സിംബാബ്‌വെ താരം സിക്കന്ദർ റാസ ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പർ ഓൾറൗണ്ടർ!


സിംബാബ്‌വെ ക്രിക്കറ്റ് താരം സിക്കന്ദർ റാസ ഐസിസി ഏകദിന ഓൾറൗണ്ടർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി ചരിത്രം സൃഷ്ടിച്ചു. കഴിഞ്ഞ കുറേ വർഷങ്ങൾക്കിടെ ഈ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യത്തെ സിംബാബ്‌വെ താരമാണ് റാസ.
ശ്രീലങ്കയ്ക്കെതിരെ ഹരാരെയിൽ നടന്ന ഏകദിന മത്സരങ്ങളിലെ മികച്ച പ്രകടനമാണ് റാസയെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.

രണ്ട് അർധ സെഞ്ചുറികൾ നേടുകയും പന്തുകൊണ്ട് നിർണായക സംഭാവനകൾ നൽകുകയും ചെയ്ത റാസയുടെ സ്ഥിരതയാർന്ന പ്രകടനങ്ങൾ അദ്ദേഹത്തിന് 302 റേറ്റിംഗ് പോയിന്റുകൾ നേടിക്കൊടുത്തു. ഇതോടെ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയെയും അസ്മത്തുള്ള ഒമർസായിയെയും മറികടന്ന് അദ്ദേഹം ഒന്നാം സ്ഥാനത്തെത്തി.


ശ്രീലങ്കയ്ക്കും റാങ്കിംഗിൽ നേട്ടങ്ങളുണ്ടായി. ശ്രീലങ്കൻ താരം പാത്തും നിസ്സങ്ക ബാറ്റിംഗ് റാങ്കിംഗിൽ 13-ാം സ്ഥാനത്തേക്ക് ഉയർന്നു. ജനിത് ലിയാനഗെ, പേസർമാരായ അസിത ഫെർണാണ്ടോ, ദിൽഷൻ മധുശങ്ക എന്നിവരും റാങ്കിംഗിൽ മികച്ച മുന്നേറ്റം നടത്തി.


മറ്റ് റാങ്കിംഗുകളിലെ പ്രധാന മാറ്റങ്ങൾ:

  • ഏകദിന ബൗളിംഗ് റാങ്കിംഗിൽ ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ടിന്റെ ജോഫ്ര ആർച്ചർ ആദ്യ 20 സ്ഥാനങ്ങളിൽ ഇടം നേടി.
  • ടി20 ഓൾറൗണ്ടർമാരുടെ പട്ടികയിൽ അഫ്ഗാൻ താരം മുഹമ്മദ് നബി രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയ്ക്ക് തൊട്ടുപിന്നിലാണ് നബി.

ക്ലാസെൻ നായകസ്ഥാനം ഒഴിഞ്ഞു, പകരം സിക്കന്ദർ റാസ; സിയാറ്റിൽ ഓർക്കാസിൽ അഴിച്ചുപണി


എംഎൽസി 2025 സീസണിന്റെ പാതിവഴിയിൽ സിയാറ്റിൽ ഓർക്കാസ് ടീമിൽ നേതൃത്വപരമായ വലിയ മാറ്റങ്ങൾ വരുത്തി. ഹെൻറിച്ച് ക്ലാസെൻ നായകസ്ഥാനം ഒഴിഞ്ഞപ്പോൾ മുഖ്യ പരിശീലകൻ മാത്യു മോട്ടുമായി ഫ്രാഞ്ചൈസി വേർപിരിഞ്ഞു. തുടർച്ചയായി അഞ്ച് തോൽവികളുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായതിന് പിന്നാലെയാണ് ഈ മാറ്റങ്ങൾ.


ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക പ്രസ്താവന പ്രകാരം, “ഒരു ബാറ്റ്സ്മാൻ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തങ്ങളിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ” ക്ലാസെൻ സ്വയം നായകസ്ഥാനം ഒഴിഞ്ഞതാണ്. അദ്ദേഹത്തിന് പകരം സിംബാബ്‌വെ വെറ്ററൻ താരം സിക്കന്ദർ റാസയെ ടീമിന്റെ പുതിയ നായകനായി നിയമിച്ചു.


