സൂപ്പര്‍ബ് ഷാക്കിബ്, മിന്നല്‍ പിണര്‍ ആയി ലിറ്റണ്‍ ദാസ്, വിന്‍ഡീസിനെ വീണ്ടും വീഴ്ത്തി ബംഗ്ലാദേശ്

ഷാക്കിബ് അല്‍ ഹസന്‍ ഈ ലോകകപ്പിലെ റെഡ് ഹോട്ട് ഫോം തുടര്‍ന്ന മത്സരത്തില്‍ വിന്‍ഡീസിനെയും വീഴ്ത്തി ബംഗ്ലാദേശ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 321 റണ്‍സ് നേടുവാന്‍ വിന്‍ഡീസിനായെങ്കിലും ഷാക്കിബും ഒപ്പം ലിറ്റണ്‍ ദാസും തമീം ഇക്ബാലും തകര്‍ത്ത് കളിച്ചപ്പോള്‍ അടുത്തിടെയായി വിന്‍ഡീസിനെ കെട്ട് കെട്ടിക്കുന്ന പതിവ് ഇന്നും ബംഗ്ലാദേശ് ആവര്‍ത്തിക്കുകയായിരുന്നു. 41.3 ഓവറില്‍ 7 വിക്കറ്റ് വിജയം കരസ്ഥമാക്കുമ്പോള്‍ ബംഗ്ലാദേശ് വിന്‍ഡീസിനെ നിഷ്പ്രഭമാക്കുകയാണ് ചെയ്തത്. 124 റണ്‍സ് നേടിയ ഷാക്കിബ് അല്‍ ഹസനൊപ്പം 94 റണ്‍സ് നേടി ലിറ്റണ്‍ ദാസും ഒപ്പം കൂടിയപ്പോള്‍ ബംഗ്ലാദേശിന്റെ ജയം അനായാസം ആകുകയായിരുന്നു. 135 പന്തില്‍ നിന്ന് 189 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

മികച്ച തുടക്കത്തിനു ശേഷം സൗമ്യ സര്‍ക്കാര്‍(29) പുറത്തായെങ്കിലും തമീമും ഷാക്കിബും ചേര്‍ന്ന് 69 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി ബംഗ്ലാദേശിനെ മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാല്‍ ഷാക്കിബിന്റെ സ്ഥിരം കൂട്ടുകെട്ടിലെ പങ്കാളിയായ മുഷ്ഫിക്കുര്‍ റഹിമിനെ ടീമിനു വേഗത്തില്‍ നഷ്ടമായപ്പോള്‍ 19 ഓവറില്‍ 133/3 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്.

എന്നാല്‍ മത്സരത്തിലെ തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് ഷാക്കിബും ടൂര്‍ണ്ണമെന്റിലെ തന്റെ ആദ്യ മത്സരത്തിനെത്തുന്ന ലിറ്റണ്‍ ദാസും ഇന്ന് പുറത്തെടുത്തത്. ദാസും ഷാക്കിബും തകര്‍ത്ത് കളിച്ചപ്പോള്‍ വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് തൊടുന്നതെല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. യാതൊരുവിധത്തിലുള്ള അവസരവും വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ 35 ഓവറില്‍ ബംഗ്ലാദേശ് 253/3 എന്ന കരുത്താര്‍ന്ന നിലയിലേക്ക് എത്തുകയായിരുന്നു. ഷാക്കിബ് 101 റണ്‍സും ലിറ്റണ്‍ ദാസ് 51 റണ്‍സും നേടി കരുത്തോടെ ക്രീസില്‍ നില്‍ക്കുകയായിരുന്നു അപ്പോള്‍.

99 പന്തില്‍ നിന്നായിരുന്നു ഷാക്കിബിന്റെ മാസ്മരിക ഇന്നിംഗ്സ്. 16 ബൗണ്ടറികളാണ് താരം നേടിയത്. അതേ സമയം 69 പന്തില്‍ നിന്ന് 8 ഫോറും 4 സിക്സും സഹിതമായിരുന്നു ലിറ്റണ്‍ ദാസിന്റെ പ്രകടനം.

