ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് എ കപ്പിൽ ഇറങ്ങുന്നു

ലീഗ് കപ്പ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എഫ് എ കപ്പിൽ ഇറങ്ങും. എഫ് എ കപ്പ് അഞ്ചാം റൗണ്ടിൽ വെസ്റ്റ് ഹാം യുണൈറ്റഡ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ ആണ് മത്സരം നടക്കുന്നത്. മികച്ച ഫോമിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് അവരുടെ ചില പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയേക്കു. ഈ മത്സരം കഴിഞ്ഞ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലിവർപൂളിനെ നേരിടാനുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ഇന്നും പരിക്ക് കാരണം മാർഷ്യൽ ഉണ്ടാകില്ല. മധ്യനിര താരം ഫ്രെഡ്, ഡിഫൻഡർ ലൂക് ഷോ എന്നിവർ പരിക്ക് കാരണം കളിക്കുന്നത് സംശയമാണ് എന്ന് ടെൻ ഹാഗ് ഇന്നലെ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു. മറുവശത്ത് വെസ്റ്റ് ഹാമും നല്ല ഫോമിൽ ആണ്. പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ 4-0ന് തോൽപ്പിച്ചാണ് അവർ ഓൾഡട്രഫോർഡിലേക്ക് വരുന്നത്.ഇന്ന് രാത്രി 1.15ന് നടക്കുന്ന മത്സരം സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.

അവസാന നിമിഷങ്ങളിൽ ഗോൾ ഒഴുകി, വെസ്റ്റ് ഹാം റിലഗേഷൻ സോണിൽ നിന്ന് തൽക്കാലം രക്ഷപ്പെട്ടു

ഇന്ന് ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ വെസ്റ്റ് ഹാം യുണൈറ്റഡ് 4-0ന്റെ ഉജ്ജ്വല വിജയം നേടി. ഡാനി ഇംഗ്‌സ്, ഡെക്ലാൻ റേസ്, മൈക്കൽ അന്റോണിയോ എന്നിവരുടെ ഗോളുകളോടെ ആണ് ഹാമേഴ്‌സ് വിജയിച്ചു കയറിയത്. അവർ ഈ ജയത്തോടെ റിലഗേഷൻ സോണിൽ നിന്നും മുന്നോട്ട് വന്നു.

ഇന്ന് വളരെ വൈകിയാണ് ലണ്ടണിൽ ഗോൾ പിറന്നത്. ആദ്യം 70-ാം മിനിറ്റിലും പിന്നീട് രണ്ട് മിനിറ്റിനുശേഷം വീണ്ടും വെസ്റ്റ് ഹാമിന് വേണ്ടി ഇംഗ്‌സ് ഗോളുകൾ നേടി. 78-ാം മിനിറ്റിൽ ഡക്ലൻ റേസിന്റെ ഗോളും വന്നു. 85-ാം മിനിറ്റിൽ അന്റോണിയോ കൂടെ ഗൊൾ നേടിയതോടെ അവർ വിജയം ഉറപ്പിച്ചു.

ജയത്തോടെ വെസ്റ്റ് ഹാം പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ 23 പോയിന്റുമായി 16-ാം സ്ഥാനത്തേക്ക് ഉയർന്നു. മറുവശത്ത് നോട്ടിംഗ്ഹാം ഫോറസ്റ്റ് 25 പോയിന്റുമായി 13-ാം സ്ഥാനത്താണ്.

ഇരട്ട ഗോളുമായി ബോവൻ, എവർട്ടണെ കീഴടക്കി വെസ്റ്റ് ഹാം

റിലഗേഷൻ സോണിൽ ഉള്ള എവർട്ടണ് കാര്യങ്ങൾ കൂടുതൽ വിഷമകരമാക്കി കൊണ്ട് മറ്റൊരു തോൽവി കൂടി. സ്വന്തം തട്ടകത്തിൽ ബോവന്റെ ഇരട്ട ഗോളുകളുടെ മികവിൽ വെസ്‌റ്റ്ഹാം വിജയം കരസ്ഥമാക്കി. നിർണായക വിജയം വെസ്റ്റ്ഹാമിനെ പതിനെട്ട് പോയിന്റുമായി പതിനഞ്ചാം സ്ഥാനത്തേക്ക് എത്തിച്ചു. എവർടൻ അവസാന സ്ഥാനത്ത് തുടരുകയാണ്.

