ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഏവരെയും ഞെട്ടിച്ച് മാർക്കസ് സ്റ്റോയിനിസ്

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കെ, ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ് ഏകദിന മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ടൂർണമെന്റിനുള്ള ഓസ്‌ട്രേലിയയുടെ പ്രാഥമിക ടീമിൽ ഇടം നേടിയ 35 കാരൻ ഇനി ഫെബ്രുവരി 12 ന് പ്രഖ്യാപിക്കുന്ന അന്തിമ ടീമിൽ ഉണ്ടാകില്ല എന്ന് കണ്ടാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

ഓസ്‌ട്രേലിയയ്‌ക്കായി 71 ഏകദിനങ്ങൾ കളിച്ച സ്റ്റോയിനിസ് ഒരു സെഞ്ച്വറിയും ആറ് അർദ്ധസെഞ്ച്വറികളുമടക്കം 1,495 റൺസ് നേടിയിട്ടുണ്ട്, കൂടാതെ 48 വിക്കറ്റുകളും നേടിയിട്ടുണ്ട്. “വിരമിക്കാൻ ശരിയായ സമയമാണിതെന്നും” ഇനി തന്റെ കരിയറിന്റെ അടുത്ത ഘട്ടത്തിൽ, ടി20 ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെൽബൺ സ്റ്റാർസ് സ്റ്റോയിനിസിനെ ക്യാപ്റ്റൻ ആയി നിയമിച്ചു

മാർക്കസ് സ്റ്റോയിനിസിനെ വരാനിരിക്കുന്ന ബിഗ് ബാഷ് ലീഗ് (ബിബിഎൽ) സീസണിലേക്കുള്ള മെൽബൺ സ്റ്റാർസിൻ്റെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. അഞ്ച് വർഷമായി ക്യാപ്റ്റൻ ആയിരുന്ന ഗ്ലെൻ മാക്സ്വെല്ലിൻ്റെ പിൻഗാമിയായാണ് സ്റ്റോയിനിസ് എത്തുന്നത്. 35 കാരനായ ഓൾറൗണ്ടർ സ്റ്റാർസിലെ ഒരു പ്രധാന അംഗമാണ്, ഫ്രാഞ്ചൈസിക്കായി 100-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അടുത്തിടെ മൂന്ന് വർഷത്തെ കരാർ വിപുലീകരണത്തിലും ഒപ്പുവച്ചു.

കഴിഞ്ഞ സീസണിൽ മാക്‌സ്‌വെല്ലിൻ്റെ അഭാവത്തിൽ ടീമിനെ ഹ്രസ്വമായ കാലയളവിൽ സ്റ്റോയിനിസ് ടീമിനെ നയിച്ചിട്ടുണ്ട്.

IPL കളിച്ച് വരുന്നത് ലോകകപ്പിൽ ഗുണം ആകുന്നുണ്ടെന്ന് സ്റ്റോയിനിസ്

IPL കളിച്ചത് ഈ ലോകകപ്പിൽ തനിക്ക് ഗുണമാകുന്നുണ്ട് എന്ന് ഓസ്ട്രേലിയൻ ഓൾറൗണ്ടർ സ്റ്റോയിനിസ്. ഇന്ന് ഒമാനെതിരെ ഓസ്ട്രേലിയയുടെ വിജയശില്പിയാകാൻ സ്റ്റോയിനിസിനായിരുന്നു. സ്റ്റോയിനിസ് ഇന്ന് 67 റൺസും ഒപ്പം 3 വിക്കറ്റും നേടി പ്ലയർ ഓഫ് ദി മാച്ച് ആയി.

“ഞാൻ ഇപ്പോൾ 10 വർഷമായി ഐപിഎല്ലിൽ കളിക്കുന്നു. നിങ്ങൾ ഐപിഎൽ സീസൺ പൂർത്തിയാക്കുമ്പോൾ മികച്ച നിലയിൽ ആണെന്ന് എല്ലായ്പ്പോഴും തോന്നും. ഈ സീസണിലെ ഫോം പരിഗണിച്ചാലും ഇല്ലെങ്കിലും ഐ പി എൽ പോലൊരു ടൂർണമെന്റ് കളിച്ചു കഴിഞ്ഞാൽ നിങ്ങൾ മികച്ച നിലയിലായിരിക്കും.” സ്റ്റോയിനിസ് പറഞ്ഞു.

