ശ്രീലങ്കന്‍ പരമ്പരയ്ക്ക് റൂബല്‍ ഹൊസൈനും ഹസന്‍ മഹമ്മൂദുമില്ല

ബംഗ്ലാദേശിന്റെ ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരകളുടെ തയ്യാറെടുപ്പുകള്‍ക്ക് തിരിച്ചടി. പേസര്‍മാരായ റൂബല്‍ ഹൊസൈനും ഹസന്‍ മഹമ്മൂദും പരിക്ക് മൂലം പരമ്പരയില്‍ കളിക്കില്ലെന്നാണ് ബോര്‍ഡ് പ്രഖ്യാപിച്ചത്. പുറംവേദനയുള്ള താരങ്ങള്‍ക്ക് റീഹാബിലിറ്റേഷന്‍ കഴിഞ്ഞ മാത്രമേ കളിക്കളത്തിലേക്ക് മടങ്ങിയെത്താനാകൂ എന്നാണ് ലഭിയ്ക്കുന്ന വിവരം.

ഫിറ്റ്നെസ്സ് പ്രശ്നങ്ങള്‍ ഉള്ള ആരെയും ഉള്‍പ്പെടുത്തുന്നില്ലെന്നാണ് തീരുമാനമെന്നാണ് ബിസിബി ചീഫ് സെലക്ടര്‍ മിന്‍ഹാജുല്‍ അബേദിന്‍ വ്യക്തമാക്കിയത്. മേയ് 23ന് ആരംഭിയ്ക്കുന്ന പരമ്പരയ്ക്കായി 23 അംഗ പ്രാഥമിക സംഘത്തില്‍ നിന്ന് ഈ രണ്ട് താരങ്ങള്‍ ഒഴിവായതോടെ സംഘത്തില്‍ ഇപ്പോള്‍ 21 പേരാണുള്ളത്.

 

5 ടാക്കയുടെ മാസ്ക് ഇവിടെ വില്‍ക്കുന്നത് 50ന്, കൊള്ള വില്പന ചൂണ്ടിക്കാണിച്ച് റൂബല്‍ ഹൊസൈന്‍

ലോകത്ത് കൊറോണ പകര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശില്‍ മാസ്ക് കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി ബംഗ്ലാദേശ് പേസ് ബൗളര്‍ റൂബല്‍ ഹൊസൈന്‍. അഞ്ച് ടാക്ക മാത്രം വിലയുള്ള മാസ്കുകള്‍ ഈ സാഹചര്യം മുതലെടുത്ത് 50 രൂപയ്ക്കൊക്കെയാണ് കമ്പനികള്‍ വില്‍ക്കുന്നതെന്നാണ് റുബല്‍ ഹൊസൈന്‍ പറയുന്നത്.

സാനിറ്റൈസറുകള്‍ക്കും മാസ്കുകള്‍ക്കും ആവശ്യം ഉയര്‍ന്നപ്പോള്‍ കമ്പനികള്‍ വില കൂട്ടുകയാണുണ്ടായത്. തന്റെ ഫേസ്ബുക്കില്‍ ബംഗളയിലാണ് റൂബല്‍ ഹൊസൈന്‍ ഈ കമ്പനികളുടെ നിലപാടിനെക്കുറിച്ച് വ്യക്തമാക്കിയത്.

നമ്മള്‍ അത്യാഗ്രഹവും ക്രൂരതയും നിറഞ്ഞ രാജ്യത്തിലാണ് ജീവിക്കുന്നത്. ചൈനയില്‍ ഈ മഹാമാരിയുടെ പേരില്‍ മാസ്കുകള്‍ക്ക് വില കുറച്ചപ്പോള്‍ നമ്മുടെ നാട്ടില്‍ അത് ഉയര്‍ത്തുകയാണ് അത്യാഗ്രഹികള്‍ എന്ന് റൂബല്‍ പരാമര്‍ശിച്ചു. 5 ടാക്ക വിലയുള്ളതിന് 50ഉം 20 ടാക്കയുടേത് 150നുമൊക്കെയാണ് ഈടാക്കുന്നത്.