ആദ്യ പകുതിയിൽ ആണ് മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത്. കാൾവെർട് ലൂയിനെ മുൻ നിർത്തിയാണ് ലാംബാർഡ് എവർടനെ ടീമിനെ അണിനിരത്തിയത്. ആദ്യ നിമിഷങ്ങളിൽ എവർടണ് തന്നെ ആയിരുന്നു മുൻതൂക്കം. ദെമാരി ഗ്രെയിലൂടെയായിരുന്നു എവർട്ടൺ മുന്നേറ്റങ്ങൾ മെനഞ്ഞത്. മുപ്പത്തിനാലാം മിനിറ്റിൽ വെസ്റ്റ്ഹാമിന്റെ ഗോൾ എത്തി. ക്രോസിലൂടെ എത്തിയ ബോൾ കോർട് സുമയിൽ നിന്നും ബോവന്റെ മുന്നിലേക്ക് എത്തിയപ്പോൾ അനായാസം പോസ്റ്റിലേക്ക് എത്തിക്കാൻ താരത്തിനായി. ഓഫ്സൈഡ് മണമുണ്ടായിരുന്നതിനാൽ വാർ ചെക്കിന് ശേഷം ഗോൾ അനുവദിച്ചു.

ഗോൾ നേടിയതോടെ വെസ്റ്റ്ഹാം കൂടുതൽ ആക്രമണങ്ങൾ നടത്തി. വലത് വിങ്ങിൽ നിന്നും ആന്റണിയോയുടെ ക്രോസിലാണ് ബോവൻ രണ്ടാം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ പ്രതിരോധം ഉറപ്പിക്കാൻ വേണ്ടിയാണ് വെസ്റ്റ്ഹാം ഇറങ്ങിയത്. രണ്ടു ഗോൾ ലീഡിൽ മത്സരം വരുതിയിലാക്കാൻ മോയസ് തന്ത്രമോതിയതോടെ പന്ത് കൂടുതലും എവർടണിന്റെ കൈവശം ആയിരുന്നു. പക്ഷെ കൃത്യമായ അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ അവർക്കായില്ല. കൗണ്ടറിലൂടെ പലപ്പോഴും എതിർ പോസ്റ്റിൽ ഭീതി സൃഷ്ടിക്കാനും വെസ്റ്റ്ഹാമിനായി.

മത്സര വേദിയിൽ എവർടൻ മാനേജ്‌മെന്റിനെതിരെ പ്രതിഷേധ ബാനറുമായാണ് ആരാധകർ എത്തിയിരുന്നത്. തോൽവി ലാംബാർഡിന്റെ സ്ഥാനത്തിനും ഭീഷണിയാവും.

വെങർ ആശാനെ സാക്ഷി നിർത്തി തിരിച്ചു വന്നു ജയിച്ചു ആഴ്‌സണൽ യുവതാരങ്ങളുടെ പടയോട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലോകകപ്പ് ഇടവേളയും തങ്ങളെ തളർത്തില്ല എന്ന വ്യക്തമായ സൂചന നൽകി ബോക്സിങ് ഡേ മത്സരത്തിൽ ലണ്ടൻ ഡാർബിയിൽ വെസ്റ്റ് ഹാമിനെ 3-1 നു തകർത്തു ആഴ്‌സണൽ വിജയകുതിപ്പ്. പരിക്കേറ്റ ഗബ്രിയേൽ ജീസുസിന് പകരം എഡി എങ്കിതിയ മുന്നേറ്റത്തിൽ എത്തിയപ്പോൾ പ്രതിരോധത്തിൽ വില്യം സലിബ കളിക്കാൻ ഇറങ്ങി. ആദ്യ പകുതിയിൽ പന്ത് കൈവശം വക്കുന്നതിൽ മുന്നിട്ട് നിന്നെങ്കിലും പക്ഷെ വലിയ അവസരങ്ങൾ തുറക്കാൻ ആഴ്‌സണലിന് ആയില്ല. ഇടക്ക് സാക വല കുലുക്കിയെങ്കിലും റഫറി അത് ഓഫ് സൈഡ് വിളിച്ചു. 27 മത്തെ മിനിറ്റിൽ സലിബ ജെറാർഡ് ബോവനെ വീഴ്ത്തിയതിനു വെസ്റ്റ് ഹാമിനു പെനാൽട്ടി അനുവദിക്കപ്പെട്ടതോടെ ആഴ്‌സണൽ സമ്മർദ്ദത്തിൽ ആയി.