ഈ സീസണിൽ എൽഎസ്ജിക്ക് വേണ്ടി 14 മത്സരങ്ങളിൽ നിന്ന് 388 റൺസും 4 വിക്കറ്റും സ്റ്റോയിനിസ് നേടിയിരുന്നു.

റെക്കോർഡുകൾ തകർത്ത് സ്റ്റോയിനിസ്, IPL ചരിത്രത്തിൽ ഒരു ചെയ്സിലെ ഏറ്റവും ഉയർന്ന സ്കോർ!!

ഇന്ന് ചെപോകിൽ സ്റ്റോയിനിസ് കളിച്ച ഇന്നിംഗ്സ് ടി20 ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്നാകും എന്ന് പറയാം. ചെന്നൈ സൂപ്പർ കിംഗ്സ് ഉയർത്തിയ 211 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന എൽ എസ് ജിയെ വിജയത്തിലേക്ക് എത്തിച്ച സ്റ്റോയിനസ് 124 റൺസുമായി പുറത്താകാതെ നിന്നു. ഐ പി എല്ലിൽ ചെയ്സിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഇത്.

2011ൽ പോൾ വാൽതറ്റി നേടിയ 120 റൺസ് ആയിരുന്നു ഇതുവരെ ചെയ്സിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ. അതാണ് സ്റ്റോയിനസ് മറികടന്നത്. ഇന്ന് 63 പന്തിൽ നിന്നാണ് സ്റ്റോയിനിസ് 120 റൺസ് എടുത്തത്. താരത്തിന്റെ ഐ പി എല്ലിലെ ആദ്യ സെഞ്ച്വറി ആയിരുന്നു ഇത്. 13 ഫോറും 6 സിക്സും സ്റ്റോയിനിസ് ഇന്ന് അടിച്ചു.

ഇന്ന് മുസ്തഫിസുർ എറിഞ്ഞ അവസാന ഓവറിൽ 17 റൺസ് എൽ എസ് ജിക്ക് ജയിക്കാൻ വേണമായിരുന്നു. എന്നിട്ടും 3 പന്ത് ശേഷിക്കെ വിജയത്തിൽ എത്തിക്കാൻ സ്റ്റോയിനിസിനായി. ആ ഓവറിൽ ആദ്യ പന്തിൽ സിക്സ് അടിച്ച സ്റ്റോയിനിസ് അടുത്ത മൂന്ന് പന്തിലും ഫോറും അടിച്ചു.

Highest score in an IPL chase

124* – Marcus Stoinis v CSK, TODAY
120* – Paul Valthaty v CSK, 2011
119 – Virender Sehwag v Decc, 2011
119 – Sanju Samson v PBKS, 2021
117* – Shane Watson v SRH, 2018

ഇതാണ് ചേസിംഗ്, ചെന്നൈയെ വീഴ്ത്തി സ്റ്റോയിനിസ്

ചെന്നൈ സൂപ്പര്‍ കിംഗ്സുമായി വീണ്ടും ഏറ്റുമുട്ടിയപ്പോളും വിജയം കരസ്ഥമാക്കി ലക്നൗ. ഇത്തവണ 211 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ലക്നൗവിനെ 19.3 ഓവറിൽ 213/4 എന്ന സ്കോര്‍ നേടി 6 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത് മാര്‍ക്കസ് സ്റ്റോയിനിസിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമായിരുന്നു. 63 പന്തിൽ 124 റൺസുമായി പുറത്താകാതെ നിന്ന സ്റ്റോയിനിസ് 13 ഫോറും 6 സിക്സും നേടിയപ്പോള്‍ നിക്കോളസ് പൂരനും(34) ദീപക് ഹൂഡയും (6 പന്തിൽ 17 റൺസ്) നിര്‍ണ്ണായക സംഭാവന നൽകി.

ഡി കോക്കിനെ പൂജ്യത്തിന് ആദ്യ ഓവറിൽ തന്നെ നഷ്ടമായ ലക്നൗവിന് പവര്‍‍പ്ലേയ്ക്കുള്ളിൽ കെഎൽ രാഹുലിനെയും നഷ്ടമായി. ഡി കോക്കിനെ ചഹാറും രാഹുലിനെ മുസ്തഫിസുറും ആണ് പുറത്താക്കിയത്. സ്കോര്‍ 88 റൺസിൽ നിൽക്കുമ്പോള്‍ 11ാം ഓവറിൽ ദേവ്ദത്ത് പടിക്കലിനെ മതീഷ പതിരാന പുറത്താക്കി. 55 റൺസാണ് മാര്‍ക്കസ് സ്റ്റോയിനിസ് – ദേവ്ദത്ത് പടിക്കൽ(13) കൂട്ടുകെട്ട് നേടിയത്.