ഓർക്കാസിന്റെ ആറാമത്തെ ലീഗ് മത്സരത്തിന് തൊട്ടുമുമ്പാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. എംഐ ന്യൂയോർക്കിനെതിരായ ആ മത്സരത്തിൽ അവസാന പന്തിൽ വിജയം നേടാൻ ഓർക്കാസിന് കഴിഞ്ഞു, ഇത് ഒരു വഴിത്തിരിവിനുള്ള പ്രതീക്ഷ നൽകുന്നു.
ഈ സീസണിന്റെ തുടക്കത്തിൽ മുഖ്യ പരിശീലകനായി സ്ഥാനമേറ്റ മാത്യു മോട്ടിനെ “പരിശീലന, മാനേജ്‌മെന്റ് തന്ത്രങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ” കാരണം സ്ഥാനത്തുനിന്ന് നീക്കി. അദ്ദേഹത്തിന് പകരക്കാരനെ ഫ്രാഞ്ചൈസി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സഹപരിശീലകൻ ഋഷി ഭരദ്വാജ്, ബാറ്റിംഗ് പരിശീലകൻ ഇയാൻ ബെൽ, ബോളിംഗ് പരിശീലകൻ മുനാഫ് പട്ടേൽ എന്നിവർ തങ്ങളുടെ സ്ഥാനങ്ങളിൽ തുടരും.

ഇന്ത്യക്ക് എതിരായ പരമ്പരക്കുള്ള സിംബാബ്‌വെ ടീം പ്രഖ്യാപിച്ചു, സിക്കന്ദർ റാസ ക്യാപ്റ്റൻ

ഇന്ത്യക്ക് എതിരായ ടി20 പരമ്പരയ്ക്ക് ഉള്ള സിംബാബ്‌വെ സ്ക്വാഡ് പ്രഖ്യാപിച്ചു. ജൂലൈ 6 മുതൽ ഹരാരെയിൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കുള്ള യുവ സിംബാബ്‌വെ ടീമിനെ സിക്കന്ദർ റാസ നയിക്കും. ബെൽജിയത്തിൽ ജനിച്ച ആൻ്റം നഖ്‌വിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരിചയസമ്പന്നരായ പേസ് ബൗളർമാരായ റിച്ചാർഡ് നഗാരവയും ബ്ലെസിംഗ് മുസറബാനിയുമം ടീമിൽ ഉണ്ട്. വെറ്ററൻമാരായ ക്രെയ്ഗ് എർവിൻ, സീൻ വില്യംസ് എന്നിവരെ സെലക്ഷനായി പരിഗണിച്ചില്ല.

Zimbabwe squad: Sikandar Raza (captain), Akram Faraz, Bennett Brian, Campbell Johnathan, Chatara Tendai, Jongwe Luke, Kaia Innocent, Madande Clive, Madhevere Wessly, Marumani Tadiwanashe, Masakadza Wellington, Mavuta Brandon, Muzarabani Blessing, Myers Dion, Naqvi Antum, Ngarava Richard, Shumba Milton.

ഐ പി എൽ പാകിസ്താൻ സൂപ്പർ ലീഗിനേക്കാൾ ഏറെ മുകളിലാണ് എന്ന് സിക്കന്ദർ റാസ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) പാകിസ്താൻ സൂപ്പർ ലീഗിനേക്കാൾ (പിഎസ്എൽ) ഏറെ മികച്ചതാണെന്ന് സിംബാബ്‌വെ ഓൾറൗണ്ടർ സിക്കന്ദർ റാസ. ഈ സീസണിൽ പഞ്ചാബ് കിംഗ്‌സിനായി കളിക്കാൻ ഒരുങ്ങുകയാണ് റാസ ഇപ്പോൾ.