അനായാസം പെനാൽട്ടി ലക്ഷ്യം കണ്ട ബെൻഹറമ വെസ്റ്റ് ഹാമിനു മത്സരത്തിൽ അപ്രതീക്ഷിത മുൻതൂക്കം നൽകി. തുടർന്ന് ഗോൾ നേടാനുള്ള ശ്രമം ആഴ്‌സണൽ കൂടുതൽ ശക്തമാക്കി. ആദ്യ പകുതിയുടെ അവസാന നിമിഷം ക്രസ്വലിന്റെ ഹാന്റ് ബോളിന് ആഴ്‌സണലിന് റഫറി പെനാൽട്ടി അനുവദിച്ചു എങ്കിലും വാർ പരിശോധനയിൽ പന്ത് തലയിൽ ആണ് കൊണ്ടത് എന്നു കണ്ടത്തിയതിനാൽ പെനാൽട്ടി പിൻ വലിച്ചു. എന്നാൽ രണ്ടാം പകുതിയിൽ രണ്ടും കൽപ്പിച്ചു ആണ് ആഴ്‌സണൽ ഇറങ്ങിയത്. 53 മത്തെ മിനിറ്റിൽ കളം നിറഞ്ഞു കളിച്ച ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡിന്റെ പാസിൽ നിന്നു അനായാസം ഗോൾ കണ്ടത്തിയ ബുകയോ സാക ആഴ്‌സണലിന് സമനില ഗോൾ സമ്മാനിച്ചു.

വെസ്റ്റ് ഹാം ഗോൾ നിരന്തരം പരീക്ഷിച്ച ആഴ്‌സണൽ 5 മിനിറ്റിനുള്ളിൽ രണ്ടാം ഗോളും കണ്ടത്തി. ഇത്തവണ ഗ്രാനിറ്റ് ശാക്കയുടെ പാസിൽ നിന്നു ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഉഗ്രൻ ഇടത് കാലൻ അടി ഫാബിയാൻസ്കിയെ മറികടക്കുക ആയിരുന്നു. തുടർന്ന് 69 മത്തെ മിനിറ്റിൽ ഒഡഗാർഡിന്റെ പാസിൽ നിന്നു ഉഗ്രൻ ടേണിലൂടെ വെസ്റ്റ് ഹാം താരത്തെ മറികടന്ന എഡി തന്റെ വിമർശകർക്ക് മറുപടി പറഞ്ഞു ഗോൾ നേടിയതോടെ ആഴ്‌സണൽ ജയം പൂർത്തിയായി. 2018 ൽ വിരമിച്ച ശേഷം ആദ്യമായി ആഴ്‌സണൽ സ്റ്റേഡിയത്തിൽ എത്തിയ ഇതിഹാസ പരിശീലകൻ ആഴ്‌സനെ വെങറെ സാക്ഷിയാക്കിയാണ് ആർട്ടെറ്റയുടെ ടീം തിരിച്ചു വന്നു ജയിച്ചത്. സീസണിൽ ലീഗിൽ സ്വന്തം മൈതാനത്തെ വിജയകുതിപ്പ് തുടർന്ന ആഴ്‌സണൽ നിലവിൽ രണ്ടാമതുള്ള ന്യൂകാസ്റ്റിലിനെക്കാൾ 7 പോയിന്റുകൾ മുന്നിൽ ഒന്നാം സ്ഥാനത്ത് ആണ്. അതേസമയം 16 മത് ആണ് തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങിയ വെസ്റ്റ് ഹാം.