അവസാന ഓവറുകളില്‍ കത്തിക്കയറി ധോണി, രാഹുലിനും ശതകം

ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ തുടക്കം പാളിയെങ്കിലും 350നു മുകളിലേക്ക് ടീമിന്റെ സ്കോര്‍ നയിച്ച് എംഎസ് ധോണിയും കെഎല്‍ രാഹുലും. ഇരുവരും 102/4 എന്ന നിലയില്‍ ഒത്തുകൂടിയ ശേഷം അഞ്ചാം വിക്കറ്റില്‍ 164 റണ്‍സാണ് നേടിയത്. 99 പന്തില്‍ നിന്ന് 108 റണ്‍സ് നേടിയ രാഹുലിനെ ഇന്ത്യയ്ക്ക് ഇന്നിംഗ്സിന്റെ അവസാനത്തോടെ നഷ്ടമായെങ്കിലും എംഎ് ധോണിയുടെ വെടിക്കെട്ട് പ്രകടനം ടീമിന്റെ സ്കോര്‍ 300 കടത്തുകയായിരുന്നു. ധോണിയുടെ തകര്‍പ്പന്‍ പ്രകടനം കൂടിയായപ്പോള്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ നിന്ന് 359 റണ്‍സാണ് നേടിയത്.

തുടക്കം പാളിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ രണ്ട് പേരെയും 13.3 ഓവറില്‍ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് 50 ആയിരുന്നു. 47 റണ്‍സ് നേടി മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന വിരാട് കോഹ്‍ലിയെ നഷ്ടമായ ശേഷം വിജയ് ശങ്കറും വേഗം മടങ്ങിയ ശേഷം മത്സരം മാറ്റി മറിയ്ക്കുന്നു കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കായി രാഹുലും ധോണിയും പുറത്തെടുത്തത്.

എംഎസ് ധോണി 78 പന്തില്‍ നിന്ന് 113 റണ്‍സ് നേടി അവസാന ഓവറില്‍ പുറത്താകുകയായിരുന്നു. ഏഴ് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 2 വീതം വിക്കറ്റുമായി ഷാക്കിബ് അല്‍ ഹസനും റൂബല്‍ ഹൊസൈനുമാണ് ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങിയത്. അവസാന രണ്ട് പന്തുകളില്‍ നിന്ന് ഒരു സിക്സും ഫോറും നേടിയ ജഡേജ(11*)യും ഹാര്‍ദ്ദിക് പാണ്ഡ്യയും(21) ശ്രദ്ധേയമായ സംഭാവനകള്‍ ഇന്ത്യയ്ക്കായി നേടി.

ധാക്ക ഫൈനലിലെത്തിച്ച് ആന്‍ഡ്രേ റസ്സല്‍ വെടിക്കെട്ട്, രംഗ്പൂര്‍ റൈഡേഴ്സിനെതിരെ 5 വിക്കറ്റ് ജയം

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫയറില്‍ വിജയം കരസ്ഥമാക്കി ധാക്ക ഡൈനാമൈറ്റ്സ്. ജയത്തോടെ ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് ധാക്ക യോഗ്യത നേടി. ധാക്കയ്ക്ക് ഫൈനലിലെ എതിരാളികള്‍ കോമില്ല വിക്ടോറിയന്‍സ് ആണ്. 142 റണ്‍സിനു രംഗ്പൂര്‍ റൈഡേഴ്സിനെ പുറത്താക്കിയ ശേഷം 16.4 ഓവറില്‍ 147 റണ്‍സ് നേടിയാണ് ധാക്ക വിജയം ഉറപ്പിച്ചത്.

