിയതോടെയാണ് 34-കാരനായ ബ്രൂസ് ശ്രദ്ധേയനാകുന്നത്. ഇത് ന്യൂസിലാൻഡ് ടീമിലേക്കുള്ള വഴി തുറന്നു. അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ 122.36 സ്ട്രൈക്ക് റേറ്റിൽ 279 റൺസ് നേടിയ ബ്രൂസിന്റെ പരിചയസമ്പത്ത് ടീമിന് മുതൽക്കൂട്ടാകുമെന്നാണ് സ്കോട്ടിഷ് ടീം കോച്ച് ഡഗ് വാട്സൺ പറഞ്ഞത്.

പരമ്പര വിജയിച്ചുവെങ്കിലും പരിക്കിന്റെ പിടിയില്‍ ന്യൂസിലാണ്ട്

ആവേശകരമായ രണ്ട് മത്സരങ്ങളിലും വിജയം ഒപ്പം നിര്‍ത്തുവാന്‍ സാധിച്ചുവെങ്കിലും പരിക്ക് അലട്ടുകയാണ് ന്യൂസിലാണ്ടിനെ. രണ്ടാം മത്സരത്തില്‍ ബാറ്റ് ചെയ്യുവാനിറങ്ങാത്ത മാര്‍ട്ടിന്‍ ഗപ്ടില്‍ മൂന്നാം മത്സരത്തില്‍ ഉണ്ടാകില്ലെന്നാണ് ലഭിയ്ക്കുന്ന ഏറ്റവും പുതിയ വിവരം. താരത്തിന്റെ വലത് വയറിന്റെ ഭാഗത്തുള്ള സ്ട്രെയിന്‍ ആണ് താരത്തിനെ പുറത്തിരുത്തുവാന്‍ ഇടയായിരിക്കുന്നത്. അതേ സമയം രണ്ടാം മത്സരത്തില്‍ ഇടത് അരയ്ക്ക് പരിക്കേറ്റ റോസ് ടെയിലര്‍ അടുത്ത മത്സരത്തില്‍ കളിക്കുവാന്‍ ഫിറ്റാണെന്നത് ടീമിന് ആശ്വാസം നല്‍കുന്നു. ആദ്യ മത്സരത്തില്‍ ടീമിനായി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത താരമാണ് റോസ് ടെയിലര്‍.

അതേ സമയം കഴിഞ്ഞ മത്സരത്തില്‍ കോളിന്‍ ഡി ഗ്രാന്‍ഡോമിനൊപ്പം മികവ് പുലര്‍ത്തിയ ടോം ബ്രൂസ് പരിക്കേറ്റതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലാണ്. ഇന്നിംഗ്സിന്റെ സുപ്രധാന ഘട്ടത്തില്‍ കാഫ് മസില്‍ വലിഞ്ഞതിനെ തുടര്‍ന്ന് സ്ട്രാപ്പ ചെയ്ത് താരം ബാറ്റിംഗ് തുടര്‍ന്നുവെങ്കിലും പിന്നീട് റണ്ണൗട്ടാവുകയായിരുന്നു. മത്സരം ന്യൂസിലാണ്ട് കൈവിടുമെന്ന തോന്നിപ്പിച്ച നിമിഷമായിരുന്നു ഇതെങ്കിലും ഭാഗ്യവും മിച്ചല്‍ സാന്റനറും ടീമിനെ പരമ്പര വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ടോം ബ്രൂസ് പരിക്ക് മാറി മത്സരത്തിനെത്തുമെന്നാണ് ന്യൂസിലാണ്ട് ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്.

ട്വിസ്റ്റുകള്‍ നിറഞ്ഞ മത്സരത്തില്‍ ജയം ന്യൂസിലാണ്ടിന്

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യിലും വിജയം കരസ്ഥമാക്കി ന്യൂസിലാണ്ട്. കോളിന്‍ ഡി ഗ്രാന്‍ഡോമും ടോം ബ്രൂസും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് 162 റണ്‍സ് വിജയ ലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറില്‍ മറികടന്നത്. 38/3 എന്ന നിലയില്‍ പതറിയ ന്യൂസിലാണ്ടിനായി 109 റണ്‍സാണ് ഇരുവരും നാലാം വിക്കറ്റില്‍ നേടിയത്. ഗ്രാന്‍ഡോം 59 റണ്‍സും ടോം ബ്രൂസ് 53 റണ്‍സും നേടിയാണ് ന്യൂസിലാണ്ടിന്റെ വിജയ ശില്പികളായത്. ഇരുവരെയും പുറത്താക്കി മത്സരത്തിലേക്ക് ശ്രീലങ്ക തിരിച്ചുവരവ് നടത്തിയെങ്കിലും മിച്ചല്‍ സാന്റനര്‍ ഭാഗ്യത്തിന്റെ തുണയോട് കൂടി ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

കോളിന്‍ മണ്‍റോ(13), ടിം സീഫെര്‍ട്(15), സ്കോട്ട് കുജ്ജെലൈന്‍(8) എന്നിവരെ തന്റെ തുടരെയുള്ള ഓവറുകളില്‍ പുറത്താക്കി അകില ധനന്‍ജയ ന്യൂസിലാണ്ട് ടോപ് ഓര്‍ഡറിനെ തകര്‍ത്തുവെങ്കിലും പിന്നീട് ക്രീസിലെത്തിയ കോളിന്‍ ഡി ഗ്രാന്‍ഡോം-ടോം ബ്രൂസ് കൂട്ടുകെട്ടിനെ തകര്‍ക്കുവാന്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്ക് കഴിയാതെ പോയത് ടീമിന് തിരിച്ചടിയായി. അവസാന രണ്ടോവറില്‍ 17 റണ്‍സായിരുന്നു ന്യൂസിലാണ്ട് നേടേണ്ടിയിരുന്നത്.