വിട്ട് കൊടുക്കാൻ ഇല്ല, ലോകകപ്പ് ഇടവേള കഴിഞ്ഞും ലീഗിൽ ഒന്നാമത് തുടരാൻ ആഴ്‌സണൽ

ലോകകപ്പ് കഴിഞ്ഞു ക്രിസ്മസ് ആഘോഷങ്ങൾക്ക് ശേഷം ബോക്സിങ് ഡേയിൽ ഇന്ന് പ്രീമിയർ ലീഗ് മത്സരങ്ങൾ തിരികെയെത്തും. ലീഗിൽ നിലവിൽ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 5 പോയിന്റുകൾ മുന്നിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ആഴ്‌സണൽ തങ്ങളുടെ മികവ് തുടരാൻ ആവും ഇടവേള കഴിഞ്ഞു ഇറങ്ങുക. ഇന്ന് അർധരാത്രി കഴിഞ്ഞു 1.30 നു നടക്കുന്ന മത്സരത്തിൽ ലണ്ടൻ ഡാർബിയിൽ വെസ്റ്റ് ഹാം ആണ് ആഴ്‌സണലിന്റെ എതിരാളികൾ. ലോകകപ്പിന് ഇടയിൽ പരിക്കേറ്റ ഗബ്രിയേൽ ജീസുസിന്റെ അഭാവം കനത്ത തിരിച്ചടിയാണ് ആഴ്‌സണലിന് നൽകുന്നത്. ഒപ്പം ലോകകപ്പ് ഫൈനലിൽ എത്തിയ ഫ്രാൻസ് ടീമിൽ അംഗമായ വില്യം സലിബയും ഇന്ന് കളിക്കാൻ ഇറങ്ങില്ല. എന്നാൽ ലോകകപ്പ് കഴിഞ്ഞു മറ്റ് പ്രമുഖ താരങ്ങൾ തിരിച്ചെത്തിയത് ആഴ്‌സണലിന് കരുത്ത് ആണ്.

മുന്നേറ്റത്തിൽ ജീസുസിന് പകരം എഡി എങ്കിതിയ ആവും ഇറങ്ങുക. ഗബ്രിയേൽ മാർട്ടിനെല്ലി, ബുകയോ സാക, മാർട്ടിൻ ഒഡഗാർഡ് എന്നിവർ മുന്നേറ്റത്തിൽ കരുത്ത് ആവുമ്പോൾ തോമസ് പാർട്ടി, ഗ്രാനിറ്റ് ശാക്ക എന്നിവർ മധ്യനിരയിൽ എത്തും. പ്രതിരോധത്തിൽ സലിബയും പരിക്കിൽ നിന്നു പൂർണമായും ഭേദമാക്കാത്ത സിഞ്ചെങ്കോ,ടോമിയാസു എന്നിവരും മത്സരത്തിൽ ഉണ്ടാവില്ല. അപ്പോൾ റാംസ്ഡേലിന് മുന്നിൽ ഗബ്രിയേൽ,ഹോൾഡിങ്,വൈറ്റ്,ടിയേർണി എന്നിവർ ആവും ഇറങ്ങുക. ദീർഘകാല പരിക്കിൽ നിന്നു മോചിതനായി എത്തുന്ന എമിൽ സ്മിത്-റോയുടെ സാന്നിധ്യം ടീമിന് വലിയ കരുത്ത് ആവും. സ്മിത്-റോ ആദ്യ പതിനൊന്നിൽ ഇടം പിടിച്ചാൽ ചിലപ്പോൾ മാർട്ടിനെല്ലി സ്‌ട്രൈക്കർ ആയി കളിക്കാനും സാധ്യതയുണ്ട്.

Arsenal

അതേപോലെ സലിബയുടെ അഭാവത്തിൽ ബെൻ വൈറ്റിനെ റൈറ്റ് ബാക്കിൽ നിന്നു സെൻട്രൽ ബാക്ക് ആയി കളിപ്പിക്കാനും ആർട്ടെറ്റ ചിലപ്പോൾ മുതിർന്നേക്കും. മറുപുറത്ത് മുന്നേറ്റത്തിൽ അന്റോണിയോ,സ്കമാക്ക എന്നിവർ രണ്ടു പേർക്കും പരിക്കേറ്റത് ഡേവിഡ് മോയസിന്റെ ടീമിന് കനത്ത തിരിച്ചടിയാണ്. എങ്കിലും ബോവൻ, റൈസ്, സൗചക്, ഫോർനാൽസ് തുടങ്ങിയ മികച്ച നിരയുള്ള വെസ്റ്റ് ഹാം അപകടകാരികൾ തന്നെയാണ്. നിലവിൽ 16 മതുള്ള വെസ്റ്റ് ഹാമിനു എതിരെ മികച്ച റെക്കോർഡ് ആണ് ആഴ്‌സണലിന് ഉള്ളത്. ഒപ്പം സ്വന്തം മൈതാനത്ത് ആഴ്‌സണലിന്റെ സീസണിലെ റെക്കോർഡും മികച്ചത് ആണ്. ലോകകപ്പ് ഇടവേളയും ജീസുസിന്റെ പരിക്കും ടീമിനെ ബാധിച്ചില്ല എന്നു തെളിയിച്ചു ജയം തുടരാൻ ആവും ആർട്ടെറ്റയുടെ ആഴ്‌സണൽ ഇന്ന് ഇറങ്ങുക.