ഒരു ഘട്ടത്തില്‍ 97/5 എന്ന നിലയിലേക്ക് വീണ് ധാക്കയെ 19 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയ ആന്‍ഡ്രേ റസ്സലാണ് കലാശപ്പോരാട്ടത്തിനു യോഗ്യത നല്‍കിയത്. 5 സിക്സുകളുടെ സഹായത്തോടെയായിരുന്നു റസ്സലിന്റെ വെടിക്കെട്ട്. റോണി താലുക്ദാര്‍(35), ഷാക്കിബ് അല്‍ ഹസന്‍(23) എന്നിവരും നിര്‍ണ്ണായകമായ പ്രകടനങ്ങള്‍ പുറത്തെടുത്തു. 16.4 ഓവറിലായിരുന്നു ധാക്കയുടെ ആധികാരിക വിജയം. രംഗ്പൂരിനായി മഷ്റഫെ മൊര്‍തസ രണ്ട് വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത രംഗ്പൂരിനെ റൂബല്‍ ഹൊസൈന്റെ 4 വിക്കറ്റുകളാണ് പിടിച്ചുകെട്ടിയത്. 49 റണ്‍സ് നേടിയ രവി ബൊപ്പാരയും മുഹമ്മദ് മിഥുന്‍(38), നദീഫ് ചൗധരി(27) എന്നിവരുടെ പ്രകടനങ്ങളുമാണ് രംഗ്പൂര്‍ റൈഡേഴ്സിനെ 142 റണ്‍സ് നേടുവാന്‍ സഹായിച്ചത്. റൂബലിനൊപ്പം രണ്ട് വീതം വിക്കറ്റുമായി ഖാസി ഒനിക്കും ആന്‍ഡ്രേ റസ്സലും എത്തിയപ്പോള്‍ രംഗ്പൂരിന്റെ ഇന്നിംഗ്സ് 19.4 ഓവറില്‍ അവസാനിച്ചു.

വെടിക്കെട്ട് തുടക്കവുമായി ഹസ്രത്തുള്ള സാസായി, ധാക്ക ഡൈനാമൈറ്റ്സിനു ആധികാരിക ജയം

രാജ്ഷാഹി കിംഗ്സിനെ തറപ്പറ്റിച്ച് ധാക്ക ഡൈനാമൈറ്റ്സ്. ഇന്നലെ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ധാക്ക 189/5 എന്ന മികച്ച സ്കോര്‍ 20 ഓവറില്‍ നിന്ന് നേടുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ സുനില്‍ നരൈനുമായി ചേര്‍ന്ന് 116 റണ്‍സാണ് സാസായി നേടിയത്. 38 റണ്‍സ് നേടിയ നരൈനെ നഷ്ടമായി ഏറെ വൈകാതെ സാസായിയും 41 പന്തില്‍ നിന്ന് 78 റണ്‍സ് നേടി മടങ്ങുകയായിരുന്നു. പിന്നീട് നേരിയ തകര്‍ച്ച ധാക്ക നേരിട്ടുവെങ്കിലും ആന്‍ഡ്രേ റസ്സല്‍(21*) ഷുവഗാത ഹോം(14 പന്തില്‍ പുറത്താകാതെ 38 റണ്‍സ്) എന്നിവര്‍ ചേര്‍ന്ന് മികച്ച സ്കോറിലേക്ക് ധാക്കയെ നയിച്ചു. രണ്ട് വിക്കറ്റ് നേടിയ അരാഫത്ത് സണ്ണിയാണ് കിംഗ്സിന്റെ ബൗളര്‍മാരില്‍ തിളങ്ങിയത്.

കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ കിംഗ്സിനു ഒരു ഘട്ടത്തിലും ധാക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തുവാന്‍ കഴിഞ്ഞിരുന്നില്ല. 29 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസ് ആണ് ടീമിന്റെ ടോപ് സ്കോറര്‍ ആയത്. നൂറിനു താഴെ ടീം പുറത്താകുമെന്ന് കരുതിയെങ്കിലും പത്താം വിക്കറ്റില്‍ സണ്ണിയും മുസ്തഫിസുര്‍ റഹ്മാനും ചേര്‍ന്ന് നേടിയ 26 റണ്‍സാണ് ടീമിനെ നൂറ് കടക്കുവാന്‍ സഹായിച്ചത്. അരാഫത്ത് സണ്ണി 18 റണ്‍സ് നേടി പുറത്തായപ്പോള്‍ മുസ്തഫിസു‍ര്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു.