ഇസുറു ഉഡാന എറിഞ്ഞ 19ാം ഓവറില്‍ കോളിന്‍ ഡി ഗ്രാന്‍ഡോം പുറത്തായപ്പോള്‍ 10 പന്തില്‍ 15 റണ്‍സായിരുന്നു ന്യൂസിലാണ്ടിന്റെ വിജയലക്ഷ്യം. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ബൗണ്ടറി നേടി തന്റെ അര്‍ദ്ധ ശതകം നേടിയ ബ്രൂസ് അടുത്ത പന്തില്‍ ഡബിള്‍ നേടി ലക്ഷ്യം എട്ട് പന്തില്‍ നിന്ന് 9 റണ്‍സാക്കി ചുരുക്കി.

മത്സരം അവസാന ഓവറിലേക്ക് കടന്നപ്പോള്‍ ഏഴ് റണ്‍സായിരുന്നു ന്യൂസിലാണ്ട് നേടേണ്ടിയിരുന്നത്. എന്നാല്‍ അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ടോം ബ്രൂസ് റണ്ണൗട്ടായതോടെ രണ്ട് സെറ്റ് ബാറ്റ്സ്മാന്മാരെയും ന്യൂസിലാണ്ടിന് നഷ്ടമായി. 46 പന്തില്‍ നിന്ന് 53 റണ്‍സായിരുന്നു ബ്രൂസ് നേടിയത്. അടുത്ത പന്തില്‍ വനിഡു ഹസരംഗ ഡാരില്‍ മിച്ചലിനെ പുറത്താക്കിയതോടെ മത്സരം കൂടുതല്‍ ആവേശകരമായി. അടുത്ത പന്തില്‍ മിച്ചല്‍ സാന്റനറുടെ ഷോട്ട് ബൗണ്ടറിയില്‍ ക്യാച്ചായി മാറിയെങ്കിലും ഫീല്‍ഡര്‍മാര്‍ തമ്മിലുള്ള കൂട്ടിയിടിയില്‍ ഫീല്‍ഡര്‍ ബൗണ്ടറി റോപ്പില്‍ തട്ടിയതോടെ പന്ത് സിക്സറായി മാറുകയായിരുന്നു. ഇതോടെ മൂന്ന് പന്തില്‍ നിന്ന് ന്യൂസിലാണ്ടിന്റെ ലക്ഷ്യം ഒരു റണ്‍സായി മാറി. അടുത്ത പന്തില്‍ ബൗണ്ടറി നേടി സാന്റനര്‍ ന്യൂസിലാണ്ടിന് പരമ്പര വിജയം നേടിക്കൊടുത്തു. 2 പന്തില്‍ നിന്ന് 10 റണ്‍സാണ് സാന്റനറുടെ സംഭാവന.

 

രക്ഷകനായി മണ്‍റോ, ആദ്യ ടി20 ന്യൂസിലാണ്ടിനു

പാക്കിസ്ഥാന്റെ ചെറിയ സ്കോറെങ്കിലും ന്യൂസിലാണ്ടിന്റെ തുടക്കം പാളിയതോടെ സമ്മര്‍ദ്ദത്തിലായ ആതിഥേയരുടെ രക്ഷയ്ക്കെത്തി കോളിന്‍ മണ്‍റോ. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ വീണ് 8/2 എന്ന നിലയില്‍ ആയ ന്യൂസിലാണ്ടിന്റെ രക്ഷയ്ക്ക് ടോം ബ്രൂസ്(26)-കോളിന്‍ മണ്‍റോ കൂട്ടുകെട്ട് എത്തുകയായിരുന്നു. 49 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ ബ്രൂസ് പുറത്തായെങ്കിലും മണ്‍റോ തന്റെ വെടിക്കെട്ട് തുടര്‍ന്നു. 43 പന്തില്‍ 46 റണ്‍സ് നേടി മണ്‍റോ ടീമിനെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ ആദ്യ ടി20യില്‍ 7 വിക്കറ്റ് ജയം ന്യൂസിലാണ്ടിനു സ്വന്തമായി. റോസ് ടെയിലര്‍ 22 റണ്‍സുമായി മണ്‍റോയ്ക്ക് മികച്ച പിന്തുണ നല്‍കി. 13 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയ ടെയിലറും മണ്‍റോയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 49 റണ്‍സാണ് നേടിയത്. 25 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ന്യൂസിലാണ്ട് ജയം.

പാക്കിസ്ഥാനു വേണ്ടി റുമ്മാന്‍ റയീസ് രണ്ടും ഷദബ് ഖാന്‍ ഒരു വിക്കറ്റും നേടി. ബാബര്‍ അസമിന്റെയും(41), ഹസന്‍ അലിയുടെയും(23) ബാറ്റിംഗാണ് പാക്കിസ്ഥാനെ 105 എന്ന സ്കോറിലേക്ക് എത്തിച്ചത്. ന്യൂസിലാണ്ടിനായി മൂന്ന് വിക്കറ്റുമായി ടിം സൗത്തി, സെത്ത് റാന്‍സ് എന്നിവര്‍ ബൗളിംഗില്‍ മുന്നില്‍ നിന്ന് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version