ഗോൾ നേടിയ ശേഷം പരിക്കേറ്റു പുറത്ത് പോയി ജെയിംസ് മാഡിസൺ,വെസ്റ്റ് ഹാമിനെ വീഴ്ത്തി ലെസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയുടെ ഉയിർത്തെഴുന്നേപ്പ് തുടരുന്നു. വെസ്റ്റ് ഹാം യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ലെസ്റ്റർ മറികടന്നത്. ജയത്തോടെ തുടർച്ചയായ പരാജയങ്ങളും ആയി ലീഗ് തുടങ്ങിയ ലെസ്റ്റർ 12 സ്ഥാനത്തേക്ക് ഉയർന്നപ്പോൾ വെസ്റ്റ് ഹാം 16 സ്ഥാനത്തേക്ക് വീണു. കഴിഞ്ഞ 5 കളികളിൽ നിന്നു ലെസ്റ്റർ സിറ്റിയുടെ നാലാം ജയം ആണ് ഇത്. മത്സരത്തിൽ കൂടുതൽ നേരം പന്ത് കൈവശം വച്ചതും കൂടുതൽ അവസരങ്ങൾ തുറന്നതും വെസ്റ്റ് ഹാം ആയിരുന്നു എങ്കിലും ജയം ലെസ്റ്റർ സിറ്റി പിടിച്ചെടുക്കുക ആയിരുന്നു. മത്സരത്തിൽ എട്ടാം മിനിറ്റിൽ ഡാകയുടെ പാസിൽ നിന്നു മികച്ച ഇടൻ കാലൻ അടിയിലൂടെ മാഡിസൺ ലെസ്റ്റർ സിറ്റിക്ക് മത്സരത്തിൽ മുൻതൂക്കം നൽകി.

എന്നാൽ 25 മത്തെ മിനിറ്റിൽ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം കിട്ടി ദിവസങ്ങൾക്ക് ശേഷം മാഡിസൺ പരിക്കേറ്റു പുറത്ത് പോയത് ഇംഗ്ലീഷ് ആരാധകർക്ക് തിരിച്ചടിയായി. 42 മത്തെ മിനിറ്റിൽ ഡാകയെ ഡോവ്സൺ വീഴ്ത്തിയതിനു വാർ പരിശോധനക്ക് ശേഷം റഫറി പെനാൽട്ടി അനുവദിച്ചു. എന്നാൽ പെനാൽട്ടി എടുത്ത ടിലമൻസിന്റെ ഷോട്ട് തട്ടിയകറ്റിയ ഫാബിയാൻസ്കി വെസ്റ്റ് ഹാമിനു പ്രതീക്ഷ നൽകി. സമനിലക്ക് ആയി പൊരുതി കളിച്ച വെസ്റ്റ് ഹാമിന്റെ പ്രതീക്ഷകൾ തകർത്തു 78 മത്തെ മിനിറ്റിൽ ലെസ്റ്റർ ജയം ഉറപ്പിച്ചു. പകരക്കാരനായി ഇറങ്ങിയ അയോസി പെരസിന്റെ കൃത്യമായ ത്രൂ ബോളിൽ നിന്നു ഗോൾ കണ്ടത്തിയ ഹാർവി ബാർൺസ് ലെസ്റ്റർ ജയം ഉറപ്പിക്കുക ആയിരുന്നു.