ധാക്കയ്ക്കായി റൂബല്‍ ഹൊസൈന്‍ മൂന്നും മോഹോര്‍ ഷെയ്ഖ് രണ്ടും വിക്കറ്റ് നേടി.

മത്സര ഗതി മാറ്റിയ ഭുവിയുടെ സിക്സര്‍

നേടേണ്ടത് 223 റണ്‍സായിരുന്നുവെങ്കിലും ബുദ്ധിമുട്ടി വെള്ളം കുടിച്ച് അവസാന പന്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാനായത്. ലിറ്റണ്‍ ദാസ് 121 റണ്‍സ് നേടി തിളങ്ങിയ വിക്കറ്റില്‍ ബംഗ്ലാദേശിലെ മറ്റു താരങ്ങളും ഇന്ത്യന്‍ താരങ്ങളും നിലയുറപ്പിക്കുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ഇന്ന് ദുബായിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കണ്ടത്. രോഹിത് അര്‍ദ്ധ ശതകത്തിനരികിലെത്തി പുറത്തായ ശേഷം ഇന്ത്യന്‍ നിരയില്‍ ദിനേശ് കാര്‍ത്തിക്ക്, എംഎസ് ധോണി എന്നിവര്‍ക്ക് തുടക്കം ലഭിച്ചുവെങ്കിലും വേഗത്തില്‍ സ്കോര്‍ ചലിപ്പിക്കാനാകാതെ പോയതും നിര്‍ണ്ണായക ഘടത്തില്‍ പുറത്താകുകയും ചെയ്തത് ഇന്ത്യയ്ക്ക് ചെറിയ തലവേദനയല്ല സൃഷ്ടിച്ചത്.

റണ്‍സ് വഴങ്ങാതെ കണിശതയോടെ പന്തെറിഞ്ഞ റൂബല്‍ ഹൊസൈന്‍ രണ്ട് വിക്കറ്റ് നേടിയത് വെറും 26 റണ്‍സ് തന്റെ പത്തോവറില്‍ നിന്ന് വിട്ടു നല്‍കിയാണ്. ആ റൂബല്‍ ഹൊസൈനെ സിക്സര്‍ പറത്തിയ ഭുവിയുടെ ആ ഷോട്ടാണ് മത്സരത്തില്‍ സ്ഥിതി ഇന്ത്യയ്ക്ക് അനുകൂലമാക്കി സമ്മര്‍ദ്ദം കുറച്ചത്. പുറത്താകുന്നതിനു മുമ്പ് മുസ്തഫിസുറിന്റെ പന്തില്‍ ഒരു ബൗണ്ടറി നേടിയതും ഭുവി തന്നെയാണ്. 46ാം ഓവറിലെ മൂന്നാം പന്തിലാണ് ഇന്ത്യയുടെ കിരീടധാരണത്തില്‍ നിര്‍ണ്ണായകമായ ആ സിക്സ് പിറന്നത്. ലോംഗ് ഓഫിനു മുകളിലൂടെ ഭുവി പായിച്ച ആ പന്താണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്ന് വിശ്വസിക്കാനാകും ഇന്ത്യന്‍ ആരാധകര്‍ക്കും താല്പര്യം.