ബുംറ തുടങ്ങി, പിന്നെ പിടിമുറുക്കി കുല്‍ദീപും ചഹാലും, ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ

ധോണിയുടെയും കെഎല്‍ രാഹുലിന്റെയും തകര്‍പ്പന്‍ ഇന്നിംഗ്സുകളുടെ ബലത്തില്‍ 359 റണ്‍സ് നേടിയ ഇന്ത്യയ്ക്കെതിരെ ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനു 95 റണ്‍സിന്റെ തോല്‍വി. ജസ്പ്രീത് ബുംറ തുടങ്ങിയ വിക്കറ്റ് വേട്ട പിന്നെ സ്പിന്നര്‍മാര്‍ ഏറ്റെടുത്തപ്പോള്‍ ബംഗ്ലാദേശ് 49.3 ഓവറില്‍ 264 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

മുഷ്ഫിക്കുര്‍ റഹിം 90 റണ്‍സും ലിറ്റണ്‍ ദാസ് 73 റണ്‍സും നേടിയതൊഴിച്ചാല്‍ മറ്റു ബംഗ്ലാദേശ് താരങ്ങള്‍ക്കാര്‍ക്കും തന്നെ മികവുറ്റ പ്രകടനം പുറത്തെടുക്കുവാനായിരുന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവും യൂസുവേന്ദ്ര ചഹാല്‍ മൂന്നും ജസ്പ്രീത് ബുംറ,  എന്നിവര്‍ രണ്ട് വീതം വിക്കറ്റുമാണ് നേടിയത്.

അപരാജിതരായി ബംഗ്ലാദേശ്, അവസാന മത്സരത്തില്‍ 6 വിക്കറ്റ് വിജയം

ത്രിരാഷ്ട്ര പരമ്പരയിലെ അവസാന മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ ആറ് വിക്കറ്റ് ജയം നേടി ബംഗ്ലാദേശ്. ഇന്നലെ നടന്ന മത്സരത്തിലെ വിജയത്തോടെ പരമ്പരയില്‍ അപരാജിതമായ കുതിപ്പാണ് ബംഗ്ലാദേശ് നേടിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശ് ലക്ഷ്യം 43 ഓവറില്‍ നാല് വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടന്നു.

പോള്‍ സ്റ്റിര്‍ലിംഗ് നേടിയ 130 റണ്‍സിന്റെയും വില്യം പോര്‍ട്ടര്‍ഫീല്‍ഡിന്റെ 94 റണ്‍സിന്റെയും ബലത്തിലാണ് അയര്‍ലണ്ട് 292 റണ്‍സിലേക്ക് നീങ്ങിയത്. അതേ സമയം ബംഗ്ലാദേശിനു വേണ്ടി അബു ജയേദ് 5 വിക്കറ്റ് നേടി. മുഹമ്മദ് സൈഫുദ്ദീന്‍ രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനു വേണ്ടി ടോപ് ഓര്‍ഡര്‍ താരങ്ങളുടെ അര്‍ദ്ധ ശതകങ്ങളാണ് വിജയം ഒരുക്കിയത്. ലിറ്റണ്‍ ദാസ് 76 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ തമീം ഇക്ബാല്‍ 57 റണ്‍സും ഷാക്കിബ് അല്‍ ഹസന്‍ 50 റണ്‍സും നേടി. മുഷ്ഫിക്കുര്‍ റഹിം 35 റണ്‍സ് നേടിയപ്പോള്‍ മഹമ്മദുള്ള 35 റണ്‍സ് നേടി പുറത്താകാതെ നിന്നു.

വെള്ളിയാഴ്ച വിന്‍ഡീസുമായാണ് ബംഗ്ലാദേശിന്റെ ഫൈനല്‍ മത്സരം. നേരത്തെ ഇരു ടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോളും ബംഗ്ലാദേശിനായിരുന്നു വിജയം.

