ഓപ്പണര്‍മാര്‍ നൽകിയ മികച്ച തുടക്കത്തിന് ശേഷം ബംഗ്ലാദേശിനെ പിടിച്ചുകെട്ടി ഇന്ത്യ

ഇന്ത്യയ്ക്കെതിരെ ലോകകപ്പിൽ ഇന്നത്തെ മത്സരത്തിൽ 256 റൺസ് നേടി ബംഗ്ലാദേശ്. 8 വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് ഈ സ്കോര്‍ നേടിയത്. പൂനെയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് നൽകിയത്. തന്‍സിദ് ഹസന്‍ – ലിറ്റൺ ദാസ് കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 93 റൺസ് നേടിയപ്പോള്‍ 51 റൺസ് നേടിയ തന്‍സിദ് ആണ് ആദ്യ പുറത്തായത്.

പിന്നീട് ബംഗ്ലാദേശിന് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 66 റൺസ് നേടിയ ലിറ്റൺ ദാസിനെ നഷ്ടമായപ്പോള്‍ ടീം 137/4 എന്ന നിലയിലായിരുന്നു. അഞ്ചാം വിക്കറ്റിൽ മുഷ്ഫിക്കുര്‍ റഹിം തൗഹിദ് ഹൃദോയ് കൂട്ടുകെട്ട് 42 റൺസ് നേടിയെങ്കിലും തൗഹിദ് 16 റൺസ് നേടി പുറത്തായി. 179 റൺസ് നേടുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.

38 റൺസ് നേടിയ മുഷ്ഫിക്കുര്‍ റഹിമും പുറത്തായപ്പോള്‍ ബംഗ്ലാദേശിന് കാര്യം പ്രയാസമായി. എന്നാൽ മഹമ്മുദുള്ളയുടെ ബാറ്റിംഗ് മികവ് ടീമിനെ 256 റൺസിലേക്ക് എത്തിച്ചു. 46 റൺസാണ് മഹമ്മുദുള്ള നേടിയത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ, മൊഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മെഹ്ദി ഹസന് ശതകം, ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്റെ തുണയിൽ ബംഗ്ലാദേശിന്റെ തിരിച്ചുവരവ്

ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് തുടക്കത്തിൽ തിരിച്ചടി നേരിട്ടുവെങ്കിലും ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിൽ 271 റൺസ് നേടി ആതിഥേയര്‍. 9/6 എന്ന നിലയിലേക്ക് വീണ ടീമിനെ വീണ്ടും ട്രാക്കിലെത്തിച്ചത് ഏഴാം വിക്കറ്റിൽ ഒത്തുചേര്‍ന്ന മെഹ്ദി ഹസന്‍ മിറാസും മഹമ്മദുള്ളയും ചേര്‍ന്നാണ്.

ഓപ്പണര്‍മാരെ മൊഹമ്മദ് സിറാജ് പുറത്താക്കിയപ്പോള്‍ മധ്യ നിരയെ വാഷിംഗ്ടൺ സുന്ദര്‍ സ്പിന്‍ തന്ത്രങ്ങളിലൂടെ എറിഞ്ഞിടുകയായിരുന്നു. പിന്നീട് ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ മഹമ്മുദുള്ളയും മെഹ്ദി ഹസന്‍ മിറാസും ചേര്‍ന്ന് 148 റൺസാണ് നേടിയത്.

77 റൺസ് നേടിയ മഹമ്മുദുള്ളയെ ഉമ്രാന്‍ മാലിക് ആണ് പുറത്താക്കിയത്. മെഹ്ദി ഹസന്‍ പുറത്താകാതെ 100 റൺസ് തികച്ച് വെറും 83 പന്തിൽ നിന്ന് തന്റെ ശതകം നേടിയപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണ് ബംഗ്ലാദേശ് നേടിയത്.

ടെസ്റ്റ് കരിയറിന് അവസാനം കുറിച്ച് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ മഹമ്മുദുള്ള

ആറ് ടെസ്റ്റുകളിൽ ബംഗ്ലാദേശിനെ നയിച്ച ഓള്‍റൗണ്ടര്‍ മഹമ്മദുള്ള തന്റെ 12 വര്‍ഷത്തെ ടെസ്റ്റ് കരിയറിന് അവസാനം കുറിച്ചതായി പ്രഖ്യാപിച്ചു. 50 ടെസ്റ്റുകളിൽ നിന്ന് 5 ശതകങ്ങളും 16 അര്‍ദ്ധ ശതകങ്ങളും 43 വിക്കറ്റും നേടിയ താരം 2914 റൺസാണ് നേടിയിട്ടുള്ളത്.