ലീഗ് കപ്പിൽ പെനാൽട്ടി ഷൂട്ട് ഔട്ട് ജയവുമായി ലിവർപൂൾ, ന്യൂകാസ്റ്റിൽ ടീമുകൾ മുന്നോട്ട്

ഇംഗ്ലീഷ് ലീഗ് കപ്പിൽ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ജയം കണ്ടു ലിവർപൂൾ നാലാം റൗണ്ടിലേക്ക് മുന്നേറി. ആൻഫീൽഡിൽ ലീഗ് 1 ക്ലബ് ആയ ഡെർബി കൗണ്ടിക്ക് എതിരെ യുവനിരയെ ആണ് ലിവർപൂൾ ഇറക്കിയത്. രണ്ടാം പകുതിയിൽ ഡാർവിൻ നുനിയസ് അടക്കമുള്ളവർ ഇറങ്ങിയെങ്കിലും മത്സരം ഗോൾ രഹിതമായി അവസാനിച്ചതോടെ പെനാൽട്ടി ഷൂട്ട് ഔട്ട് ആവശ്യമായി. ഫർമീന അടക്കമുള്ള 2 താരങ്ങൾ പെനാൽട്ടി പാഴാക്കി എങ്കിലും മൂന്നു രക്ഷപ്പെടുത്തലുകൾ നടത്തിയ ഐറിഷ് ഗോൾ കീപ്പർ ഗെല്ലഹർ ലിവർപൂളിന്റെ രക്ഷകൻ ആയപ്പോൾ അവർ പെനാൽട്ടി ഷൂട്ട് ഔട്ട് 3-2 നു ജയിക്കുക ആയിരുന്നു.

അതേസമയം ക്രിസ്റ്റൽ പാലസിന് എതിരെ രണ്ടാം പകുതിയിൽ അതിശക്തമായ ആക്രമണം അഴിച്ചു വിട്ടിട്ടും ഗോൾ നേടാൻ ആവാത്ത ന്യൂകാസ്റ്റിൽ യുണൈറ്റഡും പെനാൽട്ടി ഷൂട്ട് ഔട്ടിൽ(3-2) ആണ് ജയം കണ്ടത്. മൂന്നു രക്ഷപ്പെടുത്തലുകളും ആയി ഗോൾ കീപ്പർ നിക് പോപ്പ് അവരുടെ ഹീറോ ആവുക ആയിരുന്നു. 1-1 നു അവസാനിച്ച മത്സരത്തിന് ഒടുവിൽ ഷെഫീൾഡ് വെനസ്ഡേയെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ(6-5) സൗതാപ്റ്റൺ മറികടന്നപ്പോൾ 2-2 നു അവസാനിച്ച മത്സരത്തിനു ഒടുവിൽ പെനാൽട്ടിയിൽ വെസ്റ്റ് ഹാം ബ്ലാക്ക്ബേണിനോട് പരാജയപ്പെട്ടു(10-9). അതേസമയം ലീഡ്സിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു വോൾവ്സ് ലീഗ് കപ്പിൽ മുന്നേറി. ബൗബകർ ട്രയോറെ ആണ് വോൾവ്സിന്റെ വിജയഗോൾ നേടിയത്.

വെസ്റ്റ് ഹാമിനെ തിരിച്ചു വന്നു അവസാന മിനിറ്റിലെ ഗോളിൽ തോൽപ്പിച്ചു ക്രിസ്റ്റൽ പാലസ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലണ്ടൻ ഡാർബിയിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ക്രിസ്റ്റൽ പാലസ്. ഒരു ഗോൾ വഴങ്ങിയ ശേഷം തിരിച്ചു വന്നാണ് പാലസ് തങ്ങളുടെ ആദ്യ എവേ ജയം കുറിച്ചത്. മത്സരത്തിൽ 20 മത്തെ മിനിറ്റിൽ ലൂകാസ് പക്വറ്റയുടെ പാസിൽ നിന്നു റോക്കറ്റ് ഷോട്ടിലൂടെ സെയ്ദ് ബെൻറഹ്മ ആണ് ഹാമേഴ്സിന് ആദ്യ ഗോൾ സമ്മാനിച്ചത്. എന്നാൽ ശക്തമായി തിരിച്ചു വന്ന പാലസ് മികച്ച ഫുട്‌ബോൾ ആണ് കളിച്ചത്.