തീപ്പൊരി ചിതറിച്ച് ലിറ്റണ്‍ ദാസും വാര്‍ണറും, സില്‍ഹെറ്റ് സിക്സേര്‍സിനു ജയം

രംഗ്പൂര്‍ റൈഡേഴ്സിനെതിരെ 27 റണ്‍സ് ജയം സ്വന്തമാക്കി സില്‍ഹെറ്റ് സിക്സേര്‍സ്. ലിറ്റണ്‍ ദാസ്(70), ഡേവിഡ് വാര്‍ണര്‍(61*) എന്നിവരുടെ തീപ്പൊരി ബാറ്റിംഗിന്റെ മികവില്‍ സില്‍ഹെറ്റ് ആദ്യം ബാറ്റ് ചെയ്ത് 187/5 എന്ന മകിച്ച സ്കോര്‍ നേടുകയായിരുന്നു. സബ്ബിര്‍ റഹ്മാന്‍ 20 റണ്‍സും നിക്കോളസ് പൂരന്‍ 26 റണ്‍സും നേടിയപ്പോള്‍ റൈഡേഴ്സിനു വേണ്ടി ഷൈഫുള്‍ ഇസ്ലാം മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനായി ഇറങ്ങിയ റൈഡേഴ്സിനു ഗെയില്‍ അടക്കമുള്ള ടോപ് ഓര്‍ഡര്‍ താരങ്ങളെ കുറഞ്ഞ സ്കോറിനു നഷ്ടമായത് തിരിച്ചടിയായി. റിലീ റൂസോവ്(58), മുഹമ്മദ് മിഥുന്‍(35), മഷ്റഫെ മൊര്‍തസ(33*) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും 20 ഓവറില്‍ നിന്ന് 160 എന്ന സ്കോര്‍ മാത്രം നേടുവാനെ രംഗ്പൂര്‍ റൈഡേഴ്സിനു സാധിച്ചുള്ളു. മെഹ്ദി ഹസന്‍ റാണ, ടാസ്കിന്‍ അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി സിക്സേര്‍സിനു വേണ്ടി തിളങ്ങി.

ഓള്‍റൗണ്ട് മികവുമായി ഷാക്കിബ്, പരമ്പരയില്‍ ഒപ്പമെത്തി ബംഗ്ലാദേശ്

ഷാക്കിബ് അല്‍ ഹസന്റെ ഓള്‍റൗണ്ട് മികവില്‍ 36 റണ്‍സിന്റെ ജയം സ്വന്തമാക്കി വിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ ഒപ്പമെത്തി ബംഗ്ലാദേശ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്ത് 4 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടുകയായിരുന്നു. ലിറ്റണ്‍ ദാസ്(60) ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാക്കിബ് അല്‍ ഹസനും(42*) മഹമ്മദുള്ളയും(43*) പുറത്താകാതെ നിന്ന് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചു. കൂടാതെ സൗമ്യ സര്‍ക്കാര്‍ 32 റണ്‍സ് നേടി. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍ 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 19.2 ഓവറില്‍ 175 റണ്‍സിനു ഓള്‍ഔട്ട് ആകുകയായിരുന്നു. 50 റണ്‍സ് നേടിയ റോവ്മന്‍ പവലും 36 റണ്‍സ് നേടിയ ഷായി ഹോപുമാണ് ടീമിന്റെ പ്രധാന സ്കോറര്‍മാര്‍. 5 വിക്കറ്റുമായി ഷാക്കിബ് അല്‍ ഹസനാണ് വിന്‍ഡീസ് ചെയിസിംഗിനു തടയിട്ടത്. തന്റെ നാലോവറില്‍ 20 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ഷാക്കിബിന്റെ 5 വിക്കറ്റ് നേട്ടം.

ടെസ്റ്റിനു ശേഷം ഏകദിനത്തിലും ബംഗ്ലാദേശിനു മുന്നില്‍ തകര്‍ന്ന് വിന്‍ഡീസ്

ടെസ്റ്റിലെ പരമ്പര തോല്‍വിയ്ക്ക് ശേഷം ഏകദിനങ്ങളിലും പരാജയം ഏറ്റുവാങ്ങി വിന്‍ഡീസ്. ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ടീമിനു 195/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ലക്ഷ്യം ബംഗ്ലാദേശ് 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടന്നു. 35.1 ഓവറിലായിരുന്നു ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റ് ജയം.