2009ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരം ടി20 ഏകദിന ഫോര്‍മാറ്റുകിളിൽ തുടര്‍ന്നും കളിക്കുമെന്ന് അറിയിച്ചു. 50ാം ടെസ്റ്റിൽ സിംബാബ്‍വേയ്ക്കെതിരെ മഹമ്മുദുള്ളയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 150 റൺസുമായി മഹമ്മുദുള്ള മത്സരത്തിൽ പുറത്താകാതെ നിന്നു.

അവസാന ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ത്രില്ലറിൽ വിജയം നേടി പാക്കിസ്ഥാന്‍

ബംഗ്ലാദേശിനെ 124 റൺസിന് ഒതുക്കിയെങ്കിലും അവസാന പന്തിൽ മാത്രം വിജയം നേടി പാക്കിസ്ഥാന്‍. അവസാന പന്തിൽ രണ്ട് റൺസ് വേണ്ടപ്പോള്‍ ബൗണ്ടറി നേടി മുഹമ്മദ് നവാസ് ആണ് ടീമിന്റെ 5 വിക്കറ്റ് വിജയം ഉറപ്പാക്കിയത്.

മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍ വെറും 26 റൺസ് മതിയായിരുന്നു രണ്ട് വിക്കറ്റ് മാത്രം നഷ്ടമായ പാക്കിസ്ഥാന്. അവിടെ നിന്ന് 6 പന്തിൽ 8 എന്ന നിലയിലേക്ക് മത്സരം മാറിയെങ്കിലും മഹമ്മുദുള്ള എറിഞ്ഞ അവസാന ഓവറിലെ തുടരെയുള്ള പന്തുകളിൽ സര്‍ഫ്രാസും ഹൈദര്‍ അലിയും പുറത്തായതോടെ പാക് ക്യാമ്പിൽ ഭീതി പടരുകയായിരുന്നു.

എന്നാൽ ഇഫ്തികര്‍ അഹമ്മദ് ഹാട്രിക്ക് ബോള്‍ സിക്സര്‍ പറത്തി ലക്ഷ്യം വെറും 2 റൺസാക്കി മാറ്റി. അടുത്ത പന്തിൽ ഇഫ്തിക്കര്‍ പുറത്തായെങ്കിലും അവസാന പന്തിലെ ബൗണ്ടറി പാക് വിജയവും പരമ്പര വൈറ്റ് വാഷും സാധ്യമാക്കി.

മുഹമ്മദ് റിസ്വാന്‍(40), ഹൈദര്‍ അലി(45) എന്നിവരാണ് പാക്കിസ്ഥാന്‍ ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. മഹമ്മുദുള്ള മൂന്ന് വിക്കറ്റ് നേടി.

മുഷ്ഫിക്കുറിനെ ടീമിലുള്‍പ്പെടുത്താത്തത് ടീം മാനേജ്മെന്റ് തീരുമാനം – മഹമ്മുദുള്ള

പാക്കിസ്ഥാനെെതിരെയുള്ള ടി20 പരമ്പരയിലേക്കുള്ള ടീം ബംഗ്ലാദേശ് പ്രഖ്യാപിച്ചപ്പോള്‍ മുഷ്ഫിക്കുര്‍ റഹിമിനെ ടീമിൽ ഉള്‍പ്പെടുത്താതിരുന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അത് ടീം മാനേജ്മെന്റ് തീരുമാന ആണെന്നും പറഞ്ഞ് മഹമ്മുദുള്ള.

പാക്കിസ്ഥാനെതിരെ ടെസ്റ്റ് പരമ്പരയുള്ളതിനാലാണ് താരത്തിന് വിശ്രമം നല്‍കിയതെന്നാണ് ബംഗ്ലാദേശ് ബോര്‍ഡിന്റെ സമീപനമെങ്കിലും താരം തന്നെ ടീമിൽ നിന്ന് ഒഴിവാക്കിയതാണെന്ന് കരുതുന്നുവെന്നാണ് പറഞ്ഞത്.

എന്നാൽ തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നാണ് ടീം ക്യാപ്റ്റനും ടീം തിരഞ്ഞെടുപ്പിൽ ഭാഗമാകേണ്ട വ്യക്തിയും ആയ മഹമ്മുദുള്ളയുടെ പ്രതികരണം. തനിക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്നും മുഷ്ഫിക്കുറിന്റെ സേവനം ടീമിന് നഷ്ടമാകുമെന്നും മാത്രമാണ് മഹമ്മുദുള്ള അഭിപ്രായപ്പെട്ടത്.

ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിലെ പരാജയമാണ് ടീമിന്റെ താളം തെറ്റിച്ചത് – മഹമ്മുദുള്ള

സൂപ്പര്‍ 12ൽ ഒരു മത്സരം പോലും വിജയിക്കാത്ത ബംഗ്ലാദേശിന്റെ പ്രകടനത്തിൽ തിരിച്ചടിയായത് ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിലെ പരാജയമെന്ന് ക്യാപ്റ്റന്‍ മഹമ്മുദുള്ള.

ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ വിജയം നേടുവാന്‍ സാധിച്ചിരുന്നുവെങ്കിൽ തങ്ങള്‍ക്ക് കൂടുതൽ മൊമ്മന്റം ലഭിയ്ക്കുമായിരുന്നുവെന്നും കഴി‍ഞ്ഞ പരമ്പരയിൽ എല്ലാം വിജയത്തുടര്‍ച്ച ടീമിന് സ്വന്തമാക്കുവാനായിരുന്നുവെന്നും എന്നാൽ ഇത്തരം വലിയ ടൂര്‍ണ്ണമെന്റിൽ എപ്പോളും ആദ്യ മത്സരം ആണ് പ്രധാനം എന്നും മഹമ്മുദുള്ള വ്യക്തമാക്കി.

ശ്രീലങ്കയെ ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയിരുന്നുവെങ്കിൽ ടീമിന് വലിയ ആത്മവിശ്വാസം ലഭിയ്ക്കുമായിരുന്നുവെന്നും മഹമ്മുദുള്ള വ്യക്തമാക്കി.

തന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് തീരുമാനിക്കേണ്ടത് ബോര്‍ഡ് – മഹമ്മുദുള്ള

സൂപ്പര്‍ 12ൽ അഞ്ചിൽ അഞ്ച് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ ബംഗ്ലാദേശിന്റെ ബോര്‍ഡിന് തന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള തീരുമാനം എടുക്കാമെന്ന് പറഞ്ഞ് ടീമിന്റെ ടി20 നായകന്‍ മഹമ്മുദുള്ള.

നാട്ടിൽ ഓസ്ട്രേലിയയെയും ന്യൂസിലാണ്ടിനെയും പരാജയപ്പെടുത്തി ആത്മവിശ്വാസത്തോടെ എത്തിയ ബംഗ്ലാദേശിന് ക്വാളിഫയറിൽ സ്കോട്‍ലാന്‍ഡിനോട് തോല്‍വിയായിരുന്നു ഫലം. പിന്നീട് ഒമാനെയും പാപുവ ന്യു ഗിനിയെയും മറികടന്ന് സൂപ്പര്‍ 12ൽ എത്തിയ ബംഗ്ലാദേശിന് അവിടെ ഒരു മത്സരം പോലും ജയിക്കുവാനായില്ല.

ഈ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ക്യാപ്റ്റന്‍സി ഒഴിയുമോ എന്ന ചോദ്യത്തിനാണ് ബംഗ്ലാദേശ് നായകന്‍ അത് തന്റെ കൈകളിൽ അല്ലെന്നും ബോര്‍ഡാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി.

താന്‍ തന്റെ ഭാഗത്ത് നിന്ന് മുഴുവന്‍ ശ്രമവും നടത്തിയെന്നും തന്റെ ക്യാപ്റ്റന്‍സിയ്ക്ക് തന്റെ ടീമംഗങ്ങളിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചില്ലെന്നത് സത്യമാണെന്നും മഹമ്മുദുള്ള സൂചിപ്പിച്ചു.

ടി20 ഫോര്‍മാറ്റിൽ നിന്ന് തനിക്ക് വിരമിക്കേണ്ട സമയം ആയിട്ടില്ലെന്നും മഹമ്മുദുള്ള കൂട്ടിചേര്‍ത്തു.

വിവാദങ്ങളെ മറക്കു, ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കൂ – റസ്സൽ ഡൊമിംഗോ

ആദ്യ മത്സരത്തിൽ സ്കോട്‍ലാന്‍ഡിനോട് പരാജയപ്പെട്ടതിനെത്തുടര്‍ന്നും പിന്നീട് സൂപ്പര്‍ 12 ഉറപ്പാക്കിയതിന് ശേഷവും ബംഗ്ലാദേശ് ബോര്‍ഡും താരങ്ങളും തമ്മിലുണ്ടായ വിവാദ പരാമര്‍ശങ്ങള്‍ക്ക് അവസാനം കുറിയ്ക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോ. ഈ വിവാദങ്ങള്‍ക്ക് പകരം ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ് ഇതെന്നും ഡൊമിംഗോ വ്യക്തമാക്കി.

ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസനും ടീം ക്യാപ്റ്റന്‍ മഹമ്മുദുള്ളയും ആണ് വാക് പോരിൽ ഏര്‍പ്പെടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലേക്ക് എത്തിച്ചത്. സ്കോട്‍ലാന്‍ഡിനോടേറ്റ പരാജയത്തിന് ശേഷമാണ് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ പരാമര്‍ശവുമായി എത്തിയത്.

അതിനെതിരെ സൂപ്പര്‍ 12 യോഗ്യത നേടിയ ശേഷം മഹമ്മുദുള്ള തിരിച്ചടിക്കുകയും ചെയ്തു. മഹമ്മുദുള്ളയുടെ വൈകാരിക പ്രതികരണമായി ആണ് താന്‍ കണക്കാക്കുന്നതെന്ന് ഹസന്‍ പ്രതികരിച്ചു.

ടീം ഒറ്റക്കെട്ടായി ക്രിക്കറ്റിൽ മാത്രം ശ്രദ്ധ ചെലുത്തേണ്ട സമയം ആണെന്നും സൂപ്പര്‍ 12ൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാന്‍ അതാണ് ഏറ്റവും അനുയോജ്യമായ കാര്യമെന്നും ഡൊമിംഗോ വ്യക്തമാക്കി.

മഹമ്മദുള്ളയ്ക്കെതിരെ ബംഗ്ലാദേശ് ചീഫ്

താരങ്ങളുടെ അര്‍പ്പണബോധത്തെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ബംഗ്ലാദേശ് ചീഫ് നസ്മുള്‍ ഹസന്‍. സ്കോട്‍ലാന്‍ഡിനോട് പരാജയപ്പെട്ട ശേഷം സീനിയര്‍ താരങ്ങളെ നസ്മുള്‍ ഹസന്‍ വിമര്‍ശിച്ചിരുന്നു. സൂപ്പര്‍ ലീഗ് ഉറപ്പാക്കിയ ശേഷം ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഈ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരിച്ചു.

മഹമ്മദുള്ളയുടേത് വൈകാരിക പ്രക്ഷോഭം മാത്രമായാണ് താന്‍ കരുതുന്നതെന്നും താന്‍ ഒരിക്കലും താരങ്ങളുടെ അര്‍പ്പണബോധത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും തനിക്ക് ആദ്യ മത്സരത്തിലെ ടീമിന്റെ സമീപനത്തോടാണ് അതൃപ്തിയുള്ളതെന്നും ആ നിലപാടിൽ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നസ്മുള്‍ പറഞ്ഞു.

ഞങ്ങളും മനുഷ്യര്‍, തെറ്റുകള്‍ സംഭവിക്കും, വിമര്‍ശകര്‍ക്കെതിരെ മഹമ്മുദുള്ള

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്ക് കടന്ന ബംഗ്ലാദേശിന്റെ വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് മഹമ്മുദുള്ള. തങ്ങളും മനുഷ്യരാണെന്നും തെറ്റുകള്‍ സംഭവിക്കുമെന്നത് ഈ കുറ്റം പറയുന്നവര്‍ ഓര്‍ക്കണമെന്നാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ പറഞ്ഞത്.

ആദ്യ മത്സരത്തിൽ സ്കോട്‍ലാന്‍ഡിനോട് പരാജയപ്പെട്ട ശേഷം ബംഗ്ലാദേശിനെതിരെ ബോര്‍ഡ് അംഗങ്ങള്‍ അടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ ആയിരുന്നു വിമര്‍ശനവുമായി എത്തിയവരിൽ പ്രമുഖര്‍. ഷാക്കിബ്, മഹമ്മുദുള്ള, മുഷ്ഫിക്കുര്‍ എന്നിവര്‍ക്കെതിരെയായിരുന്നു നസ്മുള്‍ ഹസന്റെ പ്രസ്താവന.