പതറിയെങ്കിലും വിജയം ഉറപ്പാക്കി ഇന്ത്യ, ഏഷ്യന്‍ ചാമ്പ്യന്മാരായി കിരീടധാരണം

ബാറ്റ്സ്മാന്മാര്‍ക്ക് നീണ്ട ഇന്നിംഗ്സും കേധാര്‍ ജാഥവ് പരിക്കേറ്റ് പിന്മാറിയതുമെല്ലാം ഇന്ത്യന്‍ ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയെങ്കിലും ആരാധകരെ നിരാശരാക്കാതെ ജയം സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശിനെതിരെ 3 വിക്കറ്റ് നേടി ഏഷ്യ കപ്പ് ചാമ്പ്യന്മാരായി മാറുകയായിരുന്നു. 222 റണ്‍സിനു ബംഗ്ലാദേശിനെ പുറത്താക്കിയ ശേഷം ഇന്ത്യ അനായാസം ലക്ഷ്യം മറികടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചതെങ്കിലും ബംഗ്ലാദേശ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കുവാന്‍ അനുവദിക്കാതെ വിക്കറ്റുകള്‍ നേടിയപ്പോള്‍ മത്സരം കൂടുതല്‍ ആവേശകരമായി. അവസാന ഓവറില്‍ 6 റണ്‍സ് ലക്ഷ്യം വേണ്ടിയിരുന്ന ഇന്ത്യ അവസാന പന്തിലാണ് ജയം ഉറപ്പാക്കിയത്. കേധാര്‍ ജാഥവ് 23 റണ്‍സ് നേടിയപ്പോള്‍ നിര്‍ണ്ണായകമായ 5 റണ്‍സുമായി കുല്‍ദീപ് യാദവ് പുറത്താകാതെ നിന്നുയ

അതിവേഗം സ്കോറിംഗ് നടത്താനായില്ലെങ്കില്‍ റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്താനായാതാണ് ഇന്ത്യയ്ക്ക് തുണയായത്. ശിഖര്‍ ധവാനെ(15) നഷ്ടമായ ഉടനെത്തന്നെ അമ്പാട്ടി റായിഡുവിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 46/2 എന്ന നിലയില്‍ നിന്ന് രോഹിത് ശര്‍മ്മയും(48) ദിനേശ് കാര്‍ത്തിക്കും(37) 37 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും റൂബല്‍ ഹൊസൈന്‍ രോഹിത്തിനെ മടക്കിയയച്ചു.

കാര്‍ത്തിക്കിനു കൂട്ടായി ധോണിയെത്തിയ ശേഷം ഇന്ത്യ സിംഗിളുകളില്‍ ഏറെ ആശ്രയിച്ചു റണ്‍റേറ്റ് പരിധിയിലപ്പുറം ഉയരാതെ നിലനിര്‍ത്തി. 54 റണ്‍സാണ് നാലാം വിക്കറ്റില്‍ ധോണിയും കാര്‍ത്തിക്കും നേടിയത്. കൂടുതല്‍ നഷ്ടമില്ലാതെ ഇന്ത്യ വിജയത്തിലേക്ക് തോന്നിപ്പിച്ച നിമിഷത്തിലാണ് ദിനേശ് കാര്‍ത്തിക്കിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി മഹമ്മദുള്ള ബംഗ്ലാദേശ് ക്യാമ്പില്‍ പ്രതീക്ഷ നല്‍കിയത്. ഏറെ വൈകാതെ ധോണി(36) മുസ്തഫിസുറിനു വിക്കറ്റ് നല്‍കിയതും കേധാര്‍ ജാഥവ്(19) പരിക്കേറ്റ് പിന്‍മാറിയതും ഇന്ത്യന്‍ ആരാധകരെ പരിഭ്രാന്തിയിലാക്കി.

എന്നാല്‍ രവീന്ദ്ര ജഡേജയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് സ്കോര്‍ മെല്ലെ ചലിപ്പിച്ച് അവസാന നാലോവറില്‍ നിന്ന് ലക്ഷ്യം 18 റണ്‍സാക്കി ചുരുക്കി. 23 റണ്‍സ് നേടിയ ജഡേജ 47.2 ഓവറില്‍ പുറത്തായ ശേഷം കേധാര്‍ ജാഥവ് ക്രീസിലേക്ക് മടങ്ങിയെത്തുമ്പോള്‍ 16 പന്തില്‍ 11 റണ്‍സായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്. ജഡേജയെ റൂബല്‍ ഹൊസൈന്‍ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ മുസ്തഫിസുര്‍ റഹ്മാന്‍ ഭുവനേശ്വര്‍ കുമാറിനെ(21) പുറത്താക്കി.