ഷായി ഹോപ്(43), റോഷ്ടണ്‍ ചേസ്(32), കീമോ പോള്‍(36) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ റണ്‍സ് കണ്ടെത്തിയത്. 3 വീതം വിക്കറ്റുമായി മുസ്തഫിസുര്‍ റഹ്മാനും മഷ്റഫേ മൊര്‍തസയും ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനു വേണ്ടി മുഷ്ഫിക്കുര്‍ റഹിം പുറത്താകാതെ അര്‍ദ്ധ ശതകം നേടി. 55 റണ്‍സ് നേടിയ താരത്തിനൊപ്പം ലിറ്റണ്‍ ദാസ്(41), ഷാകിബ് അല്‍ ഹസന്‍(30) എന്നിവരും റണ്‍സ് നേടി. വിന്‍ഡീസ് നിരയില്‍ റോഷ്ടണ്‍ ചേസ് 2 വിക്കറ്റ് നേടി.

പടുകൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്

മഹമ്മദുള്ളയുടെ ശതകത്തിന്റെ ബലത്തില്‍ കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്. ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ് എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ കൂടി നേടിയപ്പോള്‍ ബംഗ്ലാദേശ് രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ 471/8 എന്ന നിലയിലാണ്. 111 റണ്‍സുമായി ബാറ്റ് ചെയ്യുന്ന മഹമ്മദുള്ളയ്ക്കൊപ്പം 26 റണ്‍സുമായി തൈജുള്‍ ഇസ്ലാമാണ് കൂട്ടായി ക്രീസിലുള്ളത്.

ാക്കിബ് 8 റണ്സ് നേടിയപ്പോള്‍ ലിറ്റണ്‍ ദാസ് 54 റണ്‍സ് നേടി.

7 വിക്കറ്റ് ജയത്തിലേക്ക് നയിച്ച് ലിറ്റണ്‍ ദാസും ഇമ്രുല്‍ കൈസും

ബംഗ്ലാദേശിനെ ഏഴ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ച് ലിറ്റണ്‍ ദാസും ഇമ്രുല്‍ കൈസും. ഒന്നാം വിക്കറ്റില്‍ 148 റണ്‍സ് നേടി മികച്ച അടിത്തറ നല്‍കിയ ഓപ്പണിംഗ് കൂട്ടുകെട്ട് ബംഗ്ലാദേശിനെ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ 44.1 ഓവറില്‍ വിജയം നേടുവാന്‍ സഹായിക്കുകയായിരുന്നു. 90 റണ്‍സ് നേടി ഇമ്രുല്‍ കൈസ് ടോപ് സ്കോറര്‍ ആയപ്പോള്‍ ലിറ്റണ്‍ ദാസ് 77 പന്തില്‍ നിന്ന് 83 റണ്‍സ് നേടുകയായിരുന്നു. ജയത്തോടെ പരമ്പര ബംഗ്ലാദേശ് 2-0നു സ്വന്തമാക്കി.

മുഷ്ഫിക്കുര്‍ റഹിം(40*)-മഹമ്മദുള്ള(24*) എന്നിവരാണ് ടീമിന്റെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്. സിംബാബ്‍വേയ്ക്കായി മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് സിക്കന്ദര്‍ റാസയാണ്. മുഹമ്മദ് സൈഫുദ്ദീനാണ് കളിയിലെ താരം.