പടിക്കൽ പുറത്തായ ശേഷം എത്തിയ നിക്കോളസ് പൂരന്‍ മാര്‍ക്കസ് സ്റ്റോയിനിസിന് മികച്ച പിന്തുണ നൽകിയപ്പോള്‍ മത്സരത്തിലേക്ക് ലക്നൗ തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്. ഈ കൂട്ടുകെട്ട് അവസാന നാലോവറിലെ ലക്ഷ്യം 54 റൺസാക്കി മാറ്റി. 31 പന്തിൽ 69 റൺസായിരുന്നു ഈ കൂട്ടുകെട്ട് ഈ ഘട്ടത്തിൽ നേടിയത്.

തൊട്ടടുത്ത ഓവറിൽ മതീഷ പതിരാന നിക്കോളസ് പൂരനെ മടക്കിയയ്ച്ചപ്പോള്‍ 1 റൺസ് കൂടി മാത്രമാണ് ഈ കൂട്ടുകെട്ട് അധികം നേടിയത്. 15 പന്തിൽ 34 റൺസായിരുന്നു പൂരന്‍ നേടിയത്. 18ാം ഓവറിൽ സ്റ്റോയിനിസ് തന്റെ ശതകം പൂര്‍ത്തിയാക്കുമ്പോള്‍ ഇതിനായി താരം 56 പന്തുകളാണ് നേരിട്ടത്. ഇതേ ഓവറിലെ അവസാന പന്തിൽ ഹുഡ സിക്സര്‍ പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 15 റൺസാണ് വന്നത്. മത്സരം അവസാന രണ്ടോവറിലേക്ക് കടന്നപ്പോള്‍ 32 റൺസായിരുന്നു വേണ്ടിയിരുന്നത്.

പതിരാനയെ ആദ്യ പന്തിൽ സ്റ്റോയിനിസ് ബൗണ്ടറി പായിച്ചപ്പോള്‍ മൂന്നാം പന്തിലും നാലാം പന്തിലും ബൗണ്ടറി നേടി ദീപക് ഹൂഡയും ലക്നൗവിന്റെ തുണയായി രംഗത്തെത്തി. ഓവറിൽ നിന്ന് പതിനഞ്ച് റൺസ് വന്നപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 17 റൺസായിരുന്നു.

അവസാന ഓവര്‍ എറിയാനെത്തിയ മുസ്തഫിസുറിനെ ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിൽ ബൗണ്ടറിയും സ്റ്റോയിനിസ് നേടിയപ്പോള്‍ ലക്ഷ്യം 4 പന്തിൽ 7 റൺസായി മാറി. മൂന്നാം പന്തിൽ ബൗണ്ടറി പിറന്നപ്പോള്‍ ആ പന്ത് നോബോള്‍ ആയതിനാൽ തന്നെ ലക്ഷ്യം 4 പന്തിൽ 2 റൺസായി. അടുത്ത പന്ത് ബൗണ്ടറി കടത്തി ചെന്നൈയെ വീണ്ടും തോല്പിച്ച് ലക്നൗ തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ജയം കരസ്ഥമാക്കി.

സ്റ്റോയിനിസ് – ഹൂഡ കൂട്ടുകെട്ട് 55 റൺസാണ് വിജയത്തിനായി അഞ്ചാം വിക്കറ്റിൽ നേടിയത്.

മാര്‍വലസ് മാര്‍ക്കസ്!!!

ഇന്നലെ ലക്നൗവിന്റെ ബാറ്റിംഗിൽ ഒരു ഘട്ടത്തിൽ 16 ഓവര്‍ പിന്നിടുമ്പോള്‍ 117/3 എന്ന നിലയിലായിരുന്ന ടീമിനെ അവസാന നാലോവറിൽ 60 റൺസ് നേടി 177 റൺസിലേക്ക് എത്തിച്ചതിന് പിന്നിലെ ക്രെഡിറ്റ് മുഴുവന്‍ മാര്‍ക്കസ് സ്റ്റോയിനിസിനായിരുന്നു. തന്റെ ആദ്യ 35 പന്തിൽ നിന്ന് വെറും 45 റൺസ് നേടിയ താരം 35/3 എന്ന നിലയിലേക്ക് വീണ ലക്നൗവിനെ ക്യാപ്റ്റന്‍ ക്രുണാൽ പാണ്ഡ്യയ്ക്കൊപ്പം തിരികെ ട്രാക്കിലെത്തിക്കുകയായിരുന്നു.