കുല്‍ദീപ് യാദവിനെ കൂട്ടുപിടിച്ച് ലക്ഷ്യം ആറ് പന്തില്‍ ആറാക്കി മാറ്റുവാന്‍ കേധാര്‍ ജാഥവിനു ആയി. അവസാന ഓവര്‍ എറിയാന്‍ സൗമ്യ സര്‍ക്കാരിനു ആദ്യം ബംഗ്ലാദേശ് പന്ത് കൈമാറിയെങ്കിലും നിദാഹസ് ട്രോഫിയുടെ ഓര്‍മ്മകളില്‍ തീരുമാനം മാറ്റി മഹമ്മദുള്ളയില്‍ ദൗത്യം ഏല്പിക്കുകയായിരുന്നു. ആദ്യ മൂന്ന് പന്തുകളില്‍ നിന്ന് സിംഗിളുകളും ഡബിളും നേടി ഇന്ത്യ ലക്ഷ്യം 3 പന്തില്‍ നിന്ന് രണ്ടാക്കി ചുരുക്കി. നാലാം പന്തില്‍ കുല്‍ദീപിനു റണ്ണെടുക്കാന്‍ സാധിക്കാതെ വന്നുവെങ്കിലും തൊട്ടടുത്ത പന്തില്‍ സിംഗിള്‍ നേടി കുല്‍ദീപ് സ്കോറുകള്‍ ഒപ്പമെത്തിച്ചു. അവസാന പന്തില്‍ ലെഗ് ബൈയിലൂടെ ഇന്ത്യ ഏഴാം തവണ ഏഷ്യ കപ്പ് ചാമ്പ്യന്മാരായി.

ബംഗ്ലാദേശ് ബൗളര്‍മാരില്‍ മുസ്തഫിസുര്‍ റഹ്മാനും റൂബല്‍ ഹൊസൈനുമാണ് ക്യാപ്റ്റന്‍ മഷ്റഫേ മൊര്‍തസയ്ക്കൊപ്പം റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചത്. റൂബലും മുസ്തഫിസുറും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ നസ്മുള്‍ ഇസ്ലാം, മഷ്റഫേ മൊര്‍തസ, മഹമ്മദുള്ള എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

 

പാസ്പോര്‍ട്ടുകള്‍ ലഭിയ്ക്കുക ഇന്ന്, യാത്ര വൈകി തമീം ഇക്ബാലും റൂബന്‍ ഹൊസൈനും

ഏഷ്യ കപ്പിനായി ബംഗ്ലാദേശ് ദേശീയ ടീം യുഎഇയിലേക്ക് ഇന്നലെ യാത്ര തിരിച്ചപ്പോള്‍ ടീമിനൊപ്പം യാത്ര ചെയ്യാനാകാതെ തമീം ഇക്ബാലും റൂബല്‍ ഹൊസൈനും. സമയത്തിനു തങ്ങളുടെ പാസ്പോര്‍ട്ട് താരങ്ങള്‍ക്ക് ലഭിക്കാത്തതിനാലാണ് ടീമിനൊപ്പമുള്ള ഇവരുടെ യാത്ര വൈകിയത്. ഇന്ന് ഇവരുടെ പാസ്പോര്‍ട്ടുകള്‍ ലഭിയ്ക്കുമെന്നും യുഎഇയിലേക്ക് യാത്രയാകുവാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടീമിനൊപ്പം ഇരുവരും ചൊവ്വാഴ്ചയോ ബുധനാഴ്ചയോ മാത്രമേ ഇപ്പോളത്തെ സാഹചര്യത്തില്‍ എത്തുകയുള്ളു. അമേരിക്കയിലുള്ള വൈസ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും ടീമിനൊപ്പമില്ല. ഷാക്കിബ് നേരിട്ട് അമേരിക്കയില്‍ നിന്ന് എത്തുമെന്നാണ് അറിയുന്നത്.

ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കൊപ്പമാണ് ബംഗ്ലാദേശ് മത്സരിക്കുക. സെപ്റ്റംബര്‍ 15നു ശ്രീലങ്കയുമായും സെപ്റ്റംബര്‍ 20നു അഫ്ഗാനിസ്ഥാനുമായാണ് ടീമിന്റെ മത്സരങ്ങള്‍.