മത്സരത്തിൽ 41 മത്തെ മിനിറ്റിൽ കെഹ്രറിൽ നിന്നു ബോൾ പിടിച്ചെടുത്ത എസെയുടെ പാസിൽ നിന്നു വിൽഫ്രയിഡ് സാഹ പാലസിന് സമനില ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിലും പാലസ് ആണ് കൂടുതൽ അപകടകരമായ നീക്കങ്ങൾ നടത്തിയത്. സമനിലയിലേക്ക് പോവും എന്നു തോന്നിയ മത്സരത്തിൽ ഇഞ്ച്വറി സമയത്ത് 94 മത്തെ മിനിറ്റിൽ അന്റോണിയോ മറുവശത്ത് അവസരം പാഴാക്കിയപ്പോൾ കൗണ്ടർ അറ്റാക്കിൽ സാഹയുടെ പാസിൽ നിന്നു മൈക്കൾ ഒലിസെ പാലസിന് ജയം സമ്മാനിച്ചു. ഒലിസെയുടെ ഷോട്ട് ക്രസ്വലിന്റെ കാലിൽ തട്ടി ഫാബിയാൻസികിയെ മറികടക്കുക ആയിരുന്നു. ജയത്തോടെ പാലസ് ലീഗിൽ ഒമ്പതാം സ്ഥാനത്തേക്ക് കയറിപ്പോൾ 15 മത് ആണ് വെസ്റ്റ് ഹാം ഇപ്പോൾ.

ഡക്ലൻ റൈസിന്റെ ഗോളിൽ സെയിന്റ്സിന് എതിരെ സമനില കണ്ടത്തി ഹാമേഴ്‌സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം സൗത്താപ്റ്റൺ മത്സരം സമനിലയിൽ. ഹാമേഴ്‌സ് കൂടുതൽ ആധിപത്യം കണ്ടത്തിയ മത്സരത്തിൽ സൗത്താപ്റ്റൺ ആണ് ആദ്യം മുന്നിലെത്തിയത്. റൊമയിൻ പെറൗഡിന്റെ ഷോട്ട് സൗത്താപ്റ്റൺ താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആവുക ആയിരുന്നു.

ആദ്യ പകുതിയിൽ ലൂകാസ് പക്വറ്റയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് വെസ്റ്റ് ഹാമിനു തിരിച്ചടിയായി. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ബെൻഹ്രമയുടെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് ഉഗ്രൻ അടിയിലൂടെ ഡക്ലൻ റൈസ് ഹാമേഴ്‌സിന് സമനില സമ്മാനിച്ചു. പിന്നീട് ഇരു ഗോൾ കീപ്പർമാരും വിജയഗോൾ തടയുന്നതിൽ ടീമുകളെ തടഞ്ഞു. നിലവിൽ വെസ്റ്റ് ഹാം പന്ത്രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ സൗത്താപ്റ്റൺ 18 സ്ഥാനത്ത് ആണ്.

ഫ്രഞ്ച് ലീഗിൽ ചരിത്രമെഴുതി പയെറ്റ്

ഫ്രഞ്ച് ലീഗിൽ ചരിത്രമെഴുതി ദിമിത്രി പയെറ്റ്. ലീഗ് വണ്ണിൽ 100ഗോളുകളും 100 അസിസ്റ്റും നേടുന്ന ആദ്യ താരമായി മാറി മാഴ്സെയുടെ പയെറ്റ്. ഫ്രഞ്ച് ലീഗിൽ സിദാൻ, പ്ലാറ്റിനി എന്നിങ്ങനെ ഇതിഹാസ താരങ്ങൾക്ക് നേടാനാവാത്ത ഒരു റെക്കോർഡ് ആണ് പയെറ്റ് സ്വന്തം പേരിൽ കുറിച്ചത്.

നാന്റെസ്,ലില്ലെ,സെന്റ് എറ്റീൻ മാഴ്സെ എന്നീ ടീമുകൾക്ക് വേണ്ടി പയെറ്റ് കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ രണ്ട് സീസണിൽ വെസ്റ്റ് ഹാമിന് വേണ്ടിയും പയെറ്റ് ബൂട്ടണിഞ്ഞു. 35കാരനായ പയെറ്റ് യൂറോപ്പ ലീഗ് ഫൈനൽ കളിച്ച മാഴ്സെ ടീമിലംഗമായിരുന്നു.
എന്നാൽ ലീഗ് വൺ കിരീടം നേടാൻ ഇതുവരെ പയെറ്റിന് സാധിച്ചിട്ടില്ല.