പതറിയെങ്കിലും വിജയം ഉറപ്പാക്കി ഇന്ത്യ, ഏഷ്യന്‍ ചാമ്പ്യന്മാരായി കിരീടധാരണം

ബാറ്റ്സ്മാന്മാര്‍ക്ക് നീണ്ട ഇന്നിംഗ്സും കേധാര്‍ ജാഥവ് പരിക്കേറ്റ് പിന്മാറിയതുമെല്ലാം ഇന്ത്യന്‍ ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയെങ്കിലും ആരാധകരെ നിരാശരാക്കാതെ ജയം സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശിനെതിരെ 3 വിക്കറ്റ് നേടി ഏഷ്യ കപ്പ് ചാമ്പ്യന്മാരായി മാറുകയായിരുന്നു. 222 റണ്‍സിനു ബംഗ്ലാദേശിനെ പുറത്താക്കിയ ശേഷം ഇന്ത്യ അനായാസം ലക്ഷ്യം മറികടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചതെങ്കിലും ബംഗ്ലാദേശ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കുവാന്‍ അനുവദിക്കാതെ വിക്കറ്റുകള്‍ നേടിയപ്പോള്‍ മത്സരം കൂടുതല്‍ ആവേശകരമായി. അവസാന ഓവറില്‍ 6 റണ്‍സ് ലക്ഷ്യം വേണ്ടിയിരുന്ന ഇന്ത്യ അവസാന പന്തിലാണ് ജയം ഉറപ്പാക്കിയത്. കേധാര്‍ ജാഥവ് 23 റണ്‍സ് നേടിയപ്പോള്‍ നിര്‍ണ്ണായകമായ 5 റണ്‍സുമായി കുല്‍ദീപ് യാദവ് പുറത്താകാതെ നിന്നുയ

അതിവേഗം സ്കോറിംഗ് നടത്താനായില്ലെങ്കില്‍ റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്താനായാതാണ് ഇന്ത്യയ്ക്ക് തുണയായത്. ശിഖര്‍ ധവാനെ(15) നഷ്ടമായ ഉടനെത്തന്നെ അമ്പാട്ടി റായിഡുവിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 46/2 എന്ന നിലയില്‍ നിന്ന് രോഹിത് ശര്‍മ്മയും(48) ദിനേശ് കാര്‍ത്തിക്കും(37) 37 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും റൂബല്‍ ഹൊസൈന്‍ രോഹിത്തിനെ മടക്കിയയച്ചു.

കാര്‍ത്തിക്കിനു കൂട്ടായി ധോണിയെത്തിയ ശേഷം ഇന്ത്യ സിംഗിളുകളില്‍ ഏറെ ആശ്രയിച്ചു റണ്‍റേറ്റ് പരിധിയിലപ്പുറം ഉയരാതെ നിലനിര്‍ത്തി. 54 റണ്‍സാണ് നാലാം വിക്കറ്റില്‍ ധോണിയും കാര്‍ത്തിക്കും നേടിയത്. കൂടുതല്‍ നഷ്ടമില്ലാതെ ഇന്ത്യ വിജയത്തിലേക്ക് തോന്നിപ്പിച്ച നിമിഷത്തിലാണ് ദിനേശ് കാര്‍ത്തിക്കിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി മഹമ്മദുള്ള ബംഗ്ലാദേശ് ക്യാമ്പില്‍ പ്രതീക്ഷ നല്‍കിയത്. ഏറെ വൈകാതെ ധോണി(36) മുസ്തഫിസുറിനു വിക്കറ്റ് നല്‍കിയതും കേധാര്‍ ജാഥവ്(19) പരിക്കേറ്റ് പിന്‍മാറിയതും ഇന്ത്യന്‍ ആരാധകരെ പരിഭ്രാന്തിയിലാക്കി.

എന്നാല്‍ രവീന്ദ്ര ജഡേജയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് സ്കോര്‍ മെല്ലെ ചലിപ്പിച്ച് അവസാന നാലോവറില്‍ നിന്ന് ലക്ഷ്യം 18 റണ്‍സാക്കി ചുരുക്കി. 23 റണ്‍സ് നേടിയ ജഡേജ 47.2 ഓവറില്‍ പുറത്തായ ശേഷം കേധാര്‍ ജാഥവ് ക്രീസിലേക്ക് മടങ്ങിയെത്തുമ്പോള്‍ 16 പന്തില്‍ 11 റണ്‍സായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്. ജഡേജയെ റൂബല്‍ ഹൊസൈന്‍ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ മുസ്തഫിസുര്‍ റഹ്മാന്‍ ഭുവനേശ്വര്‍ കുമാറിനെ(21) പുറത്താക്കി.