ക്രുണാൽ പരിക്കേറ്റ് പിന്മാറിയ ശേഷം താന്‍ നേരിട്ട അടുത്ത പന്ത്രണ്ട് പന്തിൽ നിന്ന് സ്റ്റോയിനിസ് നേടിയത് 44 റൺസായിരുന്നു. ഇത് ലക്നൗവിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. തുടര്‍ന്ന് 5 റൺസ് വിജയം നേടി ലക്നൗ തങ്ങളുടെ പ്ലേ ഓഫ് സാധ്യത സജീവമാക്കി നിര്‍ത്തുകയായിരുന്നു.

ലക്നൗ റിയൽ ടീമെന്ന് തെളിയിച്ചു – മാര്‍ക്കസ് സ്റ്റോയിനിസ്

ഒരു റിയൽ സൂപ്പര്‍ സ്റ്റാറുകളും ഇല്ലാത്ത ടീമാണ് ലക്നൗ സൂപ്പര്‍ ജയന്റ്സ് എന്നും തന്റെ ടീമാണ് റിയൽ ടീമെന്നും തെളിയിച്ചെന്ന് പറഞ്ഞ് എൽഎസ്ജി ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ്. ഇന്നലെ മുംബൈയ്ക്കെതിരെയുള്ള ത്രസിപ്പിക്കും വിജയത്തിന് ശേഷമായിരുന്നു സ്റ്റോയിനിസിന്റെ പ്രതികരണം.

ഓരോ മത്സരങ്ങളിലും ഓരോ താരങ്ങളാണ് മുന്നോട്ട് വന്ന് ടീമിനെ വിജയിപ്പിക്കുന്നതെന്നും സ്റ്റോയിനിസ് വ്യക്തമാക്കി. ലക്നൗ കെഎൽ രാഹുലിന്റെ സേവനങ്ങള്‍ മിസ്സ് ചെയ്യുന്നുണ്ടെന്നും എന്നാൽ ക്രുണാൽ പാണ്ഡ്യ നായകനായി ടീമിനൊപ്പമുള്ളത് സഹായകരമാണെന്നും സ്റ്റോയിനിസ് കൂട്ടിചേര്‍ത്തു. ആന്‍ഡി ഫ്ലവറിന് നല്ല ക്രിക്കറ്റിംഗ് ബ്രെയിന്‍ ഉണ്ടെന്നും താരവും ടീമിന് തുണയാകുന്നുണ്ടെന്ന് സ്റ്റോയിനിസ് പറഞ്ഞു.

സ്പിന്നര്‍മാരും മൊഹ്സിനും ജയം നേടിത്തന്നു – മാര്‍ക്കസ് സ്റ്റോയിനിസ്

സ്പിന്നര്‍മാരുടെ ഏതാനും നല്ല ഓവറുകളും മൊഹ്സിന്‍ ഖാനുമാണ് മത്സരം ലക്നൗവിന് അനുകൂലമാക്കിയതെന്ന് പറഞ്ഞ് ലക്നൗ സൂപ്പര്‍ ജയന്റ്സ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ്. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു മാര്‍ക്കസ്. അവസാന ഓവറിൽ 11 റൺസ് വിജയത്തിനായി മുംബൈയ്ക്ക് വേണ്ട ഘട്ടത്തിൽ ടിം ഡേവിഡും കാമറൺ ഗ്രീനുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. എന്നാൽ വെറും 5 റൺസ് വിട്ട് നൽകി മൊഹ്സിന്‍ ഖാന്‍ ലക്നൗവിനെ 5 റൺസ് വിജയത്തിലേക്ക് നയിച്ചു.

പരിക്കിന് പിടിയലായതിന് ശേഷം ഏറെക്കാലം കഴിഞ്ഞ് ഇത്രയും വലിയൊരു ഫൈനൽ ഓവര്‍ എറിയുവാനെത്തിയ മൊഹ്സിന്‍ സ്പെഷ്യൽ ബൗളിംഗാണ് കാഴ്ചവെച്ചതെന്നാണ് സ്റ്റോയിനിസ് പറഞ്ഞത്. ഒപ്പം മധ്യ ഓവറുകളിൽ സ്പിന്നര്‍മാര്‍ ടൈറ്റ് ഓവറുകള്‍ എറിഞ്ഞ് സമ്മര്‍ദ്ദം സൃഷ്ടിച്ചുവെന്നും മാര്‍ക്കസ് വ്യക്തമാക്കി.