ഡോവ്സൺ വോൾവ്സിലേക്ക്, പകരക്കാരനായി പോളണ്ട് പ്രതിരോധതാരത്തെ ടീമിൽ എത്തിക്കാൻ വെസ്റ്റ് ഹാം

സൗത്താപ്റ്റണിന്റെ 26 കാരനായ പോളണ്ട് പ്രതിരോധതാരം യാൻ ബെഡ്നറകിനെ ടീമിൽ എത്തിക്കാൻ വെസ്റ്റ് ഹാം യുണൈറ്റഡ്. നിലവിൽ വോൾവ്സിലേക്ക് പോവാൻ ഒരുങ്ങുന്ന ക്രെയ്ഗ് ഡോവ്സണെ വിറ്റ ശേഷം പോളണ്ട് താരവും ആയുള്ള കരാർ ഉടൻ വെസ്റ്റ് ഹാം പൂർത്തിയാക്കും എന്നാണ് സൂചന.

താരത്തിന് ആയി മറ്റ് ക്ലബുകൾ രംഗത്ത് ഉണ്ടെങ്കിലും വെസ്റ്റ് ഹാമിനു തന്നെയാണ് താരത്തെ സ്വന്തമാക്കാൻ സാധ്യത കൂടുതൽ. താരത്തെ നിലവിൽ ലോണിൽ സ്വന്തമാക്കിയ ശേഷം പിന്നീട് സ്ഥിരമായി ടീമിൽ എത്തിക്കാൻ ആണ് ഹാമേഴ്‌സ് ശ്രമം. അതിനുള്ള വ്യവസ്ഥയും ഈ ലോൺ കരാറിൽ ഉണ്ടാവും.

ലണ്ടൻ ഡാർബിയിൽ ടോട്ടൻഹാം ഹോട്സ്പറിനെ സമനിലയിൽ തളച്ചു വെസ്റ്റ് ഹാം

ടോട്ടൻഹാം ലീഗിൽ മൂന്നാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലണ്ടൻ ഡാർബിയിൽ ടോട്ടൻഹാം ഹോട്സ്പറിനെ സമനിലയിൽ തളച്ചു വെസ്റ്റ് ഹാം യുണൈറ്റഡ്. ഇതോടെ സ്പെർസ് സീസണിൽ വഴങ്ങുന്ന രണ്ടാം സമനിലയാണ് ഇത്. പന്ത് കൂടുതൽ നേരം കൈവശം വച്ചത് ടോട്ടൻഹാം ആയിരുന്നു എങ്കിലും അവസരങ്ങൾ ഇരു ടീമുകളും സമാനമായ വിധം ആണ് കണ്ടത്തിയത്. പതിയ തുടക്കം ആയിരുന്നു വെസ്റ്റ് ഹാമിനു മത്സരത്തിൽ ലഭിച്ചത്. 34 മത്തെ മിനിറ്റിൽ തിലോ കെഹ്ലറുടെ സെൽഫ് ഗോൾ ടോട്ടൻഹാമിനു മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു.

രണ്ടാം പകുതിയിൽ കൂടുതൽ മികച്ചു നിന്നത് വെസ്റ്റ് ഹാം ആയിരുന്നു. മധ്യനിരയിൽ മത്സരം ഭരിച്ച തോമസ് സൗചക് മിഖയേൽ അന്റോണിയയുടെ പാസിൽ നിന്നു ഉഗ്രൻ ഗോളിലൂടെ 55 മത്തെ മിനിറ്റിൽ വെസ്റ്റ് ഹാമിനു സമനില സമ്മാനിച്ചു. അവസാന മിനിറ്റുകളിൽ നന്നായി കളിച്ച വെസ്റ്റ് ഹാം വിജയത്തിന് തൊട്ടരികിൽ വരെയെത്തി. ഇടക്ക് അവരുടെ ഒരു ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. സമനിലയോടെ ടോട്ടൻഹാം ലീഗിൽ പരാജയം അറിയാതെ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. അതേസമയം വെസ്റ്റ് ഹാം പതിനാലാം സ്ഥാനത്തേക്ക് കയറി.

Exit mobile version