മൂന്ന് സീനിയര്‍ താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനം അതിരുകടന്നതായിരുന്നുവെന്നും തങ്ങളെല്ലാവരും മികച്ച രീതിയിൽ ശ്രമിക്കുകയാണുണ്ടായതെന്നും ചിലരെല്ലാം പെയിന്‍ കില്ലറുകള്‍ എടുത്താണ് മത്സരത്തിനിറങ്ങുന്നതെന്നും അതൊന്നും ആരം കാണുന്നില്ലെന്നും മഹമ്മുദുള്ള വ്യക്തമാക്കി.

തങ്ങളുടെ മികച്ച ക്രിക്കറ്റ് പുറത്തെടുക്കാനായില്ല, സൂപ്പര്‍ 12 യോഗ്യത നേടാനാകുമെന്ന് മഹമ്മുദുള്ള

സ്കോട്‍ലാന്‍ഡിനെതിരെയുള്ള ആറ് റൺസ് തോല്‍വി ബംഗ്ലാദേശിന് കനത്ത തിരിച്ചടിയാണ് നല്‍കിയതെങ്കിലും സൂപ്പര്‍ 12ലേക്ക് യോഗ്യത നേടുവാന്‍ തന്രെ ടീമിന് കഴിയുമെന്നാണ് ബംഗ്ലാദേശ് നായകന്‍ മഹമ്മുദുള്ള പറയുന്നത്.

ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കുകയെന്നതാണ് ബംഗ്ലാദേശിന് യോഗ്യതയ്ക്കായി ചെയ്യേണ്ട കാര്യം. ഒമാനും പാപുവ ന്യു ഗിനിയുമാണ് എതിരാളികള്‍. തന്റെ ടീം തങ്ങളുടെ ഏറ്റവും മികച്ച ക്രിക്കറ്റ് പുറത്തെടുത്തില്ലെന്നാണ് ബംഗ്ലാദേശ് നായകന്‍ വ്യക്തമാക്കിയത്.

ഇന്നലെ ബൗളര്‍മാര്‍ മികച്ച രീതിയിൽ പന്തെറിഞ്ഞുവെങ്കിലും ബംഗ്ലാദേശ് ബാറ്റിംഗ് നിര അവസരത്തിനൊത്തുയരാതെ പോയതാണ് ടീമിന്റെ ചേസിംഗ് താളം തെറ്റിച്ചത്.

അവസാന ഓവര്‍ ഒഴികെ ഒരു ഘട്ടത്തിൽ ബംഗ്ലാദേശിന് ബാറ്റിംഗിൽ ആധിപത്യം പുലര്‍ത്താനായിരുന്നില്ല. ടൂര്‍ണ്ണമെന്റിന് മുമ്പുള്ള സന്നാഹ മത്സത്തിലും ടീം ശ്രീലങ്കയോടും അയര്‍ലണ്ടിനോടും പരാജയം ഏറ്റു വാങ്ങിയിരുന്നു.

 

ഐപിഎലിന്റെ ക്ഷീണമുണ്ട്, എന്നാൽ ഷാക്കിബ് സ്കോട്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തിന് സെലക്ഷന് തയ്യാര്‍ – മഹമ്മദുള്ള

ഐപിഎലിൽ കളിച്ച ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് ക്ഷീണമുണ്ടെങ്കിലും താരം സ്കോട്‍ലാന്‍ഡിനെതിരെയുള്ള ആദ്യ യോഗ്യത മത്സരത്തിന് കളിക്കാനുണ്ടാകുമെന്ന് അറിയിച്ച് ടീം ക്യാപ്റ്റന്‍ മഹമ്മദുള്ള.

താരം ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്നും അല്പം ക്ഷീണമുള്ളതായി തോന്നുന്നുവെങ്കിലും ടീമിന്റെ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ കളിക്കാനുണ്ടാകുമെന്നും മഹമ്മദുള്ള വ്യക്തമാക്കി.

സന്നാഹ മത്സരങ്ങളിൽ രണ്ടിലും ബംഗ്ലാദേശ് ശ്രീലങ്കയോടും അയര്‍ലണ്ടിനോടും പരാജയപ്പെട്ടിരുന്നു. എന്നാൽ സന്നാഹ മത്സരത്തിലെ ഫലത്തിനെക്കുറിച്ച് താന്‍ വ്യാകുലനല്ലെന്നാണ് ബംഗ്ലാദേശ് നായകന്‍ പറഞ്ഞത്. പല പ്രധാന താരങ്ങളില്ലാതെയാണ് ബംഗ്ലാദേശ് സന്നാഹ മത്സരത്തിനിറങ്ങിയതെന്നും മഹമ്മദുള്ള അഭിപ്രായപ്പെട്ടു.

Exit mobile version