 

സ്റ്റോയിനിസ് വെടിക്കെട്ട്!!! ലക്നൗവിന് 177 റൺസ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ 16 ഓവറിൽ വെറും 117/3 എന്ന നിലയിലായിരുന്ന ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 177 റൺസിലെത്തിച്ച് മാര്‍ക്കസ് സ്റ്റോയിനിസിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. 47 പന്തിൽ 89 റൺസ് നേടിയ താരം സിക്സടി മേളം തുടര്‍ന്നപ്പോള്‍ അവസാന നാലോവറിൽ 60 റൺസാണ് ലക്നൗ നേടിയത്.

മൂന്നാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ ദീപക് ഹൂഡയെയും പ്രേരക് മങ്കഡിനെയും ജേസൺ ബെഹ്രെന്‍ഡോര്‍ഫ് വീഴ്ത്തിയപ്പോള്‍ 16 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിനെ പവര്‍പ്ലേ കഴിഞ്ഞ് ആദ്യ പന്തിൽ പിയൂഷ് ചൗള പുറത്താക്കി.

35/3 എന്ന നിലയിലേക്ക് വീണ ലക്നൗവിനെ നാലാം വിക്കറ്റിൽ 82റൺസ് നേടിയ ക്രുണാൽ പാണ്ഡ്യ – മാര്‍ക്കസ് സ്റ്റോയിനിസ് കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. 49 റൺസ് നേടിയ ക്രുണാൽ പാണ്ഡ്യ റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങിയപ്പോള്‍ ലക്നൗ 117/3 എന്ന നിലയിലായിരുന്നു 16 ഓവറിൽ.

ക്രുണാൽ മടങ്ങിയ ശേഷം ഉഗ്രരൂപം പൂണ്ട സ്റ്റോയിനിസ് നിക്കോളസ് പൂരനുമായി ചേര്‍ന്ന് 24 പന്തിൽ നിന്ന് 60 റൺസാണ് നേടിയത്. ഇതിൽ പൂരന്റെ സംഭാവന 8 റൺസ് മാത്രമായിരുന്നു.

സ്റ്റോയിനിസ് ഭാവി ക്യാപ്റ്റൻ ആണെന്ന് ബ്രെറ്റ് ലീ

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിനെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീ. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ ലഖ്നൗ ജയത്തിൽ പ്ലയർ ഓഫ് ദി മാച്ച് ആയിരുന്നു സ്റ്റോയിനിസ്. സ്റ്റോയിനിസ് 72 റൺസും ഒപ്പം ഒരു വിക്കറ്റും നേടി.

“സ്റ്റോയിനിസ് ഒരു ഭാവി ക്യാപ്റ്റനാണ്. അദ്ദേഹത്തിന് മികച്ച ക്രിക്കറ്റ് ബുദ്ധിയുണ്ട്. ടീമിന് ചുറ്റും അദ്ദേഹം എത്ര ശാന്തനാണെന്ന് നോക്കൂ. അവൻ ബാറ്റും പന്തും ഉപയോഗിച്ച് പ്രകടനം നടത്തുന്നു ”ലീ പറഞ്ഞു.

“അവനും നല്ല ക്യാച്ചുകളും എടുക്കുന്നു. അവൻ ഒരു സമ്പൂർണ്ണ പാക്കേജാണ്. ഇന്ന് രാത്രി, അവൻ തന്റെ ക്ലാസ് കാണിച്ചു. ഹോം ഗ്രൗണ്ടിലെ കഠിനനായ വിക്കറ്റിൽ നിന്ന് മാറി നല്ല ബാറ്റിങ് പിച്ച എത്തിയപ്പോൾ അദ്ദേഹം അത് നന്നായി ആഘോഷിച്ചു” ലീ കൂട്ടിച്ചേർത്തു.