“എല്ലാ കളിക്കാരുടെയും ലഭ്യത ഐപിഎല്ലിനെ ശരിക്കും സവിശേഷമാക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ കളിക്കുന്ന മിക്ക മത്സരങ്ങളിലും കാണികൾ വന്ന് അവരുടെ ടീമുകളെ പിന്തുണയ്ക്കുന്നു. ഐപിഎല്ലിൽ ഇത് നടക്കുന്നു. കാണികളുടെ കാര്യത്തിൽ ഐപിഎല്ലിന് അടുത്ത് വരുന്ന മറ്റൊരു ലീഗ് പിഎസ്എൽ ആണ്. ഐപിഎൽ തീർച്ചയായും രണ്ട് ഘടകങ്ങളുമായി വേറിട്ടുനിൽക്കുന്നുവെന്ന് ഞാൻ കരുതുന്നു, ”റാസ പറഞ്ഞു.

“പിഎസ്എൽ എടുത്താലും ഐപിഎൽ ആണ് ഏറ്റവും മികച്ച ലീഗ്. PSL നെക്കാൾ ഏറെ മികച്ച ലീഗാണിത്. ഞാൻ താരതമ്യങ്ങളുടെ വലിയ ആരാധകനല്ല. എന്നാലും ഈ പ്ലാനറ്റിലെ ഏറ്റവും വലിയ ലീഗാണ് ഐപിഎൽ എന്ന് ഞാൻ കരുതുന്നു,” റാസ കൂട്ടിച്ചേർത്തു.

ഇര്‍വിനും റാസയും സിംബാബ്‍വേയുടെ സൂപ്പര്‍ 12ലെ സ്ഥാനം ഉറപ്പാക്കി

ടി20 ലോകകപ്പിൽ സൂപ്പര്‍ 12ലെ സ്ഥാനം ഉറപ്പാക്കി സിംബാബ്‍വേ. ഗ്രൂപ്പ് ടോപ്പറായ സിംബാബ്‍വേ ഇതോടെ ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെടുന്ന ഗ്രൂപ്പിലേക്ക് എത്തി. 133 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‍വേ 5 വിക്കറ്റ് നഷ്ടത്തിൽ 18.3 ഓവറിലാണ് ലക്ഷ്യം നേടി സ്കോട്ലാന്‍ഡിന്റെ ലോകകപ്പ് അവസാനിപ്പിച്ചത്.

ക്രെയിഗ് ഇര്‍വിന്‍ 58 റൺസ് നേടിയപ്പോള്‍ 23 പന്തിൽ 40 റൺസ് നേടിയ സിക്കന്ദര്‍ റാസയാണ് കളിയിലെ താരമായി മാറിയത്. സ്കോട്‍ലാന്‍ഡിനായി ജോഷ് ഡേവി 2 വിക്കറ്റ് നേടി. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി അയര്‍ലണ്ടും യോഗ്യത നേടിയിട്ടുണ്ട്.

സിക്കന്ദര്‍ റാസയുടെ പോരാട്ട വീര്യത്തെ മറികടന്ന് ഇന്ത്യയ്ക്ക് 13 റൺസ് വിജയം

ഇന്ത്യയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ പൊരുതിയെങ്കിലും വിജയം നേടാനാകാതെ സിംബാബ്‍വേ. സിക്കന്ദര്‍ റാസയുടെ പോരാട്ട വീര്യത്തെ മറികടന്ന് പരമ്പര ഇന്ത്യ വൈറ്റ്‍വാഷ് ചെയ്യുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മന്‍ ഗിൽ നേടിയ 130 റൺസിന്റെ ബലത്തിൽ 289/8 എന്ന സ്കോര്‍ നേടുകയായിരുന്നു.

സിക്കന്ദര്‍ റാസയുടെ ഒറ്റയാള്‍ പോരാട്ടം ഇന്ത്യന്‍ ക്യാമ്പുകളിൽ ഭീതി പടര്‍ത്തിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ പോയത് സിംബാബ്‍വേയ്ക്ക് തിരിച്ചടിയായി. ഷോൺ വില്യംസ് 45 റൺസും ബ്രാഡ് ഇവാന്‍സ് 28 റൺസും നേടിയപ്പോള്‍ റാസ 9ാം വിക്കറ്റായി 115 റൺസ് നേടിയ ശേഷമാണ് വീണത്.

ഇന്ത്യയ്ക്കായി അവേശ് ഖാന്‍ 3 വിക്കറ്റും ദീപക് ചഹാര്‍ , അക്സര്‍ പട്ടേൽ, കുൽദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കിറ്റുകള്‍ കത്തിച്ച്, മറ്റ് ജോലികള്‍ക്ക് അപേക്ഷിക്കണോ ഞങ്ങള്‍?