കുല്‍ദീപ് യാദവിനെ കൂട്ടുപിടിച്ച് ലക്ഷ്യം ആറ് പന്തില്‍ ആറാക്കി മാറ്റുവാന്‍ കേധാര്‍ ജാഥവിനു ആയി. അവസാന ഓവര്‍ എറിയാന്‍ സൗമ്യ സര്‍ക്കാരിനു ആദ്യം ബംഗ്ലാദേശ് പന്ത് കൈമാറിയെങ്കിലും നിദാഹസ് ട്രോഫിയുടെ ഓര്‍മ്മകളില്‍ തീരുമാനം മാറ്റി മഹമ്മദുള്ളയില്‍ ദൗത്യം ഏല്പിക്കുകയായിരുന്നു. ആദ്യ മൂന്ന് പന്തുകളില്‍ നിന്ന് സിംഗിളുകളും ഡബിളും നേടി ഇന്ത്യ ലക്ഷ്യം 3 പന്തില്‍ നിന്ന് രണ്ടാക്കി ചുരുക്കി. നാലാം പന്തില്‍ കുല്‍ദീപിനു റണ്ണെടുക്കാന്‍ സാധിക്കാതെ വന്നുവെങ്കിലും തൊട്ടടുത്ത പന്തില്‍ സിംഗിള്‍ നേടി കുല്‍ദീപ് സ്കോറുകള്‍ ഒപ്പമെത്തിച്ചു. അവസാന പന്തില്‍ ലെഗ് ബൈയിലൂടെ ഇന്ത്യ ഏഴാം തവണ ഏഷ്യ കപ്പ് ചാമ്പ്യന്മാരായി.

ബംഗ്ലാദേശ് ബൗളര്‍മാരില്‍ മുസ്തഫിസുര്‍ റഹ്മാനും റൂബല്‍ ഹൊസൈനുമാണ് ക്യാപ്റ്റന്‍ മഷ്റഫേ മൊര്‍തസയ്ക്കൊപ്പം റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചത്. റൂബലും മുസ്തഫിസുറും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ നസ്മുള്‍ ഇസ്ലാം, മഷ്റഫേ മൊര്‍തസ, മഹമ്മദുള്ള എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

 

പൊരുതി നോക്കി ലിറ്റണ്‍ ദാസ്, ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ നോക്കുകുത്തികളായി മറ്റു താരങ്ങള്‍

ലിറ്റണ്‍ ദാസിന്റെ ഒറ്റയാള്‍ പ്രകടനത്തിനു ശേഷം ഇന്ത്യയ്ക്കെതിരെ ഏഷ്യ കപ്പ് ഫൈനലില്‍ തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്. ടോസ് നേടി ബംഗ്ലാദേശിനോട് ബാറ്റിംഗ് ആവശ്യപ്പെട്ട ഇന്ത്യയെ ഓപ്പണിംഗില്‍ ഒരു സര്‍പ്രൈസുമായാണ് ബംഗ്ലാദേശ് നേരിട്ടത്. സ്ഥിരം ഓപ്പണര്‍മാര്‍ക്ക് പകരം മെഹ്ദി ഹസനെ പരീക്ഷിച്ചാണ് ബംഗ്ലാദേശ് ഇന്നത്തെ മത്സരം തുടങ്ങിയത്. ഇന്ത്യയ്ക്കെതിരെ ഫൈനലില്‍ നേടുന്ന വേഗമേറിയ അര്‍ദ്ധ ശതകം ഒരു പന്തിന്റെ വ്യത്യാസത്തില്‍ നഷ്ടമായെങ്കിലും 33 പന്തില്‍ അര്‍ദ്ധ ശതകം തികച്ച ദാസിന്റെയും മെഹ്ദി ഹസന്റെയും മികവില്‍ ഒന്നാം വിക്കറ്റില്‍ ബംഗ്ലാദേശ് 20.5 ഓവറില്‍ നിന്ന് 120 റണ്‍സ് നേടുകയായിരുന്നു.