വിജയത്തിലും ലഖ്നൗക്ക് ആശങ്ക, സ്റ്റോയിനിസിന് പരിക്ക്

മൊഹാലിയിലെ പിസിഎ സ്റ്റേഡിയത്തിൽ ഇന്ന് വലിയ വിജയം നേടി എങ്കിലും ലഖ്നൗവിന് ഒരു തിരിച്ചടി നേരിടേണ്ടി വന്നു. അവരുടെ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ് കൈവിരലിന് പരിക്കേറ്റ് കളം വിടേണ്ടി വന്നു. ഇന്ന് കൂറ്റൻ സ്കോർ ഉയർത്തിയ ലഖ്നൗവിനു വേണ്ടി 40 പന്തിൽ 72 റൺസ് അടിചൽച്ചിരുന്നു. സ്റ്റോയിനിസ് ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ ഏറ്റവും ഉയർന്ന സ്‌കോറും ഇന്ന് രേഖപ്പെടുത്തി.

ബൗൾ ചെയ്ത് ആദ്യ ഓവറിൽ തന്നെ പഞ്ചാബ് ക്യാപ്റ്റൻ ശിഖർ ധവാനെ സ്റ്റോയിനസ് പുറത്താക്കുകയും ചെയ്തിരുന്നു‌. സ്റ്റോയിനിസ് രണ്ടാം ഓവറിലാണ് പരിക്കേറ്റ് കളം വിട്ടത്‌. ബൗൾ ചെയ്യുമ്പോൾ അഥർവ ടെയ്‌ഡിന്റെ സ്‌ട്രെയിറ്റ് ഡ്രൈവ് തടയാൻ ശ്രമിച്ചപ്പോൾ വിരലിന് പരിക്കേൽക്കുകയായിരുന്നു.

തന്റെ രണ്ടാം ഓവറിലെ അവസാന പന്ത് എറിയാൻ ആകാതെ സ്റ്റോയിനിസ് കളം വിടുകയും ചെയ്തിരുന്നു. സ്റ്റോയിനിസിന്റെ പരിക്ക് എത്ര സാരമുള്ളതാണെന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ വ്യക്തമാകൂ.

രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം ഗുജറാത്തിനെ പൂട്ടി ലക്നൗ, ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ഹാര്‍ദ്ദിക്

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 135 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്തിന് രണ്ടാം ഓവറിൽ ശുഭ്മന്‍ ഗില്ലിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ വെറും 4 റൺസായിരുന്നു. പിന്നീട് വൃദ്ധിമന്‍ സാഹയും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് 68 ൺസാണ് ഗുജറാത്തിനായി നേടിയത്.

47 റൺസ് നേടിയ സാഹയെ പുറത്താക്കി ക്രുണാൽ തന്റെ രണ്ടാം വിക്കറ്റ് നേടുകയായിരുന്നു. ക്രുണാലിനായിരുന്നു ഗില്ലിന്റെ വിക്കറ്റും ലഭിച്ചത്. അടുത്തതായി ക്രീസിലെത്തിയ അഭിനവ് മനോഹറിനെ വേഗത്തിൽ തന്നെ അമിത് മിശ്ര പുറത്താക്കിയപ്പോള്‍ ഗുജറാത്ത് 77/3 എന്ന നിലയിൽ പ്രതിരോധത്തിലായി.

പിന്നീട് ലക്നൗ ബൗളര്‍മാര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദത്തിൽ വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ ഗുജറാത്ത് ബാറ്റ്സ്മാന്മാര്‍ക്ക് സാധിച്ചില്ല. ഇതിനിടെ 10 റൺസ് നേടിയ വിജയ് ശങ്കറിനെ നവീന്‍-ഉള്‍-ഹക്ക് പുറത്താക്കി.

അവസാന ഓവറിൽ സ്റ്റോയിനിസിനെ ഹാര്‍ദ്ദിക്ക് ആദ്യ പന്തിൽ സിക്സര്‍ പറത്തിയെങ്കിലും തൊട്ടടുത്ത പന്തിൽ സ്റ്റോയിനിസ് താരത്തിനെ പുറത്താക്കി. 50 പന്തിൽ 66 റൺസ് നേടിയ ഹാര്‍ദ്ദിക് നാല് സിക്സുകളാണ് അടിച്ചത്. അതേ ഓവറിൽ മില്ലറും പുറത്തായപ്പോള്‍ ഗുജറാത്ത് 135/6 എന്ന സ്കോറില്‍ ഒതുങ്ങി.

ലക്നൗവിനായി ക്രുണാൽ പാണ്ഡ്യയും മാര്‍ക്കസ് സ്റ്റോയിനിസും രണ്ട് വീതം വിക്കറ്റ് നേടി.

 

Exit mobile version