പെരുമാറ്റച്ചട്ട ലംഘനം, റൂബല്‍ ഹൊസൈനു ശിക്ഷ

വിന്‍ഡീസിനെതിരെ പരമ്പര ജയം സ്വന്തമാക്കിയ മത്സരത്തില്‍ പെരുമാറ്റച്ചട്ട ലംഘനത്തിനു ബംഗ്ലാദേശ് ബൗളര്‍ റൂബല്‍ ഹൊസൈനെതിരെ അച്ചടക്ക നടപടി. താരത്തിനെ ഐസിസിയുടെ 2.1.4 ആര്‍ട്ടിക്കിള്‍ പ്രകാരം മത്സരത്തിനിടെ അസഭ്യം പറഞ്ഞതിനാണ് നടപടി. ഒരു ഡീമെറിറ്റ് പോയിന്റ് താരത്തിനെതിരെ ചുമത്തിയിട്ടുണ്ട്. റൂബല്‍ ഹൊസൈനു ഇപ്പോള്‍ 2 ഡീമെറിറ്റ് പോയിന്റാണുള്ളത്. നേരത്തെ അഫ്ഗാനിസ്ഥാന്‍ ടി20യ്ക്കിടയിലും താരത്തിനു ഒരു ഡീമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു.

ഇന്നിംഗ്സിന്റെ ഇരുപത്തിയെട്ടാം ഓവറില്‍ ഷിമ്രണ്‍ ഹെറ്റ്മ്യറിനെതിരെയാണ് താരം അസഭ്യം പറഞ്ഞത് സ്റ്റംപ് മൈക്കില്‍ കേള്‍ക്കുകയായിരുന്നു. താരം കുറ്റം സമ്മതിച്ചതിനാല്‍ ഐസിസിയുടെ ഹിയറിംഗ് ആവശ്യമായി വന്നില്ല. മാച്ച് ഫീസിന്റെ 50% പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റുമാണ് ലെവല്‍ 1 കുറ്റത്തിനുള്ള ശിക്ഷ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടെസ്റ്റിലെ മോശം പ്രകടനം, ഏകദിന ടീമിലെ സ്ഥാനം ബംഗ്ലാദേശ് താരത്തിനു നഷ്ടമാകും

ആദ്യ ടെസ്റ്റിലെ മോശം പ്രകടനം കാരണം റൂബല്‍ ഹൊസൈനേ ഏകദിന പരമ്പരയിലേക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കുന്നതിനെപ്പറ്റിയാലോചിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും 219 റണ്‍സിനുമാണ് ബംഗ്ലാദേശ് തോല്‍വി പിണഞ്ഞത്. ടെസ്റ്റ് സ്ക്വാഡിനൊപ്പം ഏകദിന സ്ക്വാഡിലും റൂബല്‍ ഹൊസൈനേ ഉള്‍പ്പെടുത്തിയെങ്കിലും താരം ടെസറ്റ് പരമ്പരയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുമെന്നാണ് അറിയുന്നത്.

മുസ്തഫിസുര്‍ റഹ്മാന്‍ പരിക്കില്‍ നി്നന് ഭേദപ്പെട്ട് വരുന്നതും താരത്തെ മടക്കി വിളിക്കുവാന്‍ കാരണമാണെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചത്. മുസ്തഫിസുറിന്റെ പരിക്ക് കണക്കിലെടുത്താണ് 16 അംഗ സ്ക്വാഡിനെ ബംഗ്ലാദേശ് പ്രഖ്യാപിച്ചത്. അത് 15 അംഗമാക്കി വെട്ടിക്കുറയ്ക്കുവാന്‍ ആലോചിക്കുന്നുവെന്നാണ് ബംഗ്ലാദേശ് സെലക്ടര്‍മാര്‍ പറഞ്ഞത്.

ബൗളിംഗിനു അനുകൂലമായ വിക്കറ്റായിട്ടും താരം മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടില്ലെന്നാണ് സെലക്ടര്‍മാര്‍ പരാതി രൂപേണ പറഞ്ഞത്. കൂടാതെ നായകന്‍ ഷാകിബ് അല്‍ ഹസനും താരത്തിന്റെ പ്രകടനത്തില്‍ അതൃപ്തിയുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version