സര്‍ക്കാര്‍ ഇടപെടലുകള്‍ കാരണം ഐസിസി സിംബാബ്‍വേയെ ക്രിക്കറ്റില്‍ നിന്ന് വിലക്കിയ തീരുമാനത്തിന് തൊട്ടു പിന്നാലെ സിംബാബ്‍വേ താരങ്ങള്‍ തങ്ങളുടെ സങ്കടം ട്വിറ്ററിലൂടെയും മറ്റും പങ്കുവയ്ക്കുവാന്‍ തുടങ്ങിയപ്പോള്‍ അതില്‍ പ്രമുഖന്‍ ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസയായിരുന്നു. ലോകകപ്പ് ക്വാളിഫയറില്‍ യുഎഇയോട് തോറ്റ് ടീം പുറത്തായതിന് സമാനമായ മനോനിലയിലാണ് തന്റെ ടീമംഗങ്ങളെല്ലാമെന്നാണ് സിക്കന്ദര്‍ റാസ പറഞ്ഞത്.

താന്‍ ഇത്തരത്തില്‍ ഒരു യാത്രയയപ്പല്ല ക്രിക്കറ്റില്‍ നിന്ന് ഉദ്ദേശിച്ചതെന്ന് പറഞ്ഞ താരം ഈ ഒരു തീരുമാനം എത്ര കരിയറുകളെയും എത്ര കുടുംബങ്ങളെയും വഴിയാധാരമാക്കുന്നുവെന്നാണ് താരം തന്റെ ട്വീറ്റിലൂടെ പരമാര്‍ശിച്ചത്. ഐസിസിയുടെ ഈ തീരുമാനത്തിന്റെ ഞെട്ടലില്‍ നിന്ന് ആരും മോചിതരായിട്ടില്ലെന്നും തനിക്ക് സാധാരണ ഗതിയിലേക്ക് തിരികെ എത്തുവാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും സിംബാബ്‍വേ ഓള്‍റഔണ്ടര്‍ പറഞ്ഞു. താന്‍ മാത്രമല്ല തന്റെ ടീമംഗങ്ങളും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് റാസ പറഞ്ഞു.

ഐസിസിയുടെ അടുത്ത മീറ്റിംഗ് ഒക്ടോബറിലാണ് നടക്കുന്നത്. അതിന് മുമ്പ് കാര്യങ്ങള്‍ ശരിയാവുകയാണെങ്കില്‍ വിലക്ക് മാറ്റുവാന്‍ ഐസിസി മുതിര്‍ന്നേക്കും എന്നാല്‍ വിലക്ക് നീളുകയാണെങ്കില്‍ തങ്ങള്‍ തങ്ങളുടെ കിറ്റ് കത്തിച്ച് വേറെ ജോലി തേടുകയാണോ ചെയ്യേണ്ടതെന്നും റാസ ചോദിച്ചു. ഇപ്പോളെന്താണ് ചെയ്യേണ്ടതെന്ന് തങ്ങള്‍ക്ക് ഒരു പിടിയുമില്ലെന്ന് റാസ പറഞ്ഞു.

7 വിക്കറ്റ് ജയത്തിലേക്ക് നയിച്ച് ലിറ്റണ്‍ ദാസും ഇമ്രുല്‍ കൈസും

ബംഗ്ലാദേശിനെ ഏഴ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ച് ലിറ്റണ്‍ ദാസും ഇമ്രുല്‍ കൈസും. ഒന്നാം വിക്കറ്റില്‍ 148 റണ്‍സ് നേടി മികച്ച അടിത്തറ നല്‍കിയ ഓപ്പണിംഗ് കൂട്ടുകെട്ട് ബംഗ്ലാദേശിനെ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ 44.1 ഓവറില്‍ വിജയം നേടുവാന്‍ സഹായിക്കുകയായിരുന്നു. 90 റണ്‍സ് നേടി ഇമ്രുല്‍ കൈസ് ടോപ് സ്കോറര്‍ ആയപ്പോള്‍ ലിറ്റണ്‍ ദാസ് 77 പന്തില്‍ നിന്ന് 83 റണ്‍സ് നേടുകയായിരുന്നു. ജയത്തോടെ പരമ്പര ബംഗ്ലാദേശ് 2-0നു സ്വന്തമാക്കി.