കുതിയ്ക്കുകയായിരുന്നു ബംഗ്ലാദേശിനെ കേധാര്‍ ജാഥവ് ആണ് ആദ്യ പ്രഹരം ഏല്പിച്ചത്. 32 റണ്‍സ് നേടി മെഹ്ദി ഹസനെ അമ്പാട്ടി റായിഡുവിന്റെ കൈകളിലെത്തിച്ച കേധാര്‍ മുഷ്ഫിക്കുര്‍ റഹിമിനെയും പുറത്താക്കി. അതിനു മുമ്പ് തന്നെ ഇമ്രുല്‍ കൈസിന്റെ വിക്കറ്റ് ചഹാല്‍ വീഴ്ത്തിയിരുന്നു. ഒരു വശത്ത് തന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ലിറ്റണ്‍ ദാസ് തുടര്‍ന്നപ്പോളും മറുവശത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ സംഹാര താണ്ഡവമാടുകയായിരുന്നു.

117 പന്തില്‍ നിന്ന് 121 റണ്‍സ് നേടിയ ലിറ്റണ്‍ ദാസിനെ കുല്‍ദീപിന്റെ പന്തില്‍ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 12 ഫോറും 2 സിക്സുമാണ് താരം സ്വന്തമാക്കിയത്. സൗമ്യ സര്‍ക്കാരാണ്(33) രണ്ടക്കം കടന്ന മറ്റൊരു താരം. 48.3 ഓവറില്‍ 222 റണ്‍സിനു ബംഗ്ലാദേശ് ഓള്‍ഔട്ടാവുകയായിരുന്നു. 20.4 ഓവറില്‍ 120/0 എന്ന നിലയില്‍ നിന്ന് 222 റണ്‍സിനു പുറത്താക്കി ബംഗ്ലാദേശിനെതിരെ മികച്ച തിരിച്ചുവരവാണ് ഇന്ത്യന്‍ ബൗളര്‍മാരാണ് മത്സരത്തില്‍ നടത്തിയത്.

ഇന്ത്യയ്ക്കായി ഇന്നിംഗ്സിലെ അവസാന വിക്കറ്റ് ഒഴികെ എല്ലാം സ്പിന്നര്‍മാരാണ് വിക്കറ്റുകള്‍ എല്ലാം നേടിയത്. കുല്‍ദീപ് മൂന്നും കേധാര്‍ ജാഥവ് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ചഹാല്‍ ഒരു വിക്കറ്റുമായി ഒപ്പം കൂടി. മൂന്ന് ബംഗ്ലാദേശ് താരങ്ങള്‍ റണ്ണൗട്ടായി മടങ്ങി.

ഐക്കണ്‍ താരങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ച് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്

അടുത്ത സീസണ്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഐക്കണ്‍ താരങ്ങള്‍ വേണ്ടെന്ന് വെച്ച് ബോര്‍ഡ്. പ്രാദേശിക ഐക്കണ്‍ താരങ്ങളെ ഒഴിവാക്കി പകരം എ+ എന്നൊരു വിഭാഗത്തെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ബോര്‍ഡ്. നിലവിലുള്ള എ, ബി, സി, ഡി, ഇ വിഭാഗങ്ങള്‍ക്ക് പുറമേയുള്ള പുതിയ വിഭാഗമാണ് എ+.

വരുന്ന ഡ്രാഫ്ടില്‍ ഈ വിഭാഗങ്ങളില്‍ നിന്ന് താരങ്ങളെ ഫ്രാഞ്ചൈസികള്‍ക്ക് തിരഞ്ഞെടുക്കാം. മുസ്തഫിസുര്‍ റഹ്മാനെയും ലിറ്റണ്‍ ദാസിനെയും ഈ പുതിയ എ+ വിഭാഗത്തിലേക്ക് ചേര്‍ത്തിട്ടുണ്ട്. അതേ സമയം സബ്ബിര്‍ റഹ്മാനും സൗമ്യ സര്‍ക്കാരും ഈ വിഭാഗത്തില്‍ നിന്ന് പുറത്തായി. ഷാക്കിബ് അല്‍ ഹസന്‍, തമീം ഇക്ബാല്‍, മുഷ്ഫിക്കുര്‍ റഹിം, മഹമ്മദുള്ള, മഷ്റഫേ മൊര്‍തസ എന്നിവരാണ് എ+ വിഭാഗത്തിലെ മറ്റു താരങ്ങള്‍.

Exit mobile version