മുഷ്ഫിക്കുര്‍ റഹിം(40*)-മഹമ്മദുള്ള(24*) എന്നിവരാണ് ടീമിന്റെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്. സിംബാബ്‍വേയ്ക്കായി മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് സിക്കന്ദര്‍ റാസയാണ്. മുഹമ്മദ് സൈഫുദ്ദീനാണ് കളിയിലെ താരം.

മധ്യനിരയുടെ മികവിനു ശേഷം തകര്‍ന്ന് സിംബാബ‍്‍വേ, സൈഫുദ്ദീന് മൂന്ന് വിക്കറ്റ്

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തില്‍ ഭേദപ്പെട്ട സ്കോറില്‍ നിന്ന് ബാറ്റിംഗ് തകര്‍ച്ച നേരിട്ട് സിംബാബ്‍വേ. മധ്യ നിരയുടെ ബലത്തില്‍ മികച്ച സ്കോര്‍ സിംബാബ്‍വേ നേടുമെന്ന ഒരു ഘട്ടത്തില്‍ തോന്നിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് ടീമിനു തിരിച്ചടിയായി. 229/4 എന്ന നിലയില്‍ നിന്ന് സിംബാബ്‍വേ 234/7 എന്ന നിലയിലേക്ക് അഞ്ച് റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായി പ്രതിരോധത്തിലാകുകയായിരുന്നു.

75 റണ്‍സ് നേടിയ ബ്രണ്ടന്‍ ടെയിലറും പുറത്താകുമ്പോള്‍ 147/3 എന്ന നിലയിലായിരുന്ന സിംബാബ്‍വേയെ മുന്നോട്ട് നയിച്ചത് ഷോണ്‍ വില്യംസും(47) സിക്കന്ദര്‍ റാസയുമായിരുന്നു(49) എന്നാല്‍ ഇരുവരും പുറത്തായ ശേഷം ടീം വലിയൊരു തകര്‍ച്ചയെ നേരിടുകയായിരുന്നു. 50 ഓവറില്‍ 246 റണ്‍സാണ് 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ സിംബാബ്‍വേ നേടിയത്.

ബംഗ്ലാദേശിനു വേണ്ടി മുഹമ്മദ് സൈഫുദ്ദീനാണ് മൂന്ന് വിക്കറ്റുമായി മികച്ച് നിന്നത്. മഷ്റഫെ മൊര്‍തസ, മുസ്തഫിസുര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍, മഹമ്മദുള്ള എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ത്രിരാഷ്ട്ര പരമ്പര: ആതിഥേയര്‍ക്ക് വിജയത്തുടക്കം

ബംഗ്ലാദേശ്-ശ്രീലങ്ക-സിംബാബ്‍വേ ത്രിരാഷ്ട്ര പരമ്പരയില്‍ വിജയത്തുടക്കവുമായി ബംഗ്ലാദേശ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 8 വിക്കറ്റിനാണ് ആതിഥേയര്‍ സിംബാബ്‍വേയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 49 ഓവറില്‍ 170 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ 28.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി ബംഗ്ലാദേശ് വിജയം കൊയ്തു. ഷാകിബ് അല്‍ ഹസന്‍ ആണ് കളിയിലെ താരം.

സിംബാബ്‍വേയുടെ മൂന്ന് വിക്കറ്റുകളഅ‍ വീഴ്ത്തിയ ഷാകിബ് ബാറ്റിംഗിനിറങ്ങി 37 റണ്‍സ് നേടി. സിക്കന്ദര്‍ റാസ സിംബാബ്‍വേയ്ക്കായി 52 റണ്‍സും 2 വിക്കറ്റും വീഴ്ത്തി. തമീം ഇക്ബാല്‍ പുറത്താകാതെ 84 റണ്‍സ് നേടി. പീറ്റര്‍ മൂര്‍(33) റണ്‍സ് നേടി സിംബാബ്‍വേയ്ക്കായി ചെറുത്ത് നില്പ് നടത്തി നോക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version